രാജീവം : ഭാഗം 9

Spread the love

എഴുത്തുകാരി: കീർത്തി

രാജീവേട്ടൻ പോകുന്നതും നോക്കി ചമ്മി നിരാശയും മൂത്ത് പണ്ടാരമടങ്ങി നിൽക്കുമ്പോഴാണ് ആ കുരുത്തം കെട്ടവന്റെ ചുമ വീണ്ടും കേട്ടത്. ” ചുമക്കടാ ചുമക്ക് ഇത് നിന്റെ ഒടുക്കത്തെ ചുമയാ. നോക്കിക്കോ. ” അവനോട് ദേഷ്യപ്പെട്ട് ചുമരിൽ പിടിച്ചു ഞൊണ്ടി ഞൊണ്ടി ഞാൻ റൂമിലേക്ക് നടന്നു. രാജീവേട്ടനെ റൂമിലെങ്ങും കണ്ടില്ല. വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. പ്രാണനാഥൻ പള്ളിനീരാട്ടിലാണ്. വരട്ടെ. ഞാൻ ചെന്ന് ബെഡിലിരുന്നു അടുത്തത് ഇനി എന്ത്? ഞാൻ രാജീവേട്ടനെ വീഴ്ത്താൻ പറ്റിയ ഓരോ വഴികൾ ചിന്തിച്ചോണ്ടിരുന്നു. ചിന്തിച്ചു ചിന്തിച്ച് ഞാൻ എവിടൊക്കെയോ ചെന്നെത്തിയിരുന്നു. പെട്ടന്ന് ആള് തലയും തുവർത്തികൊണ്ട് വാഷ് റൂമിൽ നിന്നിറങ്ങി വന്നു.

ഒരുനിമിഷം രാജീവേട്ടനെ തന്നെ ഇമചിമ്മാതെ നോക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ആദ്യമായി പ്രണയപൂർവ്വം ഞാനാ മുഖത്തേക്ക് നോക്കിയിരുന്നു. രാജീവേട്ടന്റെ ഓരോ പ്രവർത്തികളും മിഴികളാൽ ഒപ്പിയെടുത്തു. മുടി ചീകിയൊതുക്കുകയായിരുന്ന രാജീവേട്ടൻ കണ്ണാടിയിലൂടെ ഞാൻ വായിനോക്കി ഇരിക്കുന്നത് കണ്ട് പെട്ടന്ന് തിരിഞ്ഞു നോക്കി. ഉടനെ ഞാൻ നോട്ടം മാറ്റി തലതാഴ്ത്തി ഇരുന്നു. ഛെ… നാണക്കേട്. “മുത്തൂ… ചായ…. ” രാജീവേട്ടൻ പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. എന്തിനാ മുത്തു. ഞാനില്ലേ രാജീവേട്ടന് ചായ കൊണ്ടുതരാൻ. ഞാൻ പതിയെ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു പോകാൻ ഒരുങ്ങി. “നീ എങ്ങോട്ടാ ഈ വയ്യാത്ത കാലും വെച്ച്? അതൊന്ന് ശെരിക്കും ഭേദമായിക്കോട്ടെ.

ഇങ്ങനെ എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഒരുഭാഗത്ത് അടങ്ങിയിരിക്ക്. ” “ഞാൻ രാജീവേട്ടന് ചായ….. ” “അത് അവൻ കൊണ്ടുവന്നോളും. ഇത്രയും നാളും അവൻ തന്നെയല്ലേ കൊണ്ടുതന്നിരുന്നത്. പിന്നെന്താ? ” അല്പം ഗൗരവത്തിലാണ് അത് പറഞ്ഞത്. ഞാൻ മിണ്ടാതെ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മുത്തു കൊണ്ടുവന്ന ചായയും ലാപുമെടുത്ത് പുറത്തേക്ക് പോയി. കുറേ നേരം കഴിഞ്ഞിട്ടും ആളെ തിരിച്ചു കാണുകയോ ശബ്ദം കേൾക്കുകയോ ചെയ്തില്ല.അതുകൊണ്ട് ഞാൻ പതുക്കെ അവിടുന്ന് എഴുന്നേറ്റു. ആമ തന്റെ തോടിനുള്ളിൽ നിന്നും തലയിട്ട് എത്തിച്ച് നോക്കുന്നത് പോലെ വാതിൽക്കൽ നിന്ന് ഞാനും തല പുറത്തേക്കിട്ടു നോക്കി. രാജീവേട്ടനെ അവിടെയെങ്ങും കണ്ടില്ല.

