ഹൃദയസഖി : ഭാഗം 15
എഴുത്തുകാരി: ടീന കൊട്ടാരക്കര
10 മണി കഴിഞ്ഞ നേരത്ത് അവർ ഓഡിറ്റോറിയത്തിൽ എത്തി. കൃഷ്ണയും മീനാക്ഷിയും ഇറങ്ങിയതിനു പിന്നാലെ മറ്റ് ബന്ധുക്കളും അടുത്തടുത്ത വാഹനങ്ങളിൽ വന്നിറങ്ങി.
മണ്ഡപം അലങ്കരിക്കുന്നതിനും മറ്റെല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുത്തുകൊണ്ട് മീനാക്ഷിയുടെ അമ്മാവൻമാർ നേരത്തെ തന്നെ എത്തിയിരുന്നു. മീനാക്ഷിയും കൃഷ്ണയും നേരെ റെസ്റ് റൂമിലേക്ക് പോയി.
11നും 11:30 നും ഇടയിലാണ് മുഹൂർത്തം നിശ്ചയിച്ചിരുന്നത്. കല്യാണത്തിന് ക്ഷണം കിട്ടിയവരൊക്കെയും വന്നു തുടങ്ങുന്നതേയുള്ളൂ, ബന്ധുജനങ്ങളിലെ ചില സ്ത്രീകളും കുട്ടികളും റസ്റ്റ് റൂമിലും അതിനടുത്തുമായി തിങ്ങിനിറഞ്ഞു നിന്നു.
സാരിയുടെ നിറം നന്നായി , ആഭരണങ്ങളുടെ ഡിസൈൻ കൊള്ളാം, കുറച്ചുകൂടി മുല്ലപ്പൂവ് വെക്കാമായിരുന്നില്ലേ തുടങ്ങി അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നീണ്ടുപോയി.
ഇരിപ്പിടങ്ങളിൽ പോയി ഇരിക്കാൻ മറ്റുള്ളവർ പറഞ്ഞെങ്കിലും കൂട്ടാക്കാതെ വന്നവരിൽ പലരും റെസ്റ്റ് റൂമിൽ തന്നെ നിന്നു.
വന്നവരുടെ എല്ലാം നോട്ടവും സംസാരവും അവർക്കിടയിൽ അണിഞ്ഞൊരുങ്ങി പ്രദർശന വസ്തു പോലെയുള്ള ഇരിപ്പും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മീനാക്ഷിയുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.
“എനിക്ക് എന്തോ വല്ലാത്ത ഒരു സഫൊക്കേഷൻ ”
മറ്റുള്ളവർ കേൾക്കാതെ മീനാക്ഷി കൃഷ്ണയോട് പറഞ്ഞു.
” എല്ലാവരും ഇങ്ങനെ ചുറ്റും കൂടി നിൽക്കുന്നതിന്റെയാ “കൃഷ്ണ മന്ദഹസിച്ചു.
ഇടയ്ക്ക് കാവ്യ വന്ന് ഇരുവർക്കും കുടിക്കാൻ ഓരോ ഗ്ലാസ് പാൽ വീതം നൽകി. രാവിലെ പേരിന്എന്തെങ്കിലും കഴിച്ചെന്ന് വരുത്തി തീർത്തതാണ്.
കഴിക്കാൻ സമയം കിട്ടിയതുമില്ല. പുലർച്ചെ എഴുന്നേറ്റ് തുടങ്ങിയ ഒരുക്കമാണ്.
ഇത്രയും മണിക്കൂറുകൾ നീളുമെന്നു അറിഞ്ഞില്ല.
പെട്ടെന്ന് ഒരുങ്ങാവുന്നത് അല്ലേ ഉള്ളൂ എന്ന് കരുതിയതാണ്. എന്നാൽ ഭംഗിയിൽ സാരി ഉടുപ്പിച്ചപ്പോൾ തന്നെ ഒരു മണിക്കൂറായി.
