Friday, April 26, 2024
Novel

പ്രണയവിഹാർ: ഭാഗം 6

Spread the love

നോവൽ: ആർദ്ര നവനീത്‎


ഇരുകൈകളുമായി ശ്രാവണിയെ കോരിയെടുത്തുകൊണ്ടവൻ കരയ്ക്ക് കയറി.
പേടിച്ചത് കൊണ്ടോ വെള്ളം കയറിയതുകൊണ്ടോ അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

Thank you for reading this post, don't forget to subscribe!

വിഹാനും വല്ലാതെ പേടിച്ചു പോയിരുന്നു.

മിഴികൾ തുറക്കാനാകാതെ അവൾ ആഞ്ഞ് ശ്വസിക്കാൻ പ്രയാസപ്പെടുന്നത് കണ്ട് അവൻ അവളുടെ വയറിൽ ശക്തമായി അമർത്തിക്കൊണ്ടിരുന്നു.

വെള്ളം വായിലൂടെ ചെറുതായി പുറംതള്ളി.
ഡ്രസ്സ്‌ നനഞ്ഞ് ശരീരത്തോട് നന്നേ ഒട്ടിയിരുന്നു.

അവളെ പതിയെ ചായ്ച്ചുപിടിച്ചുകൊണ്ടവൻ ബ്ലൗസിന് പിറകിലത്തെ ഹുക് അഴിച്ച് വസ്ത്രം അയച്ചിട്ടു.

ഉള്ളം കൈയിലും ഉള്ളംകാലും അവൻ ഇടയ്ക്കിടെ തിരുമ്മി ചൂട് പിടിപ്പിച്ചു.
ഒടുവിൽ തന്റെ അധരം അവളുടെ അധരത്തോട് ചേർത്തവൻ ജീവശ്വാസം പകർന്നു നൽകി.
കാമമോ പ്രണയമോ അല്ല ഒരു ജീവൻ രക്ഷിക്കുവാനുള്ള വ്യഗ്രത മാത്രമാണവനിൽ നിറഞ്ഞു നിന്നിരുന്നത്.

കണ്ണുകൾ ആയാസപ്പെട്ട് തുറന്നുകൊണ്ട് ചുമച്ചുകൊണ്ടവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.
അവനവളെ ചേർത്തു പിടിച്ചിരുന്നു.
തെല്ലുനേരം കഴിഞ്ഞ് അവളുടെ ക്ഷീണമകന്നു.

നീയൊരുപാട് പേടിപ്പിച്ചു ശ്രീക്കുട്ടീ..
എന്റെ പ്രാണനാടീ നീ..
അവന്റെ സ്വരത്തിലെ ഇടർച്ച അവൾ തിരിച്ചറിഞ്ഞു.

സോറി .. ഇനി ഞാൻ വെള്ളത്തിലിറങ്ങില്ല.. കലങ്ങിയ കണ്ണുകളോടെയവൾ പറഞ്ഞു.

നിഷ്കളങ്കതയോടുള്ള അവളുടെ വാക്കുകൾ കേട്ടവനവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചു.

വെള്ളത്തിന്റെ തണുപ്പും ചെറിയൊരു അസ്വസ്ഥതയും കൊണ്ടവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

വാ.. ചേട്ടത്തിയുടെ ഡ്രസ്സ്‌ കാണും. തല്ക്കാലം അതിട്ടിട്ട് ഇതൊന്ന് ഉണക്കാനിടാം.. അവൻ അവളെ പതിയെ പിടിച്ചെഴുന്നേല്പിച്ചു.

ഹുക്കിളകിയ നഗ്നമായ പുറത്തവന്റെ കൈയുടെ ചൂട് തട്ടിയപ്പോൾ അവൾ പിന്നിലേക്ക് നീങ്ങി ചുവരോട് ചേർന്നുനിന്നു.
അവളുടെ അസ്വസ്ഥത മനസ്സിലായെന്നവണ്ണം അവൻ തന്റെ ഷർട്ടൂരി അവൾക്ക് നേരെ നീട്ടി.

