Sunday, December 22, 2024
Novel

പ്രണവപല്ലവി: ഭാഗം 16 – അവസാനിച്ചു

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പല്ലവിക്ക് ഒൻപതാം മാസം തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയും ശരത്തും ഋഷിയും എത്തി.

പല്ലവിയെ ആർക്കും വിട്ട് പിരിയാൻ കഴിയാത്തതിനാൽ പാർവതി അവിടെ തന്നെയുണ്ടായിരുന്നു.
വാര്യർ തറവാട്ടിൽ ആയിരുന്നു.

തനിക്ക് തന്ന വാക്ക് പാലിച്ച ചേച്ചിയെ ഉമ്മകൾ കൊണ്ടുമൂടി അവൾ.
ഋഷിയെ പതിവുപോലെ വാരിയെടുക്കാൻ പോയപ്പോൾ പ്രകൃതി സ്നേഹപൂർവ്വം അവളെ ശാസിച്ചു.
ഋഷിക്കും അദ്ഭുതമായിരുന്നു.

ഈ വയറിൽ കുഞ്ഞാവ ഉണ്ടല്ലേ..എനിക്ക് തരുമോ വാവയെ. ഞാൻ പോകുമ്പോൾ കൊണ്ടു പൊയ്‌ക്കോട്ടെ.. അവൻ പവിയോട് ചോദിച്ചു.

അപ്പോൾ ആന്റിക്കാരാ ഉള്ളത്.. പവി ചുണ്ട് പിളർത്തും പോലെ കാണിച്ച് ചോദിച്ചു.

അപ്പോൾ എനിക്ക് വാവയെ വേണം. എന്റെ കൂടെ കളിക്കാൻ.. ഋഷി കരയാൻ തുടങ്ങി.

ഋഷിയുടെ കരച്ചിൽ കണ്ട് പവി പകച്ചുപോയി.
പ്രകൃതി അവനെ സമാധാനിപ്പിക്കാൻ നോക്കി.

വാവയെ തരാമെന്ന് പറഞ്ഞ് അവനെ സമാധാനിപ്പിക്കാൻ പവി നോക്കിയെങ്കിലും അതെല്ലാം വിഫലമായി.

മോനൂട്ടന് കൂടെ കളിക്കാൻ വാവ വരുമല്ലോ. മോനൂട്ടന് മോന്റെ അമ്മയെ വിട്ട് ഇവിടെ നിൽക്കാൻ പറ്റുമോ.. രമ്യ ചോദിച്ചു.

ഇല്ലെന്ന രീതിയിൽ അവൻ തലയാട്ടി.

അതുപോലെയല്ലേ പവി ആന്റിയും. വാവയ്ക്ക് സങ്കടമാവില്ലേ അമ്മയെ കാണാതെ.

അപ്പോൾ എനിക്ക് വാവയെ കിട്ടില്ലേ. അവിടെ ദുബായിയിൽ മോന്റെ കൂടെ കളിക്കാൻ വാവയില്ലല്ലോ. ടോയ്‌സ് മാത്രമേയുള്ളൂ.

രമ്യ കുറ്റപ്പെടുത്തും വിധം പ്രകൃതിയെ നോക്കി.
അവൾ തലകുനിച്ചു കളഞ്ഞു.

മോന്റെ അമ്മയുടെ വയറ്റിൽ ഉടനെ വാവ വരും. അപ്പോൾ മോന് കളിക്കാം കേട്ടോ.. രമ്യ അവനെ സമാധാനിപ്പിച്ചു.

സന്തോഷം കൊണ്ട് അവന്റെ മുഖം വിടർന്നു. അവൻ പ്രകൃതിയെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. ശേഷം അവളുടെ വയറ്റിലും അമർത്തി ചുംബിച്ചു.

പ്രകൃതി.. കുഞ്ഞ് ചോദിച്ചത് കേട്ടില്ലേ മോളേ. അവനും ഒരു കൂട്ട് വേണമെന്ന് ആഗ്രഹമുണ്ട്. അഞ്ച് വയസ്സ് കഴിഞ്ഞില്ലേ മോന്. നിങ്ങൾ നാലുപേരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഹോദരസ്നേഹം അറിഞ്ഞ് നിങ്ങൾ വളർന്നു. പരസ്പരം അടി കൂടാനും സ്നേഹിക്കാനും കളിക്കാനും നിങ്ങൾ ഒരുമിച്ചായിരുന്നു.
ഒരു കുഞ്ഞും കൂടി ഉണ്ടെങ്കിൽ നിങ്ങൾക്കിടയിൽ അടുപ്പം കൂടുകയേയുള്ളൂ. കുടുംബത്തിന്റെ സന്തോഷം വർധിക്കുകയേ ഉള്ളൂ.
അമ്മ പറയാനുള്ളത് പറഞ്ഞു. നിങ്ങളുടെ ജീവിതമാണ്. തീരുമാനിക്കേണ്ടത് നിങ്ങളാണ്. രമ്യ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