പിന്നെ മുടി കെട്ടി ഒതുക്കി ആഭരണങ്ങളെല്ലാം അണിയിച്ചു തലയിൽ മുല്ലപ്പൂ വച്ച് ഇറങ്ങിയപ്പോഴേക്കും മണിക്കൂറുകൾ നീണ്ടു.
എന്നാൽ കണ്ണാടി നോക്കിയപ്പോൾ മനസ്സിലായി ഇത്രയും സമയമെടുത്ത് വെറുതെയായില്ലന്നു അത്രയ്ക്ക് ഭംഗിയായി തന്നെ ഒരുക്കിയിരിക്കുന്നു എന്ന് കൃഷ്ണയ്ക്ക് തോന്നി.
സമയം 10:45 കഴിഞ്ഞു.
” ചെക്കൻ കൂട്ടർ എത്തിയിട്ടുണ്ട്.”
പുറത്തു നിന്നാരോ വിളിച്ചു പറയുന്നത് അവർ കേട്ടു.
” വാ നമുക്ക് ഒന്ന് കണ്ടിട്ട് വരാം. ”
തിങ്ങി നിറഞ്ഞു നിന്ന സ്ത്രീകൾ എല്ലാം പരസ്പരം പറഞ്ഞു. നിമിഷ നേരം കൊണ്ട് എല്ലാവരും സ്ഥലം കാലിയാക്കി പുറത്തേക്കു ചെന്നു .
” കല്യാണ ചെക്കനെ സ്വീകരിക്കുന്നത് കാണാനുള്ള തിരക്കാണ്. ” ദേവിക പറഞ്ഞു.
ധന്യയും ധ്വനിയും ദേവികയും വേറെ ഒന്ന് രണ്ട് കുട്ടികളും മാത്രമാണ് അപ്പോൾ മുറിയിൽ ഉണ്ടായിരുന്നത്. കല്യാണ പെണ്ണിന് മുന്നിൽ താലപ്പൊലിയേന്തി നടക്കാനായി തിരഞ്ഞെടുക്കപ്പെട്ടവർ ആയിരുന്നു അവർ.
പെട്ടെന്ന് പുറത്ത് ഒരു മേളം കേട്ടു.
കൃഷ്ണയും മീനാക്ഷിയും പരസ്പരം നോക്കി. ഇരുവരുടേയും മുഖത്ത് ടെൻഷൻ കണ്ടു ദേവിക ചിരിക്കുന്നുണ്ടായിരുന്നു.
അതേസമയം പുറത്ത് കല്യാണ ചെക്കനെ സ്വീകരിക്കുന്ന ചടങ്ങായിരുന്നു. ഹരിയും അഭിമന്യുവും അവരുടെ ബന്ധു ജനങ്ങളും എല്ലാം എത്തി.
യദുവും യാദവും കാൽകഴുകി കഴുത്തിൽ മാല അണിയിച്ച് ഇരുവരെയും അകത്തേക്ക് സ്വീകരിച്ചു.
പ്രതാപന്റെയും ജാനകിയുടെയും ഒപ്പം അഭിമന്യുവും രാധാകൃഷ്ണന്റെയും പാർവ്വതിയുടെയും ഒപ്പം ഹരിയും മണ്ഡപത്തിലേക്ക് നടന്നു.
സദസ്സിനെ വണങ്ങി ഇരുവരും അവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. ഹരിയും അഭിമന്യുവും പരസ്പരം നോക്കി. ഇരുവരും പുഞ്ചിരിച്ചു. പൂജാരി മന്ത്രം ചൊല്ലിക്കൊണ്ടിരുന്നു.
കുറച്ചു സമയത്തിന് ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ മീനാക്ഷിയും തൊട്ടുപിന്നാലെ കൃഷ്ണയും മണ്ഡപത്തിലേക്ക് നടന്നെത്തി. സദസ്സിൽ ഇരുന്നവരുടെയെല്ലാം ശ്രദ്ധ മണവാട്ടിമാരിലേക്കായി.
