പ്രണയവീചികൾ : ഭാഗം 15
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
വിവരങ്ങൾ അന്വേഷിച്ച് സത്യം ബോധ്യപ്പെട്ടപ്പോൾ ആർച്ചയോട് ഇനി തറവാട്ടിൽ വന്നു പോകരുതെന്നും ഇനി ഇങ്ങനൊരു തോന്നിവാസി പെൺകുട്ടി ഈ തറവാട്ടിൽ വേണ്ടെന്നും അച്ഛാച്ചൻ തീർത്തു പറഞ്ഞു.
കരഞ്ഞിട്ടും നിരാഹാരം നടത്തിയിട്ടും ഫലമില്ലെന്ന് മനസ്സിലായതോടെ സുഭദ്ര വിധിയോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.
തിരുവോണത്തിന്റെ അന്ന് അത്തപ്പൂക്കളം ഇടാൻ എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു.
ഉത്രാടത്തിന്റെ അന്ന് വൈകുന്നേരം ഋഷി ഋതുവിന്റെ റൂമിലേക്ക് വന്നു.
അവന്റെ കൈയിലൊരു ടെക്സ്റ്റയിൽസിന്റെ കവറുമുണ്ടായിരുന്നു.
പതിവില്ലാതെ അവനെ കണ്ട് വായിച്ചു കൊണ്ടിരുന്ന ബുക്കും കട്ടിലിന്റെ മുകളിൽ വച്ചവൾ സംശയത്തോടെ അവനെ നോക്കി.
കൈയിലിരുന്ന കവർ അവൻ അവൾക്ക് നേരെ നീട്ടി.
അവൾ അത് വാങ്ങാതെ നിന്നു.
നിനക്കുവേണ്ടി ഞാനെടുത്തതാണ്. വാങ്ങണം. എന്റെ വക ഓണക്കോടി.. ഋഷി പറഞ്ഞു.
കഴിഞ്ഞ ആറുവർഷവും എനിക്ക് ഓണം ഉണ്ടായിരുന്നു. ആറുവർഷത്തിന് മുൻപുവരെ എന്തിന് ജോളി കിട്ടിയതിന്ശേഷം ഏട്ടൻ വാങ്ങിത്തന്നത് മാത്രമേ ഞാൻ ഓണത്തിന് ധരിച്ചിരുന്നുള്ളൂ.
കഴിഞ്ഞ പ്രാവശ്യവും ഞാൻ ഈ കോടി പ്രതീക്ഷിച്ചിരുന്നു.
കിട്ടിയില്ല.
അങ്ങനൊരു ഉപഹാരം എനിക്ക് വേണ്ട..
അവളുടെ സ്വരത്തിന് ദൃഢതയുണ്ടായിരുന്നു.
ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അവൻ അതും കൊണ്ട് മടങ്ങി.
പിറ്റേന്ന് തിരുവോണനാളിൽ പീച്ചിൽ പിങ്ക് കലർന്ന ദാവണി ആയിരുന്നു ഋതുവിന്റെ വേഷം.
മനോഹരിയായ ഒരു റോസാപ്പൂവ് പോലവൾ തുടുത്തു നിന്നു.
വേദിന്റെ മിഴികൾ അവളിൽ തന്നെയായിരുന്നു. അത് കാണുന്തോറും ഗൗരിക്ക് ഉള്ളിൽ ഭയം ഏറിയതേയുള്ളൂ.
ഉച്ചയ്ക്ക് സദ്യ കഴിഞ്ഞ് കുളക്കടവിൽ ഇരിക്കുകയായിരുന്നു ഋതു.
അവളെത്തിരക്കി വന്ന വേദ് കണ്ടത് പാവാടത്തുമ്പ് അൽപ്പം ഉയർത്തി മനോഹരമായ വെളുത്ത കാലുകൾ വെള്ളത്തിലേക്ക് ഇറക്കി വച്ചിരിക്കുന്ന ഋതുവിനെയാണ്. നീലനിറത്തിലെ ഞരമ്പുകൾ അവളുടെ വെളുത്ത കാലിൽ തെളിഞ്ഞു നിന്നു.
ഋതു… തോളിലൊരു കരസ്പര്ശമറിഞ്ഞവൾ ഞെട്ടിത്തിരിഞ്ഞു.
പിന്നിൽ ഇരിക്കുന്ന വേദിനെ കണ്ടവൾക്ക് വിറഞ്ഞു കയറി.