അങ്ങേരെ പരതുന്നതിന് ഇടയിലാണ് അടുക്കളയിൽ മറ്റൊരു തല ഞാൻ കണ്ടത്. ഞാൻ നോക്കുന്ന അതേപോലെ എന്നെയും നോക്കി നിൽക്കുകയായിരുന്നു മുത്തു. ഞാനൊന്ന് ഇളിച്ചുകൊടുത്തു. അവൻ തിരിച്ചും. അപ്പോൾ ഞാനല്പം ഗൗരവത്തിൽ അവനോട് “എന്താ “ണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. ഉടനെ അവൻ ചുമലനക്കി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു. ശേഷം കൈകൊണ്ട് രാജീവേട്ടൻ എവിടെയെന്ന് ചോദിച്ചപ്പോൾ അവൻ ഓഫീസ് റൂമിലേക്ക് വിരൽ ചൂണ്ടി. അതുകേട്ടപ്പോൾ ഇച്ചിരി ആശ്വാസമായി. ഞാൻ സോഫയിൽ ചെന്നിരുന്ന് ടി. വി. കാണാൻ തുടങ്ങി. മുത്തുവും കൂടെ വന്നിരുന്നു. എന്റെ കൂടെ കൂടി അവനും ഇപ്പോൾ സകല കണ്ണീർ സീരിയലുകളും കാണാൻ തുടങ്ങി. എന്നിട്ട് കിടന്നു ടെൻഷനാവും.

അയ്യോ നാളെ എന്താവോ ഏതാവോന്നൊക്കെ ചോദിച്ചിട്ട്. ചിലപ്പോൾ സീരിയൽ കഴിഞ്ഞാൽ ഓർത്തോർത്ത് കരയുന്നതും കാണാം. ഇനി കഷ്ടകാലത്തിന് ചാനൽ മാറ്റി അവന്റെ തമിഴ് സീരിയലുകൾ വന്നാൽ പിന്നെ പറയേം വേണ്ട. അത് ഒരു ഭക്തി സീരിയൽ കൂടിയാണെങ്കിൽ തൃപ്തിയായി. “അമ്മാ തായേ മാരിയാത്താ “ന്നും വിളിച്ചോണ്ട് തുടങ്ങും നിലവിളിയും ഭജനയും. പിന്നെ അത് കഴിയാതെ മാറ്റാനും സമ്മതിക്കില്ല. കാല് പിടിക്കലായി കരച്ചിലായി പിഴിച്ചിലായി. ഒടുക്കം റീമോർട് അവനെയും ഏല്പിച്ചു ഞാനെന്റെ പാട് നോക്കി പോകും. അത്രതന്നെ. കുറച്ചു കഴിഞ്ഞപ്പോൾ രാജീവേട്ടനും ഞങ്ങളോടൊപ്പം വന്നിരുന്നു. അത്രയും നേരം ടി. വി. കണ്ടിട്ടും സമയം പോകാതിരുന്ന എനിക്ക് ഉള്ള സമയം തന്നെ തികയാതെയായി. ടി. വി. യിൽ മാറി വന്ന പരിപാടികളൊന്നും പിന്നെ ഞാൻ കണ്ടില്ല.

എന്റെ കണ്ണിൽ രാജീവേട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങും രാജീവമയം. അങ്ങേരാണെങ്കിൽ ഇപ്പോൾ നമ്മളെ കണ്ണിൽ പിടിക്കുന്ന കൂടിയില്ല. അബദ്ധത്തിൽ പോലും എന്നെയൊന്ന് നോക്കുന്നില്ല. മുത്തുവിനോട് എന്തൊക്കെയോ സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ എന്നോട് മാത്രം…. അത് കണ്ടപ്പോൾ ഞാനവിടെ ഒരു അധികപറ്റായത് പോലെ തോന്നി. ഞാൻ വേഗം എഴുന്നേറ്റ് റൂമിലേക്ക് പോന്നു. ഒരു കണക്കിന് ഈ അവഗണന ഞാൻ അർഹിക്കുന്നതാണ്. ഇതുപോലെ അല്ലെങ്കിൽ ഇതിൽ കൂടുതൽ ഞാനും രാജീവേട്ടനെ അവഗണിച്ചിട്ടുണ്ട്. വേദനിപ്പിച്ചിട്ടുണ്ട്. ഒരുപാട് തവണ. ഈ ഒരു പ്രാവശ്യം രാജീവേട്ടന്റെ ഈ പെരുമാറ്റം എന്നെ എത്രത്തോളം വിഷമിപ്പിക്കുന്നുണ്ട്.

