Saturday, January 18, 2025
Novel

താദാത്മ്യം : ഭാഗം 28

എഴുത്തുകാരി: മാലിനി വാരിയർ

സിദ്ധു പറഞ്ഞത് പോലെ തന്നെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി മിഥുന ഒരു ഓൺലൈൻ ഷോപ്പിങ് ബിസിനസിന് തുടക്കം കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായി രൂപ കല്പന ചെയ്ത്, വസ്ത്രങ്ങൾ മെനെഞ്ഞെടുക്കന്ന കാര്യത്തിൽ മിഥുന എല്ലാവരെയും അത്ഭുതപ്പെടുത്തി. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് തന്നെ എല്ലാ ജോലികളും ശ്രദ്ധയോടെ ചെയ്തു. അവളുടെ ആവേശവും ഉത്തരവാദിത്വബോധവും കണ്ട് സിദ്ധുവും അത്ഭുതപ്പെട്ടു പോയിരുന്നു. ആ സമയത്താണ് അവളുടെ കൂട്ടുകാരികളിൽ ഒരുത്തിയുടെ വിവാഹ അടുത്തത്.

മിഥുനയുടെ പാഷനും അവളുടെ പുതിയ സംരംഭത്തെക്കുറിച്ചും അറിയാമായിരുന്ന ആ സുഹൃത്ത്, മിഥുനയ്ക്ക് തന്നെ അവളുടെ കല്ല്യാണ ഓർഡർ നൽകി. വിവാഹത്തിന് വേണ്ടിയുള്ള എല്ലാ വസ്ത്രങ്ങളും മിഥുന തന്നെ ഡിസൈൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ, മിഥുന ആശ്ചര്യത്തോടെ അതിന് സമ്മതം മൂളുകയായിരുന്നു. താൻ ഒരു സംരംഭം തുടങ്ങിയിട്ട്, കുറച്ചു നാളുകൾക്കുള്ളിൽ തന്നെ അത്രയും വലിയൊരു അവസരം കിട്ടിയത് അവളെ കൂടുതൽ ഉന്മേഷവതിയാക്കി. അവളുടെ മുഴുവൻ ശ്രദ്ധയും അവൾ തന്റെ ജോലിയിൽ മാത്രമായിരുന്നു മീനാക്ഷിയമ്മ അവരാൽ കഴിയുന്ന കൊച്ചു കൊച്ചു സഹായങ്ങൾ അവൾക്ക് ചെയ്തുകൊടുത്തു. വിവാഹത്തിന് വളരെ കുറച്ചു സമയം മാത്രമേ ബാക്കിയുള്ളൂ എന്ന കാരണത്താൽ മിഥുനയ്ക്ക് രാവും പകലും ജോലി ചെയ്യേണ്ടതായി വന്നു.

അന്ന് രാത്രി സമയം പന്ത്രണ്ടു മണിയോടടുത്തിട്ടും അവളുടെ ജോലികൾ കഴിഞ്ഞിരുന്നില്ല. വെള്ളം കുടിക്കാനായി താഴേക്ക് വന്ന സിദ്ധു അത്ര നേരമായിട്ടും ഉറങ്ങാതിരുന്ന് ജോലി ചെയ്യുന്ന മിഥുനയെ കണ്ടപ്പോൾ അതിശയിച്ചു പോയി. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. “മിഥു… മണി പന്ത്രണ്ട് കഴിഞ്ഞു.. നീ ഇനിയും ഉറങ്ങിയില്ലേ… ” അവൻ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.. “ഇല്ല സിദ്ധുവേട്ടാ… ! എനിക്ക് കുറച്ചു ജോലികൂടെ ബാക്കിയുണ്ട്.. അത് കഴിഞ്ഞാലുടൻ ഞാൻ ഉറങ്ങിക്കോളാം.. ” അവളുടെ മുഖം ക്ഷീണത്താൽ വാടിയിരിക്കുന്നത് അവൻ തിരിച്ചറിഞ്ഞു.. “മതി.. ഇനി രാവിലെ ചെയ്യാം.. ഇപ്പൊ പോയി കിടന്നുറങ്ങ്.. ” അവന്റെ വാക്കുകളിൽ കരുതലുണ്ടായിരുന്നു.

