Saturday, September 14, 2024
Novel

നിഴലായ് മാത്രം : ഭാഗം 5

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പുറത്തു ഒരു ഭാഗത്തു അവരുടെ സംസാരം കേട്ടു നിറകണ്ണുകളോടെ നിൽക്കുന്ന യാമിയെയും അവർ അറിഞ്ഞില്ല. ഉണ്ണി ഇല്ലാത്തതുകൊണ്ട് സംസാരിക്കാൻ ഒരു മൂഡ് ഇല്ല പറഞ്ഞു ഹർഷൻ പോയതായിരുന്നു. ഉണ്ണിയെ കണ്ടു ഹർഷനെകൊണ്ടു സംസാരിപ്പിക്കണം എന്നു കരുതി അവളെ അന്വേഷിച്ചു വന്നപ്പോൾ താൻ കേട്ടതും കണ്ടതും അവളുടെ കണ്ണുകൾ ഈറനായി.

“ഉണ്ണിക്കും ഹർഷനെ…. അവൾ ആയി വിട്ടു തന്നത് ആണല്ലേ…” യാമിയുടെ കണ്ണുകളിൽ എന്തിനെന്ന് അറിയാതെ ഒരു തീ പുകഞ്ഞു.

കോളേജ് വിട്ടു വീട്ടിലേക്കു എത്തിയിട്ടും എന്തോ ഒരു മൂകഥയായിരുന്നു ഉണ്ണിക്ക്. ഹർഷനു യാമിയെ ഇഷ്ടമായിരുന്നു. പറഞ്ഞില്ല എന്നോട്. അനന്തു ഇഷ്ടം ആണെന്ന് പറഞ്ഞതു ഹർഷനോട് അടുത്ത നിമിഷം തന്നെ പറഞ്ഞിരുന്നു. എന്തുകൊണ്ട ഹർഷനോടു ഒരു ദേഷ്യം പോലെ. താൻ ആയിരുന്നില്ലേ ഇതുവരെയുള്ള അവന്റെ എല്ലാം. പെട്ടന്ന്…. എന്റെ സ്ഥാനത്തു വേറെ ഒരാളെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. പിരിമുറുക്കത്തിന്റെ ആധിക്യത്തിൽ തന്റെ വിരലുകൾ കടിച്ചു കൊണ്ടു വീടിന്റെ ഇറയത്തുള്ള തൂണിൽ ചാരി ഉണ്ണി ഇരുന്നു.

താൻ ചിന്തിക്കുന്നതും ശരിയല്ല. അവനെ അവന്റെ പാട്ടിനു വിടണം. അവർക്ക് അവരുടേതായ പ്രൈവസി കൊടുക്കണം. അവനു താൻ കളികൂട്ടുകരി മാത്രമാണ്. പക്ഷെ എങ്കിൽ പോലും അവൻ എന്നോട് അവന്റെ പ്രണയം മറച്ചു വച്ചില്ലേ. അപ്പൊ അവനോടു ഒരു പിണക്കവും പരിഭവവും ആകാം അല്ലെ…..

ഉണ്ണിയുടെ ചിന്തകൾ പിന്നെയും നീണ്ടുപോയി. അങ്ങനെ നോക്കുമ്പോൾ ഞാനും അവനോടു കള്ളം മറച്ചു പിടിച്ചില്ലേ. എന്റെ പ്രണയം ഞാൻ അവനോടു പറയാതെ ഇത്രയും നാൾ സൗഹൃദത്തിന്റെ മുഖം മൂടി അണിഞ്ഞു. അപ്പൊ ഞാൻ ചെയ്യുന്നതും ചെയ്തതും ….

ശോ… അവനോടു പിണങ്ങാൻ ഒരു കാരണം കിട്ടുനില്ലലോ.

