Wednesday, May 8, 2024
Novel

ജീവാംശമായ് : ഭാഗം 9

Spread the love

നോവൽ
എഴുത്തുകാരി: അഗ്നി

Thank you for reading this post, don't forget to subscribe!

ഒരു സിന്ദൂരച്ചെപ്പ്….അതിനകത്തായി സിന്ദൂരത്തിൽ പൊതിഞ്ഞിരിക്കുന്ന….തന്റെ മന്വച്ചാച്ചൻ തന്റെ കഴുത്തിൽ അണിയിച്ച മിന്ന്…..നിലായുടെ കഴുത്തിൽ മനു അണിയിച്ച മിന്ന്……..

ആ മിന്നെടുത്തവൾ തന്റെ വയറിലേയ്ക്ക് ചേർത്തു…എട്ടാം മാസം തീർന്ന് ഒൻപത്തിലേക്ക് കടന്നിരുന്നു….

വയറൊക്കെ അൽപ്പം ഇടിഞ്ഞു തൂങ്ങിയാണ് നിന്നിരുന്നത്…അതിനാൽ തന്നെ അവർ ഇപ്പോഴേ എല്ലാ സാധന സാമഗ്രികളും ഒരുക്കി വച്ചിരുന്നു…

ക്രിസ്ത്യാനികൾ സിന്ദൂരം കൊണ്ട് തങ്ങളുടെ സീമന്ത രേഖയെ അലങ്കരിക്കാറില്ലെങ്കിലും മന്വച്ചാച്ചന് താൻ സിന്ദൂരം അണിയുന്നത് ഇഷ്ടമായിരുന്നെന്ന് അവൾ ഓർത്തു…

അവൾ പതിയെ ആ മിന്ന് തന്റെ കഴുത്തിലേക്ക് കെട്ടി…തന്റെ അച്ചാച്ചന്റെ ചുടു നിശ്വാസം അവളുടെ പുറം കഴുത്തിൽ പതിക്കുന്നതായി അവൾക്ക് തോന്നി….

അവൾ കണ്ണാടി വഴി ഒന്ന് നോക്കി…അവിടെ തന്റെ അച്ചാച്ചൻ നിൽക്കുന്നതായി അവൾക്ക് തോന്നി…പക്ഷെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല…

എന്നാൽ അതേ സമയം ജനൽ വഴി വീശിയ കാറ്റിന് തന്റെ മന്വച്ചാച്ചന്റെ ഗന്ധമായിരുന്നു…അവൾ അത് ആവോളം ശ്വസിച്ചു….തങ്ങളുടെ അപ്പയുടെ സാമീപ്യം അറിഞ്ഞെന്നോണം കുഞ്ഞുങ്ങളും ഒന്ന് അനങ്ങി…

ആ മിന്ന് അവൾ കെട്ടിയ ശേഷം സിന്ദൂരവും അവൾ അവളുടെ സിന്ദൂര രേഖയിൽ ചാർത്തി….

അവൾ പതിയെ കട്ടിലിലേക്ക് ചെന്നിരുന്നു…തങ്ങളുടെ വിവാഹാൽബം കയ്യിൽ എടുത്തു…ഓരോ താളുകളായി മറിച്ചു തുടങ്ങി……

എത്ര ശ്രമിച്ചിട്ടും അവളുടെ ഓർമ്മകളെ പിടിച്ചു നിറുത്തുവാൻ അവൾക്ക് കഴിഞ്ഞില്ല….അവളുടെ ചിന്തകൾ പുറകിലേക്ക് പൊയ്ക്കൊണ്ടേയിരുന്നു…

അവരുടെ ലോകത്തേക്ക്…മനുവിന്റെയും അവന്റെ നിലായുടെയും മാത്രമായ ലോകത്തേയ്ക്ക്…..

**************************************************************************************

അന്ന് അവർ വന്ന് അവളെ കണ്ടു….അതുകഴിഞ്ഞ് മുറിയിൽ കയറിയ നീലു ഉച്ചയ്ക്കാണ് പുറത്തേയ്ക്ക് വന്നത്…

ആരും അവളോട് തീരുമാനത്തെപ്പറ്റി ചോദിക്കരുത് എന്ന് ആന്റണി പറഞ്ഞിരുന്നതിനാൽ എല്ലാവരും ആ കാര്യത്തിൽ മാത്രം മൗനം പാലിച്ചു..