“പ്ലീസ് സിദ്ധുവേട്ടാ.. ഇനി ദാ കുറച്ചു കൂടി ഉള്ളു.. ഒരു അരമണിക്കൂർ… ” അവൾ കെഞ്ചലോടെ പറഞ്ഞതും അവൻ മറിച്ചൊന്നും പറയാതെ അവിടെ നിന്നും നടന്നു. “അയ്യോ.. ! അപ്പോഴേക്കും പിണങ്ങിയോ… ? ശ്ശേ… ആദ്യം പറഞ്ഞപ്പോ തന്നെ പോയി കിടന്നാൽ മതിയായിരുന്നു.. ഇത് രാവിലെ പിന്നേം ഒന്നെന്നു തുടങ്ങണമല്ലോ എന്ന് കരുതിയാ.. ഇനി ഇപ്പൊ എന്ത് ചെയ്യും.. ” അവളുടെ ചിന്തകൾ മനസ്സിനെ ചോദ്യം ചെയ്തു തുടങ്ങും മുൻപേ അവൻ അവളുടെ മുന്നിൽ വന്നു നിന്നു. അവൾ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. “ദാ.. ഇത് കുടിക്ക്.. ഈ കാപ്പി കുടിച്ചിട്ട് ബാക്കി ചെയ്താൽ മതി.. ” അവൻ പുഞ്ചിരിയോടെ ആവി പറക്കുന്ന, കാപ്പി കപ്പ് അവൾക്ക് നേരെ നീട്ടി.

അവൾ നിറഞ്ഞ മനസ്സോടെ അത് വാങ്ങി കുടിച്ചു. “ദിവസവും.. നീ ഇത്ര നേരം ഉറങ്ങാതെ ജോലി ചെയ്യുന്നുണ്ടോ.. ” അവന്റെ കരുതൽ അവന്റെ മുഖത്തും തെളിഞ്ഞു. “അതെ സിദ്ധുവേട്ടാ.. ഇത് നമുക്ക് കിട്ടിയ ആദ്യത്തെ വലിയ ഓർഡറാണ്.. സമയവും കുറവാണ്.. അതാണ് രാത്രിയും പകലും ഞാൻ ശ്രദ്ധിക്കാറില്ല.. ” അവൾ പുഞ്ചിരിയോടെ അവനോട് മറുപടി പറഞ്ഞു. “ഉം… എങ്കിൽ അതെന്നോട്‌ നേരത്തെ പറയണ്ടേ.. ഞാൻ നിനക്ക് കൂട്ടിരിക്കില്ലേ.. ” അവന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട് അവൾ ആശ്ചര്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. “ഹേയ് മിഥു.. !” അവന്റെ വിരലുകൾ അവളുടെ കണ്ണിന് മുന്നിലൂടെ മിന്നി മറഞ്ഞപ്പോഴാണ് അവൾ സ്വബോധം വീണ്ടെടുത്തത്.

“അത്.. സിദ്ധുവേട്ടൻ രാവിലെ പാടത്ത് പോയി കഷ്ടപ്പെട്ട് വൈകുന്നേരമല്ലേ വരുന്നേ..ഏട്ടന് റസ്റ്റ്‌ എടുക്കാൻ കിട്ടുന്നത് രാത്രിയിൽ കുറച്ചു സമയം മാത്രമാണ്..അതും എനിക്ക് വേണ്ടി ചിലവഴിച്ചാൽ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് എങ്ങനെ ജോലിക്ക് പോകും..” മനസ്സിൽ തോന്നിയ കാര്യം അവൾ അതെ പടി അവനോട് പറഞ്ഞു… അവൻ മനോഹരമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൾക്കരുകിൽ വന്നിരുന്നു. അവൻ അത്ര അടുത്ത് വന്നിരിക്കുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അവളുടെ ഹൃദയം പട പട ഇടിച്ചു തുടങ്ങി. അത് മുഖത്ത് കാണിക്കാതെ അവൾ ജോലിയിൽ ശ്രദ്ധ കൊടുത്തു.. “നിനക്ക് വേണ്ടി, ഇനിയും കുറച്ചു നേരം ഉറക്കമൊഴിച്ചു എന്ന് കരുതി എനിക്ക് ഒരു കുഴപ്പവും വരില്ല..നീ നിന്റെ ജോലി ചെയ്യ്.. ഞാൻ ഇവിടെ ഇരുന്നോളാം..”