കയ്യിൽ താലമേന്തി വധുവായി ഒരുങ്ങി വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഐശ്വര്യം ആയിരുന്നു. അഭിമന്യു കണ്ണെടുക്കാതെ കൃഷ്ണയെ തന്നെ നോക്കി നിന്നു. ഹരിയുടെ കണ്ണുകൾ മീനാക്ഷിയിലും ഉടക്കി.
“ചെക്കന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിക്കോളൂ ”
പൂജാരിയുടെ നിർദ്ദേശപ്രകാരം കൃഷ്ണ പ്രതാപന്റെയും ജാനകിയുടെയും കയ്യിൽ വെറ്റിലയും അടക്കയും നൽകി കാലിൽ വീണു അനുഗ്രഹം വാങ്ങി. മീനാക്ഷി രാധാകൃഷ്ണന്റെയും പാർവ്വതിയുടെയും അനുഗ്രഹവും വാങ്ങി.
തുടർന്നു പൂജാരി ഒരു കിണ്ടിയിൽ വെള്ളത്തോടൊപ്പം പൂക്കൾ നിറച്ചു ഇരുവരുടെയും കയ്യിൽ നൽകി.
“ഗണപതിയെ മനസ്സിൽ സങ്കൽപ്പിച്ചു മുന്നിലിരിക്കുന്ന വിഗ്രഹത്തിൽ മൂന്ന് തവണ ജലം തൊട്ടു പുഷ്പം അർപ്പിക്കണം ”
കൃഷ്ണയും മീനാക്ഷിയും അതേപടി ചെയ്തു.
“ഇനി നന്നായി പ്രാർത്ഥിച്ചോളു ” അദ്ദേഹം വീണ്ടും പറഞ്ഞു.
ഇരുവരും കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു. ഒരു ഇലയിൽ അല്പം ചന്ദനം ഇരുവർക്കും നൽകി നെറ്റിയിൽ തൊട്ടോളാൻ പറഞ്ഞു. രണ്ടു പേരും അതേപടി അനുസരിച്ചു.
തുടർന്നു രവീന്ദ്രൻ മീനാക്ഷിയുടെ കൈ പിടിച്ചു മണ്ഡപത്തിലേക്ക് കയറ്റിയപ്പോൾ അച്ഛന്റെ സ്ഥാനത്തു നിന്നു സതീശനാണ് കൃഷ്ണയെ മണ്ഡപത്തിലേക്ക് കയറ്റിയത്.
സദസിനെ വണങ്ങി കൃഷ്ണ അഭിമന്യുവിന്റെ അടുത്തും മീനാക്ഷി ഹരിയുടെ അടുത്തുമായി ഇരുന്നു.
അഭി കൃഷ്ണയെ നോക്കി.
അവൾ തിരികെയും.
പരസ്പരം ഒരു പുഞ്ചിരി ഇരുവരും കൈമാറി.
ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കൾ തൊട്ടുപിറകിലായി നിൽപ്പുണ്ടായിരുന്നു.
വളരെയധികം സന്തോഷത്തോടെയും അതിലുപരി പ്രാർത്ഥനയുടെയും എല്ലാവരും കാണപ്പെട്ടു.
ഹരി ഇടയ്ക്ക് കൃഷ്ണയെ നോക്കി. ഒരു നേർത്ത പുഞ്ചിരി ഇരുവരും പങ്കുവെച്ചു.
“മുഹൂർത്തം ആയി… താലി എടുത്ത് കൊടുത്തോളു ”
കൃഷ്ണയുടെ ഹൃദയതാളം മുറുകിവന്നു.
പൂജാരിയുടെ നിർദേശം അനുസരിച്ചു പ്രതാപൻ താലി അഭിമന്യുവിന്റെ കൈകളിലേക്ക് നൽകി. രാധാകൃഷ്ണൻ ഹരിയുടെ കയ്യിലേക്കും.
