Wednesday, December 18, 2024
Novel

താദാത്മ്യം : ഭാഗം 33

എഴുത്തുകാരി: മാലിനി വാരിയർ

അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. “സിദ്ധുവേട്ടാ… !!” അവളുടെ കണ്ണുകൾ വിശ്വസിക്കാനാകാതെ ആശ്ചര്യത്തോടെ നോക്കി നിന്നു. അവൾ അവന് വേണ്ടി പ്രേത്യേകം ഡിസൈൻ ചെയ്ത ആ വസ്ത്രമണിഞ്ഞുകൊണ്ട്, ഏവരുടെയും മനംകവരുന്ന ഗാംഭീര്യത്തോടെ അവിടെ നിൽക്കുകയായിരുന്നു സിദ്ധാർത്ഥൻ.അവൻ ആ ഡ്രസ്സ്‌ ഇടുമെന്ന് അവൾ ഒരിക്കലും കരുതിയില്ല… അവരുടെ വിവാഹ റിസ്‌പെഷനിൽ അവൻ അതുപോലുള്ള വസ്ത്രം അണിഞ്ഞിരുന്നെങ്കിലും ഇന്ന് അവനിൽ നിറഞ്ഞ ഗാംഭീര്യം അവൾക്ക് പുതുമയുള്ളതായി തോന്നിച്ചു.അവന്റെ കണ്ണുകളും അവളിലേക്ക് ഉടക്കി നിൽക്കെ.., അവൻ അടുത്തേക്ക് വരുന്തോറും അവളുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു.

അവളുടെ അരികിലെത്തിയ അവൻ ഒരു പുരികം ഉയർത്തികൊണ്ട് എന്താണെന്ന് ഭാവത്തിൽ നോക്കി.അവളോ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ സ്വയം മറന്ന് അവനെ തന്നെ നോക്കി നിന്നു. അവൻ അവളുടെ തോളുകളിൽ പിടിച്ചു കുലുക്കിയപ്പോഴാണ് അവൾ യാഥാർഥ്യത്തിലേക്ക് വന്നത്.. “എന്താ ഇങ്ങനെ സ്തംഭിച്ചു നിൽക്കുന്നേ…വാ ഫങ്ക്ഷൻ തുടങ്ങാൻ സമയമായി..” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.. “ഉം… ശരി… സിദ്ധുവേട്ടാ…” അവൾ അവനോടൊപ്പം ചേർന്ന് നടന്നു. അവരുടെ ജോഡി ചേർന്നുള്ള ആ സുന്ദരമായ നടത്തം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. “വൗ..!!! മിഥു… നിങ്ങളെ രണ്ട് പേരെയും കാണാൻ നല്ല ഭംഗിയുണ്ട്…” മീര രണ്ട് പേരെയും കണ്ട് മിഴികൾ മിന്നിച്ചുകൊണ്ട് പറഞ്ഞു.ഇരുവരും അതിന് മറുപടിയെന്നോണം പുഞ്ചിരിച്ചു, ശേഷം നവദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ വേദിയിലേക്ക് കയറി.

വേദിയിൽ ഉണ്ടായിരുന്നവരും സിദ്ധു-മിഥു ദമ്പതികളുടെ ചേർച്ചയെ കുറിച്ച് തന്നെയാണ് സംസാരിച്ചു കൊണ്ടിരുന്നത്.. അത് കേട്ടതും മിഥുനയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു…അവളുടെ ഹൃദയം സന്തോഷത്തിന്റെ അതിർവരമ്പുകൾ താണ്ടി പാറിനടന്നു. മൃദുലവും മധുരവുമായ ലളിതമായ പാശ്ചാത്യ സംഗീതം ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കി. അവിടെ ഉണ്ടായിരുന്ന ദമ്പതികൾ ആ പാട്ടിന് ചുവടുകൾ വെച്ചുകൊണ്ട് അവരുടെ സന്തോഷം പ്രകടിപ്പിക്കാൻ തുടങ്ങി. “നമുക്കും കളിച്ചാലോ…” സിദ്ധു കണ്ണുകൾ കൊണ്ട് ചോദിച്ചതും..മിഥുവിന് അത് മിഥ്യയാണോ എന്ന് തോന്നി പോയി.

