നിഴലായ് മാത്രം : ഭാഗം 19
നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്
ഒരുവേള പാറുവിന്റെ കണ്ണുകൾ ബാലുവിന്റെ മിഴികളിൽ ഉടക്കി.
മറു കൈകൊണ്ടു ബാലു പാറുവിന്റെ കഴുത്തിലേക്കു ചേർത്തു പിടിച്ചു കണ്ണുകൾ കൊണ്ടു കരയരുതെന്നു തലയാട്ടി. എങ്ങുനിന്നോ ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തത്തി കളിച്ചു.
ബാലു പാറുവിന്റെ മുഖം കൈകളിൽ കോരി എടുത്തു തന്റെ നെഞ്ചോരം ചേർത്തു വച്ചു. പാറുവും ആ നെഞ്ചിലെ ചൂടിൽ തന്റെ മുഖം പൂഴ്ത്തി…
അവരുടെ ഹൃദയമിടിപ്പുപോലും ഒന്നായി തീർന്ന നിമിഷങ്ങൾ…. ആ നിമിഷം ഈ ലോകത്തെ മുഴുവൻ തന്റെ കൈകൾകുള്ളിൽ പൊതിഞ്ഞു നിൽക്കുന്നപോലെ അവനു തോന്നി…..!
ശ്രീരാജായിരുന്നു ഡ്രൈവിംഗ് സീറ്റിൽ. അവന്റെയുള്ളിൽ മുഴുവൻ പാറുവിനെ നഷ്ടമായ വിദ്വേഷം തിളച്ചു മറിയുന്നുണ്ടായിരുന്നു.
കെട്ടി കൂടെ കൂട്ടുവാനുള്ള കൊതിയായിരുന്നില്ല. ഒരിക്കലെങ്കിലും അനുഭവിക്കാനുള്ള ഒരുതരം ത്വര… അതായിരുന്നു… എല്ലാം നശിച്ചു… അവൻ ദേഷ്യത്തിൽ സ്റ്റിയറിങിൽ മുഷ്ടി ചുരുട്ടി ഇടിച്ചു അരിശം തീർത്തു.
“ശ്രീ… നീ എടുത്തു ചാടി ഒന്നും ചെയ്യരുത് ആ പൊട്ടൻ ചെക്കനെ… ഹർഷനുമായുള്ള യാമിയുടെ കല്യാണമൊന്നു കഴിഞ്ഞോട്ടെ… എന്നിട്ടു എന്താന്നെന്നു വച്ചാ നീയങ്ങു ചെയ്‌തോ”
യാമിയുടെ അമ്മയുടെ വാക്കുകളിൽ മകളുടെ ജീവിതത്തിന്റെ കരുതലും ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
എന്തെല്ലാം പറഞ്ഞിട്ടും യാമി ഒരു തരത്തിലും സമ്മതിച്ചിരുന്നില്ല… അവൾക്കു ഹർഷനെ തന്നെ വേണമെന്ന് കട്ടായം പറഞ്ഞതിന്റെ ഫലമാണ് ഈ കല്യാണം. മകളുടെ എല്ലാ വാശിയും പോലെ ഇതിനെ കാണുവാനും കഴിയില്ലായിരുന്നു. അവൾക്കു ആത്മാവിൽ തൊട്ട പ്രണയമാണ് ഹർഷനോട്.
തനിക്കു പലവട്ടം അവൾ ബോധ്യപ്പെടുത്തി തന്നിരിക്കുന്നു. ഹർഷനോടുള്ള അവളുടെ പ്രണയത്തിന്റെ…. സ്നേഹത്തിന്റെ തീവ്രത.
ശ്രീരാജിന്റെ എടുത്തുചാട്ടം കൊണ്ടു ചിലപ്പോ നശിക്കുന്നത് തന്റെ മകളുടെ ഭാവിയായിരിക്കും. അവൾ അത്രയധികം ആഗ്രഹിക്കുന്നുണ്ട് ഹർഷനെ….
“ശ്രീ….മോനെ … മോൻ അമ്മായി പറയുന്നത് കേൾക്കണം … കല്യാണം കഴിയും വരെ മോൻ ക്ഷമിച്ചേ മതിയാകു. അതുകഴിഞ്ഞു നമുക്ക് ആലോചിക്കാം എന്തുവേണമെന്നു”
യാമിയുടെ അമ്മ അവനെ അനുനയിപ്പിച്ചു കൊണ്ടേയിരുന്നു. ശ്രീരാജ് രൂക്ഷത്തോടെയുള്ള ഒരു നോട്ടമെറിഞ്ഞു ഡ്രൈവിങ്ങിൽ ശ്രദ്ധകൊടുത്തു.
