താദാത്മ്യം : ഭാഗം 34
എഴുത്തുകാരി: മാലിനി വാരിയർ
“എനിക്ക് പ്രായമായി വരുവാ… അതുകൊണ്ടാ ഞാൻ അമ്പലങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നെ… നിങ്ങളെന്തിനാ വെറുതെ എന്റെ കൂടെ വരുന്നേ.. ആദ്യം നിങ്ങളത് മനസ്സിലാക്കണം.. മോളെ മിഥു… എന്റെ പ്രായത്തിലുള്ള വേറെയും കുറേ ആളുകൾ വരുന്നുണ്ട്.. ഞങ്ങളെല്ലാവരും സൂക്ഷിച്ചു പോയി വന്നോളാം.. നിങ്ങൾ പേടിക്കുന്നത് പോലെ ഒന്നും വരില്ല.. സിദ്ധു.. മിഥുനെ ഒന്ന് പറഞ്ഞു മനസ്സിലാക്ക്.. ” മീനാക്ഷി ഉറച്ച തീരുമാനത്തോടെ പറഞ്ഞു. “അതികൊണ്ടല്ല അമ്മേ… ” സിദ്ധു എന്തോ പറഞ്ഞു തുടങ്ങിയതും. “നീ ഒന്നും പറയണ്ട… എന്തൊക്കെ പറഞ്ഞാലും.. ഞാൻ നാളെ പോകും..”
അവർ ഉറപ്പോടെ പറഞ്ഞതും സിദ്ധുവിന് അതിന് തടസം നിൽക്കാൻ പറ്റിയില്ല.. ബാഗ് പാക്ക് ചെയ്യുന്നതിന് മിഥുവും അവരോടൊപ്പം കൂടി.. അവളുടെ മുഖം വാടിയിരിക്കുന്നത് മീനാക്ഷി ശ്രദ്ധിച്ചു. “മിഥു… ഇപ്പൊ എന്തിനാ മുഖം ഉം.. ന്ന് വെച്ചിരിക്കുന്നേ… ” അവളുടെ കീഴ്താടിയിൽ പിടിച്ചുകൊണ്ട് മീനാക്ഷി ചോദിച്ചു.. “അമ്മായി ഒറ്റയ്ക്ക് അത്രയും ദൂരം പോകണമല്ലോ എന്നോർത്തിട്ടാണ്.. സിദ്ധുവേട്ടൻ ഇവിടെ നിൽക്കട്ടെ.. ഞാനും അമ്മായിയുടെ കൂടെ വരട്ടെ.. ” അവൾ ശോകത്തൊടെ ചോദിച്ചു.. “അതിന്റെ ഒന്നും ആവശ്യമില്ല.. എനിക്ക് ഒരു കുഴപ്പവും വരില്ല..നീ അതോർത്ത് വിഷമിക്കാതെ…എന്റെ മോനെ നല്ലോണം നോക്കിയാൽ മതി.. ഇപ്പൊ നിങ്ങൾ ചിന്തിക്കേണ്ടത് മധുവിധു യാത്രയെ കുറിച്ചാണ്.
ആദ്യം നീ അത് നിന്റെ ഭർത്താവിനോട് പറഞ്ഞ് അതിനുള്ള ഒരുക്കങ്ങൾ ചെയ്യ്.. ഈ തീർത്ഥാടനത്തിനൊക്കെ നാലഞ്ചു കുട്ടികളൊക്കെ ആയിട്ടു പോകാം..” മീനാക്ഷി അവളുടെ കവിളിൽ തലോടി. അത് കേട്ട് എന്ത് പറയണം എന്നറിയാതെ മിഴിച്ചു നിന്ന മിഥുനയെ നോക്കി അവർ വാത്സല്യത്തോടെ പുഞ്ചിരിച്ചു. ചെറിയ ചെറിയ വീട്ടുജോലികളും, ലഘുവായി ഭക്ഷണം പാചകം ചെയ്യാനുമുള്ള പൊടികൈകൾ മീനാക്ഷി അവൾക്ക് പറഞ്ഞുകൊടുത്തു.. അവളും എല്ലാം ശ്രദ്ധയോടെ കേട്ട് പഠിച്ചു. അടുത്ത ദിവസം വെളുപ്പിന് തന്നെ മീനാക്ഷി യാത്രയ്ക്ക് പുറപ്പെട്ടു.. “അമ്മേ… സൂക്ഷിച്ചു പോയിട്ട് വാ.. പിന്നെ എന്നും ഫോൺ ചെയ്യണം കേട്ടോ..” സിദ്ധു അല്പം വിഷമത്തോടെ പറഞ്ഞു.. “നീ പേടിക്കണ്ടടാ കണ്ണാ.. ഞാൻ ശ്രദ്ധിച്ചോളാം..” അവരുടെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തിയുണ്ടായിരുന്നു..
ഇരുവരോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി.. “മിഥു.. നീ വീട്ടിൽ ഒറ്റയ്ക്കിരിക്കുമോ..? ” അവൻ അല്പം പരിഭ്രമത്തോടെ അവളോട് ചോദിച്ചു. “ഇരുന്നോളാം സിദ്ധുവേട്ടാ.. പക്ഷെ ഇന്നിവിടെ എനിക്ക് പ്രേത്യേകിച്ചു ജോലിയൊന്നുമില്ല.. വെറുതെ ഇരുന്ന് ബോറടിക്കും.. ഞാനും ഏട്ടന്റെ കൂടെ പാടത്തേക്ക് വന്നോട്ടെ..” അവൾ ആവേശത്തോടെ പറഞ്ഞതും അവൻ പുഞ്ചിരിയോടെ സമ്മതിച്ചു. “ഇന്ന് പനേന്ന് പതനീര് ഇറക്കുന്ന ദിവസമാ..ഞാൻ അങ്ങോട്ട് പോകും.. നീ വരുന്നോ..” അവൻ പുഞ്ചിരിയോടെ ചോദിച്ചു.. “ഞാനും വരാം സിദ്ധുവേട്ടാ..” അവൾ സന്തോഷത്തോടെ മറുപടി പറഞ്ഞുകൊണ്ട് അവനോടൊപ്പം പനന്തോപ്പിലേക്ക് ചെന്നു.. “പതനീരെന്ന് പറഞ്ഞാൽ എന്താ സിദ്ധുവേട്ടാ..”
അവൾ സംശയത്തോടെ ചോദിച്ചു. “പനയുടെ പൂക്കുലയിൽ നിന്നും ഊറി വരുന്ന നീരാണ് പതനീര് അഥവാ മധുരക്കള്ള്. വിടരാത്ത പനങ്കുല മുറിക്കുമ്പോൾ മുറിവായിൽനിന്നും സ്വാഭാവികമായി ഊറിയെത്തുന്നതാണ് ഇത്. പ്രകൃതിദത്ത പാനീയങ്ങളിൽ ഏറ്റവുമധികം ഔഷധഗുണമുള്ളതും പോഷക സമ്പന്നമായതും രുചിയേറിയതുമായ ഒരു പാനീയം. വിളർച്ച, ക്ഷയം, മൂത്രതടസ്സം, ശ്വാസംമുട്ടൽ എന്നിവയ്ക്കൊക്കെ നീര ശമനസഹായിയാണ്. കള്ള് ഉത്പാദനത്തിന്ന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ വ്യക്തികൾക്ക് നീര ഉത്പാദിപ്പിക്കുവാനുള്ള അധികാരമില്ല. തന്മൂലം ഇത് ആരോഗ്യദായനി എന്ന നിലക്കോ ഔഷധം എന്ന നിലക്കോ ആർക്കും ലഭ്യമല്ല.
പക്ഷെ ഇവിടെ തമിഴ്നാട് ബോർഡർ ആയത് കൊണ്ട് നമുക്ക് കുഴപ്പമില്ല.. കരിപ്പെട്ടി, പനംകൽക്കണ്ടം, പനഞ്ചക്കര ഇതൊക്കെ ഇതിൽ നിന്നാണ് ഉണ്ടാക്കുന്നത്.. ” സിദ്ധു അത് വിശദീകരിച്ചതും അവൾ അന്തം വിട്ട് അവനെ നോക്കി നിന്നു. “അതെങ്ങനാ സിദ്ധുവേട്ടാ.. ഇതൊക്കെ ഇങ്ങനെ ഞൊടിയിടയിൽ പറയാൻ പറ്റുന്നെ.. ഏട്ടനെ കാണുമ്പോ എനിക്ക് അത്ഭുതം തോന്നുന്നു..” അവൾ കണ്ണുകൾ വിടർത്തുകൊണ്ട് പറഞ്ഞു. “എം.എസ്.സി അഗ്രിക്കൾച്ചർ ആണ് ഞാൻ പഠിച്ചത്.. പിന്നെ ഈ മരങ്ങളോടും ചെടികളോടും എനിക്ക് വല്ലാത്ത ഭ്രമമായിരുന്നു.. പിന്നെ ഇതൊക്കെ ആദ്യം എനിക്ക് പറഞ്ഞു തന്നത് എന്റെ അമ്മയാണ്.. അതാണ് എന്നെ അതിനെകുറിച്ച് കൂടുതൽ പഠിക്കാൻ ആവേശം തന്നതും..”
