Friday, January 3, 2025
Novel

നിഴലായ് മാത്രം : ഭാഗം 11

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

രവീന്ദ്രൻ മാഷിന്റെ വാക്കുകളും കടുത്തിരുന്നു.

“വാക്കോ എന്തു വാക്കു…”

എല്ലാവരും ഒരുപോലെ പകച്ചു. കാരണം ആ വാക്കു ഹർഷനു മാത്രേ അറിയാത്തതു ആയിട്ടുള്ളു.

“രവിയച്ഛൻ ഇതു എന്തൊക്കെയാ പറയുന്നേ. ഹർഷനും യാമിയും തമ്മിലുള്ള ഇഷ്ടത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്” ഹർഷൻ ഒന്നും അറിയാതെ ഇരിക്കാൻ ഉണ്ണി പരമാവധി ശ്രമിച്ചുകൊണ്ടു പറഞ്ഞു തുടങ്ങി.

“എന്നാലും മോളെ…” രവീന്ദ്രന് വാക്കുകൾ തടഞ്ഞു പോയി.

“ഡാ… അവർ പരസ്പരം ഇഷ്ടത്തിൽ ആകുമ്പോൾ….അവന്റെ ഇഷ്ടം നടക്കട്ടെ. അവൻ കണ്ടുപിടിക്കുന്നത് എന്തായാലും മോശം ആകാൻ വഴിയില്ല. നല്ല കുട്ടിയായിരിക്കും. അല്ലെടോ ഹർഷാ” രാധാകൃഷ്ണൻ കൂടി ഹർഷന്റെ ഭാഗം പറഞ്ഞു.

“നിങ്ങൾ വലിയവർ തീരുമാനം വേഗം പറ. ആ കൊച്ചിന് വേറെ ആലോചനകൾ വരുന്നുണ്ട്. അടുത്തു തന്നെ എല്ലാരും കൂടെ പെണ്ണുകാണാൻ പോകാം. കുറെ ആയി അതു കാത്തിരിക്കുന്നു.” അതും പറഞ്ഞു അമ്പടിയേയും എടുത്തു കൊണ്ട് ഉണ്ണി പതിയെ തൊടിയിലേക്കു ഇറങ്ങി. പുറകെ ബാലുവും.

കുറച്ചു നടന്നു മാവിന്റെ അടുത്തു എത്തിയപ്പോൾ ഉണ്ണിയുടെ കൈപിടിച്ചു തിരിച്ച ബാലുവിന് അഭിമുഖമായി നിർത്തി.

“നിനക്കു വിഷമം ഇല്ലേ” ബാലുവിന്റെ ചോദ്യം

ഉണ്ണി യാന്ത്രികമായി തലയാട്ടി.

“എന്നാലും…”ബാലുവിനു സങ്കടം കൊണ്ടു കണ്ണു നിറയുന്നുണ്ടായിരുന്നു.

ഉണ്ണി അവന്റെ കൈകളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“ഹർഷന്റെ മനസ്സിൽ യാമിയോടുള്ള സ്നേഹത്തിനു വർഷങ്ങളുടെ പഴക്കം ഉണ്ടെട. അവനു അത്രക്കും ഇഷ്ടമാണ്. അവൾക്കും. അവർ ആണ് ഒന്നിക്കേണ്ടത്. അല്ലെങ്കിൽ ഇത്രയും നാളിന് ഇടയിൽ എന്നോട് അങ്ങനെ ഒരു ഇഷ്ടം അവനു എന്നോട് തോന്നിയില്ലലോ.”

“എങ്ങനെ തോന്നും… ചേച്ചിക്ക് എങ്കിലും ചേട്ടനോട് തുറന്നു പറയാമായിരുന്നില്ലേ. ആരെങ്കിലും ഒരാൾ മനസ്സു തുറന്നു പറഞ്ഞിരുന്നെങ്കിൽ…. ” പാറു ആയിരുന്നു. ഉണ്ണിയോട് ആണ് പറയുന്നതെങ്കിലും അതു ബാലുവിന്റെ നെഞ്ചിലും കൊള്ളുന്നുണ്ട്.

