Wednesday, April 24, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 1

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ദേവീകീർത്തനം ശ്രുതിസാന്ദ്രമായി ഒഴുകിക്കൊണ്ടിരുന്നു.
മണിയൊച്ചയ്ക്കിടയിൽ ചൈതന്യത്തോടെ വിളങ്ങിനിൽക്കുന്ന ദേവിയിൽ മിഴികളർപ്പിച്ച് ഭക്തിയോടെ അവൾ പ്രസാദം ഏറ്റുവാങ്ങി.

ഇലച്ചീന്തിൽ നിന്നും ചന്ദനം മോതിരവിരലാൽ പനിനീരിൽ ചാലിച്ച് നെറ്റിയിൽ വരച്ചു. ചന്ദനത്തിന്റെ നേർത്ത തണുപ്പ് നെറ്റിയിൽ വ്യാപിച്ചു.

ഇരുകൈകളും ഹൃദയത്തോട് ചേർത്തുവച്ച് ദേവീമന്ത്രം ഉരുവിട്ടശേഷം അവൾ പുറത്തേക്കിറങ്ങി.

കൈത്തോടിന് സമീപത്തായി തഴച്ചുവളർന്നു കിടക്കുന്ന കൈതയിൽ നിന്നും കൈതപ്പൂക്കളുടെ മാസ്മരിക ഗന്ധം പരന്നൊഴുകുന്നുണ്ടായിരുന്നു.

സാരിയുടെ പല്ലു ഒന്നുകൂടി മുൻപിലേക്കൊതുക്കി അവൾ നടത്തത്തിന്റെ വേഗത കൂട്ടി.

വയൽ വരമ്പിലൂടെ നടക്കുമ്പോൾ അവളുടെ ശ്രദ്ധ തഴച്ചു വളർന്നുകിടക്കുന്ന ചീരയിലും പച്ചപ്പരവതാനി വിരിച്ചതുപോലെ പരന്നുകിടക്കുന്ന നെൽച്ചെടികളിലും തട്ടി കടന്നുപോയി.

തത്തയുടെയും കാക്കകളുടെയും മറ്റേതൊക്കെയോ പക്ഷികളുടെയും കിളിനാദം അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

ചെറിയ ഇടവഴി കടന്ന് ചെറിയ ഒരു ഓടിട്ട വീട്ടിലേക്ക് അവൾ കയറി.

കിഴക്കേ വശത്തായി നിൽക്കുന്ന ചെമ്പരത്തി ചെടിയിൽ തേൻ കുടിക്കാൻ എത്തിയ ചെറുകിളികൾ തെല്ലൊന്ന് നിശ്ശബ്ദരായശേഷം വീണ്ടും ജോലി തുടർന്നു.

സായൂ…

കതക് തുറന്നതും പിന്നിൽ നിന്നുള്ള വിളികേട്ടവൾ തിരിഞ്ഞു.

പുഞ്ചിരിയോടെ അനുഷ പടികടന്ന് തിട്ടയിൽ ഇരുന്നു.

സായു എന്ന സായൂജ്യയുടെ അടുത്ത കൂട്ടുകാരിയും അയൽക്കാരിയുമാണ് അനുഷ. ഒന്നിച്ചു പഠിച്ചവർ.

നീ നേരത്തെ ഇറങ്ങിയോ
.. ചോദിക്കുന്നതിനോടൊപ്പം സായു പ്രസാദമടങ്ങിയ ഇലച്ചീന്ത് മേശയുടെ മുകളിലായി വച്ചു.

എന്തിനാ ആ സൂപ്പർവൈസറുടെ വീർപ്പിച്ച മോന്തയും അയാളുടെ വായിൽ നിന്നുതിരുന്ന മനോഹരപദങ്ങളും കേൾക്കുന്നത്.

എന്നും കേൾക്കുന്ന നമുക്കില്ലെങ്കിലും പറയുന്ന അയാൾക്ക് ഇത്തിരി നാണം വേണ്ടേ… അനുഷയുടെ സംസാരം സായുവിൽ ചിരിയുണർത്തി.

ടൗണിലെ ഒരു ടെക്സ്റ്റയിൽസിലെ സെയിൽസ്ഗേൾസ് ആയി ജോലി ചെയ്യുകയാണ് ഇരുവരും.