മേളം മുഴങ്ങി. മണ്ഡപത്തിന്റെ ഇരുവശങ്ങളും വീഡിയോഗ്രാഫർമാർ കവർന്നെടുത്തു. ക്യാമറ ഫ്ലാഷുകൾ തുടരെ മിന്നിക്കൊണ്ടിരുന്നു.
കടന്നു വന്ന സദസ്സിന്റെയും ബന്ധുക്കളുടെയും മുൻപിൽ അഗ്നിസാക്ഷിയായി അഭിമന്യു കൃഷ്ണവേണിയുടെ കഴുത്തിൽ താലി ചാർത്തി.
കണ്ണുകൾ അടച്ചു കൈകൾ കൂപ്പി പ്രാർത്ഥനയോടെ അവൾ ഇരുന്നു. ഹരി മീനാക്ഷിയുടെ കഴുത്തിലും താലി ചാർത്തി.
ബന്ധുക്കളും സദസ്സിലെ ജനങ്ങളും വധൂവരന്മാരുടെ തലയിൽ പൂക്കൾ കൊണ്ട് അഭിഷേകം നടത്തി.
നാരായണിയമ്മ കണ്ണുകൾ തുടച്ചു നാലുപേരെയും നോക്കി ദൈവത്തോട് നന്ദി പറഞ്ഞു.
ചെപ്പിലെ സിന്ദൂരം അഭിമന്യു കൃഷ്ണയുടെ നെറുകയിൽ തൊട്ടു കൊടുത്തു.
“ഇനി എഴുന്നേറ്റോളൂ ” പൂജാരി പറഞ്ഞു.
നാലുപേരും എഴുന്നേറ്റു നിന്നു.
“ചെക്കനും പെണ്ണും പരസ്പരം മാല അണിയിക്കുക ”
അവർ മാല അണിയിച്ചു.
“ഇനി പുടവ നൽകാം. ഭർത്താവിന്റെ കാൽ തൊട്ടു വന്ദിച്ചു പുടവ വാങ്ങിക്കോളൂ ” കൃഷ്ണയോടും മീനാക്ഷിയോടും പൂജാരി പറഞ്ഞു.
കാൽതൊട്ടു വന്ദിച്ചു ഹരിയുടെ കയ്യിൽ നിന്നു മീനാക്ഷിയും അഭിമന്യുവിന്റെ കയ്യിൽ നിന്നു കൃഷ്ണയും പുടവ വാങ്ങി. പുടവ നൽകാൻ നേരം വീണ്ടും അഭിയുടെയും കൃഷ്ണയുടെയും കണ്ണുകൾ തമ്മിൽ ഉടക്കി.
ഉടനടി കൃഷ്ണ മിഴികൾ താഴ്ത്തി നിന്നു.
“കന്യാദാനം നടത്താനായി ചുമതലപ്പെട്ടവർ മുന്നോട്ട് വരിക ” പൂജാരി ഉറക്കെ പറഞ്ഞു.
സതീശനാണ് കൃഷ്ണയുടെ കന്യാദാനം നടത്തിയത്. രവീന്ദ്രൻ മീനാക്ഷിയുടെയും.
കൃഷ്ണയുടെ കയ്യിൽ വെറ്റിലയും അടയ്ക്കയും വെച്ചു അതിനു മുകളിലായി അഭിമന്യുവിന്റെ കൈ പിടിച്ചു വെച്ചു സതീശൻ ഒരു നിമിഷം കണ്ണുകൾ അടച്ചു.
ആത്മസംതൃപ്തിയോടെ അയാൾ ഇരുവരെയും നോക്കി. അതെ സംതൃപ്തി നിറഞ്ഞ മുഖത്തോടെ രവീന്ദ്രനും മീനാക്ഷിയുടെ കന്യാദാനം നടത്തി.
