Saturday, December 21, 2024
Novel

പ്രണയവീചികൾ : ഭാഗം 14

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കുളപ്പടവിലിരുന്ന് സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന കുളത്തിന്റെ പച്ചപ്പിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞു. നിശ്ശബ്ദത അവർക്കിടയിൽ തളംകെട്ടി നിന്നു.

ഒടുവിലവൾ ശബ്‌ദിച്ചു. ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തവയാണ് അവയെല്ലാം. ഋതികയിൽ മാത്രമൊതുങ്ങി നിന്ന സത്യം.

എന്നാൽ ഇന്നീ ഭൂമിയിൽ സത്യമറിയാവുന്ന ചിലർ കൂടിയുണ്ട്.
പറയണമെന്ന് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുണ്ട് അപ്പച്ചീ.

പക്ഷേ അത് വിശ്വസിക്കാൻ അപ്പച്ചി തയ്യാറാകുമോ.? അവൾ ചോദ്യഭാവത്തിൽ അവരെ നോക്കി.

അവളുടെ വാക്കുകളും ഭാവവും അവരിൽ എന്തിനെന്നറിയാത്ത ഭീതിയുണർത്തി. അവർ ഉദ്വേഗത്തോടെ അവളെ ഉറ്റുനോക്കി.

അന്ന് ഞാൻ പറഞ്ഞിരുന്നുവെങ്കിൽ പോലും ആ സത്യം ആരും വിശ്വസിക്കില്ലായിരുന്നു. കാരണം ആ വ്യക്തി അത്രമേൽ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

ഇപ്പോഴും പറയുവാൻ വൈകിയെന്ന് ഞാൻ കരുതുന്നില്ല. ആരും വിശ്വസിക്കുകയുമില്ല.

പക്ഷേ അപ്പച്ചി അറിയണമെന്ന് എന്റെ മനസ്സ് പറയുന്നു.

അന്ന്… അന്ന് ഞാൻ..

ഋതൂ… മോളിവിടെ വന്നിരിക്കുകയാണോ.. ഗൗരി അപ്പച്ചിയായിരുന്നു.

ആഹ് ചിത്രേ.. നിന്നെ എവിടെല്ലാം തിരക്കി. നീ വീട്ടിലേക്ക് പൊയ്ക്കോ. ഊണിന് കാലമാകുന്നു.. ഗൗരി പറഞ്ഞു.

അവൾ പറയാൻ വന്നത് കേൾക്കാൻ കഴിയാത്തതിന്റെ വെപ്രാളം ചിത്രയിലുണ്ടായിരുന്നു. എങ്കിലും അവർ വീട്ടിലേക്ക് നടന്നു.

ഗൗരി പടവുകളിൽ ഋതുവിനടുത്തായി ഇരുന്നു.

മോൾക്ക് അപ്പച്ചിയോട് പിണക്കമുണ്ടോ… അവർ ചോദിച്ചു.

എന്തിന്… ശാന്തമായിരുന്നു അവളുടെ സ്വരം.

വാക്കുകൾ കിട്ടിയില്ല അവർക്ക്.

ഞങ്ങൾ മോളുടെ അച്ഛനോട് ചോദിച്ചിരുന്നു എന്റെ മകളായി വേദിന്റെ പെണ്ണായി ഞങ്ങൾക്ക് തരുമോയെന്ന്… അവരുടെ സ്വരത്തിലെ നേരിയ വിറയൽ അവൾ തിരിച്ചറിഞ്ഞില്ല..

എനിക്ക് സമ്മതമല്ലെന്ന് ഞാൻ അറിയിച്ചിരുന്നു. എനിക്കതിന് കഴിയില്ല അപ്പച്ചീ… മെല്ലെയവൾ പറഞ്ഞു.

എന്ത് കൊണ്ട്.? എന്നായാലും മോൾക്കൊരു ജീവിതം വേണ്ടേ.. അവർ ചോദിച്ചു.