പച്ചപ്പണിഞ്ഞു നിൽക്കുന്ന ശാന്തസുന്ദരമായ ചെറിയൊരു ഗ്രാമത്തിലാണ് അവരുടെ താമസം.
ഗ്രാമപ്രദേശമായതുകൊണ്ട് തന്നെ ബസ് എപ്പോഴുമില്ല.

അൽപ്പം താമസിച്ചിറങ്ങുന്ന ദിവസങ്ങളിൽ ബസ് കിട്ടാത്തത് കാരണം ഇരുവരും താമസിച്ചാണ് മിക്ക ദിവസവും ജോലിക്ക് കയറിയിരുന്നത്.

സൂപ്പർവൈസർ സുധീഷ് ബാബുവിന് അതുകൊണ്ടുതന്നെ ഇരുവരോടും അത്ര പഥ്യമില്ല.

ഒരു പാത്രത്തിൽ ദോശയും ചട്നിയും എടുത്ത് അവൾക്കും കൊടുത്ത് സായു പെട്ടെന്ന് കഴിച്ചെഴുന്നേറ്റു.

ചെറിയ പാത്രത്തിലെടുത്ത ചോറ് ബാഗിലേക്ക് വച്ചശേഷം കതകും അടച്ചവൾ അനുഷയോടൊപ്പം ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി.

നേരത്തെ എത്തിയ ആശ്വാസത്തിൽ പഞ്ച് ചെയ്തശേഷം അവർ പട്ടുസാരി സെക്ഷനിലേക്ക് നടന്നു.

പ്രത്യേകം പറഞ്ഞു ചെയ്യിപ്പിക്കുന്ന ഒറിജിനൽ കാഞ്ചിപുരം സാരിയുടെ വമ്പിച്ച കളക്ഷൻ അവിടെയുണ്ടായിരുന്നു.

ഓരോ നൂലിഴകളും അതീവ ശ്രദ്ധയോടെ വർണ്ണപ്പൊലിമയോടെ അതിലുപരി അർപ്പണമനോഭാവത്തോടെ നെയ്തെടുത്ത പട്ടുസാരികൾ.

അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും കസ്റ്റമേഴ്സ് വരാൻ തുടങ്ങി.

ഓരോരുത്തരുടെയും മുൻപിൽ സാരികൾ മാറി മാറി എടുത്തു കാട്ടിയും അവ ക്ഷമയോടെ വിരിച്ചു കാണിച്ചും പുഞ്ചിരിയോടെ അതിനെപ്പറ്റി വർണ്ണിച്ചും അവൾ നിന്നു.

അല്ലെങ്കിലും ഒരു പർച്ചേസ് കഴിയുമ്പോൾ കുന്നുപോലെ സാരികൾ മുൻപിൽ അടുങ്ങിക്കിടക്കും.

അവയെല്ലാം മടക്കി വയ്ക്കുമ്പോഴേക്കും തളർന്നിരിക്കും.

എന്നാൽ അവയൊന്നും മുഖത്ത് അല്പംപോലും കാണിക്കാതെ നറുപുഞ്ചിരിയോടെ നിൽക്കുന്നവരാണ് സെയിൽസ് ഗേൾസ്.

മൂന്നുമണിയോടടുപ്പിച്ചാണ് സായുവിന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞത്.

കഴിച്ചു വന്നപ്പോഴേക്കും മാനേജർ വിളിക്കുന്നുവെന്ന് ശാന്തിചേച്ചി വന്നു പറഞ്ഞു.

കഴുകൻ കണ്ണുകളുമായി ശരീരത്തെ ഉഴിഞ്ഞുള്ള മാനേജരുടെ നോട്ടം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.

സംസാരിക്കുന്നതിനിടയിൽ അയാളുടെ കണ്ണുകൾ ശരീരത്തെ കൊത്തിവലിക്കുകയാകും.
ഒന്ന് നിശ്വസിച്ചശേഷം അവൾ മാനേജരുടെ റൂമിലേക്ക് നടന്നു.

രൂപേഷ് എന്ന് പേര് കൊത്തി വച്ചിരിക്കുന്ന ബോർഡിന് പിന്നിലായി റിവോൾവിങ് ചെയറിൽ ഇരിക്കുന്ന മുപ്പതോ മുപ്പതിനാലോ വയസ്സ് പ്രായം മതിക്കുന്ന പുരുഷൻ ഗാംഭീര്യത്തോടെ ഇരിക്കുന്നുണ്ടായിരുന്നു.