കാതുകളെ വിശ്വസിക്കാനാകാതെ അവൾ അവനെ അമ്പരപ്പോടെ നോക്കി നിൽക്കുന്ന സമയത്താണ്, “ഹേയ്.. ഹാൻഡ്‌സം.. ഷാൽ വീ ഡാൻസ്..” നവനാഗരീതമായി വസ്ത്രമണിഞ്ഞ, ചുണ്ടിൽ കടുത്ത ചായവും കണ്ണിനെ മറയ്ക്കുന്ന മനോഹരമായ ചിത്രശലഭത്തിന്റെ മുഖം മൂടിയും അണിഞ്ഞ ഒരു യുവതി അവന്റെ വലം കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചു. “എക്സ്ക്യൂസ് മീ…ഇത് എന്റെ ഹസ്ബൻഡ് ആണ്.. കുട്ടി വേറെ ആരെയെങ്കിലും കണ്ട് പിടിക്ക്…” കണ്ണിൽ കടുത്ത ദേഷ്യത്തോടെ ആ യുവതിയുടെ കൈ തട്ടി മാറ്റി.. ശേഷം അവന്റെ കൈകളിൽ ചുറ്റുപിടിച്ചുകൊണ്ട് മിഥു അവനോട് ചേർന്ന് നിന്നു. സിദ്ധുവിന്റെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു തുളുമ്പിയത് അവന്റെ പുഞ്ചിരിയിൽ പ്രതിഫലിച്ചിരുന്നു.അവനും അവളുടെ വിരലുകൾ ചേർത്ത് പിടിച്ചു. “വാ സിദ്ധുവേട്ടാ..” അവൾ അവനെയും കൊണ്ട് നൃത്തവേദിയിലേക്ക് നടന്നു.

അവൻ അവളുടെ കൈയിൽ മൃദുലമായി പിടിച്ചതും അവൾ അവന്റെ കണ്ണുകൾക്കുള്ളിലൂടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നു..ഒരു കൈ അവളുടെ കയ്യിലും മറുകൈ അവളുടെ തോളിലും വെച്ചുകൊണ്ട് ആ മൃദുലസംഗീതത്തിന് ചുവടുകൾ വെച്ചു. ആ സുന്ദര നിമിഷത്തിൽ അവൾ സ്വയംമറന്നു നിന്നു.. കാരണം ആദ്യമായാണ് അവന്റെ കരങ്ങൾ അവളുടെ മേനിയിൽ സ്പർശിക്കുന്നത്, ആ സ്പർശനം ഒരു മിന്നൽ പോലെ അവന്റെ കൈകളിലൂടെ ശാരിരീമാസകാലം രോമാഞ്ചമുണ്ടാക്കി.. തന്റെ ദേഷ്യം ആ ഒറ്റ നിമിഷം കൊണ്ട് അലിഞ്ഞു ഇല്ലാതായത് പോലെ അവൾക്ക് തോന്നി.. സിദ്ധുവിന്റെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെ ആയിരുന്നു.. അവളുടെ മൃദുല സ്പര്ശത്തിൽ അവനും അലിഞ്ഞു പോയിരുന്നു… കണ്ണുകൾ പരസ്പരം ഉടക്കി ഇഴുകി ചേർന്നുള്ള ആ നൃത്തം അവിടെ ഉണ്ടായിരുന്ന കാണികളുടെ ശ്രദ്ധയാകർഷിച്ചു എന്നറിഞ്ഞതും അവർ സ്വബോധത്തിലേക്ക് വന്നു.. “എന്തായാലും വീട്ടിൽ ചെന്ന് അമ്മയോട് ഒന്ന് ദൃഷ്ട്ടി ഉഴിഞ്ഞിടാൻ പറഞ്ഞോളൂ..

