Friday, November 22, 2024
Novel

നിഴൽ പോലെ : ഭാഗം 27

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മാളുവും നടുക്കത്തോടെ ആണ് അത് കണ്ടു നിന്നത്. തന്നെ ഗൗതം കാണിച്ച അതേ പ്ലാൻ.

ഗൗതമിനെ നോക്കിയപ്പോൾ അവളെ തന്നെ പകപ്പോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

തന്നിൽ തന്നെ ദൃഷ്ടി ഉറപ്പിച്ച തനിക്കേറെ പ്രിയപ്പെട്ട ആ കണ്ണുകളിൽ നിർവികാരത നിഴലിക്കുന്നത് അവൾ നടുക്കത്തോടെ കണ്ടു നിന്നു.

എന്താണ് ശരി എന്താണ് തെറ്റ് എന്നൊന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ഗൗതം.

കഴിഞ്ഞ കുറച്ചു നാളുകളായി താൻ കഷ്ടപ്പെട്ട് നെയ്തുകൂട്ടിയ സ്വപ്‌നങ്ങൾ ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന അവസ്ഥ സഹിക്കാൻ കഴിയുമായിരുന്നില്ല അവനു.

എല്ലാത്തിൽ നിന്നും ഓടി ഒളിക്കാൻ തോന്നി. കുറച്ചു സമയം വേണം മനസ്സൊന്നു ശാന്തമാക്കാൻ.

ഇനിയും ആ മീറ്റിംഗ് ഹാളിൽ തുടരാൻ അവനു കഴിയുമായിരുന്നില്ല.

അവിടെ കൂടിയിരുന്നവരോട് ക്ഷമ ചോദിച്ചു അവൻ പുറത്തേക്കിറങ്ങുമ്പോഴേക്ക് മാളു ഓടി അരികിൽ എത്തിയിരുന്നു.

“ഏട്ടാ….. ഞാൻ…. ഞാൻ പറയുന്നേ ഒന്ന് കേൾക്ക്.” അവൾ അവന്റെ കൈയിൽ പിടിച്ചു തടഞ്ഞു നിർത്താൻ ശ്രെമിച്ചു.

ഗൗതം അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല. “നമുക്ക് പിന്നീട് സംസാരിക്കാം. നീ നന്ദനെ വിളിച്ചു വീട്ടിലേക്ക് പൊയ്ക്കോ”.

വീണ്ടും എന്തെങ്കിലും പറയാൻ അവൾക്കൊരവസരം പോലും നൽകാതെ അവൻ ആ കൈകൾ എടുത്തു മാറ്റി കാറിൽ കയറി.

കണ്ണുനീർ ഉറഞ്ഞു കൂടി അവളുടെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു.

ഗൗതമിന്റെ കാർ കണ്ണിൽ നിന്നും അകലുന്നത് കാണേ അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു. അകന്നു പോകുന്നത് തന്റെ ജീവിതത്തിൽ നിന്നും കൂടി ആണോ എന്ന് തോന്നി അവൾക്ക്.

എന്ത് പറഞ്ഞാണ് തന്റെ നിരപരാധിത്വം തെളിയിക്കുക. മറ്റാരെയും ആ പ്രസന്റേഷൻ കാണിച്ചിട്ടുണ്ടായിരുന്നില്ല. തന്നെ അത്രയും വിശ്വാസം ഉള്ളത് കൊണ്ടല്ലേ….. എന്നിട്ടിപ്പോ…..

അവൾക്കാകെ ശ്വാസം മുട്ടും പോലെ തോന്നി.
നാല് വർഷങ്ങൾക്ക് മുൻപ് തൻ്റെ ഏട്ടൻ കാരണം ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ് ഗൗതമേട്ടൻ . അന്ന് ഒരു വർഷത്തിലേറെ നാട് വിട്ടു നിൽക്കേണ്ടി വന്നു ആ മുറിവുണങ്ങാൻ. ഇപ്പോൾ താൻ കാരണം ആണെന്ന് ചിന്തിക്കുമോ….

