Tuesday, September 17, 2024
Novel

പ്രണവപല്ലവി: ഭാഗം 14

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പേരക്കുട്ടി ജനിക്കാൻ പോകുന്നുവെന്ന വാർത്ത പവിയുടെ വീട്ടുകാരെ രമ്യയാണ് വിളിച്ചു പറഞ്ഞത്.
പവിക്കും പ്രണവിനും ചമ്മൽ ആയിരുന്നു പറയാൻ.

പിറ്റേന്ന് രാവിലെ തന്നെ നാടൻ പച്ചക്കറികളും പലഹാരങ്ങളുമൊക്കെയായി അവർ വീട്ടിലെത്തി.

ഓഫീസിൽ പോകാതെ പ്രണവും ഉണ്ടായിരുന്നു വീട്ടിൽ.
പ്രദീപിനും വാര്യർക്കും ഒത്തിരി സന്തോഷമായിരുന്നു.
രണ്ട് അമ്മമാരും അവളെ കഴിക്കാനും സ്നേഹിക്കാനും മത്സരിച്ചു കൊണ്ടിരുന്നു.

വൃന്ദയ്ക്കും മകൾ തന്നെയായിരുന്നു പവി. അവരും എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.

പൂജ വന്നപ്പോൾ തന്നെ ഏട്ടന്മാരുടെ കൂടെ കൂടി.
പ്രത്യഷിനും പ്രരുഷിനും അവൾ അനുജത്തി തന്നെയായിരുന്നു.
താൻ ചിറ്റയായി എന്ന് ഗമ പറഞ്ഞ് നടക്കുകയും ചെയ്തിരുന്നു.

പവിയെ അവർക്ക് കൂട്ടിക്കൊണ്ട് പോകണമെന്നുണ്ടായിരുന്നു.
അത് ചോദിച്ചപ്പോഴുള്ള പ്രണവിന്റെയും വീട്ടുകാരുടെയും സങ്കടം ഒടുവിൽ അവരെ അതിൽനിന്നും പിന്തിരിപ്പിച്ചു.

ഈ സമയത്ത് ഭർത്താവിന്റെ സാന്നിധ്യം അനിവാര്യമാണെന്നും പിന്നീട് പവിയെ കൂട്ടിക്കൊണ്ട് പോകാമെന്നും പറഞ്ഞ് അവർ യാത്ര പറഞ്ഞിറങ്ങി.

കാര്യം അറിഞ്ഞപ്പോൾ പ്രകൃതിക്കും ഒരുപാട് സന്തോഷമായി.
പവിയുടെ കുഞ്ഞുവാവ വരുമ്പോൾ താനവിടെ കാണുമെന്ന് അവൾ പവിക്ക് ഉറപ്പ് നൽകി .

രാത്രി പ്രണവിന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുകയായിരുന്നു പവി.
അവൾ ധരിച്ചിരുന്ന ബനിയൻ ഉയർത്തി വച്ച് നഗ്‌നമായ അണിവയറിൽ വലംകൈ വച്ച് അവൻ തലോടിക്കൊണ്ടിരുന്നു.

ജീവിതത്തിന് പുതിയ അർത്ഥം വന്നെന്നവർക്ക് തോന്നി. ഇതുവരെ തങ്ങൾ രണ്ടുപേരും മാത്രമുണ്ടായിരുന്ന ലോകത്ത് ഒരാൾ കൂടി.
അതീവ സ്നേഹത്തോടെ പവി അവന്റെ കൈകൾക്ക് പുറത്തായി കൈകൾ ചേർത്തു വച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ ഛർദിച്ചു തളർന്നു പവി.
എന്ത് ഭക്ഷണം കഴിച്ചാലും അത് ഉടനെ തന്നെ പുറത്തേക്ക് പോകുന്ന അവസ്ഥ.
നന്നായി മെലിയുകയും ചെയ്തു.
അതിൽ രമ്യയ്ക്ക് നല്ല സങ്കടമുണ്ടായി.

ചിലർക്ക് ഇങ്ങനെ തന്നെയാണ് അഞ്ച് മാസo വരെ നല്ല ഛർദിൽ കാണും.
പിന്നീട് കുറയും.. രമ്യയുടെ ടെൻഷൻ കണ്ട് ഡോക്ടർ അവരെ സമാധാനിപ്പിച്ചു.
ഫ്രൂട്ട്സ് കൊടുക്കണം. നാരങ്ങാവെള്ളം, കഞ്ഞിവെള്ളം ഇതൊക്കെ കൊടുക്കാം. ക്ഷീണം മാറും.
ഡോക്ടർ പറഞ്ഞു.