നീ… നീയെന്തിനാ ഇങ്ങോട്ട് വന്നത്.. അവന് നേരെ വിരൽ ചൂണ്ടിയവൾ ചാടിയെഴുന്നേറ്റു.
ഞാൻ എന്റെ പെണ്ണിനടുത്തല്ലാതെ പിന്നെവിടെയാ പോകേണ്ടത്.. അവൻ ചിരിയോടെ ചോദിച്ചു.
ഒരിക്കൽ വന്നപ്പോൾ തന്ന സമ്മാനം ഇപ്പോഴും മാഞ്ഞിട്ടില്ലല്ലോ.. പരിഹാസത്തോടെ അവന്റെ തലയിലെ മുറിവിലേക്ക് നോക്കിയാണ് അവൾ ചോദിച്ചത്.
ഹാ.. അതൊക്കെ എന്ത്. അന്ന് എതിർപ്പില്ലാതെ നിന്നെ ഞാൻ അറിഞ്ഞു. വിരൽ ഞൊടിച്ചാൽ കൂടെ പോരുന്നവളെയല്ല നിന്നെപ്പോലെ പരൽ മീൻ പോലെ ഒഴിഞ്ഞു മാറുന്നവളെ.. കൈയിലകപ്പെട്ടാലും പിടഞ്ഞു മാറുന്നവളെയാണ് എനിക്കിഷ്ടം. നീ അതെന്നും എന്റെ ലഹരിയാണ് പെണ്ണേ.
ഈ വേദിന്റെ മനസ്സിലും ശരീരത്തിലും നീ മാത്രമേയുള്ളൂ.
ദേ.. നിന്റെ ഇളം ശരീരത്തിന്റെ ചൂട് ഇപ്പോഴും എന്നിലുണ്ട്.
കർപ്പൂരഗന്ധമാണ് നിനക്ക്.
മത്തുപിടിപ്പിക്കുന്ന ഗന്ധം.
നിന്റെ കഴുത്തിൽ താലി വീഴുന്നുണ്ടെങ്കിൽ അത് വേദിന്റെയാകും.. അവന്റെ സ്വരത്തിൽ പ്രണയമല്ലായിരുന്നു വാശിയായിരുന്നു നിറഞ്ഞു നിന്നത്.
പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിൽ പെണ്ണിനെ ആസ്വദിച്ചിട്ട് വീരത്വം വിളമ്പാൻ നിനക്ക് നാണമില്ലല്ലോ. നിന്നെ ഞാൻ പുരുഷനായി കണക്ക് കൂട്ടിയിട്ടില്ല.
കരുതലോടെ പെണ്ണിനെ നോക്കുന്നവനാണ് പുരുഷൻ.
ഒരു സ്ത്രീ ഒറ്റയ്ക്കുള്ള സമയം പോലും കാമത്തിന്റെ കണ്ണുകൾ അവളിൽ പതിപ്പിക്കാത്തവൻ .
അവൾ പുച്ഛത്തോടെ പറഞ്ഞു.
ടീ.. അവനവളെ ഇരുകൈകളിലും പിടിച്ച് ചുവരോട് ചേർത്തു.
നിന്റെ വാക്കുകൾ ഭയന്നിട്ടല്ല ഓരോ നിമിഷവും ഞാൻ അടങ്ങി നിന്നത്. നിന്നെ പേടിച്ചിട്ടുമില്ല. തൂക്കിയെടുത്ത് കൊണ്ടു പോകാൻ എനിക്കറിയാം.
ഒന്നോ രണ്ടോ രാത്രികൾ എന്റെ കൂടെ കഴിയുമ്പോൾ ആറിത്തണുക്കാവുന്നതേയുള്ളൂ നിന്റെയീ രോഷം.. വേണ്ടെന്ന് വച്ചിട്ടാ.
നിന്നെ കെട്ടാൻ വേറെ ആരെങ്കിലും വരാമെന്ന് പറഞ്ഞിട്ടുണ്ടോ.. ആരും വരില്ലെടീ ഒരുത്തന്റെ ഉച്ചിഷ്ടം ഭക്ഷിക്കാൻ..
അവളെ മോചിപ്പിച്ചശേഷം അവൻ വെട്ടിത്തിരിഞ്ഞു.