അവൾക്കാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി. കൈയെത്തും ദൂരത്തെത്തിയപ്പോൾ സ്വപ്‌നങ്ങൾ ഒക്കെ ആരോ തട്ടിയെറിഞ്ഞത് പോലെ.

അവൾ ഫോൺ എടുത്തു വിറയ്ക്കുന്ന കൈകളോടെ നന്ദന്റെ നമ്പർ dial ചെയ്തു. നന്ദന് മാത്രമേ തന്നെ ഈ അവസ്ഥയിൽ സഹായിക്കാൻ പറ്റൂ എന്നവൾക്ക് ഉറപ്പായിരുന്നു.

നന്ദൻ ഫയലുകൾ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് മാളുവിന്റെ കാൾ വരുന്നത്.

“എന്താണ് മാളൂസ്. നിന്റെ ചെകുത്താന് പ്രൊജക്റ്റ്‌ കിട്ടിയോ.” കാൾ എടുത്ത ഉടനേ ചിരിയോടെ നന്ദൻ ചോദിച്ചു.

മറുപടിയായി ഏങ്ങലടിക്കുന്ന മാളുവിന്റെ ശബ്ദം ആണ് മറുവശത്തു നിന്നും കേൾക്കുന്നത്..

“മാളൂ….. എന്താ മോളെ.. എന്തിനാ കരയുന്നെ… ”

മറുവശത്തു നിന്നും അവൾ പറഞ്ഞ മറുപടി കേട്ട നന്ദന് ഗൗതമിന്റെ മാനസികാവസ്ഥ ഊഹിക്കാൻ കഴിയുന്നതായിരുന്നു. ഗൗതം മാളുവിനെ സംശയിച്ചു കാണുമോ എന്നൊരു ഭയം അവന്റെ മനസ്സിലും ഉടലെടുത്തു.

.

“മാളൂ…..നീ കരയാതെ. ഞാൻ നോക്കിക്കോളാം അവനെ. അവിടെ തന്നെ നിൽക്ക് നീ ഞാനിപ്പോ അങ്ങോട്ട് വരാം… ”

അവൻ പെട്ടെന്ന് സീറ്റിൽ നിന്നും എണീറ്റ് ബൈക്കിന്റെ കീയും എടുത്തു പുറത്തേക്ക് പോയി.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

കടൽത്തീരത്തു മണലിൽ ഇരിക്കുകയായിരുന്നു ഗൗതം. അലയടിക്കുന്ന കടൽ പോലെ പ്രക്ഷുബ്ദ്ധമാണ് മനസ്സ്. എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ട്. കൂടെ നടന്ന ഒരാൾ തന്നെ ആണ് ചതിച്ചിരിക്കുന്നത്.

അരികിൽ ഒരു കാൽപ്പെരുമാറ്റം കേട്ട് തലയുയർത്തി നോക്കി. നന്ദനാണ്. കുറച്ചേറെ നേരം രണ്ടാളും മൗനമായി കടലിലേക്ക് നോക്കി ഇരുന്നു.

“മാളുവാണ് ഇത് ചെയ്തതെന്ന് തോന്നുന്നുണ്ടോ നിനക്ക്.” തുടക്കം കുറിച്ചത് നന്ദനായിരുന്നു.

അവന്റെ ചോദ്യം ഗൗതമിൽ ചിരിയാണുണർത്തിയത്. “മറ്റാരെ സംശയിച്ചാലും മാളുവിനെ ഞാൻ സംശയിക്കില്ലെടാ. യാതൊരു പ്രതീക്ഷയും കൊടുക്കാതെ ഇരുന്നിട്ടും അത്രത്തോളം അവഗണിച്ചിട്ടും കഴിഞ്ഞ എട്ട് വർഷം എന്നേ സ്നേഹിച്ചതാ അവള്. ആ അവളെ സംശയിച്ചാൽ പിന്നെ ഗൗതം ഇല്ല.” പറയുമ്പോൾ കണ്ണുകൾ നനയുന്നുണ്ടായിരുന്നു അവന്റെ.