“പാറു… അങ്ങനെ പറയരുത്. എല്ലാവരും ഞങ്ങളുടെ മനസിൽ അങ്ങനെ ഒരിഷ്ടം ഉണ്ടെങ്കിൽ നടത്തി തരാം എന്ന് പറഞ്ഞത് ആയിരുന്നു. സത്യത്തിൽ അതു കേട്ടപ്പോൾ ആയിരുന്നു എന്റെ മനസിലും അങ്ങനെ ഒരു മോഹം തോന്നിയത്. അതുവരെ ഞാനും ഹർഷനെ അങ്ങനെയൊന്നും കണ്ടില്ലായിരുന്നു. ഹർഷനു ഞാൻ അവന്റെ സ്വന്തം കൂട്ടുകാരി മാത്രം ആണെന്ന് എനിക്ക് മനസിലായി. ആ മനസിൽ അതിനും അപ്പുറം ഒരു സ്ഥാനം എനിക്കില്ല.” ഉണ്ണി പാറുവിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു.

“ആരും പരസ്പരം ഒന്നും തുറന്നു പറയില്ല. നഷ്ടപ്പെടും എന്നു തോന്നിയാൽ എങ്കിലും ചേർത്തു പിടിച്ചാൽ മതിയായിരുന്നു.” പാറു ആരോടെന്നില്ലാതെ പറഞ്ഞു. പക്ഷെ ആ കൂരമ്പുകൾ ബാലുവിന്റെ ഹൃദയത്തിൽ തട്ടി ചോര പൊടിയുന്നത് അവൾ അറിഞ്ഞിരുന്നില്ല.

ഹർഷൻ ഒരു ചിരിയോടെ അവർക്കൊപ്പം കൂടി.

“ബുധനാഴ്ച പെണ്ണു കാണാൻ പോകാമെന്ന് അച്ഛൻ പറഞ്ഞു” ഹർഷന്റെ വാക്കുകളിൽ വളരെ സന്തോഷം ആയിരുന്നു. യാമിയെ അറിയിക്കാൻ ആയി അവൻ ഫോൺ എടുത്തു.

“എനിക്ക് തന്ന വാക്കിന്റെ പേരിൽ നീ വിഷമിക്കാതെ. നമ്മൾ മുൻപും പറഞ്ഞിരുന്നു അവർ സ്വയം മനസിൽ തോന്നി പറയട്ടെ എന്നു. അങ്ങനെ ഒരു തീരുമാനം അന്നെടുത്തത് നന്നായെന്നു ഇപ്പോൾ തോന്നുന്നു. നമ്മൾ അവരുടെ മനസിലേക്ക് ഇഷ്ടം കുത്തി നിറച്ചില്ലല്ലോ…. അങ്ങനെ ആയിരുന്നെങ്കിൽ അതൊരു ഏച്ചു കേട്ടൽ ആയേനെ” രാധാകൃഷ്ണൻ കൂട്ടുകാരനെ സമാധാനപ്പെടുത്തി കൊണ്ടിരുന്നു.

“ആഗ്രഹിക്കാതെ ഇരുന്ന ഉണ്ണി മോളുടെ മനസിലേക്ക് നമ്മൾ ആയിട്ടു മോഹിപ്പിച്ചിട്ടു… എനിക്ക് അവളുടെ മുഖത്തു നോക്കാൻ കഴിയുന്നില്ല…” രവീന്ദ്രന് സങ്കടം വിട്ടൊഴിയുന്നില്ല.

“അവളെ ഓർത്തു നീ സങ്കടപെടേണ്ട… അവരുടെ ഇഷ്ടം വളരെ നേരത്തെ തന്നെ ഉണ്ണി അറിഞ്ഞത് ആയിരുന്നു. മനസു അതുകൊണ്ടു തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. മുഴുവൻ ആയിട്ടല്ല എങ്കിൽ കൂടിയും അവൾ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. പിന്നെ കുറച്ചു കൂടെ കഴിഞ്ഞാൽ ഒരു കല്യാണം കഴിക്കാമെന്ന് അവൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.” രാധാകൃഷ്ണൻ പിന്നെയും സ്വന്തന വാക്കുകൾ രവീന്ദ്രനുമേൽ ചൊരിഞ്ഞു.