തുടർന്ന് മൂന്നു തവണ മണ്ഡപത്തെ വലംവെച്ചുവന്ന് അഭിയും കൃഷ്ണയും ഹരിയും മീനാക്ഷിയും രെജിസ്റ്ററിൽ ഒപ്പ് വെച്ചു. നിയമപരമായി കൃഷ്ണവേണി അഭിമന്യുവിന്റെ ഭാര്യ ആയി. മീനാക്ഷി ഹരിയുടെയും.
താലികെട്ട് കഴിഞ്ഞതോടു കൂടി സദ്യ ആരംഭിച്ചിരുന്നു. വന്നവർ പലരും കഴിക്കാനായി സദ്യാലയത്തിലേക്കു കയറി. മറ്റു ചിലർ തങ്ങളുടെ ഊഴം അനുസരിച്ചു കാത്തു നിന്നു.
പിന്നീട് ഫോട്ടോ സെക്ഷൻ ആയിരുന്നു. ബന്ധുക്കളും കടന്നു വന്നവരും സ്റ്റേജിൽ കയറി സമ്മാനം നൽകുകയും ഫോട്ടോ എടുക്കുകയും ചെയ്തു .
ഫോട്ടോഗ്രാഫേഴ്സ് വധൂവരന്മാരെ പല ആംഗിളിലും പോസിലും നിർത്തി ഫോട്ടോ എടുത്തുകൊണ്ടിരുന്നു.
കുറച്ചു നേരം ഇടവേള നൽകികൊണ്ട് അവർ ഭക്ഷണം കഴിക്കാനായി അകത്തേക്ക് നടന്നു.
അഭിമന്യുവും കൃഷ്ണയും ഇരുന്നതിന്റെ തൊട്ടടുത്തായി ഹരിയും മീനാക്ഷിയും ഇരുന്നു.
“അഭി… ” ഹരി വിളിച്ചു.
“എന്താ ” അഭിമന്യു പെട്ടന്ന് തലയുയർത്തി.
“കൃഷ്ണയെ ഇവിടെ ഇരുത്താമോ… എന്റെ ഇടത് വശത്തു.. ജസ്റ്റ് ഫോർ ദിസ് ടൈം ” ഹരി നിഷ്കളങ്കമായി ചോദിച്ചു.
കൃഷ്ണയും മീനാക്ഷിയും കണ്ണ് മിഴിച്ചു നോക്കി. എന്നാൽ അഭിമന്യുവിൽ പ്രത്യേകിച്ച് ഭാവഭേദം ഒന്നുമുണ്ടായില്ല.
“യെസ് ഒഫ് കോഴ്സ് ”
അവൻ പുഞ്ചിരിയോടെ തന്നെ കൃഷ്ണയെ തന്റെ വലതുവശത്തു ഇരുത്തി. ഹരിയും പുഞ്ചിരിച്ചു. പതിവ് പോലെ അവന്റെ ഇടതും വലതുമായി മീനാക്ഷിയും കൃഷ്ണയും ഇരുന്നു.
കഴിക്കുന്നതിനിടയിൽ കൃഷ്ണ അഭിയെ നോക്കി. ഹരിയേട്ടൻ അങ്ങനെ പറഞ്ഞത് അഭിയ്ക്ക് ഇഷ്ടക്കേട് ഉണ്ടാക്കികാണുമോ എന്നൊരു ചിന്ത അവൾക്ക് ഉണ്ടായിരുന്നു.
അഭി അവളെ കണ്ണുകൾ ചിമ്മി കഴിക്കാൻ ആംഗ്യം കാട്ടി. അവന്റെ മുഖത്തെ പുഞ്ചിരി കൃഷ്ണയുടെ മുഖത്തും പുഞ്ചിരി വിടർത്തി.
ഭക്ഷണത്തിനു ശേഷം ഔട്ഡോർ ഫോട്ടോഷൂട്ട് ആയിരുന്നു. അത് മണിക്കൂറുകളോളം നീണ്ടു.
