Saturday, December 21, 2024
Novel

പ്രണയവീചികൾ : ഭാഗം 16

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

തെന്നലിന്റെ തഴുകലേറ്റ് ഗുൽമോഹർ പൂക്കൾ സാരംഗിന്റെ മടിത്തട്ടിലേക്ക് ഞെട്ടറ്റുവീണു കൊണ്ടിരുന്നു.

അവന്റെ മിഴികൾ അപ്പോഴും നീണ്ടിരുന്നത് കോളേജിന്റെ പ്രധാന കവാടത്തിലേക്കായിരുന്നു. ഇന്നേക്ക് പതിനൊന്ന് ദിവസമാകുന്നു ഋതുവിനെ കണ്ടിട്ട്.

അവൾ പറഞ്ഞ സത്യങ്ങൾ ആകെയൊന്ന് പിടിച്ച് കുലുക്കിയെങ്കിലും അവളോടുള്ള ഇഷ്ടം കൂടിയതല്ലാതെ ലവലേശം പോലും കുറഞ്ഞിട്ടില്ല.

അല്ലെങ്കിലും ഒരു പെണ്ണിന്റെ അറിവോ സമ്മതമോ കൂടാതെ കാമത്തോടെ ഒരുവൻ അവളെ ബലാൽക്കാരമായി പ്രാപിക്കുമ്പോൾ അതിലെവിടെയാണ് അവളുടെ തെറ്റുള്ളത്.

എല്ലാ പെൺകുട്ടികൾക്കും വിവാഹത്തെപ്പറ്റിയും ഭാവി ഭർത്താവിനെപ്പറ്റിയുമൊക്കെ ഒരുപാട് സങ്കല്പങ്ങൾ ഉണ്ടായിരിക്കുo.

എന്നാൽ തന്റെ എല്ലാ ആഗ്രഹങ്ങളെയും ഉള്ളിലൊതുക്കി ഉള്ളിൽ നീറുന്ന നെരിപ്പോടുമായി സ്നേഹവും ദേഷ്യവും പ്രകടിപ്പിച്ചു കൊണ്ട് നടക്കുകയാണവൾ.

ശരീരം അശുദ്ധമായെന്ന ഒരൊറ്റ കാരണത്താൽ മറ്റൊരു പുരുഷന്റെ ജീവിതത്തിൽ പോലും കടന്നു ചെല്ലില്ലെന്ന വാശി.. അങ്ങനൊരു പെണ്ണിനെ എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കുക.

കണ്ട നാൾ മുതൽ വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ അവൾ..
വിട്ടുകളയാൻ ആകില്ല പെണ്ണേ.. അത്രമേൽ അത്രമേൽ ആഴത്തിൽ നീയെന്നിൽ പതിഞ്ഞുപോയി. ഞാൻ പ്രണയിച്ചു പോയി.

എൻ ജീവശ്വാസത്തിൽ അലിയിച്ചു പോയി നിന്നെ.
അവളെപ്പറ്റിയുള്ള ഓർമ്മകളിൽ അവന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു.

ഥാർ ജീപ്പ് ഒറ്റയാനെപ്പോലെ കോളേജ് കവാടം കടന്ന് വരുന്നതും കോ ഡ്രൈവർ സീറ്റിൽ നിന്നും ഋതു ഇറങ്ങുന്നതും അവൻ കണ്ടു.

ഒലിവ് ഗ്രീൻ കളറിൽ ബീഡ്‌സ് വർക്ക് ചെയ്ത ടോപ്പും പിങ്ക് ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം. എപ്പോഴും പോണി ടെയിൽ കെട്ടിയിരുന്ന തലമുടി അഴിച്ചിട്ടിരിക്കുന്നു.
എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് വരികയായിരുന്നു നാലുപേരും.

കാറ്റിൽ അവളുടെ മുടി പറന്ന് മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. അവളത് വിരലുകളാൽ മാടിയൊതുക്കി വയ്ക്കുന്നു.

ഋതിക.. എനിക്ക് തന്നോട് സംസാരിക്കണം.. അവർ അടുത്തെത്തിയതും സാരംഗ് പറഞ്ഞു.

നീരവും അമ്പുവും വൈശുവും പരസ്പരം നോക്കി. അതിനുശേഷം ഋതുവിന്റെ ചുമലിലൊന്ന് തട്ടിയശേഷം അവർ ക്ലാസ്സിലേക്ക് നടന്നു.