അവൻ സ്നേഹത്തോടെ പറഞ്ഞതും അവളും മറിച്ചൊന്നും പറയാതെ തലയാട്ടിക്കൊണ്ട് ജോലിയിൽ മുഴുകി. “നീ നേരാവണ്ണം ഭക്ഷണം കഴിക്കുന്നുണ്ടോ..? അതോ ജോലി ജോലി എന്ന് പറഞ്ഞ് ഒന്നിനും നേരമില്ലെന്നോ..? ” അവന്റെ മുഖത്ത് പരിഭ്രമം വിരിഞ്ഞു. “ഇവിടെ അമ്മായി ഉള്ളപ്പോൾ.. ഈ ചോദ്യം ചോദിക്കാണോ സിദ്ധുവേട്ടാ…ഞാൻ വേണ്ടെന്ന് പറഞ്ഞാലും അമ്മായി മറക്കാതെ സമയത്ത് തന്നെ എനിക്ക് ഫുഡ്‌ വാരി തരും. എന്റെ വീട്ടിലും ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ അമ്മയാണ് വാരി തരുന്നേ.. അത് പോലെ തന്നെയാ. അമ്മായിയും എനിക്ക് വാരി തരും..” അവൾ തൃപ്തിയോടെ പറഞ്ഞതും അവന്റെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു. ശേഷം അവൻ ഒന്നും മിണ്ടാതെ അവൻ അവൾ ചെയ്യുന്ന ജോലിയിലേക്ക് കണ്ണെറിഞ്ഞു. അല്പം കഴിഞ്ഞ്, “സിദ്ധുവേട്ടാ..

ഇത് എത്ര നേരമെന്ന് പറഞ്ഞാ ഇങ്ങനെ നോക്കി ഇരിക്കാ.. ബോറടിക്കും.. ഫോണിൽ വല്ല പാട്ടും ഉണ്ടേൽ വെക്ക്.. എനിക്കും അത് കേട്ട് ജോലി ചെയ്യാലോ..” അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ അവനും അത് നല്ല ചിന്തയാണെന്ന് തോന്നി. “നിനക്ക് എങ്ങനെ ഉള്ള പാട്ടുകളാ ഇഷ്ടം..” അവൻ ഫോൺ എടുത്തുകൊണ്ടു ചോദിച്ചു.. “ഏട്ടന് ഇഷ്ടമുള്ള പാട്ട് വെക്ക്…ഞാൻ കേട്ടോളാം..” അവൾ ജോലി ചെയ്തുകൊണ്ട് തന്നെ മറുപടി പറഞ്ഞു. “എനിക്ക് കവിതകളാണ് ഇഷ്ടം.. അതൊക്കെ നിനക്ക് ഇഷ്ടമാവുമോ..? ” അവൻ സംശയത്തോടെ ചോദിച്ചു.. “അതൊക്കെ ഇഷ്ടമാവും.. ഏട്ടൻ, ഏട്ടന് ഇഷ്ടമുള്ള പ്രണയ കവിത വല്ലതും ഉണ്ടേൽ വെക്ക്..” പറഞ്ഞു കഴിഞ്ഞപ്പോഴാണ് താൻ പറ്റാഞ്ഞതെന്താണെന്ന് അവൾ ഓർത്തത്..പ്രണയ കവിത എന്ന് പറഞ്ഞതോർത്ത് അവൾ ചമ്മിക്കൊണ്ട് കൈകൾ നെറ്റിയിൽ അമർത്തി കൊണ്ട് ഇളിച്ചു കാണിച്ചു.. സിദ്ധു പുഞ്ചിരിച്ചുകൊണ്ട് മ്യൂസിക് പ്ലെയറിൽ തന്റെ ഇഷ്ടപ്പെട്ട കവിത പ്ലേ ചെയ്തു. ആ കവിത ആ രാത്രിയെ കൂടുതൽ മനോഹരമാക്കി.

