Wednesday, January 22, 2025
Novel

നീലാഞ്ജനം : ഭാഗം 18

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


ഉണ്ണി മോളെ തന്നെ നോക്കി നിൽക്കുന്ന
രാകേഷിൽ ആയിരുന്നു എല്ലാവരുടെയും
കണ്ണുകൾ.

ലിൻഡ രാകേഷിന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.

ചേട്ടൻ എന്തിനാ വിളിച്ചത് എന്ന് പറഞ്ഞില്ലല്ലോ…

രാകേഷ് ലിൻഡയുടെ മുഖത്തേക്ക് നോക്കി.

അതിന് ഞാൻ നിങ്ങളെ വിളിച്ചില്ലല്ലോ.
ഞാൻ ദേ ആ പോകുന്ന കുട്ടിയെയാ വിളിച്ചത്.

അവൻ ഉണ്ണിമോളുടെ നേരെ വിരൽ ചൂണ്ടി.

ഓ വെറുതെ ആശിച്ചു.

ലിൻഡയുടെ പറച്ചിൽ കേട്ട് അടുത്ത് നിന്ന ജെയ്‌സ്‌ലിക്ക് ചിരിപൊട്ടി.

ആ കുട്ടിയുടെ പേര് എന്താണ്.

എന്തിനാ ചേട്ടാ വിവാഹം ആലോചിക്കാനാണോ.

ലിൻഡയുടെ ചോദ്യം കേട്ട് രാകേഷ്
അന്തംവിട്ട് അവളുടെ മുഖത്തേക്ക് നോക്കി.

പിന്നെ ചെറു ചിരിയോടെ പറഞ്ഞു.
ഇപ്പോൾ വിവാഹം ആലോചിക്കുന്നില്ല പഠിക്കുകയല്ലേ.

കൂട്ടുകാരികളെയും പ്രതീക്ഷിച്ചു കുറച്ചു മാറി നിൽക്കുകയായിരുന്ന ഉണ്ണിമോളുടെ
അടുത്തേക്ക് രാകേഷ് നടന്നു.

അവൻ അവളുടെ അരികിലേക്ക് ചെന്നു.

പിന്നെ സ്വയം പരിചയപ്പെടുത്തി

ഹലോ അയാം രാകേഷ്. ഫോർത്ത് ഇയർ E.c

അവൾ അവനെ നോക്കി മനോഹരമായി ഒന്നു പുഞ്ചിരിച്ചു.

പുഞ്ചിരിക്കുമ്പോൾ അവളുടെ കവിളിൽ
വിരിഞ്ഞ നുണക്കുഴി യിലേക്ക് അവന്റെ
കണ്ണുകൾ നീണ്ടു.

തന്റെ പേര് എന്താണ്.

ഉണ്ണിമോൾ..

കൊള്ളാല്ലോ… ക്യാമ്പസിൽ അധികം
കേട്ടിട്ടില്ലാത്ത പേരാണല്ലോ.

അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല പകരം സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടെ
നിന്നു.

എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ട്.
വളച്ചുകെട്ടില്ലാതെ പറയാം.

എനിക്ക് തന്നെ ഇഷ്ടമാണ്.

വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്.

എനിക്ക് ഒരു ഏട്ടൻ മാത്രമേ ഉള്ളൂ

തന്റെ പഠിത്തം കഴിയുമ്പോൾ ഞാൻ
ചേട്ടനെയും കൂട്ടി വീട്ടിലേക്ക് വരട്ടെ.

ഉണ്ണിമോൾ അമ്പരപ്പോടെ രാകേഷിന്റെ മുഖത്തേക്ക് നോക്കി.

കാരണം രാകേഷ് പഠിക്കാൻ മിടുക്കനായ
ഒരു വിദ്യാർത്ഥിയാണ്. അധ്യാപകർക്ക്
ഒക്കെ ഒരുപാട് ഇഷ്ടമാണ്

കോളേജിലെ സകല കാര്യങ്ങൾക്കും മുൻപന്തിയിൽ ഉള്ള ഒരു വ്യക്തിയും ആണ്.

ഒരു പെൺകുട്ടിയോട് പോലും മാന്യത വിട്ട് പെരുമാറിയതായി അറിയില്ല.

കാണാനും സുന്ദരനാണ്. ക്ലാസ്സിൽ തന്നെ
പല പെൺകുട്ടികളും രാകേഷ് ചേട്ടന്റെ ഒരു നോട്ടത്തിനു വേണ്ടി നടക്കുന്നവരാണ്.

