നല്ല പാതി : ഭാഗം 16
നോവൽ
*******
എഴുത്തുകാരി: ധന്യ സുജിത്ത്
അതിരാവിലെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ ടീച്ചറുടെ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു…
“ഈ വെളുപ്പാൻ കാലത്തേ പോകണോ നിങ്ങൾക്ക്…??
സൂര്യനൊന്നുദിച്ചു വരട്ടെ..”
“ഏയ്… അതല്ല ടീച്ചറെ… ഇയാളെ കൊണ്ട് വിട്ടിട്ട് വേണം എനിക്ക് എറണാകുളത്ത് എത്താൻ… അതോണ്ടല്ലേ…
മാഷ് പറഞ്ഞതോണ്ടാ ഒരു ദിവസം കൂടി നീട്ടിയത്.. ഇനിയും വൈകിയാൽ പണി കിട്ടും…
അപ്പോ ഇനി അടുത്ത വരവിന് കാണാം…”
എല്ലാവരോടും..കൂടെ അഭിയുടെ അസ്ഥിത്തറയിലും ചെന്ന് യാത്ര പറഞ്ഞ് നന്ദുവും കൂടെ ഇറങ്ങി..
അവിടുന്ന് കാറിൽ കയറിയപ്പോൾ
മുതൽ സഞ്ജയ് ഒന്നും സംസാരിച്ചിട്ടില്ല..
ഡ്രൈവിംഗിൽ മാത്രമാണ് ശ്രദ്ധ..
“കാര്യമായെന്തോ ഉണ്ടല്ലോ…
അല്ലെങ്കിൽ ഇത്രയും നേരത്തിനിടയ്ക്ക് തന്നോട് എന്തെങ്കിലും സംസാരിക്കേണ്ടതാണ്..”
നന്ദു മനസ്സിൽ വിചാരിച്ചു..
ഇത്തവണ നന്ദുവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്..
“സഞ്ജൂ..”
പതിവു തെറ്റിച്ചു വിളിച്ചതുകൊണ്ട്..
സഞ്ജുവിന്റെ മുഖത്ത് അത്ഭുതം ആയിരുന്നു..
“എന്താടോ.. പതിവില്ലാത്ത കാര്യങ്ങളൊക്കെ സംഭവിക്കുന്നുണ്ടല്ലോ..??”
“അത് തന്നെയാ… എനിക്കും പറയാനുള്ളത്..”
“എന്ത്.. സംഭവിച്ചു..??”
“അല്ല അവിടെ വീട്ടീന്ന് കേറിയപ്പോൾ മുതൽ ഒന്നും മിണ്ടാതെ ഇരിക്കുകയാണല്ലോ…
സഞ്ജുവിനെന്തെങ്കിലും ടെൻഷൻ ഉണ്ടോ..”
“ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.. ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്…”
“വളരെ നല്ല ഉത്തരം…
എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറയൂ..
എന്തിനാണ് ടെൻഷൻ.. ഇങ്ങനെ ടെൻഷൻ അടിച്ചു ഡ്രൈവ് ചെയ്താൽ വല്ല അപകടവും പറ്റും… കുറച്ചുനേരം ഞാൻ ഡ്രൈവ് ചെയ്യണോ..”
“ഏയ്.. അതിനു മാത്രമുള്ള പ്രശ്നമൊന്നും ഇല്ലടോ..
എന്റെ ടെൻഷന്റെ കാരണം
തനിക്ക് അറിയില്ലേ… തന്റെ മുഖത്ത് ഉണ്ടല്ലോ തനിക്കറിയാം എന്ന്…”
നന്ദു സംശയഭാവത്തോടെ നോക്കി..
“ചോദിച്ചത് അബദ്ധായീന്ന് തോന്നുന്നുണ്ടോ.. തനിക്ക്..??”
“ഏയ്.. ഇല്ല.. എനിക്ക്
സഞ്ജൂനോട് അൽപം സംസാരിക്കാനുണ്ട്..”
“അതിനെന്താ.. സംസാരിച്ചോ..
ഇൻട്രൊഡക്ഷന്റെ ആവശ്യമൊന്നുമില്ല…”
“വണ്ടി ഒന്ന് ഒതുക്കി നിർത്തുവാണെങ്കിൽ നന്നായേനെ..
ഇതെങ്ങോട്ടേയ്ക്കാ…പോകണത്
വീണ്ടും.. സർപ്രൈസ് ആണോ..”
“ഏയ്… പാലക്കാട് വന്നിട്ട് ഇവിടെ പോയില്ല എന്നു പറയുന്നത് വളരെ മോശമാണ്… ഒരു ഫൈവ് മിനിട്ട് ഡ്രൈവ്… അതാണ് ഈ വെളുപ്പാൻ കാലത്തെ ഇറങ്ങിയതിന്റെ ഒരു ഉദ്ദേശം… എല്ലാ തവണയും ഞാനിവിടെ വരാറുണ്ട്…
പിന്നെ ഒരു കാര്യം.. കണ്ണടച്ചൊന്നും ഇരിയ്ക്കരുത്… തുറന്ന് പിടിച്ചോണം…
ഇനിയുള്ള കാഴ്ചകൾ കാണാനുള്ളതാണ്…”
മലമ്പുഴ ഡാം ചുറ്റി പോകുന്ന മലമ്പുഴ ആനക്കല് റോഡിലൂടെയാണ് യാത്ര..