ആരുടെയോ കൈകൾ തലക്കുമീതെ തലോടൽ പോലെ പതിഞ്ഞപ്പോൾ ആയിരുന്നു അവൾ ചിന്തയിൽ നിന്നുമുണർന്നത്.

“അച്ഛൻ”

“എന്താ ഇങ്ങനെ ഒരു ഇരുപ്പ്…. രണ്ടു ദിവസം ആയല്ലോ ഒരു വിഷമം എന്റെ കുട്ടിക്ക്”

“ഒന്നുമില്ല എന്നു പറഞ്ഞാൽ നുണയാകും. ഞാൻ പറയാം ഇപ്പൊ അല്ല പിന്നെ”

“ഉം….എഴുന്നേൽക്കു…ഇന്നത്തെ ദിവസം മറന്നോ”

“അയ്യോ…ഇന്നും കൂടി അല്ലേയുള്ളൂ…ഞാൻ ഓടി പോയി കുളിച്ചു വരാം” നാക്ക് മെല്ലെ കടിച്ചു എന്തോ ഓർത്തവണ്ണം ഉണ്ണി പറഞ്ഞുകൊണ്ട് അകത്തേക്ക് ഓടി.

ഇന്നും കൂടിയേ ഉള്ളു. ഇന്ന് ചൊവാഴച്ചയാണ്. 41 ചൊവ്വാഴ്ചകൾ മുളക് ചെമ്പരത്തിയുടെ മാലകൾ നല്ല ഭംഗിയിൽ കോർത്തു കെട്ടി ദേവി നടയിൽ പ്രാർത്ഥിച്ചാൽ ആഗ്രഹം നടക്കുമെന്ന്. ഇന്നത്തോടെ 41 ചൊവ്വ പൂർത്തിയാകും. ഒരു മുടക്കും ഇതിനിടയിൽ നടന്നില്ല.

അവൾ വേഗം കുളിച്ചു വന്നു പൂക്കൾ പറിച്ചു വാഴനാരിൽ കോർത്തു കെട്ടി. നല്ല ഭംഗിയിൽ മുളക് ചെമ്പരത്തി കോർത്തു കെട്ടിയപ്പോൾ അതൊരു ആടയാഭരണം പോലെ തോന്നിപ്പിച്ചു.

നീണ്ട ഇടതൂർന്ന മുടി അഴിച്ചിട്ടു കുളിപ്പിന്നൽ ഇട്ടു. അമ്പലത്തിൽ പോകുന്നതുകൊണ്ടു മുടിയുടെ അറ്റം കൂട്ടി കെട്ടി. മുടി അഴിച്ചിട്ടു അമ്പലത്തിൽ പോകാൻ ജാനകി ‘അമ്മ സമ്മതിക്കില്ല. ഒരു ചിരിയോടെ ഓർത്തു. നേർത്ത ചുവപ്പു കരയിൽ നേര്യതും ചുറ്റി ഒരു വാഴലയിൽ വെള്ളം കുടഞ്ഞു കോർത്ത മാല പൊതിഞ്ഞു പിടിച്ചു അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി.

“ചുറ്റു വിളക്ക് കൂടിയില്ലേ. അച്ഛൻ വരാം കുറച്ചു കൂടെ കഴിഞ്ഞു”

അയാൾ വിളിച്ചു പറഞ്ഞതു കേട്ടു മുന്നോട്ടു നടന്ന അവൾ ഒന്നു നിന്നു. പിന്നെ തിരിഞ്ഞു നോക്കാതെ വിളിച്ചു പറഞ്ഞു

“നടയിൽ കയറി ദേവിയെ കാണുമെങ്കിൽ മാത്രം വന്ന മതി ഇല്ലെങ്കിൽ വേണ്ട” മറുപടി ഒന്നും കാണാതായപ്പോൾ അവൾ തിരിഞ്ഞു നോക്കി. അയാൾ കുമ്പിട്ടു നിൽക്കുന്നു. അച്ഛന്റെ നിൽപ്പു ആ മകളിൽ ചെറിയ ഒരു നോവ്‌ പടർത്തി.

