Saturday, April 20, 2024
Novel

മരുമക്കൾ : ഭാഗം 4

Spread the love

നോവൽ
എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

തന്റെ കാലിൽ വീണു പൊട്ടിക്കരയുന്ന സൗമ്യയെ രാജേഷ് തിരിഞ്ഞു നോക്കിയില്ല….
കാരണം അതവളുടെ പതിനെട്ടാമത്തെ അടവാണെന്നു അവനറിയാം…

എന്നാൽ അതു കണ്ട രാക്കിയമ്മക്കു അധികസമയം പിടിച്ചു നിക്കാൻ പറ്റിയില്ല….

അവർ തന്നെ മുന്നോട്ടു ചെന്നു അവളെ പിടിച്ചെഴുന്നേൽപിച്ചു…

“എന്തൊക്കെയാ രാജേഷേ നി പറയുന്നേ… എന്തു ചെയ്താലും ഇവൾ നിന്റെ ഭാര്യ മാത്രമല്ല നിന്റെ മോന്റെ അമ്മ കൂടിയാണ്.. അതു നി മറക്കരുത് കേട്ടോ…

നിങ്ങടെ അച്ഛൻ ഉള്ള കാലത്തോളം എന്നോട് പറയാറുണ്ട് കഷ്ടമാണെങ്കിലും ദുഃഖമാണെങ്കിലും ഒരു പെണ്ണ് ഒരാണിന്റെ കൂടെയും ഒരാണ് ഒരു പെണ്ണിന്റെ കൂടെയും മാത്രമേ ജീവിക്കാൻ പാടുള്ളൂ എന്നു… അതൊന്നും നിങ്ങൾ ഇന്നത്തെ കുട്ടികൾക്കു മനസ്സിലാകില്ല….”

അവർ നിന്നു കിതച്ചു…

മോനെ ഉറക്കി അങ്ങോട്ടു വന്ന മാലിനി അവിടെ നടക്കുന്നതൊക്കെ കണ്ടു അദ്‌ഭുതപ്പെട്ടു നിൽക്കുകയായിരുന്നു…

അപ്പോഴും കരഞ്ഞു കൊണ്ട് നിൽക്കുകയായിരുന്ന സൗമ്യയുടെ അഭിനയം കണ്ട രാക്കിയമ്മക്കു ഒഴികെ ആർക്കും ഒരു തരിമ്പു പോലും സങ്കടം വന്നില്ലെന്നു മാത്രമല്ല എസ്ഐയും കൊണ്സ്റ്റബിൾസും മുഖത്തോടു മുഖം നോക്കി ചിരിക്കുകയും ചെയ്തു….

“അപ്പോൾ സൗമ്യേ, എന്തു വേണം?? രാജേഷ് പറയുന്നപോലെ കേസ് എടുക്കണോ… അല്ല സൗമ്യയുടെ ആവശ്യവും അതായിരുന്നല്ലോ…”

“വേണ്ട സാർ… എനിക്ക് പരാതിയില്ല….”

സൗമ്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…

ഒരു ചിരിയോടെ പൊലീസുകാർ പുറത്തേക്കിറങ്ങി… പിന്നാലെ എസ്‌ഐ വിളിച്ചപ്പോൾ രാജേഷും…

“എടോ… തന്റെ ഭാര്യ പറഞ്ഞതു മുഴുവൻ നുണയാണെന്നു ഞങ്ങൾക്ക് സ്റ്റേഷനിൽ വെച്ചുതന്നെ മനസ്സിലായിരുന്നു… റിയാസ് എല്ലാം പറഞ്ഞിരുന്നു… പക്ഷെ ഒരു എൻകൊയറിക്കായി ഞങ്ങൾ വന്നുന്നെ ഉള്ളൂ…

പിന്നെ താൻ പറഞ്ഞതോക്കെ സത്യമാടോ… പല സ്ഥലങ്ങളിലും അമ്മക്കും ഭാര്യക്കും ഇടയിൽ ഞെരുങ്ങി ജീവിക്കുന്ന ആണുങ്ങൾ ഉണ്ട്… ഒന്നും നാണക്കേട് ഭയന്ന് പലരും പുറത്ത് പറയുന്നില്ലെന്നേയുള്ളൂ….