ആനക്കല്ലും വലിയകാടും ഒക്കെ കടന്നപ്പോൾ മനസ്സിലായി.
“കവയിലോട്ടാണ്…അല്ലേ..??”
സഞ്ജു മറുപടിയായി ചിരിച്ചു കൊണ്ട് ചോദിച്ചു..
“ഇതിനു മുന്നേ താൻ വന്നിട്ടുണ്ടോ ഇവിടെ..??”
“ഉം..ഒരു തവണ..
അഭിയ്ക്കൊപ്പം..
അന്ന് ആനന്ദ് ഭവനിൽ നിന്ന് എല്ലാവരും കൂടെയുണ്ടായിരുന്നു..
പക്ഷേ അതൊരു വൈകുന്നേരം ആയിരുന്നു..”
മറുപടി പറഞ്ഞു കൊണ്ട് പുറം കാഴ്ചകൾ നോക്കി അവളിരുന്നു..
സ്റ്റീരിയോയിലെ പാട്ടിനൊപ്പം മൂളികൊണ്ട്…
വാളയാർ മലകളുടെ താഴ്‌വാര ഗ്രാമം..മലയോരത്ത് കൃഷി..മറുവശത്ത് വാളയാര് വനം വകുപ്പിന്റെ കീഴില് ഉള്ള റിസർവ് ഫോറസ്റ്റ്..
കടന്നു പോകുന്തോറും ഇടയ്ക്ക് മഴ, ചാറ്റലായി മാറിയും നിലച്ചും പെയ്തു കൊണ്ടിരുന്നു. പാലക്കാടിന്റെ അധികമാരും അറിയാത്ത ഇടങ്ങളിലൊന്ന്.. കരിമ്പനകളും തടാകവും മനോഹരമായ തീരപ്രദേശവുമുള്ള..
മഴയുടെ സൗന്ദര്യം ഏറ്റവും അധികം ആസ്വദിക്കുവാൻ പറ്റിയ ഒരിടം..ആകാശത്തിനു മീതെ പരന്നു കിടക്കുന്ന
മഴമേഘങ്ങൾക്കിടയിലൂടെ ഇറങ്ങി വരുന്ന സൂര്യപ്രകാശം ആകാശത്തെ കീറി ഭൂമിയെ മെല്ലെ തൊടുന്നു..
മലമുകളിൽ നിന്നൊഴുകിയെത്തുന്ന നീർച്ചാലുകൾ.. മഴയുള്ളപ്പോൾ മാത്രം കാണുന്ന
വല്ലാത്തൊരു കാഴ്ചയാണത്..
നമുക്കൊരു പുത്തനുണർവ് കിട്ടിയ പോലെ തോന്നും..
മഴയായതിനാൽ വണ്ടിയൊതുക്കി പുറത്തിറങ്ങാതെ ഇരിക്കുകയാണ് സഞ്ജയ്.. കാറിന്റെ ചില്ലുകൾ താഴ്ത്തി
മഴയാസ്വദിച്ച് ഇരിക്കുന്ന നന്ദുവിനെ നോക്കി.. സ്റ്റീരിയോയിലെ പാട്ടും കേട്ട്..
എന്തോ… മൊഴിയുവാന് ഉണ്ടാകുമീ
മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…
സന്ധ്യ തൊട്ടേ വന്നു നില്കുകയാണവള്..
എന്റെ ജനാല തന് അരികില്… ഇളം കുങ്കുമ കാറ്റിന്റെ ചിറകില്… എന്തോ… മൊഴിയുവാന് ഉണ്ടാകുമീ…
മഴക്കെന്നോട് മാത്രമായി…
ഏറെ സ്വകാര്യമായി…
മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കുമ്പോൾ വിടരുന്ന പുഞ്ചിരി.. തോരാത്ത മഴ പോലെ…
അതെന്നും മായാതെ നോക്കാൻ വേണ്ടിയാടോ..എന്റെ ശ്രമം..
മനസ്സിലാണ് പറഞ്ഞതെങ്കിലും.. ശബ്ദം പുറത്തു വന്നോ എന്നൊരു സംശയം..
ശബ്ദം കേട്ടിട്ടെന്ന പോലെ
നന്ദു തിരിഞ്ഞു നോക്കിയപ്പോൾ തന്നെ തന്നെ നോക്കിയിരിക്കുന്ന സഞ്ജുവിനെയാണ് കണ്ടത്..
“ഉം..എന്താ.. എന്തെങ്കിലും പറഞ്ഞോ..??”
പുരികമുയർത്തി നന്ദു ചോദിച്ചു..
“എനിക്കല്ലല്ലോ.. തനിക്കല്ലേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്..
അപ്പോ..താനല്ലേ പറയേണ്ടത്..??”
