Monday, April 29, 2024
Novel

പ്രണയവീചികൾ : ഭാഗം 12

Spread the love

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

Thank you for reading this post, don't forget to subscribe!

ഋഷി വന്ന് കയറിയപ്പോൾ പൊട്ടിയ വെയ്‌സിന്റെ ചില്ലുകൾ കളയുന്നതിനായി എടുത്തു കൊണ്ട് ഇറങ്ങുകയായിരുന്നു ഋതു. ഇതെന്ത് പറ്റിയതാ.. സംശയത്തോടെ അവൻ മുഖം ചുളിച്ചു.

ഞാനൊരാളെ അടിച്ചതാ. പെട്ടെന്ന് പൊട്ടിപ്പോയി.. കൂസലില്ലാതെ പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ഋതുവിനെ അമ്പരപ്പോടെ അവൻ നോക്കി.

തന്നെ കളിയാക്കിയതെന്ന തോന്നൽ കൊണ്ട് ഋഷി റൂമിലേക്കും പോയി.

അല്പസമയം കഴിഞ്ഞപ്പോൾ ശ്രീദേവിയും പിന്നാലെ നന്ദനും എത്തി.

ഋഷീ… വേദിനെ വിളിച്ചു നോക്ക്. അവനും കൂടെ വരുന്നുണ്ടെന്ന് പറഞ്ഞതല്ലേ. കണ്ടില്ലല്ലോ എന്നിട്ട്.. പോകാൻ തയ്യാറായിക്കൊണ്ട് നന്ദൻ പറഞ്ഞു.

ഋഷി വേദിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ ചെവിയോട് ചേർക്കുമ്പോഴും നിറഞ്ഞ സന്തോഷത്തോടെ മൂളിപ്പാട്ട് പാടുകയായിരുന്നു ഋതു.

കുറച്ച് സമയം തലയിൽ അടിയേറ്റ വേദനയിലും മരവിപ്പിലും തലയിൽ കൈകൊണ്ട് അമർത്തിപ്പിടിച്ച് ഇരുന്ന വേദ് ആയിരുന്നു അവളുടെ ഉള്ളിൽ.

അവന്റെ തലയിൽ നിന്നൊഴുകിയ കൊഴുത്ത രക്തം കാണുന്തോറും ഉള്ളിൽ കുറ്റബോധം തെല്ലുമില്ലായിരുന്നു.

കാരണം അവനത് ചോദിച്ചു വാങ്ങിയതാണ്. അവൻ അർഹിക്കുന്നതാണ്. പെണ്ണെന്നാൽ വെറും ഭോഗവസ്തു ആയി കാണാൻ മാത്രമേ അവന് കഴിയുള്ളൂ.

തന്റെ നിറത്തിനോടും സൗന്ദര്യത്തോടുമുള്ള വെറും അഭിനിവേശം മാത്രമാണ് അന്നുമിന്നും അവനിൽ നിറഞ്ഞു നിൽക്കുന്നത്. പ്രണയമെന്ന വികാരം അതിനൊരു മറ മാത്രമാണ് അവന്.

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും രൂപം കൊള്ളേണ്ടതാണ് പ്രണയം. അവനില്ലാതെ ഞാനോ ഞാനില്ലാതെ അവനോ ഇല്ലെന്ന യാഥാർഥ്യം.

അവിടെ ശരീരമല്ല മനസ്സുകൾ തമ്മിലാണ് സംവദിക്കേണ്ടത്. ഇരു മനസ്സുകളിൽ നിന്നുമൊരു പുഴപോലെ പ്രണയം വഴിഞ്ഞൊഴുകണം.

പ്രതിസന്ധികളിൽ പോലും കൈവിടാതെ നെഞ്ചോട് ചേർത്ത് പിടിക്കണം. ഒരു നോട്ടത്തിൽ നിന്നുപോലും മനസ്സ് മനസ്സിലാക്കുവാൻ കഴിയണം.

അവിടെ പ്രണയത്തിന് ഭാഷയുടെ ആവശ്യമില്ല. എന്തുകൊണ്ടോ അവളുടെ മനസ്സിൽ സാരംഗിന്റെ പ്രണയപൂർവ്വമുള്ള നോട്ടവും നിറഞ്ഞ മിഴികളും കടന്നുവന്നു.

“നിന്റെ ശരീരമല്ല മനസ്സാണ് ഞാൻ സ്നേഹിച്ചത്. നീ നിന്റെയുള്ളിൽ മറച്ചു വച്ചിരിക്കുന്ന ഋതികയെ ആണെനിക്കിഷ്ടം “…അവന്റെ വാക്കുകൾ.