“പിന്നെ…. പിന്നെന്തിനാടാ ഈ ഒഴിഞ്ഞുമാറൽ.. എത്ര തവണ അവൾ എന്നേ വിളിച്ചു എന്നറിയുമോ”.

ഗൗതം ചിരിച്ചതേ ഉള്ളൂ. പിന്നെ മണലിൽ നിന്നും എണീറ്റു. “നീ വാ… നമുക്ക് ഓഫീസിൽ കുറച്ചു പണി ഉണ്ട്”.

നന്ദൻ എതിർത്തു പറയാൻ തുടങ്ങി എങ്കിലും കേൾക്കാതെ ഗൗതം അപ്പോഴേക്കും കാറിൽ കയറിയിരുന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

തനിക്ക് ലഭിച്ച വാർത്ത അറിഞ്ഞു സന്തോഷത്തിൽ ആയിരുന്നു പ്രിയ. “ഇപ്പോൾ നിനക്ക് മനസ്സിലായിക്കാണും പ്രിയ ആരാണെന്നു. ഗൗതം ഇനി നിന്നെ തിരിഞ്ഞു പോലും നോക്കില്ല മാളവിക. അവനു ഈ ലോകത്തിൽ ക്ഷമിക്കാൻ പറ്റാത്ത ഒന്ന് മാത്രമേ ഉള്ളൂ. ചതി……. അതാണ് ഇപ്പോൾ സംഭവിച്ചത്”. പ്രിയ ആരോടെന്നില്ലാതെ പറഞ്ഞു.

“മാഡം…. ഗൗതം സർ വിളിക്കുന്നു . മാഡത്തിനോട് ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു”. പ്യൂൺ വന്നു പറഞ്ഞപ്പോളാണ് ഗൗതം ഓഫീസിൽ ഉണ്ട് എന്ന് അറിയുന്നത്.

“ഗൗതം എപ്പോഴാ വന്നത്. ഞാൻ അറിഞ്ഞില്ലല്ലോ”. അവൾ പെട്ടെന്ന് തന്നെ ഗൗതമിന്റെ അടുത്തേക്ക് ചെന്നു.

“ഗൗതം…. താൻ എപ്പോഴാ വന്നത്….” ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ നന്ദനും ഉണ്ടായിരുന്നു അകത്തു. രണ്ടാളുടെയും മുഖത്ത് പതിവില്ലാത്ത ഗൗരവം.

ഗൗതമിന്റെ മുഖത്തെ ഗൗരവം മാളുവിൽ നിന്നും ഏൽക്കേണ്ടി വന്ന ചതി കാരണം ആണെന്ന് തോന്നി പ്രിയക്ക്.

“ഐ ആം സോറി ഗൗതം. പ്രൊജക്റ്റ്‌ നഷ്ടമായി എന്ന് ഞാൻ അറിഞ്ഞു. എന്താ സംഭവിച്ചേ….. താൻ എത്ര കഷ്ടപ്പെട്ടതാ അതിന് വേണ്ടി. “പരമാവധി ദുഃഖം മുഖത്തു വരുത്തി അവൾ പറഞ്ഞു.

“അപ്പൊ നിനക്കറിയാം ഞാൻ ഒരുപാട് കഷ്ടപ്പെട്ടതാണെന്ന് …എന്നിട്ടാണ് നീ ഈ പണി കാണിച്ചതല്ലേ “. ഗൗതം ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് അലറി.

പ്രിയ ഞെട്ടിത്തരിച്ചിരുന്നു പോയി. “ഞ….ഞാനോ…..നീ എന്ത് ഭ്രാന്താ ഗൗതം ഈ പറയുന്നത്. എനിക്കതിന്റെ ആവശ്യം എന്താ.”