“ഓ..ശരി.. ഞാൻ പറയാം…
പാലക്കാട്ടേക്ക് വരുമ്പോൾ സഞ്ജു എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടിരുന്നു.. ഓർമ്മയുണ്ടോ..??”
“ഉം.. മറന്നിട്ടില്ല..”
“തിരികെ പോവുമ്പോ എന്റെ തീരുമാനം പറയണം.. ന്ന് പറഞ്ഞിരുന്നില്ലേ…??
അറിയണ്ടേ എൻറെ തീരുമാനം..??”
നന്ദു ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി..
“ഡോ..ചാറ്റൽ മഴ കൊള്ളാതെ…”
“ഏയ്..മഴയൊക്ക കുറഞ്ഞു..
ഇവിടെ വരെ വന്നിട്ട് പിന്നെ പുറത്തിറങ്ങാതെ ഉള്ളിലിരിയ്ക്കാനോ…??
എന്നെ കൊണ്ട് പറ്റില്ല…”
സഞ്ജുവും കാറിൽ നിന്നിറങ്ങി.. കൈകൾ പിണച്ചു കെട്ടി..
കാറിൽ ചാരി.. നോക്കി കാണുകയായിരുന്നു നന്ദുവിന്റെ മാറ്റം… പഴയ നന്ദുവിനെ എവിടെയൊക്കെയോ തിരികെ കിട്ടുന്ന പോലെ…
“പറയ്..അറിയണ്ടേ എൻറെ തീരുമാനം..??”
“വേണ്ട..”
“ഏ..വേണ്ടേ.. അതെന്താ..??”
“എനിയ്ക്കറിയാം എന്താ തന്റെ തീരുമാനമെന്ന്…”
“എങ്ങനെ..??
ഇനി മാഷു പറഞ്ഞ പോലെ മനസ്സു വായിക്കാനുള്ള വല്ല കഴിവും കയ്യിലുണ്ടോ..??”
“ഉണ്ടെന്ന് കൂട്ടിയ്ക്കോ…
ഞാൻ പറയട്ടെ…”
“ഉം..പറയ്..”
“ഞാനുമായുള്ള കല്യാണത്തിന് ഇഷ്ടക്കേടൊന്നുമില്ല…ബട്ട് കുറച്ച് കണ്ടീഷൻസുണ്ട്.. അതല്ലേ..??”
“ഉം..അതേ..” ദൂരേയ്ക്ക് നോക്കി ചിരിച്ചാണ് നന്ദു പറഞ്ഞത്..
“അപ്പോ.. കണ്ടീഷൻസ് എന്ന് പറഞ്ഞത് ഒക്കെ അറിയാമായിരിക്കും അല്ലേ…??”
“അത് താൻ തന്നെ പറയുന്നത് കേൾക്കാനാ എനിക്കിഷ്ടം…”
“കണ്ടീഷൻസൊന്നുമല്ല.. സഞ്ജു..
എങ്ങനെ പറയണമെന്നും അറിയില്ല… സഞ്ജുവിന് ഉൾക്കൊള്ളാൻ സാധിക്കാതെ വരുമോന്നും അറിഞ്ഞൂടാ…
യാതൊരുവിധ പരിഗണനയോ സ്നേഹമോ ലഭിയ്ക്കാത്ത സമയത്ത്… എനിക്ക് കിട്ടിയ ഒരു സൗഹൃദമായിരുന്നു അഭി… കാർത്തിയെപ്പോലെ തന്നെ…
പക്ഷേ ഞങ്ങളുടെ ഇടയിൽ എന്നുമുതലാണ് അതിനൊരു മാറ്റം വന്നെതെന്നറിഞ്ഞൂടാ…
ഒരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു ഞങ്ങൾ.. ജീവിതത്തെ പറ്റി..
എനിക്ക് ഇപ്പോൾ അറിയാം.. ആ സ്വപ്നങ്ങൾ എന്നന്നേക്കുമായി എനിക്ക് നഷ്ടപ്പെട്ടെന്ന്… പക്ഷേ മറക്കാൻ ശ്രമിച്ചിട്ടും മനസ്സിലേക്ക് തികട്ടി വരുവാ…
പാതിവഴിയിൽ എന്നെ വിട്ടു പോയ ആ സ്വപ്നങ്ങളോട്.. ഇന്നും എനിക്കുള്ളത് പ്രണയമാണോ എന്നൊന്നും അറിയില്ല… സഞ്ജൂ…
സഞ്ജുവിനെന്നല്ല ആർക്കും സഹിക്കാൻ പറ്റാത്ത ഒരു കാര്യമാണ്.. ഭാര്യ മറ്റൊരാളുടെ ഓർമ്മയിൽ തന്നോടൊപ്പം ജീവിക്കുന്നത്…
അത് എനിക്കറിയാം…
മാഷ് പറഞ്ഞപോലെ കുറച്ചുകാലം കഴിഞ്ഞ് അത് മാറിയേക്കും..പക്ഷേ അത് വരെ..
അതുവരെ എനിക്ക് കുറച്ചു സമയം വേണം.. സഞ്ജുവിന്റെ മാത്രമായി മാറാനൊരല്പ സമയം.