തന്റെ അമ്മ പറഞ്ഞപോലെ , ഇത്രയും കഷ്ടപ്പെട്ടു അവളുടെ കൂടെ ജീവിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല… അതൊക്കെ പഴയ ആളുകളുടെ ഓരോ വിശ്വാസമാണ്… ജീവിതം ഒന്നേയുള്ളൂ…

അതു സമാധാനത്തിൽ വേണമെന്ന് ആരും ആഗ്രഹിക്കും…പക്ഷെ എന്തു തീരുമാനം എടുക്കുന്നതിനു മുന്പേയും കുട്ടിയുടെ കാര്യം ആദ്യം ആലോചിക്കുക….

കാരണം ഒരു കുറവുമില്ലാതെ കുട്ടികളെ വളർത്താൻ കഴിവുള്ള ഒരുപാട് പേർ കുട്ടികളില്ലാതെ വിഷമിക്കുന്നുണ്ട് ഈ നാട്ടിൽ… അതോർക്കുക….”

അവൻ എസ്‌ഐ പറഞ്ഞതു തലയാട്ടി കേട്ടു…

അവന്റെ തോളിൽ ആശ്വസിപ്പിക്കുന്ന പോലെ ഒന്നു തട്ടിയിട്ട് അദ്ദേഹം ചെന്നു ജീപ്പിൽ കയറി….

അകത്തേക്ക് കയറിയപ്പോൾ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയിരുന്നു….

തങ്ങളുടെ മുറിയിൽ കൈകൾ മുട്ടുകാലിനോട് ചേർത്തു ഇരുന്നു കരയുന്ന സൗമ്യയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ വെറുപ്പ് നുരഞ്ഞു പൊന്തി… ഒന്നും മിണ്ടാതെ അവൻ മുകളിലെ വരാന്തയിൽ പോയിരുന്നു….

***********************

“നിങ്ങളുടെ അമ്മ തന്നെയാ മനുഷ്യാ അവൾക്ക് ഇത്രേം വളം വെച്ചുകൊടുത്തതു… അല്ലെങ്കിൽ ഇത്രേയുമൊക്കെ ഒപ്പിച്ചു വെച്ചിട്ടും അവളൊന്നു കരഞ്ഞു കാണിച്ചപ്പോഴേക്കും അതിൽ വീഴുമായിരുന്നോ… കഷ്ടം…”

മാലിനി ആത്മരോഷം കൊണ്ടു…

“എടോ, രാജേഷിന് ഇരുപത്തിരണ്ട് വയസ്സെ ഉണ്ടായിരുന്നുള്ളു അവളെ കൂട്ടിവരുമ്പോൾ… പിന്നെ അന്ന് മുതൽ ഈ വീട്ടിലെ എല്ലാ കാര്യങ്ങളും അവൾ തന്നെയാ ചെയ്തോണ്ടിരുന്നെ… ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല… പിന്നെ എപ്പോഴോ അവളുടെ സ്വഭാവം മാറി…”

“അതുതന്നെയാണ് ഞാനും പറഞ്ഞത്… അന്നേ അടക്കം കൊടുക്കണമായിരുന്നെന്നു… എന്നിട്ടിപ്പോൾ പറഞ്ഞിട്ടെന്തു കാര്യം…”

“താൻ പറയുന്നത് ശരിയാ… പക്ഷെ ….”

