Saturday, December 14, 2024
Novel

സമാഗമം: ഭാഗം 27

എഴുത്തുകാരി: അനില സനൽ അനുരാധ

അടഞ്ഞ കൺപോളകൾ മീര പ്രയാസപ്പെട്ട് വലിച്ചു തുറന്നു. തല ശക്തമായി വേദനിച്ചു കൊണ്ടിരുന്നു… താൻ ഇപ്പോൾ എവിടെയാണ്… അവൾ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചതും ആരോ അവളുടെ തോളിൽ പതിയെ പിടിച്ചു… “പതിയെ… ഡ്രിപ് കയറ്റുന്നുണ്ട്… ” ഹേമലത പറഞ്ഞു. ആ സ്ത്രീ ഹേമന്ദിന്റെ അമ്മയാണെന്ന് അവൾക്ക് മനസ്സിലായി… കണ്ണുകൾ മുറിയിൽ ആകെയൊന്നു പരതി… ബൈസ്റ്റാന്റർക്കുള്ള ബെഡിൽ കിടന്ന് നന്ദൂട്ടി ഉറങ്ങുന്നതു കണ്ടതും തെല്ലു ആശ്വാസം തോന്നി… അവൾ മിഴികൾ പൂട്ടി കിടന്നു… തല പൊട്ടി ചോരയൊലിച്ചു നിൽക്കുന്ന ഹേമന്ദിന്റെ രൂപം ഉള്ളിൽ നിറഞ്ഞു…

ഹേമന്ദ് വലതു കൈ കൊണ്ടു തലയിൽ തൊട്ട് നോക്കി… ചോര അവന്റെ കയ്യിലേക്ക് പടർന്നു… വേദന… ദേഷ്യം… പ്രതികാരം എല്ലാം കൂടെ ഹേമന്ദ് പുകഞ്ഞു… മീരയെ പിടിച്ചു ചുമരിലേക്ക് തള്ളിയിടുമ്പോൾ അവനിൽ അവളെ വലിച്ചു കീറാനുള്ള പക നുരഞ്ഞു പൊന്തി … നെറ്റി ചുമരിൽ ഇടിച്ച് അവൾ നിലത്തേക്ക് ഊർന്നു വീണു… എന്നിട്ടും കോപം സഹിക്കാൻ കഴിയാതെ അവളെ ചവിട്ടാൻ കാൽ ഉയർത്തി… നെറ്റിയിൽ നിന്നും രക്തം ഒഴുകുമ്പോഴും അവൾ നിസ്സംഗതയോടെ അവനെ നോക്കി… “ചവിട്ടി കൊന്നേക്ക് എന്നെ… ” മിഴികൾ അടഞ്ഞു പോകുമ്പോൾ അവ്യക്തമായി അവൾ പറഞ്ഞു … “അയാൾ പോയോ? ” കണ്ണുകൾ തുറന്ന് മീര തിരക്കി… “ഇല്ല… തലയിൽ സ്റ്റിച്ച് ഇട്ടിട്ടുണ്ട്… ” “ഹ്മ്മ്… ” “മോൾ അവന്റെ ഭാര്യയല്ലേ? ” “അല്ല… ” “ആ കുഞ്ഞ്? ” “ഞങ്ങൾക്ക് ഇവിടെ നിന്നും രക്ഷപ്പെടണം അമ്മേ… ”