അമ്മയോട് പറയണ്ട കേട്ടോ.. നടക്കുന്നതിനിടയിൽ അവളവനോട് മെല്ലെ പറഞ്ഞു.

അമ്മയ്ക്ക് സങ്കടാകും.. അവൾ പറഞ്ഞപ്പോൾ അവൻ അത്ഭുതത്തോടെ തലയനക്കി.

ഷർട്ടിൽ നിന്നുയരുന്ന അവന്റെ ഗന്ധം അവളൊന്നുകൂടി ആ ഷർട്ട് ശരീരത്തോട് ചേർത്തു പിടിച്ചു.

നവനീതയുടെ ചുരിദാർ അവൾക്ക് പാകമല്ലായിരുന്നു. വലുതായിരുന്നെങ്കിലും അതവൾ അഡ്ജസ്റ്റ് ചെയ്തു.
ഫാനിന്റെ കാറ്റേറ്റ് വസ്ത്രം പെട്ടെന്നുണങ്ങി.
അവനത് അയൺ ചെയ്തെടുത്തു.

ഉണങ്ങിയ തലമുടി അവന്റെ തോർത്തുപയോഗിച്ച് നന്നായി തുവർത്തി ഉണക്കിയതിനുശേഷം വസ്ത്രം മാറ്റിയവൾ താഴേക്ക് വന്നു.

ഇരുനില വീടാണെങ്കിലും വലിയ ആഡംബരമൊന്നും അവളവിടെ കണ്ടില്ല.
ആവശ്യത്തിന് വലിപ്പമുള്ള സാധാരണ മുറികളായിരുന്നു എല്ലാം.
മുകളിലത്തെ നീണ്ട ബാൽക്കണി കോമൺ ആയിരുന്നു.
പറമ്പിൽ മരങ്ങൾ കൂടുതലുള്ളത് കൊണ്ടുതന്നെ നല്ല കാറ്റ് ഉണ്ടായിരുന്നു.
ഫാനിന്റെ ആവശ്യം ഇല്ലായിരുന്നു .

അച്ഛനും ഞങ്ങളുമെല്ലാം നട്ടു പിടിപ്പിച്ചതാ അതെല്ലാം.
പറമ്പിന്റെ ഒരു വശത്തായി നിറഞ്ഞുനിൽക്കുന്ന ഫലവൃക്ഷങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു.
സാധാരണ കൂലിപ്പണിക്കാരൻ ആണ് അച്ഛൻ. പക്ഷേ ഇന്നുവരെ ഞങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിട്ടില്ല.
അപ്പുപ്പൻ നൽകിയ സ്ഥലമാണിത്.
അച്ഛന്റെ സ്വപ്രയത്നത്താൽ കെട്ടിപ്പടുത്തതാണീ വീട്.
ആദ്യം ഒരു നിലയായിരുന്നു.
പിന്നെ പതിയെ അത് വാർത്ത് ഇങ്ങനെയാക്കി.
പണ്ട് മുതൽക്കേ ജോലിക്ക് പോയിട്ട് വരുമ്പോൾ എണ്ണമെഴുക്ക് കലർന്ന കടലാസ്സുപൊതി കൊണ്ടുവരും.
അതിനുള്ളിൽ വടയോ പഴംപൊരിയോ ഒക്കെയാകും. അതിനുമപ്പുറം ഞങ്ങൾ മക്കളോടുള്ള വാത്സല്യമാണ് അതിലുണ്ടായിരുന്നത്.
ചേട്ടനിപ്പോൾ അത്യാവശ്യം തരക്കേടില്ലാത്ത ജോലിയുണ്ട്.

അച്ഛനോട് ജോലിക്ക് പോകേണ്ടെന്നും പറഞ്ഞതാണ്. പക്ഷേ അച്ഛൻ കേൾക്കില്ല.
ഇപ്പോൾ ആ പൊതി വാങ്ങുവാനുള്ള അവകാശം ഏട്ടത്തിക്കാണ്.
അത്രയ്ക്ക് ഇഷ്ടമാ ഏട്ടത്തിയെ എല്ലാവർക്കും.

