Novel

നിയോഗം: ഭാഗം 20

Pinterest LinkedIn Tumblr
Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

അവൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് ഉണ്ട് അച്ഛനും അമ്മയും ഒക്കെ.. “നീ ഇതു എവിടെ ആയിരുന്നു.. എത്ര നേരം ആയി വിളിക്കുന്നു.. ഫോണും എടുക്കില്ല… മനുഷ്യനെ വെറുതെ ആദി പിടിപ്പിക്കാനായി ” സീത മകനെ ശകാരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ചെന്നു. “ഞാൻ വെറുതെ മിത്രനും ആയി സംസാരിക്ക ആയിരുന്നു… സമയം പോയത് അറിഞ്ഞില്ല…” അവൻ അകത്തേക്ക് കയറി “അച്ഛമ്മ കിടന്നോ ” “ഹേയ് ഇല്ല… അകത്തുണ്ട്.. രേവതി ചിറ്റ ഫോൺ വിളിക്കുന്നുണ്ട് ” അമ്മയെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ട് അവൻ അകത്തേക്ക് പോയി. “നീ അത്താഴം കഴിക്കാനായി വാ മോനെ..”

“എനിക്ക് ഒന്നും വേണ്ട അമ്മേ…തീരെ വിശപ്പില്ല…” അവൻ മുകളിലെ മുറിയിലേക്ക് കയറി പോയി കൊണ്ട് പറഞ്ഞു. “എന്റെ കുട്ടിക്ക് മനസ് ഒരുപാട് വേദനിക്കുന്നുണ്ട് രാമേട്ടാ.. അവന്റെ മുഖം കാണുമ്പോൾ അറിയാം….” സീത ആണെങ്കിൽ നിറഞ്ഞ മിഴികൾ തുടച്ചു കൊണ്ട് ഭർത്താവിനെ നോക്കി. “നമ്മൾ ആയിട്ട് വേണ്ടന്ന് വെച്ചത് അല്ലാലോ സീതേ.. ഇതു അവർക്ക് ഇങ്ങനെ ഒക്കെ ആയിരുന്നു മനസ്സിൽ ഇരുപ്പ് എന്ന് ഒട്ട് അറിയാനും വൈകി… അക്കരപ്പച്ച തേടി പോകുന്ന സ്വഭാവം ആയിരുന്നു പണ്ടേ ദേവന്റേത്… പക്ഷെ ഈ കുട്ടികളുടെ കാര്യത്തിൽ ഇങ്ങനെ ആവും എന്ന് ഞാൻ കരുതി ഇല്ല ”

“എന്നാലും ദേവു ചേച്ചിയും ഈ തരo ആയിരുന്നല്ലോ.. അതാ വിഷമം…. ഏട്ടൻ ആണെങ്കിൽ എത്ര മാത്രം സ്നേഹിച്ചത് ആണ്… എന്നിട്ട് ഒരു സുപ്രഭാതത്തിൽ അച്ഛനും മകളും കൂടി ഓരോരോ….” മീനുട്ടിക്ക് ദേഷ്യം വന്നു.. “നമ്മൾക്കു എന്ത് ചെയ്യാൻ ആവും…. പിടിച്ചു വലിച്ചു കൊണ്ട് വരാനോ വില കൊടുത്തു മേടിക്കാനോ പറ്റുന്ന വസ്തു ഒന്നും അല്ലാലോ…” “ഒക്കെ ശരിയാണ് അച്ഛാ.. പക്ഷെ എന്റെ ഏട്ടനെ വിഷമിപ്പിച്ചിട്ട് അവൾ സന്തോഷത്തോടെ കഴിയില്ല മതി. ഉറപ്പ്…” മീനുട്ടിക്ക് ദേഷ്യം വന്നു. “അവനു വിധിച്ചത് ഇവൾ അല്ല… അത്ര തന്നെ.. ഇങ്ങനെ ദുഷിച്ച മനസ് ഉള്ളവൾ ഒന്നും ഈ വീടിന്റെ പടി കയറി ഇങ്ങോട്ട് വരണ്ട….

ഭഗവാൻ ആയിട്ട് ആണ് ഈ ബന്ധം മാറ്റി വിട്ടത്.. അത്ര ഓർത്താൽ മതി ” അച്ഛമ്മ ഇറങ്ങി വന്നു അവരുടെ അടുത്തേക്ക്.. “എന്നാലും… അവന്റ വിഷമം കാണുമ്പോൾ ” “എന്റെ സീതേ… ഇവർ ഒക്കെ കുട്ടികൾ ആണ്… ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ തോന്നും…അത്ര യും ഒള്ളൂ..മീനു.. നീ ചെന്ന് അവനെ വിളിച്ചു കൊണ്ട് വാ… വന്നു ഭക്ഷണം കഴിക്കാൻ പറയു… ” അവർ മീനുട്ടി യോടു പറഞ്ഞു.. എന്നിട്ട് വീണ്ടും അവരുട മുറിയിലേക്ക് പോയി. “ഏട്ടാ.. ഏട്ടോയി…” മീനുട്ടി അവന്റെ അടുത്തേക്ക് അല്പം കഴിഞ്ഞപ്പോൾ കയറി ചെന്നു. “ഏട്ടൻ കഴിക്കാൻ വരുന്നില്ലേ ” “വല്ലാത്ത തലവേദന…”

