Saturday, July 27, 2024
Novel

നിനക്കായ്‌ : ഭാഗം 20

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി

Thank you for reading this post, don't forget to subscribe!

” മനുവേട്ടാ … ”

മനുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചുകൊണ്ട് അനു വിളിച്ചു.

” എന്തോ കാര്യം സാധിക്കാനുണ്ടല്ലോ ”

ചിരിയോടെ അവളുടെ മുടിയിഴകളെ തലോടിക്കോണ്ട് മനു ചോദിച്ചു.

” ഓ പിന്നേ നിങ്ങളെക്കൊണ്ട് എനിക്കിനി ഒരു മുട്ടയിടീക്കാനുണ്ട് ഒന്ന്പോ മനുവേട്ടാ ”

പറഞ്ഞുകൊണ്ട് മുഖം കോട്ടി അവളവനിൽ നിന്ന് അകന്ന് എതിർവശത്തേക്ക് തിരിഞ്ഞ് കിടന്നു.

” ഡീ അന്നാമ്മോ നീ പിണങ്ങിയോ ”

അവളുടെ അരികിലേക്ക് നീങ്ങിചെന്ന് വയറിൽ കൈ ചുറ്റി അവളെ തന്നോട് ചേർത്ത് കിടത്തിക്കോണ്ട് അവൻ ചോദിച്ചു.

” എന്നെ തൊടണ്ട ഞാൻ എന്തേലും കാര്യസാധ്യത്തിന് മാത്രല്ലേ മനുവേട്ടന്റടുത്ത് വരുന്നേ പോ അവിടുന്ന് ”

അവന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു.

” ഓഹ് സോറി ഞാൻ ചുമ്മാ പറഞ്ഞതാ . അതുപിന്നെ എന്തേലും കാര്യം സാധിക്കാൻ വേണ്ടിയുള്ള ഭാര്യമാരുടെ സ്ഥിരം അടവ് കണ്ടപ്പോ ചോദിച്ചുപോയതാ ”

അവളെ ഒന്നൂടെ ചുറ്റിപ്പിടിച്ച് മുടിയിൽ ഉമ്മ വച്ചുകൊണ്ട് ചിരിയോടെ മനു പറഞ്ഞു.

” ഏഹ് ഭാര്യമാരോ അപ്പോ മനുവേട്ടനെന്നേക്കൂടാതെ വേറെ ഭാര്യമാരുണ്ടോ ”

വീണ്ടും തിരിഞ്ഞ് അവന്റെ നെഞ്ചോടൊട്ടി ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു.

” എന്റെ ദൈവമേ ഈ വെളിവില്ലാത്തതിനെയാണല്ലോ ഞാൻ കേറി പ്രേമിച്ച് കെട്ടിയത് ”

തലയിൽ കൈവച്ച് മനു പറഞ്ഞു. അതുകേട്ട് അവനോടൊന്നൂടെ ചേർന്ന് കിടന്നുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.

” അല്ല എന്താ കാര്യം അതിതുവരെ പറഞ്ഞില്ലല്ലോ ”

” എനിക്ക് അമ്മേം ഏട്ടനെമൊക്കെ ഒന്ന് കാണാൻ തോന്നുന്നു ”

അവന്റെ നെഞ്ചിൽ തല വച്ച് മുഖത്തേക്ക് നോക്കിക്കോണ്ട് അവൾ ചോദിച്ചു.

” ഓഹോ അപ്പോ ഇതിനാണോ കാള വാല് പൊക്കിയത്.? ” മനു ചിരിയോടെ ചോദിച്ചു.

” മനുവേട്ടാ …. ”

ചിണുങ്ങിക്കൊണ്ട് അവൾ വിളിച്ചു.