“അച്ഛാ..” അവളുടെ ആ വിളിയിൽ അയാൾക്ക്‌ തല ഉയർത്താതെ ഇരിക്കാൻ ആയില്ല.

“ബാലു വരും. അവനു വേണ്ടിയല്ലേ ഈ പൂജ. ഞാൻ അവരുടെ കൂടെ വരാം. അച്ഛൻ ബുദ്ധിമുട്ടണ്ട”

അയാൾ അവൾക്കു നേരെ ചെറുതായി ഒന്നു പുഞ്ചിരിച്ചു. അവൾ മുന്നോട്ടു നടന്നു.

അമ്മ മരിച്ചതിനു ശേഷം അച്ഛൻ ദൈവങ്ങളുടെ കൂട്ടു കെട്ടു വിട്ടതാ. അമ്മയും ആഗ്രഹങ്ങൾ സാധിക്കാൻ ഒന്നുമില്ലെങ്കിലും കഴിയുന്ന ചൊവ്വാഴ്ചകളിൽ ദേവിക്ക് മാല കെട്ടി കൊടുക്കാറുണ്ടെന്നു ജാനകി ‘അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. തനിക്കു ഒന്നും ഓർമയില്ല. അത്ര ചെറുപ്പത്തിൽ തന്നെ ‘അമ്മ…. മുന്നിലെ കാഴ്ച മറച്ചു കണ്ണുനീർ പൊതിഞ്ഞപ്പോൾ അവൾ ഓർമകളിൽ നിന്നും വേഗം ഉണർന്നു.

അമ്പലത്തിൽ പരിചയമുള്ള പല മുഖങ്ങളും കണ്ടു. അവരോടെല്ലാം ചിരിച്ചും വിശേഷം പറഞ്ഞും അവൾ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ബാലു ഓടി കിതച്ചു വന്നു.

“എത്തിയല്ലോ…എവിടെ പോയികിടക്കുവായിരുന്നു നീ. നിനക്കു അറിയാലോ ഇതു നിനക്കു വേണ്ടിയാണെന്നു. ” അവൾ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു പറഞ്ഞു.

ബാലുവിന്റെ കണ്ണുകളിൽ നീർക്കണങ്ങൾ പൊതിഞ്ഞു കഴിഞ്ഞിരുന്നു. അവൻ പുറം കൈപ്പത്തി കൊണ്ട് കണ്ണുകൾ തുടച്ചു.

“എന്താടാ സങ്കടം. നിന്നെ കാണാതായപ്പോൾ ഞാൻ ചീത്ത വിളിച്ചതാണ്. ഇനി ഒന്നും പറയില്ല. സങ്കടപെടല്ലേ. ദാ… നീ തന്നെ പ്രാർത്ഥിച്ചു നടയിൽ വച്ചോളൂ” കയ്യിലെ മാല അവനു നേരെ നീട്ടി കൊണ്ടു അവൾ പറഞ്ഞു.

അവൻ ചിരിയോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു എൻവെലോപ് അവൾക്കു നേരെ നീട്ടി. അവൾ വർധിച്ചു വന്ന ആകാംക്ഷയോടെ അതു നോക്കി. താൻ പ്രതീക്ഷിച്ചതു ആയിരിക്കാൻ ഉള്ള ഒരു പ്രാർത്ഥന അതിലുണ്ടായിരുന്നു. psc അപ്പോയിന്റിമെന്റ് ലെറ്റർ. അതു വായിച്ചു അവളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി.

ബാലു സന്തോഷം കൊണ്ട് അവളെ ചേർത്തു പിടിച്ചു. അവളും. രണ്ടുപേരും കരയുന്നുണ്ടായിരുന്നു.