ശരത് എല്ലാം കേട്ടുകൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞാനും ഒന്ന് കിടക്കട്ടെ ചേച്ചീ.. ശരത്തിനെ കണ്ടതും പവി വയറും താങ്ങി എഴുന്നേറ്റ് പോയി.

എന്താടോ അമ്മ പറഞ്ഞതുകേട്ട് വിഷമമായോ നിനക്ക്. നമുക്ക് ഋഷി മതി. തനിക്ക് പേടിയല്ലേ. വേണ്ടെടോ… അവനവളെ ചേർത്തു പിടിച്ചു.

പലപ്പോഴും ശരത്തേട്ടൻ ഒരാളെ കൂടി വേണമെന്ന് പറയുമ്പോൾ ഞാനാണ് ഒഴിവാക്കിയത്. പേടിയായിരുന്നു. പ്രസവവേദന അനുഭവിക്കാൻ.. ഋഷിയെ ഇതേപോലെ സ്നേഹിക്കാൻ അടുത്ത കുഞ്ഞ് തടസ്സമാകുമോയെന്നൊക്കെ. പക്ഷേ തെറ്റായിരുന്നു ശരത്തേട്ടാ.ഒരാളും കൂടി വന്നാൽ നമ്മുടെ സ്നേഹം കൂടുകയേയുള്ളൂ ഒരിക്കലും കുറയില്ല.. പ്രകൃതി അവന്റെ നെഞ്ചിലേക്ക് ചാരി.
ശരത്തവളെ നെഞ്ചോട് ചേർത്തു പിടിച്ചു.

പ്രണവ് വൈകുന്നേരം എത്തിയപ്പോൾ പവി ഗാർഡനിലൂടെ നടക്കുകയായിരുന്നു. കൂടെ പ്രത്യഷും ഉണ്ട്. കാര്യമായി കോളേജിലെ വിശേഷങ്ങൾ വിളമ്പുകയാണ് കക്ഷി. അത് പവി ശ്രദ്ധയോടെ കേൾക്കുന്നുമുണ്ട്.

ധരിച്ചിരുന്ന മറ്റേർണിറ്റി വെയറിലൂടെ അവളുടെ വലിയ വയർ നന്നായി അറിയാം. ഒരു കൈകൊണ്ട് വയറിൽ താങ്ങിയാണ് നടപ്പ്.
തങ്ങളുടെ കുഞ്ഞിന് വേണ്ടി അവൾ സഹിക്കുന്നതോർത്ത് അവന് അവളോട് ബഹുമാനം തോന്നി.

പ്രണവിനെ കണ്ടതും പ്രത്യഷ് സ്ഥലം വിട്ടു.

എന്താണ് ഭാര്യേ.. എന്റെ കുഞ്ഞൂസ് എന്ത് പറയുന്നു.

ചവിട്ടും തൊഴിയും മുറയ്ക്ക് കിട്ടുന്നുണ്ട്. ചെറുചിരിയോടെ പവി പറഞ്ഞു .

ദിവസങ്ങൾ കടന്നുപോയി.

വൈകുന്നേരം എല്ലാവരും ലിവിങ് റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു.
പവിക്ക് എന്തോ അസ്വസ്ഥത തോന്നി.
ആദ്യമവൾ കാര്യമാക്കിയില്ല.
വീണ്ടും തോന്നിയപ്പോൾ അവൾ എഴുന്നേറ്റ് നടന്നു. അല്പം നടന്നതും അവൾ വയറിൽ കൈയമർത്തി ചുവരിലേക്ക് ചാരി.

എന്ത് പറ്റി ഏടത്തീ.. പ്രരുഷ് ആണ് കണ്ടത്.
അത് കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി.

എനിക്ക് വേദനിക്കുന്നു അമ്മേ.. കരഞ്ഞുകൊണ്ടവൾ പറഞ്ഞു.

