Saturday, January 18, 2025
Novel

നിഴൽ പോലെ : ഭാഗം 24

എഴുത്തുകാരി: അമ്മു അമ്മൂസ്‌


മാളു ഓഫീസിൽ എത്തിയപ്പോൾ തന്നെ ആണ് പ്രിയയും വന്നത്. സ്കൂട്ടിയിൽ വന്നു ഇറങ്ങുന്ന മാളുവിനെ പ്രിയ പുച്ഛത്തോടെ നോക്കി.” എന്താണ് മാളവിക കല്യാണം കഴിഞ്ഞിട്ടും രണ്ടായിട്ടാണോ വരവ്. ”

അവളുടെ ചോദ്യം കേട്ടിട്ട് മാളുവിന്റെ ദേഷ്യം ഒന്ന് കൂടി കൂടിയെങ്കിലും അവളുടെ മുൻപിൽ തോറ്റു കൊടുക്കാൻ മനസ്സ് വന്നില്ല.

“അത് ഏട്ടന് ഒരു സർപ്രൈസ് കൊടുക്കാൻ. കൂടെ ഉണ്ടെങ്കിൽ ഒന്നിനും സമ്മതിക്കില്ല അതാ”. അവൾ പരമാവധി നാണം വാരി വിതറി പറഞ്ഞു.

പ്രിയയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അകത്തേക്ക് നടന്നു.

.

മാളുവിന്റെ ആ മറുപടി പ്രിയ തീരെ പ്രതീക്ഷിച്ചില്ല. “ഈ സന്തോഷം അധിക നാൾ നിന്റെ മുഖത്തുണ്ടാവില്ല മാളവിക . ഗൗതം തന്നെ നിന്നെ വേണ്ട എന്ന് പറയും. ഞാൻ സ്വപ്നം കണ്ട ജീവിതം ഒരിക്കലും എന്നിൽ നിന്നും തട്ടിയെടുക്കാൻ ഞാൻ സമ്മതിക്കില്ല . നടന്നു പോകുന്ന മാളുവിനെ നോക്കി പ്രിയ പല്ലുറുമ്മി.

ഗൗതം കേറി വരുന്നത് കണ്ടെങ്കിലും മാളു നോക്കാൻ പോയില്ല. കൈയിൽ ഉള്ള ഫയലിൽ തന്നെ നോക്കി ഇരുന്നു.

അവളെ കടന്നു പോകുമ്പോൾ നോക്കാതെ തല താഴ്ത്തി ഇരിക്കുന്ന അവളെ കണ്ട് അവനു ചിരി വന്നു. ഒരു കൊച്ചു കുട്ടി പിണങ്ങി ഇരിക്കും പോലെ ആണ് അവനു തോന്നിയത്.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഏറെ നേരം കൊണ്ടു വിളിച്ചിട്ടും ദക്ഷിണ ഫോൺ എടുക്കാത്തതിന്റെ ടെൻഷനിൽ ആയിരുന്നു മനു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടങ്ങിയിട്ട്. വീട്ടിൽ കാണാൻ ചെന്നെങ്കിലും കാണാൻ താല്പര്യമില്ല എന്ന് പറഞ്ഞു അവൾ വാതിൽ തുറന്നില്ല.

ഒരിക്കൽ കൂടി വിളിക്കാൻ വേണ്ടി അവൻ ശ്രെമിച്ചു.
ഇത്തവണയും എടുക്കില്ല എന്ന് തന്നെ ആണ് തോന്നിയത്. പക്ഷേ പ്രതീക്ഷകൾക്ക് വിപരീതമായി ചിലമ്പിച്ച ശബ്ദം മറുവശത്തു നിന്നും കേട്ടു.

“ഹ.. ഹലോ.. ”

“ദച്ചു എത്ര ദിവസം കൊണ്ടു വിളിക്കുവാ ഞാൻ. എന്താടാ ഫോൺ എടുക്കാത്തത്”. മനുവിന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

“എടുത്തിട്ട് എന്ത് പറയാനാ. എന്റെ ഏട്ടന്റെ സുഖവിവരത്തെ പറ്റിയോ. അതോ തകർന്നു നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തെ പറ്റിയോ”. ഇത്തവണ അവളുടെ സ്വരത്തിൽ വാശിയും കലർന്നു.

