Thursday, November 21, 2024
Novel

പ്രണയവീചികൾ : ഭാഗം 13

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

അയ്യോ… എന്ത് പറ്റിയതാ മോനേ… ഗൗരി കരഞ്ഞു കൊണ്ട് വേദിനെ കെട്ടിപ്പിടിച്ചു.

അത്.. അത് ബൈക്ക് ചെറുതായൊന്ന് പാളിയതാ അമ്മേ… ഒരുവിധം മനസ്സിൽ നെയ്തുവച്ച കളവ് പറഞ്ഞ് എല്ലാവരെയും വിശ്വസിപ്പിക്കുമ്പോഴും അവന്റെ മിഴികൾ പുച്ഛം നിറഞ്ഞ ചിരിയോടെ നിന്ന ഋതുവിലായിരുന്നു.

അത് കണ്ടപ്പോൾ അവന്റെ മനസ്സിൽ അവളെ പ്രതിയുള്ള വാശി കൂടുകയേ ചെയ്തുള്ളൂ.

ആറ് വർഷം മുൻപ് ആഗ്രഹിച്ചത് നിസ്സാരമായി നേടിയെടുത്തവനാണ് വേദ്. എന്റെ ഭാര്യയായി എന്റെ കിടപ്പറയിൽ നീ വേണമെന്നുള്ളത് മാത്രമാണ് ഇനിയെന്റെ ലക്ഷ്യം…

അത് എന്തൊക്കെ ചെയ്തിട്ടാണെങ്കിലും ഞാൻ നടത്തുകയും ചെയ്യും. അവന്റെ മനസ്സ് മന്ത്രിച്ചു.

അവനരികിൽ പോകുകയോ അവനോട് ഒന്നും തിരക്കുകയോ ചെയ്യാതെ തിരിഞ്ഞു നടന്ന ഋതുവിനെ വേദിനെ ശാസിക്കുന്നതിനിടയിലും ഋഷി കണ്ടിരുന്നു.

ഋഷി മുകളിലേക്ക് വരുമ്പോൾ തുറസ്സായ ഇടനാഴിയിൽ നിന്നും തൊടിയിലേക്ക് മിഴികൾ പായിച്ച് തൂണിൽ തല ചാരി നിൽക്കുകയായിരുന്നു അവൾ.

അടുത്ത വീട്ടിലെയാണെന്ന് തോന്നിക്കുന്ന രണ്ട് കുട്ടികൾ തൊടിയിൽ സൈക്കിൾ ചവിട്ടുന്നുണ്ടായിരുന്നു.

അനിയത്തിയെ കയറ്റിയിരുത്തി മെല്ലെ സൈക്കിളിൽ പിടിച്ചു അത് തള്ളുകയാണ് ചേട്ടൻ. അവൾ അവരെ തന്നെ നോക്കിനിന്നു.

ഋഷിയുടെ മിഴികളും അവളെ പിന്തുടർന്ന് അവരിൽ തങ്ങിനിന്നു.

അവന്റെ മുൻപിൽ സൈക്കിൾ ചവിട്ടുന്ന ഏഴുവയസ്സുകാരിയുടെ രൂപം മിഴിവോടെ തെളിഞ്ഞുവന്നു.

അല്പദൂരം പോയശേഷം സൈക്കിളോടൊപ്പം അവൾ നിലത്ത് വീഴുന്നു. പിന്നാലെ കുഞ്ഞ് ഋഷി ഓടിപ്പോയി അവളെ എഴുന്നേൽപ്പിക്കുന്നു.

അവളെക്കാളേറെ ഉച്ചത്തിൽ അവനാണ് കരഞ്ഞത് .
അവനൊന്ന് പുഞ്ചിരിച്ചു. ഓർമ്മിക്കാൻ സുഖമുള്ള ഓർമ്മകൾ.

തല ചരിച്ച് ഋതുവിനെ നോക്കുമ്പോഴും അവളപ്പോഴും അവന്റെ സാന്നിധ്യം അറിയാതെ മറ്റൊരു ലോകത്തായിരുന്നു.

നീയെന്താ വേദിനോട് ഒന്നും ചോദിക്കാത്തത്.. ഋഷി മെല്ലെ ചോദിച്ചു.

ഞാൻ എന്തിന് ചോദിക്കണം. എനിക്കതിന്റെ ആവശ്യമില്ല.. ഉടനെ അവളുടെ മറുപടിയും വന്നു.

ചെറിയൊരു ദേഷ്യം അവനവളോട് തോന്നി.
നിന്നെ വിവാഹം ചെയ്യാൻ പോകുന്നവനാണ് അവൻ.

നിന്നെ അവൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൻ എനിക്ക് കസിൻ മാത്രമല്ല എന്റെ ആത്മാർത്ഥ കൂട്ടുകാരൻ കൂടിയാണ്.. ഋഷി വാദിച്ചു.

