ദേവാസുരം : ഭാഗം 16
എഴുത്തുകാരി: അഞ്ജലി അഞ്ജു
മനുഷ്യൻ പ്രകൃതിയുമായി ഇഴുകി കഴിയുന്ന ഒരു ഗ്രാമത്തിലായിരുന്നു രുദ്രയുടെ വീട്. രുദ്ര അനീഷിനൊപ്പം ബാംഗ്ലൂരിലായിരുന്നു നിന്നിരുന്നത്. ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ അവിടെ നിൽക്കാൻ അനീഷ് സമ്മതിച്ചില്ല.
മാസത്തിൽ ഒന്നോ രണ്ടോ തവണ അവൻ ബാംഗ്ലൂരിൽ പോവും. അനീഷിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചതാണ്.
രണ്ടു വർഷം മുൻപ് അച്ഛനും പോയതിൽ പിന്നെ തറവാട്ടിൽ ദേവകിയെന്ന അവന്റെ അപ്പച്ചി മാത്രേ ഉണ്ടായിരുന്നുള്ളു.
അവർ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല. ഒരു നിഷ്കളങ്കയായ സാധു സ്ത്രീ അതായിരുന്നു ദേവകി.
ജാനുവും ഇന്ദ്രനും വരുന്നുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ ഉഷയ്ക്ക് ആവേശമായിരുന്നു.
അവരോടൊപ്പം നിൽക്കാൻ മനസ് കൊണ്ട് ഉഷയ്ക്കും ആഗ്രഹമുണ്ടായിരുന്നു.
പിന്നെ രുദ്രയ്ക്ക് കൂട്ടിന് വേണ്ടിയും ഇന്ദ്രന്റെ ദേഷ്യമൊക്കെ കുറയ്ക്കാനുമാണ് ഇങ്ങോട്ടേക്കു പോന്നത്.
അനീഷ് ജോലിയുടെ ആവശ്യങ്ങൾക്ക് ബാംഗ്ലൂരിൽ ആയിരുന്നു.
ഉഷ കാലത്തേ തന്നെ ഇന്ദ്രന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കി വെച്ചിരുന്നു.
അവർക്ക് താമസിക്കാൻ മുകളിലത്തെ മുറിയും ഒരുക്കിയിട്ടുണ്ടായിരുന്നു.
കാറിന്റെ ശബ്ദം കേട്ടതും എല്ലാവരും മുറ്റത്തേക്ക് ഇറങ്ങി. കാറിൽ നിന്ന് ജാനു ഉഷയ്ക്കരികിലേക്ക് എത്തി.
“ഒരു സർപ്രൈസ് ഉണ്ട്..”
ഉഷയുടെ കയ്യിൽ പിടിച്ച് പറഞ്ഞ് കൊണ്ട് ജാനു തിരിഞ്ഞു കാറിലേക്ക് നോക്കിയപ്പോളാണ് അവരുടെ കൂടെ വന്ന അനുവിനെയും ശിവയേയും അവർ കണ്ടത്.
“ആഹാ മക്കളും വന്നോ??”
ഉഷ വേഗത്തിൽ അവരുടെ അടുത്തേക്ക് പോയി. കാറിൽ നിന്ന് ബാഗുകൾ എടുക്കുന്ന ഇന്ദ്രനെ ഇടം കണ്ണിട്ട് നോക്കിയെങ്കിലും അവന്റെ ശ്രദ്ധ തന്നിൽ പതിക്കാത്തതിൽ ഉഷയ്ക്ക് വിഷമം തോന്നി.
“ചേച്ചി എന്തേയ് അമ്മേ?”
“അകത്തു ഉണ്ടാവും മോളേ. നിങ്ങൾ വന്നത് അറിഞ്ഞിട്ടുണ്ടാവില്ല.”
“യാത്രയൊക്കെ സുഖായിരുന്നോ മോളേ?”
ദേവകി ജാനുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“ആയിരുന്നു.”