“എന്തു പക്ഷേ… ഒരു പക്ഷെയുമില്ല… ഇപ്പോഴും നിങ്ങളും രാകേഷും കൊടുക്കുന്ന പൈസ കൊണ്ടും അമ്മ ഈ പ്രായത്തിലും കണ്ടവരുടെ അടുക്കളയിൽ പോയി കഷ്ടപ്പെടുന്നതും കൊണ്ടാണു ഇവിടുത്തെ ചിലവ് നടക്കുന്നത്… അല്ലേ…

ഇന്നലെ അമ്മ രണ്ടു വലിയ കവർ നിറയെ സാധനങ്ങൾ കൊണ്ടു വന്നു…

അതൊക്കെ എവിടെയോ എടുത്തു പൂഴ്ത്തി വെച്ചു… ഇനി രണ്ടു ദിവസം കഴിഞ്ഞു അവളുടെ അമ്മ വന്നാൽ ഒക്കെയും വാരികെട്ടി കൊണ്ടുപോകും… എത്ര തവണ ഞാനെന്റെ കണ്ണ് കൊണ്ടു കണ്ടിരിക്കുന്നു…”

“ശരി… അതെന്തോ ആവട്ടെ… നി കിടക്കാൻ നോക്ക്… രാവിലെ പോണ്ടതാ…”

” രാജീവേട്ടൻ പൊയ്ക്കോ…ഞാൻ നാളെ ലീവ് ആണ്… ”

അയാൾ അവളെ ചോദ്യഭാവത്തിൽ നോക്കി…

“എന്റെ ഫ്രണ്ട് ലീനയെ ഒന്നു കാണാൻ പോകണം… അവൾ സുഖമില്ലാതിരിക്കുവല്ലേ…”

രണ്ടുപേരും കിടന്നു ഒരുറക്കത്തിലേക്ക് വഴുതി വീണപ്പോഴാണ് പുറത്താരുടെയോ ഉറക്കെയുള്ള ശബ്ദം കേട്ട് മാലിനി ഞെട്ടി എഴുന്നേറ്റത്… കാതോർത്തു നോക്കിയപ്പോൾ രാജേഷിന്റെ ശബ്ദമാണ് അതെന്ന് അവൾക്കു മനസ്സിലായി…

അവൾ ഉടനെ തന്നെ രാജീവിനെ വിളിച്ചുണർത്തി…
രണ്ടുപേരും വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ രാജേഷ് സൗമ്യയുടെ ഫോണിൽ ആരെയോ വഴക്ക് പറയുകയാണ്…അടുത്തു തന്നെ സൗമ്യയും ഉണ്ടായിരുന്നു…

“നിങ്ങളുടെ മോളേ ഞാൻ അവിടെ കൊണ്ടു വിടാത്തത് ഞാൻ അവളെ എന്റെ ഇഷ്ടത്തിന് കൂട്ടി വന്നത് കൊണ്ടു മാത്രമാണ്… ഇനിയും അധികം വിളച്ചിൽ ഇവളെടുത്താൽ സത്യമായിട്ടും ഇവളെ തല്ലിക്കൊന്ന് ഞാൻ ജയിലിൽ പോകും… പറഞ്ഞില്ലാന്ന് വേണ്ട…”

ഫോണ് കട്ടാക്കിയതും “അവളുടെ ഒരു ഫോണ്” എന്നും പറഞ്ഞു അവൻ ആ മൊബൈലിഫോണ് നിലത്തേക്ക് ആഞ്ഞെറിഞ്ഞു…

ഫോണ് തകർന്നു പലകഷണങ്ങളായി…

“എന്താടാ… എന്തായിത്… ഇതെനിയും കഴിഞ്ഞില്ലേ…”

“അതോ… ഇപ്പൊ ഇവിടെ നടന്നതൊക്കെ ഇവളുടെ അമ്മയെ വിളിച്ചു പറയുവാരുന്നു… ആ സ്ത്രീ ഒറ്റ ഒരുത്തിയാ ഉപദേശിച്ചു ഉപദേശിച്ചു ഇവളെ ഇത്രേം വഷളാക്കിയത്…

ഇപ്പോഴും അമ്മയോട് ഉപദേശം ചോദിക്കാൻ വന്നതാ… ഞാൻ ഇവിടിരിക്കുന്നത് ഇവൾ കണ്ടില്ല….”