സാർ.. വിളിക്കുന്നെന്ന് പറഞ്ഞു.. വിനയത്തോടെ അയാളോട് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ അൽപ്പം താഴ്ന്നുകിടന്ന സാരിക്കിടയിലൂടെ തെളിഞ്ഞുകണ്ട ചന്ദ്രക്കല പോലുള്ള വയറിലായിരുന്നു.

അതുകണ്ട് നടുക്കത്തോടെ സാരി വലിച്ച് നേരെയിട്ടപ്പോൾ അസ്വസ്ഥതയോടെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി.

ആഹ്… സായൂജ്യ ഞാൻ പറഞ്ഞ കാര്യം ചിന്തിച്ചോ… അയാളുടെ ചോദ്യം അവളിൽ പെരുപ്പുണർത്തി.

സാർ… അത്.. അതിന് ഞാൻ അന്നേ മറുപടി തന്നതാണല്ലോ.
ഒരു വിവാഹം അതിനെപ്പറ്റി ചിന്തിക്കാൻ എനിക്കാകില്ല.

അതെന്താ വിവാഹം കഴിക്കാൻ പറ്റാത്ത അത്ര പ്രശ്നം എന്തെങ്കിലും നിനക്കുണ്ടോ… ശരീരമാകെ ഉഴിഞ്ഞുകൊണ്ട് അയാൾ ചോദിച്ചപ്പോൾ അവൾ അടിമുടി വിറച്ചുപോയി.

നിസ്സഹായതയുടെ പ്രതീകമായി നീർമുത്തുകൾ മിഴികളിൽ ഉറഞ്ഞുകൂടി.

അടക്കിപ്പിടിച്ചിരിക്കുന്ന വേദനകൾ കാരണം നെഞ്ചാകെ വിങ്ങുന്നതുപോലെ.

റൂമിൽ nഇന്നും പുറത്തിറങ്ങി
വാഷ്‌റൂമിലെ പൈപ്പിൽനിന്നും വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ച് വന്നപ്പോഴേക്കും വിവാഹസാരി എടുക്കുന്നതിനായി വന്നവർ ഇരിപ്പുണ്ടായിരുന്നു.

സങ്കടക്കടൽ ഉള്ളിലൊളിപ്പിച്ച് മുഖത്തൊട്ടിച്ച പുഞ്ചിരിയുമായി അവൾ അവർക്കിടയിലേക്ക് നീങ്ങി.

രാത്രിയിൽ തന്റെ ഉള്ളിലൊളിപ്പിച്ച സങ്കടക്കടലിനെ അവൾ സ്വാതന്ത്രയാക്കി വിട്ടു .
ആർത്തലച്ച് അവ പെയ്തു.

തലയിണയെ നനച്ചുകൊണ്ട് കണ്ണുനീർ ഒഴുകിയിറങ്ങി.

സന്തോഷകരമായ ജീവിതത്തിൽ നിന്നും വേദനകൾ മാത്രമുള്ള ലോകത്തേക്ക് മാറാൻ നിമിഷങ്ങളെ വേണ്ടുള്ളൂ.

ഇന്ന് ഓർമ്മിക്കാൻ കൈമുതലായുള്ള കുറെയേറെ വേദനകൾ മാത്രമാണ്.

ഒരു ജീവിതത്തിന്റെ രണ്ടറ്റങ്ങളാണ് സന്തോഷവും സങ്കടവും.

ഒരിക്കൽ സന്തോഷം മാത്രം നിറഞ്ഞുനിന്ന ജീവിതത്തിൽ നിന്നും വേദനകൾ മാത്രമുള്ള യാത്രയിലാണിപ്പോൾ. ഉറ്റവരും ഉടയവരുമില്ലാതെ ഒരനാഥയായി ഒടുങ്ങുകയേയുള്ളൂ ഈ ജന്മം.മോക്ഷപ്രാപ്തി അത് മരണത്തിലൂടെ മാത്രമേ പ്രാപ്തമാകുകയുള്ളൂ.

ഒരിക്കലും മറക്കാൻ കഴിയാതെ ആത്മാവിൽ വേരൂന്നിയ മുഖങ്ങൾ അവളുടെ മുൻപിൽ തെളിഞ്ഞുനിന്നു.