എന്റെ ജീവിതമൊക്കെ അവസാനിച്ചിട്ട് ആറ് വർഷമായി. അത് അപ്പച്ചി മറന്നോ. അതോ മനപ്പൂർവം മറന്നതായി നടിക്കുന്നതോ…

അതോ മോന് മറ്റൊരാളുടെ ഉച്ചിഷ്ടം മതിയെന്നാണോ.. ഔദാര്യമാണോ അതോ.. അവളുടെ സ്വരത്തിലെ പരിഹാസം അവർ തിരിച്ചറിഞ്ഞു.

മൗനം അവർക്കിടയിൽ സ്ഥാനം പിടിച്ചു.
ഒടുവിൽ ഗൗരി തന്നെ നിശബ്ദത ഭേദിച്ചു.

ഔദാര്യമല്ല മോളേ അവകാശം. നിന്നെ പിച്ചിച്ചീന്തിയവൻ തന്നെ വിവാഹം ചെയ്യുന്നതല്ലേ മോളേ നിനക്ക് നല്ലത്…. അവർ സാരിത്തുമ്പിനാൽ വായമർത്തി.

ഞെട്ടലോടെ തലയുയർത്തി നോക്കി ഋതു. കേട്ടത് വിശ്വസിക്കാനാകാതെ അവളവരെ ഉറ്റുനോക്കി.

നിന്നെ മതിയെന്ന് അവൻ വാശി പിടിച്ച ഒരു രാത്രി മദ്യപിച്ച് വന്നതിനിടെ എന്റെ മകന്റെ നാവിൽ നിന്നുമറിഞ്ഞു ഞാൻ സത്യങ്ങൾ.. അവരുടെ കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് ചാടി.

നിസ്സംഗതയോടെ അവൾ മുഖം തിരിച്ചു.

ഒരിക്കൽ ബലപ്രയോഗത്തിലൂടെ എന്നെ പിച്ചിച്ചീന്തിയവനെ എന്റെ മനസ്സും ശരീരവും ഒരുപോലെ വേദനിപ്പിച്ചവനെ എല്ലാവരുടെയും മുൻപിൽ എന്നെ അപഹാസ്യയാക്കിയവനെ വിവാഹം കഴിക്കുവാൻ മാത്രം അധംപതിച്ചിട്ടില്ല ഋതു.

ഞാനുമൊരു സ്ത്രീയാണ്. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനും എല്ലാവരെയും പോലെ ആഗ്രഹിക്കുന്നവൾ.

മകൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നോണം അപ്പച്ചി എന്നെ സ്വീകരിക്കുവാൻ തയ്യാറായി.
പക്ഷേ..

ഞാനൊന്ന് ചോദിക്കട്ടെ അപ്പച്ചിക്കൊരു പെൺകുട്ടിയുണ്ടായിരുന്നുവെങ്കിൽ അവൾക്കീ ഗതി വന്നിരുന്നുവെങ്കിൽ അവളെ അതുപോലൊരുവന് കൈപിടിച്ച് കൊടുക്കുമോ അപ്പച്ചി.

ഋതുവിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഗൗരിയുടെ പക്കൽ ഇല്ലായിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും അപ്പച്ചിയുടെ മകന് ഇഷ്ടം എന്നോടല്ല എന്റെയീ ശരീരത്തോടാണ്.. ശരീരത്തോട് മാത്രം.

ഭാര്യ എന്ന പദവി നൽകി കിടപ്പറയിലൊരു ഭോഗവസ്തു ആയി മാത്രം എന്നെ കാണാനാണ് അയാൾക്ക് താല്പര്യം.
അതറിയാമോ അപ്പച്ചിക്ക്.. അവൾ ചോദിച്ചു.

ഗൗരി മറുപടി പറഞ്ഞില്ല.

അതിനുശേഷം എത്രയോ പ്രാവശ്യം അയാളെന്നെ കടന്നു പിടിച്ചിരിക്കുന്നു.
അവന്റെ തലയിലെ മുറിവ് ആക്‌സിഡന്റ് അല്ല എന്റെ ശരീരത്ത് തൊടാൻ ശ്രമിച്ചതിന് ഞാൻ കൊടുത്ത സമ്മാനമാണ്..