അപ്പോൾ അന്നൊക്കെ രാജീവേട്ടനും എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും. ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. തുടർന്നുള്ള ഒന്ന് രണ്ടു ദിവസങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ. എല്ലാം മുത്തുവിനോട് ഇങ്ങനെയൊരാൾ അവിടെ ഉണ്ടെന്നുള്ള വിചാരം പോലും ഇല്ലാത്തത് പോലെ. ഞാനുണ്ടോ വിട്ടുകൊടുക്കുന്നു. ഇങ്ങോട്ട് മിണ്ടിയില്ലെങ്കിൽ എന്താ ഞാൻ നല്ല അന്തസായിട്ട് വലിഞ്ഞുകയറി അങ്ങോട്ട് സംസാരിക്കും. മുത്തുവിനോട് പറയുന്ന ആജ്ഞകളൊക്കെ ഞാൻ ചെയ്തു കൊടുക്കും. എതിരൊന്നും പറയില്ലെങ്കിലും ചിലപ്പോഴൊക്കെ അത് കണ്ട ഭാവം പോലും നടിക്കില്ല. പക്ഷെ പഴി മുഴുവനും മുത്തുവിനാണ്. ഞങ്ങളുടെ ഈ സൗന്ദര്യപിണക്കത്തിന് ഇടയിൽ കിടന്ന് പാവം മുത്തു ഒരുവിധമായി.

അവനെ ഓർക്കുമ്പോൾ വിഷമം തോന്നും. എന്നാലും ഞാൻ പതറിയില്ല. ഇതുകൊണ്ടൊന്നും ഞാൻ തോൽക്കില്ല മിഷ്ടർ രാജീവ്‌ പത്മനാഭൻ. എന്റെ പഴയ രാജീവേട്ടനെ തിരിച്ചു കിട്ടാൻ ഏതറ്റം വരെ പോകാനും മീനാക്ഷിക്ക് മടിയില്ല. മൈൻഡ് ഇറ്റ്. പക്ഷെ ഇങ്ങനെ മുന്നോട്ട് പോയതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്ന് ഞാൻ മനസിലാക്കി. ഒരുപാട് നേരത്തെ തലയുടെ പ്രവർത്തനം മൂലം ഒരു ഐഡിയ കിട്ടി. രാജീവേട്ടൻ മിക്കവാറും അതിൽ വീഴും. വീണില്ലെങ്കിൽ വീഴ്ത്തണേ ഭഗവാനെ. എന്റെ മേനക ചേച്ചി ഈ വിശ്വമിതനെ മയക്കാൻ എനിക്ക് കഴിയണേ. കൂടെയുണ്ടാവണേ. ഒന്നുകിൽ രാജീവേട്ടൻ അല്ലെങ്കിൽ…. അല്ലെങ്കിലും രാജീവേട്ടൻ തന്നെ.

വേറെ ആരാ? ലോകത്തുള്ള സകല ദൈവങ്ങളെയും ഗുരുകരണവന്മാരെയും സ്മരിച്ചുകൊണ്ടാണ് പിറ്റേന്ന് രാവിലെ എഴുന്നേറ്റത്. രാജീവവശീകരണത്തിന്റെ ആദ്യപടിയെന്നോണം കുളി കഴിഞ്ഞു ഇടനാനുള്ള മുണ്ടും നേര്യതും എടുക്കാൻ വാർഡ്രോബ് തുറന്ന ഞാൻ അന്തം വിട്ടു. ഒപ്പം ആദ്യത്തെ ഘട്ടം തന്നെ പരാജയപ്പെട്ട സങ്കടവും. ഉടനെ ഞാൻ ഉറങ്ങികുടക്കുന്ന രാജീവേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി. ആന കിടന്നിടത്ത് പൂട പോലുമില്ലെന്ന് പറഞ്ഞത് പോലെ എനിക്ക് ഈ വാർഡ്രോബ് നിറച്ച് വാങ്ങി വെച്ചിരുന്ന സെറ്റ് മുണ്ടുകൾ ഒന്നും കാണാനില്ല. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുമോ. ഞാനാ ഫ്ളാറ്റിലെ ഓരോ അരിമണിയും പെറുക്കിനോക്കി. അപ്പോഴുണ്ട് എല്ലാരും കൂടി രാജീവേട്ടന്റെ ഓഫീസ് റൂമിലിരിക്കുന്നു.

കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ഞാൻ അതെല്ലാം എടുത്ത് യഥാസ്ഥാനത്ത് കൊണ്ടുവച്ചു. ശേഷം ഒന്നെടുത്ത് കുളിക്കാൻ പോയി. കുളി കഴിഞ്ഞ് രാജീവേട്ടന് ഏറെ ഇഷ്ടമുള്ള വേഷത്തിൽ വന്നപ്പോഴും ആള് നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. ബെഡിൽ കമഴ്ന്നു കിടന്നുറങ്ങുന്ന രാജീവേട്ടനെ കുറച്ചു നേരം ഞാൻ നോക്കിനിന്നു. ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്ന രാജീവേട്ടനെ കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. പതിയെ അടുത്ത് ചെന്ന് നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകളെ ഒതുക്കിവെച്ചു കൊടുത്തു. ശേഷം മടിച്ചു മടിച്ച് വളരെ പതിയെ ഞാനാ നെറ്റിത്തടത്തിൽ ചുണ്ട് ചേർത്തു. എന്നിട്ട് കിട്ടാവുന്ന സ്പീഡിൽ അവിടുന്ന് പുറത്തേക്കിറങ്ങി.

മീനു പുറത്തേക്ക് പോയതും രാജീവ്‌ കണ്ണുതുറന്ന് അവൾ പോയ വഴിയെ നോക്കി. ശേഷം ഒരു കുസൃതി നിറഞ്ഞ ചിരിയോടെ അടുത്ത് കിടന്നിരുന്ന തലയിണയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ച് വീണ്ടും മയക്കത്തിലേക്ക് ഊളിയിട്ടു. അടുക്കളയിൽ ചെന്നപ്പോൾ മുത്തു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. “ഇന്നെന്താ ഉണ്ടാക്കുന്നത്? ” പിറകിലൂടെ ചെന്ന് ഞാൻ ചോദിച്ചു. എന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ മുത്തുവിന്റെ കണ്ണുകൾ പെട്ടന്ന് ബുൾസൈ ആയി. “ടാ… ” ഞാൻ അവനെ തട്ടിവിളിച്ച് വീണ്ടും ചോദിച്ചപ്പോൾ അവൻ ഞെട്ടിക്കൊണ്ട് സ്വബോധത്തിലേക്ക് വന്നു.

“എന്താ ചേച്ചി? ” “ഇന്നെന്താ ചായയ്ക്ക് ഉണ്ടാക്കുന്നത് ന്ന്? ” “അത്… ദോശ. ചേട്ടന് ദോശ മതിയെന്ന് പറഞ്ഞു. ചേച്ചിക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്. ” “ടാങ്കു. നീ ഇങ്ങോട്ട് മാറ് ദോശ ഞാനുണ്ടാക്കാം. ” “അയ്യോ.. ചേച്ചി… അത്…. ” അവൻ എന്നെ തടയാൻ ശ്രമിച്ചു. “ന്താണ്ടാ ഞാനുണ്ടാക്കിയാ ദോശ ആവൂലെ? എനിക്ക് അറിയാം ദോശ ഉണ്ടാക്കാൻ. ഇതിൽന്ന് കുറച്ചു എടുത്ത് ഇതിൽക്ക് ഒഴിച്ചിട്ട് ദേ ഈ കൈയിലോണ്ട് പരത്തണം അത്രയല്ലേ ഉള്ളൂ. എന്റെ രാജീവേട്ടാനുള്ള ദോശയേ ഞാനുണ്ടാകും. നീ വേണേൽ തെറ്റുമ്പോൾ അവിടെ നിന്ന് പറഞ്ഞു തന്നാൽ മതി. ” അവന്റെ കൈയിൽ നിന്നും ദോശമാവ് വാങ്ങിച്ച് ഓരോന്ന് ഓരോന്നായി ഉണ്ടാക്കി. ഓരോ കൈയില് മാവെടുത്ത് പാനിൽ ഒഴിക്കും പരത്തും. ഒന്ന് തിരിച്ചിടും.