കാറ്റിൽ പൊഴിഞ്ഞു വീഴുന്ന ഗുൽമോഹർ പൂക്കളിൽ ചവിട്ടി അവൾ കൈകൾ മാറിൽ പിണച്ചു കെട്ടിനിന്നു.

എനിക്ക് തന്റെ മറുപടി അറിയണം ഋതിക… അല്പസമയത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൻ സംസാരിച്ചു തുടങ്ങി.

എന്ത് മറുപടി.. ഒന്നുമറിയാത്ത ഭാവത്തിൽ അവൾ തിരികെ ചോദിച്ചു.

ആ മറുപടി പ്രതീക്ഷിച്ചെന്നപോലെ അവനൊന്ന് ചിരിച്ചു.

ഓണം ഫങ്ഷന്റെ അന്ന് ഞാൻ എന്റെ പ്രണയം നിന്നെ അറിയിച്ചിരുന്നു.
നീ പറഞ്ഞതെല്ലാം ഞാൻ കേൾക്കുകയും ചെയ്തു.

വെറുമൊരു ക്യാമ്പസ് പ്രണയമായി മരംചുറ്റി നടക്കുവാൻ എനിക്ക് താല്പര്യമില്ല. എന്റെ ഹൃദയതാളം നിലയ്ക്കുംവരെ എന്റെ പെണ്ണായി ചേർത്തു നിർത്തണം എനിക്ക് നിന്നെ.. അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു.

ഉള്ളിലെ പിടച്ചിൽ പുറത്തു കാട്ടാതെ അവൾ പുറമേ പുച്ഛം കലർത്തി ചിരിച്ചു.

എന്റെ പൊന്നുചേട്ടാ.. ചേട്ടന് പറഞ്ഞാൽ മനസ്സിലാകില്ലേ. എനിക്ക് ചേട്ടനോട് പ്രണയമെന്നൊരു വികാരം തോന്നുന്നില്ല.

ചേട്ടന് വിവാഹം കഴിക്കുവാനും പ്രണയിക്കുവാനും എത്രയോ പെൺപിള്ളേരുണ്ട്. എന്നെ വിട്ടേക്ക്.. അവൾ തിരികെ നടക്കാനൊരുങ്ങി.

നിന്റെ വായിൽ നിന്ന് വന്ന വാക്കുകൾ ഹൃദയത്തിൽ തട്ടിയുള്ള വാക്കുകളല്ലെന്ന് നിന്റെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നല്ലോ മോളേ.

നിന്റെ മനസ്സിൽ നീ നെയ്തു വച്ചിരിക്കുന്ന കുറേ ചീപ്പ് സെന്റിമെന്റ്സ് ഉണ്ടല്ലോ അതങ്ങ് മാറ്റിക്കളയ്.. എന്നിട്ട് നീ ആലോചിക്ക്. അതുവരെ ഞാൻ കാത്തിരിക്കാം.. അതും പറഞ്ഞ് സാരംഗ് തിരിഞ്ഞതും ഋതു വീണ്ടും തുടങ്ങി.

നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ലേ. ഈ കോളേജിൽ ഇത്രയും പെൺകുട്ടികളുണ്ടല്ലോ നിങ്ങൾക്ക് എന്നെ തന്നെ വേണമെന്ന് എന്താ ഇത്ര വാശി.
അതോ വല്ലവന്റെയും ഉച്ചിഷ്ടം ഭക്ഷിക്കാനാണോ സാരംഗിന് താല്പര്യം.

ഒരിക്കൽ ഒരുത്തൻ അറിഞ്ഞ ശരീരം തന്നെ വേണമെന്ന് ശഠിക്കാൻ നിങ്ങൾക്ക് ഉളുപ്പില്ലേ.
അതോ എല്ലാമറിഞ്ഞപ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ നടത്താനുള്ള മാർഗ്ഗമായി തിരഞ്ഞെടുത്തതോ… അതോ.. ബാക്കി പറയും മുൻപേ സാരംഗിന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

അവന്റെ ചുവന്ന കണ്ണുകൾ കാൺകെ താൻ പറഞ്ഞത് കൂടിപ്പോയെന്ന് അവൾക്ക് മനസ്സിലായി.
കവിളിൽ കൈവച്ചുകൊണ്ട് അവൾ ചുറ്റും നോക്കി.
രണ്ടോ മൂന്നോ പേർ നോക്കുന്നുണ്ട്.