അമ്മയ്ക്കും അച്ഛനും പെൺകുട്ടികളോട് ഒത്തിരി ഇഷ്ടമായിരുന്നു.
എനിക്ക് താഴെ ഒരു അനിയത്തി പിറന്നതുമാണ്.
ജനിച്ച് ദിവസങ്ങളാകും മുൻപേ അവളങ്ങ് പോയി.

ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവൻ തുടർന്നു.
അച്ഛൻ വന്നുകഴിഞ്ഞാൽ ചായയും പലഹാരങ്ങളുമായി ദേ എല്ലാവരും വരാന്തയിൽ ഒത്തുകൂടും.
അതൊക്കെ ഒരു രസമാണ്.
ഇഷാന്റെ ഹീറോയാണ് അച്ഛൻ.
അപ്പൂപ്പന്റെ നെഞ്ചിലെ ചൂടേറ്റാണ് അവനുറങ്ങുന്നത്.

വിഹൂ… താഴെ നിന്നും അമ്മയുടെ ശബ്ദം കേട്ടു.

അമ്മയും അച്ഛനും എത്തിയിട്ടുണ്ട്.
വാ.. അവളുടെ കൈയും പിടിച്ചവൻ താഴേക്കിറങ്ങി.

അമ്മയും അച്ഛനും കൂടി വരാന്തയിൽ ഇരിക്കുകയായിരുന്നു.
എന്തോ പറഞ്ഞ് പരസ്പരം ചിരിക്കുന്നുമുണ്ട്.

മോളുടെ കണ്ണെന്താ കലങ്ങിയിരിക്കുന്നത്..
എന്ത് പറ്റി കരഞ്ഞോ… ആധിയോടവർ അവളെ ചേർത്തു പിടിച്ചു.

എന്ത് പറ്റി മോളേ.. അച്ഛന്റെ സ്വരത്തിലും പരിഭ്രമം നിഴലിച്ചു.

എന്റെ അച്ഛാ… ഒന്നുമില്ല.
ഞാൻ നമ്മുടെ കഥകളൊക്കെ പറയുകയായിരുന്നു.
അത് കേട്ടാണെന്ന് തോന്നുന്നു അവളുടെ കണ്ണുകൾ കലങ്ങിയത്.
വിഹാൻ അവരെ സമാധാനപ്പെടുത്തി.

അമ്മയുടെ മടിയിൽ തലവച്ചവൾ കിടന്നു.

അവരുടെ ചിരികളിലും തമാശകളും അവൾ പങ്കാളിയായി.
അവൾ അനുഭവിച്ചറിയുകയായിരുന്നു ഒരു കുടുംബം എന്നാലെന്തെന്ന്..
അതെങ്ങനെ ആകണമെന്ന്..

അയ്യോ നേരം ഇരുട്ടാറായല്ലോ..
അമ്മയുടെ പറച്ചിലാണവളെ സമയത്തെക്കുറിച്ച് പോലും ചിന്തിപ്പിച്ചത്.

സത്യത്തിൽ ഇത്രയും നേരമവൾ വീടിനെപ്പറ്റി മറന്നു പോയിരുന്നു.
അവൾ ഈ വീട്ടിലെ കുട്ടിയായിരുന്നു ഇത്രനേരവും.

അമ്മയെയും അച്ഛനെയും ചുറ്റിപ്പിടിച്ചുകൊണ്ട് കവിളിൽ ചുണ്ടമർത്തി യാത്ര പറഞ്ഞ് വിഹാന്റെ ബൈക്കിനുപിന്നിലായവൾ കയറി.
അവന്റെ വയറിലൂടെ കൈയവൾ ചുറ്റിപ്പിടിച്ചു.

വീടിന് മുൻപിൽ ഇറങ്ങിയതിനുശേഷം അവൾ അവനെത്തന്നെ നോക്കിനിന്നു.
മിഴികളിലൂടെ സന്ദേശങ്ങൾ കൈമാറിയ നിമിഷങ്ങൾ.
ഒടുവിൽ യാത്ര പോലും പറയാതവൾ അകത്തേക്ക് കയറി.
എന്തുകൊണ്ടോ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു അവൾക്കായി….