അവളത് പറയുമ്പോൾ അവർ ഞെട്ടി അവളെ നോക്കി.

ഇനിയും എന്റെ ശരീരത്തിൽ കൈവച്ചാൽ കൊല്ലും ഞാനവനെ. ഒരിക്കൽ ഈ കുടുംബം ശിഥിലമാകാതിരിക്കാൻ എന്റേട്ടൻ കൊലപാതകി ആകാതിരിക്കാൻ ഞാനവനെ കാട്ടിക്കൊടുത്തില്ല.

അതായിരുന്നു അവന് ഞാൻ നൽകിയ കനിവ്. എന്നാൽ ഇനിയത് ഞാൻ കാണിക്കില്ല…. അവളുടെ സ്വരത്തിലെ മൂർച്ചയിൽ അവർ ഭയന്നു.

ഇതുവരെ താൻ കണ്ട ഋതുവല്ല മുൻപിൽ നിൽക്കുന്നതെന്ന് അവർക്ക് തോന്നി.

അവൾ പടവുകൾ കയറി പോകുമ്പോഴും അവർ അതേ നിൽപ്പ് നിൽക്കുകയായിരുന്നു.

ഓഹ്.. വന്നല്ലോ കൊച്ചു തമ്പുരാട്ടി. കണ്ടിടം നിരങ്ങി നടന്നോളണം ഏത് നേരവും. അതെങ്ങനെയാ ഇനിയും ആരെയെങ്കിലും വല വീശി പിടിക്കേണ്ടേ… ഋതുവിനെ കണ്ടപ്പോൾ തന്നെ സുഭദ്ര തുടങ്ങി.

അച്ഛനും ശ്രീധരൻ അമ്മാവനും നിശ്ശബ്ദമായി ഇരിപ്പുണ്ട്. വേദ് പല്ല് ഞെരിച്ചുള്ള ചിരിയോടെ ഉറ്റുനോക്കുന്നു.

അപ്പച്ചീ… ഋഷിയേട്ടന്റെ സ്വരമായിരുന്നു ഉയർന്നത്.

ആവശ്യമില്ലാത്തത് ഇനി പറയേണ്ട ആരും… അവന്റെ ഭാവം എല്ലാവർക്കും അദ്ഭുതമായിരുന്നു. ഋതുവിന് പോലും.

തനിക്ക് വേണ്ടി ശബ്ദമുയർത്തിയിരിക്കുന്നു ഏട്ടൻ… ആലോചിക്കുന്തോറും മിഴികളിൽ നീർ പൊടിഞ്ഞു.

ഹ്മ്മ്.. ഇത്രയും കാലം പെങ്ങളോടില്ലായിരുന്ന സ്നേഹം പെട്ടെന്ന് എവിടുന്നാടാ പൊട്ടി മുളച്ചത്… സുഭദ്ര വിടാനുള്ള ഭാവമില്ലായിരുന്നു.

എന്നെ അഴിഞ്ഞാടി നടക്കുന്നു എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടല്ലോ. എന്നിട്ട് നിങ്ങളുടെ മൂത്ത മകളെവിടെ ആർച്ച… അന്നാദ്യമായി ഋതുവിന്റെ ശബ്ദം അവിടുയർന്നു കേട്ടു.

എല്ലാവരും അമ്പരന്ന് അവളെ നോക്കി.

അവൾ റിസർച്ച് നടത്തുവാനാണ് ബാംഗ്ലൂർ നിൽക്കുന്നത്. അല്ലാതെ നിന്നെപ്പോലെ…. ബാക്കി പറയാതെ അവർ വെറുപ്പോടെ മുഖം തിരിച്ചു.

ഹ്മ്മ്.. റിസർച്ച്.
കഴിഞ്ഞ ഏഴുമാസമായി നിങ്ങളുടെ മകൾ ആർച്ച ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റിലുണ്ട്. ഒറ്റയ്ക്കല്ല കൂടെ ഒരു ഇരുപത്തിയൊൻപതുകാരനും. കൂടെ പഠിക്കുന്നതാണ്.

