Sunday, December 22, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 8

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ അവൾ കോളേജിൽ പോകാൻ തുടങ്ങി. അധികം ലീവ് എടുക്കേണ്ടെന്ന് ദ്രുവ് പറഞ്ഞിരുന്നു.

വൈകുന്നേരം വീട്ടിൽ എത്തിയാലുടൻ അച്ഛനുമായി സൊറ പറച്ചിലാണ് പിന്നീട്. മിക്ക ദിവസവും താമസിച്ചായിരിക്കും ദ്രുവ് എത്തുന്നത്.

പ്രാക്ടീസ് ചെയ്യുന്നതായതിനാൽ അവന് ധാരാളം റഫറൻസ് ചെയ്യാനും മറ്റുമുണ്ടായിരുന്നു.
സായുവും ദ്രുവും ഇടയ്ക്കിടെ അവളുടെ വീട്ടിൽ പോയിരുന്നു. ദ്രുവിനോടുള്ള സമീപനത്തിൽ പ്രഭാകരൻ പതിയെ മാറ്റo വരുത്തി.

മകളുടെയും മരുമകന്റെയും സ്നേഹവും ഐക്യവും അയാളിലെ അച്ഛനെ സന്തോഷിപ്പിക്കുന്നതായിരുന്നു.

ദ്രുവും സായുവും സന്തോഷത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോയിരുന്നത്.

ഒഴിവ് കിട്ടുമ്പോഴെല്ലാം അവർ പുറത്ത് പോകുകയും പ്രണയം നിറഞ്ഞ നിമിഷങ്ങൾ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.

മാസങ്ങൾ കടന്നുപോയി.

അന്ന് നേരത്തെ ദ്രുവ് എത്തിയപ്പോൾ സായു കിടക്കുകയായിരുന്നു.

ഇന്നെന്താ നേരത്തെ എത്തിയോ.. ഷർട്ടിന്റെ ബട്ടൺസ് അഴിക്കുന്നതിനിടെ അവൻ ചോദിച്ചു.

അവളുടെ വാടിയ മുഖംകണ്ട് അവൻ അരികിലായി ഇരുന്നു.

എന്താടീ എന്താ മുഖമൊക്കെ വല്ലാതിരിക്കുന്നത്.. അവന്റെ സ്വരത്തിൽ നിറഞ്ഞ പരിഭ്രാന്തി അവൾ തിരിച്ചറിഞ്ഞു.

കൈയിലിരുന്ന പ്രെഗ്നൻസി കിറ്റ് അവൾ അവനുനേരെ നീട്ടി.

രണ്ട് ചുവന്ന വരകൾ അതിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

അവന്റെ മുഖം വിടരുന്നതും സന്തോഷം മുഖത്ത് നിറയുന്നതും അവൾ കാണുന്നുണ്ടായിരുന്നു.

അവളെ ഇറുകെ പുണർന്നുകൊണ്ടവൻ തന്റെ സന്തോഷം പങ്കുവച്ചു.

ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിലെ സന്തോഷപൂർവ്വമായ നിമിഷം.

തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി കുഞ്ഞുജീവൻ നാമ്പിട്ടുവെന്ന തിരിച്ചറിവ്.

അതിലുപരി ഒരു പെണ്ണിന്റെ പൂർണ്ണത.

നീ സന്തോഷവതിയാണോ സായൂ.. തെല്ല് നേരം കഴിഞ്ഞവൻ ചോദിച്ചു.

എന്റെ പുരുഷനിൽ നിന്നും അവനെന്നിലേക്ക് പ്രവഹിച്ച പ്രണയത്തിന്റെ സാക്ഷാത്കാരമല്ലേ ദ്രുവ് നമ്മുടെ കുഞ്ഞ്. നിന്റെ രക്തം.

അതില്പരം സന്തോഷം എനിക്ക് വേറെന്തുണ്ട്.

താനൊരമ്മയാകാൻ പോകുന്നുവെന്ന തിരിച്ചറിവ് പെണ്ണിൽ വിരിയിക്കുന്നത് പുതുവസന്തത്തെയാണ്.

എനിക്കറിയാം എന്റെ കുഞ്ഞ് എന്റെ പഠനത്തിനെ ബാധിക്കില്ലെന്ന്. കുഞ്ഞുങ്ങൾ ദൈവാനുഗ്രഹമല്ലേ ദ്രുവ്… അവളുടെ വാക്കുകൾ മാത്രം മതിയായിരുന്നു അവന്റെ മനസ് നിറയാൻ.

താനൊരു മുത്തച്ഛനാകാൻ പോകുന്നുവെന്ന അറിവ് പ്രഭാകരനെ മാറ്റിമറിച്ചു.

ചുറുചുറുക്കോടെ അയാൾ ദ്രുവിന്റെ വീട്ടിൽ പോകാൻ തയ്യാറായി.