“സത്യമെന്തായാലും എനിക്ക് നിന്നോടുള്ള ഇഷ്ടം തരിപോലും കുറഞ്ഞിട്ടില്ല ഋതിക “… അവസാനമായി കടൽത്തീരത്ത് വച്ചവൻ പറഞ്ഞ വാക്കുകൾ.

അവന്റെ ചുവന്ന് നിറഞ്ഞ മിഴികൾ.. അവളിൽ ആ നിമിഷമൊരു വേദന എന്തിനെന്നറിയാതെ നിറഞ്ഞു.

പാടില്ല… ഒരു പുരുഷന്റെ ജീവിതത്തിൽ ചെന്നുകയറേണ്ട യോഗ്യതയില്ലാത്തവളാണ് താൻ. അവന് അർപ്പിക്കാനായി പരിശുദ്ധിയുള്ള ശരീരം ഇല്ലാത്തവൾ… സ്വയം മനസ്സിനെ ശാസിച്ചു നിർത്തിയശേഷം അവൾ തല വെട്ടിക്കുറഞ്ഞു.

അവളിൽ സാരംഗ് എന്ന വ്യക്തി അവളറിയാതെ തന്നെ സ്ഥാനം പിടിച്ചുവെന്ന് അവളപ്പോഴറിഞ്ഞില്ല.

അച്ഛാ… അവൻ തറവാട്ടിൽ എത്തിക്കോളാമെന്ന് പറഞ്ഞു. പെട്ടെന്നേതോ ക്ലൈന്റ്‌സ് വന്നെന്ന്.. ഋഷി വാക്കുകൾ അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു.

നന്ദനാണ് ഡ്രൈവ് ചെയ്തത്. ഋഷി കോ ഡ്രൈവർ സീറ്റിലും ശ്രീദേവിയും ഋതുവും പിൻസീറ്റിലുമാണ് ഇരുന്നത്.

ടെക്സ്റ്റയിൽസിന്റെ മുൻപിൽ വണ്ടിയൊതുക്കിയപ്പോൾ എല്ലാവരുടെയും മിഴികൾ ഋതുവിലേക്ക് നീണ്ടു.

അത് മനസ്സിലായിട്ടും അവൾ കണ്ണുകളടച്ച് കിടന്നു.
അവൾ വരില്ലെന്ന് ബോധ്യമായപ്പോൾ യപ്പോൾ മൂന്നുപേരും കൂടി കയറിപ്പോയി.

ഏകദേശം ഒരു മണിക്കൂർ അടുപ്പിച്ചെടുത്തു പർച്ചേസ് കഴിഞ്ഞിറങ്ങാനായി.
അവർ തിരിച്ചെത്തിയപ്പോൾ അവൾ നീരവിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു.

അത് കണ്ട് ഋഷിയുടെ മുഖത്ത് അസൂയ പരന്നു.

ഒൻപത് മണിയോടടുപ്പിച്ച് അവർ തറവാട്ടിലെത്തിച്ചേർന്നു.

തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്ന തറവാട് കണ്ടപ്പോഴേ ഋതുവിന്റെ ഉള്ള് പിടച്ചു.
മേനിയാകെ വിറയൽ കടന്നുപോയി .

തന്റെ ജീവിതം മാറിമറിഞ്ഞ സ്ഥലമാണ്. ഒരു പെണ്ണ് ഏറ്റവും കൂടുതൽ വിലകല്പിക്കുന്ന അവളുടെ പരിശുദ്ധിക്ക് മങ്ങലേറ്റത് ഇവിടെ വച്ചാണ്.

സുഭദ്ര അപ്പച്ചി വാക്കുകൾ കൊണ്ട് വേശ്യയ്ക്ക് സമമാക്കിയത് ഈ തറവാട്ടിൽ വച്ചാണ്.
വേദ് എന്ന നരാധമൻ യാതൊരു വിധ ദാക്ഷണ്യവുമില്ലാതെ തന്നെ കടിച്ചു കുടഞ്ഞത് ഈ വീട്ടിൽ വച്ചാണ്.

ആ നിമിഷം അന്നത്തെ പനിച്ചൂടിലെന്നപോൽ അവൾ തുള്ളി വിറച്ചു.
ആറുവർഷത്തിനുശേഷം വീണ്ടും ഈ പടി ചവിട്ടുകയാണ്.