🎶🎶🎶🎶🎶 പ്രണയം അനാദിയാം അഗ്നിനാളം ആദി പ്രകൃതിയും പുരുഷനും ധ്യാനിച്ചുണർന്നപ്പോൾ പ്രണവമായ് പൂവിട്ടൊരു അമൃതലാവണ്യം ആത്മവിലാത്മാവ് പകരുന്ന പുണ്യം.. പ്രണയം…. തമസ്സിനെ തൂനിലവാക്കും നിരാർദ്രമാം തപസ്സിനെ താരുണ്യമാക്കും(2) താരങ്ങളായ് സ്വപ്ന രാഗങ്ങളായ് ഋതു താളങ്ങളാൽ ആത്മദാനങ്ങളാൽ അനന്തതയെപ്പോലും മധുമയമാക്കുമ്പോൾ പ്രണയം അമൃതമാകുന്നു പ്രപഞ്ചം മനോജ്ഞമാകുന്നു പ്രണയം… ഇന്ദ്രിയ ദാഹങ്ങൾ ഫണം വിടർത്തുമ്പോൾ അന്ധമാം മോഹങ്ങൾ നിഴൽ വിരിക്കുമ്പോൾ(2) പ്രണവം ചിലമ്പുന്നു പാപം ജ്വലിക്കുന്നു ഹൃദയങ്ങൾ വേർപിരിയുന്നു വഴിയിലിക്കാലമുപേക്ഷിച്ച വാക്കുപോൽ പ്രണയം അനാഥമാകുന്നു പ്രപഞ്ചം അശാന്തമാകുന്നു പ്രണയം…, അനാഥമാകുന്നു.. പ്രപഞ്ചം.., അശാന്തമാകുന്നു..

“എന്താ മിഥു കവിത ഇഷ്ടമായോ.. ” അവൾ ആസ്വദിച്ച് കേട്ടിരിക്കുന്നത് കണ്ട് അവൻ ചോദിച്ചു “ഇഷ്ടമായി സിദ്ധുവേട്ടാ.. ഇത് ആരാ പാടിയെ…. ” അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവൻ ചിരിച്ചു. “നീ മധുസൂദനൻ നായർ എന്ന് കേട്ടിട്ടുണ്ടോ…” അവൾ തോളുകൾ ഇളക്കികൊണ്ട് ഇല്ല എന്ന് മറുപടി പറഞ്ഞു.. “മലയാളത്തിലെ പ്രശസ്തനായ കവിയാണ് അദ്ദേഹം.. കവിതകൾ തന്റേതായ ആലാപന ശൈലിയിലൂടെ ആസ്വാദക മനസ്സുകൾ കീഴടക്കിയ കവികളാണ് മധുസൂദനൻ നായരും മുരുകൻ കാട്ടാക്കടയുമൊക്കെ… മധുസൂദനൻ സാറിന്റെ പ്രണയം എന്ന കവിതയാണിത്.. അദ്ദേഹം തന്നെയാണ് ഇത് പടിയിരിക്കുന്നതും.. ” അവൻ പുഞ്ചിരി കൈവിടാതെ പറഞ്ഞു.. “കൊള്ളാം.. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.. ” അവളുടെ മുഖത്ത് അതിന്റെ നീരസം പ്രതിഫലിച്ചു…. ”

നീ ഇത് ആദ്യമായിട്ടല്ലേ കേൾക്കുന്നേ അതാ മനസ്സിലാവാത്തെ.. പിന്നെ, കവിതകൾ മനസ്സിലാവണമെങ്കിൽ ഉള്ളിൽ കുറച്ചു പ്രണയമൊക്കെ വേണം, കാതുകൾ കൊണ്ടല്ല ഹൃദയം കൊണ്ട് വേണം കവിതകൾ കേൾക്കാൻ.. നീ ഹൃദയം കൊണ്ട് കേട്ട് നോക്ക്. അപ്പൊ മനസ്സിലാവും… ” “ഓഹ്… മാഷ് വലിയ പ്രണയേശ്വരനാണെന്ന് തോന്നുന്നല്ലോ.. അതുകൊണ്ട് ഏട്ടന് ഇതൊക്കെ പെട്ടെന്ന് മനസ്സിലാവുമായിരിക്കും അല്ലേ. ” അവൾ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. “നീ പറഞ്ഞാലും ഇല്ലേലും ഞാൻ ഒരു പ്രണയേശ്വൻ തന്നെയാണ്.. ” അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ടുള്ള അവന്റെ മറുപടി കേട്ട് അവൾക്ക് ചിരിയാണ് വന്നത്. “എങ്കിൽ ശരി പ്രണയേശ്വരാ.. അങ്ങേയ്ക്ക് വിരോധമില്ലെങ്കിൽ ഈ കവിതയുടെ അർത്ഥം കൂടി എനിക്ക് പറഞ്ഞു തരാമോ..?