വിതുമ്പലോടെ പറഞ്ഞ് അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കിടന്നു… “കല്യാണ ഫോട്ടോ ഞാൻ കണ്ടിരുന്നല്ലോ മോളെ…” അമ്മ പറഞ്ഞപ്പോൾ അവൾ കണ്ണുകൾ തുറന്നു… “ഫോട്ടോ മാത്രമേ കണ്ടുള്ളൂ… വേറെ എന്തെങ്കിലും പറഞ്ഞോ? ” “രണ്ടാളും പിണക്കത്തിൽ ആയിരുന്നു. ഇനി എല്ലാം തീർത്ത് ഒരുമിച്ച് ജീവിക്കണം എന്നു പറഞ്ഞു… ” അവൾ ഒന്നു മന്ദഹസിച്ചു … “എല്ലാ പിണക്കവും മറന്ന് ഒരുമിച്ച് ജീവിച്ചൂടെ? ” അമ്മ അപേക്ഷ പോലെ തിരക്കി… “ചോദിക്കാൻ എളുപ്പമാണ്… പക്ഷേ അമ്മയ്ക്ക് ഒന്നും അറിയില്ല… ചതിയനായ ഹേമന്ദിനെ കുറിച്ച് അമ്മയ്ക്ക് ഒന്നും അറിയില്ല…” “അവൻ ഒരു പാവമായിരുന്നു മോളെ… പക്ഷേ ഇപ്പോൾ അമ്മയ്ക്ക് ഒന്നും അറിയില്ല. ചോദിച്ചാലും അവൻ ഒന്നും വിട്ടു പറയില്ല…”

“എന്റെ ജീവിതം തകർത്തവനാണ് അമ്മയുടെ മോൻ… ഇപ്പോൾ എനിക്കൊരു ഭർത്താവുണ്ട്… എന്നെയും മോളെയും സ്നേഹത്തോടെ കാത്തിരിക്കുന്ന കുറച്ചു പേരുണ്ട്… അവിടെയെ എനിക്കിനി ജീവിതമുള്ളു…” “അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല മോളെ… ” “ഞാൻ എല്ലാം പറയാം… ” അവൾ പറയുന്നതെല്ലാം അമ്മ നെഞ്ചു പൊള്ളുന്ന വേദനയോടെ കേട്ടു… മകനോട് ആദ്യമായി അവർക്ക് വെറുപ്പ് തോന്നി… “ഇനി അമ്മ പറയൂ… അയാളെ സ്നേഹിക്കാനും അംഗീകരിക്കാനും ഏതെങ്കിലും പെണ്ണിന് കഴിയുമോ? ഓർമ്മ വെച്ച നാൾ മുതൽ തുടങ്ങിയ പരീക്ഷണങ്ങളാണ്… ഇനിയും വയ്യ അമ്മേ… ” മുഖം അവരിൽ നിന്നും ചെരിച്ചു പിടിച്ച് അവൾ പറഞ്ഞു… ***

നന്ദുവിന്റെ അടുത്ത് പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു ശിവമോൾ… “നന്ദൂറ്റി എപ്പോ വരും നന്ദു മാമാ… ” അവൾ സങ്കടത്തോടെ തിരക്കി… “വരും… വേഗം വരും…” “മോൾക്ക്‌ സങ്കടം വരുവാ…” നന്ദു അവളുടെ നിറുകെയിൽ അധരങ്ങൾ ചേർത്തു …. ദീപ അവരുടെ അടുത്തേക്ക് വന്നു… “ദീപു വിളിച്ചോ മോളെ? ” “ആഹ് ! ആ സൂരജിന്റെ വീട്ടിൽ നിന്നും ഇറങ്ങിയെന്നു പറഞ്ഞു.” “ഹ്മ്മ്… ” “എന്താ നന്ദേട്ടാ? ” ദീപ അവന്റെ അരികിലായി ഇരുന്നു… അവൻ വേദനയോടെ പുഞ്ചിരിച്ചു… “അവളും മോളും വരും… എനിക്ക് ഉറപ്പുണ്ട്…” ദീപ പറഞ്ഞു… നന്ദു ഒന്നും പറയാതെ അവളുടെ ഇരു കൈകളും കൂട്ടിപ്പിടിച്ചു… “അവളും ഇപ്പോൾ നമ്മളെ ഓർത്തു വിഷമിക്കുന്നുണ്ടാകും. നമ്മൾ ഇല്ലാതെ അവൾക്ക് പറ്റില്ല… ഒരു ഹേമന്ദിനും അവളെ മാറ്റാൻ പറ്റില്ല…