എന്തിന് വേണ്ടിയാണീ അജ്ഞാതവാസം ഇപ്പോഴുമറിയാത്ത സമസ്യയായി അവളിൽ നിറഞ്ഞുനിന്നു. മരണത്തെ പുൽകാൻ ഭയമുള്ളത് കൊണ്ടുമാത്രമാണോ.. വലംകൈ മാറിലേക്കമർത്തിയവൾ തേങ്ങി.

പിറ്റേന്ന് രാവിലെ തിരക്കായിരുന്നു കടയിൽ.

ചിങ്ങമാസമായതിനാൽ വിവാഹങ്ങൾക്കായും ഓണത്തിനുമെല്ലാം വസ്ത്രങ്ങളെടുക്കേണ്ടവരുടെ തിരക്ക് ദൃശ്യമായിരുന്നു.

മുൻപിൽ കൂമ്പാരംപോലെ വിവിധ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ചിതറിക്കിടന്നു.

വെള്ളം കുടിക്കാൻ വേണ്ടി അൽപ്പസമയം പോയിട്ട് വന്നപ്പോഴേക്കും നിവർത്തിയിട്ട വിവാഹസാരികൾ നോക്കി നിൽക്കുന്നവരിൽ അവളുടെ മിഴികൾ പതിഞ്ഞു.

സുന്ദരിയായ യുവതിയും രണ്ട് മധ്യവയസ്കരായ സ്ത്രീകളും അവർക്കിടയിൽ ഒരു പെൺകുട്ടി. ആ പെൺകുട്ടിയിലേക്കവളുടെ മിഴികൾ ആഴ്ന്നിറങ്ങി. നയനങ്ങളിൽ നീരുറവ പൊടിഞ്ഞു തുടങ്ങി.

മിന്നല്പിണരുകൾ ശരീരമാകമാനം കത്തിപ്പടരുന്നതുപോലെ.

വെപ്രാളത്തോടെ റൂമിലേക്ക് തന്നെ വലിഞ്ഞു.

അരമണിക്കൂറിലേറെയെടുത്തു അവർ സാരികൾ തിരഞ്ഞെടുക്കുന്നതിനായി.

പിടയ്ക്കുന്ന ഹൃദയവും വിറയ്ക്കുന്ന ശരീരവുമായി അവൾ വാതിലിനപ്പുറം ചേർന്നുനിന്നു.

സായൂജ്യ.. തന്നെ സൂപ്പർവൈസർ തിരക്കുന്നു രേഷ്മയാണ് പറഞ്ഞത്.

പുറത്തേക്ക് ഒന്നുകൂടി എത്തിനോക്കി. അവർ നിന്നിടം ശൂന്യമായിരുന്നു.

ജോലി സമയത്ത് അനാവശ്യമായി മാറിനിന്നതിന് സൂപ്പർവൈസർ ശകാരിക്കുമ്പോഴും അവളുടെ മനസ്സ് നേരത്തെ കണ്ട വ്യക്തികളിലായിരുന്നു.

ദൃശ്യയ്ക്ക് വിവാഹമായോ..
അവൾക്കുവേണ്ടിയായിരിക്കില്ലേ സാരികൾ തിരഞ്ഞെടുത്തത്.
കൂടെ കണ്ട ആ യുവതി ആരായിരിക്കും.. നിരവധി ചോദ്യങ്ങൾ അവളുടെ മനസ്സിൽ കടന്നുകൂടി.

ഏകാന്തതയിൽ അന്ധകാരത്തിനെ കൂട്ടുപിടിച്ച് തന്റെ വ്യാകുലതകൾ അവളാ നാല് ചുമരുകൾക്കുള്ളിൽ പെയ്തിറക്കി.

ഒടുവിലെപ്പോഴോ കണ്ണുനീരിൽ നനഞ്ഞ മിഴികൾ നിദ്രയിലേക്ക് കൂപ്പുകുത്തുമ്പോഴും അവൾക്കേറെ പ്രിയപ്പെട്ട ചില മുഖങ്ങൾ ഏറെ മിഴിവോടെ അവൾക്ക് മുൻപിൽ തെളിഞ്ഞു നിൽപ്പുണ്ടായിരുന്നു.

ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ലല്ലോ. സമയസൂചിക കടന്നുപോയി.

അനുഷ വരാത്തതിനാൽ തന്നെ അന്നവൾ ഒറ്റയ്ക്കാണ് ജോലിക്ക് പോയത്. ഇറങ്ങുമ്പോൾ ശരീരം വേദനയും കുളിരും അനുഭവപ്പെട്ടു.