അങ്ങനെയുള്ള ഒരാൾ തന്റെ അടുത്ത്
വന്ന് ഇഷ്ടം പറയുന്നു.

പെട്ടന്ന് അവളുടെ മനസ്സിലേക്ക് മനുവിന്റെ
മുഖം ഓർമ്മ വന്നു.

തനിക്ക് ആദ്യമായി പ്രണയം തോന്നിയ ആൾ.

തന്നെ പ്രണയത്തോടെ നോക്കിയ ആൾ.

ഏട്ടൻ അല്ലാതെ തന്റെ ദേഹത്ത് ആദ്യമായി സ്പർശിച്ച ആൾ.

എപ്പോഴോ തന്റെ ഹൃദയത്തിന്റെ കോണിൽ
താൻ പോലുമറിയാതെ പ്രതിഷ്ഠിച്ച ആൾ.

പെട്ടെന്നൊരുനാൾ ഇതുപോലെ വന്ന് ഇഷ്ടം പറഞ്ഞു.

തന്റെ ജന്മരഹസ്യം അറിഞ്ഞപ്പോൾ ഒരു വാക്കു പോലും പറയാതെ തിരികെ പോയി.

അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കണ്ട് രാകേഷ് അമ്പരന്നു.

എന്താഡോ എന്തുപറ്റി..

തനിക്ക് ഇഷ്ടമല്ലെങ്കിൽ കുഴപ്പമില്ല കേട്ടോ.

താൻ വിഷമിക്കുകയൊന്നും വേണ്ട.

എന്നാലും എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്.

എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ ഒരാളാണ് താൻ.

ഉണ്ണിമോൾ രാകേഷിന്റെ മുഖത്തേക്ക് നോക്കി.

പിന്നെ മറുത്തൊന്നും പറയാതെ തിരികെ നടന്നു.

തന്നോട് ഒരു വാക്ക് പോലും മിണ്ടാതെ
നടന്നു പോകുന്ന ഉണ്ണിമോളെ കണ്ടു
രാകേഷിന്റെ ഉള്ളിൽ വല്ലാത്ത വേദന തോന്നി.

ഒന്നും മിണ്ടാതെ നടന്നു പോകുന്ന ഉണ്ണിമോളെയും അവളെ തന്നെ നോക്കി നിൽക്കുന്ന രാകേഷിനെയും കണ്ടുകൊണ്ടാണ് ലിൻഡയും ജെയ്‌സ്‌ലിയും അവിടേക്ക് വന്നത്.

എന്താ ചേട്ടാ പറയാനുള്ളതൊക്കെ
പറഞ്ഞു കഴിഞ്ഞോ.

രാകേഷ് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു.

പതിവുപോലെ ക്ലാസും കഴിഞ്ഞ് ഹോസ്റ്റൽ മുറിയിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളൂ മൂന്നുപേരും…

ഉണ്ണിമോൾ കുളിക്കാനായി ഡ്രസ്സ്‌ എടുത്തോണ്ട് നിൽക്കുമ്പോഴാണ് മേട്രന്റെ വിളി വന്നത്.

അവൾ ധൃതിയിൽ താഴേക്ക് നടന്നു.

അവളെയും കാത്ത് ശ്രീകാന്ത് വിസിറ്റേഴ്സ് റൂമിൽ ഇരിപ്പുണ്ടായിരുന്നു.

അവൾ ഓടി ഏട്ടന്റെ അരികിൽ എത്തി.

എന്താ ഏട്ടാ പതിവില്ലാതെ ഈ സമയത്ത്.

ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പം
ഉണ്ടോ.

അവൾ ആധിയോടെ ചോദിച്ചു.

ശ്രീകാന്ത് അവളെ ചേർത്ത് പിടിച്ചു.

ഒന്നും ഇല്ല മോളെ. ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയാണ്.

നാളെ ശ്രീകുട്ടിയെ കാണാൻ ഒരു കൂട്ടർ വരും.

പോകുന്ന വഴി മോളെ കൂടി കണ്ടിട്ട് പോകാം എന്ന് വെച്ച് കയറിയതാ.

അവൾക്കായി അവൻ കരുതിയ സാധനങ്ങൾ അവളെ ഏൽപ്പിച്ചു.

മോൾക്ക്‌ ഏട്ടനോട് ദേഷ്യം ഉണ്ടോ വീട്ടിലേക്ക് കൂടാത്തതിൽ.

