Saturday, April 27, 2024
Novel

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 35

Spread the love

നോവൽ
എഴുത്തുകാരി: അമൃത അജയൻ

Thank you for reading this post, don't forget to subscribe!

കൈയിലിരുന്ന കടലാസ് മയി ചുരുട്ടിപ്പിടിച്ചു … ആകാശത്ത് മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു ..

മഴയുടെ ഈർപ്പം വഹിച്ചുകൊണ്ടെത്തിയ കാറ്റ് അവളുടെ മുടിയിഴകളെ പറത്തിക്കൊണ്ടേയിരുന്നു …

അവയെ മാടിയൊതുക്കാൻ മിനക്കെടാതെ അവൾ പിന്നിലേക്ക് ചാരിയിരുന്നു …

നിവ മുഖം തിരിച്ച് നോക്കി .. മുൻപെങ്ങും കാണാത്ത വിധം മയിയുടെ മുഖത്ത് പാരവശ്യം നിഴലിച്ചിരുന്നു .. നിവയ്ക്കവളോട് സഹതാപം തോന്നി …

ജെ എസ് വില്ല
പൂവാർ

കുറിപ്പിലെ അക്ഷരങ്ങൾ മയിയുടെ കൺമുന്നിൽ മിഴിച്ചു നിന്നു ..

എങ്ങനെയാണ് ഈ കുരുക്കഴിച്ചു തുടങ്ങേണ്ടതെന്ന് അവൾക്കൊരൂഹവുമില്ലായിരുന്നു ..

” എവിടെയാ ഇറങ്ങേണ്ടത് …? ”

ഓട്ടോ റിക്ഷ പബ്ലിക് ലൈബ്രററി കടന്നപ്പോൾ ഡ്രൈവർ പിന്നിലേക്ക് മുഖം തിരിച്ചു ചോദിച്ചു …

മയി മുഖമുയർത്തി ചുറ്റും നോക്കി …

” യൂണിവേർസിറ്റിയുടെ അങ്ങോട്ട് പോകട്ടെ … ” അവൾ പറഞ്ഞു …

യൂണിവേർസിറ്റിയുടെ അടുത്ത് ഓട്ടോ നിന്നപ്പോൾ മയിയും നിവയുമിറങ്ങി ..ഓട്ടോ ചാർജ് കൊടുത്തിട്ട് അവരിരുവരും നടപ്പാതയിലേക്ക് കയറി മുന്നോട്ട് നടന്നു ..

മയി നിവയുടെ കൈയിൽ മുറുക്കി പിടിച്ചിട്ടുണ്ടായിരുന്നു …

അവിടെ എന്തിനിറങ്ങിയെന്നോ ഈ നടത്തമെന്തിനാണെന്നോ മയിക്കു പോലും ഒരൂഹമില്ലായിരുന്നു …

ആരെയാണ് കൂട്ടിന് വിളിക്കേണ്ടത് ..? ആ വില്ലയിലേക്ക് തനിയെ കയറിപ്പോകുന്നത് ശരിയല്ല .. അരുൺ ഉണ്ടായിരുന്നെങ്കിൽ … അവളുടെ നെഞ്ചിൽ കനം കൂടി വന്നു ..

പെട്ടന്നവൾ ഫോണെടുത്തു ഒരു നമ്പറിലേക്ക് വിളിച്ചു ..

നാലാമത്തെ റിങ്ങിൽ ആ കോൾ അറ്റൻഡ് ചെയ്യപ്പെട്ടു ..

” മയീ …….” കരുതൽ നിറഞ്ഞൊരു ശബ്ദം അവളുടെ കാതിലേക്കൊഴുകി .. എരിവെയിലിലേക്ക് പെയ്തൊരു ചാറ്റൽ മഴ പോലെ ….

