Saturday, April 20, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 4

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ചുവരോട് ചാരി ദ്രുവാംശ് നിലയുറപ്പിച്ചു.
നനഞ്ഞ കണ്ണുകൾ അവൻ ചിമ്മിയടച്ചു.
ഇത്രയും നേരം അനുഭവിച്ച മാനസികസംഘർഷങ്ങളുടെ ഫലമെന്നോണം അവന് തല വേദനിക്കുന്നുണ്ടായിരുന്നു.

അനുഷയുടെ മിഴികൾ മിഴികളടച്ച് നിസ്സഹായതയോടെ മാറി നിൽക്കുന്ന ദ്രുവിലും കട്ടിലിൽ കിടക്കുന്ന സായുവിലേക്കും മാറിമാറി സഞ്ചരിച്ചു.

സായുവിന്റെ മുഖത്തെ ഭാവമെന്തെന്ന് മനസ്സിലാക്കുവാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ഓർമ്മകളുടെ തീച്ചൂളയിൽ വെന്തു പിടയുകയായിരുന്നു സായു.

വർഷങ്ങൾക്ക് പിന്നിലേക്ക് അവളുടെ മനസ്സും നാവും ചലിച്ചു.

നിനക്കറിയാമോ അനൂ.. പ്ലസ് ടു കഴിഞ്ഞശേഷം അച്ഛനോടൊപ്പം തിരുവന്തപുരത്തേക്കാണ് പോയത്.

അമ്മയുടെ ആളുകളായി ആരും തന്നെ ഉണ്ടായിരുന്നില്ല. അച്ഛന്റെ തറവാട് തിരുവനന്തപുരത്തയിരുന്നു . അനന്തപത്മനാഭന്റെ സ്വന്തം നാട്ടിൽ.

നിന്റെ കോൺടാക്ട് കൂടി ഇല്ലായിരുന്നു.

ലോ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നത് കൊണ്ടുതന്നെ ലോ കോളേജിൽ ചേർന്നു.

ലോ കോളേജിൽ ചേർന്നിട്ട് ദിവസങ്ങൾ കടന്നുപോയി.

റാഗിങ്ങുകളിൽ പേടിച്ചെങ്കിലും രസകരമായ ടാസ്കുകളായിരുന്നു അവർ നൽകിയിരുന്നത്.
കുറച്ചു നാളുകൾ കൊണ്ടുതന്നെ അവിടെ ഒരുപാടിഷ്ടമായി.

ഏതാനും മാസങ്ങൾക്കുശേഷം ബസ് ഇറങ്ങി കോളേജിന്റെ ഗേറ്റ് കടന്നു വരികയായിരുന്നു സായു.

പെട്ടെന്നാണ് ഒരു ബൈക്ക് കൊണ്ടുവന്ന് മുൻപിൽ നിർത്തിയത്.

പെട്ടെന്നായതുകൊണ്ട് ഞെട്ടുകയും ചെയ്തു.

ബൈക്കിലിരുന്ന ഹെൽമെറ്റ്‌ധാരിയെ കൂർപ്പിച്ചു നോക്കിക്കൊണ്ടവൾ ഒഴിഞ്ഞു നടക്കാൻ തുനിഞ്ഞു .

ഹലോ താനൊന്ന് നിന്നേ.. അയാളുടെ ശബ്ദം കേട്ട് നിന്നു.

തലയിലിരുന്ന ഹെൽമെറ്റ്‌ മാറ്റിക്കൊണ്ട് അലസമായി കിടന്ന മുടിയെ അവൻ മാടിയൊതുക്കി .

ജീൻസും ഷർട്ടുമായിരുന്നു അവന്റെ വേഷം. പിന്നിൽ രണ്ട് ബൈക്കുകളിലായി കൂട്ടികാരെന്ന് തോന്നിക്കുന്നവരും ഉണ്ടായിരുന്നു.

പകപ്പോടെയവൾ അവനെ നോക്കി.