“എന്തുവാ ഇവിടെ ഇത്ര സന്തോഷം ഉള്ള കാരണം. അല്ല ആങ്ങളയും പെങ്ങളും പരിസരം മറന്നു നിന്നു കരയുന്ന കണ്ടു ചോദിച്ചതാ”

ശബ്ദം കേട്ടു തിരിയുമ്പോൾ ശബ്ദത്തിന്റ ഉടമ മുന്നിലെത്തി..വേറെയാര ഹർഷൻ തന്നെ.

“ഹർഷാ…അവനു അപ്പോയിന്റിമെന്റ് ലെറ്റർ വന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആണ്. ”

“ആഹാ..അപ്പൊ ഈ മാലയിലും ചുറ്റുവിളക്കിലുമൊക്കെ കാര്യമുണ്ടല്ലേ. ദേവികാത്തു. നിന്റെ പ്രാർത്ഥന എന്തായാലും ഫലിച്ചു ഉണ്ണിയെ”
ഹർഷനും സന്തോഷം കൊണ്ട് കണ്ണുനിറയുന്നുണ്ടായിരുന്നു.

“വാ…തൊഴുത്തിട്ടു വരാം” ഹർഷൻ ഉണ്ണിയുടെ കൈ പിടിച്ചു പറഞ്ഞു.

പ്രദക്ഷിണം വച്ചു അമ്പലത്തിലേക്ക് കയറാൻ വേണ്ടി തിരിഞ്ഞപ്പോൾ ബാലുവിന്റെ കണ്ണുകൾ ഒരാളിൽ ഉടക്കുകയും അവന്റെ ചിരി വോൽറ്റേജ് കുറയുകയും ചെയ്യുന്നത് ഉണ്ണി കണ്ടു. ബാലുവിന്റെ കണ്ണുകൾ പോയിടത്തെക്കു ഉണ്ണിയും വെറുതെ മിഴികൾ പായിച്ചു. “പാറു” ഉണ്ണി പതിയെ മന്ത്രിച്ചു.

ബാലു ഉണ്ണിയെ നിസ്സഹായതയോടെ നോക്കി. അപ്പോഴേക്കും പാറു അടുത്തെത്തിയിരുന്നു.

“എനിക്കറിയാമായിരുന്നു ചേച്ചി ഇന്ന് ഇവിടെ കാണുമെന്നു. ” ഉണ്ണിയെ നോക്കി പറയുന്നു എങ്കിലും ബാലുവിലേക്കും ഇടക്കിടെ നോട്ടം എറിഞ്ഞു. പാറു തുടങ്ങി.

“പൂ കെട്ടൽ വെസ്റ്റ് ആയോ ചേച്ചി. വല്ലതും നടക്കുമോ” ബാലുവിനോടുന്നപോലെ ഉണ്ണിയോട് ചോദ്യം എറിഞ്ഞു.

“നടന്നു കഴിഞ്ഞു മോളെ. ഇവന് അപ്പോയിന്റിമെന്റ് ലെറ്റർ വന്നു. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക്”

ഉണ്ണി പറയുന്നത് കെട്ടു ഉള്ളം തുടി കൊട്ടുന്നപ്പോലെ തോന്നിപ്പോയി പാറുവിനു. ചേച്ചിയുടെ പ്രാർത്ഥനക്ക് ഒപ്പം തന്റെ പ്രാർത്ഥനയും ഫലിച്ചുവല്ലോ. അവനെ നെഞ്ചിൽ ചേർത്തു ഒന്നു കെട്ടിപിടിക്കാൻ വല്ലാതെ കൊതിച്ചുപോയി. അത്രയധികം സന്തോഷം തോന്നിപ്പോയി.

