മഴയേ : ഭാഗം 2

Spread the love

എഴുത്തുകാരി: ശക്തി കല ജി

സമാധാനത്തോടെ ഉറങ്ങാൻ കിടന്നു… മഴ പെയ്തു തുടങ്ങി…. മഴയുടെ തണുപ്പ് എന്നിലേക്കും പടർന്നു.. കണ്ണടച്ചു കിടന്നു…. മഴത്തുള്ളികൾ പതിക്കുന്ന താളത്തിൽ മുഴുകി നിദ്രയിലേക്ക്… നിദ്രയുടെ ഏതോ യാമത്തിൽ അവ്യക്തമായ നിറമില്ലാത്ത സ്വപ്നങ്ങൾ അവളെ വേറൊരു ലോകത്തെത്തിച്ചിരുന്നു…. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഒരു വല്യ തറവാട്ടുമുറ്റവും അതിനടുത്ത താമര കുളവും എല്ലാം നിറമില്ലാത്ത സ്വപ്നങ്ങളിൽ വന്നിരുന്നു… സ്വപ്നങ്ങളുടെ അവസാനം അച്ഛൻ്റെ മുഖമാണ് കാണുന്നത്…. അച്ഛനൊപ്പം ഏതോ ഒരു പ്രായമുള്ള സ്ത്രീയും….

മുഖം വ്യക്തമല്ല.. അച്ഛൻ്റെ കൈകളിൽ ഒന്നു തൊടാൻ ഭാവിച്ചതും പ്രായമുള്ള സ്ത്രീ സമ്മതിക്കാതെ ” ഇനിയും ദുർമരണങ്ങൾ ഉണ്ടാകും… വേഗം ഇവിടെ നിന്ന് രക്ഷപ്പെടണം” എന്ന് പറഞ്ഞ് അച്ഛനെ അവരുടെയൊപ്പം കൊണ്ടുപോയി….. അച്ഛൻ പോകുന്നത് കണ്ട് ഉറക്കെ കരഞ്ഞു…. പുറകേ ഓടാൻ ശ്രമിച്ചതും ഒരു ചെറുപ്പക്കാരൻ എങ്ങ് നിന്നോ ഓടി വന്ന് എന്നെ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു….. മുഖം വ്യക്തമല്ല….. വലത് കൈയ്യിൽ ചുവന്ന ചരടിൽ ഏലസ് കൊരിത്തിട്ടിരുന്നു….. ആ എല്ലസിൽ തൊട്ടതും ആ ചെറുപ്പക്കാരനും ഞാനും അവിടെ നിന്നും എങ്ങോ അപ്രത്യക്ഷമായി…..

കണ്ണീരിൻ്റെ നനവ് പടർന്നപ്പോഴാണ് ഒരു ഞെട്ടലോടെ ഉറക്കമുണർന്നത്….. സാധാരണ ഉറക്കമുണർന്ന് കഴിഞ്ഞാൽ കണ്ട സ്വപ്നങ്ങൾ ഒന്നുപോലും ഓർമ്മയുണ്ടാവാറില്ല…… പക്ഷേ ഇതുപോലൊരു സ്വപ്നം രണ്ടു വർഷം മുന്നേ കണ്ടത് ഓർമ്മ വന്നു…. അച്ഛൻ മരിക്കുന്നതിന് മൂന്ന് ദിവസം മുന്നേ…. നെറ്റിയിലെ വിയർപ്പുകണങ്ങൾ ദാവണി തുമ്പ് കൊണ്ട് ഒപ്പിയെടുത്തു….. എന്താണ് വീണ്ടും ഇങ്ങനെയൊരു സ്വപ്നം… ഇനിയും ദുർമരണങ്ങൾ ഇവിടെയുണ്ടാവും എന്ന് എന്ത് കൊണ്ടാണ് പറഞ്ഞത്…. കുറച്ച് നേരം കട്ടിലിൽ തന്നെയിരുന്നു…. സ്വപ്നത്തിൻ്റെ അർത്ഥമെന്തെന്നറിയാതെ മനസ്സ് അസ്വസ്ഥമായി….