അതിന് ഡേറ്റിന് ഇനിയും ഒരാഴ്ചയില്ലേ പ്രണവ് വെപ്രാളത്തോടെ ചോദിച്ചു.

ഡേറ്റ് വരെയൊന്നും ചിലപ്പോൾ പോകില്ല.
പ്രദീപേട്ടാ.. വണ്ടിയെടുക്ക്.
മോളേ പ്രകൃതി.. നീ പോയി തയ്യാറാക്കി വച്ച തുണിയൊക്കെ എടുത്തിട്ട് വാ.
പ്രണവേ… മോളെ വണ്ടിയിൽ കയറ്റ്.. രമ്യ പെട്ടെന്ന് എല്ലാവരെയും കാര്യങ്ങൾ ഏൽപ്പിച്ചു.

പ്രണവ് ആകെ പരിഭ്രമിച്ചിരുന്നു.
പവിയുടെ കൂടിക്കൂടി വരുന്ന കരച്ചിലിൽ നിന്നും അവൾ സഹിക്കുന്ന വേദന അവൻ അറിയുന്നുണ്ടായിരുന്നു.

പ്രണവിന്റെ അവസ്ഥ മനസ്സിലാക്കി പ്രരുഷും പ്രത്യഷും കൂടി പവിയെ കാറിൽ കയറ്റി.
പ്രണവും രമ്യയും അവൾക്കൊപ്പം കയറി.
പ്രദീപ്‌ ആണ് വണ്ടിയോടിച്ചത്. പ്രരുഷും കൂടെയുണ്ടായിരുന്നു.

ശരത്തും പ്രകൃതിയും പ്രത്യഷും ഋഷിയും പാർവതിയും അവരുടെ വണ്ടിയിലായിരുന്നു.

ഹോസ്പിറ്റലിൽ എത്തിയയുടൻ അവളെ ലേബർ റൂമിൽ കയറ്റി.
നിറകണ്ണുകളോടെ പ്രണവ് അവളുടെ നെറുകയിൽ ചുണ്ടമർത്തി.

പിടയ്ക്കുന്ന മനസ്സുമായി എല്ലാവരും പുറത്തിരുന്നു.
ഇടയ്ക്കിടെ മെഡിസിൻ എടുക്കാൻ പ്രിസ്‌ക്രിപ്‌ഷൻ കൊണ്ടു വന്നിരുന്നു.

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വെള്ള ടൗവ്വലിൽ പൊതിഞ്ഞ കുഞ്ഞുമായി നഴ്സ് എത്തി.

പല്ലവി പ്രസവിച്ചു കേട്ടോ. പെൺകുഞ്ഞാണ്.
12.11 ആണ് സമയം.
ചിരിയോടെ അവർ പറഞ്ഞു.

പ്രണവ് ഇരുകൈയും നീട്ടി തന്റെ രക്തത്തെ ഏറ്റുവാങ്ങി. അവന്റെ മിഴികൾ നനഞ്ഞിരുന്നു.
റോസാപ്പൂവുപോലൊരു കുഞ്ഞ്. കൈകൾ ചുരുട്ടി കണ്ണുകൾ മിഴിച്ചു നോക്കിയിരിക്കുകയാണ് സുന്ദരി.
പ്രണവ് ഏറെ വാത്സല്യത്തോടെ നെറുകയിൽ ചുണ്ടമർത്തി. ഇളംചൂടുള്ള ശരീരം അവൻ നെഞ്ചോട് ചേർത്തു.

എല്ലാവരും കുഞ്ഞിനെ നോക്കി നിൽക്കുകയാണ്.

കുറച്ച് സമയം കഴിഞ്ഞാൽ പല്ലവിയെ റൂമിലേക്ക് മാറ്റും. അപ്പോൾ കാണാം കുഞ്ഞിനെ. ഇപ്പോൾ അമ്മയുടെ ചൂട് ആണ് ആവശ്യം.. സിസ്റ്റർ കൈനീട്ടി.

കുഞ്ഞിനെ കൈമാറി തിരിഞ്ഞതും അവൻ പ്രദീപിനെ കെട്ടിപ്പിടിച്ചു.
അയാളും ചിരിയോടെ അവനെ പുണർന്നു.