“നിങ്ങൾ ഈ പാതിരായ്ക്ക് ഇവിടെ വന്നിരുന്നത് കാറ്റുകൊള്ളാനാണോ… അല്ലല്ലോ… ഏതവളോട് കൊഞ്ചാനാണ് വന്നിരിക്കുന്നതെന്നു ആർക്കറിയാം…”

നേരത്തെ പൊട്ടികരഞ്ഞ സൗമ്യ വീണ്ടും തന്റെ സ്വഭാവം പുറത്തെടുത്തു…

“അതേടീ ഞാൻ വന്നിരുന്നതു കൊഞ്ചാൻ തന്നെയാ…ഇപ്പൊ നിന്റെ തള്ളയോട് കൊഞ്ചിയത് നി കേട്ടില്ലേ… ”

“ഒന്നു നിർത്തുന്നുണ്ടോ രണ്ടാളും… ച്ചേ നാണക്കേട്… രാജേഷേ പോയി കിടന്നുറങ്ങാൻ നോക്ക്… സൗമ്യേ നീയും പോ…”

അത്രയും പറഞ്ഞു രാജീവ് മുറിയിലേക്ക് കയറി, പിന്നാലെ മാലിനിയും…

ഏട്ടന്റെ വാക്കു ധിക്കരിക്കാതത്തിനാൽ രാജേഷ് താഴേക്കിറങ്ങി പോയി…

എല്ലാം കൈവിട്ടു പോവുകയാണോ എന്ന ഭയത്താൽ സൗമ്യ അവിടെ തറഞ്ഞു നിന്നു…

ആ വീട് പതിയെ ഉറക്കത്തിലേക്കാണ്ടപ്പോൾ ഇനി എങ്ങനെ എല്ലാം തിരിച്ചുപിടിക്കുമെന്നു തലപ്പുകഞ്ഞു ആലോചിക്കുകയായിരുന്നു അവൾ….

***************************

പിറ്റേന്ന് രാവിലെ മാലിനി അടുക്കളയിൽ ചെല്ലുമ്പോൾ സൗമ്യ അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു…ഒന്നും സംഭവിക്കാത്തത് പോലെയുള്ള അവളുടെ പെരുമാറ്റം കണ്ടപ്പോൾ “ഇതെന്തു ജീവി” എന്ന് മാലിനി മനസ്സിൽ പറഞ്ഞു….

അതിലും തമാശയായി മാലിനിക്ക് തോന്നിയത് രാവിലെ എട്ട് മണിക്ക് മാത്രം എഴുന്നേൽക്കുന്ന സൗമ്യ അന്ന് ആറു മണിക്ക് തന്നെ എഴുന്നേറ്റതായിരുന്നു….

സാധാരണ മാലിനി തിരിച്ചു പോകുന്ന ദിവസം രാവിലെ അവൾ തന്നെ ഉണ്ടാക്കുന്ന വെറും ചായ മാത്രം കുടിച്ചാണ് പോകാറു… ഇന്നാണേൽ സൗമ്യ ചായയും പലഹാരങ്ങളും ഒക്കെ ഒരുക്കിയിരുന്നു…

എന്നാൽ അതൊന്നും കഴിക്കാൻ നീക്കത്തെ രാജീവ് ഓഫീസിലേക്ക് പോയി…

രാജേഷ് രാവിലെ തന്നെ എങ്ങോട്ടോ പോയെന്നു രാക്കിയമ്മ ചോദിച്ചപ്പോൾ സൗമ്യ മറുപടി പറഞ്ഞു…

രാക്കിയമ്മയും സൗമ്യയുടെ പലഹാരങ്ങൾ കഴിക്കാതെ ജയപ്രഭ ടീച്ചറുടെ വീട്ടിലേക്ക് നടന്നു… രാക്കിയമ്മയുടെ പ്രഭാതഭക്ഷണം എന്നും അവിടെ നിന്നായിരുന്നു….

പത്തുമണി കഴിഞ്ഞപ്പോൾ മാലിനിയും ഇറങ്ങി…

ഉടനെ തന്നെ ഒരുങ്ങിയിറങ്ങി വീട് പൂട്ടി സൗമ്യ തന്റെ സ്‌കൂട്ടി എടുത്തു ടൗണിലേക്ക് വിട്ടു…. ഒരു പുതിയ ഫോണ് വാങ്ങണം എന്നതായിരുന്നു അവളുടെ ആവശ്യം….