അതുപോലെ താമസവും അവരൊരുമിച്ചാണ്.

ശരിക്കും പറയുകയാണെങ്കിൽ ലിവിങ് ടുഗെതർ റിലേഷൻഷിപ്പ്… ഇപ്രാവശ്യം ഋതുവിന്റെ ശബ്ദത്തിലാണ് പരിഹാസം നിറഞ്ഞു നിന്നത്.

എല്ലാവരും സ്തംഭിച്ചു നിൽക്കുകയാണ്.

ടീ… അനാവശ്യം പറയുന്നോ എന്റെ കുഞ്ഞിനെക്കുറിച്ച്.. അവർ അവൾക്കരികിലേക്ക് കൈയുയർത്തിക്കൊണ്ട് ചീറിയെത്തി.

നിസ്സാരം പോലെ അവരുടെ കൈകൾ തടഞ്ഞു ഋതു.

സത്യമാണ് പറഞ്ഞത്. പകൽപോലെ സത്യം. നിങ്ങളുടെ ഈ നിൽക്കുന്ന മകൾ അർച്ചനയ്ക്കുമറിയാം എല്ലാം. ഋതു അർച്ചനയ്ക്കുനേരെ വിരൽ ചൂണ്ടി.

രക്തമയമില്ലാതെ മുഖം വിളറിവെളുത്ത് വിരണ്ടുപോയി അർച്ചന.
അവളുടെ മുഖത്തെ ഭയം അത് സത്യമാണെന്നു വിളിച്ചോതി.

വേണമെങ്കിൽ ഇനിയും തരാം തെളിവ്. ബാംഗ്ലൂർ ഇന്ദിരാനഗറിലെ ഫ്ലാറ്റ് നമ്പർ 305 ലുണ്ട് മകളും ആ ചെറുപ്പക്കാരനും. അവന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ ഉണ്ട് മകളുമൊത്തുള്ള നല്ല റൊമാന്റിക് ഫോട്ടോകൾ.

തെറ്റ് ചെയ്യാത്ത എന്നെ എല്ലാവരുടെയും മുൻപിൽ അപഹാസ്യയാക്കി നിർത്തിയിരുന്നപ്പോൾ സുഭദ്ര ഓർത്തിരുന്നില്ല കാലം തിരിച്ചടി നൽകുമെന്ന് അല്ലേ.

വെറിപൂണ്ട ഒരു ചെന്നായ കടിച്ചു കുടഞ്ഞതാണ് എന്റെ ശരീരം. പതിനഞ്ചുവയസ്സുകാരിക്ക് പ്രതിരോധിക്കുന്നതിനൊക്കെ പരിധിയുണ്ടല്ലോ.

വേദിന്റെ മുഖം വിളറി വെളുത്തു.

ഇപ്പോൾ പറയ് ഞാനാണോ നിങ്ങളുടെ മകളാണോ അഴിഞ്ഞാടി നടക്കുന്നത്. വിവാഹം പോലും ചെയ്യാതെ പരസ്പരം ഒന്നായി ജീവിക്കുന്ന അവളെ എന്ത് പേരിൽ വിളിക്കണം…

നിങ്ങൾക്ക് തീരുമാനിക്കാം. കാര്യങ്ങൾ ഊഹിച്ചെടുക്കാൻ നിങ്ങൾ മിടുക്കിയാണല്ലോ…

ചിരിയോടെ അവൾ അകത്തേക്ക് കയറുമ്പോഴും സർവ്വരും സ്തംഭിച്ചു നിൽക്കുകയായിരുന്നു.
സുഭദ്ര നിലത്തേക്ക് ഊർന്നിരുന്നു. ഒരു നിലവിളി അവരുടെ തൊണ്ടയിൽ കുരുങ്ങിക്കിടന്നു.

അർച്ചനയെ ചോദ്യം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു.
കാലം കണക്ക് പറയുമെന്നത് എത്ര ശരിയാണ്. വിധി അവർക്ക് മുൻപിൽ പല്ലിളിച്ചു കൊണ്ടിരുന്നു.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13