“കൺഗ്രാറ്റ്‌സ്…” പാറു അവനോടു പറഞ്ഞു കൈ നീട്ടി. ബാലു വിളറിയ ഒരു ചിരി അവൾക്കു നൽകി ഉണ്ണിയോട് വൈകി എന്നും പറഞ്ഞു അമ്പലത്തിലേക്ക് നടന്നു. അവന്റെ അവഗണന പാറുവിൽ വലിയ വിഷമം തന്നെയുണ്ടാക്കി. കണ്ണുനീർ അവൾ അറിയാതെ ഒലിച്ചു ഇറങ്ങി. ഉണ്ണി നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ അവരെ തന്നെ കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്ന പാറുവിന്റെ മുഖം അവളിൽ നേർത്ത ഒരു വിങ്ങൽ ഉണ്ടാക്കി. അവൾ ബാലുവിനെയും നോക്കി. തിരിഞ്ഞു പാറുവിനെ നോക്കാതിരിക്കാൻ അവൻ മനസിനെ ദേഷ്യപ്പെടുത്തി പാകപ്പെടുത്തുകയാണ് എന്നു അവന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടു അവൾ മനസിലാക്കി. ഹർഷൻ പാറുവിനെ തോളോട് തോള് ചേർത്തു പിടിച്ചു മുന്നോട്ടു നടന്നു. അവൻ ഒന്നും അവളോട്‌ ചോദിച്ചതുമില്ല. പാറു ഒന്നും പറഞ്ഞതുമില്ല. അവന്റെ മൗനസമ്മതം ഉണ്ടായിരുന്നു പാറുവിനു.

പൂജ കഴിഞ്ഞു തൊഴുതു പ്രസാദം വാങ്ങുമ്പോൾ തിരുമേനി അവനോടായി പറഞ്ഞു. “ഇനി നല്ല സമയം ആണ് ബാലു. നന്നായി വരും നീ. ജോലിയൊക്കെ നേടിയില്ലേ ഇനി ഒരു കല്യാണമൊക്കെ ആകാം കേട്ടോ. നിനക്കു ഇപ്പൊ കല്യാണ സമയമാണ്.” ബാലു പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി ദക്ഷിണ കൊടുത്തു പ്രസാദം വാങ്ങി. വാങ്ങിയ ഉടൻ അവൻ അതു ഉണ്ണിക്ക് നേരെ നീട്ടി. അവൾ ചിരിച്ചുകൊണ്ട് മനസ്സു നിറഞ്ഞ പ്രാർത്ഥനയോടെ ദേവിയെ നോക്കി പ്രസാദം എടുത്തു ബാലുവിന്റെ നെറ്റിയിൽ ചാർത്തി. പിന്നെ ഹർഷനും പാറുവിനും അവൾ തന്നെ തൊട്ടു കൊടുത്തു. പിന്നെ അവളും സ്വയം പ്രസാദം ചാർത്തി നാലുപേരും വീട്ടിലേക്കു തിരികെ നടന്നു.

ബാലു ഹർഷനോട് വീട്ടിലേക്കു നാളെ വരാമെന്നും ഇന്ന് ഉണ്ണിയുടെ കൂടെ പോകുവാണെന്നും പറഞ്ഞു. ആംഗ്യ ഭാഷയാണെങ്കിലും അവർക്ക് നന്നായി അറിയാം.

“ബാലുവേ…നിനക്കു ഇനി പെണ്ണിനെ അന്വേഷിക്കാമല്ലോ. രമണിയേച്ചി പറയുമ്പോ നീ പിന്നെയാകട്ടെ എന്നല്ലേ പറയാറ്.” സ്ഥലത്തെ പ്രധാന ബ്രോക്കർ രമണി ചേച്ചിയാണ്. ബാലു അറിയാതെ കണ്ണുകൾ പാറുവിലേക്കു തിരിഞ്ഞു. മനസു സമ്മതിച്ചില്ലെങ്കിലും മിഴികൾ അവനെ ചതിച്ചു. അവൾ കണ്ണുകൾ ചുമപ്പിച്ചു കവിളുകൾ തുടുത്തു ദേഷ്യം കൊണ്ടു രമണി ചേച്ചിയെ പിടിച്ചു തല്ലുമോ എന്നുപോലും പേടിച്ചുപോയി. ബാലു മാത്രമല്ല ഹർഷനും ഉണ്ണിയും അതു തന്നെയാണ് ചിന്തിച്ചത്.