“ചെക്കന്റെ വീട്ടിലേക്കു ഇറങ്ങാൻ സമയം ആയി ” ആരോ പറയുന്നത് കേട്ടു.
“എങ്കിൽ പിന്നെ അവരോട് അതെല്ലാം നിർത്തി പുറപ്പെടാൻ പറയ്..സമയം തെറ്റിക്കേണ്ട “നാരായണിയമ്മ പറഞ്ഞു.
” അഭിയുടെ വീട്ടിലേക്ക് ഒരുപാട് ദൂരം ഉള്ളതല്ലേ.. അല്പം നേരത്തെ ഇറങ്ങിയാൽ സമയം തെറ്റാതെ വീട്ടിൽ കയറാമല്ലോ. ”
യദു അഭിപ്രായപ്പെട്ടു
“ഇപ്പോഴേ ഇറങ്ങിയേക്കാം അല്ലേടാ ” അഭിമന്യുവിന്റെ മൂത്ത ചേട്ടൻ അർജുൻ ചോദിച്ചു
“വൈകിക്കേണ്ട ഉടനെ ഇറങ്ങാം.. അവരൊക്കെ എവിടെ ” അഭി അന്വേഷിച്ചു.
“അമ്മയും അമ്മായിമാരും ഒക്കെ കുറച്ചു മുൻപ് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ വിളക്കും കാര്യങ്ങളും ഒക്കെ തയ്യാറാക്കി വെക്കണ്ടേ”
” മം…നമുക്ക് തിരിച്ചാലോ.”
അഭി കൃഷ്ണയോട് ചോദിച്ചു
അവളൊന്ന് മൂളി.
എല്ലാവരോടും യാത്ര പറയാനായി കൃഷ്ണ ഓഡിറ്റോറിയത്തിലേക്ക് നടന്നു. ബന്ധുമിത്രാദികൾ എല്ലാം അവിടെ ഉണ്ടായിരുന്നു.
രവീന്ദ്രനും സതീശനും ഒരു കോണിലായി മാറി നിൽക്കുന്നത് അവൾ കണ്ടു. മെല്ലെ ഇരുവരുടെയും അടുത്തേക്ക് അവൾ നടന്നു. രണ്ടുപേരെയും കണ്ണിമവെട്ടാതെ കുറച്ചു നേരം നോക്കി നിന്നു.
” അച്ഛാ”
അവൾ ഇരുവരുടെയും കൈകൾ കൂട്ടിപ്പിടിച്ചു
” ഞാൻ ഇറങ്ങുവാ” പുഞ്ചിരിയോടെ അവൾ പറഞ്ഞു
” പോയിട്ട് വാ മോളെ.” വിതുമ്പലോടെ അവർ പറഞ്ഞൊപ്പിച്ചു. അതോടൊപ്പം അവരുടെ കണ്ണുനീർ അവളുടെ കൈകളെ നനച്ചു കൊണ്ടിരുന്നു.
പക്ഷെ താൻ കരയില്ലെന്ന് ആദ്യം തന്നെ കൃഷ്ണ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.
” എന്താ അച്ഛാ കരഞ്ഞുകൊണ്ട് ആണോ എന്നെ യാത്ര അയക്കുന്നത്.”
ഇരമ്പി വന്ന കണ്ണീരിനെ ഒളിപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ഏയ് കരഞ്ഞില്ല” പെട്ടെന്ന് തന്നെ ഇരുവരും കണ്ണുകൾ തുടച്ചു പുഞ്ചിരിക്കാൻ ശ്രമിച്ചു.
“മോൾ പോയി വാ” അവർ പറഞ്ഞു
കൃഷ്ണ രണ്ടുപേരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങി. അവരും അവളോടൊപ്പം പുറത്തേക്ക് വന്നു. അവിടെയായി മാറി നിന്നിരുന്ന സുഭദ്രയോടും ശോഭയോടും യാത്ര പറഞ്ഞു.