എന്റെ നന്ദേട്ടനാ അവളുടെ മനസ്സ് നിറയെ…” “എന്നും കൂടെ ഉണ്ടാകണേ എന്ന് അവൾ പറഞ്ഞിട്ടും അവളെ സംരക്ഷിക്കാനുള്ള കഴിവ് ഇല്ലാത്തവനായി പോയല്ലോ ഞാൻ…” “അങ്ങനെയൊന്നും ചിന്തിക്കണ്ട… അയാൾ ഒരിക്കൽ തിരിച്ചു വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചതു തന്നെയല്ലേ.. ഇനി അവൾ മടങ്ങി വരുമ്പോൾ അയാളുടെ ശല്ല്യം എന്നന്നേക്കുമായി ഒഴിഞ്ഞു പൊയ്ക്കോളും… ” അവന്റെ കൈകൾ അവളുടെ കൈകളിൽ ഒന്നു കൂടെ മുറുകി…

ഹേമന്ദ് വീട്ടിൽ എത്തുമ്പോൾ ഇരുട്ട് പരന്നു തുടങ്ങിയിരുന്നു… മീരയെ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു… നന്ദൂട്ടിയുടെ കരച്ചിൽ കാരണം ഹേമന്ദ് അമ്മയോടൊപ്പം അവരെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു… ഡ്രൈവർ ഗേറ്റ് തുറന്ന് കാർ മുറ്റത്തേക്ക് കയറ്റിയിട്ടു… “ഇവിടെ ആരും ഇല്ലെന്ന് തോന്നുന്നു… ” കാറിന്റെ ഡോർ തുറന്നു കൊടുക്കുമ്പോൾ ഡ്രൈവർ പറഞ്ഞു… “ഏയ്‌… അങ്ങനെ വരാൻ വഴിയില്ലല്ലോ.. ” ഹേമന്ദ് കാറിൽ നിന്നും ഇറങ്ങുമ്പോൾ മറ്റൊരു കാർ കൂടെ ഗേറ്റിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ഹേമന്ദിന്റെ സഹോദരിയായ അജിതയും ഭർത്താവായ വേണുവും ഇറങ്ങി വന്നു… “എന്താ അപ്പൂ… അമ്മ എവിടെ? വീട്ടിൽ അച്ഛൻ തനിച്ചാണ് വീട്ടിലേക്ക് വരണം എന്നും പറഞ്ഞ് ഫോൺ ചെയ്തിരുന്നല്ലോ…” അജിത പറഞ്ഞു. “ഞാൻ ഇപ്പോൾ വന്നേയുള്ളു ചേച്ചി… എനിക്ക് അറിയില്ല… ” “നിന്റെ നെറ്റിയിൽ ഇത് എന്തു പറ്റിയതാ…” “അതൊന്നു വീണു… ” “അമ്മ വിളിച്ച നമ്പർ എവിടെ? ” അജിത ഫോൺ അവനു നൽകി.. ആ ഫോണിലേക്ക് വിളിച്ചപ്പോൾ അപരിചിതനായ ഒരാളാണ് കാൾ എടുത്തത്.

ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടപ്പോൾ ഫോൺ ചെയ്യാൻ ചോദിച്ചപ്പോൾ ഫോൺ കൊടുത്തതാണെന്ന് പറഞ്ഞു… ഹേമന്ദ് ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞ് അകത്തേക്ക് കയറി പോയി… “നീ ഇതെന്തു പണിയാ കാണിച്ചതെന്ന് ദേഷ്യത്തോടെ തിരക്കി അജിത അവന്റെ പുറകെ കയറി ചെന്നു… എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന ചിന്തയോടെ വേണുവും… ** “സമയം ഒരുപാടായി…” ദാസ് ഡ്രൈവ് ചെയുന്നതിനിടയിൽ പറഞ്ഞു… “സാരമില്ല… അവളെയും നന്ദൂട്ടിയേയും എത്രയും പെട്ടെന്ന് കണ്ടെത്തണം… കൂടെ ഇറങ്ങി തിരിച്ചത് ബുദ്ധിമുട്ടായെന്നു തോന്നി തുടങ്ങിയോ? ” “ഇല്ലെടോ.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ എനിക്ക് അസൂയ തോന്നുന്നു… ഒരാൾക്ക് നോവുമ്പോൾ ആ നോവിനു മരുന്നാകാൻ മുന്നിട്ട് നിൽക്കുന്നവർ…” സന്ദീപ് പുഞ്ചിരിച്ചു…