ആ നിമിഷം അവൾ സാരംഗിനെ ഓർത്തു. ഒരു പുരുഷന്റെ കാമത്തിന് ഇരയായവളെന്ന് അറിഞ്ഞിട്ടും തന്റെ ഇഷ്ടത്തിന് വ്യതിയാനമില്ലെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവൻ.. ഒറ്റയ്ക്ക് ആയിരുന്ന നിമിഷം പോലും തെറ്റായ രീതിയിൽ നോട്ടം കൊണ്ടുപോലും കളങ്കം വരുത്താത്തവൻ..
തനിക്കുവേണ്ടി മൗനമായി മിഴികളിൽ പ്രണയവും വാത്സല്യവും കരുതി വച്ചവൻ. ആഷിഷിന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്തി മാറോട് ചേർത്തവൻ..
തന്റെ ശരീരം ആരും കണ്ണുകൾ കൊണ്ട് കൊത്തിവലിക്കാതിരിക്കാൻ നെഞ്ചോട് ചേർത്ത് പിടിച്ചവൻ..
അവനാണ് യഥാർത്ഥ പുരുഷൻ. അവളുടെ മനസ്സ് മന്ത്രിച്ചു. ചുണ്ടിൽ ചിരി വിരിഞ്ഞു.
പിന്നെയുമുണ്ട് തന്റെ അമ്പുവും നീരവും. തനിക്ക് കവചമായി മാറിയവർ. ആത്മവിശ്വാസവും ധൈര്യവും പകർന്നു നൽകിയവർ.
അവളുടെ മുഖത്ത് വിരിഞ്ഞ ചിരി വേദിന്റെ മനസ്സിൽ സംശയത്തിന്റെ വിത്ത് പാകി.
അവളെ നോക്കിക്കൊണ്ട് അവൻ തിരിഞ്ഞു നടക്കുമ്പോഴും അവളുടെ ചിന്തകളിൽ സാരംഗ് ആയിരുന്നു നിറഞ്ഞു നിന്നത്.
അർഹതയില്ലെന്ന് പറഞ്ഞ് ശാസിച്ചിട്ടും മനസ്സിൽ അവൻ നിറഞ്ഞു നിന്നു.
മോളേ… ചിത്ര അപ്പച്ചിയായിരുന്നു.
മറപ്പുരയിൽ നിന്നും അപ്പച്ചി ഇറങ്ങിവന്നു.
അവരുടെ മിഴികൾ നിറഞ്ഞിരുന്നു.
വേദുമായുള്ള സംഭാഷണം അവർ കേട്ടെന്ന് അവൾക്ക് വ്യക്തമായി.
ഇത്രയും.. ഇത്രയും ഉള്ളിൽ വച്ചു കൊണ്ട് നടന്നോ മോളേ നീ. പറയാമായിരുന്നില്ലേ എല്ലാം.
രണ്ടും എന്റെ കുഞ്ഞുങ്ങൾ ആയിരുന്നല്ലോ ഈശ്വരാ.
അവന്..
അവനെങ്ങനെ ഇത്രയ്ക്ക് അധംപതിക്കാൻ കഴിഞ്ഞു.
അവർ വിലപിക്കുന്നത് അവൾ കണ്ടു നിന്നു.
വാ മോളേ.. എല്ലാവരും അറിയണം. പാമ്പിനാണ് പാൽ കൊടുത്തതെന്ന് എല്ലാവരും അറിയണം… പെട്ടെന്നൊരാവേശത്തോടെ അവർ അവളുടെ കൈ പിടിച്ച് വലിച്ചു.
ഒരിക്കൽ ഈ കുടുംബം തകരാതിരിക്കാനും എന്റെ ഏട്ടൻ കൊലപാതകി ആകാതിരിക്കാനുമാണ് ഞാനെല്ലാം മറച്ചു വച്ചത്. അത് തെറ്റായിപ്പോയെന്ന് എനിക്കറിയാം ഇപ്പോൾ.
പക്ഷേ ഇപ്പോൾ ചെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല അപ്പച്ചീ.
അവൻ പറയണം എല്ലാവരോടും.. അവന്റെ നാവിൽ നിന്നും സത്യമറിയണം എല്ലാവരും… ഋതു ഉറപ്പിച്ചു പറഞ്ഞു.