ഋതിക പ്രതികരിക്കാതെ നിൽക്കുന്നത് കണ്ടത് കൊണ്ടാകാം അവർ നോട്ടം മാറ്റി അവരുടെ ജോലികളിലേർപ്പെട്ടു.

ഇനിയൊരിക്കൽ കൂടി നിന്റെ വായിൽനിന്നും ഇത്തരം വാക്കുകൾ വീഴരുത്. നിന്റെ തെറ്റാണോടീ നിന്നെ ഏതോ ഒരുത്തൻ തൊടാൻ കാരണം.

കന്യാചർമ്മമെന്ന നേർത്ത പാടയിലാണ് പെണ്ണിന്റെ പരിശുദ്ധിയെന്ന് ആരാടീ നിന്നോട് പറഞ്ഞത്.

ഒരു പെണ്ണിന്റെ പരിശുദ്ധിയും പവിത്രതയുമെല്ലാം അവളുടെ മനസ്സിലാണ്. അത് ഇന്നുവരെ നിനക്ക് കളങ്കം പറ്റിയിട്ടില്ലല്ലോ. ഏതോ നൂറ്റാണ്ടിലെ ഡയലോഗും കൊണ്ട് ഇറങ്ങിയേക്കുന്നു.

എനിക്ക് നിന്നോടുള്ള ഇഷ്ടം നിന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു കഴിഞ്ഞു. ഇനി തീരുമാനമെടുക്കേണ്ടത് നീയാണ്.

നീ എന്നെയേ വിവാഹo കഴിക്കാവൂ എന്ന് ഞാൻ നിർബന്ധിക്കില്ല. പക്ഷേ നിന്റെ മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകളുണ്ടല്ലോ അത് മാറ്റിയിട്ട് നീ ആലോചിക്ക്..

നീ തുറന്ന് പറഞ്ഞില്ലെങ്കിലും എനിക്കറിയാം നിന്റെ മനസ്സിന്റെ ഒരു കോണിലെങ്കിലും ഞാൻ കാണും. എന്റെ മുഖത്ത് നോക്കി പറയെടീ ഇക്കഴിഞ്ഞ നാളുകളിൽ ഒരിക്കൽപ്പോലും നീയെന്നെ ഓർത്തിട്ടില്ലെന്ന്…

അവന്റെ വാക്കുകൾ കേട്ട് ഞെട്ടലോടെ അവളവനെ നോക്കി.

ആ കണ്ണുകളിലെ പിടപ്പ് മാത്രം മതിയായിരുന്നു അവനുള്ള ഉത്തരമായിട്ട്.

മേലിൽ ഇമ്മാതിരി വർത്തമാനം പറഞ്ഞാൽ ഇനിയും നീ വാങ്ങും. മനസ്സിലായോടീ… ചുണ്ടും കൂർപ്പിച്ച് നിൽക്കുന്ന അവളെ അവനൊന്ന് നോക്കി.
എന്നിട്ടവൻ തിരിഞ്ഞു നടന്നു.
എന്നിട്ട് തിരിഞ്ഞുനിന്നു.

പെണ്ണിനെ അടിച്ച് കൈയടി വാങ്ങുന്നവനല്ല ഞാൻ. അവരെ ബഹുമാനിക്കുന്നവൻ തന്നെയാണ്. കാരണം ഈ ഭൂമിയിൽ സ്ത്രീയെപ്പോലെ സ്നേഹിക്കുവാനും സഹിക്കുവാനും സംഹരിക്കുവാനും കഴിയുന്നത് പോലെ മറ്റാർക്കും കഴിയില്ല.

ജീവിതയാത്രയിൽ സ്ത്രീ പല വേഷങ്ങൾ കെട്ടിയാടുന്നുണ്ട്. സ്നേഹനിധിയായ മകളുടെ വാത്സല്യനിധിയായ അമ്മയുടെ സ്നേഹനിധിയായ ഭാര്യയുടെ സർവ്വംസഹയുടെ അങ്ങനെ പല ഭാവങ്ങളിൽ നിറഞ്ഞാടാൻ അവൾക്ക് മാത്രമേ കഴിയുള്ളൂ.