മോളെ അങ്ങോട്ട് കൊണ്ടു പോകുന്നതിലും നല്ലത് ഇവിടെ തന്നെ നിൽക്കുന്നതാ..

അവൾ അവനെ നോക്കി ഒരു വാടിയ പുഞ്ചിരി സമ്മാനിച്ചു.

എനിക്ക് അമ്മയെ കാണാൻ കൊതിയാ ഏട്ടാ.

പക്ഷേ അമ്മയ്ക്ക്… അവൾ ബാക്കി പറയാനാവാതെ പുറത്തേക്കു വന്ന സങ്കടം കടിച്ചമർത്തി.

ഇത്തവണത്തെ ഓണം വെക്കേഷന് ഏട്ടൻ മോളെ കൊണ്ടുപോകാം.

വേണ്ട ഏട്ടാ എന്നെ കാണുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല.

ആർക്ക് ഇഷ്ടം ആയാലും അല്ലെങ്കിലും
ഏട്ടൻ മോളെ കൊണ്ടുപോകും.

അവിടെ വേണുമാമയും ഹരിയും മോളെ കാത്തിരിക്കുകയാണ്.

ഇനി ഓണത്തിന് ഒരു മാസം കൂടിയല്ലേ ഉള്ളൂ.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഹോസ്റ്റലിൽ തനിയെ ഇരിക്കണ്ട.

അവൾക്ക് ഒരു ആശ്വാസം തോന്നി.

മിനിഞ്ഞാന്ന് കൂടി കൗസല്യ ചേച്ചി വിളിച്ചു പറഞ്ഞതേയുള്ളൂ. ഇത്തവണ ഓണത്തിന് ചേച്ചിക്ക് നാട്ടിൽ പോകണമെന്ന്.

കഴിഞ്ഞ തവണ താൻ പോകാതിരുന്നത് കൊണ്ട് മേട്രൻ കൗസല്യചേച്ചിയെ ഇവിടെ
നിർത്തിയിട്ടാണ് പോയത്.

എല്ലാവരും പോയി കഴിഞ്ഞപ്പോൾ ചേച്ചിക്ക് ആകെ വിഷമവും സങ്കടവും ഒക്കെ ആയിരുന്നു.

നിനക്ക് വീടും വീട്ടുകാരും ഒന്നും ഇല്ലേ എന്ന് തന്നോട് പല ആവർത്തി ചോദിച്ചു.

ഇപ്രാവശ്യം അതുപോലെ ഉണ്ടാകാതിരിക്കാനാണ് തന്നെ നേരത്തെ വിളിച്ചു പറഞ്ഞത്.

അവൾക്ക് ഉള്ളിൽ ഒരു തണുപ്പ് തോന്നി.

ശ്രീകാന്ത് വീട്ടിലേക്ക് പോയതിന്റെ പിറ്റേന്നുതന്നെ ഉണ്ണിമോളെ വിളിച്ചു.

ശ്രീക്കുട്ടിയുടെ വിവാഹം തീരുമാനിച്ചു.

പയ്യന് ബാങ്കിലാണ് ജോലി.

നല്ല ബന്ധമാണ് പിന്നെ ഒരു കുഴപ്പം ഉള്ളത് അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു പോയതാണ്. ബന്ധു എന്ന് പറയാൻ ഒരു അനിയൻ മാത്രമാണ് ഉള്ളത്.

കൂടുതലായി ഒന്നും ചോദിച്ചിട്ടില്ല.

എത്രയും വേഗം വിവാഹം നടത്തണമെന്ന ഒരു ഡിമാൻഡ് മാത്രമേ അവർക്ക് ഉള്ളൂ.

കഴിവതും ഓണത്തിനു മുൻപേ എന്നാണ് അവർ പറഞ്ഞത്.

എങ്ങനെയെങ്കിലും നടത്താനുള്ള തീരുമാനത്തിലാണ്.

ശ്രീകാന്ത് ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഉണ്ണിമോൾ ആലോചനയോടെ ഇരുന്നു.

ഒരു പക്ഷേ താൻ ഇപ്പോൾ പഴയ ഉണ്ണിമോൾ ആയിരുന്നെങ്കിൽ എന്തു സന്തോഷമായിരുന്നേനേ തനിക്ക്.

ഇന്ന് അവിടെയുള്ളവർക്ക് തന്നെ കാണുന്നത് പോലും ചതുർഥി ആണ്.

അമ്മയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് തനിക്ക്.കൊതി ആവുകയാണ് ആ മടിയിൽ തല വെച്ച് കിടക്കാൻ.