മേശമേലിരുന്ന ഫോൺ കൈയ്യെത്തിയെടുത്തു… സമയം നോക്കിയപ്പോൾ അഞ്ച് മണിയായിരിക്കുന്നു…. ഫോൺ മേശമേൽ തിരിച്ച് വച്ചു… കുറച്ച് നേരം വേണ്ടി വന്നു ഹൃദയസ്പന്ദനം സാധാരണ നിലയിലാവാൻ….. ആരേലും തിരുമേനിമാരെ കൊണ്ട് കൊണ്ട് ഒന്നു നോക്കിക്കണം എന്ന് മുത്തശ്ശൻ ഇടയ്ക്കിടെ പറയും…. അതൊന്നും കാര്യമാക്കാറില്ല.. . പക്ഷേ ഇനി വൈകികൂടാ… മുത്തശ്ശനോട് ഇതിനെ കുറിച്ച് ചോദിക്കണം…. കട്ടിലിൽ നിന്ന് എഴുന്നേറ്റു… കുളിക്കാനുള്ള വസ്ത്രം എടുത്തു കുളത്തിനരുകിലേക്ക് പോയി… മഴ പെയ്താലും പടവുകളിൽ മഴവെള്ളം വീഴാതിരിക്കാൻ മറകെട്ടിയിട്ടുണ്ട്….

ഒരു വശത്തായി കുളിച്ച് ഇറൻ മാറാനുള്ള കുഞ്ഞു മുറിയും ഉണ്ട്…. പതിവ് പോലെ തറവാട്ടുകുളത്തിൽ മുങ്ങി കുളിച്ചപ്പോൾ നല്ല ഉന്മേഷം തോന്നി…. പണ്ട് ഇരുവശങ്ങളിലുമായി മുത്തശ്ശി വിളക്ക് തെളിയിച്ച് വയ്ക്കുമാരുന്നു… ഇപ്പോൾ വെളിച്ചത്തിന് ലൈറ്റിട്ടുണ്ട്…. ചുറ്റുo പ്രകാശം പടർന്നു തുടങ്ങിയിരിക്കുന്നു.. ആറ് മണിയായിട്ടുണ്ടാവും…. ലൈറ്റ് ഓഫ് ചെയ്തു….. തറവാടിനോട് ചേർന്ന് തന്നെയാണ് കുളവും….. അടുക്കളയിൽ നിന്ന് ഒരു വശത്തേക്കുള്ള വഴി നേരെ കുളത്തിലേക്കാണ്…. കുളിച്ച് വന്ന് പൂജാമുറിയിൽ കയറി … അമ്മ വിളക്ക് വച്ചിട്ടുണ്ട്… മനസ്സിലെ സ്വപ്നം കണ്ടതിൻ്റെ അസ്വസ്ഥത വിട്ട് പോയിരുന്നില്ല….

അനർത്ഥങ്ങളും ഉണ്ടാവരുതേ എന്ന് കൈകൂപ്പി തൊഴുതു പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നു….. അവളറിയാതെ എങ്ങുനിന്നോ ഒരു മാരുതൻ വന്ന് വിളക്കണച്ച് കടന്നു പോയി….. അടുക്കളയിൽ ചെന്നപ്പോൾ അമ്മ രാവിലെ ജോലി തുടങ്ങിയിരിക്കുന്നു…. ” അമ്മേ ഞാൻ മുറ്റമടിച്ചിട്ട് വരാം അപ്പോഴേക്ക് കാപ്പി മതി” എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങിയതും മുറ്റo നിറയെ തലേ ദിവസത്തെ കാറ്റത്ത് കരിയിലകൾ അങ്ങിങ്ങ് വീണ് കിടന്നിരുന്നു.. മുറ്റത്ത് വല്യ രണ്ട് തേന്മാവ് ഉണ്ട്… സ്വപ്നങ്ങൾ ബാക്കിയാക്കി കാറ്റത്ത് മണ്ണിൽ വീണ കുഞ്ഞ് മാങ്ങാകൾ പെറുക്കിയെടുത്ത് തിണ്ണയിൽ വച്ചു…….