“ഞാൻ പറയാം ചേച്ചി” അവൻ ആഗ്യം കാണിച്ചത് മനസിലാകാതെ രമണി കണ്ണും തള്ളി നിന്നു. ഇതുകണ്ട ഉണ്ണി പറഞ്ഞു.

“അവനു സമ്മത ചേച്ചി…പാവപ്പെട്ട വീട്ടിലെ കുട്ടി മതിയെന്ന്…നോക്കിക്കോ എന്നു. അതാ അവൻ പറഞ്ഞതു” ഒരു കുസൃതി ഒപ്പിക്കണം എന്നെ ഉണ്ണി കരുതിയുള്ളൂ.

“ഏട്ടൻ വരുന്നുണ്ടോ.” പാറു വലിയ ശബ്ദത്തിൽ പറഞ്ഞു ഹർഷന്റെ കൈയും പിടിചു വലിച്ചു നടന്നു. പോകുന്ന പോക്കിൽ ബാലുവിനെ നോക്കിയ നോട്ടത്തിൽ അവൻ നിന്നു കത്തുമെന്നു തോന്നി പോയി.

ബാലു ഈർഷ്യയോടെ ഉണ്ണിയെ നോക്കി. ഒന്നും മിണ്ടാതെ അവൻ മുന്പോട്ടും നടന്നു. രമണി ചേച്ചിയോട് യാത്ര പറഞ്ഞു അവന്റെ പുറകെ ഉണ്ണിയും വച്ചു പിടിച്ചു.

ഒരുമിച്ചു വീട്ടിലേക്കു നടന്നുപോകുന്നുണ്ടെങ്കിലും പരസ്പരം ഒന്നും സംസാരിക്കുന്നുണ്ടായില്ല രണ്ടുപേരും. ഒടുവിൽ ഉണ്ണി തന്നെ തുടങ്ങി.

“ബാലു…നീയെന്തിനാ അവളെ ഇങ്ങനെ അവഗണിക്കുന്നത് എന്നു എനിക്ക് നന്നായി അറിയാം. അവളുടെ നല്ല ഭാവി ഓർത്തു കൊണ്ടു അല്ലെ. നിന്നെ അവൾ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടാ നിന്റെ അവഗണന അവൾക്കു സഹിക്കാൻ കഴിയാതെ”

ബാലു മറുപടി പറഞ്ഞില്ല പകരം ചിരിച്ചു. ശരിയാണ് അവളുടെ നല്ല ഭാവി മാത്രം. ആർക്കും ആ കാന്തരിയെ ഇഷ്ടപ്പെടും. എനിക്കും ജീവനേക്കാൾ ഏറെ ഇഷ്ടമാണ്. ഹർഷനും അതറിയാം. പക്ഷെ മാഷിനും ഗോപേട്ടനും അവളിൽ വലിയ പ്രതീക്ഷയുണ്ട്. അതു ഒരു പൊട്ടൻ ആയ എന്റെ കൂടെ ജീവിച്ചു തീർക്കാൻ അവരുടെ മനസ്സു ഒരിക്കലും അനുവദിക്കില്ല. അവരുടെ പൂർണ്ണ സമ്മതം ഇല്ലാതെ അവളെ മനസ്സുകൊണ്ട് പോലും സ്വീകരിക്കാൻ തനിക്കുആകില്ല. അങ്ങനെ ചെയ്താൽ ആ വീടിനോടും മാഷിനോടുമൊക്കെ ചെയ്യുന്നത് നന്ദി കേടാകും. ബാലു ഒരിക്കലും അതു ചെയ്യില്ല. ഒരു അനാഥൻ ആയിട്ടു കൂടി അച്ഛന്റെയും അമ്മയുടെയും ചേട്ടന്റെയും എല്ലാം സ്നേഹം ഒരു കുറവുമില്ലാതെ എനിക്ക് തന്നുകൊണ്ടിരിക്കുന്ന അവരെ ചതിക്കാൻ ആകില്ല. അവൻ ഒന്നു നെടുവീർപ്പിട്ടു ശ്വാസം വിട്ടു. അവന്റെ മനസു വായിച്ചെന്നോണം ഉണ്ണി ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ കൈകളിൽ പിടിച്ചു നടന്നു.