എത്ര ഒതുക്കിയിട്ടും അവളുടെ സങ്കടം മുള ചീന്തും പോലെ പുറത്തേക്ക് വന്നു.

അവളെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്ന ലിൻഡയും ജെയ്‌സ്‌ലിയും അവളുടെ അടുത്തേക്ക് വന്നിരുന്നു.

ഒടുവിൽ ലിൻഡ ഓരോരോ പൊട്ടത്തരങ്ങൾ കൊണ്ട് ഉണ്ണിമോളെ ചിരിപ്പിച്ചതിനുശേഷമാണ് അവിടെ നിന്നും എഴുന്നേറ്റത്.

ഇതിനിടയിൽ ലിൻഡയും രാകേഷും തമ്മിൽ നല്ല ഒരു സൗഹൃദം ഉടലെടുത്തിരുന്നു.

ഉണ്ണിമോൾ മാത്രം അതിൽ നിന്നെല്ലാം അകന്നു നിന്നു.

ലിൻഡയിൽ നിന്നും വിവരങ്ങളൊക്കെ അറിഞ്ഞ രാകേഷ് ഉണ്ണിമോളേ ഒരുതരത്തിലും ശല്യം ചെയ്യാൻ പോയില്ല.

പക്ഷേ വീട്ടിൽ ചെന്ന് ഏട്ടനോട് ഉണ്ണിമോളുടെ കാര്യം അവതരിപ്പിക്കാൻ അവൻ മറന്നില്ല.

ഏറ്റവും ബെസ്റ്റ് മാത്രം തെരഞ്ഞെടുക്കുന്ന അനുജന് ഒരിക്കലും തെറ്റ് പറ്റില്ലെന്ന് ഏട്ടന് അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ അനുജന്റെ ആഗ്രഹത്തിന് ഒരെതിർപ്പും ഏട്ടൻ പറഞ്ഞില്ല.

ഒരു അവധി ദിവസം മുകളിൽ നിന്നും ഉണങ്ങിയ തുണി എല്ലാം എടുത്തു കൊണ്ട്
റൂമിലേക്ക് വന്ന ജെയ്‌സ്‌ലി കാണുന്നത് ഫോണിലേക്കു നോക്കി എന്തോ ആലോചനയോടെ ഇരിക്കുന്ന ഉണ്ണിമോളെ ആണ്.

ജെയ്‌സ്‌ലി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.

ഒരുപക്ഷേ ലിൻഡ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഉണ്ണിമോൾ ഇങ്ങനെ
ഗ്ലൂമിയായി ഇരിക്കാൻ അവൾ അനുവദിക്കില്ലായിരുന്നു..

അവൾ ഉണ്ണിമോളുടെ തോളിൽ കൈ വെച്ചു എന്താ നീ ഇത്ര ആലോചിക്കുന്നത്.

അത് ഏട്ടൻ വിളിച്ചു . ശ്രീക്കുട്ടിയുടെ വിവാഹമാണ് രണ്ടാഴ്ച കഴിയുമ്പോൾ.

അധികം ആരെയും വിളിക്കുന്നില്ല എന്നു പറഞ്ഞു.

രണ്ടു കല്യാണം അടുത്തല്ലേ കഴിഞ്ഞത്.

ചെറിയ ചടങ്ങുകൾ മാത്രമേ ഉള്ളൂ എന്ന്. അടുത്ത ദേവി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.

ഏട്ടൻ ഒരാഴ്ചമുൻപ് ലീവെടുത്ത് പോകും.

എനിക്ക് വിവാഹത്തിന്റെ തലേന്നേ പോകാൻ പറ്റുകയുള്ളൂ.

നമ്മുടെ എക്സാം നടക്കുകയല്ലേ.

അവൾ ജെയ്‌സ്‌ലിയോട് അത്രയും പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ താൻ വീട്ടിൽ ചെന്ന് കഴിഞ്ഞാൽ അമ്മയിൽ നിന്നും ശ്രീകുട്ടിയിൽ നിന്നും കേൾക്കുന്ന കുത്തുവാക്കുകൾ ഓർത്തുള്ള വേദനയായിരുന്നു….

ഉച്ചയ്ക്ക് തന്നെ എക്സാം കഴിഞ്ഞു. അതുകൊണ്ട് അവൾ രണ്ടു മണി കഴിഞ്ഞപ്പോഴേക്കും ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് പോകാനായി ഇറങ്ങി.