ഭക്ഷണം കഴിഞ്ഞ് ആന്റണി പതിവ്പോലെ ഓട്ടോയുമായി പോയി….അന്നാമ്മ തിരികെ കോൺവെന്റിലേക്കും സച്ചു കളിക്കുവാനായും കടന്ന് പോയി…വീട്ടിൽ ത്രേസ്യയും നീലുവും മാത്രമായി..

“മോളെ….”
ത്രേസ്യ വിളിച്ചു……

“എന്നതാ അമ്മേ….”…

“അത്…അപ്പൻ ചോദിക്കേണ്ട എന്ന് പറഞ്ഞതാ..എന്നാലും എനിക്ക് ചോദിക്കാതെ മനസമാധാനമുണ്ടാവുകേല ..അതാ….”

നീലുവിന് കാര്യം പിടികിട്ടിയെങ്കിലും അവൾ ഒന്നും അറിയാത്തതുപോലെ ത്രേസ്യയെ നോക്കി…..

“എന്നതാ അമ്മേ…എന്നതാ കാര്യം….”

“അത്..നീലുകൊച്ചേ….ഇന്ന് വന്ന കൊച്ചനെങ്ങനെയുണ്ട്???….നിനക്കിഷ്ടമായോ…. എന്നതായാലും നല്ല കുടുംബക്കാരാ…പോരാത്തതിന് നിന്നെ ഇഷ്ടപ്പെട്ട് വന്ന കൂട്ടരും….ഇനി നീയാണ് എല്ലാം തീരുമാനിക്കേണ്ടത്….”

നീലു മറുപടി പറയുന്നതിന് മുന്നേ തന്നെ അടുക്കളയിലെ കുക്കറിൽ വിസിൽ കേട്ടതുകൊണ്ട് ത്രേസ്യ അങ്ങോട്ടെയ്ക്ക് ഓടിയിരുന്നു….

**************************************************************************************

നീലു അവളുടെ മുറിയിൽ ചെന്ന് പഠിക്കുവാനായി പുസ്തകങ്ങൾ എടുത്ത് വച്ചു…രണ്ട് മാസം കഴിഞ്ഞാൽ പരീക്ഷയാണ്….അതുകൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ അവധികൾ ലഭിയ്ക്കുന്നത്…

പുസ്തകം മുന്നിലുണ്ടെങ്കിലും നീലുവിന് ഒന്നും പഠിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിലുള്ള ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സുകൾ ഒക്കെ അവളെ നോക്കി പുച്ഛിക്കുന്നതായി അവൾക്ക് തോന്നി…

പഠിക്കുവാൻ നോക്കിയിട്ട് മനസ്സ് ഇരിപ്പുറയ്ക്കുന്നില്ല…വൈകുന്നേരം അപ്പൻ വരുമ്പോൾ തീരുമാനം ചോദിക്കും…

അപ്പനും അമ്മയ്ക്കുമാണെങ്കിൽ ഇത് നടത്തിയാൽ കൊള്ളാം എന്നുണ്ട്…ഇനി ഞാൻ വേണ്ടാ എന്ന് പറഞ്ഞാൽ അവർ കാരണം ചോദിച്ചാൽ പറയുവാനും ഒന്നുമില്ല….

അവൾ ആകെ ചിന്താകുലയായി മുറിയുടെ അകത്ത്കൂടെ നടക്കുമ്പോഴാണ് പുറത്ത് ആരുടെയോ വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടത്…

അവൾ മുറി തുറന്നിറങ്ങിയപ്പോൾ കണ്ടു വാതിൽക്കൽ നിൽക്കുന്ന ത്രേസ്യയെയും അകത്തേയ്ക്ക് കയറുവാനൊരുങ്ങുന്ന പുതുപ്പെണ്ണിനെയും ചെറുക്കനെയും…

“സോനൂട്ടാ…..”..നീലു അത്ഭുതത്തോടെ വിളിച്ചു…

“നീലമ്മേ…”..അവൾ തിരികെയും…

അവർ രണ്ടുപേരും കുറച്ചു നേരം കെട്ടിപ്പിടിച്ചു നിന്നു….