” മതി മതി ഇനി അതിന് മോന്ത വീർപ്പിക്കണ്ട. നാളെ പോകാം ”

കൈ നീട്ടി ലൈറ്റ് അണച്ചുകൊണ്ട് അവൻ പറഞ്ഞു.
രാവിലെ ഒൻപത് മണിയോടെ മനുവും അനുവും പാലക്കലെത്തി. അപ്പോഴേക്കും അരവിന്ദനും കുടുംബവും അഭിരാമിയുടെ വീട്ടിലേക്ക് പോകാൻ റെഡിയായി കഴിഞ്ഞിരുന്നു.

” ആഹാ നിങ്ങളിങ്ങ് പൊന്നോ ഞങ്ങൾ ശ്രീശൈലത്തിലേക്ക് പോകാനിറങ്ങുകയായിരുന്നു. ”

കാറിൽ നിന്നിറങ്ങുന്ന അവരെ കണ്ടതും ഉമ്മറത്തേക്ക് വന്ന അരവിന്ദൻ പറഞ്ഞു.

” എന്താച്ഛാ വിശേഷം പെട്ടന്ന് അങ്ങോട്ടൊരു പോക്ക് ? ”

ഹാളിലെ സെറ്റിയിലേക്ക് ഇരുന്നുകൊണ്ട് മനു ചോദിച്ചു.

” വിശേഷിച്ചൊന്നുമില്ല ഞായറാഴ്ച അല്ലേ എല്ലാരും കൂടെ ഒന്നാവഴി ചെല്ലാൻ ഇന്നലെ വിശ്വൻ വിളിച്ചപ്പോൾ പറഞ്ഞു. എന്നാപ്പിന്നെ അങ്ങനെ ആവട്ടെന്ന് ഞാനും കരുതി.

എല്ലാവരും കൂടുമ്പോ അഭീടേം അജീടേം കാര്യമൊന്ന് സൂചിപ്പിക്കുകയും ചെയ്യാം. ”

ചിരിച്ചുകൊണ്ട് അയാളത് പറയുമ്പോൾ മനുവും പുഞ്ചിരിച്ചു .

” അവനോടൊന്നും പറഞ്ഞിട്ടില്ല ഇതുവരെ. അവനൊരു സർപ്രൈസ് ആയിക്കോട്ടെ ”

അയാൾ വീണ്ടും പറഞ്ഞു.

” ആഹാ എന്നാപ്പിന്നെ ഞങ്ങളും വരുവാ അല്ലേ മനുവേട്ടാ ”

മനുവിനെ നോക്കി ചിരിയോടെ അനു പറഞ്ഞു. അതിനെ അനുകൂലിച്ചെന്നപോലെ അവൻ പുഞ്ചിരിച്ചു.

” അമ്മക്കുട്ടീ …. ”

മുറിയിൽ നിന്ന് സാരി ഞൊറിഞ്ഞുടുത്തുകൊണ്ടിരുന്ന ഗീതയെ കെട്ടിപ്പിടിച്ചുകൊണ്ട് അനു വിളിച്ചു.

” ആഹാ എന്റെ പുത്രിയും എത്തിയോ മനു വന്നില്ലേ മോളെ ? ”

അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് അവർ ചോദിച്ചു.

” കണ്ടോ കണ്ടോ സ്വന്തം മോളെ ഇത്ര നാൾ കൂടിയിരുന്ന് കണ്ടിട്ടും ഇവിടാർക്കും നോ മൈൻഡ്. എല്ലാർക്കും ആകാംഷ മരുമോന്റെ കാര്യത്തിലാ ”

പിണക്കം ഭാവിച്ച് മുഖം വീർപ്പിച്ചുകൊണ്ട് അനു പറഞ്ഞു.

” എടീ കുശുമ്പിപ്പാറു അവനും ഞങ്ങടെ മോനല്ലേ അപ്പോ അവനേം തിരക്കണ്ടേ ? ”

അവളെ ചേർത്ത് പിടിച്ച് തലയിൽ തഴുകിക്കൊണ്ട് വാത്സല്യത്തോടെ ഗീത ചോദിച്ചു.

” ഉവ്വുവ്വേ ”

അവരെ നോക്കി അനുവും ചിരിച്ചു.

