Saturday, July 13, 2024
Novel

മരുമക്കൾ : ഭാഗം 1

നോവൽ
എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

ജയപ്രഭ ടീച്ചറുടെ വീട്ടിലെ മുറ്റമടിയും തോമസ് സാറിന്റെ വീട്ടിലെ തേങ്ങ പൊറുക്കി വെക്കലും കഴിഞ്ഞു ക്ഷീണിച്ചു വന്ന രാക്കിയമ്മക്കു ഒരു ശരീരവേദന പോലെ തോന്നിയത് കൊണ്ടാണ് കുളിക്കാൻ കുറച്ചു ചൂടുവെള്ളം ഉണ്ടാക്കാൻ അടുപ്പ് കത്തിച്ചത്…

അടുപ്പ് കത്തിച്ചു ഒരു ചെമ്പുപാത്രത്തിൽ വെള്ളം എടുത്തു വെച്ചു അടുപ്പിലൂതുന്ന കുഴലെടുത്തു ഊതിയതും സൗമ്യ എവിടുന്നോ ഓടി വന്നു…

“‘അമ്മ എന്തു പണിയാ ഈ കാണിക്കുന്നെ… ഞാനിവടൊക്കെ തുടച്ചു വൃത്തിയാക്കിയതല്ലേ… ച്ചേ… പൊടി പാറി അത്രേം വൃത്തികേടായല്ലോ…”

“ന്റെ സൗമ്യേ.. എനിക്ക് വല്ലാത്ത മേലുകാച്ചിൽ ഉണ്ട്… അതുകൊണ്ടാ കുളിക്കാൻ ഇത്തിരി വെള്ളം ചൂടാക്കുന്നെ…”

“അതിനു അകത്തെ അടുപ്പിൽ തന്നെ വേണോ … പുറത്തു അടുപ്പുണ്ടല്ലോ അതിൽ കൊണ്ടു പോയി വെക്കു…”

പറഞ്ഞു കഴിഞ്ഞതും ഒരു കപ്പ് വെള്ളമെടുത്തു സൗമ്യ ആളിക്കത്തുന്ന അടുപ്പിലേക്കി ഒഴിച്ചു തീ കെടുത്തി….

“എന്റീശ്വരാ…”

സൗമ്യയുടെ പ്രവർത്തി കണ്ടു രാക്കിയമ്മ തലയിൽ കൈ വെച്ചു പോയി…

“ഞാൻ രാവിലെ തൊട്ടു കഷ്ടപ്പെട്ട് ഉള്ള പണിയൊക്കെ തീർത്തു എവിടെങ്കിലും ഒന്നു സമാധാനത്തോടെ ഇരിക്കാമെന്നു വിചാരിക്കുമ്പോൾ അമ്മ വീണ്ടും വന്നു എനിക്ക് പണി ഉണ്ടാക്കിതരുവാ… എന്റെ വിധി…”

ഉറക്കനെ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയ സൗമ്യയെ നോക്കി ഒന്നും മിണ്ടാനാവാതെ രാക്കിയമ്മ നിന്നു…

“രാവിലെ മുതൽ കഷ്ടപെട്ടെന്നു പറയുന്നത് ആർക്കുവേണ്ടിയാ… തനിക്കും തന്റെ ഭർത്താവിനും കുഞ്ഞിനും വേണ്ടി.. പിന്നെ രാത്രി ഒരു നേരം മാത്രം ഇവിടുന്നു , ഞാൻ കഴിക്കുന്ന ഭക്ഷണത്തിനാണോ ഇവളിത്രേം കഷ്ടപ്പെട്ടത്.. അല്ലല്ലോ… അവനോനു വേണ്ടി ചെയ്യുന്നതെങ്ങനാ കഷ്ടപ്പാടാകുന്നേ….”

ആ വലിയ ചെമ്പുപാത്രം താങ്ങിപ്പിടിച്ചു വീടിന്റെ പിന്നാമ്പുറത്തേക്കു നടക്കുന്നതിനിടെ രാക്കിയമ്മ സ്വയം ചോദിച്ചു….