മനസ്സിൽ അത്രയും ആഴത്തിൽ പതിഞ്ഞു പോയി അതുകൊണ്ടാ..
സഞ്ജു പറഞ്ഞ പോലെ ഇപ്പോൾ എനിക്ക് ഒരു കൂട്ടു തന്നെയാണ് ആവശ്യം സങ്കടങ്ങളിൽ.. ഒറ്റപ്പെടലിൽ.. എല്ലാം…
പതിയെ എല്ലാം മറക്കാൻ ഞാൻ ശ്രമിക്കാം..
പെട്ടെന്നൊരു മാറ്റം സഞ്ജു ആഗ്രഹിക്കരുത്.. പ്രതീക്ഷിയ്ക്കരുത്..
അത്രയേ ഉള്ളൂ..”
“കഴിഞ്ഞോ… കണ്ടീഷൻസ്..??”
“ഞാൻ പറഞ്ഞല്ലോ ഇതു കണ്ടീഷൻസ് ഒന്നുമല്ല..ഇറ്റ്സ് എ റിക്വസ്റ്റ്..”
“ഡോ… താൻ റിക്വസ്റ്റ് ചെയ്യേണ്ട ചെയ്യേണ്ട കാര്യമൊന്നുമില്ല… താൻ താനായി തന്നെ ഇരുന്നാൽ മതി…
ഞാൻ പോലുമറിയാതെ എന്റെ മനസ്സിൽ കയറിക്കൂടിയതാണ് താൻ.. എനിക്ക് സ്വന്തമാക്കാൻ ആവില്ല എന്ന് അറിഞ്ഞപ്പോൾ ആ ഇഷ്ടം മനസ്സിലിട്ടു മൂടി.. പക്ഷേ അപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു.. ആരും അറിയാതെ.. ആരും കാണാതെ.. ആർക്കും ഒരു ശല്യം ആവാതെ..
ചില ഇഷ്ടങ്ങൾ അങ്ങനെയാടോ..
താൻ പോലുമറിയാതെ എന്തിനാ ഞാൻ തന്നെ സ്നേഹിച്ചിക്കുന്നതെന്നു പോലും എനിക്കറിയില്ല..
അത്രത്തോളം ഇഷ്ടമാണ് എനിക്ക് തന്നെ.. ആരോടും പരാതിയും പരിഭവവും ഒന്നുമില്ലാതെ… യാതൊരുവിധ ഉപാധികളും ഇല്ലാതെ സ്നേഹിക്കുന്നത് ഒരു പ്രത്യേക സുഖമാണ്..
താൻ പോലുമറിയാതെ തന്നെ സ്നേഹിച്ച എന്നോട് മറക്കാൻ
പറഞ്ഞാൽ എനിക്ക് സാധിക്കില്ല.. അപ്പോൾ എനിക്ക് ഊഹിക്കാവുന്നതേയുള്ളു തന്റെ പ്രയാസം..
പരസ്പരം സ്നേഹിച്ച രണ്ടുപേർ.. നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന..
ആ മുറിവുണങ്ങാൻ കുറച്ചധികം നാളെടുക്കുമെന്നും എനിക്കറിയാം..
ആദ്യ പ്രണയം അത് ആർക്കും എളുപ്പം മറക്കാൻ പറ്റില്ലടോ..
ഒരാൾക്ക് പകരം ആകുക എന്ന് പറഞ്ഞ് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ..
അഭിയെ പോലെ ആകാൻ പറ്റുമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ.. പക്ഷേ സഞ്ജുവായി..തന്നെ നിറഞ്ഞമനസ്സോടെ സ്നേഹിക്കാൻ.. എനിക്ക് കഴിയും..
തനിക്കൊരു ഭർത്താവിനെ അല്ല ഒരു സുഹൃത്തിനെയാണ് ഇപ്പോൾ ആവശ്യം അതല്ലേ താൻ ഉദ്ദേശിച്ചത്.. മനസ്സിലായി…
ഒറ്റയ്ക്കായി എന്ന് തോന്നുമ്പോൾ താൻ ഒറ്റയ്ക്കല്ല എന്ന് ഓർമ്മപ്പെടുത്താൻ…. തന്റെ സങ്കടങ്ങളിൽ തന്നെ ചേർത്തു പിടിക്കാൻ.. വീഴ്ചകളിൽ തനിക്ക് താങ്ങാകാൻ…ഒരു കൂട്ട്…
എന്നെ
അങ്ങനെ കണ്ടാൽ മതി..ആ കൂട്ട് എന്ന് അടുത്ത തലത്തിലേക്ക് ഉയർത്താൻ തനിക്ക് തോന്നുന്നുവോ അതുവരെ..
ഇത്രയും കാത്തിരിക്കാം എങ്കിൽ കുറച്ചുകൂടി കാത്തിരിക്കാൻ എനിക്ക് എന്താടോ ബുദ്ധിമുട്ട്..
ഈ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടല്ലോ… കാത്തിരിക്കാം ഞാനും ആ നല്ല നാളുകൾക്കായി..