” അതല്ലല്ലോ ഏട്ടാ ഞാൻ ചോദിച്ചേ… അത്താഴം കഴിക്കാൻ വരുന്നില്ലേ എന്നാണ് ” “ഇന്ന് ഇനി ഒന്നും വേണ്ട… മോള് പോയി കഴിച്ചിട്ട് വാ ” “എന്തേ…വയറു നിറയനായി എന്തെങ്കിലും സ്പെഷ്യൽ കഴിച്ചോ ഏട്ടൻ ” “ഹേയ്… എന്ത് കഴിക്കാൻ…വിശപ്പില്ല.. അത്ര തന്നെ ” . “ദേവിക മാഡം തേച്ചിട്ട് പോയത് കൊണ്ട് ആണോ മാഷേ…” പെട്ടന്ന് ഉള്ള അനുജത്തിയുടെ ചോദ്യത്തിന് മുന്നിൽ അവൻ അല്പം സമയം നിശബ്ദൻ ആയി. “ഏട്ട….. അച്ഛൻ പറഞ്ഞു എല്ലാ കാര്യങ്ങളും… ” അവൾ ഏട്ടന്റെ കട്ടിലിന്റെ ഒരു ഓരത്തായി ഇരുന്നു….. അവനും പെട്ടെന്ന് എഴുന്നേറ്റു.. എന്നിട്ട് കട്ടിലിന്റെ ക്രാസയിൽ ചാരി കിടന്നു… ”

ഏട്ടൻ ദേവു ചേച്ചിയെ കണ്ടോ ഇന്ന് “? “ഹ്മ് ” ” ചേച്ചി എന്തു പറഞ്ഞു.. ദേവൻ മാമയുടെ ഡ്രാമയൊക്കെ മകൾ അറിഞ്ഞോ … അതോ ദേവു ചേച്ചിയും കൂടി ഒത്തിട്ടാണോ, ഈ കാര്യങ്ങളൊക്കെ ആസൂത്രണം ചെയ്തത്” “എനിക്കറിയില്ല മോളെ…. എന്തായാലും ഒരു കാര്യം എനിക്ക് മനസ്സിലായി,ദേവു, ഞാനും ആയിട്ട് ഉള്ള ഈ വിവാഹത്തിന് താല്പര്യപ്പെടുന്നില്ല…. ” അന്ന് സംഭവിച്ച കാര്യങ്ങളൊക്കെ അവൻ അനിയത്തിയോട് പറഞ്ഞു.. “ഈശ്വരാ ഇതൊക്കെ സത്യമാണോ…. ദേവു ചേച്ചി അയാൾക്ക് ഫോൺ നമ്പർ ഒക്കെ കൈമാറിയോ ” “മ്മ്….” “ഏട്ടാ .. എനിക്ക്.. എനിക്ക് ഇതൊക്കെ വിശ്വസിക്കാൻ പ്രയാസം ആണ്..

ചേച്ചിയെ പറ്റി ഒരിക്കൽ പോലും ഞാൻ ഇങ്ങനെ ഒന്നും ഓർത്തിരുന്നില്ല ” “ആഹ്… അവൾ സന്തോഷം ആയിട്ട് കഴിയട്ടെ മീനു.” അവൻ എഴുന്നേറ്റു പോയി ജനാല യുടെ പാതി ചാരിയ വാതിൽ മെല്ലെ തുറന്നു . അപ്പോളേക്കും ചെറിയ കാറ്റ് വാതിൽ പാളിയിലൂടെ മുറിയിലേക്ക് അരിച്ചു വന്നു.. “മഴയ്ക്ക് ആണോ ഏട്ടാ…തണുത്ത കാറ്റ് ” “ഹമ്… പെയ്യും എന്ന് തോന്നുന്നു… മോളെ നീ പോയി ഭക്ഷണം കഴിച്ചു കിടന്ന് ഉറങ്ങാൻ നോക്ക്..” “ഏട്ടനെ കൂട്ടി വരാൻ ആണ് അമ്മ എന്നെ അയച്ചത്… വരൂ ഏട്ടാ…ആരും ഭക്ഷണം കഴിച്ചില്ല…, ” അവൾ ഒരുപാട് നിർബന്ധിച്ചു ഏട്ടനെ താഴേക്ക് കൂട്ടി കൊണ്ട് പോയി.. “മോനേ… നാളെ കാലത്തെ എല്ലാവരും എത്തും.. ആ കുട്ടീടെ വീട്ടിൽ പോകാൻ…