“ദർശൻ ചെയ്തതിനെ നീ ഇപ്പോഴും ന്യായീകരിക്കുകയാണോ ദച്ചു. എല്ലാം നിനക്കറിയാവുന്നതല്ലേ. ഭാഗ്യം കൊണ്ടു മാത്രം ആണ് ഗൗതം രക്ഷപെട്ടത്. മറിച്ചായിരുന്നെങ്കിലോ…” നീരസം കലർന്ന സ്വരത്തിൽ അവൻ ചോദിച്ചു.

“ഞാൻ ആരെയും ന്യായീകരിക്കാനും ഇല്ല ഒന്നിനും ഇല്ല. എനിക്ക് കുറച്ചു മനസ്സമാധാനം വേണം എന്നേ ഇനി വിളിക്കരുത്”. അവൾ പൊട്ടിത്തെറിച്ചു.

മനീഷിന്റെ കണ്ണ് നിറഞ്ഞു. “ഞാൻ വിളിക്കുന്നതാണ് നിന്റെ സമാധാനം കളയുന്നതെങ്കിൽ ഇനി ഞാൻ വിളിക്കില്ല ദച്ചു . സോറി.”

പറഞ്ഞു കഴിഞ്ഞപ്പോളെക്ക് കാൾ കട്ട്‌ ആകുന്ന സൗണ്ട് കേട്ടു. മനു തളർച്ചയോടെ കട്ടിലിലേക്ക് ഇരുന്നു. എത്ര എളുപ്പത്തിലാണവൾ പറഞ്ഞത് ഇനി വിളിക്കരുതെന്ന്. അപ്പൊ താൻ അവൾക്ക് ആരുമില്ലായിരുന്നോ.

മറുവശത്തു ദച്ചുവും കരയുകയായിരുന്നു. മനുവേട്ടനെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ വേണ്ട… ഏട്ടനെ വേദനിപ്പിച്ചു ഒന്നും വേണ്ട.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

സീറ്റിലിരുന്ന് ഗൗതമിന്റെ ക്യാബിനിലേക്ക് തന്നെ നോക്കി ഇരിക്കുക ആയിരുന്നു മാളു. പ്രിയ അകത്തേക്ക് കയറിയിട്ട് ഒരു മണിക്കൂർ ആയി.

” ഇതിനും വേണ്ടി എന്താണോ എന്തോ സംസാരിക്കാൻ ഉള്ളത്”. അവൾ കൈയിൽ കിട്ടിയ ഫയലും എടുത്തു ചെന്നു.

Knock ചെയ്ത ഉടൻ മറുപടിക്ക് കാത്തു നിൽക്കാതെ അകത്തേക്ക് കയറി. രണ്ടാളും അടുത്തടുത്ത് ഇരുന്നു ലാപ്ടോപ്പിൽ എന്തോ ചെയ്യുന്നുണ്ട്.

ഗൗതത്തിന്റെ കണ്ണുകൾ സ്‌ക്രീനിൽ ആയിരുന്നു എങ്കിൽ പ്രിയയുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു. മാളുവിന്‌ അത് വല്ലാത്ത ഈർഷ്യ ഉണ്ടാക്കി.

“ഏട്ടാ…. “അവൾ ഉറക്കെ വിളിച്ചു. പ്രിയ ഒന്ന് ഞെട്ടി ഗൗതമിൽ നിന്നും നോട്ടം മാറ്റി.

ഗൗതവും അതേ ഞെട്ടലിൽ ആയിരുന്നു. കുറച്ചു നാളുകളേ ആയിട്ടുള്ളു ഏട്ടാ എന്ന് ഓഫീസിൽ വച്ചു വിളിച്ചതിന് അവളെ വഴക്ക് പറഞ്ഞിട്ട്.

“ഏട്ടനോ…” പ്രിയ ചോദിച്ചു.

അതേ ചോദ്യം ഗൗതമിന്റെ മുഖത്തും വിരിഞ്ഞു.