അങ്ങനല്ലേടോ…”
ഉം.. മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു നന്ദു…
“മൂളിയാൽ പോരാ.. തുറന്ന് പറയണം.. അപ്പോൾ തനിക്ക് സമ്മതമാണെന്ന് ഞാൻ വീട്ടിൽ പറയട്ടെ..??”
“ഉം.. പറഞ്ഞോളൂ..”
“സത്യമല്ലേ.. ഇനി മാറ്റി പറയില്ലല്ലോ…??”
“ഇനിയും സംശയമുണ്ടോ…??”
“ഉം.. കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ടുപോയ സ്വപ്നമുണ്ടായിരുന്നു എനിക്ക്.. വീണ്ടും അത് മുന്നിൽ വന്നു നിൽക്കുമ്പോൾ എത്തിപ്പിടിക്കാൻ ഒരു പേടി.. വീണ്ടും നഷ്ടപ്പെട്ടാലോന്ന്.. അതാണ്..”
“എങ്കിൽ ഒന്നു നോക്കിക്കേ…?? എത്തിപ്പിടിക്കാൻ പറ്റുന്നുണ്ടോന്ന്…”
ചിരിയോടെ നന്ദു സഞ്ജുവിനു നേരെ കൈ നീട്ടി…
നന്ദു നീട്ടിയ കൈകളിൽ പിടിയ്ക്കുമ്പോൾ സഞ്ജുവിന്റെ മനസ്സിനൊപ്പം
കണ്ണും നിറഞ്ഞിരുന്നു…
തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി.. മല മുകളില് കോടമഞ്ഞ് ഇറങ്ങുന്നുണ്ടായിരുന്നു.. കുറച്ചു നിമിഷങ്ങള് കൊണ്ട് കോട മഴമേഘങ്ങള്ക്ക് വഴി മാറി..
മലമ്പുഴയിൽ മഴ വരുന്നത് കവയിലൂടെ ആണെന്ന് തോന്നുന്നു.. അങ്ങ് ദൂരെ മലമുകളിൽ മഴ പെയ്യുന്ന ശബ്ദം കേട്ട്…
അതാസ്വദിച്ചു നിൽക്കുന്നതൊരു സുഖമുള്ള കാര്യമാണ്… പ്രത്യേകിച്ചും തന്റെ പ്രണയത്തോടൊപ്പം…
ഇതുവരെ കണ്ട മഴയ്ക്കൊന്നും ഈ സൗന്ദര്യം ഉണ്ടായിരുന്നില്ല എന്ന് തോന്നി സഞ്ജുവിന്…
രണ്ടു പേരും കുറേനേരം മൗനമായിരുന്നു.. പക്ഷേ ഒരുപാട് സംസാരിച്ചപോലെ…
മനസ്സുകൾ തമ്മിൽ സംസാരിക്കാൻ ഭാഷയുടെ ആവശ്യമില്ലല്ലോ..
“താങ്ക്സ് നന്ദു.. എന്നെ മനസ്സിലാക്കാൻ സാധിച്ചല്ലോ തനിക്ക്..”
“എന്നെ മനസ്സിലാക്കാൻ സഞ്ജൂന് സാധിച്ചതിനെക്കാൾ വലുതല്ല ഇത്…
തിരിച്ചു പോകണ്ടേ നമുക്ക്…എന്നെ കൊണ്ട് വിട്ടിട്ടു വേണം പോകാനെന്നു പറയുന്നുണ്ടായിരുന്നല്ലോ…”
“ഉം..പോകാം..
കയറിയ്ക്കോ…”
“നന്ദൂട്ടീ..”
കാറിലേയ്ക്ക് കയറാനായി നിന്നതും സഞ്ജുവിന്റെ ആ വിളി കേട്ട് നന്ദു തരിച്ചു നിന്നു…
അഭി വിളിയ്ക്കാറുള്ള പോലെ…
മൂന്നു വർഷങ്ങൾക്കു ശേഷം..കാതിലെത്തുമ്പോൾ… പറഞ്ഞറിയിക്കാൻ കഴിയാത്ത
എന്തോ ഒന്ന്…തന്നെ വന്നു പൊതിയുന്ന പോലെ…നന്ദുവിന്റെ കണ്ണൊക്കെ നിറഞ്ഞു..
“എന്താടോ ഞാൻ അങ്ങനെ വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ…”
“അതല്ല… പെട്ടെന്ന് കേട്ടപ്പോ.. എന്തോ പോലെ…”
“എങ്കിൽ ഇനി മുതൽ ഞാൻ അങ്ങനെ വിളിച്ചോട്ടെ തന്നെ..??”
“ഉം..വിളിച്ചോ..”
“താൻ മാറാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് എന്ന് എനിക്കറിയാം..
കഷ്ടപ്പെട്ട് മാറേണ്ട.. പതിയെ മാറിയാൽ മതി… എന്റെ സ്നേഹം കൊണ്ട് ഞാൻ മാറ്റി എടുത്തോളാം…”
മറുപടിയായി നന്ദു ഒന്നു ചിരിച്ചു…
തിരികെയുള്ള യാത്രയിൽ അതുവരെ ഒതുങ്ങി നിന്ന മഴ പെയ്തു കൊണ്ടിരുന്നു..