ദ്രുവിന്റെ അച്ഛനും പ്രഭാകരനും പരസ്പരം ആലിംഗനം ചെയ്താണ് സന്തോഷം പങ്കുവച്ചത്.

ദ്രുവിനെ ചേർത്ത് പിടിച്ചത് കാൺകെ സന്തോഷംകൊണ്ട് സായുവിന്റെ മിഴികൾ നനഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തന്നെ സന്ധ്യ മകൾക്ക് മുൻപിൽ വിളമ്പി.

ഒരമ്മയുടെയും ഒരു മുത്തശ്ശിയുടെയും വ്യാകുലതകൾ അതിൽ നിറഞ്ഞുനിന്നിരുന്നു.

രണ്ടുമാസമായപ്പോൾ സായുവിന് ഛർദിൽ ആരംഭിച്ചു.

സായുവിനെ നോക്കാൻ ആളില്ലാത്തതിനാൽ പ്രഭാകരന്റെ നിർബന്ധപ്രകാരം അവർ സായുവിന്റെ വീട്ടിലേക്ക് മാറി.

കഴിക്കുന്നതെന്തും ഉടൻ ഛർദിക്കുന്നത് പതിവായി.
ചില ഭക്ഷണങ്ങളുടെ മണം അവൾക്ക് പിടിക്കാറുമില്ലായിരുന്നു.

കുഞ്ഞിന്റെ അനക്കവും തുടിപ്പുമെല്ലാം അനുഭവിച്ച് ദ്രുവിലെ അച്ഛൻ സന്തോഷിച്ചു.
ദ്രുവ് ആണ് സായുവിനെ കോളേജിൽ കൊണ്ടാക്കുന്നതും വിളിച്ചു കൊണ്ട് വരുന്നതും.
മാസങ്ങൾ കടന്നുപോയി.

ഡേറ്റിന് രണ്ട് ദിവസം മുൻപ് സായു അഡ്മിറ്റ്‌ ആയി.

അവളുടെ വേദന കൊണ്ടുള്ള വിളി ദ്രുവിന്റെ നെഞ്ചിലാണ് തറഞ്ഞുകയറിയത്.

രാവിലെ വേദന വന്ന് ലേബർ റൂമിൽ കയറ്റുമ്പോൾ അവളനുഭവിക്കുന്ന വേദന മുഖത്തുനിന്നും വ്യക്തമായിരുന്നു.

ഒടുവിൽ മരണവേദനയ്ക്ക് സമാനമായ വേദന അനുഭവിച്ച് അവളൊരു പെൺകുഞ്ഞിന് ജന്മം നൽകി.

ആനന്ദകരമായ നാളുകൾ. വീടിന്റെ ദീപനാളമായി മാറി കുഞ്ഞിപ്പെണ്ണ് എന്ന ദേവാംശി.
അവളുടെ കൊഞ്ചലും കളിയും വീടിനെ ഉണർത്തി.

സായു പഠിക്കാൻ പോകുമ്പോൾ കുഞ്ഞിനെ വീട്ടിൽ ആകിയിട്ട് പോകും.

തിരിച്ചു വരുമ്പോൾ എടുത്തിട്ട് വരുമായിരുന്നു. ചില ദിവസങ്ങളിൽ അവർ ദ്രുവിന്റെ വീട്ടിൽ വന്നുനിന്നു.

കുഞ്ഞിപ്പെണ്ണ് മുട്ടിലിഴഞ്ഞതും പിച്ചവച്ചതുമെല്ലാം പെട്ടെന്നായിരുന്നു.

അവളുടെ കൊലുസിന്റെ താളവും കൊഞ്ചി ചിരിയും ആ വീട്ടിൽ അലയടിച്ചു. ദ്രുവിന്റെ നെഞ്ചിന്റെ ചൂടേറ്റവൾ ഉറങ്ങി.

ഇതിനിടെ സായുവിന്റെ സഹോദരൻ സായന്ത്‌ നാട്ടിലെത്തി.

കുവൈറ്റിൽ ജോലി ചെയ്യുന്ന നഴ്സുമായി അവന്റെ വിവാഹം നടക്കുകയും ചെയ്തു.

രണ്ടുമാസം നാട്ടിൽ നിന്നശേഷം അവർ ഒരുമിച്ച് കുവൈറ്റിലേക്ക് തിരിച്ചു.

സന്തോഷകരമായ ജീവിതത്തിൽ വിധി കരിനിഴൽ പടർത്തിയത് മോൾക്ക് രണ്ട് വയസ്സ് തികഞ്ഞ നാളുകളിലായിരുന്നു.

ദ്രുവ് ജോലി ചെയ്യുന്ന ജോസഫ് സെബാസ്റ്റ്യൻ പുതിയ കേസ് ഏറ്റെടുത്തതായിരുന്നു പ്രശ്നങ്ങൾക്ക് ഹേതുവായതും.

ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുന്ന പെൺകുട്ടി നാട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു.

ഓട്ടോയ്ക്ക് വേണ്ടി കാത്തുനിന്ന അവളെ മൂന്ന് ചെറുപ്പക്കാർ ചേർന്ന് ക്രൂരമായി മാനഭംഗപ്പെടുത്തി.

മരണവുമായി മല്ലിട്ടു റോഡിൽ കിടന്ന അവളെ രാത്രി ബൈക്കിലെത്തിയ രണ്ടു ചെറുപ്പക്കാരാണ് ഹോസ്പിറ്റലിൽ എത്തിച്ചത്.

തനിക്കേറ്റ ദുരന്തത്തിൽ തളരാതെ ആ പെൺകുട്ടി ആ മനുഷ്യരൂപമുള്ള പിശാചുകൾക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ നിയമപരമായി നീങ്ങി.

ജോസഫും ജൂനിയറായ ദ്രുവും കൂടിയാണ് കേസ് എടുത്തതും.

ഇമ്പോർട്ടന്റ് ആയ തെളിവുകൾ അടങ്ങുന്ന ഫയൽ ദ്രുവിനെയാണ് വക്കീൽ ഏൽപ്പിച്ചത്.

വൈകുന്നേരം കോളേജിൽ നിന്നും ബസിറങ്ങി നടന്നപ്പോഴാണ് ഒരു കാർ സായുവിന് മുൻപിൽ കൊണ്ട് നിർത്തിയത്.

രണ്ട് ചെറുപ്പക്കാർ അതിൽനിന്നും പുറത്തേക്കിറങ്ങി വന്നു.

സായൂജ്യ.. അഡ്വക്കേറ്റ് ദ്രുവാംശിന്റെ ഭാര്യ അല്ലേ… അതിലൊരാൾ ചുഴിഞ്ഞുനോക്കിക്കൊണ്ട് അന്വേഷിച്ചു.

അവൾ തലയാട്ടി.

കൊച്ചിന്റെ കെട്ട്യോൻ ഒരു കേസിന്റെ പിന്നാലെ നടക്കുകയല്ലേ അതങ്ങ് വേണ്ടെന്ന് വയ്ക്കാൻ പറഞ്ഞേക്കണം. അല്ലെങ്കിൽ നഷ്ടം കൊച്ചിന് തന്നെയാ.. അവളുടെ താടിയുഴിഞ്ഞു കൊണ്ടുള്ള ഭീഷണി കേട്ട് സായു ആലിലപോൽ വിറച്ചു.

എങ്ങാണ്ട് കിടന്ന പെണ്ണിന് വേണ്ടി കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞേക്ക് കൊച്ച്.

മാലാഖ പോലൊരു കൊച്ചും ഇങ്ങനെ പഴുത്തു വിളഞ്ഞ ആപ്പിൾ പോലുള്ള കൊച്ചും പരലോകത്തേക്ക് പാസ്പോർട്ട്‌ ഇല്ലാതെ പോകേണ്ടി വരും. എന്തിനാ വെറുതെ….
അയാളുടെ വഷളൻ സംസാരം അവളിൽ വെറുപ്പ് നിറച്ചു.

നിറഞ്ഞ കണ്ണുകളുമായി ചൂളി നിൽക്കവേ കാർ പാഞ്ഞു പോയിരുന്നു.

പലപ്രാവശ്യം ദ്രുവിനോട് പറയണോയെന്നവൾ ആലോചിച്ചു.

രാത്രിയേറെ വൈകിയാണ് അന്ന് ദ്രുവ് എത്തിയത്.

കുഞ്ഞി ഉറങ്ങിയല്ലേ നേരത്തെ… ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നെറുകയിൽ തലോടി അവൻ ചോദിച്ചു.

മ്.. അവൾ മൂളി.

ദ്രുവ്… ഈ.. ഈ കേസ് വേണോ… ശങ്കിച്ചു കൊണ്ടാണ് അവൾ ചോദിച്ചത്.

വാട്ട്‌.. നീയെന്താ സായൂ പറയുന്നത്. നീയുമൊരു പെണ്ണല്ലേ. നിന്നെക്കാൾ രണ്ടുമൂന്ന് വയസ്സിന് ഇളപ്പമേയുള്ളൂ ആ കുട്ടിക്ക്.

അവളെയാ അവന്മാർ കടിച്ചു കീറിയത്.

രാത്രി പെൺകുട്ടികൾക്കെല്ലാം പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ പറ്റുമോ.
അവർക്കും ഇവിടെ തുല്യ അവകാശങ്ങളാണുള്ളത്.