“ഞാൻ അനീഷിന്റെ അപ്പച്ചിയാണ് ട്ടോ. കല്യാണത്തിന് വന്നില്ലായിരുന്നു. എനിക്കെ അന്ന് തീരെ വയ്യാരുന്നു അത്രടം വരെ കാറിലിരുന്ന് വരാൻ. മുട്ട് വേദനയാണ് മോളേ.”
“സാരമില്ല ട്ടോ. ഇപ്പോ സംസാരിക്കാല്ലോ.”
ദേവകിയുടെ താണ്ടിയിൽ പിടിച്ച് കൊഞ്ചിക്കൊണ്ട് ജാനു പറഞ്ഞു.
ബാഗുകൾ എടുക്കുന്നതിനു ഇടയിൽ ഇന്ദ്രൻ ഉഷയെ നോക്കുന്നുണ്ടായിരുന്നു.
സംസാരിക്കാൻ തോന്നിയെങ്കിലും ഉള്ളിലെവിടെയോ ഉറങ്ങി കിടന്ന വാശി അതിന് അനുവദിച്ചില്ല.
അനുവും ശിവയും ഉഷയുടെ പിന്നാലെ കൂടി.
ദേവകിയും അവരെ പരിചയപ്പെടുന്നുണ്ടായിരുന്നു.
ജാനു രുദ്രയുടെ മുറിയിലേക്ക് പോയി. പിന്നാലെ ഇന്ദ്രനും ചെല്ലുന്നുണ്ടായിരുന്നു. രുദ്ര മുറിയിൽ ബുക്ക് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“വീട്ടിൽ ആരെങ്കിലും വന്നാൽ പോലും അറിയാത്ത വായനയാണല്ലോ?”
ഇന്ദ്രൻ അതും പറഞ്ഞ് അവൾക്കരികിലേക്ക് ചെന്നു. രുദ്ര അതിശയത്തോടെ ഉന്തിയ വയറും താങ്ങി എഴുന്നേറ്റു.
“നിങ്ങൾ എപ്പോളാ വന്നത്? ശോ ഞാൻ അറിഞ്ഞതേ ഇല്ല.”
ജാനുവിന്റെ കയ്യിൽ പിടിച്ചു രുദ്ര പറഞ്ഞു.
“മാമന്റെ ഉണ്ണി അമ്മക്ക് നല്ല ഇടി കൊടുക്കണം ട്ടോ.”
രുദ്രയുടെ വയറിൽ പിടിച്ച് കൊണ്ട് ഇന്ദ്രൻ പറഞ്ഞു.
“നിന്റെ അടിയും ഇടിയും കൊണ്ടത് പോരാഞ്ഞിട്ടാണോ നീ എന്റെ കുട്ടിയെ കൂടെ ചീത്ത ആക്കണത്. നോക്കിക്കോ ഞങ്ങൾ പുറത്ത് വന്നിട്ട് മാമനെ ശെരിയാക്കും അല്ലേ മക്കളെ.”
രുദ്രയും വയറിൽ തടകി കൊണ്ട് പറഞ്ഞു. ജാനു ഇരുവരുടെയും പ്രവൃത്തികൾ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.
“അല്ല അമ്മായി എന്താ ഒന്നും മിണ്ടാതെ നിക്കണേ?”
ഇന്ദ്രൻ ജാനുവിനോടായി ചോദിച്ചു. അവൾ രുദ്രയുടെ വയറിലേക്ക് കുനിഞ്ഞ് രഹസ്യം പറയും പോലെ കൈ മറച്ചു വെച്ച് എന്തൊക്കെയോ പറഞ്ഞു.
“നീയെന്താ പറഞ്ഞേ?”
“അതൊക്കെ രഹസ്യാ..”
അവൾ കുസൃതിയോടെ പറഞ്ഞു.
യാത്രാക്ഷീണം കൊണ്ട് അന്നത്തെ ദിവസം പുറത്തേക്കൊന്നും പോയില്ല. ഉഷയോടും രുദ്രയോടും വിശേഷങ്ങൾ പറഞ്ഞ് വീട്ടിൽ തന്നെ ഇരുന്നു.