അവൻ മറുപടിയെന്നോണം പറഞ്ഞു. “സൂപ്പർ സിദ്ധുവേട്ടാ.. പക്ഷെ ഞാൻ ഇതൊന്നും അറിയാൻ ശ്രമിച്ചിട്ടേ ഇല്ല.. പുതിയയെതെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ഞാൻ ശ്രദ്ധിക്കാറുള്ളു..അതാ നമ്മുടെ നാടിനെക്കുറിച്ച് എനിക്കൊന്നും അറിയാത്തത്..” അവൾ ചുണ്ടുകൾ വികസിപ്പിച്ചുകൊണ്ട് സങ്കടം പറഞ്ഞപ്പോൾ അവന് ചിരിയാണ് വന്നത്. “അതിലോന്നും വലിയ കാര്യമില്ല മിഥു.. ഇനി നീ ഇവിടെ അല്ലേ താമസിക്കാൻ പോകുന്നെ.. വഴിയേ എല്ലാം പഠിച്ചോളും.. വിഷമിക്കണ്ട..” അവന്റെ വാക്കുകൾക്ക് തലയാട്ടികൊണ്ട് ആ വയൽക്കാഴ്ചകൾ രസിച്ചുകൊണ്ട് അവൾ അവനോടൊപ്പം വരമ്പിലൂടെ നടന്നു. സിദ്ധു അവന്റെ ജോലിയിൽ മുഴുകിയ സമയത്ത് മിഥു അവിടെയെല്ലാം ചുറ്റിനടന്ന് കാണുവായിരുന്നു.
അവിടെ പണിയെടുക്കുന്നവരോട് അതെന്താ ഇതെന്താ എന്ന് അവളുടെ ഉള്ളിലെ സംശയങ്ങൾ ചോദിച്ചുകൊണ്ട് അവൾ അവിടെയൊക്കെ ചുറ്റി നടന്നു. “സിദ്ധുവേട്ടാ… അതെന്താ വെള്ള നിറത്തിൽ.. പനയിൽ നിന്ന് പാലൊക്കെ കിട്ടോ…” അങ്ങോട്ട് വന്ന സിദ്ധുവിനെ നോക്കി അവൾ ചോദിച്ചു.. “അത് പാലല്ല മിഥു.. അതാണ് പനങ്കള്ള്.. അതിൽ കുറച്ചു ചുണ്ണാമ്പ് ചേർത്താൽ പതനീരാകും.. അത് ദിവസേനെ ഒരു അളവിൽ കുടിച്ചാൽ ശരീരത്തിന് നല്ലതാ..വായ് പുണ്ണ്, കുടൽ പുണ്ണ് ഇതൊക്കെ പമ്പ കടക്കും..” സിദ്ധു വിശദീകരിച്ചു.. “ഓഹോ…” അവൾ ആശ്ചര്യത്തോടെ കേട്ട് നിന്നു.. ആരോ വിളിച്ചതും സിദ്ധു അങ്ങോട്ട് നടന്നു.മിഥു അവിടെ നിരത്തി വെച്ചിരുന്ന മൺകുടത്തിലേക്ക് നോക്കി നിന്നു.. “ഇതിലൊക്കെ ഇത്രയും കാര്യങ്ങൾ ഉണ്ടായിരുന്നോ…കുടിച്ച് നോക്കിയാൽ കൊള്ളാമെന്നുണ്ട്..