ഇടയ്ക്ക് ഡ്രിപ് വരെ പവിക്ക് എടുക്കേണ്ടി വന്നു.

പ്രണവിനും അവളുടെ അവസ്ഥ വേദനയുണ്ടാക്കി.
തന്റെ രക്തത്തെ ഉദരത്തിലേറ്റു വാങ്ങി അവൾ ഒരു അമ്മയാകാൻ അനുഭവിക്കുന്ന പ്രയാസങ്ങൾ അവൻ കണ്ടറിയുകയായിരുന്നു.
മനസ്സിനിഷ്ടപ്പെട്ട ആഹാരങ്ങൾ പോലും നേരെചൊവ്വേ കഴിക്കാൻ പറ്റുന്നില്ല.

എന്തിനാ വാവേ നീയമ്മയെ ഇങ്ങനെ സങ്കടപ്പെടുത്തുന്നത്.
പാവമല്ലേ അമ്മ.. എന്തെങ്കിലും കഴിക്കട്ടെ അമ്മ… പവിയുടെ വയറിനോട് മുഖമടുപ്പിച്ച് കുഞ്ഞിനോടായി അവൻ പറഞ്ഞു.
അതുകേട്ട് പവി ചിരിക്കുന്നുണ്ടായിരുന്നു.

അഞ്ചാം മാസത്തേക്ക് കടന്നപ്പോൾ അവളുടെ ഛർദിലിന് കുറച്ച് ശമനം വന്നു.

പതിയെ അവൾ എന്തെങ്കിലും കഴിച്ചു തുടങ്ങി. രമ്യ നന്നായി അവളെ നോക്കുന്നത് കൊണ്ടുതന്നെ പവിയുടെ ശരീരം പുഷ്ടിപ്പെട്ടു. കവിളുകൾക്ക് മിനുസമേറി.

അവൾക്കിഷ്ട്ടപ്പെട്ടതൊക്കെ വാങ്ങിക്കൊണ്ടു കൊടുക്കാൻ പ്രദീപും ഇരട്ടകളും മത്സരിച്ചു കൊണ്ടിരുന്നു.

രാജകുമാരിയെപ്പോലെ തന്റെ മകളെ അവർ സ്നേഹിക്കുന്നതും പരിഗണിക്കുന്നതും കണ്ട് പാർവതിയുടെയും വാര്യയുടെയും മനസ്സ് നിറഞ്ഞു. മകളുടെ ഭാഗ്യമായി അവരതിനെ കണ്ടു.

ഇന്ദീവരത്തിൽ നിന്നും ആർക്കും പവിയെ പിരിയാൻ കഴിയാത്തതുകൊണ്ട് പാർവതിയെയും വാര്യരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു പ്രദീപ്‌.

മകന്റെ പഠനം കാരണം വൃന്ദയും രാമനും വരാൻ കഴിഞ്ഞില്ല. വീട് വിട്ട് ഒരിടത്തും മുത്തശ്ശൻ പോകാത്തത് കാരണം അദ്ദേഹം രാമന്റെ കൂടെ കൂടി. പൂജയ്ക്ക് പഠിക്കാൻ പോകുന്നത് കാരണം അവളും വൃന്ദയോടൊപ്പം നിൽക്കാമെന്ന് പറഞ്ഞു.
ഒഴിവുള്ള ദിവസങ്ങളിൽ പ്രണവ് പോയി അവളെ കൂട്ടിക്കൊണ്ട് വന്നിരുന്നു.

എല്ലാവരും സംസാരിച്ചുകൊണ്ട് ലിവിങ് റൂമിലിരിക്കെയാണ് പെട്ടെന്ന് പവി അമ്മേയെന്ന് വിളിച്ചത്.

പരിഭ്രമത്തോടെ എല്ലാവരും നോക്കി.

വയറ്റിൽ എന്തോ ഉരുളുന്നതുപോലെ എന്ന പവിയുടെ വാക്കുകൾകേട്ട് അമ്മമാർക്ക് ചിരി വന്നു.

നാലും രണ്ടുമൊക്കെ പ്രസവിച്ചവരല്ലേ അവരും.

മാസം അഞ്ചായില്ലേ മോളേ. കുഞ്ഞ് അനങ്ങുന്നതാ. ഉരുളുന്നതും തൊഴിക്കുന്നതുമൊക്കെ അറിയാൻ പറ്റും. രമ്യ പറഞ്ഞു.

വീണ്ടും അനങ്ങിയപ്പോൾ അവൾ രണ്ട് അമ്മമാരുടെയും കൈകൾ പിടിച്ച് വയറിലേക്ക് വച്ചു.
തങ്ങളുടെ പേരക്കുട്ടിയുടെ അനക്കം അവർ തൊട്ടറിയുകയായിരുന്നു.

