Sunday, December 22, 2024
Novel

അനുരാഗം : ഭാഗം 13

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഇനി ഒരാഴ്ച്ച കൂടെ കഴിഞ്ഞാൽ യൂണിവേഴ്സിറ്റി എക്സാം ആണ്. അത് കഴിഞ്ഞാൽ ഏട്ടൻ ഇവിടുന്ന് പോകും. മനസ്സിൽ വല്ലാത്ത ഭാരം തോന്നി. എന്നായാലും ഒരിക്കൽ ഈ അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു.

അതിന് തയ്യാറാകുകയും ചെയ്തതാണ്. പക്ഷെ എന്തോ പ്രിയപ്പെട്ടത് എന്നെന്നേക്കുമായി നഷ്ടമാകും എന്നൊരു തോന്നൽ. തോന്നൽ അല്ല അതാണ് സത്യവും.

ശ്രീയേട്ടൻ ഇവിടുന്ന് മുംബയിൽ പോയി കഴിഞ്ഞാൽ പിന്നെ ചിലപ്പോൾ ഒരിക്കലും എന്നിലേക്ക് മടങ്ങി വരില്ലായിരിക്കും.

അല്ലെങ്കിലും മൂന്നു വർഷത്തോളം ഇവിടെ കണ്മുന്നിൽ ഉണ്ടായിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ? ഓർക്കുമ്പോൾ പേടി തോന്നി.

“അനു നീ ഞാൻ പറഞ്ഞ കാര്യത്തെ പറ്റി ചിന്തിച്ചോ?”

“പാറു ഞാൻ അതിനെ പറ്റിയാണ് ഓർക്കുന്നത്.”

“അതിനെ പറ്റി ഇനി എന്ത് ഓർക്കാനാണ്. ഇനി കൂടി പോയാൽ ഒരാഴ്ച അത്രേ ഉള്ളു. നീ എത്രയും വേഗം അയാളോട് സംസാരിക്കണം..!”

“ഞാൻ എന്താ പറയുക?”

“നിനക്ക് എന്താണ് മനസിൽ ഉള്ളത് അത് പറയണം.”

“ഞാൻ ഇത്രയും കാലം പുറകേ നടന്നതിന് അർത്ഥം ഇനി ഞാൻ പറഞ്ഞു മനസ്സിലാക്കണോ പാറു… ആർക്കാണ് എന്റെ ഇഷ്ടത്തെ പറ്റി അറിയാത്തത്?

അയാളുടെ പുറകേ നടന്നു എന്റെ കണ്ണുകൾ ഒരായിരം തവണ പറഞ്ഞിട്ടുണ്ടാവും എന്റെ ഇഷ്ടം. ഇനിയും മറ്റെന്താണ് പറയുക?”

“അയാൾക്ക് ഇതൊക്കെ അറിയാം അനു. പക്ഷെ ഇത്രയൊക്കെ ആയിട്ടും അവിടുന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല.

ആ സ്ഥിതിക്ക് ഇനിയും ഒന്നും പറയാതെ ആള് ഇവിടുന്ന് പോയാൽ പിന്നീട് അതോർത്തു വിഷമിച്ചിട്ടു കാര്യം ഉണ്ടോ?

നീ ജസ്റ്റ്‌ ഒന്ന് സംസാരിക്കൂ. നേരിട്ട് ഒന്ന് സംസാരിക്കുമ്പോൾ മനസ്സിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്നെങ്കിലും മനസിലാക്കാൻ ചിലപ്പോൾ കഴിയുമായിരിക്കും.”

പാറു പറയുന്നതിലും കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി. എത്രയും പെട്ടെന്ന് ഏട്ടനെ കണ്ടു സംസാരിക്കാൻ ഞാൻ കാത്തിരുന്നു.

കഴിഞ്ഞ രണ്ടു ദിവസം ഏട്ടനോട് മിണ്ടാൻ ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല. ഏട്ടനെ കാണുമ്പോൾ കാലുകൾ നിശ്ചലമാകുന്നു.

മനസ്സിൽ ഇത് വരെയില്ലാത്ത ഒരു വിമ്മിഷ്ടം. ഇങ്ങനൊക്കെ ആദ്യായിട്ടാ എനിക്ക് തോന്നുന്നത്.

എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ അത് താങ്ങാനുള്ള കരുത്ത് എനിക്കില്ലായിരുന്നു.

അതിനായി ഞാൻ തയ്യാറെടുത്തിരുന്നില്ല എന്ന് വേണം പറയാൻ. ഇന്നും അങ്ങനെ തന്നെ ഉണ്ടാവൂ എന്ന് കരുതിയാണ് കോളേജിൽ പോയത്.

“അനു ദേ നിന്റെ ഏട്ടൻ ലൈബ്രറിയിലേക്ക് പോകുന്നു നീ ചെല്ല്.”

പാറു ഇത് പറഞ്ഞപ്പോൾ ആദ്യം എന്നത്തേയും പോലെ പോകണ്ട എന്നാണ് കരുതിയത് പക്ഷെ പെട്ടെന്ന് ഒരു കരുത്ത് ലഭിച്ചത് പോലെ.