അവനും നോക്കി കാണുകയായിരുന്നു അവളെ.

നീല നിറത്തിലെ ടോപ്പും വൈറ്റ് ലെഗ്ഗിൻസുമാണ് വേഷം. തോളൊപ്പം വെട്ടിയിട്ട മുടിയിഴകൾ അവൾക്ക് ഭംഗി കൂട്ടി.

കറുപ്പിച്ച മിഴികളും പുരികക്കൊടികൾക്ക് മധ്യത്തിലായി ചെറിയൊരു പൊട്ടും..
വല്ലാത്തൊരു ഭംഗിയായിരുന്നു അവൾക്ക്.

അവന്റെ നോട്ടം അവൾക്ക് അരോചകമായാണ് തോന്നിയത്.

ടോ… അവൾ കൈവിരൽ ഞൊടിച്ചു.

ങ്ഹാ… അവളിൽ നിന്നവൻ ചിരിയോടെ നോട്ടം പിൻവലിച്ചു.
അവന്റെ കൂട്ടുകാർ അവനെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.

അതവളിൽ ദേഷ്യമാണുണർത്തിയത്.

എനിക്ക് തന്നെ ഇഷ്ടമാണ്. വളച്ചു ചുറ്റി പറയാനൊന്നുമറിയില്ല.. ഒറ്റ ശ്വാസത്തിൽ പറയാനുള്ളത് അവൾ പറഞ്ഞു.

അന്തoവിട്ടവൾ അവനെ നോക്കി.
പിന്നെ ചിരിക്കാൻ തുടങ്ങി.

അവന്റെ ചുളിഞ്ഞ മുഖഭാവം കണ്ടവൾ തുടർന്നു.
താനാരാണെന്ന് പോലും എനിക്കറിയില്ല.

ഈ കോളേജിൽ വച്ചല്ലാതെ താനെന്നെ കണ്ടിട്ടുമില്ല.
പരസ്പരം ഒന്ന് അറിയുകപോലും ചെയ്യാതെ പ്രണയമോ..

പ്രണയം… അത് ഒരാളിൽ ജനിക്കാൻ വർഷങ്ങളോ മാസങ്ങളോ ഒന്നും വേണ്ട. ഒരൊറ്റ നിമിഷo മതി. നീ എനിക്കുള്ളതാണെന്ന് തിരിച്ചറിയുന്ന ഒരൊറ്റ നിമിഷം.

നിന്നെ കണ്ടപ്പോൾ എനിക്ക് അടിവയറ്റിൽ മഞ്ഞുപെയ്ത ഫീലിംഗോ ചുറ്റും നിന്ന് വയലിൽ വായിക്കുന്ന ഫീലിംഗോ ഒന്നുമുണ്ടായില്ല.

പക്ഷേ.. ജന്മജന്മാന്തരങ്ങളായി എന്തോ ബന്ധമുള്ളതുപോലെ തോന്നി.

പ്രണയമെന്ന അദൃശ്യമായ നൂലിഴയിൽ ഞാനെന്ന കണ്ണിയോട് നിന്നെ വിളക്കി ചേർക്കണമെന്ന് തോന്നി.

പ്രണയമാണ് നിന്നോട് ആത്മാവ് തൊട്ടറിഞ്ഞ പ്രണയം. ആഴത്തിൽ വേരൂന്നിയെന്നിലിറങ്ങിയ പെണ്ണാണ് നീ..

ആലോചിച്ചിട്ട് പറഞ്ഞാൽ മതി. നിനക്കാവശ്യമുള്ള സമയം എടുക്കാം. റിപ്ലൈ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും തുറന്നു പറയാം.

നിന്റെ മറുപടി അത് നമുക്ക് അനുകൂലമാണെങ്കിൽ മരണം കൊണ്ടുമാത്രമേ പിന്നെയൊരു വേർപിരിയൽ ഉണ്ടാകൂ. മറുപടി അനുകൂലമല്ലെങ്കിൽ പിന്നെയൊരു ശല്യമായി ഞാൻ വരില്ല.