കണ്ണാടിയിലൂടെ നോക്കിയപ്പോള് കവ യാത്രപറയുന്നതുപോലെ…
“ഒരിക്കല്കൂടി ഞങ്ങൾ വരും.. നന്ദു എന്റേത് മാത്രമായിട്ട്…നിന്നെ മതിയാവോളം കണ്ടാസ്വദിക്കാൻ..”
മനസ്സു കൊണ്ട് തിരിച്ചും യാത്ര പറഞ്ഞു സഞ്ജു ..
തണുത്തുറഞ്ഞു കാറിലിരിക്കുമ്പോൾ നന്ദുവിന്റെ മനസ്സിപ്പോഴും കവയിലെ കാഴ്ചകളിൽ തന്നെയായിരുന്നു…
കാറിന്റെ ചില്ലുകൾ ഉയർത്താതെ തന്നിലേക്ക് വരുന്ന ചാറ്റൽ മഴയെ സ്വീകരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു നന്ദു..
പ്രണയവും മഴയും ഒരുപോലെയാണ്… അന്വേഷിച്ചു പോകേണ്ട ആവശ്യമില്ല… സമയമാകുമ്പോൾ നമ്മെ തിരഞ്ഞ് അത് ഇങ്ങോട്ടെത്തും…
💚🧡💚🧡💚🧡💚🧡💚🧡💚🧡💚🧡💚
നന്ദുവിനെ ഇറക്കി തിരികെ വീട്ടിലെത്തുമ്പോൾ കാർത്തി ഉണ്ടായിരുന്നു മുറ്റത്ത്…
അവന്റെ ബുള്ളറ്റും തേച്ചു മിനുക്കി കൊണ്ട് നിൽക്കുകയാണ്…
കാർ പോർച്ചിലേയ്ക്ക് ഇടുമ്പോഴേ അവൻറെ മുഖത്ത് ആക്കിയ ഒരു ചിരി…
“എന്താടാ ഇത്ര കിണിക്കാൻ..???”
“എന്തൊക്കെയായിരുന്നു ചിലരുടെ പെർഫോമൻസ്.. എല്ലാവരുടെയും മുന്നിൽ പച്ച പാവം…നമ്മൾ ഉടായിപ്പ്..
കേറി വാടാ മക്കളേ… ഞാൻ തരാം..”
“പോടാ പോടാ… പോയി തരത്തിൽ പോയി കളിക്കടാ..”
“ഏ… ഇതെന്തു പറ്റി ഒന്ന് നിന്നേ നിന്നേ.. വൻ ഡയലോഗ് ഒക്കെ അടിച്ചു പോകുന്നുണ്ടല്ലോ…
കിളി വല്ലതും പോയോ…”
“നീയൊന്നു പോയേ.. കാർത്തി..
ഞാൻ ഡ്രസ്സ് ഒക്കെ മാറ്റി വരാം..
ആകെ നനഞ്ഞു…”
“അതെന്താ കാറിന് ചോർച്ച ഉണ്ടായിരുന്നോ…”
“ഇവനെ കൊണ്ട് വല്ലാത്ത ശല്യമായല്ലോ ദൈവമേ…”
“അതെ ഇപ്പോൾ ഞാൻ ശല്യാവും..
ആയില്ലെങ്കിലാ അത്ഭുതം..”
അവരുടെ ശബ്ദം കേട്ടുകൊണ്ടാണ് ശ്രീദേവി പുറത്തേക്ക് വന്നത്…
“എന്തുവാടാ ഇത്… വന്നപ്പോഴേക്കും രണ്ടെണ്ണം കൂടി തുടങ്ങിയോ..”
“അമ്മേടെ പുന്നാര പുത്രൻ പറയണത് കേട്ടോ..
പാലം കടക്കുവോളം നാരായണ..
പാലം കടന്നപ്പോൾ കൂരായണാ ല്ലേ…”
“സഞ്ജു.. നീ പോയിട്ട് ഡ്രസ്സ് മാറി വാ.. അമ്മ ചായ എടുത്തു വയ്ക്കാം…
അവനെ നോക്കണ്ട.. അവൻ ഇങ്ങനെ പറഞ്ഞോണ്ടിരിയ്ക്കും… കാലത്തേ നന്ദുമോൾ വിളിച്ചപ്പോഴേ തുടങ്ങിയതാ..”
“ഓ.. അപ്പോ അതാണ് കാര്യം..”
സഞ്ജു കാർത്തിയെ നോക്കി വളിച്ച ഒരു ചിരിയോടെ നിന്നു…
“അച്ചോടാ പിണങ്ങല്ലേ..
ഏട്ടൻറെ കാർത്തിക്കുട്ടൻ വന്നേ.. പറയട്ടെ..”
“വേണ്ട വേണ്ടാ.. ഒലിപ്പീരു വേണ്ട..”