ഉച്ചയ്ക്ക് മുന്നേ പോയിട്ട് വരാൻ ആണ് ” ഭക്ഷണം കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ അച്ഛൻ അവനോട് പറഞ്ഞു. “അച്ഛാ…. എനിക്ക് ഇപ്പോൾ വിവാഹം ഒന്നും വേണ്ടായിരുന്നു… എന്റെ വിശ്വാസം നഷ്ടപ്പെട്ടു .. കുറച്ചു മനഃസമാദാനം കിട്ടിയാൽ മതി….” അവൻ അച്ഛനോടും അമ്മയോടും കൂടി പറഞ്ഞു. “പിന്നെ പിന്നെ… ഏട്ടൻ ഒന്ന് മിണ്ടാതിരിക്കു…. ഈ ലോകത്തിൽ എല്ലാ പെണ്ണുങ്ങളും ദേവികയെ പോലെ അല്ല… എന്റെ ഏട്ടനെ ദേവു ചേച്ചിക്ക് വിധിച്ചിട്ടില്ല… അത്ര തന്നെ…” വീറോടെ പറയുക ആണ് മീനുട്ടി. .. “മോനേ… നീ വിഷമിക്കണ്ട.. പണ്ട് മുതലേ ദേവൻ മാമയ്ക് കാശിനോട് ആർത്തി ഉള്ള കൂട്ടത്തിൽ ആണല്ലോ…. അതു തന്നെ ആണ് ദേവൂട്ടിയും എന്ന് നമ്മൾ ആരും അറിഞ്ഞില്ല…

ആഹ് വിത്ത് ഗുണം പത്തു… മീനുട്ടി പറയും പോലെ എല്ലാ പെൺകുട്ടിയോളും അങ്ങനെ അല്ല… അതുകൊണ്ട് എന്തായാലും ഞങ്ങൾ അത്രടം വരെ ഒന്ന് പോയിട്ട് വരാം…” സീത അവനെ നോക്കി പറഞ്ഞു. പിന്നീട് അവൻ ആരോടും ഒന്നും പറയാണ്ട് മുറിയിലേക്ക് പോയി. *** പദ്മയും ഭവ്യയും കൂടി ആണെങ്കിൽ പുസ്തകങ്ങൾ ഒക്കെ ഒന്നുടെ അടുക്കി പെറുക്കി വെയ്ക്കുക ആണ്.. രണ്ടാളും കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ കേൾക്കുന്നത് ആണ് എല്ലാം വൃത്തി ആക്കി ഇട് കേട്ടോ മക്കളെ എന്ന മുത്തശ്ശിയുടെ വാചകം. “അല്ലെങ്കിലും നമ്മുടെ വീട് എപ്പോളും വൃത്തി ആണ്..

പിന്നെ എന്തിനാ ഈ മുത്തശ്ശി എപ്പോളും ഇങ്ങനെ പറയുന്നേ…” ഭവ്യ ക്ക് ദേഷ്യം വന്നു. അമ്മയും അച്ഛനും മുത്തശ്ശി യും ഒക്കെ കൂടി രണ്ട് മൂന്ന് ദിവസം ആയിട്ട് മുറ്റവും പരിസരവും ഒക്കെ കളകൾ എല്ലാം പറിച്ചു വൃത്തി ആക്കുന്ന തിരക്കിൽ ആയിരുന്നു. മഴ പെയ്തത് കൊണ്ട് ചെറിയ ചെറിയ കളകൾ എല്ലാം വളർന്ന നിൽപ്പുണ്ട്.. അവയെല്ലാം ഒന്നൊന്നായി പറിച്ചു കളഞ്ഞു എല്ലാം വെടിപ്പാക്കി… ആദ്യം ആയിട്ട് ആണ് അവരുടെ വീട്ടിൽ ഇങ്ങനെ ഒരു ചടങ്ങ് നടക്കുന്നത്. അതിന്റെതായ ചില ആകുലതകൾ ഒക്കെ ഉണ്ട് അവിടെ എല്ലാവർക്കും.. ഗോപിനാഥനും ഭാര്യ ഗിരിജയും ഒക്കെ പ്രാർത്ഥിക്കുന്നത് തങ്ങളുടെ മകളെ നാളെ വരുന്ന ആളുകൾക്ക് ഒക്കെ ബോധിച്ചു കൊണ്ട് ഈ വിവാഹബന്ധം നടന്നു കാണണെ എന്നാണ്..