” പ്രദീപ് …. എനിക്കത്യാവശ്യമായിട്ട് നിന്നെ കാണണം … ഞാൻ .. ഞാനൊരു വല്ലാത്ത അവസ്ഥയിലാണ് ……”

” നീയെവിടെയുണ്ടിപ്പോ … ? ഞാനെവിടെ വരണം ……..?” പിന്നെയുമെന്തൊക്കെയോ പറയാൻ തുടങ്ങിയ അവളുടെ വാക്കുകളെ മുറിച്ചു കൊണ്ട് അവൻ ആരാഞ്ഞു …

” യൂണിവേർസിറ്റി റോഡിൽ …..”

” നീയാ റെസ്റ്റോറന്റിന് മുന്നിൽ നിൽക്ക് … ഞാൻ വരാം …….”

മറുതലയ്ക്കൽ കോൾ കട്ടായപ്പോൾ മയി ഫോണിലെ കോൾ ലിസ്റ്റുകൾ വീണ്ടും പരിശോധിച്ചു … നിഷിന്റേതെന്ന് കരുതാവുന്ന കോളുകളൊന്നുമില്ലായിരുന്നു …

അവൾ നവീണിന്റെ നമ്പർ കോളിലിട്ടു ..

രണ്ട് വട്ടം റിങ് ചെയ്ത് തീർന്നിട്ടും അവൻ ഫോണെടുത്തില്ല …

മയി നിവയേയും കൂട്ടി റെസ്റ്റോറന്റിനു മുന്നിൽ ചെന്നു നിന്നു …

” നിനക്ക് വിശക്കുന്നുണ്ടോ …” അവൾ നിവയോട് ചോദിച്ചു …

” ഏയ് … പക്ഷെ ദാഹിക്കുന്നുണ്ട് …..” അവൾ പറഞ്ഞു …

” വാ … അകത്ത് കയറി എന്തേലും കുടിക്കാം ….”

” നമ്മളെന്തിനാ ഇവിടെ നിൽക്കുന്നേ …? ”

” എന്റെയൊരു ഫ്രണ്ട് വരും .. മീഡിയ പേർസണാണ് … ” അവൾ പറഞ്ഞു ..

” എന്നാ പിന്നെ ആള് കൂടി വന്നിട്ട് കയറാം …. ” അവൾ വെയ്റ്റ് ചെയ്യാൻ തയ്യാറായി ..

അവർ തണൽ നോക്കി മാറി നിൽക്കാൻ തുടങ്ങവേ മയിയുടെ കൈയിലിരുന്ന് ഫോൺ ശബ്ദിച്ചു …

അവൾ ഡിസ്പ്ലേയിലേക്ക് നോക്കി ..

അൺക്നോൺ നമ്പർ ….

അവൾ ഹൃദയമിടിപ്പോടെ കോളെടുത്തു .. നിഷിനായിരിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു …

പക്ഷെ മറുവശത്ത് ഒരു സ്ത്രീ സ്വരമായിരുന്നു ….

” ഇത് നിഷിൻ സാറിന്റെ ഭാര്യയല്ലേ ….?” ആ വാക്കുകളിൽ തന്നെ നിഴലിച്ചു നിന്ന പുച്ഛം അവൾ തിരിച്ചറിഞ്ഞു …

” അതേ ……ആരാണ് …?”

” സുനന്ദ … ചഞ്ചലിന്റെ അമ്മ … ”

മയിയുടെ ശരീരത്തിൽ രക്തയോട്ടം വർദ്ധിച്ചു …

” പറയൂ ………” അവൾ പറഞ്ഞു …

” ഒന്ന് കാണണം … ഇന്ന് തന്നെ … അഞ്ച് മണിക്കു മുൻപ് … അത് കഴിഞ്ഞാൽ എന്റെ മകൾ പോലീസിനു മുന്നിൽ മൊഴി കൊടുക്കാൻ പോകും …

ഒരിക്കൽ അവളാവശ്യപ്പെട്ട ഒരവസരം നഷ്ടപ്പെടുത്തിയതിന്റെ ഭലം മേഡവും മേഡത്തിന്റെ ഭർത്താവും അനുഭവിക്കുന്നുണ്ടല്ലോ … ഇപ്പോഴും എന്ത് തീരുമാനം വേണമെങ്കിലും മേഡത്തിനെടുക്കാം …