*********************************

മൂന്നു ആണ്മക്കളുള്ള രാക്കിയമ്മയുടെ ഇളയമകന്റെ ഭാര്യയാണ് സൗമ്യ…

പത്തു വർഷം മുൻപേ ഒരു ദിവസം വൈകുന്നേരം രാജേഷ് വീട്ടിൽ കയറിവരുമ്പോൾ കൂടെ സൗമ്യയും ഉണ്ടായിരുന്നു…

എന്നും രാത്രി കള്ളുകുടിച്ചു വന്നു അമ്മയുമായി വഴക്കുണ്ടാകുന്ന അച്ഛനു സൗമ്യ ഇറങ്ങി പോയത് വലിയ പ്രശ്നമൊന്നും അല്ലായിരുന്നു…

ഒരനിയത്തി ഉള്ളത് തനിക്ക് മുന്നേ വിവാഹിതയായി പോയപ്പോൾ അമ്മയുടെ ഏട്ടന്റെ മോനായ നാട്ടിലെ അറിയപ്പെടുന്ന തെമ്മാടിക്കു തന്നെ പിടിച്ചു കൊടുക്കുമോ എന്നു പേടിച്ചാണ് സൗമ്യ , ആറു മാസം മുൻപേ അവൾ ജോലിക്ക് നിക്കുന്ന ഷോപ്പിനടുത്തു വെച്ചു പരിചയപ്പെട്ട രാജേഷിന്റെ കൂടെ ഇറങ്ങി വന്നത്… അവളുടെ വിഷമാവസ്ഥ അറിഞ്ഞപ്പോൾ അവനു അവളെ തന്റെ കൂടെ കൊണ്ടു വരാതിരിക്കാനും സാധിച്ചില്ല…

രണ്ടു ഏട്ടന്മാർ വിവാഹിതരാകാതെ നിക്കുമ്പോൾ തന്നെ , രാജേഷ് ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നത് കുടുംബത്തിൽ ആർക്കും ഇഷ്ടപെട്ടില്ലെങ്കിലും അവളുടെ കയ്യിൽ അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്ക് കൊടുത്തു രാക്കിയമ്മ അവളേ സ്വീകരിക്കുകയും ചെയ്തു…

വല്ലപ്പോഴും കിട്ടുന്ന തൊഴിലുറപ്പ് ജോലികളും അടുത്ത വീടുകളിൽ ചെന്നു പല സഹായങ്ങളും ചെയ്തു കൊടുത്തു കിട്ടുന്ന പൈസ , ഉറുമ്പ് അരിമണി പൊറുക്കുന്ന പോലെ സ്വരൂപിച്ച ആ പൈസ എടുത്തു കൊടുത്തു രാജേഷിന് കൊണ്ടു സൗമ്യയുടെ കഴുത്തിൽ അഞ്ചു പവന്റെ താലിമാല ഇടീച്ചു കൊടുത്തതും രാക്കിയമ്മ തന്നെ ആയിരുന്നു…

ഒരു മകളെ പ്രസവിക്കാൻ കഴിയാത്തതിന്റെ വിഷമം തീർക്കാനെന്നു പോലെ അവർ അവളെ സ്നേഹിച്ചു…

തങ്ങൾ അവിവാഹിതരായി നിൽക്കുമ്പോൾ തന്നെ അനിയൻ കൂട്ടി കൊണ്ടുവന്ന പെണ്ണായിട്ടും കൂടി ഏട്ടന്മാരും അവളേ തങ്ങളുടെ സ്വന്തം അനിയത്തി ആയിട്ടു തന്നെയാണ് കണ്ടത്…

പതിയെ പതിയെ ആ വീടിന്റെ ചുമതലകൾ മുഴുവൻ സൗമ്യ ഏറ്റെടുത്തു…

രാക്കിയമ്മക്കും അതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ…

ഏട്ടന്മാരായ രാജീവും രാകേഷും വീട്ടുചിലവുകൾ നടത്തുന്നത് കൊണ്ട് രാജേഷ് അല്ലലൊന്നും അറിഞ്ഞിരുന്നില്ല….

വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ സൗമ്യക്കു വിശേഷം ആയി…

ഒരു കുഞ്ഞിന്റെ ചിരിയും കളികളും കാണാൻ ആ വീട്ടിലുള്ളവർക്കും കൊതി ആയിരുന്നു…

അവർ സൗമ്യയെ ഒരു രാജകുമാരിയെ പോലെ നോക്കി… പതിയെ സൗമ്യയുടെ വീട്ടുകാരും പോക്കുവരവ് തോന്നിയതോടെ അവളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു
തുടങ്ങിയിരുന്നു…

പക്ഷെ രാക്കിയമ്മ അതൊന്നും കാര്യമാക്കിയില്ല… സൗമ്യ പ്രസവിച്ചപ്പോഴും അവളുടെ വീട്ടിലേക്ക് അയക്കാതെ അവളുടെ കാര്യങ്ങൾ മുഴുവനും നോക്കിയതു രാക്കിയമ്മ ആയിരുന്നു…

അനിയന്റെ കുഞ്ഞിന് ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ കൊണ്ടു ഏട്ടന്മാർ ആ വീട് നിറച്ചു…

താനും തന്റെ മോനുമില്ലാതെ ആ വീട് മുന്നോട്ടു പോകില്ല എന്ന തോന്നലായിരുന്നു സൗമ്യക്ക്….
എല്ലാത്തിനും അവളുടെ സമ്മതവും താൽപര്യവും നോക്കേണ്ട അവസ്ഥയായി പിന്നീട്…

രാജേഷും സൗമ്യയുടെ ഭരണത്തിൽ പൊറുതിമുട്ടിയിരുന്നു…

രാത്രി ഏഴു മണിക്ക് മുന്നേ വീട്ടിൽ എത്തണം എത്തിയില്ലെങ്കിൽ അന്നത്തെ ദിവസം അവൾ ആവശ്യമില്ലാതെ കുഞ്ഞിനെ പിടിച്ചിട്ടു തല്ലും.. അതുകണ്ട് രാക്കിയമ്മ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതും പറഞ്ഞാകും അവളുടെ വഴക്കു…

ആ ദിവസങ്ങളില്ലാം തന്നെ ആ വീട്ടിലെ പാത്രങ്ങളും ഗ്ലാസ്സുകളും നിലത്തുവീണു ഉടയുമായിരുന്നു…

അവളേക്കുറിച് കുറ്റം പറയുന്ന അയൽക്കാരോട് രാക്കിയമ്മ പറയും

“കുട്ടികളുടെ അച്ഛന്റെ അമ്മ എന്നെ ഒരുപാട് കഷ്ടപ്പെടുത്തീട്ടുണ്ട്… ന്റെ വീട്ടിൽ വന്നുകേറുന്ന കുട്ടിക്ക് ആ അനുഭങ്ങൾ ഉണ്ടാകരുതെന്ന് എനിക്ക് അന്നേ ആഗ്രഹമുണ്ടായിരുന്നു… പിന്നെ എനിക്കും വിളിക്കാനും പറയാനുമൊക്കെ അവളൊരുത്തി അല്ലെ ഉള്ളൂ… എന്നെ ഇത്തിരി ബുദ്ധിമുട്ടിച്ചാലും സാരമില്ല… അന്നെന്റെ കുട്ടികളുടെ അച്ഛൻ അനുഭവിച്ച വിഷമം ന്റെ മോന് ഉണ്ടാവാൻ പാടില്ല….”

അത്രമാത്രം അവർ തന്റെ മക്കളെ സ്നേഹിച്ചിരുന്നു… താൻ കാരണം മക്കൾ വിഷമിക്കാൻ പാടില്ലെന്ന് അവർ വിചാരിക്കുമ്പോൾ സൗമ്യ പലതരത്തിലും രാജേഷിനെ വിഷമിപ്പിച്ചു കൊണ്ടിരുന്നു….