ഇന്നാണ് ഹർഷനെയും യാമിയുടെയും കല്യാണത്തിന്റെ ആദ്യ പടി ആയി ചെക്കന്റെ വീട്ടിലെ അതായത് ഹർഷന്റെ വീട്ടിൽ നിശ്ചയം. പെണ്ണുകാണൽ ചടങ്ങു പലവിധ കാരണങ്ങൾ പറഞ്ഞു ഉണ്ണി പോയില്ല. പക്ഷെ ഇതു…. എങ്ങിനെ മുടക്കുമെന്നു ഒരു ഊഹവുമില്ല.

“മോളെ ഇന്നത്തെ ചടങ്ങു കൂടി നീ പോകാതെ ഇരുന്നാൽ ഹർഷനു വിഷമം കൂടുകയെയുള്ളൂ. നിനക്കു അറിയാലോ അവനെ. എന്തായാലും മോളിന്നു കോളേജിൽ പോകേണ്ട.” രാധാകൃഷ്ണൻ കൂടി പറഞ്ഞപ്പോൾ ഉണ്ണിമായ ലീവു എടുക്കാമെന്ന് തന്നെ കരുതി.

കുളിച്ചു നല്ലൊരു ധാവണിയും ഉടുത്തുകൊണ്ടു പൂങ്കുന്നതെക്കു പോയി. ചെറിയൊരു പന്തൽ ഒരുക്കിയിരുന്നു. വരുന്നവർക്ക് സദ്യ ഏർപ്പാട് ചെയ്തതുകൊണ്ട് പണിയൊന്നും കാര്യമായി ഉണ്ടായില്ല. വരുന്നവർക്ക് കൊടുക്കാനുള്ള വെൽക്കം ഡ്രിങ്ക് മാത്രം ഉണ്ടാക്കിയാൽ മതിയായിരുന്നു.

ചെന്നതും അവൾ നേരെ അടുക്കളയിലോട്ടു വച്ചു പിടിച്ചു. അവിടെ എല്ലാവരും ഉണ്ടായിരുന്നു. ഗോപനും ഇന്ന് ലീവ് എടുത്തിരുന്നു. പാറു അമ്പടിയെ എടുത്തിട്ടുണ്ട്. എങ്കിലും മുഖം കടുത്തിരിക്കുന്നു. ബാലു ചിലപ്പോൾ വരില്ലായിരിക്കും. അതിന്റെ ആകുമെന്ന് കരുതി.

“ഈ പെണ്ണു ഇതെന്താ ഏടത്തിയെ ഇങ്ങനെ മുഖം വച്ചിരിക്കുന്നെ….”അമ്പാടിയെ കയ്യിൽ എടുത്തുകൊണ്ടു ഉണ്ണിമായ ചോദിച്ചു.

“എന്റെ ഏടത്തി…”…പാറു ഉണ്ണിമായയെ നോക്കെ അവൾ തിരികെ കണ്ണു കൂർപ്പിച്ചു നോക്കി

“എന്നെ നോക്കി പേടിപ്പിക്കണ്ട…നാവു വിളിച്ചു ശീലിച്ചതെ വഴങ്ങു…അതെന്റെ കുറ്റമല്ല” പാറു ക്ഷമാപണം പോലെ പറഞ്ഞു.

തിരികെ ഒരു പുഞ്ചിരി ആയിരുന്നു ഉണ്ണിയുടെ മറുപടി.

“എനിക്ക് തീരെ പിടിക്കുന്നില്ല യാമിയുടെ അമ്മയെ” പാറു അരിശത്തിൽ തന്നെയാണ്.

