Saturday, January 18, 2025
Novel

നിഴൽ പോലെ : ഭാഗം 28

എഴുത്തുകാരി: അമ്മു അമ്മൂസ്‌


രാവിലെ എന്തൊക്കെയോ തട്ടുകയും മുട്ടുകയും ചെയ്യുന്ന ശബ്ദം കേട്ടാണ് ഗൗതം കണ്ണ് തുറക്കുന്നത്.

ഉറക്കച്ചടവോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു ചുറ്റും നോക്കി. ഒടുവിൽ നോട്ടം മാളുവിൽ ചെന്ന് നിന്നു. കണ്ണാടിയുടെ മുൻപിൽ ഇരുന്ന് മുടി തോർത്തുകയാണ് .

ആകെ ഒരു ദേഷ്യം. ഇടക്കിടെ ഓരോന്നെടുത്തു ശബ്ദം ഉണ്ടാക്കി താഴ്ത്തു വെക്കുന്നും ഉണ്ട്.

“ഇവൾക്കിതെന്ത് പറ്റി. ”

“ഗുഡ് മോർണിങ് മാളൂസേ..”. അവൻ ചിരിയോടെ പറഞ്ഞു.

കൂർപ്പിച്ച ഒരു നോട്ടമാണ് തിരിച്ചു കിട്ടിയത്.

മുൻപിൽ ഇരുന്ന ചീപ്പെടുത്തു അവൾ മുടി ചീകാൻ തുടങ്ങി.

“മാളുവേ…. ഡീ പെണ്ണെ… നിന്നെയാ വിളിച്ചത്…”

അവൾ തിരിഞ്ഞു നോക്കാതെ ചീകലിന്റെ ശക്തി കൂട്ടി. എന്തൊക്കെയോ പറയുന്നും ഉണ്ട്.

ഗൗതമിന് ഒന്നും മനസ്സിലായില്ല.” ഡീ പെണ്ണെ കാര്യം എന്താ എന്ന് പറ. ”

മുൻപിൽ ഇരുന്ന പൗഡർ ടിൻ ആയിരുന്നു അതിന് മറുപടി പറഞ്ഞത്.

അവൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു.

കെട്ടിപ്പിടിക്കാൻ തുടങ്ങിയതും ഒറ്റ തള്ളായിരുന്നു.

“തൊട്ടു പോകരുതെന്നേ…. ഐ ലവ് യു പറയാതെ ഫസ്റ്റ് നൈറ്റും നടത്തിയിട്ട് ഇരിക്കുവാ. ”
അതും പറഞ്ഞു അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.

ഒരു നിമിഷം എടുത്തു എന്താ സംഭവിക്കുന്നേ എന്ന് മനസ്സിലാകാൻ ഗൗതത്തിന്.

“ഇഷ്ടം പറഞ്ഞാലേ അറിയൂ. “അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

“പറയാതെ അറിയാൻ ഞാൻ കണിയാൻ ഒന്നും അല്ല ഗണിച്ചു കണ്ട് പിടിക്കാൻ.” അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.

“ഇഷ്ടമാണെന്ന് പറയാൻ എളുപ്പമാണ് മാളു. പക്ഷേ ഒരു വാക്കിന്റെ പോലും സഹായമില്ലാതെ ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുമ്പോഴാണ് പ്രണയം ജനിക്കുന്നത്. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടം. നീ പോലും പറയാതെ നിന്റെ വിഷമങ്ങൾ എന്റേത് കൂടി ആകണം. നിന്റെ കൂടെ ദാ ഇങ്ങനെ ചേർന്നു നിൽക്കുമ്പോൾ അറിയാതെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിൽ ആകണം. ആ താളം നിന്നോട് ചേർന്ന് ലയിക്കണം”. അവൻ അവളെ നെഞ്ചോടു ചേർത്തു തോളിൽ മുഖമമർത്തി പറഞ്ഞു.

മാളുവിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. തിരിഞ്ഞു നിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ മൗനമായ് ഒരായിരം വട്ടം പ്രണയം വിളിച്ചോതുന്നുണ്ടായിരുന്നു അവ.

അവന്റെ വാക്കുകൾ അവളുടെ മനസ്സ് നിറച്ചെങ്കിലും ഇപ്പോഴും ഒരിറ്റ് പരിഭവം ആ കണ്ണുകളിൽ ബാക്കി ആണെന്ന് തോന്നി അവനു.