ബാലുവിന്റെ കൈകളിൽ മുറിവെണ്ണ പുരട്ടികൊടുക്കുകയായിരുന്നു മീനാക്ഷി.
“എന്നാലും എന്റെ ബാലുവേ… ഈ കാന്താരി ദേഷ്യം കൊണ്ടു ഇങ്ങനെ ഒരു പണി ഒപ്പിച്ചു വച്ചല്ലോ…. പാറു ഇതു കുറച്ചു കൂടി പോയി.”
തെല്ലൊരു ദേഷ്യത്തോടെ മീനാക്ഷി പറയുമ്പോൾ പാറുവിന്റെ തല കുമ്പിട്ടു പോയി. അവൾക്കും നല്ല വിഷമായി. എന്നാൽ പാറുവിന്റെ ആ നിൽപ്പു ബാലുവിൽ ഒരു പുഞ്ചിരിയാണ് വിരിയിച്ചത്.
“നീരു വച്ചോ കയ്യിൽ” ചോദ്യം ഗോപന്റെയായിരുന്നു.
“ചെറുതായി… ഞാൻ മുറിവെണ്ണ പുരട്ടി കൊടുത്തിട്ടുണ്ട്. ഇനി കുറയും” ഗോപനും അച്ചന്മാരും വരുന്നതു കണ്ടു മീനാക്ഷി ഇരുനിടത്തു നിന്നു എഴുനേറ്റു കൊണ്ടു പറഞ്ഞു.
എല്ലാവരും ഒരുമിച്ചു ചായയും കുടിച്ചു.
രാധാകൃഷ്ണനും ഉണ്ണിയും ബാലുവും പോകാനായി ഇറങ്ങി. ഇത്തവണ ബാലു ആ വീടിന്റെ പടികൾ ഇറങ്ങുന്നത് നിറഞ്ഞ മനസോടെയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇവിടെ വന്നുപോകുമ്പോൾ മനസ്സിന്റെയുള്ളിൽ എന്നും ഒരു വിങ്ങൽ ഉണ്ടാകുമായിരുന്നു.
ആ മനസ്സിന്റെ വിങ്ങൽ വേദനയായി കണ്ണുകളെ കണ്ണീരാൽ പുൽകാറുണ്ടായിരുന്നു. ഇന്ന്…. ഇന്നായിരിക്കാം ജീവിതത്തിലാദ്യമായി താൻ ഏറ്റവും സന്തോഷിച്ച ദിവസം.
രാധാകൃഷ്‌ണൻ പറഞ്ഞ ഏറ്റവും വിലമതിക്കുന്ന സ്വത്തു ഒരു അച്ഛന്റെ സ്ഥാനവും ഒരു സഹോദരിയുടെ സ്ഥാനവും തനിക്കു വച്ചു നീട്ടിയതായിരുന്നു.
അതുവഴി തന്നിലേക്ക് വന്നു ചേർന്ന തന്റെ ജീവന്റെ തന്നെ ഭാഗമായ പെണ്ണിന്റെ സ്നേഹവും.
അതിലും വലുതായി വിലമതിക്കുന്ന ഒന്നും തന്നെ ഈ ഭൂമിയിൽ തനിക്കായി ഇല്ലെന്നു അവൻ ഓർത്തു.
കുറെയധികം ആലോചനകൾ ഒരേ നിമിഷത്തിൽ വന്നു ചേർന്നതിനാൽ കണ്ണിൽ നീർമണികൾ പൊടിഞ്ഞു.
ഉണ്ണി ബാലുവിന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അവൻ തിരികെ അവളെ തോളോട് ചേർത്തു മറ്റുള്ളവരോട് യാത്ര പറഞ്ഞു നടന്നു.
പാറു കണ്ണുകളാൽ യാത്ര പറയാനും മറന്നില്ല. കണ്ണിൽ നിന്നും മായും വരെ പാറു ഉമ്മറത്തു അവരുടെ പോക്ക് നോക്കി നിന്നു കണ്ടു.
ഒപ്പം ഗോപനും അവളെ തോളോട് ചേർത്തു നിർത്തി കൂടെ ഉണ്ടായിരുന്നു. പാറു മെല്ലെ ഗോപന്റെ നെഞ്ചിൽ തല ചായ്ച്ചു.