ജോലിക്ക് പോയി തുടങ്ങിയതിൽ പിന്നെ ഉണ്ണിയും അമ്മയെ അടുക്കളയിൽ സഹായിക്കാൻ കൂടും.. അടുക്കളയിൽ ഉണ്ണിയുടെ സംസാരം കേട്ടതും അവൾ വേഗം ചൂലെടുത്തു മുറ്റമടിച്ചു…. … കുടമുല്ല പൂക്കൾ കൊഴിഞ്ഞ് വീണിരുന്നു…. മുറ്റത്ത് ഒരു വശം കൂടമുല്ല ചെടിയുടെ നിറയെ പടർന്ന് പന്തലിച്ച് നിൽപ്പുണ്ട്.. അതിൽ നിറയെ മൊട്ടുകളും .. മുറ്റത്ത് തന്നെ അഞ്ചാറു പന്തൽ കുടമുല്ലയുടെ മാത്രം ഉണ്ട്…. മുറ്റത്തേക്കിറങ്ങിയാൽ നല്ല വാസനയാണ്… അമ്പലത്തിലെ ഉത്സവത്തിന് കൊടിയേറുമ്പോൾ ആണ് മുല്ലമൊട്ടിന് ആവശ്യക്കാർ കൂടുന്നത്… പണ്ട് എല്ലാരും വെറുതെ പറിച്ച് കൊണ്ട് പോകും…

ഇപ്പോൾ പൈസയ്ക്ക് പൂക്കടയിൽ കൊണ്ടു കൊടുക്കുo… പിന്നെ ബാക്കിയുള്ളത് അമ്പലത്തിലേക്കും….. രാവിലത്തേക്കിന് കുറച്ച് നിർത്തിയിട്ടെ പറിക്കാറുള്ളു…. രാവിലെ അമ്പലത്തിലേക്ക് മാലകെട്ടി കൊടുക്കുo….. മാസം അതിനൊരു തുക അമ്പലത്തിൽ നിന്ന് തരും….. സ്വീകരിക്കാതിരിക്കാൻ പറ്റാത്തത് കൊണ്ട് വാങ്ങും…. .ഇന്നലെ മഴയായത് കൊണ്ട് മൊട്ടുകൾ പറിച്ചെടുക്കാൻ കഴിഞ്ഞില്ല…. നിലത്ത് വീണ് കിടക്കുന്ന കുടമുല്ല പൂക്കളെ അവൾ നിരാശയോടെ നോക്കി… മണ്ണു പറ്റിയിരിക്കുന്നു…. പ്രതീക്ഷയോടെ ചെടിയിലേക്ക് മുഖമുയർത്തി നോക്കി…. അവളുടെ കണ്ണുകൾ വിടർന്നു…..

എല്ലാം പൊഴിഞ്ഞ് വീണിട്ടില്ല ചെടിയിൽ അങ്ങിങ്ങ് ഒളിച്ച് നിൽപ്പുണ്ട്…. ഇലകൾക്കിടയിൽ നിന്ന് കുസൃതിയോടെ എത്തി നോക്കുന്നത് പോലെ തോന്നി…….. മുത്തശ്ശൻ പതിവില്ലാതെ പൂ പറിച്ചെടുക്കാൻ കൂടയുമായി വന്നത് കണ്ട് ഞാൻ അതിശയിച്ചു.. “ന്തേയ് ഇന്നലെ പറഞ്ഞത് അനുസരിക്കാൻ തീരുമാനിച്ചോ.. മിടുക്കനായല്ലോ… “… ഞാൻ കളിയായി ചോദിച്ചു… ” .ഞാൻ അല്ലേലും മിടുക്കനാ…..ഞാൻ പൂക്കൾ ഉള്ളത് പറിച്ചു വയ്ക്കാം… ൻ്റ കുട്ടി വേഗം ഒരുങ്ങി വാ.. നിക്കും കൂടി ഇന്ന് അമ്പലത്തിൽ തൊഴണം..