വീട്ടിലേക്ക് സന്തോഷത്തിൽ കയറിച്ചെല്ലുമ്പോൾ കണ്ടു സെറ്റിയിലിരിക്കുന്ന അമ്മയെയും അച്ഛനെയും.
ഉൾക്കിടിലത്തോടെ അവൾ നിന്നു.

നീയെവിടെ ചുറ്റിക്കറങ്ങുവാൻ പോയതാ ഇത്രയും സമയം… ഗാംഭീര്യത്തോടെയുള്ള നിരഞ്ജൻ വാര്യത്തിന്റെ ശബ്ദം വീട്ടിൽ മുഴങ്ങി കേട്ടു.

അത്.. ഞാനെന്റെ ഫ്രണ്ടിന്റെ കൂടെ അവന്റെ വീട്ടിൽ…

പറഞ്ഞുതീരും മുൻപേ കവിളടക്കം അടി വീണിരുന്നു .
അതിന്റെ ആഘാതത്തിൽ അവൾ ആടിയുലഞ്ഞ് സെറ്റിയിലേക്ക് വീണുപോയി.
കവിളാകെ പുകയുന്നതുപോലെ.

ആരോട് അനുവാദം ചോദിച്ചിട്ടാ നീ പോയത്.
ഞങ്ങൾ ഇവിടില്ലെന്ന് കരുതി തോന്ന്യാസം കാണിക്കുന്നോ നീ… ചീറിക്കൊണ്ട് അമ്മ നിൽക്കുന്നു മുൻപിൽ.

എല്ലാം നിന്റെ ഇഷ്ടത്തിന് വിട്ട് നൽകിയിട്ടൊന്നുമില്ല.
മെഡിസിന് ചേരാൻ കഴിയില്ലെന്ന നിന്റെ വാശി അത് മാത്രമേ നടന്നിട്ടുള്ളൂ.
പെൺകുട്ടിയാണ് നീ പാതിരാത്രി ഊര് ചുറ്റാതെ അടങ്ങിയിരുന്നോളണം വീട്ടിൽ.

എന്നിട്ട് അമ്മ അടങ്ങിയിരിക്കുന്നുണ്ടോ വീട്ടിൽ.. എടുത്തടിച്ചതുപോലെ അവളുടെ മറുപടി വന്നു.

തരുണിയുടെ വായ അടഞ്ഞു പോയി.

ശ്രാവണീ… ശാസനയോടെ അവർ വിളിച്ചു.

അത് ശ്രദ്ധിക്കാതവൾ തുടർന്നു.

ഓണമായിട്ടുപോലും മകൾക്ക് വേണ്ടി മാറ്റിവയ്ക്കാൻ സമയം എന്റെ അച്ഛനും അമ്മയ്ക്കുമില്ല.
ഏട്ടനില്ല. എല്ലാവർക്കും അവരുടേതായ തിരക്കുകൾ.

ഞാൻ ഈ വീട്ടിലുണ്ടെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ.
ഇന്ന് ഞാൻ കണ്ടു ഒരമ്മയെ.
മക്കളെ ഒരുപാട് സ്നേഹിക്കുന്ന ഒരമ്മയെ.

ഒരച്ഛന്റെ വാത്സല്യം ആവോളം മക്കൾക്ക് നൽകുന്ന ഒരച്ഛനെ.
എന്ത് സന്തോഷമാണെന്നറിയാമോ അവിടെ.

അവിടെയുമുണ്ട് ഒരു ഏട്ടനും ഏടത്തിയും വാവയുമെല്ലാം. സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ.
അവരെപ്പോലെയാകാൻ നിങ്ങൾക്കീ ജന്മം കഴിയില്ല.
അങ്ങനെയാകണം അച്ഛനും അമ്മയും.
റിയലി ഐ ഹേറ്റ് യു അമ്മ..

കൾച്ചർ ഇല്ലാത്ത ഓരോരുത്തരുടെ വീട്ടിൽ പോയിട്ട് അവരെയും വച്ച് ഞങ്ങളെ താരതമ്യം ചെയ്യാൻ നിനക്കെങ്ങനെ തോന്നി.