“മീര ശരിക്കും തന്റെ അനിയത്തിയാണെന്ന് തോന്നി പോകുന്നു… നീ സൂരജിനോട്‌ എന്റെ മീര എന്നു പറയുമ്പോൾ നന്ദുവിന്റെ ഭാര്യ എന്നതിനും ഒരുപാട് മുകളിലാണ് നിന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം എന്നു തോന്നി പോകുന്നു…” “സത്യാണ്… ഈ മുൻജന്മ ബന്ധം എന്നു പറയില്ലേ… അതു പോലെയാ എനിക്ക് അവൾ… അല്ലെങ്കിൽ അവൾക്ക് വേണ്ടി ജോലി പോലും ഉപേക്ഷിക്കാൻ തോന്നുമോ… അവൾ ആത്മഹത്യ ചെയ്യുമോ എന്ന ഭയം എന്നെ പിടി മുറുക്കുമോ… ഗർഭിണിയായ ഒരു പെണ്ണിനെയും കൂട്ടി നാട്ടിലേക്ക് വരുമ്പോൾ വീട്ടുകാരും നാട്ടുകാരും എനിക്ക് ചാർത്തി തരാൻ പോകുന്ന പട്ടങ്ങൾ എന്താകും എന്നു പോലും ആശങ്കപ്പെടാതെ ഞാൻ അവളെ കൂട്ടി കൊണ്ടു വന്നത് എന്റെ നന്ദുവിന്റെ ജീവിതത്തിലേക്ക് ആയിരുന്നു. അവന്റെ അരികിൽ തന്നെ അവളെ എത്തിക്കണം എനിക്ക്… ”

“ഞാനും ഉണ്ടാകും കൂടെ…” ഹേമന്ദിന്റെ വീട്ടിൽ എത്തുമ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു… കാറിൽ നിന്നും ഇറങ്ങുമ്പോൾ ഇരുന്ന് ഇരുന്ന് രണ്ടു പേരുടെയും നടു ഒരു വിധം ആയിരുന്നു… ഗേറ്റ് പൂട്ടിയിരുന്നു … ഗേറ്റിനോട്‌ ചേർന്നുള്ള കാളിംഗ് ബെൽ അമർത്തി രണ്ടു പേരും അക്ഷമയോടെ കാത്തിരുന്നു… വേണുവാണ് വാതിൽ തുറന്നു വന്നത്… ഗേറ്റ് തുറക്കാതെ അയാൾ അപരിചിതരെ നോക്കി… “ഹേമന്ദ് ഇല്ലേ ഇവിടെ? ” “ആഹ് ! ഉണ്ടല്ലോ. നിങ്ങളൊക്കെ ആരാണ്? എന്താ ഈ നേരത്ത് ?” “മീരയുടെ ആങ്ങളമാർ വന്നിട്ടുണ്ടെന്നു പറഞ്ഞാൽ മതി അവനു മനസ്സിലാകും… ” ദാസ് പറഞ്ഞു… സന്ദീപ് ദാസിനെ നോക്കി… “ഈ മീര… അതാരാ? ” വേണു തിരക്കി. “നിങ്ങൾ അയാളോട് പോയി പറയ്… അയാൾക്ക് അറിയാം. ” “അളിയനു വയ്യ… ” “എന്നാൽ ഈ ഗേറ്റ് ഒന്നു തുറക്കൂ … ”