എന്നിട്ട് നേരെ പാത്രത്തിലേക്ക്. “ചേച്ചി…. ഞാനൊരു കാര്യം ചോദിക്കട്ടെ? ” “എന്താടാ? വേഗം ചോദിക്ക് ഞാനൊരു പണി ചെയ്യുന്നത് കാണുന്നില്ലേ? കോൺസെൻട്രേഷൻ കളയല്ലേ. ” “അത്… ഈ ദോശയ്ക്ക് എന്താ ഷേപ്പ്? ” “എടാ പൊട്ടാ ദോശടെ ഷേപ്പ് അറിയാതെയാണോ നീ ദോശ ഉണ്ടാക്കാൻ നിന്നത്? എന്നാ കേട്ടോ ദോശടെ ഷേപ്പ് വട്ടം. റൗണ്ട്. ” “എന്നിട്ട് ചേച്ചി ഉണ്ടാക്കിയ ദോശ ഏത് ഷേപ്പ് ആണെന്ന് നോക്കിക്കേ. ” ഞാൻ വേവിച്ചു പാത്രത്തിലേക്ക് എടുത്തിട്ടിരിക്കുന്ന ദോശകൾ ഓരോന്നായി കാണിച്ചു കൊണ്ട് അവൻ പറഞ്ഞു. ശെരിയാണ്. എന്റെ ദോശകൾക്ക് വൃത്തം പോയിട്ട് ലോകത്തിലെ ഒരൊറ്റ ജ്യാമിതീയരൂപവുമായും ഒരു സാദൃശ്യവുമില്ലെന്ന് നഗ്നസത്യം ഞാൻ മനസിലാക്കി.

പോരാത്തതിന് എല്ലാം പൊട്ടും പിടിയുമായിരിക്കുന്നു. ഞാൻ ദോശ മറിച്ചിടുന്നത് വരെ അതിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ ന്ന് ഞാനോർത്തു. ഒരാളുടെ മനസിലേക്കുള്ള എളുപ്പവഴി വായിലൂടെയാണത്രെ. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം. നല്ലൊരു ഭൂപടം ഉണ്ടാക്കി തന്നാൽ പോലും ആ വഴിയിലൂടെ പോകാൻ എനിക്കറിയില്ലെന്ന് ഞാൻ വീണ്ടും വീണ്ടും മനസിലാക്കി. “നീ ഇത് അങ്ങനെ എടുത്ത് വിഴുങ്ങുകയല്ലല്ലോ ചെയ്യാ? പൊട്ടിച്ചിട്ടല്ലേ കഴിക്കാ. അപ്പൊ ഇങ്ങനൊക്കെ മതി. ” എന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. “അതിന് ഇത് എനിക്കല്ലല്ലോ ചേട്ടനുള്ളതല്ലേ? ” അപ്പോഴാണ് ഇത് രാജീവേട്ടൻ കണ്ടലുള്ള അവസ്ഥയെ കുറിച്ച് ഞാൻ ചിന്തിച്ചത്.

ദയനീയമായി ഞാൻ മുത്തുവിനെ നോക്കി. പിന്നീട് അവൻ പറഞ്ഞു തന്ന പ്രകാരം റൗണ്ട് ഷേപ്പിലുള്ള കുറച്ചു ദോശ ഞാൻ ഉണ്ടാക്കി. രാജീവേട്ടൻ ഓഫീസിൽ പോകാൻ റെഡിയായി വന്നപ്പോഴേക്കും ഞങ്ങൾ എല്ലാം ടേബിളിൽ ഒരുക്കിയിരുന്നു. എന്റെ സ്പെഷ്യൽ ദോശ വേറൊരു പാത്രത്തിലാക്കി കൂടെ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറ്. ഇന്ന് പക്ഷെ രാജീവേട്ടന് കൊടുത്തു ഞങ്ങൾ മാറി നിന്നു. കാരണം പ്രത്യേകം പറയണ്ടല്ലോ. “ഇതെന്താ നിങ്ങള് കഴിക്കുന്നില്ലേ? “. മാറി നിൽക്കുന്ന ഞങ്ങളെ നോക്കി രാജീവേട്ടൻ ചോദിച്ചു. പിന്നെ കഴിക്കാമെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ആള് ഞങ്ങളെയും പിടിച്ചിരുത്തി.