അവൻ വരാൻ താമസിക്കുന്ന ഓരോ ദിവസങ്ങളിലും അമ്മക്കും കുഞ്ഞിനുംവരെ ഭക്ഷണം കൊടുക്കാതെ അവനെയും കാത്തിരിക്കും അവൾ…

ഏതെങ്കിലും സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ ഒരു നൂറു തവണ അവളുടെ ഫോണ് കാളുകൾ അവനെ തേടിയെത്തും..

അതും പറഞ്ഞു കളിയാക്കുന്ന സുഹൃത്തുക്കളുടെ ഇടയിൽ തലകുനിച്ചു നിക്കാനെ അവനു ആകുമായിരുന്നുള്ളൂ…

“ഇങ്ങാനായാൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപോകും വല്യമ്മേ…”

ഒട്ടും സഹിക്കാൻ പറ്റാത്ത ഒരു ദിവസം വല്യമ്മയുടെ മടിയിൽ കിടന്നവൻ കരഞ്ഞുകൊണ്ട് പറഞ്ഞു….

അതിനുശേഷം സൗമ്യ എന്തു കാണിച്ചാലും ആരും അവളോട്‌ ഒന്നും തന്നെ ചോദിക്കാതായി…

***********************

ഒരു ദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ എത്താത്ത രാകേഷിനെ രാക്കിയമ്മ ഫോണിൽ വിളിച്ചപ്പോൾ ഞാൻ ഇനി മുതൽ തറവാട്ടിൽ വല്യമ്മയുടെ കൂടെ ആണ് നിക്കുന്നതെന്ന് അവൻ മറുപടി പറഞ്ഞു…

രാക്കിയമ്മയുടെ വിവാഹം കഴിയാത്ത ചേച്ചി മാത്രമാണ് തറവാട്ടിൽ ഉള്ളത്… അവർക്ക് കൂട്ടായി അവരുടെ ഒരേയൊരു അനിയന്റെ മകനായ ഉണ്ണിയാണ് അവിടെ താമസം… പെട്ടെന്ന് ഒരു ദിവസം രാകേഷ് അങ്ങോട്ടു താമസമാക്കിയത് എന്തിനാണെന്ന് രാക്കിയമ്മക്കു ഒട്ടും മനസ്സിലായതുമില്ല ചോദിച്ചിട്ട് അവനൊന്നും പറഞ്ഞുമില്ല….

പക്ഷെ കാരണമെന്തെന്ന് സൗമ്യക്ക് അറിയാമായിരുന്നു…

“‘അമ്മ രാവിലെ ഇറങ്ങിപോകും… രാജേഷേട്ടൻ വരില്ലെങ്കിലെന്താ ഉച്ചക്ക് കൃത്യം ഒരു മണി ആകുമ്പോൾ രാകേഷേട്ടൻ ഊണുമുറിയിലുണ്ടാകും… ഇവർക്കൊക്കെ വെച്ചും വിളമ്പിയും എനിക്ക് മടുത്തു…”

അന്നത്തെ ദിവസം ജോലി ഇല്ലാത്തതിനാൽ വീട്ടിൽ നേരത്തെ എത്തിയ രാകേഷ് സൗമ്യ ഫോണിൽ കൂടി പറയുന്നത് കേട്ടു ഞെട്ടിത്തരിച്ചു നിന്നുപോയി….

സൗമ്യ ഒരിക്കലും അങ്ങനെ പറയുമെന്ന് രാകേഷ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല…

അന്ന് ആ നട്ടുച്ച നേരത്തു സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയ അവൻ പിന്നീട് അങ്ങോട്ടു വരാറെ ഇല്ലാതായി….
ഒരാൾ ഒഴിഞ്ഞു പോയപ്പോൾ സൗമ്യക്ക് അത്രയും ആശ്വാസവുമായി…

അങ്ങനെയിരിക്കെയാണ് രാജീവ് തന്റെ കൂടെ ജോലിചെയ്യുന്ന മാലിനിയെ ഇഷ്ടപ്പെടുന്നതും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതും…

അതുവരെ രാജീവിനായി രാക്കിയമ്മ നടത്തിയ ആലോചനകളൊക്കെ പലതും പറഞ്ഞു മുടക്കിയ സൗമ്യക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല….