എനിക്ക് വിവാഹം ആലോചിക്കുമ്പോൾ അത് ഞാനറിയേണ്ട ആവശ്യമില്ലേ. ഞാനറിയാതെ എന്റെ വിവാഹം തീരുമാനിക്കാൻ ഞാൻ ആരെയും ഏല്പിച്ചിട്ടില്ല.

പിന്നെ ആത്മാർത്ഥ കൂട്ടുകാരൻ പ്രവർത്തിക്കുന്നതും വിചാരിക്കുന്നതുമെല്ലാം നല്ലതാണോയെന്ന് അന്വേഷിക്കുന്നത് നല്ലതാണ്.

ആത്മാർത്ഥത ഒരാളിൽ മാത്രമായി ഒതുങ്ങേണ്ടതല്ല. ഒടുവിൽ വിഡ്ഢിയെപ്പോലെ നിൽക്കേണ്ടി വരരുത്…

കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൾ അകത്തേക്ക് നടന്നു .

അപ്പോഴും അവൾ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് അവന് മനസ്സിലായില്ല. പക്ഷേ വേദിനെ അവൾക്ക് അംഗീകരിക്കാനായില്ല എന്നവൻ തിരിച്ചറിഞ്ഞു .. അത് എന്ത് കൊണ്ടെന്ന ചോദ്യം അവനിൽ ഉയർന്നു .

കുളപ്പടവിൽ ഒറ്റയ്ക്കിരുന്ന് കല്ലുകൾ കുളത്തിലേക്ക് എറിയുകയായിരുന്നു ഋതു.
ഓരോ കല്ലുകൾ വീഴുമ്പോഴും ഗുളും ശബ്ദത്തോടെ അവ ആഴങ്ങളിലേക്ക് പോയിമറഞ്ഞു.

മോളേ… ചിത്ര അപ്പച്ചിയായിരുന്നു.

അവൾക്കരികിലുള്ള പടവുകളിൽ അവൾ ഇരുന്നു.

അവരവരുടെ തോളിലേക്ക് തല ചായ്ച്ചു. വാത്സല്യത്തോടെ അവരവളുടെ തലയിൽ തഴുകി.

അപ്പച്ചി ഒരൂട്ടം ചോദിച്ചാൽ ന്റെ മോൾക്ക് വിഷമമാകുമോ.. അവർ ആശങ്കയോടെ തിരക്കി.

എനിക്കിപ്പോൾ വിഷമമുണ്ടാകാറില്ല അപ്പച്ചീ. എന്താ അറിയേണ്ടത് എന്റെ അപ്പച്ചിക്ക്.. അവൾ കുറുമ്പോടെ അവരെ നോക്കി.

ആറുവർഷം കഴിഞ്ഞ് ഇപ്പോഴാ ന്റെ കുഞ്ഞ് ഈ തറവാട്ടിലേക്ക് വന്നത്. എല്ലാവരും പറഞ്ഞു. ഋതു അഹങ്കാരിയാണ്.. തന്റേടിയാണ്… വസ്ത്രധാരണവും സ്വഭാവവുമെല്ലാം മാറിപ്പോയെന്ന്.

കുട്ടിക്കറിയാലോ അപ്പച്ചി ഈ വീട് വിട്ട് ഇറങ്ങാറില്ല അതുകൊണ്ട് തന്നെ കേട്ടതൊന്നും വിശ്വസിച്ചിട്ടുമില്ല.

നേരിൽ കണ്ടപ്പോൾ എന്റെ പഴയ തുമ്പപ്പൂവ് തന്നെയാ നീ. പക്ഷേ അന്നത്തേതിലും ധൈര്യം നിന്റെ കണ്ണുകളിൽ കാണാൻ കഴിയും.

മറുപടിയായി ഋതുവൊന്ന് പുഞ്ചിരിച്ചു.

അപ്പച്ചി കേട്ടതെല്ലാം സത്യമാണ്.

അവരവളെ വിശ്വാസം വരാതെ നോക്കി.

വീണ്ടുമവൾ തുടർന്നു . ദേഷ്യമായിരുന്നു എല്ലാവരോടും. തെറ്റൊന്നും ചെയ്യാത്ത എന്നെ അകറ്റി നിർത്തിയവരോട്.. പരിഗണിക്കാത്തവരോട്. എന്തിന് സ്നേഹം പോലും നൽകാത്തവരോടൊക്കെ.

അമ്മ അച്ഛൻ ഏട്ടൻ എല്ലാവരും എന്നിൽ നിന്നകന്നു. പതിനഞ്ച് വയസ്സിൽ എന്ത് ചെയ്യണമെന്നറിയാതെ മുറിവേറ്റ ഹൃദയവുമായി നിന്നവളായിരുന്നു ഞാൻ. നടന്നതൊന്നും ആരോടും പറയാൻ കഴിയാതെ രക്തം വാർന്നൊഴുകുന്ന ഹൃദയവുമായി ജീവിച്ചവൾ.