പ്രിയയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഗൗതം സത്യങ്ങൾ ഒക്കെ തിരിച്ചറിഞ്ഞോ എന്നുള്ള ഭയം അവളിൽ നിറഞ്ഞു.

“അപ്പൊ നീ അല്ല അല്ലേ. പിന്നെ ഇതെന്താടി ….”.ഗൗതം മുന്നിൽ ഇരിക്കുന്ന ലാപ്ടോപ് അവൾക്ക് നേരെ തിരിച്ചു വച്ചു.

കഴിഞ്ഞ ആഴ്ചത്തെ cctv ദൃശ്യങ്ങൾ ആയിരുന്നു അത്.

ക്യാബിനിൽ ആരും ഇല്ലാത്ത സമയം പ്രിയ ഉള്ളിലേക്ക് വരുന്നു.

പിന്നീട് അവളുടെ കൈയിൽ കരുതിയ ബൾബ് റൂമിൽ ഉള്ളതുമായി മാറ്റുകയാണ്. മാറ്റി കഴിഞ്ഞു തിരികെ ഇറങ്ങുമ്പോൾ നന്ദൻ കയറി വരുന്നതും. നന്ദനെ കണ്ട ഉടനേ ബൾബ് പിന്നിലേക്കാക്കി പിടിക്കുന്നതും വ്യക്തമായി കാണാം.

“ഇനിയും നിക്ഷേധിക്കാൻ തോന്നുന്നുണ്ടോടി…” ഗൗതമിന്റെ ഒച്ച ഉയർന്നു.

പ്രിയ തല കുനിച്ചു നിന്നതേ ഉള്ളൂ.
“ഇത് നീ മാളുവിനിട്ട് വച്ചതാണെന്ന് എനിക്ക് നല്ലോണം അറിയാം. എന്തായാലും നിന്റെ ഐഡിയ കൊള്ളാം ബൾബിൽ കൂടി ചാർജ് ആകുന്ന ക്യാമറ ആയതുകൊണ്ട് പ്രത്യേകം ചാർജ് ചെയ്യാൻ വേണ്ടി ഊരി മാറ്റേണ്ടതില്ല. ഈ ഒരൊറ്റ തെളിവ് മതി എനിക്ക് നിന്നെ ജയിലിലേക്ക് അയക്കാൻ. ”

പ്രിയ ഞെട്ടി ഗൗതമിനെ നോക്കി.

“പക്ഷേ ഞാനത് ചെയ്യുന്നില്ല. നിന്നെ ഓർത്തിട്ടല്ല നിന്റെ അച്ഛനെ ഓർത്തു. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ട് മാത്രം. പക്ഷേ നിന്നെ വെറുതെ വിടാനും മാത്രം വിശാലമനസ്സൊന്നും ഗൗതമിന് ഇല്ല. ”

അവൻ കൈ നീട്ടി അവളുടെ കവിളിൽ തന്നെ ഒരെണ്ണം കൊടുത്തു. തല കറങ്ങുന്നത് പോലെ തോന്നി പ്രിയക്ക്. കവിളും പൊത്തിപ്പിടിച്ചു അവൾ നിറകണ്ണുകളാലെ അവനെ നോക്കി.

“ഇത് നീ ചോദിച്ചു വാങ്ങിയതാ. ഇനിയും എന്റെ കണ്മുന്നിൽ കണ്ടാൽ ഇങ്ങനെ ഒന്നും ആയിരിക്കില്ല ഗൗതം പ്രതികരിക്കുക. ഇന്നത്തോടെ അവസാനിച്ചു ഒന്നിച്ചുള്ള ബിസ്സിനസ്സും പ്രൊജക്റ്റും എല്ലാം. വെറുപ്പ് തോന്നുവാടീ നിന്നോടിപ്പോ. ”

ഗൗതമിന്റെ വാക്കുകൾ അവളുടെ മനസ്സിനെ ആകെ പിടിച്ചുലച്ചു കളഞ്ഞു. ഗൗതമിന്റെയും നന്ദന്റെയും കണ്ണുകളിലെ അവജ്ഞയും വെറുപ്പും അവരുടെ ഉള്ളിൽ താൻ ആരാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അതിലേറെ അവളെ വേദനിപ്പിച്ചത് അച്ഛനിതൊക്കെ അറിഞ്ഞു എന്നുള്ളതാണ്.