ഇവിടെ ഉള്ള എല്ലാവരുടെയും കണ്ണ് നിങ്ങൾ രണ്ട് പേരിലുമാ… നല്ല കണ്ണ് കിട്ടിക്കാണും..” മീരാ കണ്ണുരുട്ടികൊണ്ട് പറഞ്ഞതും ഇരുവരും ചിരിച്ചു.. ആ സുന്ദരമായ നിമിഷം ഒരിക്കലും മറക്കാൻ കഴിയരുതെന്ന ചിന്തയായിരുന്നു ഇരുവരുടെയും മനസ്സിൽ. അവന്റെ നോട്ടവും ചെയ്തികളും അവന്റെ ഉള്ളിലെ പ്രണയം പ്രകടമാക്കി എങ്കിലും അവൾ അത് പൂർണ്ണമായും വിശ്വസിക്കാനാവാതെ വിഷമിച്ചു.. ആ സംഭവത്തിനു ശേഷം അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അവൾക്ക് നാണമായിരുന്നു എന്ന് വേണം പറയാൻ. അവൻ മുറിയിലേക്ക് പോയപ്പോഴും അവൾ മനപ്പൂർവം കൂട്ടുക്കാരികളോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് അവനിൽ നിന്നും ഒഴിഞ്ഞു മാറി.ശേഷം അവൻ ഉറങ്ങിയോ എന്ന് മുറിയിൽ വന്ന് എത്തി നോക്കി. “ഹാവൂ.. സിദ്ധുവേട്ടൻ നല്ല ഉറക്കാ..” സുഖമായി ഉറങ്ങുന്ന സിദ്ധുവിനെ മുഖത്തെ നാണം മായാതെ നോക്കി, അവൾ മനസ്സിൽ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് കയറി.

അവൻ ഉറക്കമുണരാതിരിക്കാൻ മെല്ലെ ഒരു പൂച്ചയെ പോലെ പമ്മി പമ്മി വന്ന് അവന്റെ അരികിൽ മെല്ലെ കിടന്നു.നല്ല ക്ഷീണമുണ്ടായിരുന്നത് കൊണ്ട് അവൾ പെട്ടെന്ന് ഉറങ്ങി പോയി. അവൾ മുറിയിലേക്ക് വന്നത് മുതലുള്ളതെല്ലാം സിദ്ധു ശ്രദ്ധിക്കുന്നുണ്ടായിരുന്നു എങ്കിലും അവൻ ഉറക്കം നടിച്ചു കിടക്കുകയായിരുന്നു. അവൾ ഉറങ്ങിയെന്ന് ബോധ്യമായതും അവൻ കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി.. “മനസ്സിനുള്ളിൽ പ്രണയം വെച്ചുകൊണ്ട് എന്തിനാ മിഥു എന്നോട് അടുക്കാൻ മടിക്കുന്നത്..ഇപ്പോഴും നിനക്ക് നീ എന്റെ ഭാര്യയാണെന്നുള്ള തോന്നലെ വന്നിട്ടില്ല..!! എന്താ നീ എന്നോട് അടുത്ത് ഇടപഴകാൻ മടിക്കുന്നത്.. ഇന്ന് ഒരു പെണ്ണ് വന്ന് എന്റെ കയ്യിൽ തൊട്ടതും ‘ഇത് എന്റെ ഭർത്താവാണ്’ എന്ന് പറഞ്ഞില്ലേ..!! അതാണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം. നീ എന്റെ ഭാര്യായാടി… ആ സ്വാതന്ത്ര്യത്തോടെ നീ എന്റെ അരികിൽ ഉണ്ടാവണം..

ഇത്രയും ദിവസം ഞാൻ കരുതിയിരുന്നത്.. എന്നെ ഇഷ്ടമല്ലാതെ.. എന്നെ അംഗീകരിക്കാൻ കഴിയാതെയാണ് നീ എന്നിൽ അടുപ്പം കാണിക്കാത്തതെന്നാണ്..എന്നാൽ ഇപ്പൊ നിന്റെ മനസ്സിൽ ഞാനാണെന്ന് എനിക്ക് ബോധ്യമായി. പക്ഷെ ഇപ്പൊ ഈ നിമിഷവും നീ എന്നിൽ നിന്ന് അകന്ന് നിൽക്കുന്നതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്.. നീ ഈ പാവം സിദ്ധുവേട്ടനെ ഇനിയും ഇങ്ങനെ ശിക്ഷിക്കാതെ എത്രയും പെട്ടെന്ന് തന്നെ എന്നിലേക്ക് ചേരണം… കേട്ടല്ലോ..” നിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് അവൻ അവന്റെ മനസ്സ് തുറന്നു.. ശേഷം അവളുടെ നെറുകിൽ മെല്ലെ ഒന്ന് ചുംബിച്ചു.. “അപ്പൊ ശുഭരാത്രി..” പുഞ്ചിരിയോടെ ഒരിക്കൽ കൂടി അവളെ നോക്കികൊണ്ട് പുതപ്പ് തലവഴി മൂടികൊണ്ട് സുന്ദരമായ സ്വപ്നവും കണ്ടുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വീണു.