പിന്നീട് കല്യാണ തിരക്കുകളിലേക്കു വഴുതി വീഴാൻ തുടങ്ങിയിരുന്നു എല്ലാവരും. പുതിയ വസ്ത്രങ്ങൾ എടുക്കുവാനും താലിയും മാലയും സെലക്ട് ചെയ്യുവാനും കല്യാണകത്തു എഴുതി ക്ഷണിക്കുവാനും അങ്ങനെയങ്ങനെ ഒരുപാടു പണികൾ ഉണ്ടായിരുന്നു.
ഇടക്ക് ഹർഷൻ തന്നെ അനന്തുവിനെ വിളിച്ചു തങ്ങളിൽ ഒരാളായി എല്ലാകാര്യങ്ങളും ഏല്പിക്കുവാൻ തുടങ്ങിയിരുന്നു. എല്ലാവരെയും അതൊരു അതിശയത്തിലേക്കും അതുവഴി വലിയൊരു സന്തോഷത്തിലേക്കും നയിച്ചിരുന്നു.
ബാലുവും ഉണ്ണിയും മാത്രമുള്ള അവന്റെ ലോകത്തേക്കാണ് അനന്തുവിനെയും കൂടെ കൂട്ടുന്നത്.
അനന്തു അവരിൽ ഒരാളായി തന്നെ എല്ലാത്തിലും സഹകരിച്ചു പോന്നു. അനന്തുവും കൂടെയുണ്ടെന്നു കേൾക്കുന്നത് യാമിക്കും സന്തോഷം തന്നെയായിരുന്നു.
ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഹർഷനുമായി തിരികെ വീട്ടിലേക്കു പോകുവായിരുന്നു ഉണ്ണി. അന്ന് എന്തുകൊണ്ടോ ഹർഷൻ ചിന്തയിലാണ്ട് ഇരിക്കുന്നത് കണ്ടു.
കുറച്ചു നേരം ഉണ്ണി പുറം കാഴ്ചയിലേക്കു ശ്രദ്ധ തിരിച്ചെങ്കിലും ഹർഷന്റെ മൗനത്തിന്റെ കാരണം അറിയാനായി അവനെ ഇടക്ക് ഇടക്ക് നോക്കിയെങ്കിലും അവൻ അവളെ ശ്രദ്ധിച്ചില്ല.
പതിയെ ഉണ്ണിതന്നെ എന്നത്തേയും പോലെ മൗനം വെടിഞ്ഞു.
“എന്തു പറ്റി ഹർഷാ…. എന്താ ആലോചിക്കുന്നെ” ഉണ്ണി ഹർഷനോട് ചോദിക്കുന്നതിനൊപ്പം തന്റെ കൈകൾ ഗിയറിൽ വച്ചിരുന്ന ഹർഷന്റെ കൈകളിൽ പൊതിഞ്ഞിരുന്നു.
അവൻ തിരിഞ്ഞു ഒന്നു നോക്കി.
നോവാർന്ന ചിരിയോടെ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി. പിന്നീട് ഉണ്ണിയൊന്നും ചോദിച്ചില്ലെങ്കിലും ഹർഷന്റെ കൈകളെ പൊതിഞ്ഞ അവളുടെ കൈകൾ അവൾ എടുത്തിരുന്നില്ല.
പതിവുപോലെ തന്നെ ചെമ്മീൻ കെട്ടിനരികിലായി കാർ നിർത്തി. ഹർഷൻ ഇറങ്ങി ഒപ്പം ഉണ്ണിയും. അവർ സ്ഥിരമായി ഇരിക്കാറുള്ള അവരുടെ സ്ഥലത്തു ഇരുന്നു.
ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് മിഴികൾ ദൂരേക്ക് പായിച്ചു വല്ലാത്ത ചിന്താ ഭാരത്തോടെ ഇരിക്കുന്ന ഹർഷനെ കണ്ടു ഉണ്ണി ചെറുതായൊന്നു വേവലാതിപ്പെട്ടു.
അവന്റെ കണ്ണുകളിൽ എന്തെല്ലാമോ വേവലാതികൾ അല തല്ലുന്നപോലെ….
“ഞാൻ അനന്തുവുമായി സംസാരിക്കട്ടെ…. അവനോടു ഒരു പ്രൊപ്പോസലായി വീട്ടുകാരെ കൂട്ടി വരുവാൻ പറയട്ടെ”
ഹർഷൻ ഉണ്ണിയുടെ മുഖത്തു നോക്കാതെ തന്നെ ചോദിച്ചു. ഉണ്ണിക്ക് ഒരുവേള മനസിൽ വല്ലാത്ത സന്തോഷം തോന്നി.
അതിനു കാരണം അനന്തുവുമായുള്ള പ്രൊപ്പോസൽ ഹർഷൻ മനസ്സാൽ അംഗീകരിച്ചത് കൊണ്ടായിരുന്നു.
