Thursday, December 26, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 10

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


കഴിഞ്ഞ കാര്യങ്ങൾ പങ്കുവച്ചതിന്റെയോ ആ ഓർമ്മകൾ അവളെ ചുട്ടു പൊള്ളിച്ചതിന്റെയോ ഫലമായി അവൾ എഴുന്നേറ്റിരുന്നു കിതച്ചു.
ദ്രുവ് മേശമേലിരുന്ന മിനറൽ വാട്ടറിന്റെ കുപ്പിയുമായി അവൾക്കരികിലേക്ക് ഓടിയെത്തി.
തനിക്ക് നേരെ അവൻ നീട്ടിയ ബോട്ടിൽ യാതൊരുവിധ ദാക്ഷണ്യവുമില്ലാതെ അവൾ തട്ടിയെറിഞ്ഞു.

ടീ… അലറിക്കൊണ്ടവൻ ചാടിയെഴുന്നേറ്റു.
അവൾക്കുനേരെ അടിക്കാനായി ഓങ്ങിയ കൈയവൻ എന്തോ ഓർത്തതുപോലെ താഴ്ത്തിയിട്ടു.
അനുഷ വിറങ്ങലിച്ചു പോയി.

സായുവും അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു.

അപ്പോഴത്തെ വാശിയിലാണ് കുടിവെള്ളം തട്ടിക്കളഞ്ഞത്.
പാപമാണ് ചെയ്തത്.

നീ പറഞ്ഞതെല്ലാം ശരിയാണ് എല്ലാത്തിനും കാരണം ഞാൻ തന്നെയാണ് ഈ ദ്രുവാംശ് തന്നെയാണ് കാരണക്കാരൻ.

പക്ഷേ അറിഞ്ഞുകൊണ്ട് ഞാനെന്റെ കുടുംബത്തെ കുരുതിക്ക് കൊടുത്തിട്ടില്ല.

ഒരമ്മയുടെ ആധിയും വ്യാകുലതയും പറഞ്ഞു തീർത്ത നീ മറന്നുപോയ ഒന്നുണ്ട്.
ഞാനെന്ന മനുഷ്യനെ.

നഷ്ടങ്ങൾ അത് നമുക്ക് തുല്യമായിരുന്നെന്ന്.

എന്റെ രക്തത്തെയാണ് എനിക്ക് നഷ്ടപ്പെട്ടത്. ഞാൻ നെഞ്ചോട് ചേർത്തുവളർത്തിയ എന്റെ കുഞ്ഞിനെ.. സ്വന്തം അച്ഛനെ..

അച്ഛനെന്നും അമ്മയെന്നും വിളിച്ചു സ്നേഹിച്ച എന്റെ അച്ഛനമ്മമാരെ.

സ്ത്രീകൾ അവരുടെ ദുഃഖത്തെ കണ്ണുനീരിലൂടെയും വിലാപങ്ങളിലൂടെയും ഒഴുക്കിക്കളയാനോ പങ്കുവയ്ക്കുവാനോ ശ്രമിക്കുമ്പോൾ കാണാതെ പോകുന്നത് പുരുഷന്റെ മനസ്സാണ്.

ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ ഞങ്ങൾ ആണുങ്ങളും കൊണ്ടുനടക്കുന്നുണ്ട് ഒട്ടേറെ ദുഃഖങ്ങൾ.

ഒരു സ്ത്രീ തന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുമ്പോൾ പുരുഷൻ പേറുന്നത് നെഞ്ചിനുള്ളിലാണ്.
നീ ലേബർ റൂമിനുള്ളിൽ അനുഭവിച്ച അതേ വേദന
പുറത്തുനിന്ന് അനുഭവിച്ചവനാണ് ഞാൻ.

ഈ കൈകളിലേക്കാണ് ഞാനെന്റെ പൊന്നിനെ ഏറ്റുവാങ്ങിയത് ഇരുകൈകളും നീട്ടിക്കൊണ്ടവൻ ഭ്രാന്തമായി തുടർന്നു.

ഈ നെഞ്ചിൽ കിടത്തിയാണ് ഞാനെന്റെ മോളെ വളർത്തിയത്.
അവളുടെ കൊലുസിന്റെ താളം തുടിച്ചത് എന്റെ ഇടനെഞ്ചിലാടീ.

ഇരുട്ടുമുറിയ്ക്കുള്ളിലിരുന്ന് നീ നിന്റെ സങ്കടം പെയ്തൊഴിച്ചപ്പോൾ ഒന്ന് കരയാൻ പോലുമാകാതെ വിങ്ങുന്ന എന്റെ ഹൃദയം നീ കണ്ടില്ലേ സായൂ…

ദ്രുവിന്റെ വാക്കുകൾ അനുഷയിൽ നൊമ്പരമുണർത്തി. അവൻ പറയുന്നത് അക്ഷരംപ്രതി ശരിയാണെന്നവൾക്ക് അറിയാമായിരുന്നു.
ഇടറിക്കൊണ്ടുള്ള അവന്റെ വാക്കുകൾ അവളെ കരയിപ്പിച്ചിരുന്നു.

ഈ നഷ്ടങ്ങളുടെ വേദനയും കണക്കും പങ്കുവയ്‌ക്കേണ്ട അവസ്ഥ നിനക്കുണ്ടാകില്ലായിരുന്നു ദ്രുവ് നീ ആ കേസിൽ നിന്നും പിന്മാറിയിരുന്നുവെങ്കിൽ.

അവരുടെ ഭീഷണിയ്ക്ക് മുൻപിൽ അടിയറവ് പറയാതെ നീ നിന്റെ ജോലി ഭംഗിയായി ചെയ്തപ്പോൾ മാത്രമാണ് നഷ്ടങ്ങളുടെ പട്ടിക നമുക്കിടയിലേക്ക് കടന്നുവന്നത്.