അവർക്ക് ഒക്കെ ഒറ്റ നോട്ടത്തിൽ തന്നെ കാർത്തിയെ ഇഷ്ടം ആയി.. പിന്നെ കരയോഗത്തിൽ തിരക്കിയപ്പോൾ നല്ലൊരു കുടുംബം ആണെന്ന് ആണ് അറിയാൻ കഴിഞ്ഞേ.. ഒരു ചീത്ത സ്വഭാവങ്ങളും ഇല്ലാത്ത നല്ലൊരു ചെറുപ്പക്കാരനാണ് അത്രേ കാർത്തി… തരക്കേടില്ലാത്ത ജീവിക്കാനും ആസ്തി ഉണ്ട്…എല്ലാം കൂടി കേട്ട് കഴിഞ്ഞപ്പോൾ തങ്ങളുടെ മകൾക്ക് ഈ പയ്യൻ മാത്രം മതി ആയിരുന്നു എന്നൊരു തോന്നൽ ഉണ്ട് അയാൾക്ക് ഉള്ളിൽ.. “ചേച്ചി…” “എന്തോ ” “നാളെ ഈ സെറ്റും മുണ്ടും അല്ലേ ഉടുക്കുന്നത് ” ഓറഞ്ച് കര ഉള്ള ഒരു സെറ്റ് മുണ്ട് എടുത്തു ഉയർത്തി കാണിച്ചു കൊണ്ട് ഭവ്യ ചേച്ചിയെ നോക്കി. “മ്മ്… അത് ഉടുക്കാം ” “ബ്ലോസ് ഒക്കെ ഇട്ടു നോക്കിയോ ” “ആഹ്… ശാരദേച്ചി തയ്ച്ചത് നന്നായിട്ട് ആണ് മോളെ…” നീളൻ മുടി രണ്ടായി പകുത്തു പിന്നി മെടഞ്ഞു ഇടുക ആണ് പദ്മ…

അപ്പോളേക്കും ഗിരിജ മുറിയിലേക്ക് കയറി വന്നു. “ഹരിക്കുട്ടൻ ഉറങ്ങിയോ അമ്മേ ” “ഹമ്… അവൻ ഉറങ്ങി…. അച്ഛന്റെ ഫോണും കണ്ടു ഇരുന്നതിന് അവനെ വഴക്ക് പറഞ്ഞു.. അതാ നേരത്തെ കിടന്നത്…” മുറിയിലൂടെ ഒക്കെ ഒന്ന് കണ്ണോടിച്ചു കൊണ്ട് അവർ മക്കളോടായി പറഞ്ഞു. “ഇ പുസ്തകങ്ങൾ ഒക്കെ എടുത്തു മാറ്റാൻ എത്ര പറഞ്ഞാലും പദ്മ കേൾക്കില്ല…. ഒന്നാം ക്ലാസ്സ്‌ മുതൽ ഉള്ളത് ഇവിടെ ഇരിപ്പുണ്ട് ഇപ്പോളും “… അതു കേട്ട് കൊണ്ട് ഭവ്യ ചിരിച്ചു. “രണ്ടാളും പോയി ചോറ് എടുത്തു കഴിക്കു… എന്നിട്ട് നേരത്തെ കിടന്ന് ഉറങ്ങാൻ നോക്ക്… കാലത്തെ എഴുനേൽക്കേണ്ടത് അല്ലേ മക്കളെ ” രണ്ട് പേരും അമ്മയുടെ പിന്നാലെ അടുക്കളയിലേക്ക് പോയി.

രസവും ഉരുള കിഴങ്ങു ഉപ്പേരിയും അയില പൊരിച്ചതും ആയിരുന്നു… “അച്ഛൻ കഴിച്ചോ അമ്മേ ” .. ഭവ്യ ചോദിച്ചു. “ഉവ്വ്…. അച്ഛനും മുത്തശ്ശിയും ഒക്കെ കഴിച്ചു…..” മീൻ വറുത്തത് മക്കളുടെ രണ്ടാളുടെയും പ്ലേറ്റ് ലേക്ക് എടുത്തു ഇട്ടു കൊണ്ട് ഗിരിജ പറഞ്ഞു.. “അമ്മ ആണെങ്കിൽ വഴക്ക് പറഞ്ഞു.. ഇന്ന് മീൻ മേടിച്ചതിനു… ഇവിടെ ഒക്കെ മണക്കും എന്ന് പറഞ്ഞു… നാളെ ആളോൾ ഒക്കെ വരണത് അല്ലേ ” “അവര് അടുക്കള കാണാൻ അല്ല വരുന്നേ… ചേച്ചിയെ കാണാൻ ആണ്…. മുത്തശ്ശി ഇതല്ല ഇതിന്റ അപ്പുറവും പറയും ” “ഒന്ന് പതുക്കെ പറയു ഭവ്യെ… അച്ഛൻ കേൾക്കും….”.. പദ്മ അനുജത്തിയെ നോക്കി കണ്ണുരുട്ടി..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.