പക്ഷേ എങ്ങനെ… അവൻ സ്വയം പറഞ്ഞ് അവഗണനകൾ ഏറ്റു വാങ്ങുമോ…
ഇത്രയും വർഷം എല്ലാവരുടെയും മുൻപിൽ അഭിനയിച്ചു ഫലിപ്പിച്ചിട്ട് പെട്ടെന്നൊരുനാൾ അവൻ എല്ലാവരെയും സത്യം ബോധിപ്പിക്കുമോ.. ചിത്രയുടെ സംശയം തീർന്നില്ല .
പറയും അപ്പച്ചീ… അവൻ തന്നെ പറയും എല്ലാവരോടും സത്യം… എല്ലാ കാലവും സത്യം മൂടി vവയ്ക്കുവാൻ ആരാലും സാധിക്കില്ല. എന്നായാലും അത് മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും.
അതുവരെ അപ്പച്ചി പറയരുത് ആരോടും…
അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു ദൃഢതയുണ്ടായിരുന്നു.
പിറ്റേന്ന് മൂന്നാം ഓണം. അന്ന് വൈകുന്നേരം അവർ തിരികെ പോകാനൊരുങ്ങി.
ചിത്രയപ്പച്ചിയോട് മാത്രമേ ഋതുവിന് യാത്ര പറയുവാൻ ഉണ്ടായിരുന്നുള്ളൂ.
പണ്ടും താൻ യാത്ര പറയുമ്പോൾ
അവരുടെ മിഴികൾ നിറയുമായിരുന്നു.
ഇന്നും അതിനൊരു മാറ്റവുമില്ല.
തകർന്ന് തരിപ്പണമായ സുഭദ്രയെ കൂടുതൽ വേദനിപ്പിക്കാൻ അവൾ ശ്രമിച്ചില്ല.
കാറിൽ കയറും മുൻപ് അവൾ ചിത്രയെ ഒന്ന് നോക്കി.
ആരെയും ഒന്നും അറിയിക്കരുതെന്നാണ് അവളുടെ നോട്ടത്തിന്റെ അർത്ഥമെന്നവർക്ക് മനസ്സിലായി.
സമ്മതമെന്നോണം അവർ തല കുലുക്കി.
വേദ് ഋഷിയെ ആലിംഗനം ചെയ്തു. അവന്റെ നോട്ടം ഋതുവിൽ തങ്ങി നിന്നുവെങ്കിലും നോട്ടം കൊണ്ടുപോലും അവളവനെ കടാക്ഷിച്ചില്ല.
തിരികെ വീട്ടിലേക്ക് തിരിക്കുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു. ഇടയ്ക്കിടെ ഋഷിയുടെ നോട്ടം അവളെ തേടിയെത്തിയെങ്കിലും അവൾ ഗഹനമായ ചിന്തയിലായിരുന്നു.
രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. കൂടെ വൈശുവും ഉണ്ടായിരുന്നു.
അന്ന് രാത്രിയോടെ അമ്പുവും നീരവും എത്തി.
എന്നും വിളിക്കുകയും വീഡിയോ കാൾ ചെയ്യുകയും ചെയ്തിരുന്നെങ്കിലും അവർക്ക് പറയുവാൻ വിശേഷങ്ങൾ ഏറെയായിരുന്നു.
കളിചിരികളോടെ അന്നത്തെ ദിവസം കടന്നുപോയി.
പിറ്റേന്ന് കോളേജിൽ പോകാനിറങ്ങുമ്പോൾ അവൾക്കെന്തുകൊണ്ടോ സാരംഗിനെ ഓർമ വന്നു. എത്ര ഓർമ്മിക്കാതിരിക്കുവാൻ ശ്രമിച്ചിട്ടും മനസ്സിനെ ശാസിച്ചിട്ടും സാരംഗ് എന്ന വ്യക്തി തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതെന്താണെന്ന് അവൾക്ക് മനസ്സിലായില്ല.
അതോ അവന്റെ പ്രണയം തന്റെ സിരകളിലേക്കും പടർന്നോ.ആ ചിന്തയിൽ പോലും അവൾ വിറച്ചു.
ഇനി സാരംഗിനെ ഓർക്കില്ലെന്നും അവന് തന്റെ ജീവിതവുമായി ഒരു ബന്ധവും പാടില്ലെന്നും അവൾ തീരുമാനിക്കുമ്പോൾ..
കോളേജിന്റെ ഗുൽമോഹർ ചുവട്ടിൽ സാരംഗ് തന്റെ പ്രണയിനിയുടെ വരവും കാത്തിരിക്കുകയായിരുന്നു. ഋതിക അവന്റേതാകുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ..
(തുടരും )