തന്നിൽ നിന്നും അകലാൻ തന്നെയുള്ള അവന്റെയ തീരുമാനം കൊണ്ടായിരുന്നു. താനും ഇതുതന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. ഹർഷനായി തന്നെ പറയുവാൻ.
“അതെന്താ…. ഹർഷാ… പെട്ടന്ന് ഇങ്ങനെയൊരു തീരുമാനം” ഉള്ളിലെ സന്തോഷം മറച്ചു വെച്ചുകൊണ്ട് തന്നെ ഉണ്ണിമായ അവനോടു ചോദിച്ചു.
മറുപടിയൊന്നും വന്നില്ല. അവന്റെ ദൃഷ്ട്ടി ദൂരേക്ക് തന്നെയായിരുന്നു. എന്തിനോ വ്യഗ്രത പൂണ്ട ഒരു മനസ്സായിരുന്നു അവന്റേത്.
ഉണ്ണിമായ കുറച്ചു നിമിഷം സാകൂതം അവനെ നോക്കിയിരുന്നു. പെട്ടന്ന് അവൻ തിരിഞ്ഞു ഉണ്ണിമായയെ നോക്കി.
അവന്റെ കണ്ണുകളിലെ ചുവപ്പു അവളിൽ ഒരു ഭീതിയുണർത്തി. പോയകാല സ്മരണകൾ മുഴുവൻ ഒരു നിമിഷം അവൾ മുന്നിൽ ഒരു ദൃശ്യമെന്നോണം കണ്ടു.
“ഹർഷാ…” അവൾ പേടിയോടെയാണെങ്കിലും അവനെ തോളിൽ പിടിച്ചുണർത്തി.
“ഞാൻ… ഞാൻ ഇപ്പൊ പറഞ്ഞതു പോലെ ചെയ്‌തോ…. അല്ലെങ്കി ചിലപ്പോ നിന്നെ …. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല….
നീയെന്നെ വിട്ടു പോകാനും ഞാൻ സമ്മതിക്കില്ല…” ഹർഷൻ പുലമ്പുന്നത് ഒരു ഉൾകിടിലത്തോടെയാണ് ഉണ്ണിമായയുടെ കാതുകളിൽ പതിച്ചത്.
“ഹർഷൻ… ഹർഷൻ പഴയതുപോലെ ആകുമോ…
നീയെന്നെ വിട്ടു പോകുവോ…. ” ഉണ്ണിമായയെ ഇറുകെ പുൽകി അവളുടെ തോളിൽ മുഖം ചേർത്തു കണ്ണീരോടെ അവൻ പിറു പിറുത്തുകൊണ്ടിരുന്നു.
താൻ എന്താണോ ഭയന്നതു അതു സംഭവിക്കാൻ പോകുന്നുവെന്ന് ഉണ്ണിയുടെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു.
അവൾ പതിയെ അവന്റെ മുടികളിൽ തഴുകി. ഒരു കൈകൊണ്ടു തോളിൽ തട്ടുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു.
“ഞാൻ എങ്ങും പോകില്ല ഹർഷാ… കൂടെയുണ്ടാകും… വിഷമിക്കാതെ… ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഹർഷാ.”
“ഉം”
“യാമിയോട് നീയെല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടോ”
“പറഞ്ഞു”
“എല്ലാം”
“എല്ലാം”
“ഉം”
കുറച്ചു നേരം കൂടി അവർ ആ ഇരുപ്പ് അവിടെ ഇരുന്നു. വ്യത പൂണ്ട മനസ്സുമായി ഉണ്ണിമായ ഹർഷന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ടു.
ഓഫീസിൽ നിന്നും ഇറങ്ങും മുന്നേ പാറുവിന്റെ പതിവ് മെസ്സേജ് കണ്ടില്ലലോ എന്നാലോചിച്ചു കൊണ്ടു ബാലു ഫോൺ എടുത്തുനോക്കി. വാട്സാപ്പിൽ പ്രതീക്ഷിക്കാത്ത ഒരാളുടെ നമ്പറിൽ നിന്നും ഓഡിയോ മെസ്സേജ്.
ബാലു അതെടുത്തു കേൾക്കുംതോറും മുഖം ദേഷ്യം മൂലം വലിഞ്ഞു മുറുകി….
അതേ മെസേജ് ഗോപനും ഹർഷനും ഫോർവേഡ് ചെയ്തു കാറ്റുപോലെഓഫീസിൽ നിന്നും പുറത്തേക്കു പോയി.
തുടരും…..
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.