മനസ്സിനെന്തോ ഒരു അസ്വസ്ഥത” അദ്ദേഹം പൂഞ്ചിരിയോടെ മഴയത്ത് വീഴാതെ ചെടിയിൽ ശേഷിച്ച് നിന്ന കുടമുല്ല പൂക്കൾ ഓരോന്നായി ഇറുത്തെടുത്ത് കുടയിൽ ഇടാൻ തുടങ്ങി.. എനിക്ക് മനസ്സിൽ സന്തോഷം തോന്നി… മുത്തശ്ശൻ്റെ മാറ്റം നല്ലതിനാവട്ടെ…. എങ്കിലും അതിരാവിലെ കണ്ട സ്വപ്നം മനസ്സിൽ ഒരു കരടായി കിടന്നു… കൂടെ മുത്തശ്ശൻ പറഞ്ഞതും… മുത്തശ്ശൻ എന്തായിപ്പോ മനസ്സിനൊരു അസ്വസ്ഥത എന്ന് പറഞ്ഞത്….. എന്തായാലും ചോദിക്കണം വേഗം മുറിയിൽ ഒരുങ്ങാൻ പോയി മഞ്ഞ പാവാടയും ബ്ലൗസുമിട്ടു പച്ച നിറത്തിലുള്ള ദാവണി ചുറ്റി… മുടിയൊന്ന് വെറുതെ വിരലുകൾ കൊണ്ട് കോതി കുളി പിന്നൽ പിന്നി…

നീളൻമുടിയുടെ തുമ്പ് കെട്ടിയിട്ടു… കണ്ണാടിയിൽ നോക്കി കണ്ണെഴുതി… വല്യ ചുവന്ന വട്ടപൊട്ട് തൊട്ടു….. കാതിൽ അണിഞ്ഞിരിക്കുന്ന ജിമിക്കി കമ്മൽ ഒന്നുടി മുറുക്കിയിട്ടു. .. ഒരുങ്ങി വന്നു… അടുക്കളയിൽ കയറി… “ദാ കാപ്പി മേശമേൽ വച്ചിട്ടുണ്ട്… ആദ്യം അതെടുത്ത് കുടിച്ചേ…. എന്നിട്ട് മതി ബാക്കി ജോലികൾ “അമ്മ ശാസനയോടെ പറഞ്ഞു…. “ശരി അമ്മേ… ഇന്നൊരു അത്ഭുതം കൂടിയുണ്ട്.. മുത്തശ്ശനും വരുന്നുണ്ട് അമ്പലത്തിലേക്ക്… രാവിലെ എനിക്ക് പൂക്കളും പറിച്ച് തരാൻ വന്നു ” എന്ന് ഞാൻ പറഞ്ഞപ്പോൾ അമ്മയുടെയും ഉണ്ണിയുടെയും മുഖത്ത് അത്ഭുത ഭാവം…. ” നന്നായി അമ്പലത്തിലേക്ക് നിനക്കൊരു കൂട്ടാവുമല്ലോ….

ഉണ്ണിക്ക് നിൻ്റൊപ്പം വരാൻ സമയം കിട്ടുന്നില്ലല്ലോ ” അമ്മ പറഞ്ഞു.. മുത്തശ്ശനപ്പോഴേക്ക് പൂക്കൾ ഇറുത്ത് കൊണ്ട് വച്ചിരുന്നു… കാപ്പി കുടിച്ച് കഴിഞ്ഞ് മുൻപിലത്തെ വരാന്തയിൽ വാഴയിലയിൽ മുത്തശ്ശൻ പറിച്ച് വച്ച കൂടയിലെ പൂക്കൾ കുടഞ്ഞിട്ടു….. ഞാൻ ഇരണ്ട്പൂക്കൾ ചേർത്ത് മല കെട്ടി തുടങ്ങി… മുത്തശ്ശൻ കസേരയിൽ ചാരിയിരുന്നു ഞാൻ മാലകെട്ടുന്നത് നോക്കിയിരുന്നു….. “എല്ലാരുടെയും പേരിൽ മൃത്യൂജ്ഞയഹോമം നടത്തണം…. ഞാൻ നാളെ നമ്മുടെ തിരുമേനിയെ ഒന്ന് കാണണം എന്ന് തീരുമാനിച്ചു…. ഞാൻ ഉണ്ണിയേയും കൂട്ടി പകൽപോയ്ക്കോളാം… നിൻ്റെ മുത്തശ്ശിയുടെ മരണകാരണം ഇപ്പോഴും അജ്ഞാതമാണ്….