പ്രണവും പ്രത്യഷും പ്രരുഷും അമ്പരന്ന് ഇരിക്കുകയായിരുന്നു.

പ്രണവ് പതിയെ അവൾക്കടുത്തായി തറയിലിരുന്നു.

അവന്റെ സ്പർശം അരിഞ്ഞെന്നോളം അവന്റെ കൈയിലൊരു അനക്കം സമ്മാനിച്ചു വാവ.
തന്റെ കുഞ്ഞിന്റെ തുടിപ്പ് തൊട്ടറിഞ്ഞെന്നപോലെ അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

എടാ.. നോക്കെടാ അനങ്ങുന്നു.. വാ എന്ന് പറഞ്ഞവൻ പ്രരുഷിനെയും പ്രത്യഷിനെയും വിളിച്ചു.
രണ്ടാളും ഓടിയെത്തി.
പവിയുടെ മുഖത്തേക്ക് നോക്കി.

ഒരിളം പുഞ്ചിരിയോടെ അവൾ അനിയന്മാരുടെ കൈകൾ തന്റെ ഉദരത്തോട് അടുപ്പിച്ചു.
കുറച്ച് സമയത്തിനനുശേഷം കുഞ്ഞ് വീണ്ടുമൊന്നനങ്ങി.
കണ്ണ് മിഴിച്ചു കൊണ്ടവർ കൈകളിലേക്ക് നോക്കി.
ശേഷം ഇരുവശത്തുനിന്നും പവിയെ ചേർത്തുപിടിച്ച് തോളിലേക്ക് തല ചായ്ച്ചു.

എന്തും തുറന്നുപറയാവുന്ന സുഹൃത്തായും ശാസിക്കുന്ന സഹോദരിയെയും സ്നേഹം പകർന്നുനൽകുന്ന ഏടത്തിയായും അവൾ അവരെ സ്നേഹിച്ചിരുന്നു. തിരികെ അതിനേക്കാൾ ആഴത്തിൽ അവരവളെയും സ്നേഹിച്ചിരുന്നു.

ഹോസ്പിറ്റലിൽ നിന്നും സ്കാനിങ് കഴിഞ്ഞ് ഇറങ്ങിയതാണ് രമ്യയും പാർവതിയും പവിയും.
മെഡിസിൻ വാങ്ങാൻ അവർ പോയപ്പോൾ അവൾ പതിയെ പാർക്കിങ്ങിലേക്ക് നടന്നു.
വരാമെന്ന് പറഞ്ഞ പ്രണവിനെ കണ്ടില്ലായിരുന്നു. ഓഫീസിൽ തിരക്കായിരിക്കുമെന്ന് പവി കരുതി.
പ്രരുഷ് കാറിൽ ഉണ്ടായിരുന്നു.

പെട്ടെന്നാണ് പിന്നിൽ നിന്നുമൊരാൾ വിളിച്ചത്.

ടൈറ്റ് ജീൻസും ഇറുകിയ സ്ലീവ്‌ലെസ് ബനിയനും ധരിച്ച തോളൊപ്പം വെട്ടിയിട്ട കളർ ചെയ്ത ഒരു പെൺകുട്ടി തനിക്ക് നേരെ നടന്നു വരുന്നത് അവൾ കണ്ടു.

മുൻപിൽ വന്നശേഷം അവൾ പവിയെ ഉഴിഞ്ഞുനോക്കി.
റോയൽ ബ്ലൂവും ബ്രിക്ക് റെഡും കലർന്നൊരു കോട്ടൺ സാരിയായിയുന്നു പവിയുടെ വേഷം. മുടി വിരിച്ചിട്ടിരുന്നു. പതിവുപോലെ കണ്ണുകൾ എഴുതിയിരുന്നു .
പവിയുടെ സൗന്ദര്യത്തിൽ അവളുടെ മിഴികൾ തട്ടിത്തടഞ്ഞ് വീർത്തു നിൽക്കുന്ന അവളുടെ വയറിൽ നോട്ടമെത്തി.

ഓഹ് പ്രെഗ്നന്റ് ആണോ.. അവൾ പുച്ഛം നിറഞ്ഞൊരു ചിരിയോടെ ചോദിച്ചു.

ആളെ മനസ്സിലാകാതെ പവി അവളെ സൂക്ഷിച്ചു നോക്കി.
അത് മനസ്സിലായെന്നവണ്ണം അവൾ വലതുകൈ കൊണ്ട് മുടിയൊന്നിളക്കി.