“എല്ലാം സമാധാനത്തിൽ പറയാം എന്ന് കരുതിയിട്ടാ വന്നേ അതിനു മുന്നേ ന്യൂസ് ഇങ്ങെത്തുമെന്ന് ഞാൻ വിചാരിച്ചില്ല… സോറി… പോരാത്തതിന് വന്നപ്പോഴേ ചൊറിയാൻ തുടങ്ങി…
സോറി പറഞ്ഞില്ലേ..വാ..”
“സോറി പറഞ്ഞാൽ ഒന്നും കാര്യമില്ല… എന്നെ പറ്റിച്ച് പോസ്റ്റാക്കി പോയില്ലേ…
എന്തൊക്കെയായിരുന്നു അവളെ ഹോസ്റ്റലിൽ ആകുന്നു.. ഞാൻ ഫ്രണ്ടിന്റെൻറെ കൂടെ നിൽക്കുന്നു…
നീ വന്നാ അവർക്ക് ബുദ്ധിമുട്ടാവും…
പാവം ഞാൻ അതൊക്കെ വിശ്വസിച്ചു…
ആർക്കായിരുന്നു ബുദ്ധിമുട്ട് എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി… എല്ലാത്തിനും ഇറങ്ങിപ്പുറപ്പെട്ടത് ഞാൻ… സ്മരണ വേണം സ്മരണ..”
“നിന്നോട് പറഞ്ഞാൽ നീ അപ്പോൾ തന്നെ നന്ദുവിന്റെ ചെവിയിൽ എത്തിയ്ക്കില്ലേ… അതാണ്.. പ്ലീസ് ഡാ..”
“എന്നിട്ടെന്തായി അത് പറ…
വല്ല ചാൻസ് ഉണ്ടോ…
അതോ എൻറെ കാര്യം കൂടി അവതാളത്തിലാക്കോ..”
“നിൻറെ കാര്യോ…നിൻറെ ഏത് കാര്യം..???”
“ആ എന്റെ കാര്യം.. നിങ്ങളുടെ കല്യാണം കഴിയാതെ എനിക്ക് കെട്ടാൻ പറ്റുമോ..??”
“കെട്ടാൻ വല്ലോരേം കണ്ടു വച്ചിട്ടുണ്ടോ..??”
“അതൊക്കെ സമയം ആകുമ്പോ കാർത്തി പറയും…കേട്ടല്ലോ..”
“നിങ്ങൾ ഇത് പറ ബ്രോ… അവൾ എന്തു പറഞ്ഞു..”
“അപ്പോ.. നന്ദു ഒന്നും പറഞ്ഞില്ലേ…”
“സഞ്ജുനോട് ചോദിക്കാൻ പറഞ്ഞു..
‘കാർത്തിയുടെ ഏട്ടൻ’ മാറി സഞ്ജുവെന്ന് ആയപ്പോൾ തന്നെ എനിക്ക് തോന്നിയതാ.. ഗ്രീൻ ലൈറ്റ് കത്തിയെന്ന്… അങ്ങനെയല്ലേ…”
“ഉം.. അങ്ങനെ തന്നെ… എന്താ ഒരു നിരീക്ഷണം.. സമ്മതിച്ചു തന്നു..”
“അപ്പോൾ സമ്മതിച്ചു അല്ലേ…
അമ്മേ.. അച്ഛാ..ഓടിവായോ…”
“ഡാ.. പതിയെ… ഇങ്ങനെ കിടന്നു കൂവാതെ..”
“എന്താടാ..എന്തുപറ്റി…
ഈ ചെക്കന് ഇത് എന്തിന്റെ കേടാ…”
ശ്രീദേവി ഭക്ഷണം എടുത്തു വെക്കുന്നതിനിടയിൽ വിളിച്ചു ചോദിച്ചു…
കാർത്തി ഓടിവന്നു ഹിളിലേക്കുള്ള കൈവരിയിൽ പിടിച്ചുകൊണ്ട് മുകളിൽ നിന്ന് വിളിച്ചു പറഞ്ഞു…
“അമ്മ പോയി ജ്യോത്സ്യനെയൊ തട്ടാനെയൊ കണ്ട് മുഹൂർത്തം കുറിപ്പിച്ച് വാ…
കല്യാണത്തിന് നന്ദു സമ്മതിച്ചൂന്ന്…”
“തട്ടാനെയൊ…???”
അമ്മയും അച്ഛനും സഞ്ജുവും വാപൊത്തി ചിരിക്കുകയാണ്….
“നിങ്ങൾ ഇരുന്നു ചിരിച്ചോ…
ഇനിയിപ്പോ ആകെ ടെൻഷനായി… എല്ലാത്തിനും ഞാൻ ഒരാളു മാത്രം..”
“നിനക്കെന്തിനാ ഇത്ര വെപ്രാളം..??”
അച്ഛന്റേതാണ് ചോദ്യം..
പാവം.. സന്തോഷം കൊണ്ടാണ് ഏട്ടാ…ഈ കല്യാണം നടക്കുന്നതിൽ ഏറ്റവും സന്തോഷം അവനാണ്.. കാർത്തിയ്ക്ക്..
“ഞാനിപ്പോ വരാട്ടോ.. ഒന്ന് ഫോൺ ചെയ്യട്ടെ… ഈ സന്തോഷം പറയാനാ…”
“ആരോടാണ്..”