“ഡി… യാമിയെന്നോ…നിന്റെ മടിയിൽ വച്ചാണോ പേരിട്ടത്…ഏടത്തി എന്നു തന്നെ വിളിക്കണം” ഗോപൻ പാറുവിന്റെ ചെവി പിടിച്ചുകൊണ്ടു പറഞ്ഞു. ചെറുതായി നോവുന്നുണ്ടായിരുന്നു അവൾക്കു. കണ്ണിൽ നീരു നിറഞ്ഞതു കണ്ടപ്പോൾ ഗോപൻ പെട്ടന്ന് പിടിവിട്ടു. അവളുടെ കണ്ണുകൾ നിറയുന്നത് അവനു സഹിക്കില്ല.

“അതിനു ഹർഷൻ കെട്ടികൊണ്ടുവരുന്നത് യാമിയെ ആണ് അവളുടെ അമ്മ കൂടെ പൊരില്ല.” ഉണ്ണി അവളെ സമാധാനിപ്പിച്ചു.

“അതല്ല ചേച്ചി…എനിക്ക് സംശയമുണ്ട്”

“എന്തു…” എല്ലാവരും അവളുടെ നേരെ തിരിഞ്ഞു.

“യാമി ഏടത്തി ഒറ്റ മോൾ അല്ലെ. അവരുടെ അച്ഛൻ ലണ്ടനിൽ ബിസിനെസ്സ്. വെൽ സെറ്റൽഡ് ഫാമിലി. ചേച്ചിയുടെ ഒറ്റ നിർബന്ധം മൂലം നടക്കുന്ന കല്യാണം ആണിതെന്നു തോന്നുന്നു. അവരെപോലുള്ളവർക്കു നമ്മുടെ നാട് സെറ്റ് ആകുമോ…എനിക്ക് തോന്നുന്നില്ല. ഭാവിയിൽ അവരുടെ ബിസിനെസ്സ് കൂടി ഏട്ടൻ നടത്തേണ്ടി വരുമോ…ചിലപ്പോ ഏട്ടൻ അവിടെ സെറ്റൽഡ് ആയാലോ…യാമി ഏടത്തിയുടെ അമ്മയുടെ ചില സംസാരത്തിൽ അന്ന് എനിക്ക് അങ്ങനെ തോന്നി…അപ്പൊ മിക്കവാറും ഏട്ടൻ അവിടേക്ക് പറിച്ചു നടും”

പാറു അവളുടെ സംശയം പറഞ്ഞു അവസാനിപ്പിച്ചു ദീർഘശ്വാസം വിട്ടു എല്ലാവരെയും നോക്കി. എല്ലാവരുടെയും മുഖത്തു മ്ലാനത മാത്രം കാണാം. പറഞ്ഞതു ഇനി അബദ്ധം ആയോ എന്നുപോലും തോന്നി പോയി. ആരുമാരും ഒന്നും മിണ്ടുന്നില്ല. പക്ഷെ എല്ലാവരുടെയും മനസിൽ പാറു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ഒരു കാര്യം മനസിൽ കരട് പോലെ കിടന്നാൽ അതിനെ പൊടിപ്പും തൊങ്ങലും വച്ചു പെരുപ്പിച്ചു കണ്ണീർ പൊഴിക്കാൻ നമ്മുടെ മനസിന്‌ വല്ലാത്ത ഒരു കഴിവും നേരം പോക്കും ആണല്ലോ.

പെട്ടന്ന് ആയിരുന്നു ഹർഷൻ കേറി വന്നത്.

“ഏടത്തി…എനിക്ക് ഒരു ചായ തന്നെ… ” എല്ലാവരും പെട്ടന്ന് സ്വബോധത്തിലേക്കു വന്നു.

അവൻ എല്ലാവരെയും മാറി മാറി നോക്കി.

“നിങ്ങൾക്കൊക്കെ എന്താ പറ്റിയത്… എന്താ എല്ലാരും ഇങ്ങനെ നിൽക്കുന്നെ”

അപ്പോഴേക്കും ഒരു ഗ്ലാസ് ചായ കപ്പിൽ നിന്നും പകർത്തി ചൂടോടെ തന്നെ ഹർഷന്റെ കൈകളിൽ കൊടുത്തു മീനു. അവൻ ഗ്ലാസ്സും പിടിച്ചു ഉണ്ണിയെ നോക്കി കണ്ണടച്ചു കൊണ്ടു പുറത്തേക്കു ഇറങ്ങി.