പക്ഷെ ഏട്ടൻ പറഞ്ഞത് ഇതില് ചുണ്ണാമ്പ് ഇടണം എന്നല്ലേ.. ചുണ്ണാമ്പ് പൊള്ളില്ലേ..ചെറുപ്പത്തിലേ ഒരിക്കൽ ചുണ്ണാമ്പ് തിന്നിട്ട് നാവൊക്കെ പൊള്ളിയതാ.. അത് കൊണ്ട് ചുണ്ണാമ്പ് ഇടുന്നതിനു മുൻപ് ഒന്ന് ടേസ്റ്റ് ചെയ്തു നോക്കാം.. സിദ്ധുവേട്ടനോട് ചോദിച്ചാൽ ചുണ്ണാമ്പ് ഇട്ട് കുടിച്ചാൽ മതീന്ന് പറയും..നാവ് പൊള്ളിയാൽ പിന്നെ എനിക്ക് ഒന്നും കഴിക്കാൻ പറ്റില്ല..” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഒരു ചെറിയ കുടത്തിൽ ഉണ്ടായിരുന്ന കള്ളുമായി ആരുടെയും ശ്രദ്ധയിൽ പെടാതെ അവൾ മെല്ലെ അവിടെ നിന്നും മാറി.സിദ്ധുവും അത് ശ്രദ്ധിച്ചിരുന്നില്ല.. ആ സമയത്താണ് മൃദുലയുടെ ഫോൺ വരുന്നത്.. മിഥു ആവേശത്തോടെ ഫോൺ എടുത്തു.. “മിലു.. സുഖാണോ..”
അവൾ ഫോൺ ചെവിയിൽ വെച്ചുകൊണ്ട് ചോദിച്ചു.. “സുഖം.. ചേച്ചിക്കോ? .. അമ്മായി ഏതോ അമ്പലത്തിൽ പോയീന്നു അമ്മ പറഞ്ഞു..” മിലു മറുപടി പറഞ്ഞു.. “അതേടി… ഞങ്ങൾ കുറെ പറഞ്ഞു നോക്കി.. എന്നിട്ടും അമ്മായി ഒറ്റയ്ക്ക് പോയി..” മിഥു വിഷമത്തോടെ പറഞ്ഞതും, മിലു അവളെ സമാധാനിപ്പിച്ചുകൊണ്ട് സംസാരിച്ചു.. പിന്നെയും ഒരുപാട് നേരം അവർ വിശേഷങ്ങൾ പങ്ക് വെച്ചു.മിഥു സിദ്ധുവിനോടൊപ്പം തോട്ടത്തിൽ വന്നിരിക്കുവാണെന്ന് മിലുവിനോട് പറഞ്ഞു.. “നന്നായി ചേച്ചി.. സന്തോഷത്തോടെ എൻജോയ് ചെയ്യ്.. പിന്നെ പനംക്കരിക്ക് പതനീര് അതിനൊക്കെ നല്ല ടേസ്റ്റാ… കഴിച്ചിട്ട് എങ്ങനെ ഉണ്ടെന്ന് പറ..” മിലു പറഞ്ഞതിന് മൂളികൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.
അവൾ കയ്യിലുള്ള കുടത്തിലേക്ക് നോക്കി.. “കാണാൻ നല്ല രസമൊക്കെ ഉണ്ട്..” എന്ന് പറഞ്ഞുകൊണ്ട് അവൾ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. “എന്താ വല്ലാത്ത മണം..” അവളുടെ മുഖം ചുളിഞ്ഞു.. “സാരമില്ല…ഔഷധമല്ലെ അപ്പൊ അങ്ങനെയൊക്കെ ആയിരിക്കും..” എന്ന് പറഞ്ഞുകൊണ്ട് ആ കുടത്തിലെ കള്ള് മുഴുവൻ ഒറ്റയടിക്ക് കുടിച്ചു തീർത്തു. അതിന്റെ രുചി ഇഷ്ടപെടാത്തത് കൊണ്ട് അവൾ ഓക്കാനിക്കാൻ തുടങ്ങി.അവളുടെ ഓക്കാനിക്കുന്ന ശബ്ദം കേട്ട് സിദ്ധു അങ്ങോട്ട് ചെന്നു. “ഹേയ് മിഥു എന്ത് പറ്റി…” അവൻ അവളുടെ അരുകിൽ ഇരുന്നുകൊണ്ട് ചോദിച്ചു.. “സിദ്ധുവേട്ടാ.. ഇത് കൊള്ളില്ലാട്ടോ…തുഫ്..” അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് അവന് കാര്യം മനസ്സിലായത്.. “നീ എന്തിനാ അത് കുടിച്ചേ..” അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു.