***************************

“നി ഒന്നും പറഞ്ഞില്ല”….

ടൗണിലെ കോഫീഷോപ്പിൽ ഇരിക്കുകയായിരുന്നു മാലിനി…
കൂടെ അവളുടെ ആത്മിത്രമായ സുനിതയുടെ അനിയത്തി കൃഷ്ണ ഉണ്ടായിരുന്നു….

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് കൃഷ്ണ….

കൃഷ്ണയുടെ നാവിനെ കൊണ്ടു അടികിട്ടിയാൽ കൈ കൊണ്ട് കിട്ടിയതിനെക്കാൾ കഷ്ടമാണെന്നാണ് പൊതുവെ അവളെപ്പറ്റിയുള്ള അഭിപ്രായം….

രാകേഷിന് വേണ്ടി കൃഷ്ണയെ വിവാഹം ആലോചിക്കുകയായിരുന്നു മാലിനി…

ഇന്നലെ രാത്രി നടന്നതടക്കം സൗമ്യയുടെയും ആ വീടിന്റെയും യഥാർത്ഥ മുഖം കൃഷ്ണയോട് തുറന്നു പറഞ്ഞ മാലിനി അവളുടെ അഭിപ്രായം അറിയാനായി ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. .

“എനിക്കൊന്നു ആലോചിക്കണം ചേച്ചി…”

അവൾ ഒടുവിൽ പറഞ്ഞു…

“രാകേഷിനെ എനിക്കിഷ്ടപെടായ്ക ഒന്നുമില്ല… വലിയ വിദ്യാഭ്യാസവും ജോലിയൊന്നും വേണമെന്നും എനിക്കില്ല… പക്ഷെ ഇങ്ങനൊരുത്തി ഉള്ള വീട്ടിലേക്ക്‌…. എപ്പോഴും തല്ലും വഴക്കുമൊക്കെ ആയി… അതു വേണോ ….”

കൃഷ്ണ തന്റെ ആശങ്ക മറച്ചു വെച്ചില്ല….

“കൃഷ്ണാ , അങ്ങാനൊരുത്തി അവിടുള്ളത് കൊണ്ടാണ് ഞാൻ നിന്നെ തന്നെ ആലോചിച്ചത്… നിന്നോട് സ്നേഹം ഉള്ളവരെ മനസ്സിലാക്കാനും സ്നേഹിക്കാനും അതുപോലെ നിന്നെ വേദനിപ്പിക്കുന്നവരോട് തിരിച്ചു അതേ രീതിയിൽ മറുപടി കൊടുക്കാനും നിനക്കുള്ള കഴിവ്, അതാണ് മോളേ അവിടെ വേണ്ടത്…

നിന്നെ പോലൊരു പെണ്ണ് എതിരാളി ആയി വന്നാൽ സൗമ്യ അല്ല അവളുടെ അമ്മ പോലും നന്നാകും… നി മുഖേന അവളുടെ സ്വഭാവം മാറുകയാണെങ്കിൽ രാജേഷിനും അതൊരു ആശ്വാസമായിരിക്കും…. ”

“എന്റടുത്തു അവളുടെ കളി ഒന്നും നടക്കില്ല ചേച്ചീ… ഓടിച്ചു മടക്കി കുപ്പിയിലാക്കും ഞാൻ… അതിനൊന്നും എനിക്ക് ഒരു മടിയുമില്ല, പേടിയുമില്ല…

ഇവളെക്കാൾ വലിയ കളി കളിക്കാൻ നോക്കിയതാ ഞങ്ങടെ ഏട്ടത്തി… അറിയാലോ ചേച്ചിക്ക്… ഇപ്പൊ പൂച്ചയാ….”

“പിന്നെന്താ പ്രശ്നം…..”

“ഒന്നു രാകേഷിന് എന്നെ ഇഷ്ടമാകണം… വീട്ടുകാർ സമ്മതിക്കണം.. അവരെ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് സ്വന്തായിട്ടു വീട് പോലും ഇല്ലല്ലോ ചേച്ചീ….”