ഈ ഭൂമിയിലെ രാത്രിസഞ്ചാരം പുരുഷന്മാർക്ക് മാത്രമായി തീറെഴുതി കൊടുത്തിട്ടൊന്നുമില്ല..
ഭീഷണിയുമായി വരികയേയുള്ളൂ അവർ.കേട്ടിട്ടില്ലേ കുരയ്ക്കും പട്ടി കടിക്കില്ല. അവന്റെ വാക്കുകളിൽ നിറഞ്ഞ രോഷം ഭയത്തോടെയാണവൾ കേട്ടത്.

എന്ത് പറഞ്ഞാലും അവൻ കേസിൽ നിന്നും പിന്മാറില്ലെന്ന് അവൾക്ക് വ്യക്തമായിരുന്നു.

പിന്നീട് ആ ഭാഗത്തുനിന്നും ഭീഷണിയോ ഒന്നും തേടിയെത്താത്തത് അവൾക്ക് ആശ്വാസം പടർത്തി.

കേസിന് രണ്ട് ദിവസo കൂടി ബാക്കി നിൽക്കെ സായു കോളേജിൽ പോകാനിറങ്ങി.

ഉച്ചയായപ്പോൾ സായുവിനെ വിളിക്കാനായി ദ്രുവിന്റെ വല്യമ്മ എത്തി.

പതിവില്ലാതെ അവർ വന്നപ്പോൾ അവൾ പരിഭ്രമിച്ചു.
കാർ ചെന്നുനിന്നത് മെഡിസിറ്റി ഹോസ്പിറ്റലിലാണ്.

അകാരണമായി എന്തോ സംഭവിച്ചതുപോലെ അവളുടെ ഹൃദയം ഇടിച്ചു.

ഐ സി യുവിന് മുൻപിൽ തളർന്നു നിൽക്കുന്ന ദ്രുവിനെ കണ്ടതും അവളുടെ കാലുകൾക്ക് വേഗത കൂടി.

അവന്റെ കൂട്ടുകാരിൽ ചിലർ അവിടെയുണ്ടായിരുന്നു.

എന്താ ദ്രുവ്.. ആരാ.. ആരാ ഇവിടെ.. ശബ്ദത്തിന് വിറയലേറിയിരുന്നു.

അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.

നീർച്ചാലുകൾ ഒഴുകി കവിളുകൾ നനഞ്ഞിരുന്നു.
മറുപടിയില്ലാതെ അവൻ ചുവരോട് ചാരി നിന്നു.

ഐ സി യുവിന്റെ ഡോർ തുറക്കപ്പെട്ടു.
നിരാശ നിറഞ്ഞ മുഖത്തോടെ ഡോക്ടർ ദ്രുവിന്റെ ചുമലിൽ തട്ടി.
അവനിൽനിന്നൊരു ഗദ്ഗദം പുറത്തേക്ക് വന്നു.

അകത്തുനിന്നും വന്ന സ്‌ട്രെച്ചറിൽ ഒരു രൂപം വെള്ള പുതപ്പിച്ചു കിടത്തിയിരുന്നു.
വിറയാർന്ന പാദങ്ങളോടെ മുന്നോട്ട് ചലിച്ച അവളെ ദ്രുവ് തടയാൻ ശ്രമിച്ചെങ്കിലും അവൾ മുന്നോട്ട് നടന്നു .

ഒന്നേ നോക്കിയുള്ളൂ.

ഉള്ളിലൊരു വിസ്ഫോടനം നടന്നതുപോലെ. മാറ് വിങ്ങുന്നു.
നെഞ്ച് കല്ലിച്ച് പാൽ ചുരക്കുന്നു.

നെഞ്ചിലൊരു വേദന കടന്നുപോയി അത് വിലാപമായി പുറത്തേക്ക് വന്നു.

രാവിലെയും പിച്ചനടന്ന് പാൽപ്പുഞ്ചിരി തൂകിയതാണ്. അമ്മേ എന്ന് കൊഞ്ചി തന്റെ മാറിൽനിന്നും പാൽ ചുരന്നവളാണ്.

ആ കൊഞ്ചലും കൊലുസിന്റെ കിലുക്കവും അകന്നുപോയോ..

ഇനിയൊരിക്കലും അമ്മേ എന്ന് വിളിച്ചവൾ വരില്ല.
പാൽപ്പല്ല് കാട്ടിയവൾ ചിരിക്കില്ല.

താൻ പത്തുമാസം ചുമന്ന തന്റെ കുഞ്ഞ്..
തന്റെ മാറിലെ ചൂടേറ്റു വളർന്നവൾ..

തണുത്ത് മരവിച്ച അവസ്ഥയിൽ…
മോളേ…… ഭാരമില്ലാത്ത പഞ്ഞിത്തുണ്ട് പോലവൾ നിലത്തേക്ക് പതിച്ചു.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7