അഞ്ച് മണി വരെ സമയമുണ്ട് .. താത്പര്യമുണ്ടെങ്കിൽ ഈ നമ്പറിലേക്ക് തന്നെ വിളിച്ചാൽ മതി …..” കളിയാക്കും പോലെ ആ സ്ത്രീ പറഞ്ഞു നിർത്തി …

അന്ന് ബാംഗ്ലൂരിൽ വച്ച് കണ്ട മുടി ക്രോപ്പ് ചെയ്തിട്ട് ,ശരീരം വെട്ടിച്ചു നടന്നു പോയ സുനന്ദയുടെ രൂപം മയി മനസിൽ കണ്ടു …

” ഞാൻ വരാം …….” ഒരു കൂടിക്കാഴ്ച ആവശ്യമാണെന്ന ബോധ്യത്തിൽ നിന്ന് മയി പറഞ്ഞു … പക്ഷെ ആ കോൾ കട്ടായിരുന്നു …

” ഛെ …..” തല കുടഞ്ഞു കൊണ്ട് മയി തിരിച്ച് ആ നമ്പറിലേക്ക് വിളിക്കാൻ തുടങ്ങിയിട്ട് പിന്നെ വേണ്ടന്ന് വച്ചു …

പിന്നീട് വിളിക്കാമെന്നവൾ കണക്കുകൂട്ടി …

അപ്പോഴേക്കും , ഒരു ബൈക്ക് പാർക്കിംഗ് ഏരിയയിലേക്ക് ഇരമ്പി പാഞ്ഞു വന്നു നിന്നു … ഹെൽമറ്റ് വച്ചിട്ടുണ്ടായിരുന്നെങ്കിലും അത് പ്രദീപാണെന്ന് അവൾക്കു മനസിലായി …

ബൈക്കിൽ നിന്നിറങ്ങി ,ഹെൽമറ്റ് അഴിച്ചു കൊണ്ട് അവൻ അവർക്കടുത്തേക്ക് വന്നു ..

മൂവരും ഒരുമിച്ച് റെസ്റ്റൊറന്റിനുള്ളിലേക്ക് കയറി .. ..

ഫുഡ് കോർട്ടിലേക്ക് ചെന്ന് ഒരു ടേബിളിനു ചുറ്റും അവരിരുന്നു .. വെയ്റ്ററോട് മൂന്ന് ഷാർജ പറഞ്ഞു … നിവ ന്യൂഡിൽസുകൂടി ഓർഡർ ചെയ്തു …

പ്രദീപിനു എതിരെയാണ് നിവ ഇരുന്നത്.. അവന്റെ കുറ്റി രോമങ്ങൾ വളർന്ന താടിയിലേക്കും താടി തുമ്പിലെ ചെറിയ വെട്ടിലേക്കും നെറ്റിയിലേക്ക് വീണു കിടന്ന മുടിയിലേക്കും കൗതുകത്തോടെ നിവ നോക്കി … എത്ര നിയന്ത്രിച്ചിട്ടും അവൾക്കവനിൽ നിന്ന് കണ്ണ് പറിച്ചെടുക്കാനായില്ല …

ലോകത്തുള്ള സകല പുരുഷന്മാരോടും പകയും പ്രതികാരവും ഒക്കെ തോന്നി തുടങ്ങിയ ദിവസങ്ങളായിരുന്നു ..

ഇനിയൊരിക്കലും ആരെയും പ്രണയിക്കുകയില്ലെന്ന് ശപഥമെടുത്ത ദിവസങ്ങൾ … എന്നിട്ടും എത്ര പെട്ടന്നാണ് മനസിന്റെ ചാപല്യങ്ങൾ ഉണരുന്നത് ..