എല്ലാവർക്കും അപ്പോഴാണ് ശ്വാസം നേരെ വീണത്. പാറു പറഞ്ഞതു എങ്ങാനും ഹർഷൻ കെട്ടിരുനെങ്കിൽ നല്ല ചീത്തയോ അടിയോ കിട്ടുമായിരുന്നു അവൾക്കു.

പുറത്തേക്കു പോയ ഹർഷൻ പെട്ടന്ന് തന്നെ അകത്തേക്ക് കേറി വന്നു പാറുവിന്റെ മൂക്കിന് തുമ്പിൽ നുള്ളികൊണ്ടു പറഞ്ഞു…

“എന്റെ ലോകം നിങ്ങളാണ്…ഈ വീടും ഇവിടെയുള്ളവരും… തൊടിയും…ബാലുവും… പിന്നെ എന്റെ ഉണ്ണിയും. ഒരു യാമിക്കു വേണ്ടിയും ഞാൻ ഇതൊന്നും നഷ്ടപ്പെടുത്തില്ല. എന്റെ കുഞ്ഞി പെങ്ങള് വല്ലാതെ തല പുകയ്ക്കണ്ട കേട്ടോ” അതും പറഞ്ഞു എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് നടന്നു അകന്നു. അപ്പോഴാണ് ശരിക്കും എല്ലാവർക്കും ശ്വാസം നേരെ വീണത്.

പത്തുമണിയോടെ തന്നെ വിരുന്നുകാർ എത്തിയിരുന്നു. ഒരു ട്രാവെലെർ ആളുകൾ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം. യാമിയുടെ അമ്മയും ഉണ്ടായിരുന്നു. എല്ലാവരും പറമ്പും വീടുംമെല്ലാം ചുറ്റി കണ്ടു. യാമിയുടെ അമ്മയുടെ മുഖത്തു കുറച്ചു തെളിച്ച കുറവുപോലെ കണ്ടു. പക്ഷെ യാമിയുടെ അച്ഛൻ വളരെ സന്തോഷവാൻ ആയി തോന്നി.

കുടുംബത്തിലെ എല്ലാവരെയും പരിചയപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. ഉണ്ണിമായയെയും ബാലുവിനെയും വിട്ടില്ല. ഒരു കുടുംബം എന്നപോലെ പരിചയപ്പെടുത്തിയത് യാമിയുടെ അമ്മയ്ക്ക് അത്ര ദഹിച്ചില്ല.

“ഓഹ്…ഇതാണല്ലേ ഉണ്ണിമായ..” ഉണ്ണിമായയെ ഒരു അപലക്ഷണം പോലെ നോക്കി കൊണ്ടു യാമിയുടെ അമ്മ പറഞ്ഞു. അവരുടെ ആ വാക്കുകൾ ഉണ്ണിയിൽ എന്തോ അലോസരപ്പെടുത്തി. അവൾ പിന്നെ അധികം അവരുടെ മുന്നിൽ പെടാതെ നടന്നു. അടുത്ത ആഴ്ച തന്നെ കല്യാണ നിശ്ചയം നടത്താൻ തീരുമാനം ആയി. അതിനിടയിൽ ഒരു ദിവസം ഡ്രസ് എടുക്കാൻ പോകാനും. വിരുന്നു കഴിഞ്ഞു അവർ ഇറങ്ങി.

വൈകീട്ട് വരെ അത്യാവശ്യം പണികൾ ഉണ്ടായിരുന്നു. അതെല്ലാം ഒതുക്കി എല്ലാവരും ഒരുമിച്ചു ഇരുന്നു സംസാരിക്കുകയായിരുന്നു. ഹർഷൻ ഇരുന്ന ഭാഗത്തു ആയിരുന്നു ഉണ്ണിയുടെ ഫോൺ ഇരുന്നത്. റിങ് ചെയ്യുന്നത് കേട്ടപ്പോൾ അവൻ ഫോൺ എടുത്തു നോക്കി.