എന്റെ അച്ഛൻ ബെസ്റ്റ് ആണ്. ഏറ്റവും ബെസ്റ്റ്. ജീവിതമെന്താണെന്ന് വാക്കുകളിലൂടെ പറയുക മാത്രമല്ല എന്റെ മുൻപിൽ ജീവിച്ചു കാട്ടിത്തരികയും ചെയ്തു.
പവിയെ എനിക്ക് കിട്ടാൻ കാരണം അച്ഛനാ. തെറ്റും ശരിയും ചൂണ്ടിക്കാണിച്ച് തരാനും എന്റെ പ്രതിസന്ധികളിൽ ചേർത്തു പിടിക്കാനും വാത്സല്യത്തോടെ ഉപദേശിക്കാനും അച്ഛനുണ്ടായിരുന്നു. എന്റെ പുണ്യമാണ് എന്റെ അച്ഛൻ.. അവൻ കരഞ്ഞു.

കേട്ടുനിന്ന എല്ലാവരുടെയും മിഴികൾ നനഞ്ഞിരുന്നു സന്തോഷം കൊണ്ട്.

കണ്ണുനീർ ഉണങ്ങിയ പാടിൽനിന്നും പവി അനുഭവിച്ച വേദന അവന് വ്യക്തമായിരുന്നു.
വാടിത്തളർന്നിരുന്നു അവൾ.
തന്റെ ജീവാംശത്തെ ഭൂമിയിലേക്ക് കൊണ്ടു വരാനായി അവളനുഭവിച്ച വേദന മരണവേദനയ്ക്ക് സമമായിരുന്നു.

വേദനയുടെ ആലസ്യത്തിൽ മയങ്ങിപ്പോയതായിരുന്നു അവൾ. കണ്ണുകൾ തുറന്ന പവി കാണുന്നത് തന്നെത്തന്നെ നോക്കിയിരിക്കുന്ന പ്രണവിനെയാണ്.

ഒരമ്മയായതിന്റെ അഭിമാനം അവളുടെ മുഖത്ത് തെളിഞ്ഞുകണ്ടു.

കുഞ്ഞിന്റെ ഇളംചുണ്ട് തന്റെ മാറോടടുപ്പിച്ച് പാലൂട്ടിയപ്പോൾ ഭാര്യയിൽ നിന്നും മകളിൽ നിന്നും എത്ര പെട്ടെന്നാണ് അവൾ അമ്മയിലേക്ക് മാറിയതെന്ന് അവനോർത്തു.
അല്ലെങ്കിലും നിമിഷനേരം കൊണ്ട് പലവിധഭാവങ്ങളിൽ നിറഞ്ഞു നിൽക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയുള്ളൂ.
സർവ്വംസഹയാകാൻ മാത്രമല്ല സംഹാരരുദ്രയാകാനും അവൾക്കേ കഴിയൂ.
ലക്ഷ്മിയായും സരസ്വതിയായും ഭദ്രയായും മാറുവാൻ പറ്റുന്നത് സ്ത്രീകൾക്ക് മാത്രമാണ്. വേദനയ്ക്കിടയിലും പുഞ്ചിരി തെളിയിക്കാൻ അവളെക്കൊണ്ട് മാത്രമേ കഴിയൂ.

അവർ ജീവിക്കുകയാണ് പ്രണവപല്ലവിയായി.. കൂടെ അവരുടെ മാലാഖക്കുഞ്ഞും കുടുംബവും ഉണ്ട്.
കൂടുമ്പോൾ ഇമ്പമുള്ള കുടുംബം.
പരസ്പരം സ്നേഹിച്ചും വിശ്വാസമർപ്പിച്ചും ഇണങ്ങിയും പിണങ്ങിയും അവർ ജീവിക്കട്ടെ പ്രണവപല്ലവിയായി അവരുടെ കുടുംബത്തോടൊപ്പം.

കൂടുതൽ ട്വിസ്റ്റുകളൊന്നും ഇടാൻ വയ്യ. വെറുതെ ഇനിയും വലിച്ചു നീട്ടിയാൽ ഒരു കാമ്പില്ലാതെ പോകും. പ്രണയപല്ലവി എല്ലാവരും സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം. നാളെത്തന്നെ അടുത്ത കഥയുമായി ലാൻഡ് ചെയ്തിരിക്കും. അതിന്റെ പണിപ്പുരയിലാണ്.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

പ്രണവപല്ലവി: ഭാഗം 7

പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 9

പ്രണവപല്ലവി: ഭാഗം 10

പ്രണവപല്ലവി: ഭാഗം 11

പ്രണവപല്ലവി: ഭാഗം 12

പ്രണവപല്ലവി: ഭാഗം 13

പ്രണവപല്ലവി: ഭാഗം 14

പ്രണവപല്ലവി: ഭാഗം 15