ഒരുകാലത്ത് ഓർമ്മിക്കാൻ ഒരുപാട് നല്ലോർമ്മകൾ മാത്രം കൈമുതലായുണ്ടായിരുന്ന തറവാടാണ് ഇന്ന് ഓർമ്മിക്കാൻ ഇഷ്ടമല്ലാത്ത ഓർമ്മകളുടെ ഉറവിടം കൂടിയായി തീർന്നത്.

ആർച്ച ചേച്ചിയുടെയും സുഭദ്ര അപ്പച്ചിയുടെയും പരിഹാസങ്ങൾ ഇപ്പോഴും അവിടെ മുഴങ്ങുന്നുണ്ടെന്ന് തോന്നി.

ഋതൂ… ഋഷിയാണ് വിളിച്ചത്.

ങ്ഹാ… ഏതോ ദുസ്വപ്നത്തിൽ നിന്നുണർന്നെന്നപോലെ അവൾ ഞെട്ടി മിഴിച്ചവനെ നോക്കി.

അവളുടെ നിറഞ്ഞ കണ്ണുകളിൽ തെളിഞ്ഞ ഭയവും നിസ്സഹായതയും കണ്ട് വർഷങ്ങൾക്കുശേഷം അവളോട് അവന് അലിവ് തോന്നി.

വാ.. ഏതോ ഉൾപ്രേരണയോടെ അവൻ അവളുടെ കൈയിൽ പിടിച്ചു.

തന്റെ കൈയിൽ തൂങ്ങി നടന്നിരുന്ന കുഞ്ഞനുജത്തിയാണ്. തന്റെ കൈകൊണ്ട് എത്രയോ പ്രാവശ്യം ഊട്ടിക്കൊടുത്തിട്ടുണ്ട്. അതെല്ലാം വർഷങ്ങൾ പഴക്കമുള്ള ഓർമ്മകൾ മാത്രമാണെന്ന് അവന് തോന്നി.

അവളവന്റെ കൈകളിലേക്ക് കൈകൾ ചേർക്കാൻ വന്ന നിമിഷം അവളുടെ ഫോൺ റിങ് ചെയ്തു. അവളറിയാതെ തന്നെ ഋഷിയിൽ കൈ വലിച്ചെടുത്തു.

അമ്പൂട്ടാ… അവളുടെ വിളിയിൽ വല്ലാത്ത ദയനീയത നിറഞ്ഞു നിന്നിരുന്നു.

എന്നെക്കൊണ്ട് പറ്റുന്നില്ലെടാ. മറക്കാൻ ശ്രമിച്ചവയെല്ലാം എന്റെ കണ്മുൻപിൽ തെളിഞ്ഞു വരുന്നതുപോലെ. എന്നെയൊരു ചീത്തക്കുട്ടി ആക്കിയ വീടാ… വീട്ടുകാരാ.. അവൾ തേങ്ങി.

ഇത്രയും വർഷം നീ കരഞ്ഞില്ലേ ഋതു. ഇനിയും നീ കരയാൻ പാടില്ല. നിന്റെ കണ്ണുനീർ പലരുടെയും വിജയമാണ്.

എന്നാൽ നിന്റെ പുഞ്ചിരി നിന്നെ അപമാനിക്കാൻ തയ്യാറായി നിൽക്കുന്നവർക്കുള്ള.. നിന്നെ ദ്രോഹിച്ചവർക്കുള്ള മറുപടിയാണ്.

ഇനിയും എല്ലാവരുടെയും മുൻപിൽ തോൽവി സമ്മതിച്ച് നിൽക്കണോ അതോ തലയുയർത്തി പുഞ്ചിരിയോടെ അവർക്ക് മറുപടി നൽകി നിൽക്കണോ…. അവൾക്ക് ആ സമയം ആവശ്യമുള്ളത് പിന്തുണയായിരുന്നു.. ആത്മവിശ്വാസമായിരുന്നു.. സ്നേഹവും കരുതലുമായിരുന്നു.

സൗഹൃദത്തിന്റെ പവിത്രമായ ബന്ധത്തിൽ നിന്നും അമ്പു അത് ഭംഗിയായി നിർവ്വഹിച്ചു.
അതിന്റെ ഫലമെന്നോണം അവളുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു.

നീട്ടിപ്പിടിച്ച ഋഷിയുടെ കൈകളെ വകവയ്ക്കാതെ അവൾ ആ വീട്ടുമുറ്റത്ത് കാൽ പതിപ്പിച്ചു.