പിന്നെ വീടിനോട് ചേർന്നുള്ള കുളവും മാവും കാവും ഒക്കെ അവർക്ക് കാട്ടി കൊടുത്തു. നാളെ കാലത്ത് തന്നെ അടുത്തുള്ള അമ്പലത്തിൽ പോകാമെന്ന് ചട്ടവും കെട്ടി.
അനുവും ശിവയുമാണെങ്കിൽ ആകെ ത്രില്ലിൽ ആയിരുന്നു. കുറച്ചു വർക്ക് തീർക്കാൻ ഉള്ളത് കൊണ്ട് രാത്രിയിൽ ഭക്ഷണം കഴിച്ച് ഇന്ദ്രൻ നേരെ റൂമിൽ പോയിരുന്നു.
ജാനുവും ശിവയും ഉഷയും രുദ്രയും ദേവകിയുമൊക്കെ രുദ്രയുടെ മുറിയിൽ കാര്യായിട്ട് കത്തി അടിയിൽ ആയിരുന്നു.
കിടക്കാനുള്ള സമയം ആയിട്ടും ജാനുവിനെ കാണാതായതോടെ ഇന്ദ്രൻ നേരെ അങ്ങോട്ടേക്ക് വെച്ചു പിടിച്ചു.
റൂമിന് വെളിയിൽ വെച്ച് തന്നെ ഒച്ചയും അനക്കവും കേൾക്കാമായിരുന്നു.
“അതേ നിങ്ങൾക്ക് ഉറക്കം ഒന്നും വരുന്നില്ലേ?”
റൂമിലേക്ക് കയറി കൊണ്ട് ഇന്ദ്രൻ പറഞ്ഞു.
“ഇല്ല എന്തേയ്?”
രുദ്രയാണ് മറുപടി പറഞ്ഞത്.
“നീ ഉറങ്ങിക്കോ അതിന് എന്നാ?”
“നീ വരുന്നില്ലേ?”
ജാനുവിനെ നോക്കി കൊണ്ട് ഇന്ദ്രൻ ചോദിച്ചു.
“ഓ അങ്ങനെ.. അപ്പോ ഭാര്യയെ വിളിക്കാൻ വന്നതാണല്ലേ?”
രുദ്ര അത് പറഞ്ഞപ്പോളാണ് തനിക്ക് പറ്റിയ അബദ്ധത്തെ പറ്റി ഇന്ദ്രനും ചിന്തിച്ചത്. ഒരു ആവേശത്തിൽ വന്നു വിളിച്ചതായിരുന്നു.
അവന്റെ ചമ്മിയ മുഖം കണ്ടപ്പോൾ ഉഷയുടെയും രുദ്രയുടെയും മുഖത്തു പുഞ്ചിരി വിടർന്നു.
പിന്നെയും എന്തൊക്കെയോ പറയാൻ പോയ രുദ്രയെ ഉഷ കണ്ണുകൾ കൊണ്ട് തടഞ്ഞു.
“ഞാൻ വാതിൽ പൂട്ടി കിടക്കട്ടെ എന്ന് ചോദിക്കാൻ വന്നതാ. വേറെ ഒന്നുമില്ല.”
മുഖത്തു വന്ന ചമ്മൽ മറച്ചു കൊണ്ട് ഇന്ദ്രൻ എങ്ങനൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.
“അല്ലെങ്കിലും സ്നേഹമുള്ള ഭാര്യാ ഭർത്താക്കന്മാർ ഒരിക്കലും പിരിഞ്ഞു ജീവിക്കില്ല. രുദ്ര മോള് അവനെ കളിയാക്കേണ്ട കാര്യമൊന്നും ഇല്ല.”
ദേവകിയമ്മ കാര്യായിട്ട് തന്നെ ഓരോന്നും പറയാൻ തുടങ്ങി.
ഇടയിൽ ഇന്ദ്രൻ ജാനുവിനെ പാളി നോക്കിയപ്പോൾ ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന മട്ടിൽ ഇരിക്കുവാണ് കക്ഷി.
“ഏട്ടൻ പോയി കിടന്നോളു. ജാനു ചേച്ചി ഞങ്ങളുടെ കൂടെ കിടന്നോട്ടെ.”