“ഞാൻ പറഞ്ഞതാ മാഡം അങ്ങനെ വിളിക്കാൻ പറ്റില്ല എന്ന്. ഓഫീസ് അല്ലേ. പക്ഷേ ഏട്ടൻ സമ്മതിക്കുന്നില്ലെന്നേ”. അവൾ നമ്രശിരസ്കയായി നഖം കടിച്ചു കൊണ്ടു പറഞ്ഞു.

പ്രിയയുടെ മുഖം ഇരുണ്ടു.

ഗൗതത്തിന്റെ ആണെങ്കിൽ കണ്ണുകൾ ഇപ്പോൾ പുറത്തു വീഴും എന്ന സ്ഥിതി ആയി.

“ഇത് ഞാൻ വിശ്വസിക്കണം ആയിരിക്കും അല്ലേ. പ്രിയ പുച്ഛത്തോടെ പറഞ്ഞു. ഗൗതം പേർസണൽ ബന്ധങ്ങൾ ബിസ്സിനെസ്സിൽ കാണിക്കില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ”

“മാഡത്തിന് വേണമെങ്കിൽ ചോദിച്ചു നോക്ക്. തൊട്ടടുത്തു തന്നെ ഇരിക്കുവല്ലേ ആള്.” മാളുവും വിട്ട് കൊടുത്തില്ല. ഒപ്പം ഗൗതമിനെ കണ്ണുകൾ കൊണ്ടു കൂർപ്പിച്ചു നോക്കി.

“പ്രിയ അതൊക്കെ എന്റെ മാത്രം പേർസണൽ കാര്യങ്ങൾ ആണ്. നമുക്കിടയിൽ അത് ഡിസ്‌കസ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ബാക്കി പ്രസന്റേഷൻ ഞാൻ ഒന്ന് കൂടി ആലോചിച്ചിട്ട് ചെയ്തോളാം. പ്രിയ പൊയ്ക്കോളൂ”.

അവനോട് ചോദിക്കാൻ വന്നപ്പോളേക്കും ഗൗതമിന്റെ എടുത്തടിച്ച പോലെ ഉള്ള മറുപടി കേട്ടിട്ട് പ്രിയയുടെ മുഖം വിളറി വെളുത്തു.

മാളുവിനെ നോക്കിയപ്പോൾ അവൾ ചിരി അമർത്തി നിൽക്കുന്നത് കണ്ടു.

ഗൗതമിന്റെ മറുപടി അത് തന്നെ ആയിരിക്കും എന്ന് മാളുവിന് ഉറപ്പായിരുന്നു. ഇത് വരെ മറ്റൊരാളുടെ മുൻപിൽ വച്ചു വഴക്ക് പറയുകയോ താഴ്ത്തി കെട്ടുകയോ ചെയ്തിട്ടില്ല. അതാണ്‌ ആ മനസ്സിൽ താൻ ഉണ്ട് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്.

അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം വിരിഞ്ഞപ്പോൾ പ്രിയയുടെ കണ്ണുകളിൽ തെളിഞ്ഞത് പക ആയിരുന്നു.

ഒന്നും മിണ്ടാതെ പ്രിയ പുറത്തേക്ക് പോയി. പോകുന്നതിന് മുൻപ് മാളുവിനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കാനും മറന്നില്ല.

പ്രിയ പുറത്തേക്കിറങ്ങിയ ഉടനേ തന്റെ നേരെ നടന്നു വരുന്ന ഗൗതമിനെ കണ്ടതും മാളുവിന്റെ മനസ്സിൽ അപായമണി മുഴങ്ങി.

“ഈശ്വരാ ഇപ്പൊ കിട്ടും. അന്ന് കിട്ടിയത് തന്നെ മറന്നിട്ടില്ല”.

പുറത്തേക്ക് ഓടാൻ തോന്നി എങ്കിലും അവൾ പെട്ടെന്ന് തന്നെ തീരുമാനം മാറ്റി ധൈര്യം സംഭരിച്ചു നിന്നു.

