Sunday, October 6, 2024
Novel

ദ്രുവസായൂജ്യം: ഭാഗം 9

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


സാമ്പ്രാണിത്തിരിയുടെ രൂക്ഷഗന്ധം വീടാകെ പരന്നു.
നാളികേരമുറിയിൽ കരിന്തിരി എരിഞ്ഞു.

ആക്‌സിഡന്റ് ആയിരുന്നു. അപ്പോൾ തന്നെ നാലുപേരും മരിച്ചൂന്നാ കേക്കണേ.നല്ല ഓമനത്തമുള്ള കുഞ്ഞായിരുന്നു. രണ്ടു വയസ്സേ ആകുള്ളൂ. ശരിക്കും കിലുക്കാംപെട്ടി തന്നെയായിരുന്നു.

അവർ താഴത്തും തലയിലും വയ്ക്കാതെ കൊണ്ടുനടന്നതല്ലേ. പോയപ്പോൾ ഒരുമിച്ചങ്ങ് പോയി.
ആ പെണ്ണിത് എങ്ങനെ സഹിക്കുമോയെന്തോ. പെറ്റ നോവ് മാറിയിട്ടില്ല.
ബോധം വന്നും പോയും നിൽക്കുകയാ അതിന്..

അയൽവക്കത്തെ വീട്ടുകാരാണ് പരസ്പരം സഹതാപം പ്രകടിപ്പിച്ചത്.

എന്റെ കുഞ്ഞീ… മോളേ…
സായു ഓടിവന്ന് നടുമുറിയിൽ വീണു.
പിടഞ്ഞെഴുന്നേറ്റവൾ വീണ്ടുമോടി.

ഏതൊക്കെയോ സ്ത്രീകൾ അവളെ അടക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ കുതറിക്കൊണ്ടിരുന്നു.

വെള്ളപുതച്ച രണ്ട് അച്ഛന്മാരുടെയും അമ്മയുടെയും മധ്യത്തായി കുഞ്ഞിയും കിടപ്പുണ്ടായിരുന്നു.

സായുവിന്റെ വിലാപം എല്ലാവരിലും നോവുണർത്തി.

സന്തോഷം മാത്രം നിറഞ്ഞുനിന്ന ജീവിതത്തിൽ രംഗബോധമില്ലാത്ത കോമാളി എത്ര പെട്ടെന്നാണ് കടന്നുവന്നത്.

വിധിയുടെ കരിനിഴൽപ്പാടുകൾ വരുത്തിയ നഷ്ടത്തിന്റെ കണക്ക് അത്രമേൽ വേദനാജനകവും ക്രൂരവുമായിരുന്നു.

ജീവിച്ചു തുടങ്ങിയ കുഞ്ഞിനെപ്പോലും മരണമെന്ന കോമാളി വെറുതെ വിട്ടില്ല.
അവളെക്കുറിച്ചുള്ള സ്വപ്നങ്ങളും മോഹങ്ങളുമെല്ലാം ഒരുപിടി മണ്ണിൽ ഒതുക്കേണ്ടി വന്നു..

ദിവസങ്ങൾ കടന്നുപോയി.
സായന്തും ഭാര്യയും പതിനാറുദിവസത്തെ ബലിയും ചടങ്ങുകളും കഴിഞ്ഞപ്പോൾ കുവൈറ്റിലേക്ക് തിരിച്ചു.

കുഞ്ഞിപ്പെണ്ണിന്റെ കളിചിരികളില്ലാതെ കൊലുസിന്റെ താളമില്ലാതെ വീടാകെ മൂകമായി കിടന്നു.

മുലപ്പാൽ കല്ലിച്ച മാറിടം അസഹ്യമായ വേദനയിൽ പിഴിഞ്ഞ് കളയുമ്പോൾ കുഞ്ഞിന്റെ ഓർമ്മയിൽ അവൾ പൊട്ടിക്കരയും.

സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ദ്രുവും സായുവും അവിടെ കഴിഞ്ഞു.

സായൂ… ദ്രുവിന്റെ വിളികേട്ടവൾ തല ചരിച്ചവനെ നോക്കി.

അവളുടെ ജടപിടിച്ച മുടിയിഴകളും ജീവച്ഛവമായ കണ്ണുകളും അവനിൽ നൊമ്പരമുണർത്തി.
അവളെ നെഞ്ചോടടക്കി ആ മൂർദ്ധാവിൽ അധരം അമർത്തിയവൻ വിങ്ങിപ്പൊട്ടി.
എണ്ണതേച്ച് അവനവളുടെ മുടിയിലെ കുരുക്കുകൾ എടുത്തു.
തുണിയുമെടുത്ത് കൊടുത്ത് അവനവളെ കുളിക്കാൻ പറഞ്ഞയച്ചു.
സ്വന്തം വേദന കടിച്ചമർത്തി അവൻ അവൾക്കുവേണ്ടി മാറാൻ ശ്രമിച്ചു.
കാരണം അവനിനി സ്വന്തമെന്ന് പറയാൻ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ദിവസങ്ങൾ കടന്നുപോകവേ ദ്രുവിന്റെ സ്നേഹപൂർണ്ണമായ സമീപനത്തിൽ സായു പഴയ നിലയിലേക്ക് മടങ്ങി വരാൻ തുടങ്ങി.

