നിഴലായ് മാത്രം : ഭാഗം 14
നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്
ഇതേ സമയം തന്റെ മനസ്സിൽ ചേക്കേറിയ പാർവതി ദേവിയായ…തന്റെ പാറുവിന്റെ ഓർമകൾ എന്നേക്കുമായി മനസ്സിന്റെ പടി കടത്താൻ വിഫലശ്രമം നടത്തുകയായിരുന്നു ബാലു… തനിക്കു ഒരിക്കലും അതിനു കഴിയില്ലെന്ന് അറിഞ്ഞിട്ടും…!!
നിശ്ചയ ദിവസം വന്നെത്തി…… ഉണ്ണിമായ നേരത്തെ എഴുനേറ്റു കുളിയൊക്കെ നടത്തി സാരിയുടുത്തു… കോളേജിൽ സാരി ഉടുത്തു പോകുന്നതുകൊണ്ടു എളുപ്പം ഒരുങ്ങി ഇറങ്ങി. പൂ മാത്രം വച്ചിരുന്നില്ല.
അവൾ നേരെ പൂങ്കുന്നതെക്കു വച്ചു പിടിച്ചു. അവിടെ ചെല്ലുമ്പോൾ എല്ലാവരും ചായ കുടിക്കുകയായിരുന്നു. ഉണ്ണിയും കൂടി. ഉണ്ണിമായ മീനാക്ഷിയുടെ അടുത്തു തന്നെ ഇരുന്നു. മീനാക്ഷി പാറുവിനു പുട്ടും കടലയും വാരി കൊടുക്കുന്നുണ്ടായിരുന്നു. അവരുടെ ഒപ്പം ഉണ്ണിമായയും കൂടി.
മൂന്നുപേരും ചിരിച്ചും സൊറ പറഞ്ഞും അവരുടെ ലോകത്തു ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒരു ചിരിയോട മറ്റുള്ളവർ നോക്കി കണ്ടു.
ഹർഷൻ മതിയാക്കി എഴുന്നേൽക്കുന്നത് കണ്ടു ഉണ്ണിമായ അവനെ കളിയാക്കാൻ തുടങ്ങി.
“ഡാ. ചെറുക്ക… വേണമെങ്കിൽ വയർ നിറയെ കഴിച്ചോ. നിശ്ചയം കഴിഞ്ഞാലും ഫോട്ടോ എടുപ്പും ബന്ധുക്കളുടെ പരിചയപെടലും കഴിഞ്ഞു വരുമ്പോൾ ഒരു നേരമാകും. വിശന്നിരിക്കേണ്ടി വരും… ഞങ്ങൾ കൂടെ കാണില്ല. ഞങ്ങൾക്ക് വിശന്നാൽ പോയി കഴിക്കും…”
ഹർഷൻ പക്ഷേ എഴുനേറ്റു വന്നു പാറുവിനെ തിക്കി നീക്കി ഇരുത്തി അവനും ഇടയിൽ കയറി ഇരുന്നു മീനാക്ഷിക്കു നേരെ വായ് തുറന്നുകാട്ടി. മീനാക്ഷി ചിരിയോടെ അവനും പുട്ടും കടലയും വായിൽ വച്ചുകൊടുത്തു.
“ആഹാ…എന്ന ഞാനും കൂടി…” ഗോപനും വിട്ടുകൊടുക്കാൻ പോയില്ല. അവനും എഴുനേറ്റു അവരുടെ അടുത്തേക്ക് ചെന്നു.
“അമ്പാടി ഇവരേക്കാൾ എത്രയോ ഭേദമാണ്… ആ കുട്ടിയെ കൊണ്ടു ഒന്നും കഴിപ്പികരുത്” ശാസനയോടെ ജാനകി അമ്മ പറയുമ്പോഴും സന്തോഷം അവരുടെ കണ്ണുകളിൽ കാണാമായിരുന്നു.
ഹർഷൻ ഒരുങ്ങി കണ്ണാടിയുടെ മുൻപിൽ നിൽക്കുവായിരുന്നു. അവിടേക്ക് പാറുവും ഉണ്ണിമായയും വന്നു.