ശേഷം സോനു ആൽവിനെയും നീലുവിനെയും തമ്മിൽ പരിചയപ്പെടുത്തി…അപ്പോഴേക്കും ആന്റണി വന്നിരുന്നു…

ത്രേസ്യയും നീലുവും കൂടെ അവർക്ക് ചായയും ആന്റണി അവർക്കായി കൊണ്ടുവന്ന പലഹാരങ്ങളും കൊടുത്തു…

മുന്നിൽ ആന്റണിയും ആൽവിനും വർത്തമാനം പറയുന്ന സമയം കൊണ്ട് സോനു നീലുവിനെയും കൂട്ടി അവളുടെ മുറിയിലേക്ക് കയറി വാതിൽ അടച്ചു…

“ഇമ്മു ചേട്ടായി നിന്നെ കാണാൻ വന്നല്ലോലെ….”..സോനു ഒരു മുഖവുരയും കൂടാതെ ചോദിച്ചു….

“ആടാ.. ഇന്ന് വന്നു….”
അവൾ മറുപടി പറഞ്ഞു…

“ചേട്ടായി എങ്ങനെ ഉണ്ട്…ഇഷ്ടമായോ….ഇച്ഛായന്റെ കൂട്ടുകാരനാ…ഞങ്ങളുടെ മനസമ്മതത്തിന് വന്നപ്പോഴാണ് നിന്നെ ആദ്യമായി കാണുന്നത്….

നിനക്ക് സമ്മതമല്ലേടി മോളെ…നോക്ക് ചേട്ടായി ആണേൽ നമ്മുടെ സുഹൃത്ത് ബന്ധത്തിന് പോലും ഒരു കുഴപ്പവും ഉണ്ടാവുകേല…

കെട്യോന്മാരും കെട്യോൾമാരും കൂട്ടുകാർ…നല്ല രസമായിരിക്കും…

അറിഞ്ഞിടത്തോളം നല്ലൊരു മനുഷ്യനാണ് അദ്ദേഹം…നിനക്ക് പഠിക്കണമെങ്കിൽ അതും സമ്മതിക്കും ചേട്ടായി….ഒന്ന് സമ്മതിക്കെടാ….

നീ എന്തായാലും ഒരു തീരുമാനം എടുക്ക്…. അത് അനുകൂലമായൊരു തീരുമാകാൻ ഞാൻ പ്രാർത്ഥിക്കാം….”

“അല്ലെടാ…എനിക്ക് എന്തോ പോലെ…കല്യാണപ്രായമായി എന്നൊന്നും തോന്നുന്നില്ല…എന്താ പറയ….”

“നീ ഒന്നുകൊണ്ടും പേടിക്കേണ്ട….നീ പോകുന്നത് നല്ലൊരു കുടുംബത്തിലേക്കയായിരിക്കും….അത് ഞാൻ നിനക്ക് ഉറപ്പ് തരുന്നു…

അവരുടെ കുടുംബത്തേക്കുറിച്ച് കുറച്ചൂടെ അറിയുവാനുണ്ട്… അത് ഇമ്മു ചേട്ടായി തന്നെ പറയും…കേട്ടോ….”

അപ്പോഴേക്കും സോനുവിന് പോകാറായിരുന്നു…ആൽവിനും സോനുവും വീട്ടിൽ നിന്നിറങ്ങി…ആൽവിൻ പോകുന്നതിന് മുന്നേ ആന്റണിയും ത്രേസ്യയും സച്ചുവുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു…

ആൽവിന്റെ ആത്മാർത്ഥ സുഹൃത്താണ് ഇമ്മാനുവേൽ എന്നറിഞ്ഞപ്പോൾ ആന്റണിയും ത്രേസ്യയും നീലു എങ്ങനെയെങ്കിലും ഈ വിവാഹത്തിന് സമ്മതിക്കണമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു…

**************************************************************************************

സോനു പറഞ്ഞ കാര്യങ്ങളെല്ലാം ആലോചിച്ചപ്പോൾ നീലു ആകെ ചിന്തയിലാണ്ടു….എന്ത് പറയണമെന്ന് ഇതുവരെയും അവൾക്ക് അറിഞ്ഞു കൂടായിരുന്നു…

അവസാനം ദീർഘനിശ്വാസമെടുത്ത് അവൾ ഒരു കാര്യം ഉറപ്പിച്ചു…. ഈ കല്യാണത്തിന് തനിക്ക് സമ്മതമല്ല എന്ന് പറയുവാൻ….