എത്രയൊക്കെ മാറിയെന്ന് വിചാരിച്ചാലും സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട വേദന ഒരമ്മയ്ക്കും മരണം വരെ മറക്കാനാകില്ലല്ലോ. നെഞ്ചിനുള്ളിൽ കെടാത്ത കനലായി അതെന്നും കാണുക തന്നെ ചെയ്യും.

ദ്രുവും സായുവും ജീവിതം വീണ്ടും കെട്ടിപ്പടുക്കാൻ ശ്രമിച്ചു.
അവളെ ക്ലാസ്സിന് കൊണ്ടുവിടുകയും അവൻ തന്നെ വിളിച്ചു കൊണ്ട് വരികയും ചെയ്തു പോന്നു.

സായൂ… ഇന്നെനിക്ക് ഒരു ഫങ്ഷൻ ഉണ്ട്. നിഷാന്തിന്റെ മോന്റെ ബർത്ത്ഡേ ആണ്. നീ വരുന്നുണ്ടോ..

അവൾ ഇല്ലെന്ന് തലയനക്കി. കുഞ്ഞുങ്ങളെ കാണുമ്പോഴെല്ലാം കുഞ്ഞിപ്പെണ്ണാണ് മനസ്സ് നിറയെ.
നനഞ്ഞുതുടങ്ങിയ മിഴികൾ അവൾ അവൻ കാണാതെ മറച്ചു.

എങ്കിൽ ഇന്നത്തേക്ക് നേരത്തെ ഇറങ്ങുമോ കോളേജിൽനിന്നും. എത്തിയയുടൻ എന്നെ വിളിക്കണം..

അതിന് സമ്മതമെന്നോണം അവൾ ചെറുതായി മന്ദഹസിച്ചു.

വൈകുന്നേരം അവൻ പറഞ്ഞതുപോലെ അവൾ നേരത്തെയിറങ്ങി.

തലവേദന തോന്നിയതിനാൽ മെഡിക്കൽ ഷോപ്പിൽനിന്നും ഗുളിക വാങ്ങി ഇറങ്ങിയപ്പോഴാണ് മൊബൈലിൽ സംസാരിച്ചുകൊണ്ട് വന്നയാൾ അവളെ തട്ടിയത്.

ആഹ്… ചുമലിൽ അവൾ തിരുമ്മി.

സോറി… പറഞ്ഞുകൊണ്ടയാൾ തിരിഞ്ഞു.

സായുവിനെ കണ്ടതും അയാൾ പുച്ഛത്തോടെ ചിരിച്ചു.

അയാളെ തിരിച്ചറിഞ്ഞതും അവളുടെ കണ്ണുകൾ കുറുകി.

അയാളുടെ താടിയുഴിഞ്ഞുകൊണ്ടുള്ള വഷളൻ നോട്ടം അവളിൽ അസ്വസ്ഥത പടർത്തി.
തിരിഞ്ഞു നടക്കാനൊരുങ്ങിയ അവൾക്ക് മുൻപിൽ തടസ്സമായവൻ വന്നുനിന്നു.

അവൾ ചോദ്യഭാവത്തിൽ മിഴികളുയർത്തി. വെട്ടിയൊഴിഞ്ഞവൾ മുന്നോട്ട് നടന്നു.

നഷ്ടങ്ങൾ ഭീമമായിരുന്നിട്ടും അഹങ്കാരം ഇതുവരെ കുറഞ്ഞില്ലല്ലോ മോളേ.
കുടുംബത്തെ ഒന്നിച്ച് അങ്ങോട്ടയച്ചിട്ടും അതിന്റെ ശോകമൊന്നും നിനക്കില്ലേടീ.

പിടിച്ചു കെട്ടിയതുപോലെ അവൾ നിന്നുപോയി.
തലയ്ക്കുള്ളിൽ എന്തോ മൂളിപ്പറക്കുന്നതുപോലെ.
വിശ്വസിക്കാനാകാതെ അവൾ തിരിഞ്ഞുനോക്കി.

നിന്നോട് ഞാൻ അന്നേ പറഞ്ഞതാണ് അവനോട് കേസിൽ നിന്നും പിന്മാറാൻ പറയാൻ.