വീട്ടിൽ എത്തി അപ്പോയിന്റിമെന്റ് കിട്ടിയതു രാധാകൃഷ്ണനോട് പറഞ്ഞപ്പോൾ അയാൾക്കും ഇരട്ടി സന്തോഷം. കഞ്ഞി കുടിച്ചു തിരികെ പോകാൻ ആഞ്ഞ ബാലുവിനെ ഉണ്ണി തന്നെ നിർബന്ധിച്ചു അവിടെ വീട്ടിൽ തന്നെ കിടക്കാൻ പറഞ്ഞു. അവനു വേണ്ടി അവിടെ ഒരു മുറി തന്നെയുണ്ട്. ബാലു താമസിക്കുന്നത് വാടക വീട്ടിൽ ആണ്. ഒറ്റക്കു. ഇടക്കൊക്കെ ഉണ്ണി നിർബന്ധിച്ചു വിളിക്കുമ്പോൾ അവളുടെ വീട്ടിലേക്കു പോകും.

കിടക്കാൻ നേരം ആണ് ഉണ്ണി നാളത്തെ കോമ്പറ്റീഷൻ കാര്യം ഓർത്തതു. നേരത്തെ പോകണം. കോമ്പറ്റീഷൻ ദിവസം തന്നെക്കാൾ ഓർമ ഹർഷനു ആണ്. അവൻ തന്നെ കൃത്യസമയത്തു എത്തും. ഇത്തവണ അവനെ ഞെട്ടിച്ചു ആദ്യം അവിടേക്ക് പോകാം.

നേരത്തെ തന്നെ എണീറ്റു റെഡി ആയി ഉണ്ണി ഹർഷന്റെ അടുത്തേക്ക് എത്തി.

“ഏടത്തി ഇന്ന് നേരം വൈകിയോ” അവളുടെ ഏടത്തി വിളി ഉണ്ണിയിൽ ഒരു നോവ്‌ ചിരി പടർത്തി.

“ഹർഷൻ …” വാക്കുകൾ പൂർത്തിയാക്കും മുന്നേ പാറു മറുപടി നൽകി

“ചേച്ചിക്ക് ഇന്ന് കോമ്പറ്റീഷൻ ഉണ്ടെന്നും എന്തോ പേപ്പർ പ്രിൻസിപ്പൾ കയ്യിൽ നിന്നും വാങ്ങണം എന്നും പറഞ്ഞു നേരത്തെ ഇറങ്ങി. ചേച്ചിയോട് കോളേജിലേക്ക് വരാൻ പറഞ്ഞു.”

അപ്പോഴാണ് ഉണ്ണിയും അതു ശരിയാണല്ലോ എന്നോർത്തത്. അവൾ ഇറങ്ങുവാ എന്നും പറഞ്ഞു തിരിഞ്ഞു. എന്തോ ഓർത്തെന്നവണ്ണം പാറുവിനെ വിളിച്ചു.

“ഏടത്തി വിളി ഇനി വേണ്ട പാറു. ചേച്ചി എന്നു വിളിച്ചാൽ മതി” വേദനയോടെ…ആ വേദന മറച്ചു പിടിച്ചുള്ള ചിരിയോടെ അവൾ പാറുവിനോട് പറഞ്ഞു.