അവളുടെ കണ്ണൊന്നു നിറഞ്ഞാൽ അവന്റെ ഹൃദയം പിടയുമെന്ന് അവൻ നേരത്തെ മനസിലാക്കിയതാണ്.. ഇന്ന് അവളുടെ കണ്ണ് നിറഞ്ഞപ്പോൾ അവന്റെ ദേഷ്യവും കാറ്റിൽ അലിഞ്ഞില്ലാതായി. “എന്തിനാ മിഥു അത് കുടിച്ചത്.. ഞാൻ പറഞ്ഞതല്ലേ.. അതിൽ ചുണ്ണാമ്പ് ചേർത്തിട്ടേ കുടിക്കാൻ പാടുള്ളു എന്ന്.. ” അവൻ ശാന്തമായി ചോദിച്ചു.. “ചെറുപ്പത്തിൽ ചുണ്ണാമ്പ് കഴിച്ച് എന്റെ വയോക്കെ പൊള്ളിയതാ.. അതാ അതിടുന്നതിന് മുൻപേ കുടിച്ചു നോക്കിയേ.. അതിന് എന്തിനാ വഴക്ക് പറയണേ..” അവൾ ചുണ്ടുകൾ മലർത്തികൊണ്ട് വിഷമം പ്രകടിപ്പിച്ചു. “അത് പണിക്കാർക്ക് കൊണ്ട് പോകാൻ മാറ്റിവെച്ച കള്ളാണ്.. അത് മദ്യത്തിന് സമമാണ്..കുടിക്കുന്നതിനു മുൻപ് എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ..” അവൻ സ്നേഹത്തോടെ പറഞ്ഞു..
പക്ഷെ അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.. “അത് ഒട്ടും കൊള്ളില്ല സിദ്ധുവേട്ടാ… എനിക്ക് തല ചുറ്റുന്നു..” അവളുടെ നാവ് കുഴയുന്നുണ്ടായിരുന്നു.. “ശ്ശെടാ… ഇവളെ ഞാനിപ്പോ എന്ത് ചെയ്യാനാ.. വഴക്ക് പറയാനും തോന്നുന്നില്ല..ഇപ്പഴും ഒരു കൊച്ചു കുട്ടിയെ പോലെ..” അവൻ മനസ്സിൽ ഓർത്തു. “സിദ്ധുവേട്ടാ..” അവളുടെ അത്ഭുതത്തോടെയുള്ള ശബ്ദം കേട്ട് അവൻ അവളെ നോക്കി.. “സിദ്ധുവേട്ടാ… ഏട്ടൻ എപ്പോ രണ്ടായി.. ഇതിൽ ഏതാ എന്റെ സിദ്ധുവേട്ടൻ..” അവൾ കണ്ണുകൾ അലസതയോടെ ചലിപ്പിച്ചുകൊണ്ട് അവനെ നോക്കി.. “ഈശ്വരാ… ഇനിയും ഇവളെ ഇവിടെ നിർത്താൻ പറ്റില്ല.. എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് കൊണ്ട് പോണം..” എന്ന് ചിന്തിച്ചുകൊണ്ട് എഴുന്നേറ്റു.. പക്ഷെ അവൾക്കു ഒന്ന് നേരെ നിൽക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.
ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് അവൻ അവളെ കോരിയെടുത്തു. ശേഷം തന്റെ ട്രാക്ടറിൽ കയറ്റി ഒരു വിധത്തിൽ വീട്ടിലെത്തിച്ചു. വഴി നീളെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൻ മറിച്ചൊന്നും പറയാതെ അവളെ മുറിയിൽ കൊണ്ട് പോയി കിടത്തി പുറത്തേക്ക് നടക്കാൻ തുടങ്ങിയതും അവളുടെ കൈകൾ അവന്റെ കയ്യിൽ പിടി മുറുക്കിയിരുന്നു.. അവൻ തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി.. “സിദ്ധുവേട്ടാ… എന്നെ വിട്ട് എങ്ങോട്ടാ പോണേ..” അവൾ മുഖം പാവത്തെ പോലെ വെച്ചുകൊണ്ട് ചോദിച്ചു.. “എങ്ങോട്ടും പോകുന്നില്ലടാ വാവേ.. ഞാൻ നിനക്ക് കുടിക്കാൻ വെള്ളം എടുത്തിട്ട് വരാം..” അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.. “എനിക്കിപ്പോ വെള്ളം വേണ്ടാ സിദ്ധുവേട്ടാ…
ഏട്ടൻ എന്റെ അടുത്ത് ഇരിക്ക്.. എന്നെ വിട്ട് പോവല്ലേ സിദ്ധുവേട്ടാ…” അവന്റെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു. “ശരി.. ഞാൻ എങ്ങോട്ടും പോകുന്നില്ല..” എന്ന് പറഞ്ഞുകൊണ്ട് അവളുടെ അരികിൽ ഇരുന്നു. “സിദ്ധുവേട്ടാ… ഞാൻ ഏട്ടന്റെ മടിയിൽ കിടന്നോട്ടെ…” അവൾ ചോദിച്ചതും അവൻ അവളെ മെല്ലെ അവന്റെ മടിയിലേക്ക് കിടത്തി.അവൾ ചെറു പുഞ്ചിരിയോടെ അവന്റെ താടി രോമങ്ങളിൽ തലോടികൊണ്ടിരുന്നു.. “സിദ്ധുവേട്ടാ… ഏട്ടനെ കാണാൻ നല്ല ഭംഗിയുണ്ട്..” അവൾ തലോടിക്കൊണ്ട് പറഞ്ഞതും അവൻ പുഞ്ചിരിച്ചു.. “നിന്നെ കാണാനും നല്ല ഭംഗിയുണ്ട് മിഥു..” അവൻ മറുപടി പറഞ്ഞതും അവൾ എഴുന്നേറ്റ് അവനോട് ചേർന്നിരുന്നു.. “സിദ്ധുവേട്ടന് ഒരു കാര്യം അറിയോ..?
ഞാൻ ഒരുപാട് തവണ ഏട്ടനെ സൈറ്റടിച്ചിട്ടുണ്ട്..പിന്നെ ഇത് ആരോടും പറയരുത് കേട്ടോ..” അവൾ രഹസ്യമെന്നോണം അവന്റെ ചെവിയിൽ മൊഴിഞ്ഞതും അവന് ചിരി വന്നു, മറ്റൊരു വശത്ത് അവന്റെ ഹൃദയം സന്തോഷത്തിൽ പറന്നുയർന്നു. “അതെന്താ ആരോടും പറയണ്ടാന്നു പറഞ്ഞേ…” അവനും കുസൃതിയോടെ ചോദിച്ചു. “ഞാൻ ഇത് വരെ ആരെയും സൈറ്റ് അടിച്ചിട്ടില്ല..ഏട്ടനെ സൈറ്റ് അടിച്ചൂന്ന് എന്റെ ഫ്രണ്ട്സ് അറിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും..അതാ..! പക്ഷെ സിദ്ധുവേട്ടൻ സൂപ്പറാ… എനിക്ക് ഒരുപാട് ഇഷ്ടാ…” എന്ന് പറഞ്ഞുകൊണ്ട് അവൾ അവന്റെ കവിളുകളിൽ ചുംബിച്ചു.
അവനത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. “യൂ ആർ മൈ സ്വീറ്റ് ഹബ്ബി…” അവന്റെ അവളിൽ കള്ളികൊണ്ട് അവന്റെ കവിളിൽ വീണ്ടും ചുംബിച്ചു. അവന് സന്തോഷത്തിന്റെ അതിർ വരമ്പുകൾ താണ്ടാൻ ഇനി വേറെന്ത് വേണം.. അവൻ അവളുടെ മുഖം കൈകുമ്പിളിൽ ഒതുക്കി.. നെറ്റിയിൽ മെല്ലെ മുത്തി.. “എത്ര കണ്ടാലും മതി വരില്ല പെണ്ണെ നിന്റെ ഈ മുഖകാന്തി..” അവൻ സന്തോഷത്തോടെ പറഞ്ഞു.. “സിദ്ധുവേട്ടാ… എനിക്ക് ഉറക്കം വരുന്നു.. ഞാൻ കിടന്നോട്ടെ…” അവൾ തളർച്ചയോടെ അവന്റെ മടിയിലേക്ക് കിടന്നു. അവനും പുഞ്ചിരിയോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് അവൾ ഉറങ്ങുന്നതും ആസ്വദിച്ചുകൊണ്ടിരുന്നു.
തുടരും…