നിവയിരിക്കുന്നത് കൊണ്ട് സംസാരിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് മയിക്ക് തോന്നി … കാര്യങ്ങളെല്ലാം അവൾക്കറിയുന്നതാണ് …

ചാനലിലൂടെ ആ വാർത്ത പുറത്ത് വരാനുണ്ടായ സാഹചര്യം മുതൽ രാവിലെ MD യെ കണ്ടതും അവസാനമായി വന്ന സുനന്ദയുടെ കോളുമടക്കം എല്ലാം മയി അവനോട് വിശദീകരിച്ചു ..

അവന്റെ ശ്രദ്ധ മുഴുവൻ മയിയിലായിരുന്നു …

” നീയാ അഡ്രസിങ്ങെടുക്ക് ….” എല്ലാം കേട്ട് കഴിഞ്ഞിട്ട് അവൻ പറഞ്ഞു …

മയി ഹാന്റ് ബാഗിൽ നിന്ന് ആ കുറിപ്പെടുത്ത് അവനു നേരെ നീട്ടി …

അവനതിലേക്ക് നോക്കി ചിന്താമഗ്നനായി ഇരുന്നു … പിന്നെ ഫോണെടുത്ത് ഗൂഗിൾ മാപ്പിൽ എന്തൊക്കെയോ സെർച്ച് ചെയ്തു …

” അവിടെപ്പോയാലോന്നാ ഞാൻ ആലോചിക്കുന്നേ … ” മയി പറഞ്ഞു ..

” അതു വേണ്ട .. വിൽസൺ സർ പറഞ്ഞതെന്താ ഒരു ജേർണലിസ്റ്റിന്റെ ബുദ്ധിയുപയോഗിച്ച് ,എല്ലാ ഐഡിയയും ഉപയോഗിച്ച് ഈ ബിൽഡിംഗിനെ കുറിച്ചന്വേഷിക്കണം എന്നല്ലേ .. ”

” അതേ …..”

” അതൊരു നിർദ്ദേശം മാത്രമല്ല മയി .. മുന്നറിയിപ്പ് കൂടിയാണ് .. ചെന്ന് ചാടിക്കൊടുക്കരുതെന്ന് … ”

അവൾ തല ചലിപ്പിച്ചു ..

” നീ തൽക്കാലം വീട്ടിലേക്ക് പൊയ്ക്കോ … ഞാനെന്റെതായ വഴിയിൽക്കൂടി ഒന്നന്വേഷിക്കട്ടെ .. എന്നിട്ട് നിന്നെ വിളിക്കാം … ”

” ബട്ട് , പ്രദീപ് ടൈമില്ല … നിഷിനിപ്പോഴും ….”

മയി അത് പറയുമ്പോൾ ന്യൂഡിൽസ് കഴിക്കുകയായിരുന്ന നിവ അവളെയൊന്ന് പാളി നോക്കി …

പ്രദീപ് മയിയെ നോക്കി തല ചലിപ്പിച്ചു …

” അധികം വൈകില്ല … ഇന്ന് തന്നെ നമുക്കൊരു പ്ലാനുണ്ടാക്കാം .. വേണ്ടിവന്നാൽ ആ വില്ലയിൽ പോയി രഹസ്യക്യാമറകൾ വച്ചൊരു ഓപ്പറേഷൻ തന്നെ നടത്തിക്കളയാം ..

എന്തിനാണെങ്കിലും അതിന്റെ ബ്ലൂപ്രിന്റ് കിട്ടണം … നീ തൽക്കാലം രംഗത്ത് വരണ്ട .. ” അവൻ പറഞ്ഞു …

മയിക്കും അതാണ് ശരിയെന്ന് തോന്നി …

നിവ കഴിച്ചു തീർത്തിട്ട് എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു …

” ഞാൻ നിന്നോട് ഹോസ്പിറ്റലിൽ വച്ചു പറഞ്ഞില്ലേ നിഷിന് ഒരു കുരുക്ക് ഒരുങ്ങുന്നുണ്ടെന്ന് …. കുട്ടനാടിന്റെ നെഞ്ചത്ത് കായലിനോട് ചേർന്ന് 3 ഏക്കറിൽ പുതിയൊരു റിസോർട്ട് വരാതിരിക്കുന്നതിന്റെ ഒരേയൊരു കാരണം നിഷിനാണ് .. .