അടുത്ത ദിവസം രാവിലെ തന്നെ ഇരുവരും മിഥുനയുടെ വീട്ടിലേക്ക് പോയി.. അവളുടെ മാതാപിതാക്കളേയും കണ്ട് ഉച്ചയൂണും കഴിഞ്ഞ് അവർ പാലക്കാട്ടേക്ക് തിരിച്ചു.. അവർ വീട്ടിൽ എത്തുമ്പോഴേക്കും 12 മണി കഴിഞ്ഞിരുന്നു. മീനാക്ഷി നല്ല ഉറക്കമായിരുന്നു. “സിദ്ധുവേട്ടാ..! എവിടെ പോകുവാ? ” മുകളിലേക്ക് കയറിയ സിദ്ധുവിനെ നോക്കി മിഥു ചോദിച്ചു. ” കിടക്കാൻ…നീയും കിടന്നോ.. സമയം ഒരുപാടായി..” അവൻ അവളെ നോക്കി സ്നേഹത്തോടെ പറഞ്ഞതും, “ഭക്ഷണം കഴിക്കണ്ടേ. ഒന്നും കഴിക്കാതെ എങ്ങനെയാ കിടക്കുവാ? നിക്ക് ഒരു അഞ്ചു മിനിറ്റ് ഞാൻ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം” എന്നു പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്ന അവളെ അവൻ ആശ്ചര്യത്തോടെ നോക്കി. “അതിനെ നിനക്ക് പാചകം അറിയില്ലല്ലോ..” മനസ്സിൽ ചിന്തിച്ചെങ്കിലും അവൻ മറിച്ചൊന്നും പറയാതെ ഷർട്ട് മാറാനായി മുറിയിലേക്ക് പോയി..

അവൻ തിരിച്ചു വന്നതും അവൾ ഉണ്ടാക്കിയ നൂഡിൽസ് ഒരു പാത്രത്തിലേക്ക് വിളമ്പിക്കൊടുത്തു. “സോറി സിദ്ധുവേട്ടാ!! എനിക്ക് വേറൊന്നും ഉണ്ടാക്കാൻ അറിയില്ല” അവൾ ഒരു പാവത്തെ പോലെ മുഖം വെച്ച് പറഞ്ഞതും സിദ്ധുവിന് ചിരിക്കാനാണ് തോന്നിയത്.. “കുഴപ്പമില്ല” നീയും ഇരിക്ക്…ഒരുമിച്ച് കഴിക്കാം”” എന്ന് പറഞ്ഞ് അവൻ അവൾക്കും ഒരു പാത്രത്തിലേക്ക് വിളമ്പിക്കൊടുത്തു. അവളും ഒരു പുഞ്ചിരിയോടെ അത് കഴിക്കാൻ തുടങ്ങി “സൂപ്പർ മിഥു?.. വളരെ നന്നായിട്ടുണ്ട്..” അവൻ അത് ഒരു ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾക്ക് സ്വയം അഭിമാനം തോന്നിയെങ്കിലും അതു പുറത്തു കാട്ടാതെ, “എന്റെ സിദ്ധുവേട്ട! നൂഡിൽസ് ആര് ഉണ്ടാക്കിയാലും ഒരേ പോലെ തന്നെ ആയിരിക്കും..” എന്ന് പറഞ്ഞുകൊണ്ട് ചിരിച്ചതും അവനും അവളുടെ കൂടെ ചിരിച്ചു. “അമ്മായിയോട് നമ്മൾ ഇന്ന് വരുന്ന കാര്യം പറഞ്ഞില്ലല്ലോ..” അവൾ ചോദിച്ചു.