പക്ഷേ അതെനിക്കീ മിഴികളിൽ കാണാൻ കഴിയണം.

അവളെ നോക്കിയൊന്ന് കണ്ണ് ചിമ്മിയിട്ട് അവൻ ബൈക്ക് മുന്നോട്ടെടുത്തു.

അപ്പോഴും ആ പ്രേമാഭ്യർഥനയിൽനിന്നും അവൾ മുക്തയായിരുന്നില്ല. പേരോ ക്ലാസ്സോ ഒന്നുമറിയില്ല… aആരാണവൻ. പ്രണയത്തെപ്പറ്റി അവന്റെ കാഴ്ചപ്പാട് പങ്കുവച്ചവൻ…

പലയിടത്തും അവൾക്ക് നിഴലായി അവനുണ്ടായിരുന്നു അവളറിയാതെ… അവളിൽ നിന്നും അദൃശ്യനായി.

പലപ്പോഴും അവൾക്കവന്റെ സാമീപ്യം അനുഭവപ്പെടാൻ തുടങ്ങി.

ചുറ്റിലും അവൾക്കവനെ ദർശിക്കാൻ കഴിഞ്ഞില്ല.

പല രാത്രികളിലും അവനവളുടെ സ്വപ്നത്തിൽ വിരുന്നെത്തി.

കഥകൾ പറഞ്ഞും പ്രണയിച്ചും അവരുടെ സ്നേഹം പുഴപോലൊഴുകി.
ഞെട്ടിയുണർന്നു അപ്പോഴെല്ലാം.

എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞു.

ആരെന്നറിയാത്ത ഒരുവന് വേണ്ടി ഒരു പെണ്ണിന് ഇത്രമേൽ വേദനിക്കാനാകുമോ.?

പക്ഷേ പലപ്പോഴും അനുവാദം ചോദിക്കാതെ അവനവളുടെ ബോധമണ്ഡലത്തിൽ തെളിഞ്ഞു നിന്നു.

ഓണാഘോഷത്തിന്റെ നാളിലാണ് പിന്നെയവനെ കണ്ടത്.

ആകാശനീല നിറത്തിലെ കുർത്തയണിഞ്ഞ് മുണ്ട് മടക്കിക്കുത്തി തലയിൽ കെട്ടുംകെട്ടി ഉറിയടിയിൽ പങ്കെടുക്കുന്നത്.

കുർത്തയ്ക്കിടയിലൂടെ തെളിഞ്ഞുകണ്ട രോമം നിറഞ്ഞ മാറും അതിൽ ചേർന്നുകിടക്കുന്ന മാലയും.

ഏതോ പേരെഴുതിയ ലോക്കറ്റ് അവൻ ഉറിയടിക്കാൻ ചാടുമ്പോൾ ഇളകിയാടുന്നുണ്ടായിരുന്നു.
ചുറ്റും ആൺകുട്ടികളും പെൺകുട്ടികളും അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

അതിൽ നിന്നെല്ലാം അവൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണെന്ന് അവൾക്ക് വ്യക്തമായി.

ഉറി അടിച്ചു പൊട്ടിച്ച് അതിലെ പൂക്കൾ ചിതറിത്തെറിക്കുമ്പോൾ അവളവനെ തന്നെ മിഴികൾ ചിമ്മാതെ നോക്കി നിന്നു.

അവനെ പിന്തുടർന്ന് ഇടനാഴിയിലൂടെ ഓടുകയായിരുന്നു. പലപ്പോഴും സെറ്റ് സാരി തട്ടി വീഴുവായിരുന്നിട്ടും അവളവനെ പിന്തുടർന്നു.

ഒടുവിൽ അങ്ങേയറ്റത്തെ ഇടനാഴിയിൽ പ്രതീക്ഷയറ്റവൾ നിന്നു.