കായലിന് ദോഷമായി ബാധിക്കുമെന്ന് നിഷിൻ മുഖ്യന്ത്രിക്കും റെവന്യൂ മിനിസ്റ്റർക്കും റിപ്പോർട്ടു കൊടുത്തു .. ആ റിപ്പോർട്ട് മേശപ്പുറത്ത് വച്ചു കൊണ്ട് ആത്മഹത്യാപരമായ ഒരു ഡിസിഷനെടുക്കാൻ അവരും തയ്യാറല്ല .. തൊട്ടാൽ കൈ പൊള്ളുമെന്നറിയാം ..

നിമിഷയുടെ ഫാദറുൾപ്പെടെ ഈ റിസോർട്ടിന്റെ കാര്യത്തിന് എത്ര മീറ്റിങ്ങുകൾ കൂടി ..

എല്ലാം രഹസ്യ സ്വഭാവമുള്ളത് …. ഒന്നുറപ്പാണ് മയി .. ഇപ്പോൾ കേരളത്തിലെ തിമിംഗലങ്ങളുടെയെല്ലാം കണ്ണ് ആ മൂന്നേക്കറിലാണ്.. ” പ്രദീപ് ഉറപ്പിച്ച് പറഞ്ഞു …

മയി നെഞ്ചിടിപ്പോടെ അവനെ നോക്കിയിരുന്നു ..

” നീ ടെൻഷനാകണ്ട .. ഞാനുണ്ട് കൂടെ .. എന്നുമുണ്ടാകും ഒരു നല്ല ഫ്രണ്ടായിട്ട് .. ” നേർത്ത പുഞ്ചിരിയോടെ അവളുടെ തോളത്ത് തട്ടി അത് പറയുമ്പോൾ അവന്റെ ശബ്ദത്തിലെവിടെയോ ഒരു നൊമ്പരം നിറഞ്ഞു ..

തന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ ഒരിക്കലും തിരുത്തിയെഴുതാനാകാത്ത ഒരേട് അവൾ മാത്രമാണ് …

ഒരെടുത്തു ചാട്ടം കൊണ്ട് നഷ്ടപ്പെട്ടു പോയത് ജീവനു തുല്യം സ്നേഹിച്ച തന്റെ പെണ്ണിനെയാണ് … അതും ഒറ്റ രാത്രി കൊണ്ട് …

” ചഞ്ചലിനെ കാണാം അല്ലേ പ്രദീപ് …? ” അവൾ ചോദിച്ചു ..

” കാണണം … ” അവൻ പറഞ്ഞു …

റെസ്റ്റൊറന്റിൽ നിന്നിറങ്ങുമ്പോഴും നിവയുടെ മിഴികൾ ഇടയ്ക്കിടെ പ്രദീപിന്റെ നേർക്കു നീണ്ടു …

ഒരിക്കൽ പോലും അവൻ തന്നെ ശ്രദ്ധിക്കാതിരുന്നതിൽ അവൾക്ക് നേർത്തൊരു നിരാശ തോന്നി … അവന്റെ വൃത്തിയുള്ള ചുണ്ടുകളിലേക്കവൾ ഒളികണ്ണിട്ട് നോക്കി …

ഒരു നിമിഷം ബെഞ്ചമിന്റെ കറുപ്പ് ബാധിച്ച സിഗരറ്റ് മണമുള്ള ചുണ്ടുകൾ ഓർമ വന്നു ..അന്നതൊരാവേശമായിരുന്നെങ്കിൽ ഇന്നവൾക്ക് അതോർത്ത് അറപ്പ് തോന്നി …

ഹെൽമറ്റ് വച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ അവർക്കടുത്തേക്ക് വന്നു .. ഹെൽമറ്റിന്റെ ഗ്ലാസുയർത്തി അവൻ മയിയോട് യാത്ര പറഞ്ഞു …. അവൻ പോയിക്കഴിഞ്ഞിട്ടു നിവയേയും കൂട്ടി അവൾ ഓട്ടോസ്റ്റാൻഡിലേക്ക് നടന്നു …

” ഇനിയെങ്ങോട്ടാ …? ” നിവ ചോദിച്ചു ..