“ഇല്ല മിഥു.. പറഞ്ഞാൽ അമ്മ ഉറങ്ങാതെ നമ്മൾ വരുന്നതുവരെ ഒന്നും കഴിക്കാതെ കാത്തിരിക്കും.. അതാ ഞാൻ ഒന്നും പറഞ്ഞില്ല.” അവൻ മറുപടി പറഞ്ഞു ഇരുവരും സംസാരിച്ചു കൊണ്ട് തന്നെ രാത്രി ഭക്ഷണം കഴിച്ച് തീർത്തു.. മിഥു അവളുടെ മുറിയിലേക്ക് പോയി കട്ടിലിലേക്ക് ചാഞ്ഞുകൊണ്ട് ഉറങ്ങാൻ ശ്രമിച്ചു. എന്നാൽ ആ രണ്ടുദിവസം തന്റെ പാതിയുടെ അടുത്ത് കിടന്ന് കണ്ണുകൾ അടച്ചതും ഉറക്കം അവളെ കടാക്ഷിച്ചിരുന്നു. ഇന്നവൾ എത്രയൊക്കെ ശ്രമിച്ചിട്ടും നിദ്രദേവി അവളോട്‌ പിണങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓരോ സംഭവങ്ങളും അവൾ വീണ്ടും വീണ്ടും ആലോചിക്കുന്നത് കൊണ്ട് തന്നെയാണ് അവളുടെ ഉറക്കം കെടുത്തിയതും.. ടെറസിൽ സിദ്ധുവിന്റെ അവസ്ഥയും അത് തന്നെയായിരുന്നു.അവന്റെ മനസ്സും അവളുടെ അടുത്തേക്ക് പോകാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു. ഒരുപാട് നേരം ഇരുവരും കണ്മിഴിച്ചിരുന്നു..ഒടുവിൽ യാത്ര ക്ഷീണം അവരുടെ കണ്ണുകളെ തളർത്തിയതും ഉറക്കം അവരെ തേടിയെത്തി.

അടുത്ത ദിവസം, മിഥുന എഴുന്നേൽക്കുന്നതിനു മുൻപേ സിദ്ധു പാടത്തേക്ക് പോകാൻ തയ്യാറായിക്കൊണ്ട് താഴേക്ക് നടന്നു. പെട്ടെന്ന് പടവുകൾ ഇറങ്ങി വരുന്ന അവനെ കണ്ടതും മീനാക്ഷി ഒന്നതിശയിച്ചു. “സിദ്ധു!! നീ വരുമെന്ന് പറഞ്ഞില്ലല്ലോ..” പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ അവനെ തടഞ്ഞുകൊണ്ട് മീനാക്ഷി പറഞ്ഞു. “പറഞ്ഞാൽ… അമ്മ ഉറങ്ങാതെ കാത്തിരിക്കും എന്നറിയാവുന്നത് കൊണ്ടാ പറയാഞ്ഞേ..” അവൻ സ്നേഹത്തോടെ മറുപടി പറഞ്ഞു. “അതിന്.. രണ്ട് പേരും അത്താഴപ്പഷ്ണി കിടക്കണമായിരുന്നോ..? ” മീനാക്ഷി വിഷമത്തോടെ ചോദിച്ചു. “അല്ലമ്മേ.. അമ്മേടെ മരുമകൾ ഒരടിപൊളി നൂഡിൽസ് ഉണ്ടാക്കി തന്നു.. രണ്ടുപേരും വയറ് നിറയെ കഴിച്ചിട്ട് തന്നാ കിടന്നേ… ശരിയമ്മേ.. ഞാൻ ഇറങ്ങട്ടെ… ബാക്കി വൈകിട്ട് വന്നിട്ട് സംസാരിക്കാം..” പുഞ്ചിരിയോടെ മറുപടി പറഞ്ഞ് അവൻ പുറത്തേക്ക് നടന്നതും മീനാക്ഷിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. മകന്റെ മുഖത്ത് അതുപോലൊരു പുഞ്ചിരി അവർ കണ്ടിട്ട് നാളുകൾ കഴിഞ്ഞിരുന്നു.