“ഇഷ്ടമാണെന്ന് പറഞ്ഞേ തീരു എന്നാണെങ്കിൽ……… എങ്ങനെ ആണെന്നോ എപ്പോഴാണെന്നോ ഒന്നും അറിയില്ല. പക്ഷേ നീ കൂടെ ഇല്ലെങ്കിൽ ആകെ ഒരു വീർപ്പുമുട്ടൽ ആണ്. വെറും ഇഷ്ടമല്ല ജീവനാ പെണ്ണെ നീ”. എന്ന് കാതിൽ ചുണ്ട് ചേർത്തു പറയുമ്പോൾ നാണത്താൽ അവളുടെ മിഴികൾ കൂമ്പി അടഞ്ഞിരിന്നു.

“ഹോ… ഇപ്പോഴെങ്കിലും ഇത്തിരി നാണം കണ്ടല്ലോ. വ്രീളാവിവശയായ ഭാര്യ കോഫി തന്ന് ഉണർത്തുന്നത് പ്രതീക്ഷിച്ചിരുന്ന എനിക്ക് കിട്ടിയത് പൌഡർ ടിന്നും കൊണ്ട് ഒരു ഏറാണ്. “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളാകെ ചമ്മി പോയി.

നാണവും ചമ്മലും എല്ലാം കലർന്നു കണ്ണുകൾ താഴ്ത്തി നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ ഉറ്റു നോക്കിക്കൊണ്ടിരുന്നു. അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ ലക്ഷ്യമാക്കി തല താഴ്ന്നു വരുമ്പോഴേക്കും അവളുടെ കവിളുകളിൽ ചുവപ്പു രാശി പടർന്നിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ ഇരിക്കുകയായിരുന്നു ദർശൻ. ഇന്ന് രാവിലെയാണ് താത്കാലിക ജാമ്യം കിട്ടിയത്. അച്ഛന്റെ എല്ലാ സ്വാധീനവും ഉപയോഗിക്കേണ്ടി വന്നു ജാമ്യം ലഭിക്കാൻ.

അവനാകെ നാണക്കേട് തോന്നി പുറം ലോകത്തെ അഭിമുഖീകരിക്കാൻ. തന്നെ ബഹുമാനിച്ചു നിന്നവർ ഒക്കെ പുച്ഛത്തോടെ നോക്കും പോലെ..

എല്ലാവരുടെയും മുഖത്തു നിന്നും പരിഹാസവും പുച്ഛവും മാത്രം ആണവന് തോന്നിയത്.

ദച്ചുവിനോട് പോലും സംസാരിക്കാൻ തോന്നുന്നില്ല.

“ദർശാ……” അച്ഛനാണ്

ദിവാകരൻ അവന്റെ അരികിൽ വന്നിരിന്നു. “ദർശാ നീ ഇങ്ങനെ എല്ലാത്തിൽ നിന്നും ഒളിച്ചോടിയിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നുണ്ടോ.. ”

അതിനവൻ മറുപടി ഒന്നും പറഞ്ഞില്ല.

“വേണ്ട നീ സംസാരിക്കേണ്ട…നിന്റെ തീരുമാനത്തെ മാത്രം ആശ്രയിച്ചു ഉരുകി ജീവിക്കുന്ന ഒരാൾ കൂടി ഉണ്ട് ഇവിടെ. ”

ദർശൻ അച്ഛനെ സംശയത്തോടെ നോക്കി.

“ദച്ചു മോൾടെ കാര്യമാ പറഞ്ഞത്. ഏട്ടനെ വേദനിപ്പിക്കുന്ന ഒന്നും വേണ്ട എന്ന് പറഞ്ഞു അവൾ മനീഷിനെ പോലും വേണ്ട എന്ന് വെക്കുവാ മോനെ. മനീഷ് എന്നേ വിളിച്ചിരുന്നു…. ദച്ചുവിന്റെ തീരുമാനത്തിൽ മാറ്റം ഇല്ലെങ്കിൽ അച്ഛനും അമ്മയും പറയുന്ന പെണ്ണിനെ അവൻ വിവാഹം കഴിക്കും എന്ന്. ”

ദർശന്റെ കണ്ണുകളിൽ ഒരു ഞെട്ടൽ കാണാൻ കഴിഞ്ഞു. കുട്ടിക്കാലം മുതലേ ഉള്ള ഇഷ്ടമാണ് അവൾ തനിക്ക് വേണ്ടി വേണ്ട എന്ന് വെക്കുന്നത്.