ഉള്ളിൽ നിന്നും ആരോ പോകാൻ പറയുന്നത് പോലെ. ആ ഒരു ശക്തിയിൽ എന്റെ കാലുകൾ ഏട്ടന്റെ പിന്നാലെ പോയി.

പതിവിലും വിപരീതമായി ഏട്ടൻ എന്നെ കണ്ട് ലൈബ്രറിയിലേക്ക് പോകുന്ന വഴിയിൽ കാത്തു നിന്നപ്പോൾ കടുത്ത വേനലിനിടയിൽ ഒരു ചെറു ചാറ്റൽ മഴ നനഞ്ഞ സുഖമാണ് തോന്നിയത്.

അറിയാതെ നാണമോ പേടിയോ എന്ന് തിരിച്ചറിയാനാവാത്ത വികാരം എന്നിൽ നിറഞ്ഞു.

ഏട്ടന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കുമ്പോൾ എവിടെയോ ഒരു തരി പ്രതീക്ഷ എന്നിൽ നാമ്പിട്ടിരുന്നു.

ഒന്നും മിണ്ടാതെ ഏട്ടന്റെ അടുത്ത് തല കുനിച്ചു നിക്കുമ്പോളും മനസു കൊണ്ട് ഒരു നൂറു വട്ടം ഞാൻ എന്റെ ഇഷ്ടം പറഞ്ഞിരുന്നു.

“അനു… ”

ഏട്ടൻ ആദ്യമായി എന്റെ പേര് വിളിച്ചിരിക്കുന്നു. ആ നിമിഷം സന്തോഷം കൊണ്ട് എനിക്ക് ഹാർട് അറ്റാക്ക് വരുമോ എന്ന് ഞാൻ പേടിച്ചു.

വന്നാലും ബാക്കി കൂടെ കേട്ടിട്ട് വന്നാൽ മതി. ഇതിനിടയിലും ഞാൻ നന്നായി ഏട്ടനെ നോക്കി.

ഇടക്ക് താഴേക്ക് നോക്കിയപ്പോൾ ഞങ്ങളെ നോക്കി നിക്കുന്ന എന്റെ ചങ്കുകളെയും ഞാൻ കണ്ടിരുന്നു.

“അനു… എന്താണ് ഒന്നും മിണ്ടാത്തത്?”

“അത് ഞാൻ.. എനിക്ക്.. ”

“എനിക്ക് അറിയാം നീ എന്താണ് പറയാൻ വരുന്നതെന്ന് പക്ഷെ ഇപ്പോൾ എനിക്ക് ഇതിനൊരു മറുപടി തരാനാവില്ല.

കാരണം അത്രത്തോളം ഞാൻ സ്നേഹിച്ചവരിൽ നിന്ന് അനുഭവിച്ചിട്ടുണ്ട്. ചൂട് വെള്ളത്തിൽ വീണ പൂച്ചയെ പോലെയാണ് ഞാൻ. ആ വീഴ്ച ഉണ്ടാക്കിയ പൊള്ളലിന്റെ ആഴം കണ്ടു നിക്കുന്നവർക്ക് ചിലപ്പോൾ മനസിലാവില്ല.

അനുവിന്റെ സ്നേഹം സത്യമുള്ളതാവും അല്ലെന്നല്ല ഞാൻ പറയുന്നത് പക്ഷെ ഇപ്പോൾ എനിക്ക് അനുകൂലമായ മറുപടി നൽകാൻ കഴിയില്ല.

ഒരു ക്രഷ് മാത്രമായിരിക്കും ഇത്. ചിലപ്പോൾ ഞാൻ പോയതിന് ശേഷം ഇത് അനുവിനും മനസിലാവും.”

ഒരു പുഞ്ചിരിയോടെ ഏട്ടൻ പറഞ്ഞ് അവസാനിപ്പിച്ചു. ആ മുഖത്തു നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ പ്രണയം നല്ല അസ്സലായി ആള് റിജെക്ട് ചെയ്തിരിക്കുന്നു.

എങ്കിലും എനിക്ക് വിഷമം ഒന്നും തോന്നിയില്ല അതോർത്തപ്പോൾ അത്ഭുതം തോന്നി. അതെന്താ അങ്ങനെ.

“എനിക്ക് കോളേജിനെ പറ്റി എന്തെങ്കിലും ഓർമ്മിക്കാൻ ഉണ്ടെങ്കിൽ അതിൽ അനുവും ഉണ്ടാവും.”

അവസാനം ഏട്ടൻ ഇത് പറഞ്ഞപ്പോൾ സത്യം പറയാല്ലോ എവിടോ ഒരു സന്തോഷവും തോന്നി. ഒന്നുമില്ലെങ്കിലും ഓർമ്മിക്കുമല്ലോ. അത് പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഇനിയെന്താണ് ഞാൻ പറയുക എന്ന് കരുതി തല ഉയർത്തുമ്പോളേക്കും ആള് തിരിഞ്ഞു നടന്നിരുന്നു.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12