“ഇപ്പൊ കണ്ടാൽ ഒരു കല്യാണ ചെക്കന്റെ ലുക്ക് വന്നിട്ടുണ്ട്…അടിപൊളി” പാറു പറഞ്ഞുകൊണ്ട് കയ്യിൽ കരുതിയ ചന്ദനം ഹർഷന്റെ നെറ്റിയിൽ തൊട്ടുകൊടുത്തു.
ഹർഷൻ എങ്ങനെയുണ്ടെന്ന രീതിയിൽ ഉണ്ണിമായയോട് കണ്ണുകൾകൊണ്ടു ചോദിച്ചു.
“ഉം…അടിപൊളി”
“ഓഹ്… അവിടെ നിന്നും പറഞ്ഞാൽ അല്ലെ ഏട്ടന് തൃപ്തിയാകു” പാറു ചുണ്ടുകൾ കോട്ടി പരിഭവം പറഞ്ഞു.
“പൊടി കുശുമ്പി പാറു” ഹർഷൻ വേദനിപ്പിക്കാതെ അവളുടെ ചെവിയിൽ പിടിച്ചു.
“അതേ…കുഞ്ഞേടത്തി വരുന്നതുവരെ ഉള്ളു ഈ ചോദ്യവും പറച്ചിലും…പിന്നെയൊക്കെ ഭാര്യ പറയുന്നതിലെ അവനു പൂർണ്ണത ഉണ്ടാകു” ഉണ്ണിമായ പറഞ്ഞു തീർന്നതും ഹർഷന്റെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നതാണ് കണ്ടത്.
“യ്യോ…നീ ഇങ്ങനെ കവിൾ വീർപ്പിക്കണ്ട… ഞാൻ ഒന്ന് തമശിച്ചതാ” ഉണ്ണിമായ ചിരിപ്പിക്കാൻ ഒരു ശ്രമം നടത്തി. ഹർഷൻ പെട്ടന്ന് കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു നിന്നു…
വല്ല കാര്യോം ഉണ്ടായോ…എന്നരീതിയിൽ പാറു കൈ നിവർത്തി ഉണ്ണിയോട് ചോദിച്ചു.
സമാധാനിപ്പിക്കാം എന്ന രീതിയിൽ ഉണ്ണിമായ കണ്ണുകൾ അടച്ചു കാണിച്ചു.
“അല്ല ഹർഷാ… നീയെന്താ താടി സെറ്റ് ചെയ്യാതെ… ഇതു ഭംഗി കുറവ് തോന്നുന്നു”
ഹർഷൻ ഒന്നുകൂടെ കണ്ണാടിയിൽ താടി ശരിക്കും നോക്കി…
“ആണല്ലേ…ആ പേട്ട ചെക്കൻ ബാലുവിനോട് പറഞ്ഞതാ…വന്നില്ല ”
“നിങ്ങൾ ഇവിടെ എന്തെടുത്തു നിൽക്കുവാ…സമയമായി പിള്ളേരെ വേഗം വായോ” മീനാക്ഷി വന്നു വിളിച്ചു.
പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ ആയിരുന്നു ഹർഷൻ ഉണ്ണിമായയുടെ മുടി ശ്രദ്ധിച്ചത്…
“ഉണ്ണി…നീയെന്താ പൂ വയ്ക്കാതെ…”
അപ്പോഴാ അവളും ശ്രദ്ധിച്ചത്….
“ചേച്ചിയുടെ തലയിൽ വയ്ക്കണം എങ്കിൽ ഒരു പത്തു മുഴം എങ്കിലും വേണ്ടി വരും…”
“കണ്ണു വയ്ക്കാതെ കുശുമ്പി പാറുവേ… പൂ കൂടി വച്ചിട്ട് ഇറങ്ങിയാൽ മതി” ഹർഷൻ തറപ്പിച്ചു പറഞ്ഞു.