ആദ്യമായി എല്ലാം തുറന്നുപറഞ്ഞത് എന്റെ വൈശുവിനോടായിരുന്നു. എനിക്ക് സങ്കടം വന്നാൽ എന്റെ കണ്ണുനിറയും മുൻപേ അവളുടെ മിഴികൾ നിറയും. ആ ഓർമ്മയിൽ അവളൊന്ന് പുഞ്ചിരിച്ചു.

കൂടെ പഠിക്കുന്നതും അല്ലാത്തതുമായ ഒരുപാട് പ്രണയാഭ്യർഥനകൾ വന്നിട്ടുണ്ട്. കണ്ണ് നിറഞ്ഞു അവരുടെ മുൻപിൽ നിൽക്കുമ്പോൾ..

നമ്മുടെ ഭയം പ്രകടമാകുമ്പോൾ അവരുടെ സ്വരം മാറും. ചിലതിൽ ഭീഷണി, ചിലതിൽ മോശം ഭാഷകൾ കൊണ്ടുള്ള അഭിഷേകം.

ഇതൊക്കെ കണ്ടും കേട്ടും മടുത്തിട്ടാണ് രൂപവും ഭാവവും മാറ്റിയത്.
കത്തുന്ന ഒരു നോട്ടം മതി അവരെ വിറപ്പിയ്ക്കാൻ.

പുറമേ ഗൗരവക്കാരിയുടെയും അഹങ്കാരിയുടെയും മുഖമൂടി അണിഞ്ഞു.
ഡിഗ്രിക്ക് പഠിക്കുമ്പോൾ കടന്നുവന്നതാണ് നീരവും അമ്പുവും.

എന്നിലെ അഹങ്കാരി വെറുമൊരു പ്രഹസനം മാത്രമെന്ന് മനസ്സിലാക്കി എന്നിലേക്ക് സൗഹൃദമെന്ന അക്ഷയപാത്രവുമായി ഇടിച്ചു കയറി വന്നവർ.

അവർ തന്ന ആത്മവിശ്വാസവും സ്നേഹവുമാണ് ഇന്നത്തെ ഞാൻ. സൗഹൃദമെന്ന മൂന്നക്ഷരത്തിൽ ഒതുക്കി കളയാൻ കഴിയാത്തവർ എന്റെ ഹൃദയത്തിൽ വസിക്കുന്നവർ.

എന്നാൽ യഥാർത്ഥ ഋതുവിനെ മനസ്സിലാക്കിയത് മറ്റൊരാളായിരുന്നു. കണ്ണുകളിലൂടെ ഋതിക എന്ന പെൺകുട്ടിയെ മനസ്സിലാക്കിയവൻ.

ആ ഓർമ്മകളിൽ പോലുമവളുടെ ചുണ്ടിൽ മന്ദഹാസം തെളിഞ്ഞു.

അഹങ്കാരം കൊണ്ടവൾ മറയാക്കിയ അവളുടെ യഥാർത്ഥ മനസ്സ് വെളിപ്പെടുത്തിയവൻ.
ഞാനിപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലും ധൈര്യത്തിലുമാണ് ഇവിടെ നിൽക്കുന്നതെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്ക് നാലുപേർക്കും മാത്രമാണ്. അവളൊന്ന് നിശ്വസിച്ചു.

അപ്പോഴും താൻ സാരംഗിനെ എന്തിന് ഓർത്തു എന്നവൾ അതിശയിച്ചു.

ചിത്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരർത്ഥത്തിൽ അവളുടെ അന്നത്തെ അവസ്ഥയ്ക്ക് താനും കാരണക്കാരിയാണ്.

അവൾ പോകാൻ പറഞ്ഞതുകൊണ്ട് മാത്രം പനിച്ചു കിടന്ന അവളെ തനിച്ചാക്കി പോയതുകൊണ്ട്..

അബദ്ധത്തിലാണെങ്കിലും തന്നിൽ നിന്നും വീണ വാക്കുകൾ മറ്റുള്ളവർ മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിച്ച് അവളെ മോശക്കാരിയാക്കി വിരൽ ചൂണ്ടിയതിനും കാരണം..

ആരായിരുന്നു മോളേ… അന്നെന്റെ കുഞ്ഞിനോട് ദ്രോഹം കാണിച്ചവൻ. എന്തുകൊണ്ടായിരുന്നു നീ ആരോടും ആ പേര് പറയാത്തതിന് കാരണം.

പ്രതീക്ഷിച്ച ചോദ്യമാണെങ്കിലും അപ്പച്ചിയോട് എന്ത് പറയുമെന്നവൾ ആശയക്കുഴപ്പത്തിലായി.

(തുടരും )

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12