കൾച്ചർ..
നോൺസെൻസ്.
ഞാൻ കണ്ടതിൽ വച്ചേറ്റവും കൾച്ചർ അവർക്കാനുള്ളത്.
ജീവിക്കാൻ ആവശ്യത്തിന് സമ്പാദ്യം അവർക്കുണ്ട്.
പണത്തിന് പിന്നാലെ അവർ എല്ലാം മറന്ന് പായുന്നില്ല.
സ്നേഹവും വിശ്വാസവും കൊണ്ടവർ കെട്ടിപ്പടുത്ത കുടുംബo.അതുതന്നെയാണവരുടെ സമ്പാദ്യം.. കൾച്ചർ.
മകളെ വീട്ടുജോലിക്കാരെയേൽപ്പിച്ചിട്ട് തിരക്കിട്ട് പണം സമ്പാദിക്കാനോടുന്ന എന്റെ അമ്മയ്ക്കും അച്ഛനുമില്ലാത്ത കൾച്ചർ അവർക്കുണ്ട്.
റിയലി ഐ ഹേറ്റ് യു..

കണ്ണുനീർ തുടയ്ക്കാതെ അവയെ വാശിയ്ക്ക് ഒഴുകാൻ വിട്ടുകൊണ്ടവൾ റൂമിലേക്ക് പോയി.

നിലത്തുവീണ് എന്തോ പൊട്ടിച്ചിതറുന്ന ശബ്ദമവൾ കേട്ടു.
വീണ്ടുമൊരു ഫ്‌ളവർവേസ് അകാലചരമം പ്രാപിച്ചെന്നവൾക്ക് മനസ്സിലായി.

എത്രനേരം കരഞ്ഞുവെന്നറിയില്ല.
ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടവൾ
തലയുയർത്തി.

വിഹാൻ…
തന്റെ വിഷമങ്ങൾ നീങ്ങി തണുപ്പ് പടരുന്നതവൾ അറിഞ്ഞു.

വിഹാൻ.. കാൾ ചെവിയോട് ചേർത്തവൾ വിളിച്ചു.

എന്തിനാ കരയുന്നത്.. അവന്റെ ശാന്തമായ സ്വരം അവളുടെ ചെവിയിലേക്കൊഴുകിയെത്തി.

അവൾ കരഞ്ഞുകൊണ്ടേയിരുന്നു.
മതി ശ്രീക്കുട്ടീ.. ഇനി കരയേണ്ട.ഇനി നിന്റെ കണ്ണുകൾ നിറയരുത്.
കുസൃതിച്ചിരിയും കുറുമ്പുമുള്ള എല്ലാവർക്കും പരിചിതയായ ശ്രീക്കുട്ടിയായാൽ മതി നീ.

എന്നെ.. എന്നെക്കൂടി കൂട്ടാമോ നിങ്ങളുടെ കൂടെ..

ശ്രീക്കുട്ടീ… അവന്റെ സ്വരത്തിലെ അമ്പരപ്പവൾ തിരിച്ചറിഞ്ഞു.

എനിക്ക് വേണം നിന്നെ.. അമ്മയെ.. അച്ഛനെ.. ഏട്ടത്തിയെ.. ഏട്ടനെ.. ഇഷാനെ എല്ലാം.
ആ കുടുംബത്തിലെ അംഗമാകണം.
അമ്മയുടെ തലോടലേറ്റ് വാങ്ങണം. അച്ഛന്റെ വാത്സല്യം നുകരണം.
ഏട്ടന്റെ കരുതൽ വേണം.
ഏടത്തിയുടെ സ്നേഹo വേണം.
നിന്റെ പ്രണയം വേണം..

ശ്രീക്കുട്ടീ.. പ്രണയാതുരനായി അവൻ വിളിച്ചു.