വീട്ടിൽ ചെന്നപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു . ഇതിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം ശ്രീകാന്തിന്റെ വിളിയും വന്നിരുന്നു.

ഉണ്ണിമോൾ റോഡിന് താഴെ എത്തിയപ്പോൾ തന്റെ വീട്ടിലേക്ക് നോക്കി നിന്നു.

താൻ കളിച്ചു വളർന്ന വീട്. ഇപ്പോൾ തനിക്ക് അന്യമായിരിക്കുന്നു.

മുറ്റത്ത് ചെറുതായി പന്തലിട്ടിട്ടുണ്ട്. ആൾക്കാരൊക്കെ വന്നും പോയും ഇരിക്കുന്നു.

അവൾ അകത്തേക്ക് കയറി. പരിചയക്കാരൊക്കെ അവളെ നോക്കി കുശലാന്വേഷണം നടത്തി.

അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു
ശ്രീക്കുട്ടി സാരി ഒക്കെ ഉടുത്ത് സുന്ദരിയായി നിൽക്കുന്നു.

അവൾ ശ്രീക്കുട്ടിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

എന്നാൽ അത് കണ്ടഭാവം പോലും നടക്കാതെ അവൾ മുഖം തിരിച്ചു.

അപ്പോഴാണ് ദേവകി അമ്മ അകത്തു നിന്ന് വെളിയിലേക്ക് ഇറങ്ങി വന്നത്.

ഉണ്ണി മോളെ കണ്ടയുടൻ അവർ അവളെ അടിമുടി ഒന്ന് നോക്കി.

പിന്നെ അവളുടെ അരികിലേക്ക് വന്നു.
നീ എപ്പോ എത്തി.

അവൾ സന്തോഷത്തോടെ അവരുടെ അരികിലേക്ക് നീങ്ങി. ഞാൻ വന്നതേയുള്ളൂ അമ്മേ.

അവർ അവളുടെ കൈയും പിടിച്ച് അകത്തെ മുറിയിലേക്ക് നടന്നു.

ഉണ്ണി മോൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അമ്മ തന്നോട് സംസാരിച്ചല്ലോ.

മുറിയിലേക്ക് കയറിയ ഉണ്ണി മോളോട് അവർ പറഞ്ഞു. നീ ആ കഴുത്തിൽ കിടക്കുന്ന മാല ഇങ്ങ് ഊരി തന്നെ.

അവൾ അമ്പരപ്പോടെ അവരുടെ മുഖത്തേക്ക് നോക്കി.

ഇതുകൂടി ശ്രീക്കുട്ടിക്ക് കൊടുക്കാം എന്ന് ഞാൻ അവളോട് പറഞ്ഞതാ.

ഒരുപാടൊന്നും കൊടുക്കുന്നില്ലല്ലോ.

എന്തെങ്കിലും ഒന്ന് അതിന്റെ കഴുത്തിലും വേണ്ടേ.

ഉണ്ണിമോൾ പെട്ടെന്ന് കഴുത്തിൽ നിന്നും മാലയൂരി അമ്മയുടെ കയ്യിലേക്ക് കൊടുത്തു.

അവർ ഒന്നും മിണ്ടാതെ അതും വാങ്ങി വെളിയിലേക്ക് നടന്നു.

ഉണ്ണിമോളുടെ നെഞ്ച് വല്ലാതെ വിങ്ങി.
വന്നിട്ട് അമ്മ എന്തെങ്കിലും കഴിച്ചോ എന്ന് പോലും ചോദിച്ചില്ല. ഇത്രയ്ക്കും വെറുത്തോ തന്നെ.

പെട്ടെന്നാണ് ഹരിത ഓടി വന്ന് അവളെ കെട്ടി പിടിച്ചത്.

നീ എപ്പോ വന്നു ഉണ്ണിമോളെ നിന്നെ എത്ര നാളായി കണ്ടിട്ട് ഞാൻ നിന്നെ ഒന്ന് കാണട്ടെ.

ഹരിത അവളെ അടിമുടി ഒന്ന് നോക്കി.

ഇവിടുന്ന് പോയതിനേക്കാൾ സുന്ദരി ആയല്ലോ എന്റെ ഉണ്ണി മോൾ.

അവൾ ഉണ്ണിമോളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അപ്പോഴാണ് ശ്രീകാന്ത് എന്തോ ആവശ്യത്തിനായി അകത്തേക്ക് വന്നത്.

ഉണ്ണിമോളേ കണ്ടു അവൻ അവിടേക്ക് വന്നു.