അതൊന്ന് അറിയണം…. വൈകിയാൽ ചിലപ്പോൾ ഇനിയും അനർത്ഥങ്ങൾ ഉണ്ടാവും”.. പഠിക്കാനായിട്ടാണെങ്കിലും ഉണ്ണി തൽക്കാലം തറവാട്ടിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്… കുട്ടിയോട് പ്രത്യേകം പറയണ്ട കാര്യമില്ലല്ലോ… എനിക്കറിയാം ഇന്ന് പുലർച്ചേയുള്ള സ്വപ്നത്തിൽ നിനക്കും സൂചന ലഭിച്ചിട്ടുണ്ട് എന്ന്….”.മുത്തശ്ശൻ പറയുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടു….. “ശരി മുത്തശ്ശാ… ഞാനീ കാര്യം അങ്ങോട്ട് ചോദിക്കാനിരിക്കയായിരുന്നു.. ഇനി മാറ്റി വയ്ക്കണ്ട നാളെ തന്നെ ഉണ്ണിയേയും കൂട്ടി പോയ്ക്കോളു ” എന്ന് ഞാൻ പറഞ്ഞു… മുല്ല പൂമാല കെട്ടി വാഴയിലയിൽ പൊതിഞ്ഞുവച്ചു….

മുത്തശ്ശൻ്റെ കൂടെ കുടയുമെടുത്ത് അമ്പലത്തിലേക്ക് നടക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ആനന്ദം തോന്നി… ഒരു പാട് നാളുകൾക്ക് ശേഷമാണ് മുത്തശ്ശനൊപ്പം അമ്പലത്തിലേക്ക് പോവുന്നത്….. വഴിയിൽ കണ്ടവരോട് കുശലം പറഞ്ഞ് അമ്പലമെത്തിയത് അറിഞ്ഞില്ല… മുത്തശ്ശനോട് തൊഴുതോളാൻ പറഞ്ഞിട്ട് ഞാൻ കുളത്തിനരുകിൽ ചെന്ന് വാഴയിലയിൽ പൊതിഞ്ഞ പൂമാല പടിക്കെട്ടിൽ വച്ചു… കാല് വെള്ളത്തിൽ ഒന്നു മുക്കി.. തണുപ്പ് കൊണ്ട് പിൻവലിച്ചുപോയ്…. തണുപ്പിനെ വകവച്ചു കൊണ്ട് കുളത്തിലിറങ്ങി കൈകാലുകൾ കഴുകി.. ഒരു നീളമുള്ള അറ്റം വളഞ്ഞ വടിയെടുത്തു….

സൂര്യകിരണങ്ങളേറ്റ് വിരിഞ്ഞ് തുടങ്ങിയ കുളത്തിലെ താമര പൂക്കൾ കയ്യെത്തി പറിച്ചു… കുറച്ച് ദൂരെ നിൽക്കുന്നത് നീളമുള്ള വടി കൊണ്ട് പറിച്ചു… വാഴയിലയിൽ പൊതിഞ്ഞ ഓരോ കുടമുല്ല പൂമാലയിലും താമര പൂവ് നടുക്കായി കെട്ടിവച്ചു…. എല്ലാം പൊതിഞ്ഞെടുത്ത് അമ്പലനടയിലേക്ക് നടന്നു…. അമ്പലനടയിൽ വലത് വശത്തായി മാലകെട്ടി കൊണ്ടിരിക്കുന്ന സുഭദ്രമ്മായുടെ കൈയ്യിൽ കൊടുത്തു… ” ഇന്ന് കുറവാ സുഭദ്രാമ്മേ… ഇന്നലെ മഴ വന്നത് കൊണ്ട് ഒക്കെയും പൊഴിഞ്ഞ് വീണിരുന്നു…