അവൾ സമയം നോക്കി….ഏഴ് മണി കഴിഞ്ഞതെയുള്ളൂ….പ്രാർത്ഥന എട്ട് മണിയ്ക്കാണ്…അപ്പോൾ അതിന് മുന്നേ പറയാം എന്ന് വിചാരിച്ചുകൊണ്ട് അവൾ ആന്റണിയുടെയും ത്രേസ്യയുടെയും മുറിയുടെ വാതിൽക്കലെത്തി…

അവർ തമ്മിൽ എന്തോ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അവൾ മുറിയുടെ പുറത്ത് നിൽക്കുന്നത് അവരറിഞ്ഞില്ല….അവർ സംസാരിക്കുന്നത് തന്നെക്കുറിച്ചാണെന്നറിഞ്ഞതും അവൾ അത് എന്താണെന്ന് കേൾക്കുവാനായി മുറിയുടെ പുറത്ത് തന്നെ നിന്നു…

“ഇച്ചായാ….”…ത്രേസ്യയാണ് സംസാരിച്ചത്…

“അറിഞ്ഞിടത്തോളം നല്ലൊരു ആലോചനയാണല്ലേ…പിന്നെ ആകെ ഒരു സങ്കടം ഉള്ളത് ആ കൊച്ചന് ‘അമ്മ ഇല്ലെന്നുള്ളതാ….”

“‘അമ്മ ഇല്ലെങ്കിലെന്താ…ബാക്കി കുടുംബക്കാരൊക്കെയില്യോ…അറിഞ്ഞിടത്തോളം നല്ലൊരു ബന്ധമാ…കൂടാതെ ആൽവിന്റെ സുഹൃത്തും….

നല്ല വിദ്യാഭ്യാസമുള്ള കൊച്ചനല്ലേ…അവളെ പഠിപ്പിക്കുകയും ചെയ്യും…എന്റെ മോൾക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടാനില്ല…അല്ലെ ത്രേസ്യകോച്ചേ….”

“അത് ശെരിയാ ഇച്ചായാ…. ഞാനും ആലോചിച്ചു…എല്ലാം കൊണ്ടും നമുക്ക് ചേരും…സമ്പത്തീകമായി നമ്മൾ കുറച്ചു പുറകിലാണ്…അതൊന്നും സാരമില്ല…എന്തായാലും അവർ ദൈവഭയമുള്ള കൂട്ടരാ..അതല്യോ നമുക്ക് ആവശ്യം…തെറ്റിലേക്കൊന്നും പോവുകേലാ…

ഇനി നമ്മുടെ മോളൊന്ന് സമ്മതിച്ചാൽ.മതിയായിരുന്നു….

കർത്താവേ…നീ അവൾക്ക് നല്ല ബുദ്ധി കൊടുക്കേണമേ…എന്തോ ആ കുടുംബത്തെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി…സ്നേഹിക്കാൻ മാത്രം അറിയാവുന്ന കൂട്ടർ….”

“അത് മാത്രമല്ല…അന്നാമ്മ നല്ലതുപോലെ അവരെക്കുറിച്ച് അന്വേഷിച്ചിരുന്നു…എല്ലാം കൊണ്ടും നല്ല ബന്ധം ആണ്…” ആന്റണി പറഞ്ഞു…

“അവൾ സമ്മതിക്കുമായിരിക്കും അല്ലെ ഇച്ചായാ….”

“ഉവ്വെടി…നീ വിഷമിക്കാതെ…”…

അപ്പന്റെയും അമ്മയുടെയും.വർത്തമാനം ശ്രവിച്ച നീലുവിന് അവർ ഈ വിവാഹത്തെ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കി….

അവൾ വീണ്ടും മുറിയിലേക്ക് ഓടി….അവൾ ഒന്നുകൂടെ ചിന്തിച്ചു…അവസാനം അവൾ ആ തീരുമാനത്തിലെത്തി….

(തുടരും….)

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6

ജീവാംശമായ് : ഭാഗം 7

ജീവാംശമായ് : ഭാഗം 8