“ഏട്ടാ… ഇനി ചേടത്തിക്കു കൊണ്ടുപോവാനുള്ള പൂ മാത്രമേയുള്ളു… കുറവായിരുന്നു കിട്ടിയത്”
“എങ്കിൽ അതിൽ നിന്നും എടുക്കു…ഒരു ഉണ്ട പൂ ഉണ്ടല്ലോ”
“എന്റെ ഹർഷാ..നീയിതു എന്തൊക്കെയ പറയുന്നേ… അതിൽ നിന്നും എടുക്കുവാനോ.. പൂ വച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല… ഞാൻ ബാലുവിനോട് പറഞ്ഞിട്ടുണ്ട് പൂ കൊണ്ടുവരണമെന്ന്….നീ വന്നേ”
“എന്നാലും…” ഹർഷൻ പിന്നെയും സംശയിച്ചു നിന്നു.
പാറു അവന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് താഴേക്കു ഇറങ്ങി. പുറകിൽ ഉണ്ണിമായയും.
പൂമുഖത്തേക്കു ഇറങ്ങിയപ്പോഴേക്കും എല്ലാവരും റെഡി ആയിരുന്നു. കൂടെ വരാനുള്ള ബന്ധുക്കൾ എല്ലാം ഒരു ടൂറിസ്റ്റ് ബസിൽ കയറിയിരുന്നു. ഗോപന്റെ കാറിൽ അച്ഛനും അമ്മയും മീനാക്ഷിയും കൂടി കയറാൻ തീരുമാനമായി.
വാതിൽ പൂട്ടി ഇറങ്ങാൻ തുടങ്ങിയപ്പോൾ ഒരു ബെൻസ് കാർ മുറ്റത്തു വന്നു നിന്നു…. ആരാണെന്നു നോക്കെ
“അനന്തു..” ഉണ്ണിയുടെ കണ്ണുകളിലെ പതിവില്ലാത്ത തിളക്കം ഹർഷൻ നോക്കി കണ്ടു.
“ഞാൻ നേരം വൈകിയോ..”
അനന്തുവിന് ഒപ്പം ബാലുവും ഇറങ്ങുന്നത് കണ്ടു എല്ലാവരും ഒന്നു അതിശയിച്ചു. ബാലുവിന്റെ കയ്യിൽ ഒരു പൊതി കൂടി ഉണ്ടായിരുന്നു
“മോൻ കൃത്യ സമയത്തു തന്നെയാ… അല്ല ഇവനെ എവിടെനിന്നും കിട്ടിയത” ജാനാകിയമ്മ അനന്തുവിന്റെ കൈകളിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
ബാലു ചിരിച്ചുകൊണ്ട് പൊതി ഉണ്ണിയുടെ കൈകളിൽ കൊടുത്തു. ഉണ്ണിമായ അതു തുറന്നു. ഒരു ഉണ്ട മുല്ല പൂ…
“കിട്ടിയല്ലേ…” ഉണ്ണി സന്തോഷത്തോടെ പൊതി തുറന്നു മുല്ല മാല ഭംഗിയിൽ മുടിയിൽ വയ്ക്കാൻ തുടങ്ങി.
“അമ്മക്ക് എന്നെ മനസ്സിലായോ” അനന്തു അതിശയം വിടാതെ ജാനാകിയോട് ചോദിച്ചു.
“മോനെ കണ്ടില്ലെങ്കിലും കണ്ടപോലെ പറഞ്ഞു തന്നിരുന്നു മോനെ കുറിച്ചു” ജാനകി പറഞ്ഞു കൊണ്ട് മീനാക്ഷിയെയും പാറുവിനെയും നോക്കി.
അനന്തു അവർക്കുനേരെ സന്തോഷത്തോടെ പുഞ്ചിരി നൽകി.
“കാന്തരിയെന്താ മിണ്ടാതെ നിൽക്കുന്നെ…”
“ഇപ്പൊ തുടങ്ങിയാൽ പിന്നെ നിർത്തില്ല.. നമുക്ക് ആദ്യം ഇവിടെ നിന്നും ഇറങ്ങിയിട്ടു തുടങ്ങാന്നെ”
അച്ഛനും അമ്മയും ഗോപേട്ടന്റെ കാറിൽ കയറിയപ്പോൾ രാധാകൃഷ്ണനും ബാലുവും അനന്തുവിന്റെ കാറിലും കയറാൻ തീരുമാനിച്ചു. ഹർഷന്റെ കൂടെ പാറുവും ഉണ്ണിമായയും.