” അവൾ തന്റെ കണ്ണുകൾ വിടർത്തികൊണ്ട് അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. “പിന്നെന്താ.. എന്റെ ബോറടിയും മാറിക്കിട്ടും.. ” അവൾ ജോലിയിൽ മുഴുകികൊണ്ട് തന്നെ അവനെ ശ്രദ്ധിച്ചു.. “പ്രണയത്തിന്റെ അനന്തതയെ കുറിച്ച് വർണിക്കുകയാണ് കവി. മനുഷ്യന്റെ സൃഷ്ടി മുതൽ തന്നെ പ്രണയവും ഉത്ഭവിച്ചിരിക്കുന്നു. തുടക്കം എവിടെയാണെന്ന് അറിയാത്ത ഒരു തീ നാളമാണ് പ്രയാണം. അത് ഇരുട്ടിലേക്ക് വെളിച്ചം വിതറുകയും തപസ്സിനെ സുന്ദരമാക്കുകയും ചെയ്യും…. പ്രകൃതി എന്ന് പറയുന്നത് തന്നെ പ്രണയമാണ്… എങ്കിലും മനസ്സിന്റെ കപടമോഹങ്ങളും അത്യാഗ്രങ്ങളും പ്രണയത്തെ ഇല്ലാതാക്കുന്നു. അത് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ അപകടമാകുന്നു.. മൊത്തത്തിൽ എല്ലായിടത്തും സത്യസന്ധമായ പ്രണയം ഉണ്ടാവണം എന്നാണ് കവി ഉദ്ദേശിക്കുന്നത്.. ”

സിദ്ധു പറഞ്ഞു നിർത്തിയപ്പോൾ മിഥു അവന്റെ കണ്ണുകകിലേക്ക് അത്ഭുതത്തോടെ നോക്കി നിന്നു. അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്കാണ് കയറി ചെന്നത്. അവൾക്ക് അവനോടുള്ള പ്രണയം ഒരു തിരമാല പോലെ ഹൃദയത്തിൽ ആർത്തിരമ്പി.. എങ്കിലും അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.. “മലയാളം ട്യൂഷൻ ഇനി നാളെ എടുക്കാം. ഇനി മാഷ് പോയി കിടന്നുറങ്ങു.. എന്റെ ജോലിയും ഏതാണ്ടൊക്കെ കഴിഞ്ഞു.. ബാക്കി നാളെ നോക്കാം.. ” അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. “അങ്ങനെയാവട്ടെ., നവയുഗ വസ്ത്രാലങ്കാര ശില്പികളെ… ഇന്നേക്ക് വിട തന്നാലും.. ശുഭരാത്രി.. സുഖം നിദ്ര.. ” അവൻ മനോഹരമായ അവന്റെ വെളുത്ത പല്ലുകൾ തിളക്കിക്കൊണ്ട് പറഞ്ഞ വിധം അവളിൽ ചിരി വിടർത്തി.. അവൻ എഴുന്നേറ്റ് ടെറസ്സിലേക്ക് നടന്നു.. അവളും സാധനങ്ങളൊക്കെ ഒതുക്കി വെച്ച് തന്റെ മുറിയിലേക്കും കയറി. കിടക്കാൻ നേരം അവളുടെ ഫോണിൽ യൂട്യൂബിൽ അവൾ ഒന്ന് കൂടി ആ കവിത വെച്ചു. ഇത്തവണ അത് അവളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് പതിഞ്ഞു.. ”

പ്രണയം എത്ര മനോഹരമാണ് അല്ലേ സിദ്ധുവേട്ടാ… എന്റെ ഈ ജീവിതം മുഴുവൻ എനിക്ക് സിദ്ധുവേട്ടനെ പ്രണയിച്ചു തീർക്കണം. എന്റെ പ്രണയത്തിന് ഒരു തുടക്കമുണ്ട് പക്ഷെ അവനമുണ്ടാകരുത്.. ഏട്ടന് എന്നോട് ഇഷ്ടക്കുറവൊന്നും ഇല്ലെന്ന് എനിക്കറിയാം.. ഒരിക്കൽ ഏട്ടൻ എന്നെ മനസ്സിലാക്കും.. പൂർണമായും എന്നെ ഒരു ഭാര്യയായി സ്വീകരിക്കുന്ന ആ നിമിഷത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ” അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. ********** രാവിലെ, “സിദ്ധുവേട്ടാ.. എഴുന്നേൽക്ക്.. ” മിഥുനയുടെ ശബ്ദം കേട്ട് കൊണ്ട് അവൻ കണ്ണുകൾ തുറന്നു.. “എന്താ മിഥു.. നീ ഉറങ്ങിയില്ലേ.. ” അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ചോദിച്ചു.. “നേരം വെളുത്തു സിദ്ധുവേട്ടാ.. ഇപ്പൊ സമയം ഏഴായി.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. “എന്താ… മണി ഏഴായോ..? ” അവൻ ഞെട്ടലോടെ ചാടി എഴുന്നേറ്റു. “ഇതാണ് ഞാൻ നേരത്തെ കിടക്കാൻ പറഞ്ഞേ..