ഹരി നീ വീട്ടിലേക്ക് പോകുമ്പോൾ ഇവളെയും കൂട്ടിക്കോ.

ഇവൾക്കുള്ള ഡ്രസ്സ് ഒക്കെ അവിടെ അല്ലേ.

നിങ്ങൾ അവിടുന്ന് റെഡിയായി ക്ഷേത്രത്തിലേക്ക് വന്നാൽമതി.

ഞാൻ ക്ഷേത്രത്തിലേക്ക് പോവുകയാണ് രാവിലയെ വരുകയുള്ളൂ.

രാവിലെ ഉണ്ണിമോൾ കുളികഴിഞ്ഞ് മുടി തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ് ഹരിത ഒരു കവറുമായി അവളുടെ അരികിലേക്ക് വന്നത്.

ശ്രീയേട്ടൻ എടുത്ത് തന്നതാണ്. നമുക്ക്
രണ്ടാൾക്കും സാരിയാണ്.

ഹരിത അവളുടെ കയ്യിലേക്ക് കവറുകൾ വെച്ചുകൊടുത്തു.

നിറയെ സ്റ്റോൺ വർക്കുകൾ ചെയ്ത പൊൻമാൻ നീല കളർ സാരി ആയിരുന്നു ഉണ്ണി മോൾക്ക്.

അതേ മോഡൽ തന്നെ മറൂൺ കളർ സാരിയായിരുന്നു ഹരിതയുടെത്.

ഹരിത മനോഹരമായി അവളെ ആ സാരി ഉടുപ്പിച്ചു.

പിന്നെ ഇടതൂര്ന്ന നീണ്ട മുടി അഴിച്ചിട്ടു നിറയെ മുല്ലപ്പൂ ചൂടി കൊടുത്തു.

ഒരുക്കം എല്ലാം കഴിഞ്ഞു അവളെ മൊത്തത്തിൽ ഒന്ന് നോക്കി.

അപ്പോഴാണ് ഹരിതയുടെ കണ്ണുകൾ അവളുടെ കഴുത്തിൽ ഉടക്കിയത്.

നിന്റെ മാല എവിടെ.

ഒന്നും മിണ്ടാതെ നിൽക്കുന്ന ഉണ്ണിമോളുടെ മുഖം അവൾ പിടിച്ചുയർത്തി.

നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോഴേ ഹരിതയ്ക്ക് സംഗതി മനസ്സിലായി.

അവൾ പെട്ടെന്ന് വെളിയിലേക്ക് ഇറങ്ങി പോയി.

തിരികെ വന്ന് ഒരു പാലയ്ക്ക നെക്ലസ് ഉണ്ണിമോളുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു.

ഇത് നിന്റെ കഴുത്തിൽ കിടന്നോട്ടെ. ഇനി ഊരാൻ നിൽക്കണ്ട കേട്ടോ.

ഉണ്ണിമോൾ ഹരിതയുടെ മുഖത്തേക്ക് നോക്കി.

ഇങ്ങനെ നിന്നാൽ മതിയോ വേഗം വാ സമയം പോകുന്നു അവൾ ഉണ്ണിമോളുടെ കയ്യും പിടിച്ച് വേഗത്തിൽ ഇറങ്ങി.

അധികം ആളെ ഒന്നും ക്ഷണിച്ചിരുന്നില്ല കൂടിപ്പോയാൽ രണ്ടുകൂട്ടരും 250 പേരോളം കാണും.

വരന്റെ ആൾക്കാർ എത്തി. അവരെ അകത്തേക്ക് സ്വീകരിക്കാനായി താലപ്പൊലി എടുക്കാൻ ഹരിത ഉണ്ണി മോളെയും കൂട്ടി മണ്ഡപത്തിന് അടുത്തേക്ക് നടന്നു.

ഉണ്ണിമോൾ ശ്രീക്കുട്ടിയുടെ ആളിന്റെ മുഖത്തേക്ക് നോക്കി.

സുന്ദരനാണ് ആൾ. ശ്രീക്കുട്ടിക്ക് ചേരും. അവൾ മനസ്സിൽ ഓർത്തു.

അവളുടെ കണ്ണുകൾ ബന്ധുക്കളുടെ കൂട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് കണ്ടത് ശ്രീക്കുട്ടിയുടെ പയ്യന്റെ അടുത്തായി
തന്നെ മാത്രം നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ.

അവൾക്ക് ഒരേസമയം അമ്പരപ്പും അത്ഭുതവും തോന്നി..

രാകേഷ്….

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17