മ്.. നിനക്കറിയാമോ വിഹാൻ എന്റെ ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ സന്തോഷിച്ച ദിവസമാണിന്ന്.
ഒരമ്മയുടെ തലോടലും കരുതലുമറിഞ്ഞ ദിവസം .
ഒരച്ഛൻ എങ്ങനെയാകണമെന്ന് ഞാനറിഞ്ഞു.
വാത്സല്യവും സ്നേഹവുമറിഞ്ഞു.

എന്റേട്ടൻ ഇന്നുവരെ എന്നെയൊന്ന് ചേർത്തു പിടിച്ചിട്ടില്ല.
കുട്ടിക്കാലം മുതൽക്കേ ഏട്ടൻ ഏട്ടന്റേതായ ലോകത്തായിരുന്നു.

പഠനവും കൂട്ടുകാരും മാത്രമായ ലോകം.
നിഹാരേട്ടൻ ഇന്നെന്നെ ചേർത്തു പിടിച്ചപ്പോൾ എനിക്ക് കിട്ടിയത് ഒരേട്ടന്റെ കരുതലാണ്.
സനാഥയായിരുന്നിട്ടും അനാഥയെപ്പോലെ വളരേണ്ടി വന്നവളുടെ നൊമ്പരം നിനക്കറിയാമോ വിഹാൻ.

കുറെയേറെ പണം സമ്പാദിച്ചിട്ട് എന്ത് നേടാനാണ് വിഹാൻ.

ജീവിതം ജീവിച്ചു തീർക്കാതെ പണം മാത്രം സമ്പാദിച്ചു കൂട്ടാനോടുന്ന എന്റെ അച്ഛനും അമ്മയ്ക്കും എന്റെ വേദന മനസ്സിലാകില്ല.

അവർ കൊടുക്കുന്ന ശമ്പളത്തിന് പ്രതിഫലമായി എനിക്ക് വച്ചു വിളമ്പി തരുന്ന ജോലിക്കാരുണ്ട്.
കാവൽ നിൽക്കുന്ന സെക്യൂരിറ്റിയുണ്ട്.
കാറും ഡ്രൈവറുമെല്ലാമുണ്ട്.

പക്ഷേ എനിക്ക് വേണ്ടത് സ്നേഹമായിരുന്നു.

ഒരമ്മയുടെ തലോടലായിരുന്നു.. അച്ഛന്റെ വാത്സല്യമായിരുന്നു.
അവരുടെ ഇടയിലിരുന്ന് സ്നേഹിക്കപ്പെടാൻ ഞാനേറെ ആശിച്ചു. പക്ഷേ അതെല്ലാം എന്റെ ആഹ്രഹങ്ങൾ മാത്രമായിരുന്നു.

അവളുടെ വേദന അവൻ തന്റെ ഹൃദയത്തിലേറ്റ് വാങ്ങുകയായിരുന്നു.

ഇനിയൊന്നിന്റെ പേരിലും എന്റെ പെണ്ണിന്റെ കണ്ണ് നിറയരുത്.
നിന്റെ കണ്ണ് നിറഞ്ഞാൽ നോവുന്നത് എനിക്കാണ് പെണ്ണേ .

നിനക്ക് അന്യമായതെല്ലാം നൽകാൻ ഞാനും എന്റെ കുടുംബവുമുണ്ട്.
വിഹാന്റെ പെണ്ണാണ് ശ്രീക്കുട്ടി.. വിഹാന്റെ പ്രണയം.

അത് മാത്രം മതിയായിരുന്നു അവൾക്ക്.
ജീവിതത്തിലെ സന്തോഷകരമായ നാളായിരുന്നു അതവൾക്ക്.

സമാധാനമായി ഉറങ്ങുമ്പോഴും അവളുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത് വിഹാനും അവന്റെ കുടുംബവുമായിരുന്നു.
അവളുടെ ചുണ്ടിൽ അപ്പോഴും നറുപുഞ്ചിരി വിരിഞ്ഞു നിന്നു .

(തുടരും )

പ്രണയവിഹാർ: ഭാഗം 1

പ്രണയവിഹാർ: ഭാഗം 2

പ്രണയവിഹാർ: ഭാഗം 3

പ്രണയവിഹാർ: ഭാഗം 4

പ്രണയവിഹാർ: ഭാഗം 5