അനുവാണ് അത് പറഞ്ഞത്.
“ആഹ് അത് ശെരിയാ. എത്ര നാളായി ചേച്ചിയുടെ കൂടെ കിടന്നിട്ട്.”
ശിവയും അതിനെ പിന്തുണച്ചതോടെ ഇന്ദ്രൻ പയ്യെ അവിടുന്ന് വലിഞ്ഞു.
“ഇത്രയും മാറ്റം ഞാൻ പ്രതീക്ഷിച്ചില്ലാട്ടോ.”
ചെവിയിലായി രുദ്ര അത് പറഞ്ഞപ്പോൾ ജാനുവിന്റെ കവിളിലും നാണത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു.
അന്നത്തെ രാത്രി ഇന്ദ്രന് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരു രാത്രി പോലും അവളെ പിരിഞ്ഞിരിക്കാൻ കഴിയാത്ത അത്രയും തങ്ങൾ അടുത്തോ?
അവന് തന്നെ അതിശയം തോന്നി. തനിക്ക് അവളോടുള്ള വികാരം അതെന്താണെന്ന് അവൻ ആലോചിച്ചു കൊണ്ടിരുന്നു.
പലപ്പോഴും അവളെ കുറിച്ച് മാത്രം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അറിയാതെ മനസ് കൈ വിട്ടു പോകുകയാണ്.
രാവിലെ അമ്പലത്തിൽ പോകേണ്ടതിനാൽ പതിവിലും നേരത്തെയാണ് ജാനു ഉണർന്നത്.
ഫ്രഷ് ആവാൻ ഡ്രസ്സ് ഒക്കെ ഇന്ദ്രന്റെ റൂമിൽ ആയത് കൊണ്ട് അനുവിനെയും ശിവയേയും തട്ടി വിളിച്ചിട്ട് അവൾ ഇന്ദ്രന്റെ റൂമിലേക്ക് പോയി.
ഇന്നലെ രാത്രി അവൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. സന്തോഷം വന്നാലും ഉറക്കം പോകുവോ?
അവൾക്ക് അതൊരു ആദ്യ അറിവായിരുന്നു. പലപ്പോഴും കരഞ്ഞാണ് ഉറങ്ങിയിട്ടുള്ളത്.
റൂം പൂട്ടിയിട്ടുണ്ടാവും എന്ന് കരുതി അവനെ വിളിക്കാൻ ഫോണൊക്കെ കൊണ്ടാണ് ജാനു പോയത്. പക്ഷെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. താൻ ഉണരും മുന്നേ ജാനു എത്തുമെന്ന് അവനും അറിയാമായിരുന്നു.
റൂമിലേക്ക് കയറിയതും അവളുടെ കണ്ണുകൾ ഇന്ദ്രനെ തിരഞ്ഞു. കൈകൾ കൊണ്ട് കണ്ണ് മറച്ചു കിടക്കുന്ന ഇന്ദ്രനെയും നോക്കി ഡ്രെസ്സുമെടുത്തു ഫ്രഷ് ആവാനായി അകത്തേക്ക് പോയി.
ചുവന്ന കരയുള്ള സെറ്റ് സാരി ആയിരുന്നു എടുത്ത് വെച്ചത്. ഫ്രഷ് ആയതിനു ശേഷം ഡ്രസിങ് ഏരിയയിൽ നിന്ന് സാരി ഉടുക്കാനും തുടങ്ങി.
മുന്താണിയുടെ പ്ലീറ്റ്സ് എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോളാണ് ഇന്ദ്രൻ ഉണർന്നത്. ജാനു വന്നതൊന്നും അറിയാതെ ഉറക്കച്ചടവിൽ അവൻ അകത്തേക്ക് കയറി.
ഇന്ദ്രൻ കയറി വന്നതും ജാനു പെട്ടെന്ന് പേടിച്ചു കാറി. അത് കണ്ടു അവനും പേടിച്ചു.
പിന്നീടാണ് രണ്ടാൾക്കും സ്ഥലകാല ബോധം ഉണ്ടായത്. ഇന്ദ്രൻ സോറി പറഞ്ഞ് പുറത്തേക്ക് നടന്നു.