“അതൊന്നും നി ചിന്തിക്കേണ്ട… ഒക്കെ ഞാൻ നോക്കിക്കോളും… നിന്റെ സമ്മതം മാത്രം മതി എനിക്ക്…”

“എന്നാ എനിക്ക് സമ്മതമാണ് ….”

അല്പനേരത്തെ ആലോചനക്കൊടുവിൽ കൃഷ്ണ പറഞ്ഞു….

“എങ്കിൽ ഇതിനു ആദ്യമൊരു പ്ലാൻ തയ്യാറാക്കണം….”

“പ്ലാനോ… അതെന്തിന്…”

“എടീ… നി എന്റെ സുഹൃത്തായല്ല അവിടെ വരാൻ പോകുന്നത്… മറിച്ചു സൗമ്യയുടെ സെലക്ഷൻ ആയിട്ടു വരണം…

അവൾ തന്നെ കൊണ്ടു വന്ന നിന്റെ കയ്യിൽ നിന്നും ആവശ്യത്തിനും അതിലധികവും കിട്ടണം അവൾക്കു… എന്നാൽ മാത്രമേ ഇത്രയും കാലം ചെയ്തതിനൊക്കെ പരിഹാരം ആകുകയുള്ളൂ…

അങ്ങനെ മാലിനിയുടെ പ്ലാൻ പോലെ സൗമ്യയെ പരിചയപ്പെടാനും തന്റെ കഷ്ടപ്പാടും ദുരിതവും പറഞ്ഞു അവളുടെ പ്രീതി പിടിച്ചു പറ്റാനും തീരുമാനമായി….

തന്നെക്കാൾ പാവപ്പെട്ട വീട്ടിലെ പെണ്കുട്ടി ആകുമ്പോൾ സൗമ്യ എതിർക്കില്ലെന്നു മാലിനിക്ക് അറിയാം…

മാത്രമല്ല സാധു പെണ്കുട്ടി ആകുമ്പോൾ തന്റെ യജമാനത്തി സ്ഥാനവും പോകില്ല എന്ന കാരണത്താൽ സൗമ്യ തന്നെ കല്യാണത്തിന് മുൻകൈ എടുക്കും….

അതിനായി എത്രയും പെട്ടെന്ന് സൗമ്യയുടെ വീട്ടുപടിക്കൽ ഒരു സാധാരണ സെയിൽസ്ഗേൾ ആയി കൃഷ്ണയെ അവതരിപ്പിക്കാൻ മാലിനി തീരുമാനിച്ചു…

അങ്ങനെ ആ കൂടിക്കാഴ്ച കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ അവിടെ മാലിനിയെയും കാത്തു രാകേഷ് ഉണ്ടായിരുന്നു….

കൃഷ്ണയെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൃഷ്ണയുടെ ഫോട്ടോയും അവനു കാണിച്ചു കൊടുത്തു മാലിനി…

“ഒരുറപ്പ് ഞാൻ തരാം, അവളൊരിക്കലും സൗമ്യ ആകില്ല…. നിനക്ക് ഒരു ബുദ്ധിമുട്ടുമാകില്ല….”

മാലിനി പറഞ്ഞു…

വെളുത്തു നല്ല ഐശ്വര്യം തുളുമ്പുന്ന ഒരു സാധാരണ നാട്ടിനുപുറത്തുകാരിയായ ആ പെണ്ണിനെ കണ്ട മാത്രയിൽ രാകേഷിന് ഇഷ്ടമായി…

മാത്രമല്ല സൗമ്യക്ക് ചേർന്ന എതിരാളി ആയിരിക്കും അവൾ എന്നറിഞ്ഞതോടെ പിന്നൊന്നുമില്ലെങ്കിലും ഏട്ടത്തി ധൈര്യമായി വിവാഹം ആലോചിച്ചോളൂ , എനിക്ക് സമ്മതമാണെന്ന് അവൻ മാലിനിക്ക് വാക്കു നൽകി….

(തുടരും)

മരുമക്കൾ : ഭാഗം 1

മരുമക്കൾ : ഭാഗം 2

മരുമക്കൾ : ഭാഗം 3