ഞാൻ നന്ദന.. നന്ദന കിഷോർ.. ഒന്നുകൂടി വ്യകതമായി പറഞ്ഞാൽ നിന്റെ ഭർത്താവിന്റെ പൂർവ്വകാമുകി.

ഇത്തവണ ചുണ്ടുകളിൽ പുച്ഛം നിറഞ്ഞത് പവിക്കായിരുന്നു.

അത് കണ്ട് ഇഷ്ടപ്പെടാത്ത രീതിയിൽ നന്ദന മുഖം ചുളിച്ചു.

എന്ത് കണ്ടിട്ടാടീ നീ നെഗളിക്കുന്നത്. ഏതോ ഹോട്ടൽ മുറിയിൽ നിന്നും അവന്റെ കൂടെ പിടിച്ചെന്ന് പറഞ്ഞ് അവന്റെ ജീവിതത്തിൽ പറ്റികൂടിയതല്ലേ നീ. എന്നെ സ്നേഹിച്ചിരുന്ന പ്രണവിനെ തട്ടിയെടുത്തവൾ.
വയറ്റിലൊരു കുട്ടിയുമായി.
നിന്നെ ഇതിനുമുൻപ് ഹോട്ടലിൽ നിന്നും പിടിച്ചവരെ ആരെയും നിനക്ക് ബോധിച്ചില്ലായിരുന്നോ.
ഓഹ്.. ഇവന്റെയത്ര പണം കാണില്ലായിരുന്നിരിക്കും.
വേശ്യകൾക്ക് ഇതിലും മാന്യത കാണുമല്ലോ… നന്ദന പരിഹസിച്ചു.

ദേ.. സൂക്ഷിച്ചു സംസാരിക്കണം. നിന്റെ സ്വഭാവം എനിക്കില്ല. സ്നേഹിക്കാൻ ഒരുത്തനും കൂടെ അഴിഞ്ഞാടാൻ മറ്റൊരുത്തനും. നാൾക്കുനാൾ ഡ്രസ്സ്‌ മാറ്റുന്ന ലാഘവത്തോടെ ബോയ്ഫ്രണ്ട്സിനെ മാറ്റുന്ന നിന്നെപ്പോലെയല്ലെടീ പല്ലവി. എന്റെ കഴുത്തിൽ താലി കെട്ടിയവൻ മാത്രമേ എന്നെ സ്പർശിച്ചിട്ടുള്ളൂ.
അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമെനിക്കില്ല.. ആദ്യമായി പവി ദേഷ്യപ്പെട്ടു .

പവിയും നന്ദനയും സംസാരിക്കുന്നത് അപ്പോഴാണ് പ്രരുഷ് കണ്ടത്. ദേഷ്യത്തോടെ അവൻ കാറിൽ നിന്നിറങ്ങി.

യു ഡേർട്ടി ബിച്ച്..
എന്താടീ നീ ചിലയ്ക്കുന്നത്. ഗെറ്റ് ലോസ്റ്റ്‌ യു ഇഡിയറ്റ്… ചീറിയതും അപ്പോഴത്തെ ദേഷ്യത്തിന് നന്ദന പവിയെ ആഞ്ഞു തള്ളിയതും ഒരുമിച്ചായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത പ്രവൃത്തി ആയതിനാൽ പവി അവിടെ പാർക്ക്‌ ചെയ്തിരുന്ന വലിയൊരു കാറിന്റെ ബോണറ്റിലേക്ക് വീഴാൻ ആഞ്ഞു.
പേടിയോടെ അവൾ തന്റെ കണ്ണുകൾ ഇറുകെയടച്ചു വയറിൽ കൈകൾ പൊതിഞ്ഞു .
എന്റെ കുഞ്ഞ്.. എന്നവൾ മന്ത്രിച്ചു.

ഏട്ടത്തീ… പ്രരുഷിന്റെ വിളി അവിടെ മുഴങ്ങി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

പ്രണവപല്ലവി: ഭാഗം 1

പ്രണവപല്ലവി: ഭാഗം 2

പ്രണവപല്ലവി: ഭാഗം 3

പ്രണവപല്ലവി: ഭാഗം 4

പ്രണവപല്ലവി: ഭാഗം 5

പ്രണവപല്ലവി: ഭാഗം 6

പ്രണവപല്ലവി: ഭാഗം 7

പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 9

പ്രണവപല്ലവി: ഭാഗം 10

പ്രണവപല്ലവി: ഭാഗം 11

പ്രണവപല്ലവി: ഭാഗം 12

പ്രണവപല്ലവി: ഭാഗം 13