പനി ആണോയെന്ന് സംശയിച്ചുകൊണ്ടവൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ കയറി പാരസെറ്റമോൾ വാങ്ങി .

രാത്രിയായപ്പോൾ ചൂട് കഞ്ഞിയും കുടിച്ചവൾ ഗുളിക കഴിച്ചു .
പിറ്റേന്ന് വയ്യായ്ക വകവയ്ക്കാതെ ജോലിക്ക് കയറി.

നിരവധി ആളുകൾ വസ്ത്രം എടുക്കാൻ വന്നതുകൊണ്ട് സമയത്തിന് ആഹാരവും മരുന്നും കഴിക്കാൻ കഴിഞ്ഞില്ല.
അതിനിടയിൽ ഏറെനേരം നിൽക്കുന്നതിന്റെ കാൽ കഴപ്പും.

പുതിയ സ്റ്റോക്ക് പ്രൈസ് ചെയ്ത് എടുത്ത് വച്ചിട്ടുണ്ടെന്ന് രേഷ്മ വന്നുപറഞ്ഞപ്പോൾ അതെടുക്കാനായി അവൾ പോയി.

ചുരിദാർ സെക്ഷന് അടുത്തായുള്ള ഇടനാഴിയുടെ അടുത്തുള്ള മുറിയായിരുന്നു അത്.
തറയിലും മറ്റുമായി ഒരുപാട് തുണികൾ കൂട്ടിയിട്ടിരുന്നു.

ബണ്ടിൽ ആക്കി വച്ചിരുന്ന പട്ടുസാരി എടുത്ത് തിരിഞ്ഞതും മുൻപിൽ നിൽക്കുന്നയാളെ കണ്ടവൾ ഭയന്ന് പിന്നിലേക്ക് നീങ്ങി.

കൈയിൽനിന്നും സാരികൾ നിലത്തേക്ക് ഊർന്നുവീണു.

വഷളൻ ചിരിയോടെ തന്റെ നേർക്ക് വരുന്ന രൂപേഷിനെ കണ്ട് എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നുപോയി.

ഉറക്കെയൊന്ന് നിലവിളിച്ചാൽപോലും ശബ്ദം ഇതിനുള്ളിൽനിന്നും പുറത്തേക്ക് പോകില്ല.
കസ്റ്റമേഴ്‌സിന്റെ തിരക്കും ബഹളവും പ്ലേ ചെയ്തിരിക്കുന്ന മ്യൂസിക്കും ഒരുവശത്ത്.

പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ മുന്നോട്ട് കുതിക്കാൻ തുനിഞ്ഞതും അയാൾ അവളെ കൈയിൽ പിടിച്ച് നിലത്തേക്കെറിഞ്ഞു.

കൂമ്പാരമായി കിടന്ന തുണികളുടെ മേലെയായി അവൾ മലർന്നുവീണു.

അധികമാരും വരാത്ത ഇടനാഴിയാണ്. ആരെങ്കിലും ഇങ്ങോട്ടേക്ക് വന്നെങ്കിലെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.

ക്ഷീണവും വയ്യായ്കയും മറന്ന് പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും രൂപേഷ് ഉടൻ തന്നെ അവളുടെ മുടിക്കുത്തിൽ പിടിച്ചുയർത്തി.

അമ്മേ… വേദനകൊണ്ടവൾ അലറി.

കെട്ടി കൂടെപ്പൊറുപ്പിക്കാമെന്ന് കരുതിയത് നിന്റെ ഈ ജ്വലിക്കുന്ന സൗന്ദര്യം കണ്ട് തന്നെയാടീ.
പക്ഷേ നീ അടുക്കുന്നില്ലല്ലോ.

ആഗ്രഹിച്ചത് നേടാൻ കഴിയാതെ ഞാൻ ഇരിക്കുമ്പോൾ എന്റെ മുൻപിൽ ഒരു വർണ്ണമത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുന്ന നിന്നെ കണ്ട് കൊതിച്ചിരിക്കാൻ എനിക്കിനിയും വയ്യ.

ഇവിടെയിപ്പോൾ ആരും വരില്ല. കുറച്ചുനേരം നീ എന്റെ കൂടെയെന്ന് സഹകരിക്കണം.
നിന്നെക്കാൾ അപ്പുറമുള്ള കുറേയെണ്ണത്തിനെ ഞാൻ കണ്ടതാടീ.