അവർ ഒന്ന് ചിരിച്ചെന്നു വരുത്തി. എന്നാൽ പാർവ്വതിയിൽ നിന്ന് അതു പോലും ഉണ്ടായില്ല. ധന്യയും ധ്വനിയും ദേവികയും ഹൃദ്യയും കൃഷ്ണയെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ പോയി വരാൻ പറഞ്ഞു.
യദുവിനോടും കാവ്യയോടും നിവിയ മോളോടും യാദവിനോടുമൊക്കെ യാത്ര പറഞ്ഞ ശേഷമാണ് അവൾ മീനാക്ഷിക്ക് അരികിൽ എത്തിയത്.
ഒരു തേങ്ങലോടെ അവൾ കൃഷ്ണയെ കെട്ടിപ്പിടിച്ചു. കുറേനേരം ആ നിൽപ്പ് തുടർന്നു. പുഞ്ചിരിയോടെ തന്നെ കൃഷ്ണ അവളോട് യാത്ര പറഞ്ഞു ഹരിയുടെ നേരെ തിരിഞ്ഞു.
കൈകൾ രണ്ടും കെട്ടി അവളെ വീക്ഷിച്ചു നിൽക്കുകയായിരുന്നു അവൻ
“ഹരിയേട്ടാ ഞാൻ ഞാൻ പോകുകയാണ്.”
അവൾ അവന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു. തന്നെപ്പോലെ തന്നെ അവന്റെ കണ്ണുകളും സങ്കടക്കടൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് കൃഷ്ണയ്ക്ക് തോന്നി
” പോയിട്ട് വാ കൃഷ്ണെ ”
അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് ഹരി പറഞ്ഞു. കൺകോണിൽ നീരുറവ ഉണ്ടാകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അത് പൊട്ടി പുറപ്പെടുന്നതിനു മുൻപ് തന്നെ അവൾ കൈകൾ പിൻവലിച്ചു.
” അച്ഛമ്മ എവിടെ “. അവൾ ഹരിയോട് ചോദിച്ചു
ആളുകൾക്ക് പിറകിലായി നാരായണിയമ്മ നിൽപ്പുണ്ടായിരുന്നു. കൃഷ്ണ അവർക്കരികിലേക്ക് നടന്നടുത്തു. കാൽ തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി . ഒരു നിമിഷം കഴിഞ്ഞ കാലങ്ങൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.
ആരോരുമില്ലാതെ നിന്ന തന്നെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്ന നാരായണി അമ്മയും അവരുടെ കൈകളിൽ തൂങ്ങി വന്ന 12 വയസ്സുകാരി കൃഷ്ണയും.
അവിടെനിന്ന് ഇന്നേ നാൾവരെ തന്നെ സംരക്ഷിച്ചു പോന്ന അച്ഛമ്മ.. അല്ല അമ്മ തന്നെയാണ് അവർ തനിക്ക്.
കണ്ണിൽ നിന്നും അനുസരണയില്ലാതെ രണ്ടു തുള്ളി കണ്ണുനീർ പൊഴിഞ്ഞുവീണു.
ഉടനടി കണ്ണുകൾ തുടച്ച് അവൾ എഴുന്നേറ്റു.
പെട്ടെന്ന് ഇരുകൈകളും കൊണ്ട് നാരായണിയമ്മ അവളെ ചേർത്ത് പിടിച്ചു നെഞ്ചോട് ചേർത്തു. അപ്രതീക്ഷിതമായി ഉള്ള അവരുടെ പെരുമാറ്റത്തിൽ ഒരു നിമിഷം അവൾ പകച്ചു പോയി.
അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു ആ കാഴ്ച ചുറ്റുമുള്ളവരുടെ കണ്ണും നിറച്ചു.