എന്തിനെന്നറിയാതെ മിഴിയിൽ നിന്നൊരുതുള്ളി കണ്ണുനീർ ഇറ്റുവീണതും ഒരു കൈ അവളെ വലിച്ചടുപ്പിച്ചു.

ആരുടെയോ നെഞ്ചോട് ചേർന്നാണ് നിൽക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞപ്പോൾ കുതറി മാറാൻ ശ്രമിച്ചു.

ആ നെഞ്ചോട് ചേർന്നുകിടക്കുന്ന ലോക്കറ്റിൽ മിഴികളുടക്കി.

“സായു ” എന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ തീർത്ത ലവ് സിംബൽ മനോഹരമാക്കിയ സ്വർണ്ണലോക്കറ്റ്.
അവൾ പിടച്ചിലോടെ മുഖമുയർത്തി.

മുൻപിൽ പുഞ്ചിരിയോടെ അവൻ.

ഒരു നിമിഷം നോട്ടങ്ങൾ ഇടഞ്ഞു.

എന്തിനാ കരഞ്ഞത്… അവന്റെ ചുടുനിശ്വാസത്തോടെയുള്ള ചോദ്യം. ശരീരമാകെ മിന്നല്പിണരുകൾ പായുന്നു. ഹൃദയതാളം ഉയരുന്നു.

എന്തിനാണ് താൻ കരഞ്ഞത്… സ്വയം ആ ചോദ്യം ചോദിച്ചു.

അവളുടെ ഭാവം അവനിൽ ചിരിയുണർത്തി.

പ്രണയമാണോ പെണ്ണേ… അടുത്ത ചോദ്യം.
അവൾ വീണ്ടും ആ ചോദ്യം തന്നോട് ആവർത്തിച്ചു.

ഇതാണോ പ്രണയം.
അറിയില്ല.. പക്ഷേ ആരെന്നറിയാതിരുന്നിട്ടും അവൻ മനസ്സിൽനിന്നും മായുന്നില്ല.

അവന്റെ വാക്കുകൾ.. നോട്ടം എല്ലാം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.

പേരുപോലും അറിയാത്ത ഒരുവനോട് അങ്ങനെയൊക്കെ തോന്നുമോ.

അവനെ കാണാനായി താനെന്തിനാണ് ഇങ്ങോട്ട് വന്നത്.

അവനെ കാണാതായപ്പോൾ എന്തുകൊണ്ടാണ് കണ്ണുകൾ നിറഞ്ഞൊഴുകിയത്.

എന്തിനാണ് ഒരന്യപുരുഷൻ ചേർത്തുപിടിച്ചിട്ടും അവനിൽ നിന്നും അകലാൻ ശ്രമിക്കാത്തത്.
ഉത്തരം കിട്ടാത്ത സമസ്യകൾ..

ആരുമില്ലായിരുന്നിട്ടും അവൻ തന്റെ ആരോ ആണെന്ന് ഉള്ള് മന്ത്രിക്കുന്നു.

അകലാൻ ശ്രമിക്കുന്തോറും എന്തോ അവനോട് അടുക്കാൻ തോന്നുന്നു.

ഇത്രനാളും താൻ തിരഞ്ഞത് അവനെയായിരുന്നോ..

പേരുപോലുമറിയാതെ…ആരാണെന്നോ എന്താണെന്നോ അറിയാതെ.. ഒന്നുമൊന്നുമറിയാതെ പ്രണയിക്കാൻ കഴിയുമോ.?

അത്രമേൽ സ്നേഹിക്കാൻ പ്രണയമെന്നത് എന്ത്‌ മായാജാലമാണ് കാണിക്കുന്നത്.
കാമദേവന്റെ പുഷ്പബാണങ്ങൾ തന്നിൽ പതിച്ചുവോ.?

അതെ .. പ്രണയിക്കാനും പ്രണയിക്കപ്പെടാനും വെറുക്കാനുമെല്ലാം ഒരു നിമിഷം മതി… നീയില്ലാതെ ഞാനില്ലെന്ന് തോന്നുന്ന ഒരു നിമിഷം.

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3