അനന്തു കാളിങ്…. ഹർഷന്റെ മുഖം എന്തോ പെട്ടന്ന് മങ്ങി. അവൻ ഫോൺ എടുത്തു പുറത്തേക്കു ഇറങ്ങി.

അപ്പോഴേക്കും കാൾ കട്ട് ആയിരുന്നു.

“ആരാടാ വിളിച്ചേ… അനന്തു അല്ലെ” ഉണ്ണിമായ പുറകെ വന്നു ചോദിച്ചു.

“കാണാതെ നിനക്കു എങ്ങനെ മനസിലായി”

“റിങ് ചെയ്ത പാട്ടു അവന്റെ കാൾ വരുമ്പോൾ സെറ്റ് ചെയ്തത്…” ഉണ്ണി മറുപടി കൊടുത്തു.

ഹർഷൻ ആ പാട്ടു ഏതാണെന്നു ആലോചിച്ചു ഒരു നിമിഷം കണ്ണടച്ചു ഓർത്തു നിന്നു.

🎶 അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല് തൊട്ടു ഞാന് നല്കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്
നിന് മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീ അറിഞ്ഞു
എന് നിനവെന്നും നിന് നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്🎶

ഹർഷന്റെ മനസ്സു വരികളിലെ അർത്ഥങ്ങളിലേക്കു കുതിച്ചു… അവന്റെ മുഖം ദേഷ്യം കൊണ്ടു ചുവന്നു.. അവൻ ആകെ നിന്നു വിയർത്തു. ഉണ്ണി അവന്റെ ഭാവമാറ്റം കണ്ടു ഭയന്നു.

“ഹർഷാ…എന്താടാ”

“ഹേയ്..ഒന്നുമില്ല” അവൾക്കു മുഖം നൽകാതെ തിരിഞ്ഞു നിന്നു കൊണ്ടു പറഞ്ഞു.

“ഹർഷാ… അനന്തു…അവൻ എന്നെ പ്രൊപോസ് ചെയ്തു…അച്ഛനോടു സംസാരിക്കാൻ വരട്ടെയെന്നു ചോദിക്കുന്നു”

ഉണ്ണിയുടെ വാക്കുകൾ കേട്ടതും അവനിൽ ഒരു ഞെട്ടൽ ഉണ്ടായി . കണ്ണുകളിൽ മിഴിനീർ നിറഞ്ഞു. നെഞ്ചിൽ ഭാരം കൂടിയപോലെ…

അവൻ തിരിഞ്ഞു ഉണ്ണിയുടെ മുഖം കൈകളിൽ എടുത്തു അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി….ദേഷ്യം കൊണ്ടു അവന്റെ പിടുത്തിൽ അവളുടെ കവിളുകൾ വേദനിക്കുന്നുണ്ടായിരുന്നു.

“എന്നെ വിട്ടു പോകുമോ നീ…പോകല്ലേ… നീയില്ലാതെ എനിക്ക് പറ്റില്ല”

പല്ലുകൾ കടിച്ചു പിടിച്ചുള്ള അവന്റെ വാക്കുകൾ കേട്ടപ്പോൾ… അവന്റെ ആ നേരത്തെ ഭാവം കണ്ടപ്പോൾ… കണ്ണുകളിൽ എരിയുന്ന ദേഷ്യത്തെ കണ്ടപ്പോൾ ഇനിയും ഒരിക്കൽ കൂടി ഓർമയിൽ പോലും വരരുതെന്നു ആഗ്രഹിച്ച പഴയ ഹർഷനെ അവൾ കണ്ടു…!!

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

നിഴലായ് മാത്രം : PART 1

നിഴലായ് മാത്രം : PART 2

നിഴലായ് മാത്രം : PART 3

നിഴലായ് മാത്രം : PART 4

നിഴലായ് മാത്രം : PART 5

നിഴലായ് മാത്രം : PART 6

നിഴലായ് മാത്രം : PART 7

നിഴലായ് മാത്രം : PART 8

നിഴലായ് മാത്രം : PART 9

നിഴലായ് മാത്രം : PART 10