അവർ കൈ കാട്ടി അഭിമന്യുവിനെ അടുത്തേക്ക് വിളിച്ചു.
” ഞാൻ എന്റെ തീരുമാനം നിന്റെ മേൽ അടിച്ചേൽപ്പിച്ചത് ആണെന്ന് കരുതരുത്. ശരിയായ കൈകളിലാണ് നിന്നെ ഏൽപ്പിക്കുന്നത് എന്ന് എനിക്ക് ബോധ്യം ഉണ്ട്.
അഭിമന്യുവിന്റെ കൈകളിൽ നീ എന്നും സുരക്ഷിതമായിരിക്കും.”
അവർ കൃഷ്ണയോട് പറഞ്ഞു.
കരയരുത് എന്ന തന്റെ തീരുമാനത്തെ കണ്ണുകൾ ചതിച്ചിരിക്കുന്നു എന്ന് കൃഷ്ണയ്ക്ക് മനസ്സിലായി. നിയന്ത്രിക്കാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി
“കരയരുത്.. കണ്ണീർ വാർത്തു കൊണ്ട് ആകരുത് നീ ഇറങ്ങി പോകുന്നത്”
അവർ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു
” പോയി വാ എന്റെ എല്ലാ അനുഗ്രഹങ്ങളും കൂടെയുണ്ട്. ”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു
കണ്ണുകൾ തുടച്ച് ഒന്നുകൂടി എല്ലാവരെയും തിരിഞ്ഞു നോക്കി അവൾ അഭിമന്യുവിന് ഒപ്പം കാറിൽ കയറി.
ഹരി അവളെ കൈകൾ വീശി കാണിച്ചു. കൃഷ്ണ തിരികെയും .
അവരുടെ വണ്ടി കണ്ണിൽ നിന്നും മായുന്നത് വരെ ഹരി ആ നിൽപ്പ് തുടർന്നു. മനസിനു ഭാരം കൂടുന്നതിനോടൊപ്പം അവന്റെയുള്ളിൽ മീനാക്ഷിയുടെ മുഖംതെളിഞ്ഞു വന്നു.
അവന്റെ കൈകൾ പതിയെ അവളുടെ കൈകളിൽ പിടിത്തം മുറുക്കി. ഒരു ചെറുപുഞ്ചിരിയോടെ മീനാക്ഷി ഹരിയോട് ചേർന്ന് നിന്നു.
തിരികെയുള്ള യാത്രയിൽ വണ്ടിയിൽ ഇരുന്ന് നിശബ്ദമായി കരയുകയായിരുന്നു കൃഷ്ണ. മനസ്സ് വിങ്ങുകയാണ്. എല്ലാവരെയും പിരിഞ്ഞു പോരുന്നതിലുള്ള വിഷമം.
അച്ഛമ്മയുടെ ഉള്ളിൽ ഒളിച്ചിരുന്ന സ്നേഹം അറിഞ്ഞതിൽ ഉള്ള സന്തോഷം. എല്ലാം കൂടിക്കലർന്ന ഒരു മാനസികാവസ്ഥ.
നാരായണിയമ്മ അവസാനം പറഞ്ഞ വാക്കുകൾ അവൾ മനസ്സിൽ ഉരുവിട്ടു. അതിൽ എന്തൊക്കെയോ പൊരുൾ ഉള്ളതുപോലെ.
ഉള്ളിലെ സങ്കടം കണ്ണീരായി പുറത്തുവന്നതും അഭിമന്യു കൈകൾകൊണ്ട് അവളെ ചേർത്തു പിടിച്ചു അവളുടെ കണ്ണിലേക്ക് നോക്കി.
ഇനി നിന്റെ കണ്ണുകൾ നിറയരുത് എന്ന് പറയാതെ പറഞ്ഞു. മെല്ലെ അവന്റെ തോളിലേക്ക് കൃഷ്ണ ചാഞ്ഞു
(തുടരും )