” എന്നാപ്പിന്നെ ഇറങ്ങാം ? ”

ഹാളിൽ നിന്ന് എല്ലാവരെയും നോക്കി അരവിന്ദൻ ചോദിച്ചു.

” അതിന് അജി വരണ്ടേ അവനിതുവരെ ഇറങ്ങിയില്ല ” ഗീത.

” ഇവനവിടെന്ത്‌ ചെയ്യുവാ അജീ നീയിതുവരെ റെഡിയായില്ലേ പെട്ടന്ന് വാ ”

മുകളിലേക്ക് നോക്കി അരവിന്ദൻ വിളിച്ചു.
പെട്ടന്ന് മുകളിൽ കാൽ പെരുമാറ്റം കേട്ടു.

അജിത്ത് പതിയെ താഴേക്കിറങ്ങി വന്നു. അവൻ വീട്ടിൽ ഇടുന്ന അതേ ഡ്രെസ്സിൽ തന്നെയായിരുന്നു.

” ഇതെന്താടാ നീ വരുന്നില്ലേ ? ”

അവന്റെ വേഷം കണ്ട് ഗീത ചോദിച്ചു.

” ഇല്ലമ്മേ ”

താല്പര്യമില്ലാത്തത് പോലെ അവൻ പറഞ്ഞു. അത് കേട്ട് എല്ലാവരും പരസ്പരം നോക്കി.

” എല്ലാവരും ഉള്ളപ്പോ ഏട്ടൻ മാത്രമില്ലേൽ ഒരു രസമില്ല വാ ഏട്ടാ പ്ലീസ്… ”

കൊച്ചുകുട്ടിയെപ്പോലെ അവന്റെ കയ്യിൽ തൂങ്ങി അനു പറഞ്ഞു.

” അതേടാ വല്ലപ്പോഴുമല്ലേ എല്ലാരും കൂടി ഒന്ന് കൂടാൻ പറ്റൂ നീ പോയി റെഡിയായിവാ ഞങ്ങള് വെയിറ്റ് ചെയ്യാം. ”

മനുവും പറഞ്ഞു. അവസാനം എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി അജിത്ത് റെഡിയായി വന്നു.

പതിനൊന്ന് മണിയോടെ ഇരു കാറുകളും ശ്രീശൈലത്തിന്റെ മുറ്റത്ത്‌ ചെന്ന് നിന്നു. വണ്ടിയുടെ ശബ്ദം കേട്ട് വിശ്വനാഥൻ പുറത്തേക്ക് വന്നു.

” ആഹാ എല്ലാരുമുണ്ടല്ലോ കേറിവാ ”

അരവിന്ദന് ഹസ്തദാനം ചെയ്തുകൊണ്ട് വിശ്വനാഥൻ പറഞ്ഞു. എല്ലാവരും അകത്തേക്ക് കയറുമ്പോൾ അജിത്തിന്റെ കണ്ണുകൾ അഭിരാമിയെ തിരഞ്ഞുകൊണ്ടിരുന്നു.

പക്ഷേ അവളെ പുറത്തൊന്നും കാണുന്നുണ്ടായിരുന്നില്ല.

” അഭിയെവിടെ കണ്ടില്ലല്ലോ ? ”

അടുക്കളയിൽ വിമലയോട് സംസാരിക്കുന്നതിനിടയിൽ ഗീത ചോദിച്ചു.

” അകത്തുണ്ട്. ഹോസ്പിറ്റലിൽ നിന്ന് വന്നതിൽ പിന്നെ അവളാകെ മാറിപ്പോയി. പഴയ ഉത്സാഹമൊന്നുമില്ല. ”

ചായ തിളപ്പിച്ച്‌ കപ്പുകളിലേക്ക് പകർത്തുന്നതിനിടയിൽ അവർ പറഞ്ഞു. ഗീത വെറുതെയൊന്ന് മൂളുക മാത്രം ചെയ്തു.

ചായയുമായി ഗീതയും വിമലയും ഹാളിലേക്ക് വരുമ്പോഴേക്കും അഭിരാമിയും പുറത്തേക്ക് വന്നിരുന്നു.