അവർ മനസ്സിൽ തന്റെ കുടുംബദേവതയ്ക്ക് നന്ദി പറഞ്ഞു. വിജയും ആ സമയത്ത് തന്നെ പാടത്തേക്ക് വന്ന് ചേർന്നു. “അളിയോ..! എന്തൊക്കെയുണ്ട് സുഖമാണോ..? ” വിജയ് ചോദിച്ചതും., “ഇതൊക്കെ നിനക്ക് കുറച്ചു ഓവറായിട്ട് തോന്നുന്നില്ലേ..ഞാൻ ഇവിടെ നിന്ന് പോയിട്ട് രണ്ട് ദിവസമല്ലേ ആയിട്ടുള്ളു.. എന്തോ രണ്ട് വർഷം കഴിഞ്ഞു കാണുന്നത് പോലുണ്ടല്ലോ നിന്റെ ചോദ്യം കേട്ടാൽ..” സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു.. “അതും ശരിയാണല്ലോ..” അവനും ചിരിച്ചു. പെട്ടെന്നാണ് സിദ്ധുവിന് ശ്രീലക്ഷ്മിയുടെ അച്ഛന്റെ കാര്യം ഓർമ്മ വന്നത്.. “അതൊക്കെ പോട്ടെ… അമ്മാവനിപ്പോ എങ്ങനുണ്ട്..? ” അവൻ വിഷമത്തോടെ ചോദിച്ചു.. “ഇപ്പൊ കുഴപ്പമില്ലടാ.. സുഖമായി വരുന്നു…നമുക്ക് ഉച്ചയ്ക്ക് പോയൊന്നു കണ്ടേച്ചും വരാം..” വിജയ് മറുപടി പറഞ്ഞു.. “ങേ… ശ്രീലക്ഷ്മിയുടെ കാര്യം പറഞ്ഞാൽ കടിച്ചു കീറാൻ വരുന്ന ഇവൻ തന്നെയാണോ ഈ പറയുന്നേ..”

വളരെ ഗൗരവത്തോടെ മറുപടി പറഞ്ഞ വിജയെ നോക്കികൊണ്ട് സിദ്ധു മനസ്സിൽ ചിന്തിച്ചു.. “എന്താടാ..! ഞാനെന്താ ഇപ്പൊ ദേഷ്യപ്പെടാത്തെ എന്നാണോ നീ ഇപ്പൊ ചിന്തിക്കുന്നത്..” വിജയ് സിദ്ധു മനസ്സിൽ വിചാരിച്ചത് അത്പോലെ പറഞ്ഞതും സിദ്ധു കൂടുതൽ ആശ്ചര്യത്തോടെ അവനെ നോക്കി.. ” പാവം ആ ശ്രീലക്ഷ്മിയെ ഞാൻ ഒരുപാട് തെറ്റിദ്ധരിച്ചു..ഞാൻ നിന്നോട് ദേഷ്യപ്പെടുന്നത് കണ്ടിട്ടാവണം ആ കുട്ടി നടന്നതെല്ലാം എന്നോട് പറഞ്ഞു. ഈ ചെറുപ്രായത്തിൽ ആ കുട്ടിക്ക് സംഭവിച്ചത് പോലെ മറ്റാർക്കും വരരുതെടാ..അവള് പറഞ്ഞതിന് ശേഷമാണ് എനിക്ക് അവളുടെ അവസ്ഥ മനസ്സിലായത്..ഒരിക്കൽ ചെയ്ത തെറ്റിന്റെ പേരിൽ ഒരു ജീവിതം മുഴുവൻ കിടന്ന് ശിക്ഷ അനുഭവിക്കുവാ പാവം..അവളെ ഓർക്കുമ്പോ വല്ലാതെ വിഷമം തോന്നുന്നെടാ..” വിജയ് വിഷമത്തോടെ പറഞ്ഞു.. “അവൾക്ക് ഈ കഷ്ടതകളൊക്കെ കൊടുത്ത ദൈവം തന്നെ ഒരിക്കൽ അവൾക്ക് സന്തോഷവും നൽകും..നീ വിഷമിക്കണ്ട..