നിശ്ചയം ആയതിനാൽ അടുത്ത ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിൽ തന്നെയായിരുന്നു. സ്റ്റേജിൽ ഹർഷനൊപ്പം യാമിയും വന്നു നിന്നു. യാമിയെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വളരെ സിംപിൾ ആയി ഒരുങ്ങിയിരുന്നു. ഹർഷനും അതു തന്നെയാണ് ഇഷ്ടവും.
ഹർഷൻ യാമിയുടെ കൈ വിരലിൽ മോതിരം അണിയിച്ചുകൊണ്ടു യാമിയെ പാതി സ്വന്തമാക്കി.
യാമി വിജയ ചിരിയോടെ ഉണ്ണിമായയുടെ നേർക്കായിരുന്നു ആദ്യ നോട്ടം തൊടുത്തു വിട്ടത്. അതു മനസിലാക്കി ഉണ്ണിമായ തിരിച്ചും അവളോട് പുഞ്ചിരിച്ചു. പാറു ഒരു പുടവ കൊടുക്കുകയും ജാനാകിയമ്മ ഒരു വള യാമിയുടെ കൈകളിൽ ഇട്ടു കൊടുക്കുകയും ചെയ്തു.
പിന്നെ അവിടെ നിന്നും ഫോട്ടോഗ്രാഫർമാരുടെ ബഹളമയമായിരുന്നു. ഓരോ ബന്ധുക്കൾ വന്നു പരിചയപ്പെടുന്നു കൂടെ നിന്നു ഫോട്ടോ എടുക്കുന്നു… അങ്ങനെ ….അങ്ങനെ…
അനന്തുവും ബാലുവും ഉണ്ണിമായയും പാറുവും കൂടി കത്തി വെച്ചു സമയം കളഞ്ഞു കൊണ്ടിരുന്നു.
പാറു ബാലുവിനെ ഒരു നോട്ടം കൊണ്ടുപോലും ശ്രദ്ധിച്ചില്ല. ബാലുവും അതു തന്നെ ആലോചിച്ചിരുന്നു. എന്തോ വല്ലാത്ത ഹൃദയ നീറ്റൽ അവനു തോന്നി. അവൻ തന്നെ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
അവരുടെ കൂട്ടത്തിലേക്കു അന്ന് ഷോപ്പിൽ വച്ചു കണ്ട സുന്ദരനായ ചെറുപ്പക്കാരൻ വന്നു. പാറുവിനു അവനെ കണ്ടപ്പോൾ തന്നെ മനസിലായി.
എങ്കിലും മുഖം കറുപ്പിച്ചു ഒന്നും പറയാൻ പോയില്ല. ബാലു ഇരുന്നതുകൊണ്ടു അവനെ ഒന്നു ചൂടുപിടിപ്പിക്കാമെന്നു കരുതി നല്ല ചിരി സമ്മാനിച്ചുകൊണ്ടു സംസാരിക്കാൻ തുടങ്ങി.
“ഹായ്” പാറു തന്നെ തുടങ്ങി.
“ഹായ് പാറു…അപ്പൊ എന്നെ ഓർമയുണ്ട് അല്ലെ”
പാറു നല്ല രീതിയിൽ പല്ലു കാണിച്ചു ചിരിച്ചു.
“ഞാൻ ശ്രീ… ശ്രീരാജ്…എല്ലാവരും ശ്രീ എന്ന വിളിക്കുന്നെ….. അനന്തു അല്ലെ… ഇതു ഉണ്ണിമായ അല്ലെ…. യാമിയുടെ കയ്യിൽ ഫോട്ടോസ് കണ്ടിട്ടുണ്ട്…ഇത്…”
ബാലുവിനെ സംശയത്തോടെ നോക്കി… ഓർമ കിട്ടാത്ത പോലെ…
“ബാലു…” പാറു തന്നെ പറഞ്ഞു…
“എസ്..എസ്…നിങ്ങളുടെ കൂട്ടത്തിലെ പൊട്ടൻ..”
അനന്തുവിന്റെയും ഉണ്ണിമായയുടെയും മുഖം പെട്ടന്ന് മങ്ങി… ബാലു മാത്രം യാതൊരു ഭാവഭേദം ഇല്ലാതെ കൈകൾ നീട്ടി അഭിവാദ്യം ചെയ്തു.