“കഴിഞ്ഞത് കഴിഞ്ഞു ദർശാ. ഇനി നീ മാളുവിന്റെ പിന്നാലെ പോകാൻ പാടില്ല. അവളിന്ന് മറ്റൊരാളുടെ ഭാര്യ ആണ്. ”

“ഭാര്യ…..” ആ ഓർമ ദർശന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി .

ദിവാകരനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു ദർശന്റെ ഭാവമാറ്റം.

“നീ ഇപ്പോൾ ചിന്തിക്കുന്നത് വീണ്ടും ഗൗതമിന്റെ ജീവിതത്തിലേക്ക് ഇടിച്ചു കേറാനാണെകിൽ വേണ്ട മോനെ. നീ അവനോടു പണ്ട് മുതലേ ചെയ്തു കൂട്ടിയതിനൊക്കെ വേറെ ആരായിരുന്നു എങ്കിലും എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ തെരുവിൽ ഇറങ്ങേണ്ടി വന്നേനെ. പക്ഷേ ഗൗതം അത് ചെയ്തില്ല. ഞങ്ങളെ ഓർത്തു മാത്രം. ഇനിയെങ്കിലും നീ അവരുടെ ഇടയിലേക്ക് പോകരുത്”. ദിവാകരന്റെ ശബ്ദം ഉറച്ചതായിരുന്നു.

“ചതിയിലൂടെ നേടുന്നതൊന്നും നിലനിൽക്കില്ല മോനെ. നമ്മൾ പോലും അറിയാതെ കണ്ണടച്ചു തുറക്കുമ്പോളേക്കും അവ നമ്മുടെ കൈകൾക്കിടയിലൂടെ ഒരു മണൽത്തരി പോലെ ഊർന്നു പോയിരിക്കും”. ദർശന്റെ തോളിൽ കൈ വച്ചു പറഞ്ഞ ശേഷം അച്ഛൻ എഴുന്നേറ്റു പോയി.

▪️▪️▪️▪️▪️▪️▪️▪️▪️

“ഏട്ടാ…… “വാതിൽ തുറന്നു അകത്തേക്ക് വരുന്ന ദർശനെ കണ്ടതും ദക്ഷിണ ഓടി വന്നു കെട്ടിപ്പിടിച്ചു.

കരച്ചിൽ കാരണം അവളെ വിറക്കുന്നത് പോലെ തോന്നി ദർശനു. അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.

അവളാകെ ക്ഷീണിച്ചിരുന്നു. “മോൾ മനുവിനെ വേണ്ട എന്ന് പറഞ്ഞോ….ഹ്മ്മ്… “അവളുടെ മുടി മാടി ഒതുക്കി അവൻ ചോദിച്ചു.

ദച്ചുവിന്റെ തല താഴ്ന്നു. “വേണ്ട ഏട്ടാ……ഏട്ടനിഷ്ടമല്ലാത്തതോന്നും വേണ്ട….നിക്ക് വിഷമം ഒന്നും ഇല്ല.”. അത് പറയുമ്പോൾ പോലും അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു. കണ്ണുകളിൽ ഉരുണ്ടു കൂടിയ നീർമുത്തുകൾ താഴേക്ക് വീഴാതെ തടഞ്ഞു നിർത്തി നിൽക്കുന്ന അവളോട്‌ ദർശനു വല്ലാത്ത വാത്സല്യം തോന്നി.

“അതിന് ഏട്ടന് സമ്മതം അല്ലെന്നാരാ പറഞ്ഞേ…” അവൻ ഒരു ചിരിയോടെ പറഞ്ഞു.

ദച്ചു ഞെട്ടി അവനെ നോക്കി. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ ഇതെല്ലാം സ്വപ്നം ആണോ എന്ന് വരെ അവൾക്ക് തോന്നി.

അവളുടെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകാം ദർശൻ തന്നെ പറഞ്ഞു”…. ഏട്ടൻ സംസാരിക്കാം മനുവിനോട്. രണ്ടാൾക്കും സമ്മതം ആണെങ്കിൽ എത്രയും പെട്ടെന്ന് നമുക്ക് വിവാഹം നടത്താം. ”

വീണ്ടും പറയാൻ തുടങ്ങിയ ദച്ചുവിനെ അവൻ തടഞ്ഞു. “വേണ്ട….. ഏട്ടന് വേണ്ടി അത്ര വല്യ ത്യാഗം ഒന്നും എന്റെ കുട്ടി ചെയ്യണ്ട. എനിക്ക് ഒരു വിഷമവും ഇല്ല. സന്തോഷമേ ഉള്ളൂ. മനു നല്ല പയ്യനാ. നിനക്ക് വേണ്ടി മാത്രമേ അവൻ എന്റെ കൂടെ പോലും നിന്നിട്ടുള്ളൂ.”

ദച്ചുവിന്റെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷം മാത്രം മതിയായിരുന്നു ദർശനു അവന്റെ തീരുമാനം ശെരിയായിരുന്നു എന്ന് മനസ്സിലാകാൻ.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു പരസ്പരം അറിയാവുന്ന വീട്ടുകാർ ആയത് കൊണ്ട് പെണ്ണുകാണൽ ഒക്കെ നടത്തുന്നതിന് പകരമായി ചെറിയ ഒരു വാക്കുറപ്പിക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മറ്റുള്ളവരെ അഭിമുഖീകരിക്കാനും ചടങ്ങിൽ പങ്കെടുക്കാനും ദർശൻ തയ്യാറല്ലായിരുന്നു എങ്കിലും ദച്ചുവിന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.

മനുവിന്റെ പെരുമാറ്റത്തിൽ നിന്നും ദച്ചുവിന്റെ ഏട്ടൻ എന്ന സ്ഥാനം മാത്രമേ അവൻ തനിക്ക് തന്നിട്ടുള്ളൂ എന്ന് ദർശനു മനസ്സിലായി. എണ്ണിപ്പെറുക്കിയ ഒന്നോ രണ്ടോ വാക്കുകളിൽ മനു സംഭാഷണം അവസാനിപ്പിക്കുമ്പോൾ നല്ലൊരു സുഹൃത്തിനെ തനിക്ക് നഷ്ടമായി എന്നവൻ വേദനയോടെ തിരിച്ചറിഞ്ഞു.

ഗൗതമിന്റെയും മാളുവിന്റെയും സന്തോഷം നേരിൽ കാണുകയായിരുന്നു ദർശൻ. ഗൗതമിനോട് ചേർന്നു നിൽക്കുമ്പോൾ ഉള്ള അവളുടെ ചിരിയും നാണവും ഒക്കെ നോക്കി കാണുകയായിരുന്നു അവൻ.

അറിയാതെ പോലും ഒരു തവണ പോലും അവളുടെ നോട്ടം തന്റെ നേരെ വീഴുന്നില്ല എന്നവന് മനസ്സിലായി. വന്നു കയറിയപ്പോഴാണ് ഒന്ന് നോക്കിയത് അപ്പോൾ ആ കണ്ണുകളിൽ കണ്ട അവജ്ഞയും വെറുപ്പും അവളുടെ മനസ്സിൽ തനിക്കുള്ള സ്ഥാനം അവനു മനസ്സിലാക്കി കൊടുത്തു. അത് താൻ അർഹിക്കുന്നതാണെന്ന് അവനറിയാമായിരുന്നു.

ഗൗതം മാത്രം ഒരു ചെറിയ പുഞ്ചിരി അവനു നൽകി.

അതല്ലെങ്കിലും അങ്ങനെ ആണല്ലോ നമ്മളെ വേദനിപ്പിക്കുന്നവരോട് ക്ഷമിച്ചാലും നമുക്കേറെ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കാൻ കഴിയില്ല.

“ഗൗതം….. ”

ചടങ്ങുകൾക്ക് ശേഷം ഗൗതവും മാളുവും തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ദർശന്റെ വിളി വന്നത്.

തിരിഞ്ഞു നോക്കിയ മാളുവിന്റെ മുഖത്ത് ദർശനെ കണ്ടതും ദേഷ്യം ഇരച്ചു കയറി. സംസാരിക്കാൻ തുടങ്ങിയ അവളെ ഗൗതം കൈ വച്ചു വിലക്കി.

എന്നിട്ട് ചോദ്യഭാവത്തിൽ ദർശനെ നോക്കി.