അവൾക്ക് വന്ന ഫോൺ കാളും മറുവശത്ത് നിന്ന് വന്ന വാക്കുകളും അവൻ വ്യക്മായി കേട്ടിരുന്നു.
അവളെ ഇത്രയും ആഴത്തിൽ സ്നേഹിക്കുന്ന കൂട്ടുകാരോട് അവന് തീരാത്ത അസൂയയായി.
ഒരു ഏട്ടനെന്ന നിലയിൽ താനൊരു പരാജയമാണെന്നവൻ തിരിച്ചരിച്ചറിയാൻ അത് ധാരാളമായിരുന്നു.

അവൾ അതുപോലെ തനിക്ക് ഇനി സ്നേഹിക്കപ്പെടാൻ കഴിയുമോ എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിലപ്പോൾ.

കുടുംബാംഗങ്ങളെല്ലാം ഉമ്മറത്ത് ഹാജരായിട്ടുണ്ട്. ആറുവർഷം വരാത്തതുകൊണ്ട് തന്നെ ആരും തന്നെ പ്രതീക്ഷിച്ചില്ലെന്ന് അവരുടെയൊക്കെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായിരുന്നു.

ആദ്യം നോട്ടം പതിഞ്ഞത് നിറകണ്ണുകളോടെ സാരിത്തുമ്പ് വായിലമർത്തി നിൽക്കുന്ന ചിത്ര അപ്പച്ചിയാണ്. തന്നെ കളങ്കമില്ലാതെ സ്നേഹിച്ചവരിലൊരാൾ.

ഓടിച്ചെന്ന് പുഞ്ചിരിയോടെ ആ മാറിൽ ചായുമ്പോൾ എല്ലാവരുടെയും മുഖത്ത് അത്ഭുതം പരക്കുന്നത് കണ്ടറിഞ്ഞു.

എന്നെ മറന്നൂലോ എന്റെ കുട്ടി. ആറുവർഷമായി പോയിട്ട്. ഒരു വിളിയില്ല.. എഴുത്തില്ല.. ഒന്നുമില്ല. അപ്പച്ചിയെയും നീ വെറുത്തോ മോളേ… ചോദിക്കുമ്പോഴും ആ ഹൃദയം പിടയുന്നത് വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.

ഋതു ഒന്നും മറക്കാറില്ല അപ്പച്ചീ. സ്നേഹിച്ചവരെയും ദ്രോഹിച്ചവരെയും ചേർത്തു പിടിച്ചവരെയും അവഗണിച്ചവരെയുമൊന്നും മറന്നിട്ടില്ല.

ആറുവർഷം വേണ്ടിവന്നു അപ്പച്ചിയുടെ പഴയ ഋതുവാകാൻ. അതിനും ചിലർ വേണ്ടിവന്നു. എനിക്കേറെ പ്രിയപ്പെട്ട ചിലർ… അവൾ സന്തോഷത്തോടെ പറഞ്ഞു.

ഋതു പൊട്ടിക്കരഞ്ഞുകൊണ്ട്‌ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർ നിരാശരായി.

അമ്പൂട്ടൻ പറഞ്ഞത് എത്ര ശരിയാണ്.

അച്ഛമ്മ നെറുകയിൽ തലോടി.
അച്ഛാച്ചൻ നിർവികാരികതയോടെ നിന്നതേയുള്ളൂ.
തലയുയർത്തി തന്നെ പുഞ്ചിരിച്ചു അവൾ.

തന്നെ പ്രതീക്ഷയോടെ നോക്കിക്കൊണ്ട് ഗൗരി അപ്പച്ചി നിൽപ്പുണ്ടായിരുന്നു. അതിന് മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.

ഹ്മ്മ്.. വല്ല കൂസലുമുണ്ടോയെന്ന് നോക്കിക്കേ. തൊലിക്കട്ടി അപാരം തന്നെ.. സുഭദ്ര അപ്പച്ചി അർച്ചനയോടും മഹാദേവൻ ചെറിയച്ഛന്റെ ഭാര്യയോടും പറയുന്നുണ്ടായിരുന്നു.

തെറ്റ് ചെയ്യാത്തവർ തലകുനിക്കേണ്ടതില്ല.. ആരെയും ഭയക്കേണ്ടതുമില്ല.

ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം കാലം ഞാൻ ആരെയാണ് ഭയക്കേണ്ടത്… പുഞ്ചിരിയോടെ അവരുടെ മുഖത്ത് നോക്കി പറഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് നടന്നു.