“ഉണ്ണി… നമുക്ക് എന്നാൽ പോയാലോ… അച്ഛനോട് പറഞ്ഞിട്ടു വരു…നീയും വരുന്നുണ്ടോ ബാലു”
അനന്തു പെട്ടന്ന് എഴുനേറ്റു പറഞ്ഞു. ശ്രീരാജിന്റെ അടുത്തു സംസാരിക്കാൻ ഒട്ടും താല്പര്യം കാണിച്ചില്ല. ബാലുവിന്റെ കൈ പിടിച്ചു ഉണ്ണിയും എഴുനേറ്റു.
“അല്ല.. സംസാരിക്കാൻ വന്നപ്പോഴേക്കും നിങ്ങൾ എവിടെ പോകുന്നു”
“ഞങ്ങൾക്കു അത്യാവശ്യമായി പുറത്തേക്കു പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പൊ ശരി. തനിക്കു കമ്പനി പാറു തരും”
അനന്തു പറഞ്ഞു കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി. ഒപ്പം ഉണ്ണിമായയും. പാറുവിന്റെ മുഖത്തേക്കു ബാലു ഒന്നു നോക്കി. “എന്നെ കൂടെ കൊണ്ടുപോകോ” എന്നൊരു ഭാവം അവളിൽ നിന്നും അവൻ വായിച്ചു. പക്ഷെ അവളെ നോക്കി ചിരിച്ചുകൊണ്ട് നിങ്ങൾ നല്ല ജോഡിയാണെന്നു പറഞ്ഞു കൊണ്ട് അവനും ഉണ്ണിയുടെ കൂടെപോയി.
ബാലുവിന്റെ ഭാഷ ശ്രീരാജിന് മനസിലായില്ല. അവൻ പാറുവിനോട് ചോദിച്ചു.
“ആ പൊട്ടൻ എന്താ പറഞ്ഞേ… എനിക്കൊന്നും മനസിലായില്ല”
അവന്റെ ചോദ്യം പാറുവിൽ ദേഷ്യം ഇരട്ടിച്ചു. അവൾ ഒന്നും മിണ്ടാതെ തല തിരിച്ചു പോയി. കണ്ണിൽ നീരുറവ പൊട്ടി തുടങ്ങിയിരുന്നു.
ഹർഷനു ശരിക്കും മടുത്തിരുന്നു. ബന്ധുക്കളും ഫോട്ടോയും ചൂടും എല്ലാം കൂടെ വട്ടു പിടിക്കുംപോലെ. ഉണ്ണിയെ തിരഞ്ഞെങ്കിലും അവിടെയൊന്നും കണ്ടതുമില്ല.
ഭക്ഷണം കഴികാനായി ഇരുന്നപ്പോഴും ഉണ്ണിയെ കാണാൻ ഇല്ല.
“പാറു… ഉണ്ണി എവിടെ”
“ഏട്ടാ… ഉണ്ണിയേച്ചിയും അനന്തുവേട്ടനും ബാലുവും കൂടെ പുറത്തേക്കു പോയി.. ഇവിടെ ഇനി വേറെ പ്രത്യേകിച്ചു ചടങ്ങു ഒന്നുമില്ലലോ”
ഹർഷൻ പരമാവധി ദേഷ്യം നിയന്ത്രിച്ചുകൊണ്ടു ഭക്ഷണത്തിന് മുൻപിൽ നിന്നും എഴുനേറ്റു. ഒന്നും കഴിക്കാതെ… ആരു പറഞ്ഞിട്ടും നിൽക്കാതെ…
യാമിയുടെ മുഖം വല്ലാതായി…രംഗം ശാന്തമാക്കാൻ ഗോപൻ ഇടപെട്ടു. ആരും പിന്നെ ചോദ്യങ്ങളുമായി വന്നില്ല.
ഹർഷൻ മുഷ്ടി ചുരുട്ടി തന്റെ തുടയിൽ ദേഷ്യത്തിൽ ഇടിച്ചു… “അനന്തു…..!”
തുടരും…..
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.