“നിന്നോട് എനിക്കെന്നും പക മാത്രമേ ഉള്ളായിരുന്നു ഗൗതം. കുട്ടിക്കാലം മുതൽക്കേ അതങ്ങനെ ആണ്. എല്ലാ വർഷവും ഒന്നാം സ്ഥാനത്തു നിങ്ങളുടെ കമ്പനി വരുമ്പോൾ…. എന്റെ അച്ഛൻ വെറുമൊരു കാഴ്ചക്കാരൻ ആയി ഇരിക്കേണ്ടി വരുന്നത് കണ്ടപ്പോൾ മുതലുള്ള പക.

അച്ഛന് സാധിക്കാത്തത് എനിക്ക് നേടണം എന്നുള്ള വാശി ആയിരുന്നു. പക്ഷേ കമ്പനിയിൽ കയറിയ ആദ്യ വർഷം തന്നെ നീ എന്നേ പരാജയപ്പെടുത്തിയപ്പോൾ ഏത് മാർഗത്തിൽ കൂടിയും നിന്നെ തോൽപ്പിക്കണം എന്ന് മാത്രമേ തോന്നിയുള്ളു. മനുവിനെ വരെ നിനക്കെതിരെ ഞാൻ ഉപയോഗിച്ചു. പക്ഷേ….”

ദർശൻ ഒന്ന് ദീർഘമായി നിശ്വസിച്ചു. “പലതും തിരിച്ചറിഞ്ഞത് വൈകി ആണ്. കേസും കാര്യങ്ങളും ഒക്കെ എന്ന് തീരും എന്നറിയില്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിലേക്ക് ഇനി ദർശൻ വരില്ല. കുറച്ചു ദിവസങ്ങൾ ആയി ഇതൊക്കെ പറയണം എന്ന് വിചാരിക്കുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ ശെരിയാകില്ല. നീ പറഞ്ഞത് തന്നെയാ ശെരി…ചതിച്ചു നേടിയതൊന്നും വാഴില്ല.”

തിരികെ ഉള്ള ഗൗതമിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ അവർക്കൊരു ചിരി മാത്രം നൽകി ദർശൻ നടന്നു നീങ്ങി.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“ഒന്ന് പെട്ടെന്ന് സെലക്ട്‌ ചെയ്യ് മാളു. എത്ര നേരമായി നോക്കുന്നു”.

മനുവിന്റെ നിശ്ചയത്തിന് ഉടുക്കാൻ സാരി വാങ്ങാൻ വന്നതായിരുന്നു ഗൗതവും മാളുവും.

ഗൗതമിന്റെ പറച്ചിൽ കേട്ട മാളു അവനെ ദേഷ്യത്തോടെ നോക്കി. എങ്കിൽ പിന്നെ ഒരെണ്ണം എടുത്തു തന്നൂടെ. ഭാര്യക്ക് ഒരു സാരി എടുത്തു തന്നു എന്ന് വച്ചു ആകാശം ഇടിഞ്ഞു വീഴത്തൊന്നും ഇല്ല.

ഏണിൽ കൈ കൊടുത്തു നിൽക്കുന്ന അവളുടെ ഭാവം കണ്ടതും അറിയാതെ ഗൗതം ചിരിച്ചു പോയി.

അവൾക്കൊപ്പം സാരി തിരഞ്ഞു കൊണ്ടിരിക്കുമ്പോളാണ് പരിചിതമായ ഒരു ശബ്ദം കേൾക്കുന്നത്.

തിരിഞ്ഞു നോക്കിയ മാളുവും ഗൗതവും കാണുന്നത് കയ്യിൽ ഒരു കുഞ്ഞുമായി നിറഞ്ഞ ചിരിയോടെ അവരുടെ അടുത്തേക്ക് വരുന്ന ശാലിനിയെ ആണ്.

ഒരു നിമിഷം മാളു ഒന്ന് പകച്ചു. “ഭഗവാനേ പൂർവ കാമുകി ആണല്ലോ.”

ഗൗതമിനെ നോക്കിയപ്പോൾ മുപ്പത്തിരണ്ട് പല്ലും കാണിച്ചു ശാലിനിയെ നോക്കി ചിരിച്ചോണ്ട് നിൽപ്പുണ്ട്.

തുടരും…..

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23

നിഴൽ പോലെ : ഭാഗം 24

നിഴൽ പോലെ : ഭാഗം 25

നിഴൽ പോലെ : ഭാഗം 26

നിഴൽ പോലെ : ഭാഗം 27