എന്നിട്ട് കേട്ടില്ലല്ലോ.. ഇനി, പ്രണയത്തെ കുറിച്ച് പറഞ്ഞത് കൊണ്ട് പ്രണയേശ്വരൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുവായിരുന്നോ..? ” അവളുടെ ചിരി ചിലങ്കപോലെ കിലുങ്ങി.. “മിഥു… നീ എന്റെ കയ്യീന്ന് വാങ്ങിക്കും.. നിനക്കുള്ളത് ഞാൻ വൈകിട്ട് വന്നിട്ട് തരാം.. ഇപ്പൊ സമയമില്ല.. ഞാൻ പോട്ടെ.. ” അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞപ്പോൾ അവൾക്ക് വീണ്ടും ചിരി വന്നു ‘ശരി.. ശരി… ആദ്യം ഈ കാപ്പി കുടിക്ക് എന്നിട്ട് കുളിച്ചിട്ട് ജോലിക്ക് പോകാൻ നോക്ക്.. ” അവൾ കൊണ്ട് വന്ന കാപ്പി അവന്റെ കയ്യിൽ കൊടുത്തുകൊണ്ട് അവൾ അവിടെ നിന്നും നടന്നു. അവനും അത് കുടിച്ച്, കുളിക്ക് ശേഷം പാടത്തേക്ക് പോയി.

“എന്താടാ.. ഇത്ര വൈകിയേ.. ആദ്യമായിട്ടാണല്ലോ… പുതിയ കുറെ മാറ്റങ്ങൾ ഞാൻ കാണുന്നുണ്ട്.. എന്താ മുഖത്ത് വല്ലാത്ത ഷീണം.. ഉറങ്ങീലെ ഇന്നലെ.. ” വിജയുടെ അർത്ഥം വെച്ചുള്ള ചോദ്യം അവനെ കുപിതനാക്കി.. “അതേടാ.. ഇന്നലെ ഉറങ്ങീലാ.. അവള് ഒറ്റയ്ക്ക് ഇരുന്ന് ജോലി ചെയ്യുവായിരുന്നു.. അത് തീരണത് വരെ അവളുടെ കൂടെ ഇരുന്നു.. ഇത്രയും അറിഞ്ഞാൽ മതിയോ സാറിന്.. അതോ എന്റെ വായീന്ന് വേറെ വല്ലതും കേൾക്കണോ..? ” കടുപ്പിച്ചുള്ള സിദ്ധുവിന്റെ വാക്കുകൾ കേട്ട് വിജയ് ചമ്മലോടെ കണ്ണുകൾ അടച്ചു. ശേഷം ഇരുവരും തങ്ങളുടെ ജോലികളിൽ ശ്രദ്ധചെലുത്തി…

തുടരും…

താദാത്മ്യം : ഭാഗം 1

താദാത്മ്യം : ഭാഗം 2

താദാത്മ്യം : ഭാഗം 3

താദാത്മ്യം : ഭാഗം 4

താദാത്മ്യം : ഭാഗം 5

താദാത്മ്യം : ഭാഗം 6

താദാത്മ്യം : ഭാഗം 7

താദാത്മ്യം : ഭാഗം 8

താദാത്മ്യം : ഭാഗം 9

താദാത്മ്യം : ഭാഗം 10

താദാത്മ്യം : ഭാഗം 11

താദാത്മ്യം : ഭാഗം 12

താദാത്മ്യം : ഭാഗം 13

താദാത്മ്യം : ഭാഗം 14

താദാത്മ്യം : ഭാഗം 15

താദാത്മ്യം : ഭാഗം 16

താദാത്മ്യം : ഭാഗം 17

താദാത്മ്യം : ഭാഗം 18

താദാത്മ്യം : ഭാഗം 19

താദാത്മ്യം : ഭാഗം 20

താദാത്മ്യം : ഭാഗം 21

താദാത്മ്യം : ഭാഗം 22

താദാത്മ്യം : ഭാഗം 23

താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 25

താദാത്മ്യം : ഭാഗം 26

താദാത്മ്യം : ഭാഗം 27