വെള്ളപുതപ്പിച്ച നാല് ശരീരങ്ങൾ അവിടെയിരിക്കുമ്പോഴും നീ ജോലിയോടുള്ള നിന്റെ കൂറ് പുലർത്തിയിരുന്നു.
സായു വിട്ടുകൊടുത്തില്ല.

ഇല്ലെന്ന് ഞാൻ പറയുന്നില്ല സായൂ.

നമ്മുടെ പ്രൊഫഷൻ ആണിത്. ഏറ്റെടുക്കുന്ന കേസുകൾ പൂർണ്ണ ഉത്തരവാദിത്തത്തോടും സത്യസന്ധതയോടും മാത്രം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തവരാണ് നമ്മൾ.
നിന്നേക്കാൾ രണ്ടു വയസ്സിന് ഇളപ്പമേയുള്ളൂ അവൾക്ക്.

മൂന്ന് തന്തയ്ക്ക് പിറക്കാത്തവന്മാരും കൂടി ആ കുട്ടിയെ ചെയ്തതെന്താണെന്ന് നിനക്കറിയാമോ…

ഡോർ തുറക്കുന്ന ശബ്ദംകേട്ട് അവർ തിരിഞ്ഞുനോക്കി.
നഴ്സ് ആയിരുന്നു.

റൂം ആയിട്ടുണ്ട്. അങ്ങോട്ടേക്ക് മാറ്റാം.. ഡ്രിപ്പ് മാറ്റിക്കൊണ്ടവർ പറഞ്ഞു. വീൽചെയർ കൊണ്ടുവരാൻ പറയാം.. അവർ പറഞ്ഞുതീരും മുൻപേ ദ്രുവ് അവളെ ഇരുകൈകളാലും കോരിയെടുത്തിരുന്നു.

നഴ്സ് അമ്പരന്ന് വായും പൊളിച്ചു നിന്നു.

അനുഷയ്ക്ക് അതുകണ്ട് ചിരി വരുന്നുണ്ടായിരുന്നു.
സായു കുതറാൻ ശ്രമിച്ചെങ്കിലും അവനത് വകവയ്ക്കാതെ നടന്നിരുന്നു.

റൂം കാണിച്ചു കൊടുത്തശേഷം എന്തെങ്കിലും കഴിക്കാൻ കൊടുക്കാൻ പറഞ്ഞശേഷം ദ്രുവിനെ നോക്കി ചിരിച്ചുകൊണ്ട് അവർ പുറത്തേക്ക് നടന്നു.

ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചിട്ട് വരാം.. അവർക്ക് സംസാരിക്കാൻ അവസരം നൽകിക്കൊണ്ട് അവൾ താഴേക്ക് നടന്നു.

സായു മിണ്ടാതെ കണ്ണടച്ച് കിടന്നതേയുള്ളൂ.
സായൂ… ദ്രുവിന്റെ ശബ്ദം തൊട്ടരികിൽ കേട്ടതും പിടപ്പോടെയവൾ കണ്ണുകൾ വലിച്ച് തുറന്നു.

വേണ്ട ദ്രുവ് കൂടുതൽ നീ വിശദീകരിച്ച് ബുദ്ധിമുട്ടേണ്ട.

എല്ലാം എനിക്ക് മനസ്സിലാകും. പക്ഷേ നഷ്ടങ്ങളുടെ പട്ടികയിൽ എനിക്കുണ്ടായ കുറവുകൾ എപ്പോഴും താഴ്ന്ന് ഇരിക്കുകയേയുള്ളൂ കാരണം ഞാനൊരു സാധാരണ പെണ്ണാണ്.
അങ്ങനെ ചിന്തിക്കുവാനേ എനിക്കാകുന്നുള്ളൂ ഇപ്പോൾ.

കണ്ണടയ്ക്കുമ്പോൾ ചിരിച്ചു കൊണ്ടോടിവരുന്ന എന്റെ പൊന്നുമോളാണ് മനസ്സ് നിറയെ.
അതെന്നെ ഓരോ നിമിഷവും വേദനിപ്പിക്കുകയാണ്.

ജീവിച്ചു കൊതിതീരാത്തതു കൊണ്ടാകാം എന്റെ പൊന്നുമോൾ വീണ്ടും എന്നിലേക്ക് തിരികെ വരുന്നത്.

തന്റെ അടിവയറ്റിലവൾ കൈകളമർത്തി.

ഒരു പൂമൊട്ടിനെക്കൂടെ തല്ലിക്കൊഴിക്കുവാൻ ഞാൻ ആരെയും അനുവദിക്കില്ല.

നീ ചെയ്തതും ശരിയാണ്. ആ വഴിയാണ് നിനക്ക് വേണ്ടതും. നീ പ്രതിജ്ഞ ചെയ്തതുപോലെ നിന്റെ കർത്തവ്യം നീ പാലിക്കണം.

നമ്മുടെ ജീവിതത്തിൽ നീതി പാലിക്കാൻ നിനക്കിനിയും കഴിയില്ല. എന്റെ ഈ കുഞ്ഞിനെക്കൂടി ബലി നൽകാൻ എനിക്കാകില്ല.

എന്നെയും എന്റെ കുഞ്ഞിനെയും വിട്ടേക്ക്.. പ്ലീസ്… യാചനയോടെ അവൾ അവന്റെ മുൻപിൽ തൊഴുതു.

കാതുകൾ കൊട്ടിയടച്ചതുപോലെ ദ്രുവ് അടിപതറിപ്പോയി

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7

ദ്രുവസായൂജ്യം: ഭാഗം 8

ദ്രുവസായൂജ്യം: ഭാഗം 9