അച്ഛനും അമ്മയ്ക്കും ഒറ്റമകളായി വളർന്ന മാലിനിയുടെ രാജീവിനോടുള്ള താല്പര്യം മനസ്സിലാക്കി അവർ ആ വിവാഹത്തിന് ഒരുക്കം കൂട്ടി…

വളരെ അടുത്ത മുഹൂർത്തത്തിൽ ആ വിവാഹം നടക്കുകയും ചെയ്തു…

വേറൊരു പെണ്ണ് കൂടി വന്നതോടെ തന്റെ അവകാശവും അധികാരവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമമായി സൗമ്യക്ക് പിന്നീട് …

മാലിനിയെ അവൾ തന്റെ വരച്ച വരയിൽ നിർത്താൻ തുടങ്ങി… അടുക്കളയിൽ കയറി ഒരു ജോലി മാലിനിയെ കൊണ്ടു ചെയ്യിക്കാത്ത സൗമ്യ , അവളേ പുറംപണിക്കായുള്ള തന്റെ വേലക്കാരിയാക്കി…

ആരോടും വഴക്കിടാനോ , ആരെയും കുറ്റം പറയാനോ താൽപര്യമില്ലാത്ത മാലിനി ആദ്യത്തെ രണ്ടു മാസം സൗമ്യയുടെ ഭരണം സഹിച്ചു.. പിന്നീട് ജോലിക്കു പോകാനുള്ള സൗകര്യം തന്റെ സ്വന്തം വീട്ടിൽ ആണെന്ന വ്യാജേന അവൾ തന്റെ വീട്ടിലേക്ക് പോന്നു… കൂടെ രാജീവും…

പക്ഷെ പോകുന്നതിനു മുൻപായി അവൾ രാക്കിയമ്മയോട് പറഞ്ഞു…

“അമ്മയെ ഇഷ്ടമില്ലാഞ്ഞിട്ടോ അമ്മയുടെ കൂടെ താമസിക്കാൻ താത്പര്യമില്ലാഞ്ഞിട്ടോ അല്ലമ്മേ ഞാൻ പോകുന്നത്….ഇനിയും ഞാൻ ഇവിടെ നിന്നാൽ ഒന്നുകിൽ രാജീവേട്ടനോ അല്ലെങ്കിൽ രാജേഷിനോ ഭാര്യ ഇല്ലാതാകും… അതു വേണ്ട… എനിക്ക് അവളോട്‌ എതിരിടാനും വയ്യ … അതുകൊണ്ട് പോവാം… അതാ നല്ലതു… വല്ലപ്പോഴും വരാം അമ്മേ…”

അവൾ യാത്ര പറഞ്ഞിറങ്ങിയപ്പോൾ രാക്കിയമ്മയുടെ കണ്ണു നിറഞ്ഞിരുന്നു….

******************************

“രാകേഷേട്ടൻ കല്യാണം കഴിക്കുന്നുമില്ല… രാജിവേട്ടനാണേൽ കുട്ടികളുമില്ല… അപ്പോൾ രാജേഷേട്ടന്റെ മോനെ പ്രസവിച്ച എനിക്ക് തന്നെയാ ഈ വീട്ടിൽ കൂടുതൽ അവകാശം…”

വിവാഹം കഴിഞ്ഞു മൂന്നുവർഷം പിന്നിട്ടപ്പോഴും കുട്ടികൾ ആകാത്ത മാലിനിയോട് പിന്നീട് സൗമ്യ പറഞ്ഞു തുടങ്ങി….

വല്ലപ്പോഴും രാജീവിന്റെ വീട്ടിൽ ചെന്ന് നിന്നാലും സൗമ്യക്ക് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളൂ…

മാത്രമല്ല മാലിനി പോയന്ന് രാത്രി തന്നെ സൗമ്യ ചോദിക്കും ” ചേച്ചി എപ്പോഴാ പോകുന്നതെന്നു…”

തിരിച്ചു അവളോടൊന്നും മറുപടി പറയാറില്ലെങ്കിലും മാലിനി പലതും മനസ്സിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു….

(തുടരും)