” വീട്ടിൽ പോകാം ……..”

” ഞാനൊരു കാര്യം ചോദിക്കട്ടെ ….?” അവൾ മയിയുടെ മുഖത്തേക്ക് നോക്കി …

” എന്താ …..?”

” ഏട്ടത്തി ആ ബിൽഡിംഗിലേക്കൊക്കെ പോകാൻ പോവാണോ …? ”

” ഏയ് ….”

” ഞാൻ കേട്ടല്ലോ പറഞ്ഞത് …” അവൾ വിട്ടില്ല …

” വേണ്ടി വന്നാൽ …..”

” ഏട്ടത്തി പോകാതിരിക്കുന്നതാ നല്ലത് … എന്റെട്ടനെ ട്രാപ്പിൽ പെടുത്തിയവരിപ്പോ കൈയും കെട്ടി വെറുതെ ഇരിക്കുംന്നാണോ ഏട്ടത്തിയുടെ വിചാരം .. അവർ നമ്മുടെ വീട് വാച്ച് ചെയ്യുന്നുണ്ടാകും ..

ചിലപ്പോ നമ്മുടെ രണ്ടാൾടെം പിന്നിൽ തന്നെ അവരുടെ കണ്ണുണ്ടാവും .. നമ്മളെന്തൊക്കെ ചെയ്യുന്നൂ, എവിടെ പോകുന്നൂന്നൊക്കെ അവർ കൃത്യമായി സ്പോട്ട് ചെയ്യുന്നുണ്ടാവും ..

അങ്ങനെയുള്ളപ്പോൾ ഏട്ടത്തി പോകുന്നത് ഒട്ടും സെയ്ഫല്ല .. ഇനി ചിലപ്പോ ആ ചേട്ടനെയും അവര് വാച്ച് ചെയ്യും … ” നിവ തന്റെ മനസിലുള്ളത് പറഞ്ഞു ..

മയി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു .. അവൾ പറയുന്നത് ശരിയാണെന്ന് മയിക്കും അറിയാമായിരുന്നു …

” നമുക്ക് ഒളിച്ചിരിക്കാൻ പറ്റില്ലല്ലോ വാവേ .. പ്രദീപിനെ കണ്ടത് പോലും പ്ലാൻ ചെയ്തതല്ലല്ലോ … ”

” ഏട്ടത്തിയുടെ ഫോൺ പോലും ടാപ്പ് ചെയ്തെന്നിരിക്കും … ഏതായാലും വാട്സപ്പിലൊക്കെ ആരേലും വല്ല ലിങ്കും അയച്ചു തന്നാൽ കയറി ഓപ്പൺ ചെയ്യാനൊന്നും നിൽക്കണ്ട .. ചിലപ്പോ ഹാക്ക് ചെയ്യും …… ”

അവളാ പറഞ്ഞതിൽ മയിയുടെ മനസുടക്കി .. ഒരു നിമിഷം നിവയെ ഓർത്ത് അവൾക്ക് അഭിമാനവും സഹതാപവും തോന്നി …

ഇത്രയൊക്കെ ചിന്താശേഷിയുള്ള പെൺകുട്ടിയായിട്ടും അവൾ ചെന്നു ചാടിക്കൊടുത്തല്ലോ …

സ്റ്റാൻഡിലെത്തും മുൻപേ തന്നെ അതുവഴി വന്ന ഓട്ടോക്ക് കൈ കാണിച്ച് അവർ കയറി …

ഓട്ടോയിലിരിക്കുമ്പോഴും നിവയുടെ ഓർമകളിൽ പ്രദീപിന്റെ മുഖം നിറഞ്ഞു നിന്നു .. ഒന്നുമുണ്ടായിട്ടല്ല … ഇനിയൊരു ജീവിതം പോലും തന്റെ മുന്നിലില്ല ..