നീ കേട്ടില്ല. അവനോട് മുൻപേ പറഞ്ഞതാ അവനതിന് പുല്ലുവില പോലും കല്പിച്ചില്ല.
സ്വന്തം കുടുംബത്തേക്കാൾ വലുതായിരുന്നു അവന് കേസ്.

അവളുടെ മിഴികൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും.
ഒന്ന് പേടിപ്പിക്കണമെന്നേയുണ്ടായിരുന്നുള്ളൂ.

പക്ഷേ അവർക്ക് ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ ആയുസ്സ് അത്രയേയുണ്ടായിരുന്നു കാണുള്ളൂ..

എന്നിട്ടും അവൻ കേസ് കൈവിട്ടില്ല. സ്വന്തം മകളും അച്ഛനും എല്ലാം മരിച്ചു കിടക്കുമ്പോഴും അവൻ എല്ലാ തെളിവുകളും എത്തിക്കേണ്ടിടത്ത് എത്തിച്ചിരുന്നു.

എന്റെ സഹോദരനാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. എനിക്കുണ്ടായതിനേക്കാൾ നഷ്ടമാണ് അവന് സംഭവിച്ചത്. അതുമതി എനിക്ക് സന്തോഷിക്കാൻ…

അയാൾ പോയിട്ടും സായു അതേ നിൽപ്പ് നിന്നു.
കുഞ്ഞിപ്പെണ്ണിന്റെ ചിരിക്കുന്ന മുഖം മനസ്സിൽ തെളിഞ്ഞുവന്നു.
അമ്മേ എന്നുള്ള കൊഞ്ചൽ ചെവിയിൽ അലയടിക്കുന്നു.

അച്ഛന്മാരുടെയും അമ്മയുടെയും സ്നേഹത്തോടെയുള്ള സംസാരം അവരുടെ സമീപനം എല്ലാം അവളിൽ തികട്ടി വന്നുകൊണ്ടേയിരുന്നു.

ദ്രുവ് എത്തിയപ്പോൾ രാത്രിയായിരുന്നു.

വീടിന് പുറത്തും അകത്തും പ്രകാശമില്ലായിരുന്നു.
സ്വിച്ചുകൾ ഇട്ടതും വെളിച്ചം പരന്നു.

പരിഭ്രാന്തിയോടെ സായുവിനെ വിളിച്ചു കൊണ്ടവൻ പടികൾ ഓടിക്കയറി.
മുറിയിലെ ലൈറ്റിട്ടതും കണ്ടു മുട്ടുകാലിൽ മുഖമമർത്തി ഇരിക്കുന്ന സായുവിനെ.

പേടിപ്പിച്ചല്ലോ നീ.. ആശ്വാസത്തോടവൻ നെഞ്ചിൽ പതിയെ തട്ടിയശേഷം അവളുടെ ചുമലിൽ കൈവച്ചു.

തൊടരുതെന്നെ… അലർച്ചയോടെ അവളാ കൈകൾ തട്ടിയെറിഞ്ഞു.

അവളുടെ ഭാവമാറ്റത്തിൽ ദ്രുവ് പകച്ചു.

വീണ്ടും ചുമലിലേക്ക് നീണ്ട കൈകളെ ശക്തമായി തട്ടിയെറിഞ്ഞവൾ ചാടിയെഴുന്നേറ്റു.

നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ചത് വെറുമൊരു ആക്‌സിഡന്റ് ആയിരുന്നോ… പറയ്..
അവളുടെ ചോദ്യം അവനിൽ നടുക്കമുയർത്തി.

സായൂ.. അത്..

അവനെ പറയാൻ സമ്മതിക്കാതെ അവൾ കൈകൾ വച്ച് തടഞ്ഞു.

. വേണ്ട ദ്രുവ്.. കള്ളങ്ങൾ ആവർത്തിക്കരുത്. നഷ്ടപ്പെട്ടുപോയത് നമ്മുടെ അച്ഛനമ്മമാരാണ്. പൊലിഞ്ഞുപോയത് ഞാൻ പ്രസവിച്ച നിന്റെ രക്തമാണ്.

എവിടെയോ ഉള്ള ഒരു പെൺകുട്ടിക്ക് നീതി തേടി നീ പോയപ്പോൾ ആയുസ്സ് അവസാനിച്ചത് അവർക്കായിരുന്നു.
ജീവിച്ചു തുടങ്ങിയില്ലല്ലോ നമ്മുടെ മോൾ.

എന്നേക്കാൾ അവൾ നിന്റെ നെഞ്ചിലല്ലേ കിടക്കുന്നത്.
അമ്മേ എന്ന് വിളിച്ചതിനേക്കാൾ കൂടുതൽ അവൾ അച്ഛനെന്നല്ലേ വിളിച്ചിട്ടുള്ളൂ.