പാറു ഉണ്ണിയെ തന്നെ നോക്കി നിന്നു.

“നീയിനി ഒറ്റക്കു പോകണ്ട. ഞാൻ കൊണ്ടു വിടാം” ഒരു കനത്ത ശബ്‌ദം.

“പോലീസ് സർ ഇന്ന് പോയില്ലായിരുന്നോ. എന്തായാലും കുറെ നാളത്തെ ആഗ്രഹം ആണ് ആ ജീപ്പിൽ ഒന്നു കേറാൻ. ഇന്നാന്തയാലും നടക്കുമല്ലോ” പെട്ടന്ന് തന്നെ മുഖഭാവം മാറി ഉണ്ണി പറഞ്ഞു. ഗോപൻ പതിയെ അവളുടെ തലയിൽ കൊട്ടി.

“ഹാവൂ” ഉണ്ണി തല തടവി.

മീനാക്ഷി വയറും താങ്ങി പുറകെ തൊപ്പിയും ആയി വരുന്നുണ്ടായിരുന്നു. തൊപ്പി മനസു നിറഞ്ഞ ചിരിയോടെ ഗോപന്റെ കയ്യിൽ കൊടുത്തു. ഗോപൻ തിരികെ നൽകിയ നോട്ടത്തിൽ മീനാക്ഷി പൂത്തുലഞ്ഞു വയറിൽ പതിയെ തലോടി നിന്നു. അവരുടെ പ്രണയ രംഗങ്ങൾ കണ്ടു ഉണ്ണിയും പാറുവും മുഖത്തോടു മുഖം നോക്കി കണ്ണിറുക്കി.

പോകുന്നവഴിയിൽ കുറെയേറെ സംസാരിച്ചു. ബാലുവിന്റെ ജോലി കാര്യവും ഉണ്ണിയുടെയും ഹർഷനെയും പഠിപ്പും പെയിന്റിങ്…അങ്ങനെ സംസാരിച്ചു കോളേജ് എത്തിയത് അവൾ അറിഞ്ഞില്ല. അവളെ ഗേറ്റിനു മുൻപിൽ ഇറക്കി വിട്ടു ഗോപൻ പോയി.

ഉണ്ണി പ്രിൻസിപ്പൽ റൂമിൽ കടക്കും മുന്നേ ഹർഷനെ വിളിച്ചു നോക്കി. കിട്ടുന്നില്ല. അവൻ ഇനി എത്തിയില്ലേ. അവൾ പുറത്തു നിൽക്കുന്നത് കണ്ടു പ്രിൻസിപ്പൾ അകത്തേക്ക് വിളിച്ചു. കോമ്പറ്റീഷൻ പോകാൻ ആണെന്ന് പറഞ്ഞപ്പോൾ ഒരു ലെറ്റർ ഫയലിൽ നിന്നും എടുത്തു കൊടുത്തു. അവൾക്കു ഒരു ഓൾ ദി ബെസ്റ്റും കൊടുത്തു. അവൾ സന്തോഷത്തോടെ റൂമിനു പുറത്തേക്കു ഇറങ്ങി.

സമയം പോകുന്നു. ഇപ്പൊ പോയാൽ മാത്രേ സമയത്തിന് എത്തു.ഇവൻ ഇതു എവിടെ പോയി കിടക്കുവാ….!!

പെട്ടന്ന് അവളുടേ ഫോൺ താളത്തിൽ അടിച്ചു.

“ഹർഷൻ….

ഹർഷാ നീ എവിടെയാ……”

പിന്നീട് അപ്പുറത്തു നിന്നു പറഞ്ഞ മറുപടിയിൽ ഉണ്ണിക്ക് ഒരേ സമയം ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു കണ്ണുകൾ നിറഞ്ഞു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4