സാരി ഉടുത്തു കഴിഞ്ഞിട്ടും പുറത്തേക്ക് വരാൻ അവൾക്ക് എന്തോ മടി തോന്നി. മടിച്ചു മടിച്ചാണ് അവൾ പുറത്തേക്ക് വന്നത്.
പക്ഷെ ഇന്ദ്രൻ അവിടെ ഉണ്ടായിരുന്നില്ല. അവൾ വേഗം റെഡി ആയി അനുവിന്റെയും ശിവയുടെയും റൂമിലേക്ക് പോയി.
ജാനു പോയതിന് ശേഷം വന്ന് ഇന്ദ്രനും റെഡി ആയി താഴേക്ക് ചെന്നു.
ഉഷ അവന് ചായ കൊണ്ട് കൊടുത്തു. അപ്പോളേക്കും ജാനുവും അവിടേക്ക് വന്നു.
“അല്ല മോളേ കുട്ടികൾ വരുന്നില്ലേ?”
“എന്റെ അമ്മേ ഞാൻ മടുത്തു. രണ്ടെണ്ണവും കേട്ട ഭാവം കാണിക്കാതെ കിടപ്പുണ്ട്. ഇനിയും നിന്നാൽ താമസിക്കും അതാ ഞാൻ ഇങ്ങോട്ട് വന്നത്.”
“ആഹ് പോട്ടെ. കുട്ടികളല്ലേ. ഉറക്കം മാറിയിട്ടുണ്ടാവില്ല. നിങ്ങൾ രണ്ടാളും പോയിട്ട് വാ.”
“മ്മ്.”
ഉഷയ്ക്ക് നേരെ തലയാട്ടി കൊണ്ട് അവളെ പതുക്കെ ഇന്ദ്രനെ നോക്കി. മൂപ്പര് ജാനുവിന് നേരെ നോക്കാതെ ചായ കുടിക്കുവാണ്.
രണ്ടാളും കൂടെ അമ്പലത്തിലേക്ക് ഇറങ്ങി.
“നടന്നു പോവാനുള്ളതേ ഉള്ളൂ.”
ഇന്ദ്രൻ ആരോടെന്നില്ലാതെ പറഞ്ഞു.
നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു.
പക്ഷികളുടെ കല പില ശബ്ദങ്ങൾ കേൾക്കാം. റോഡിൽ നിന്ന് ഒരു ചെറിയ വരമ്പിൽ കൂടെ വേണം അമ്പലത്തിലേക്ക് പോവാൻ. ഇന്ദ്രൻ മുൻപിൽ നടന്നു.
ജാനു ആണെങ്കിൽ സാരിയൊക്കെ ഇട്ടു വീഴുമോ എന്നുള്ള ഭയത്തിൽ നടക്കാൻ പാടു പെടുകയായിരുന്നു.
ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോളാണ് ജാനുവിന്റെ കഷ്ടപ്പാട് അവനും മനസിലായത്. തിരികെ ചെന്ന് അവൾക്ക് നേരെ കൈ നീട്ടി.
“ഇങ്ങനെ നടന്നാൽ പെട്ടെന്നൊന്നും ചെല്ലില്ല.കൈ പിടിച്ചു നടന്നോളു വീഴാതെ നോക്കിക്കൊള്ളാം.”
സംശയത്തോടെ തന്നെ നോക്കിയ ജാനുവിനോടായി അവൻ പറഞ്ഞു. ബലമായി അവളുടെ കൈകളിൽ പിടിച്ചു മുൻപിലായി അവൻ നടന്നു.
കുറേ കാലങ്ങൾക്ക് ശേഷം അന്നാണ് അവൾ മനസ് തുറന്നു ദൈവത്തിന് നന്ദി പറയുന്നത്.
കൽവിളക്കിന് മുന്നിൽ അവനോട് ചേർന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
തിരികെ വീട്ടിലേക്ക് നടക്കുമ്പോളും അവൻ അവളുടെ കൈകളെ ചേർത്ത് പിടിച്ചിരുന്നു.
(തുടരും )