പിന്നെ ചെടിയിൽ വീഴാതെ നിന്നത് കുറച്ചേ കിട്ടിയുള്ളു” എന്ന് പറഞ്ഞ് അവിടെ നിന്നു… അവർ എണ്ണി തിട്ടപ്പെടുത്തി വയ്ക്കുന്നതിനിടയിൽ ഒരു ചെറുപ്പക്കാരൻ വന്നു .. .” കൃഷ്ണന് ഒരു മാല” പുരുഷ സ്വരം കേട്ട് ഞാൻ മുഖമുയർത്തി നോക്കി… ഇളം നീല നിറത്തിലുള്ള ഷർട്ട് ധരിച്ച ചെരുപ്പക്കാരൻ.., കുസൃതി നിറഞ്ഞ മിഴികളോടെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന മുഖം കണ്ടതും ഒരു നിമിഷം ഞാൻ എല്ലാം മറന്ന് നിന്ന് പോയി…. ആ മിഴികളിലെ നോട്ടം എൻ്റെ ഹൃദയത്തിലേക്കാണ് എത്തി നിന്നത്… എന്നിൽ വസന്തം വന്ന് നിറയുന്നത് ഞാനറിഞ്ഞു… “കുഞ്ഞ് കെട്ടിയത് ഒരെണ്ണം എടുത്ത് കൊടുക്ക് ”

സുഭദ്രാമ്മ പറഞ്ഞതും ഞാൻ വേഗം ഒരു വാഴയിലയിൽ പൊതിഞ്ഞ പൂമാല എടുത്ത് കൊടുക്കുന്നതിനിടയിൽ വിരൽ സ്പർശമേറ്റതും എൻ്റെ ഹൃദയത്തിലൂടെ എന്തോ അതുവരെ തോന്നാതൊരു അനുഭൂതി കടന്നു പോയി…. ഞാൻ ഞെട്ടലോടെ കൈ പിൻവലിച്ചു…. കുർത്ത നോട്ടമയച്ചതും കുസൃതിയോടെയുള്ള ചിരിയാണ് മറുപടിയായി കിട്ടിയത്.. .” ദാ പൈസ സുഭദ്രാമ്മേ” എന്ന് പറഞ്ഞ് പരിചയ ഭാവത്തിൽ സുഭദ്രാമ്മയെ ഏൽപ്പിച്ച് ആ ചെറുപ്പക്കാരൻ അമ്പലനടയിലേക്ക് നടക്കുമ്പോൾ ഒരിക്കൽ കൂടി ഉത്തരയെ തിരിഞ്ഞ് നോക്കി… ആ മിഴികൾ എവിടെയോ കണ്ടു മറന്നത് പോലെ..

ആ മിഴികളിൽ താൻ കുടുങ്ങി പോവുന്നതെന്താണ് എന്ന് ഞാൻ ഓർത്ത് പോയി… “അത് ഗൗതം.. .. .. ഇപ്പോൾ രണ്ട് ദിവസമായതേയുള്ളു ഇവിടെ വന്നിട്ട്.. ഇന്നലെ അമ്പലത്തിൽ വൈകിട്ടത്തെ ചുറ്റുവിളക്ക് അവരുടെ വകയായിരുന്നു.. കൂടെ അമ്മയും അനിയൻ ചെറുക്കനുമുണ്ടായിരുന്നു…. ജോലി കിട്ടിയതിൻ്റെ നേർച്ചയായിരുന്നുവത്രേ…. ” സുഭദ്രാമ്മ ഉത്തരയുടെ നിൽപ്പ് കണ്ടിട്ട് പറഞ്ഞു… “.. ആ ചെറുപ്പക്കാരൻ അമ്പലത്തിൽ തൊഴുത് കഴിഞ്ഞ് അവളുടെ മുൻപിൽ കൂടി തിരികെ പോയത് പോലും അറിയാതെ നിൽക്കുകയായിരുന്നു….

തിരിഞ്ഞ് നടക്കുമ്പോഴും അവൻ്റെ ചുണ്ടിൽ കുസൃതി ചിരിയുണ്ടായിരുന്നു… അവൻ തേടി നടന്നത് കിട്ടിയെന്ന ഭാവമുണ്ടായിരുന്നു ആ മുഖത്ത് മഴത്തുള്ളികൾ ഭുമിയിലേക്ക് പതിച്ചു തുടങ്ങി…. ഭൂമി തൻ്റെ പ്രണയിനിയെ പുൽകാൻ ആവേശത്തോടെ കാത്തിരുന്ന നിമിഷം….തുടരും

മഴയേ : ഭാഗം 1

-

-

-

-

-