എന്നിട്ടും എന്തുകൊണ്ടോ അവന്റെ സാനിധ്യം അവൾക്ക് പുതിയൊരനുഭൂതി നൽകി കടന്നു പോയി …

ഇനിയും കാണണമെന്നൊരു മോഹം ഹൃദയത്തിലെവിടെയോ കുരുത്തു … ഒന്ന് കണ്ടാൽ മാത്രം മതി … വെറുതെ … വെറുതെ …. അവളറിയാതെ പുഞ്ചിരിച്ചു ….

* * * * * * * * * * * * *

റൂമിൽ വന്നിട്ട് മയി സുനന്ദ വിളിച്ച നമ്പറിലേക്ക് കോൾ ചെയ്തു …

റിങ് തീരാറായപ്പോൾ മറുവശത്ത് കോൾ എടുത്തു …

” ഞാൻ വരാം …..” മയി മുഖവുരയില്ലാതെ പറഞ്ഞു …

അൽപ്പ സമയം മറുവശത്ത് നിശബ്ദതയായിരുന്നു …

” എവിടെ വരും ….?” ഏറെ നേരത്തിനു ശേഷം സുനന്ദ ചോദിച്ചു …

” നിങ്ങൾ പറയൂ ….”

” ഞങ്ങൾ കോവളത്ത് ഒരു ഹോട്ടലിലുണ്ട് .. ഡീറ്റെയിൽസ് വാട്സപ്പ് ചെയ്യാം …… ” സുനന്ദ പറഞ്ഞു …

” ശരി ….”

” എത്ര മണിക്കു വരും …… ”

” മൂന്നു മണിക്ക് …. ” മയി പറഞ്ഞു ….

” ഒക്കെ …….. ”

മയി കോൾ കട്ട് ചെയ്തിട്ട് ആ വിവരം പ്രദീപിന് വാട്സപ്പ് ചെയ്തു … ശേഷം പുറത്തിറങ്ങി നവീണിന്റെ റൂമിലേക്ക് ചെന്നു …

നവീൺ വീട്ടിലുണ്ടായിട്ടും ഫോണെടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്യാത്തതിൽ മയിക്ക് ദേഷ്യമുണ്ടായിരുന്നു …

അവൾ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവിടെയാരുമുണ്ടായിരുന്നില്ല … അവൾ ചുറ്റിനും നോക്കി … ടെറസിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് കൊണ്ട് അവളങ്ങോട്ട് നടന്നു …

വാതിൽക്കലെത്തിയതും അവളുടെ കാതിലേക്ക് ഒരു സംഭാഷണ ശകലം വന്നു വീണു…

നവീണിന്റെ ശബ്ദമാണ് … ഫോണിൽ സംസാരിക്കുകയാണെന്ന് അവൾക്ക് മനസിലായി ….

അവൾ പെട്ടന്ന് നിന്നു …. അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു … പെട്ടന്ന് ഡോറിന്റെ മറവിലേക്ക് മാറി ,ചുമരിലേക്ക് ചാരി നിന്ന് അവൾ പുറത്തേക്ക് കാത് കൂർപ്പിച്ചു …………

* താത്ക്കാലികമായി തിരക്കുകൾ ഒഴിഞ്ഞു …ഇനി മുതൽ സ്ഥിരമായി വരുന്നതാണ് അത്യാവശ്യങ്ങളിൽ പെട്ട് പോയില്ലെങ്കിൽ …

ക്ഷമയോടെ കാത്തിരുന്നവർക്ക് ഒത്തിരി നന്ദി ….. സ്നേഹം … റിപ്ലേ എല്ലാവർക്കും തരുന്നതാണ് വരും ദിവസങ്ങളിൽ …

(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 27
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 28
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 29
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 30
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 31
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 32
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 33
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 34