ഉച്ചക്ക് അമ്മാവനെ കണ്ടിട്ട് വരാം…” സിദ്ധു പറഞ്ഞതും വിജയ് ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.. ഉച്ചയ്ക്ക് ഇരുവരും ശ്രീലക്ഷ്മിയുടെ അച്ഛനെ പോയി കാണുകയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.. ശേഷം അവർ വീട്ടിലേക്ക് മടങ്ങി.. “വിജയേട്ടാ… സുഖമാണോ…” വിജയെ കണ്ടതും മിഥു സ്നേഹത്തോടെ ചോദിച്ചു. “സുഖമായിരിക്കുന്നു പെങ്ങളെ.. പെങ്ങക്ക് സുഖമല്ലേ.. ” അവൻ തിരിച്ചു ചോദിച്ചു.. മീനാക്ഷി വിളമ്പിക്കൊടുത്ത ഉച്ചഭക്ഷണം അവർ സമാധാനത്തോടെ ആസ്വദിച്ചു കഴിച്ചു തീർത്തു. “മോനെ സിദ്ധു..! എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..” മീനാക്ഷി ഒരു മടിയോടെ പറഞ്ഞു.. “എന്താമ്മേ…” അവൻ സംശയത്തോടെ അമ്മയെ നോക്കി.. “നമ്മുടെ നാട്ടിൽ നിന്ന് ഒരു തീർത്ഥയാത്ര പോകുന്നുണ്ട്.. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും അവർ കൊണ്ട് പോകും.. ഞാനും പൊക്കോട്ടെ മോനെ…

എനിക്കും ആ അമ്പലങ്ങളൊക്കെ കാണണമെന്നുണ്ട്.. ” അവർ മടിയോട് കൂടി തന്നെ ചോദിച്ചു.. “അമ്മായി..!അമ്മായിയെ ഒറ്റയ്ക്ക് എന്തായാലും വിടില്ല.. അമ്മായിക്ക് എവിടെയെങ്കിലും പോകണം എന്നുണ്ടെങ്കിൽ ഞാനും സിദ്ധുവേട്ടനും കൂടി കൊണ്ടുപോകും.. അമ്മായി ഒറ്റയ്ക്ക് പോകണ്ട..” അത്രയും നേരം നിശബ്ദയായി നിന്ന മിഥുന പറഞ്ഞതും സിദ്ധു ഒരു ഞെട്ടലോടെ അവളെ നോക്കി. അവൻ മനസ്സിൽ ചിന്തിച്ച കാര്യം തന്നെയാണ് അവൾ പറഞ്ഞത്.. അത് അവനെ കൂടുതൽ സന്തോഷവാനാക്കി.. അത് തന്നെയാണ് അവൻ അവളിൽ നിന്ന് പ്രതീക്ഷിച്ചതും.. “സിദ്ധുവേട്ടാ… ഞാൻ പറഞ്ഞത് ശരിയല്ലേ..”

മിഥു സിദ്ധുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു. അവൻ വിടർന്ന മുഖത്തോടെ അതെയെന്ന് തലയനക്കി.. “അമ്മേ.. ഞാൻ മനസ്സിൽ വിചാരിച്ചത് തന്നാ മിഥു പറഞ്ഞത്.. അമ്മയെ അത്രയും ദൂരം ഒറ്റയ്ക്ക് പറഞ്ഞയച്ചാൽ ഇവിടെ എനിക്ക് ഒരു സമാധാനവും ഉണ്ടാവില്ല..” സിദ്ധുവും മിഥുനയെ ഏറ്റു പിടിച്ചപ്പോൾ ആ അമ്മയുടെ മനസ്സ് വിഷമിച്ചെങ്കിലും തന്റെ മകനും മരുമകൾക്കും തന്നോടുള്ള സ്നേഹ കൂടുതൽ അവരെ ആനന്ദിപ്പിച്ചു..

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27

താദാത്മ്യം : ഭാഗം 28

താദാത്മ്യം : ഭാഗം 29

താദാത്മ്യം : ഭാഗം 30

താദാത്മ്യം : ഭാഗം 31

താദാത്മ്യം : ഭാഗം 32