പിന്നെയാണോ ചോദിക്കാനും പറയാനും ആരുമില്ലാത്ത നീ… പറയുന്നതിനോടൊപ്പം അവളെ ഒന്നുകൂടാവൻ തന്നിലേക്കടുപ്പിച്ചു.

വെറുപ്പോടെ കണ്ണുനീരോടെ അവളവിൽ നിന്നും പിടഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ദുർബലമായ ഇരുകൈകളാലും അവന്റെ നെഞ്ചിൽ പ്രഹരമേല്പിച്ചു കൊണ്ടിരുന്നു.
നീളൻ നഖങ്ങൾ അവനിൽ ക്ഷതമേല്പിച്ചുകൊണ്ട് ആഴ്ന്നിറങ്ങി.

വേദനകൊണ്ടവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു.

ചുണ്ടുപൊട്ടി നീറുന്നതും രക്തത്തിന്റെ ചുവ നാവിൽ പടരുന്നതും അവളറിഞ്ഞു.

പാഴ്വസ്തുപോലെ അവനാ തുണികളിലേക്ക് അവളെ വലിച്ചെറിഞ്ഞു.

മുട്ടുകുത്തിയിരുന്നുകൊണ്ട് അവന്റെ കൈകൾ സാരിത്തലപ്പിൽ അമർന്നതും അവൻ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.

ചുമരിൽ തട്ടിയവൻ നിലത്തേക്ക് വീണത് കണ്ട അവളുടെ മിഴികൾ തുറന്നുവന്ന വാതിൽക്കലേക്ക് നീണ്ടു.

കോപത്തോടെ വലിഞ്ഞുമുറുകിയ മുഖത്തോടെ മുൻപിൽ നിൽക്കുന്ന മനുഷ്യനെ കണ്ട് വിശ്വാസം വരാതവൾ ഒന്നുകൂടി നോക്കി.

ജീൻസും ബ്രാൻഡഡ് ചെക്ക് ഷർട്ടുമിട്ട സുമുഖനായൊരു ചെറുപ്പക്കാരൻ.

ആരിൽ നിന്നുമാണോ ഓടിയൊളിച്ചത്…എന്തിനാണോ ഒരനാഥയെപ്പോലെ കഴിയുന്നത്..

ആരെയാണോ പ്രിയപ്പെട്ടതായി കണ്ടിരുന്നത് അയാൾ മുൻപിൽ.

അവന്റെ മിഴികളും അവളിൽ തങ്ങിനിന്നു.

വേദനയോടെ നിറഞ്ഞ മിഴികളോടെ ഇനിയെവിടെ ഓടിയൊളിക്കുമെന്ന ചിന്തയിൽ നിൽക്കെ അവളുടെ മനസ്സിൽ മറ്റൊരു മുഖം തെളിഞ്ഞുവന്നു.

ആ പുഞ്ചിരി അവളെ കുത്തിനോവിച്ചു. മിഴികളടച്ചവൾ ചുവരോട് ചാരി.

മുൻപിൽ അപ്പോഴും രൂപേഷിനെ തല്ലി ചതയ്ക്കുന്ന അയാളായിരുന്നു.

എന്റെ പെണ്ണിനെയാണോടാ നായെ തൊടുന്നത്.

എന്ത് ധൈര്യമുണ്ടായിട്ടാടാ നീ അവളെ….. പറയുന്നതിനോടൊപ്പം അവന്റെ മുഷ്ടി രൂപേഷിന്റെ വയറിൽ പ്രഹരിച്ചുകൊണ്ടിരുന്നു.

അവളുടെ നിഴലിൽപോലും ഇനി നിന്റെ നോട്ടം പതിയരുത്. താക്കീതോടെ പറഞ്ഞതും
തണ്ടൊടിച്ച താമരപോൽ രൂപേഷ് കുഴഞ്ഞുവീണു.

അവൻ അവളുടെ അരികിലേക്ക് വന്നു. നാളുകൾക്കുശേഷം അവർ നേർക്കുനേർ നിന്നു. അവന്റെ കത്തുന്ന നോട്ടവും വേദന കലർന്ന മുഖവും… സായൂജ്യ പ്രതിമപോലെ നിന്നു.

ദ്രുവാംശ്…. അവളുടെ അധരം മന്ത്രിച്ചു.

(തുടരും )