ഇന്ന് വരെ തന്നെ വേദനിപ്പിച്ചിട്ടില്ല അച്ഛൻ. എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നാണ് വളർത്തിയത്. എന്നും മകളെ കുറിച്ച് അഭിമാനത്തോടെ മാത്രമേ പറഞ്ഞിട്ടുള്ളു. അതിനൊക്കെ താൻ തിരികെ കൊടുത്ത സമ്മാനം ഓർത്തപ്പോൾ ലജ്ജ കൊണ്ട് അവളുടെ ശിരസ്സ് താഴ്ന്നു.

എല്ലാം ഒരു നിമിഷത്തെ ആവേശത്തിൽ ചെയ്തതാണ്. പിടിക്കപ്പെടും എന്ന് ചിന്തിച്ചിരുന്നില്ല…. അല്ല ഓർത്തിരുന്നു ഒരിക്കലും പിടിക്കപ്പെടാതെ ഇരിക്കാൻ വേണ്ടിയാണ് ദിവസങ്ങൾക്കു മുൻപ് ക്യാമറ സ്ഥാപിച്ചത്. അത്രയും ദിവസം മുൻപുള്ള ദൃശ്യങ്ങൾ ഒന്നും എടുക്കില്ല എന്ന് തോന്നി. നന്ദനാണ് എല്ലാം തകർത്തത്. അന്ന്

അവൻ തന്നെ കണ്ടില്ലായിരുന്നു എങ്കിൽ…..

എന്തിനു വേണ്ടിയാണോ ചെയ്തത്……ആർക്ക് വേണ്ടിയാണോ ചെയ്തത്…. ആ കണ്ണുകളിൽ ഇപ്പോൾ തന്നോടുള്ള വെറുപ്പ് മാത്രമേ കാണാനുള്ളൂ. ഒന്നും വേണ്ടായിരുന്നു.

ഒരു നിമിഷം കൂടി അവൾ ഗൗതത്തിനെ നോക്കി നിന്നു. സ്നേഹത്തിന്റെ ഒരംശമെങ്കിലും ആ കണ്ണുകളിൽ തിരയുകയായിരുന്നു. പക്ഷേ നിരാശ ആയിരുന്നു ഫലം. അവൾ വേദനയോടെ പുഞ്ചിരിച്ചു….അതേ താൻ തോറ്റു പോയിരിക്കുന്നു…. എന്നെന്നേക്കുമായി..

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഗൗതം വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു. അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് തന്നെ പതിവ് പോലെ സ്വീകരിച്ചപ്പോൾ ഒന്നും അറിഞ്ഞില്ല എന്ന് മനസ്സിലായി.

മാളുവിനെ കാണാൻ വെമ്പുകയായിരുന്നു മനസ്സ്. പല തവണ അവൾ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. എല്ലാം നേരിട്ട് പറയണം എന്ന് തോന്നി.

വാതിൽ തുറന്നു അകത്തേക്ക് കയറിയതും കാറ്റു പോലെ എന്തോ വന്നു പുണർന്നതും ഒന്നിച്ചായിരുന്നു. ബാലൻസ് തെറ്റി വീഴുമോ എന്ന് പോലും ഒരുവേള സംശയിച്ചു.

“ഞ…ഞാനല്ല ഏട്ടാ… “മുറിഞ്ഞു മുറിഞ്ഞുള്ള വാക്കുകളാണ് കേട്ടത്.

“അതിന് നീയാ ചെയ്‌തേന്നു ഞാൻ എപ്പോഴാടി പറഞ്ഞേ”.