“ഇപ്പോൾ വരാം… ” എന്നു പറഞ്ഞ് വേണു പോയി… തിരികെ ഉമ്മറത്തേക്ക് വരുമ്പോൾ കൂടെ ഹേമന്ദും ഉണ്ടായിരുന്നു. വേണു ഗേറ്റ് തുറന്നു… തന്റെ അടുത്തേക്ക് പാഞ്ഞടുക്കുന്ന സന്ദീപിനെ ഹേമന്ദ് പെട്ടെന്ന് തിരിച്ചറിഞ്ഞു… ഉമ്മറത്തേക്ക് ഓടിക്കയറിയ സന്ദീപ് ഹേമന്ദിന്റെ തലയിലെ കെട്ടു കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നെങ്കിലും പെട്ടെന്ന് അവന്റെ ഷർട്ടിന്റെ കോളറിൽ കയറിപ്പിടിച്ചു… “എവിടെയാടാ മീരയും മോളും… ” സന്ദീപ് അലറി. “എന്റെ ഭാര്യയേയും മോളെയും അന്വേഷിച്ചു വരാൻ നീ ആരാടാ? ” “നിന്റെ ഭാര്യയോ… അവൾ എന്റെ നന്ദുവിന്റെ ഭാര്യയാ… ഡിവോഴ്സ് പേപ്പറും ഒപ്പിട്ട് അവളെ ഉപേക്ഷിച്ചു പോയ ഒരു ഭർത്താവ്… തിരിച്ചു വന്നിരിക്കുന്നു… നാണം കെട്ടവൻ… പിന്നെ… നന്ദൂട്ടി അച്ഛാ എന്നു വിളിക്കുന്നത് നിന്നെയല്ല… അവൾ ജനിക്കുന്നതു കാത്തിരുന്നതും അവളെ ഏറ്റു വാങ്ങിയതും നീയല്ല… പിന്നെ എങ്ങനെയാടാ നാറീ നീ ആ കുഞ്ഞിന്റെ അച്ഛനാകുന്നത്? ”

“ഇറങ്ങി പോടാ എന്റെ വീട്ടിൽ നിന്നും…” “എവിടെയെടാ മീര… മീരാ…” സന്ദീപ് ഉറക്കെ വിളിച്ചു… അജിത ശബ്ദം കേട്ട് ഉമ്മറത്തേക്ക് വരുമ്പോൾ കാണുന്നത് ഹേമന്ദിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു നിൽക്കുന്ന സന്ദീപിനെയാണ്… തടയാൻ വന്ന വേണുവിനെ ദാസ് മുറുകെ പിടിച്ചിരുന്നു… “അയ്യോ ! എന്താ പ്രശ്നം? ” അജിത ആശങ്കയോടെ തിരക്കി… “പ്രശ്നം ഇവൻ തന്നെയാ…” എന്നും പറഞ്ഞ് സന്ദീപ് ഹേമന്ദിനെ പിടിച്ചു തള്ളി… തല പോയി വീണ്ടും ചുമരിൽ ഇടിച്ച് അവൻ താഴേക്ക്‌ വീണു .. അജിത വേഗം ചെന്ന് ഹേമന്ദിനെ എഴുന്നേൽപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല… സ്റ്റിച്ച് പൊട്ടി ചോര ഒഴുകാൻ തുടങ്ങിയിരുന്നു… സന്ദീപും ദാസും കൂടെ അകത്തേക്ക് കടന്നു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം… *** പിറ്റേന്നത്തെ പ്രഭാതം പൊട്ടി വിടർന്നത് മറ്റൊരു വാർത്തയോട് കൂടെയായിരുന്നു… മദ്യാസക്തിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ആകാശിനെ പോലീസ് തിരഞ്ഞു കൊണ്ടിരുന്നു……. തുടരും ©അനുരാധ സനൽ ❤️