അവരുടെ ശവദാഹം നടക്കും മുൻപേ നീ അവൾക്ക് നീതി നേടിക്കൊടുത്തു.
അച്ഛനമ്മമാരെ നഷ്ടപ്പെട്ട എനിക്ക് നീതി നൽകാൻ നിനക്കാവുമോ..

എന്റെ പൊന്നുമോളെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല എനിക്ക്.
ഒരമ്മയുടെ കണ്ണുനീരിന് എന്ത് സാന്ത്വനമാണ് നിനക്ക് നൽകാൻ കഴിയുന്നത്.

പറഞ്ഞതല്ലേ ഞാൻ കേസിൽ നിന്നും പിന്മാറാൻ.. നീ കേട്ടോ.. ഇല്ലല്ലോ..
പോയില്ലേ എല്ലാവരും..
എന്റെ കുഞ്ഞും പോയില്ലേ.

പതംപറഞ്ഞവൾ ഉറക്കെ കരഞ്ഞു.

സായൂ പ്ലീസ്.. ഞാൻ തെളിവുകൾ ശേഖരിക്കുന്നുണ്ട്. നമ്മുടെ കുടുംബത്തെ ഇല്ലാതാക്കിയത് ആരായാലും…

ബാക്കി പറയാൻ അനുവദിക്കാതവൾ അവന്റെ കോളറിൽ പിടിച്ചു.

നിർത്ത് നിന്റെ തെളിവ് ശേഖരണം.

സ്വന്തം കുടുംബത്തെ സംരക്ഷിക്കാൻ കഴിയാതെ അവരെ കൊലയ്ക്ക് കൊടുത്തു.
എന്നിട്ടും തെളിവുകൾ അന്വേഷിക്കുന്നു.

നീതിനിഷേധിക്കുന്നവർക്ക് നീ നീതി വാങ്ങിക്കൊടുക്ക്. ത്യാഗിയാണല്ലോ സ്വന്തം മകളെപ്പോലും കൊല്ലാൻ വിട്ടിട്ട് നീതി നൽകാൻ..

ദ്രുവിന്റെ കൈകൾ ആദ്യമായി സായുവിന്റെ കവിളിൽ പതിച്ചു.

എന്റെ രക്തത്തെ ഞാൻ കൊലയ്ക്ക് കൊടുത്തെന്ന് പറയരുത് നീ. അറിഞ്ഞില്ല ഞാൻ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്.
ഒരച്ഛന്റെ വേദന നീ മനസ്സിലാക്കാൻ ശ്രമിക്ക് സായൂ..

വേണ്ട.. പറയരുത് നീ അച്ഛനെന്ന്.

സംരക്ഷിക്കാൻ കഴിവുള്ളവനാണ് അച്ഛൻ എന്ന പദത്തിന് യോഗ്യൻ. നിന്റെ ന്യായീകരണങ്ങൾ ഒന്നുംതന്നെ എനിക്കുണ്ടായ നഷ്ടം നികത്താൻ കെൽപ്പുള്ളവയല്ല.

എല്ലാം നഷ്ടപ്പെട്ടവളാണ് ഞാൻ.
നീ വാദിക്ക്… വാദിച്ചു ജയിക്ക് .
ഇനി ബലി നൽകാൻ ഞാനുണ്ടല്ലോ.

അടുത്തമുറിയിൽ കയറി അവൾ വാതിൽ ആഞ്ഞടച്ചു.

എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവൻ തകർന്നു നിന്നു.

ഉള്ളിലെ വേദനകൾ അന്നാദ്യമായി അവനാ മുറിക്കുള്ളിൽ ഉറക്കെ കരഞ്ഞു തീർത്തു.
കരഞ്ഞുകരഞ്ഞ് എപ്പോഴോ അവനെ നിദ്ര മാടിവിളിച്ചു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ അവൻ സായു കയറിയ മുറിയിലേക്കോടി.
തുറന്നുകിടക്കുന്ന വാതിലും സായുവില്ലാത്ത വീടും.

എന്ത് ചെയ്യണമെന്നറിയാതെ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അവനാ വീടിന്റെ പൂമുഖത്ത് നിന്നു

(തുടരും )

ദ്രുവസായൂജ്യം: ഭാഗം 1

ദ്രുവസായൂജ്യം: ഭാഗം 2

ദ്രുവസായൂജ്യം: ഭാഗം 3

ദ്രുവസായൂജ്യം: ഭാഗം 4

ദ്രുവസായൂജ്യം: ഭാഗം 5

ദ്രുവസായൂജ്യം: ഭാഗം 6

ദ്രുവസായൂജ്യം: ഭാഗം 7

ദ്രുവസായൂജ്യം: ഭാഗം 8