രാജീവേട്ടനെ ഇടംകണ്ണിട്ട് നോക്കി പേടിച്ചു പേടിച്ചാണ് ഞങ്ങൾ എന്റെ ദോശ ഞങ്ങളുടെ പ്ലേറ്റിലേക്ക് എടുത്തു വെച്ചത്. മുത്തുവിന്റെ നോട്ടം എന്നിലായിരുന്നു. ഞാൻ പതുക്കെ തലയുയർത്തി രാജീവേട്ടനെ നോക്കിയപ്പോൾ ആള് താടിക്ക് കൈയും കൊടുത്ത് എന്നെത്തന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. എല്ലാം പൊട്ടുകളായത് കൊണ്ട് ദോശ കഷ്ണമാക്കുന്ന പണി ലാഭം കിട്ടി. ഓരോ കഷ്ണങ്ങളായി വായിലേക്ക് വെച്ചപ്പോഴാണ് അടുത്ത ഞെട്ടിക്കുന്ന സത്യം ഞാനറിഞ്ഞത്. അതിന്റെയൊന്നും ഉള്ള് ശെരിക്കും വെന്തിട്ടില്ലായിരുന്നു. “ഇതിലൊരു കഷ്ണം പോലും ബാക്കിയില്ലാതെ മുഴുവനും കഴിച്ചേക്കണം രണ്ടും. ഒരു പൊട്ട് എവിടേലും കളയ് അപ്പൊ കാണിച്ചുതരാം രണ്ടിനേം. ” ഗൗരവത്തിൽ രാജീവേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുത്തുവിനെ ഒന്ന് നോക്കി.

പാവം പാതിവെന്ത ദോശ രാജീവേട്ടനെ പേടിച്ച് അടിച്ച് കേറ്റുന്നുണ്ട്. ഈശ്വരാ ഞങ്ങടെ മുത്തൂനെ കാത്തോളണേ…. ഞങ്ങളെ ഭയങ്കര വിശ്വാസമായത് കൊണ്ട് പ്രത്യേകിച്ച് എന്നെ, ഞങ്ങൾ അത് മുഴുവനും കഴിച്ചതിനു ശേഷമാണ് രാജീവേട്ടൻ ഓഫീസിലേക്ക് പോയത്. “ഇതൊന്നും വെറുതെ കിട്ടുന്നതല്ല. ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എത്രയോ പേര് കഷ്ടപ്പെടുന്നുണ്ട്. അപ്പഴാ അവള്ടെയൊരു….. ” പോകുന്ന പോക്കിൽ പിറുപിറുക്കുന്നുണ്ടായിരുന്നു. രാജീവേട്ടൻ പോയതിന് ശേഷം മുത്തു തന്നെയാണ് ചോറും കറികളും ഉണ്ടാക്കിയത്. ഞാനൊരു സഹായിയായി കൂടെ നിന്നതേയുള്ളൂ. എല്ലാം ഉണ്ടാക്കി കഴിഞ്ഞ് ഞങ്ങൾ ടി. വി. കണ്ടോണ്ട് ഇരിക്കുമ്പോളാണ് മുത്തു നിലവിളിക്കാൻ തുടങ്ങിയത്. വയറു വേദനിക്കുന്നുണ്ടത്രേ.

പെട്ടന്ന് രൗദ്രഭാവത്തിൽ ഇവിടുന്ന് ഇറങ്ങി പോയ രാജീവേട്ടന്റെ മുഖമാണ് ഓർമ വന്നത്. ഈശ്വരാ എന്റെ കാര്യത്തിൽ ഇന്ന് തീരുമാനമാകും. എന്തൊക്കെ ചെയ്തു നോക്കിയിട്ടും ചെക്കന്റെ വയറുവേദന മാറുന്നില്ല. അവനാണെങ്കിൽ കരച്ചിലോട് കരച്ചിൽ. എനിക്ക് എല്ലാം കൂടി കൈയും കാലും ഓടാത്തൊരു അവസ്ഥ. ഗത്യന്തരമില്ലാതെ അവസാനം രാജീവേട്ടനെ വിളിച്ചു പറഞ്ഞു. ഉടനെ അങ്ങേര് വന്ന് അവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. കാലിന് മുഴുവനായും ഭേദമാവാത്തത് കൊണ്ട് എന്നെ കൂട്ടിയില്ല. ഫ്ലാറ്റിൽ അവര് തിരിച്ചു വരുന്നതും കാത്ത് മുത്തുവിനുള്ള പ്രാർത്ഥനയുമായി ഞാനിരുന്നു. ഒപ്പം രാജീവേട്ടൻ എന്നോട് അവിവേകമൊന്നും കാണിക്കാൻ തോന്നിക്കരുതേ എന്നും.

(തുടരും)

രാജീവം : ഭാഗം 8

-

-

-

-

-