പക്ഷേ നിന്റെ ഈ ത്യാഗരൂപിണിയുടെ സ്വഭാവം അനുസരിച്ച് നീ ഇനിയും വാങ്ങിക്കൂട്ടും. നിന്റെയീ സ്വഭാവമാണ് തുടരുന്നതെങ്കിൽ ഇപ്പോൾ കിട്ടിയത് തുടർന്നങ്ങോട്ട് കിട്ടാൻ പോകുന്നതിൽ നിന്നും കുറച്ചാൽ മതി… കേട്ടോടീ… മീശയും പിരിച്ച് പറഞ്ഞുകൊണ്ടവൻ നടന്നകന്നു.

ദുഷ്ടൻ.. പോടാ പട്ടി… അയ്യോ എന്റെ പല്ല് പോയെന്നാ തോന്നുന്നത്.. കാലമാടൻ. അവളാഞ്ഞു തറയിൽ ചവിട്ടി.

ക്ലാസ്സിൽ എത്തുമ്പോൾ അവളുടെ വരവും പ്രതീക്ഷിച്ച് മൂവരും ഇരിപ്പുണ്ടായിരുന്നു.

നിന്റെ കവിളെന്താടീ ചുവന്നിരിക്കുന്നത് വൈശു ചോദിച്ചു.

അവനെന്നെ അടിച്ചതാ… അവൾ പരാതിപോലെ പറഞ്ഞു.

എന്തിന്… അമ്പു ചാടിയെഴുന്നേറ്റു.

സാരംഗുമായുള്ള സംഭാഷണം അവളവരെ വിവരിച്ചു കേൾപ്പിച്ചു.

നീ പറഞ്ഞ വാക്കുകൾ കൂടിപ്പോയി ഋതു..
നിനക്ക് തന്നെയറിയാം സാരംഗ് ഏട്ടൻ നിന്നെ എങ്ങനെയാണ് കരുതുന്നതെന്ന്.. നീരവ് അവളെ കുറ്റപ്പെടുത്തി.

ആ ചേട്ടൻ പറഞ്ഞത് സത്യമല്ലേടീ. നിന്നെ ഇത്രയും സ്നേഹിക്കുന്നയാളിനെ കണ്ടില്ലെന്ന് നടിക്കരുത് നീ.. വൈശു പറഞ്ഞു.

അതെ.. ഒന്നും നിന്റെ തെറ്റല്ലല്ലോ. നിന്റേതല്ലാത്ത തെറ്റിന് നീയെന്തിനാ ജീവിതം പാഴാക്കുന്നത്. എല്ലാം അറിഞ്ഞുകൊണ്ട് നിന്നെ ഇത്രയും സ്നേഹിക്കുന്നയാളിനെ നീ വേണ്ടെന്ന് വയ്ക്കരുത് ഋതൂ… അമ്പു പറഞ്ഞു.

ഋതു മൗനം പാലിച്ചു.
തന്റെയുള്ളിൽ അവനുണ്ടോ. ഇല്ലെങ്കിൽ അന്ന് കുളക്കടവിൽ വച്ചും അല്ലാതെയുമൊക്കെ അവനെയെന്തിനാ ഞാൻ ആലോചിച്ചത്..

പലപ്പോഴും അവൻ തന്റെ പോലും അനുവാദമില്ലാതെ കടന്നുവരാറുണ്ട് മനസ്സിൽ.
പക്ഷേ യോഗ്യതയില്ല ആ സ്നേഹത്തിന്.

എല്ലാമറിഞ്ഞ് സാരംഗ് സ്വീകരിക്കാൻ തയ്യാറാകുന്നതുപോലെ അവന്റെ കുടുംബം തന്നെ സ്വീകരിക്കണമെന്നില്ല.
ഋതു ചിന്തിച്ചു കൂട്ടി.

മെയിൻ സബ്ബിന്റെ സാർ വന്നതും ക്ലാസ്സ്‌ നിശബ്ദമായി. എല്ലാവരും പുസ്തകത്തിലേക്ക് ഊളിയിട്ടു.

എന്നാൽ അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് സാരംഗിന്റെ വാക്കുകളായിരുന്നു.
എന്ത് തീരുമാനമെടുക്കണമെന്നറിയാതെ അവൾ പകച്ചിരുന്നു.

മറക്കണമെന്ന് നൂറാവർത്തി മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും സ്വതസിദ്ധമായ ചിരിയോടെ അവൻ നിറഞ്ഞു വരികയാണ് മനസ്സിൽ..

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15