“നോ മാളു നോ. ഇപ്പോൾ തോറ്റു കൊടുത്താൽ പിന്നെ എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ചെകുത്താനെ വരുതിയിൽ ആക്കണം എങ്കിൽ നീ കുറച്ചൂടെ ധൈര്യം കാണിച്ചേ മതിയാകു. “അവൾ സ്വയം പറഞ്ഞു.

“എപ്പൊഴാടി നിന്നോട് ഞാൻ ഏട്ടാ എന്ന് വിളിക്കാൻ പറഞ്ഞത്. ഓഫീസിൽ വച്ചു സർ എന്ന് വിളിക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ”. അവളുടെ കൈ പിടിച്ചു പിറകിൽ തിരിച്ചു പിടിച്ചു അവൻ പറഞ്ഞു.

കൈ വേദനിച്ചെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല. “പിന്നേ എനിക്ക് സൗകര്യമില്ല. ഞാൻ ഏട്ടാ എന്ന് തന്നെയേ വിളിക്കൂ. ഭർത്താവിനെ കേറി സർ എന്ന് വിളിക്കാൻ ഒന്നും മാളുവിനെ കിട്ടില്ല. പരാതിയുണ്ടെങ്കിൽ കൊണ്ട് പോയി കേസ് കൊടുക്കു. അല്ല പിന്നേ.”

അവളുടെ ആ മറുപടി അവൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. കൈയിൽ ഉള്ള പിടിത്തം തന്നെ അയഞ്ഞു.

എന്ത് പറയണം എന്നറിയാതെ തന്നെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന ഗൗതമിനെ കണ്ടതും അവളുടെ ധൈര്യം ഒന്നുകൂടി കൂടി.

ഗൗതമിന്റെ മനസ്സ് അപ്പോഴും മാളുവിന്റെ ഭാവമാറ്റത്തിന്റെ കാരണം ചികയുകയായിരുന്നു.

“ആഹ് പിന്നേ ഈ മാളവിക എന്നുള്ള വിളിയും നിർത്തിക്കോ. എല്ലാവരും വിളിക്കുന്ന പോലെ മാളു എന്ന് വിളിച്ചാൽ മതി. അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെല്ലപ്പേര് വിളിച്ചോ. ഇനി എങ്ങാനും എന്നേ മാളവിക എന്ന് നീട്ടി വിളിച്ചിട്ടുണ്ടെങ്കിൽ അമ്മ വിളിക്കുന്നത് പോലെ ഞാനും മോനുട്ടാ എന്ന് വിളിക്കും. അതും മറ്റുള്ളവരുടെ മുൻപിൽ വച്ചു വിളിക്കും.” അവൾ വെല്ലുവിളിക്കുന്ന സ്വരത്തിൽ പറഞ്ഞു.

കേട്ടതൊക്കെ സത്യമാണോ എന്നുള്ള സംശയത്തിൽ ആയിരുന്നു ഗൗതം. അവളിൽ നിന്നും ഒരിക്കലും ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ അവൾ ഏട്ടാ എന്ന് വിളിക്കുന്നത് തന്നെയാണ് ഇഷ്ടം. എങ്കിലും വെറുതേ ഒന്ന് വിരട്ടി നോക്കാം എന്ന് വിചാരിച്ചതാ.

ഗൗതം എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്നത് കണ്ട മാളു പതിയെ അവന്റെ ശ്രെദ്ധയിൽ പെടാതെ പുറത്തേക്കിറങ്ങി. നെഞ്ചിൽ കൈ വച്ചു നോക്കി.

“ഭാഗ്യം ജീവനോടെ ഉണ്ട്. ”

അവൾ പുറത്തേക്കിറങ്ങി കഴിഞ്ഞിട്ടാണ് ഗൗതം അവൾ പോയെന്ന് മനസ്സിലാക്കുന്നത്. ചിരിയാണ് വന്നത്. സത്യം പറഞ്ഞാൽ അവളുടെ ഈ വാശിയും കുസൃതിയുമാണ് മനസ്സിലേക്ക് അവളെ ഇടിച്ചു കയറ്റിയത്. അതൊക്കെ വീണ്ടും വീണ്ടും കാണാനാണ് ഇഷ്ടമായിരുന്നിട്ടും തുറന്നു പറയാത്തത്.