“അതൊക്കെ ഉണ്ട്…”
“കളിക്കാതെ…പറയെടാ ചെക്കാ..
അല്ലെങ്കിൽ അമ്മയോടും അച്ഛനോടും പറഞ്ഞുകൊടുക്കും…”
“പിന്നേ….
വെടിക്കെട്ടുകാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്…
അല്ല ആരാ ഈ പറയണെ..?? ആറു വർഷം ഒരു പ്രേമം കൊണ്ട് നടന്ന ഒരു പച്ച പാവം മനുഷ്യൻ…. ഒന്ന് പോ ബ്രോ..”
കാർത്തി ആരെയാണ് വിളിയ്ക്കുന്നത് എന്ന് നോക്കി നിൽക്കുകയായിരുന്നു സഞ്ജു..
“ഡീ..ഇറങ്ങാറായോ…
ഒരു ഹാപ്പി ന്യൂസുണ്ട്….നന്ദു കല്യാണത്തിന് സമ്മതിച്ചൂന്ന്….”
സഞ്ജു നോക്കിനിൽക്കുന്നത് കണ്ടിട്ടാകണം കാർത്തി അവിടെ നിന്ന് സ്കൂട്ടായി….
ആ..പറയ്… ബ്രോ എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ ആരെയാ വിളിക്കണേന്ന് അറിയാൻ…
ഞാനാരാ മോൻ അവിടുന്ന് സ്കൂട്ടായതാ..
“” നിനക്ക്…. നിൻറെ നന്ദേച്ചി കല്യാണത്തിന് സമ്മതിച്ചു എന്ന് അറിഞ്ഞപ്പോൾ….സന്തോഷായില്ലേ
“ഇല്ലാതെ പിന്നെ… എന്നെക്കാൾ സന്തോഷം വേറെ ആൾക്കാണ്…
എനിക്ക് അറിയാൻ പറ്റുന്നുണ്ട്…”
“ഉം.. മനസ്സിലായി…”
‘എന്റെ കാര്യം പറയണില്ലേ നന്ദേച്ചിയോട്…”
“പറയണം… പക്ഷേ കുറച്ചുകൂടി കഴിയട്ടെ…. ഇപ്പൊ പറഞ്ഞാൽ ശരിയാകില്ല…”
“ഉം..”
“ഇനി അങ്ങോട്ട് തിരക്കാകും….
എല്ലാത്തിനും ഞാൻ ഒരാളു മാത്രം
അല്ലേയുള്ളൂ…ഹി..ഹി..
വൈകീട്ട് വിളിക്കാട്ടോ….
സൂക്ഷിച്ചോണം.. കേട്ടോ….
അപ്പോ…ബൈ…”
ഫോൺ വെച്ച് തിരിഞ്ഞു നോക്കിയപ്പോൾ കൈ പിണച്ചു കെട്ടി നോക്കി നിൽക്കുന്ന സഞ്ജുവിനെ….
“ആരാടാ…ഫോണിൽ…
സത്യം പറ….”
“അതൊക്കെ സമയാവുമ്പോൾ ഞാൻ തന്നെ പറയും…കേട്ടല്ലോ….
ഇപ്പോഴേ എന്റെ ഏട്ടൻ അതാലോചിച്ച് ടെൻഷനാകണ്ട…..
മോന് വേറെന്തെല്ലാം ആലോചിക്കാൻ കിടക്കണു….
ഫുഡ് അടിച്ചു ഓഫീസിൽ പോകാൻ നോക്ക്….. ഞാനെന്റെ ഏട്ടത്തിയമ്മേടെ അടുത്തോണ്ട് പോകണുണ്ട്… എന്തെങ്കിലും പറയണോ…..”
“അയ്യോ… എന്റെ മോന് ബുദ്ധിമുട്ട് ആകില്ലേ… എന്റെ പെണ്ണിനെ ഞാൻ വിളിച്ചോളാം…..”
“എന്റെ പെണ്ണ്…. ഇപ്പൊ അങ്ങനൊക്കെ ആയില്ലേ….നടക്കട്ടെ…നടക്കട്ടെ…..”
എന്നും പറഞ്ഞു
സന്തോഷത്തോടെ പോകുന്ന കാർത്തിയെ നോക്കി സഞ്ജു നിന്നു..
തന്റെ ഭാഗ്യമാണവൻ……
അനിയനെക്കാൾ ഉപരി
എന്തും പറയാവുന്ന നല്ലൊരു സുഹൃത്ത്…..
എന്ത് വിഷമത്തിലും അവൻറെ അടുത്ത് ഒരു പരിഹാരം ഉണ്ടാവും….
അങ്ങനെയല്ലേ….
കൺമുന്നിൽ കാണുമ്പോഴെല്ലാം വെറുതെ വഴക്ക് കൂടുമെങ്കിലും….
നിഷ്കളങ്കമായ സ്നേഹം സഹോദര സ്നേഹം തന്നെയാണ്
കാത്തിരിക്കൂട്ടോ…
സ്നേഹത്തോടെ…. ധന്യ