മാളു മുഖമുയർത്തി നോക്കുമ്പോൾ കുസൃതി നിറഞ്ഞ ചിരിയോടെ നോക്കുന്ന ഗൗതമിനെ ആണ് കണ്ടത്.

കരഞ്ഞു വേർതിരിക്കുന്ന അവളുടെ മുഖം കാണെ അവനു നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി.

അവന്റെ ചിരി കണ്ട മാളുവിന്റെ മുഖം മാറി. കൊടുത്തു നെഞ്ച് നോക്കി ഒരെണ്ണം തന്നെ.

” ദുഷ്ടൻ…. പിന്നെന്തിനാ എന്നോട് സംസാരിക്കാതെ പോയത്….”അവനെ വീണ്ടും വീണ്ടും ഇടിക്കുമ്പോൾ അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഗൗതം ചിരിയോടെ തന്നെ തല്ലെല്ലാം ഏറ്റു വാങ്ങി. അവളെ രണ്ടു കൈയിലും പിടിച്ചു തിരിച്ചു നിർത്തി തോളിൽ മുഖമമർത്തി.

ദേഷ്യം അടങ്ങാതെ അവൾ കുതറുന്നുണ്ടായിരുന്നു. “അടങ്ങി നിക്ക് പെണ്ണെ… ”

“മനസ്സ് കൈവിട്ടു പോകും എന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ മിണ്ടാതിരിക്കണം മാളു. Pen is mightier than sword എന്ന് പറയുന്നത് അതുകൊണ്ടാണ്. വാളിനേക്കാൾ മൂർച്ചയിൽ മുറിവുണ്ടാക്കാൻ വാക്കുകൾക്ക് കഴിയും. എത്രയൊക്കെ മറക്കാൻ ശ്രെമിച്ചാലും ഒരിക്കലും ഉണങ്ങാത്ത മുറിവ് പോലെ അത് വർഷങ്ങളോളം നമ്മെ ചുട്ടു നീറ്റും. ആ അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് അപ്പോൾ ഞാൻ സംസാരിക്കാൻ നിന്നാൽ….. അറിയാതെ ആണെങ്കിലും വാ വിട്ട് എന്തെങ്കിലും പറഞ്ഞാൽ.. പിന്നെ ഒരിക്കലും അത് തിരിച്ചെടുക്കാൻ കഴിയില്ല. മനസ്സൊന്നു ശാന്തമായിട്ട് വേണം നിന്നോട് സംസാരിക്കാൻ എന്ന് തോന്നി.”

അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ കനലിനെ കെടുത്താൻ ശേഷി ഉള്ളതായിരുന്നു. എതിർപ്പുകൾ ഒന്നും ഇല്ലാതെ അവനോട് ചേർന്നു നിൽക്കുമ്പോൾ താടി രോമങ്ങൾ പിൻകഴുത്തിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.

ഉയർന്നു താഴുന്ന അവളുടെ ശ്വാസോച്ഛാസം അവന്റെ ഉള്ളിലും വേലിയേറ്റം സൃഷ്ടിച്ചു.

തിരിച്ചു നിർത്തി അനുവാദം കൂടാതെ തന്നെ ശ്വാസം കവർന്നെടുക്കുമ്പോൾ അവന്റെ കൈകൾ അരക്കെട്ടിൽ മുറുകിയിരുന്നു.

തുടരും…….

നോക്കിയത് മതി. അവർ ലൈറ്റും ഓഫാക്കി കതകും അടച്ചു…… 😉

പ്രിയക്ക് ടാറ്റാ കൊടുത്തു പറഞ്ഞു വിട്ടിട്ടുണ്ട്. അപ്പോ ഇനി അഭിപ്രായങ്ങൾ പോന്നോട്ടെ 😎….

വലിയ കമന്റ് തന്നെ ആയിക്കോട്ടെ… ഒട്ടും കുറക്കണ്ട 😁

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23

നിഴൽ പോലെ : ഭാഗം 24

നിഴൽ പോലെ : ഭാഗം 25

നിഴൽ പോലെ : ഭാഗം 26