സീറ്റിൽ ഇരുന്ന് പ്രിയ നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഒരു കുസൃതി തോന്നി. മുടി ഒക്കെ ഒന്ന് ശെരിയാക്കുന്നത് പോലെ കാണിച്ചിട്ട് സീറ്റിലേക്ക് പോകാൻ തുടങ്ങി.

പ്രിയ ഇരിക്കുന്ന സ്ഥലം എത്തിയതും അവൾ ചുണ്ട് പിടിച്ചു നോക്കി. “ശോ ഈ ഏട്ടന്റെ ഒരു കാര്യം. വന്ന് വന്ന് ഓഫീസ് ആണെന്ന് ഒരു ബോധ്യവും ഇല്ല.” അവൾ നാണം ഭാവിച്ചു പറഞ്ഞുകൊണ്ട് നടന്നു.

കുറച്ചു ദൂരം എത്തിയപ്പോൾ തിരിഞ്ഞു നോക്കി. പ്രിയയുടെ മുഖം ആകെ വലിഞ്ഞു മുറുകി ഇരിപ്പുണ്ട്. കൈയിൽ ഇരിക്കുന്ന പേന ഇപ്പോൾ ഞെരിച്ചൊടിക്കും എന്ന് തോന്നി.

തികട്ടി വന്ന ചിരി അടക്കിപ്പിടിച്ചു ഒരു മൂളിപ്പാട്ടും പാടി അവൾ സീറ്റിലേക്ക് നടന്നു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുറച്ചു മുൻപ് നടന്ന കാര്യങ്ങളിൽ തന്നെ ആയിരുന്നു പ്രിയയുടെ മനസ്സ്.

“മാളു പറഞ്ഞതൊക്കെ സത്യം ആയിരിക്കുമോ. ഗൗതം അവളെ സ്നേഹിക്കാൻ തുടങ്ങി കാണുമോ.” തലയാകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി പ്രിയക്ക്.

ഗൗതമിന്റെ ക്യാബിനിലെ ഡോർ തുറക്കുന്നത് കേട്ട് അങ്ങോട്ടേക്ക് നോക്കി. ചുണ്ടിൽ ഒരു ചിരിയോടെ പുറത്തേക്കിറങ്ങുന്ന ഗൗതമിനെ കണ്ടപ്പോൾ അവളുടെ നെഞ്ചോന്നു പിടഞ്ഞു.

ചുറ്റിനും തിരഞ്ഞു കൊണ്ടിരുന്ന അവന്റെ കണ്ണുകൾ കിഷോറിനോട് സംസാരിച്ചു നിൽക്കുന്ന മാളുവിൽ തറഞ്ഞു നിൽക്കുന്നതും ആ കണ്ണുകളിൽ കുസൃതി വിരിയുന്നതും പ്രിയ നോക്കി നിന്നു.

തുടരും…

നിഴൽ പോലെ : ഭാഗം 1

നിഴൽ പോലെ : ഭാഗം 2

നിഴൽ പോലെ : ഭാഗം 3

നിഴൽ പോലെ : ഭാഗം 4

നിഴൽ പോലെ : ഭാഗം 5

നിഴൽ പോലെ : ഭാഗം 6

നിഴൽ പോലെ : ഭാഗം 7

നിഴൽ പോലെ : ഭാഗം 8

നിഴൽ പോലെ : ഭാഗം 9

നിഴൽ പോലെ : ഭാഗം 10

നിഴൽ പോലെ : ഭാഗം 11

നിഴൽ പോലെ : ഭാഗം 12

നിഴൽ പോലെ : ഭാഗം 13

നിഴൽ പോലെ : ഭാഗം 14

നിഴൽ പോലെ : ഭാഗം 15

നിഴൽ പോലെ : ഭാഗം 16

നിഴൽ പോലെ : ഭാഗം 17

നിഴൽ പോലെ : ഭാഗം 18

നിഴൽ പോലെ : ഭാഗം 19

നിഴൽ പോലെ : ഭാഗം 20

നിഴൽ പോലെ : ഭാഗം 21

നിഴൽ പോലെ : ഭാഗം 22

നിഴൽ പോലെ : ഭാഗം 23