തടികൊണ്ടുള്ള ചവിട്ടുപടികൾ കയറുമ്പോഴേ തണുപ്പും ഇളംകാറ്റും തഴുകാനെത്തി. വർഷങ്ങൾക്കുശേഷം കാണുന്നതിന്റെ പരിഭവം പറയാനെന്നോണം മന്ദമാരുതൻ അവളുടെ മുഖത്ത് ഇക്കിളികൂട്ടി.

വിശാലമായ ഇടനാഴിയിലൂടെ ചേർന്നിരിക്കുന്ന കുറേ മുറികൾ.
നിശാഗന്ധി പൂത്തമണം എല്ലായിടത്തും പരന്നൊഴുകുന്നുണ്ട് .

മുറിയുടെ കൊത്തുപണികളോട് കൂടിയ തടിവാതിൽ തള്ളിത്തുറന്നു.
പഴമയുടെ ആസ്വാദ്യകരമായ ഗന്ധം അവളാഞ്ഞു ശ്വസിച്ചു.

കടന്നൽ കൂടിളകിയതുപോലെ മൂളിപ്പറന്നെത്തിയ ഓർമകളെ ശാസിച്ച് തിരികെ പറഞ്ഞയച്ചു.

തണുത്ത വെള്ളത്തിൽ കുളി കഴിഞ്ഞിറങ്ങിയപ്പോൾ നല്ല ആശ്വാസം തോന്നി.
പുറത്തേക്കിറങ്ങി തൊടിയിലേക്ക് മിഴികൾ പായിച്ചു.

ഏട്ടനോടൊപ്പം വെള്ളരിമാവിലിരുന്ന് ഉപ്പുകൂട്ടി മാങ്ങ കഴിച്ചതും തൊട്ടാവാടിയെ തൊട്ട് മയക്കിയതും വെടിക്കായ പറിച്ച് വെള്ളത്തിലിട്ട് പൊട്ടിച്ച് രസിച്ചതും കണ്ണാരം പൊത്തിക്കളിച്ചതുമെല്ലാം ഓർമ്മയിൽ തെളിഞ്ഞുനിന്നു.

ഒരിക്കലും തിരികെ ലഭിക്കാത്ത കാലം. ഒരു നോവായി അവളുടെയുള്ളിൽ കിടന്നു.

അവളുടെ ഓർമ്മകളിൽ പട്ടുപാവാടയിട്ട കൈനിറയെ കുപ്പിവളകളിട്ട പെൺകുട്ടി തൊടിയിലൂടെ ഓടിക്കളിക്കുന്ന പെൺകുട്ടിയായിരുന്നു. പിന്നാലെ ഋഷിയുമുണ്ട്.

അവൾക്ക് കുറച്ചുമാറി ആ സമയം ഋഷിയും നിൽപ്പുണ്ടായിരുന്നു.

ഒരിക്കൽ താൻ മനപ്പൂർവം പടിയിറക്കിവിട്ട അനിയത്തിയോടൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ഓർമ്മകളുടെ മാധുര്യം നുണഞ്ഞുകൊണ്ട്.

അവന്റെ മിഴിക്കോണിൽ അപ്പോഴും കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

പിറ്റേന്ന് അവൾ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോയി വന്നു. ലോങ്ങ്‌ സ്കർട്ടും ടോപ്പുമായിരുന്നു ധരിച്ചിരുന്നത്.

ഒറ്റയ്ക്ക് അമ്പലത്തിൽ പോയി വരുന്നത് കണ്ടിട്ടാകാം പലരുടെ മിഴികളിലും അത്ഭുതം. പണ്ട് അമ്പലത്തിൽ കൂട്ടില്ലാതെ പോകില്ലെന്ന് വാശി പിടിച്ചവളായിരുന്നു.

കാലങ്ങൾ അവളിൽ തീർത്ത മാറ്റങ്ങൾ അനിർവ്വചനീയമാണല്ലോ.

പടിപ്പുര കടന്നെത്തിയ കാറിൽ നിന്നും വേദ് ഇറങ്ങി. എല്ലാവരും ഞെട്ടലോടെ എഴുന്നേറ്റപ്പോഴും മനസ്സ് നിറഞ്ഞ പുഞ്ചിരിയുമായി സമാധാനത്തോടെ ഋതു മുൻപിൽ തന്നെ നിന്നു.

കാരണം പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കാതെ മനസ്സ് നിറഞ്ഞ ചിരിയോടെ സധൈര്യം അവ നേരിടാൻ അവൾ പഠിച്ചു കഴിഞ്ഞിരുന്നു.
ചിലരവളെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11