ദിവസങ്ങൾ കൊണ്ട് അവളാകെ കോലം കെട്ട് പോയിരുന്നു. കണ്ണുകൾ കുഴിഞ്ഞ് മുഖത്തും ചുണ്ടുകളിലും കരുവാളിപ്പ് പടർന്നിരുന്നു. അവളുടെ ആ രൂപം കണ്ട് അജിത്തിന്റെ നെഞ്ചിലൊരു ഭാരം പോലെ തോന്നി .

എല്ലാവർക്കും ഒരു വാടിയ പുഞ്ചിരി സമ്മാനിച്ച അവൾ പക്ഷേ അജിത്തിന്റെ മുഖത്ത് നോക്കുന്നേയുണ്ടായിരുന്നില്ല.

” എടോ എല്ലാരോടും കൂടി ഇങ്ങോട്ടിറങ്ങാൻ പറഞ്ഞത് വെറുതേയല്ല ഇവിടെ ചെറിയൊരു വിശേഷമുണ്ട്. അഭിയെ കാണാനൊരു കൂട്ടർ വരുന്നുണ്ട്. ”

കയ്യിലെ ചായ ഒന്ന് മൊത്തിയിട്ട് വിശ്വനാഥനത് പറയുമ്പോൾ അരവിന്ദനും കുടുംബവും ഒരുമിച്ച് ഞെട്ടി.

ഒരു ഞെട്ടലോടെ അജിത്തിന്റെ കണ്ണുകൾ അഭിരാമിയിലെത്തുമ്പോൾ അവളും ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു.

ആ നിമിഷം വരെ അവളും ഒന്നും അറിഞ്ഞിട്ടില്ല എന്നത് അവളുടെ ആ നോട്ടത്തിൽ നിന്നും വ്യക്തമായിരുന്നു.

” പയ്യനെ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഇവൾക്കൊരു സർപ്രൈസ് ആവട്ടെന്ന് കരുതി ഇതുവരെ അവളോടും പറഞ്ഞിരുന്നില്ല. ”

ചിരിയോടെ വിശ്വനാഥനത് പറയുമ്പോൾ എന്തുപറയണമെന്നറിയാതെ അമ്പരന്നിരിക്കുകയായിരുന്നു അരവിന്ദനും അജയും മനുവുമെല്ലാം.

നിറഞ്ഞുവന്ന കണ്ണുകളെ പാടുപെട്ട് നിയന്ത്രിച്ച് നിസ്സഹായതയോടെ അഭിരാമി അജിത്തിന്റെ മുഖത്തേക്ക് നോക്കി. അവളുടെ ആ നോട്ടം നേരിടാനാകാതെ അവൻ വേഗം മിഴികൾ താഴ്ത്തി.

” അതുപിന്നെ അഭിയേടത്തി…. ”

എന്തോ പറയാൻ വന്ന അനുവിന്റെ കയ്യിൽ അമർത്തിപ്പിടിച്ച് അവളെ തടഞ്ഞുകൊണ്ട് അജിത്ത് കണ്ണുകളടച്ചു കാണിച്ചു. അവൾ പെട്ടന്ന് പറയാൻ വന്നത് വിഴുങ്ങി.

” അവളെയിങ്ങ് താ ഏട്ടത്തി ഞങ്ങള് പുറത്തൊക്കെ ഒന്ന് നടന്നിട്ട് വരാം ”

അജിത്ത് പെട്ടന്നെണീറ്റ് പൊന്നുമോളെയും മടിയിൽ വച്ചുകൊണ്ടിരുന്ന അനഘയ്ക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

സഹതാപത്തോടെ അവന്റെ കണ്ണിലേക്കൊന്ന് നോക്കി ഒന്നും മിണ്ടാതെ അവൾ കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കൊടുത്തു. അവൻ വേഗം കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് നടന്നു.

” ഏട്ടനെന്തിനാ എന്നെ തടഞ്ഞത് ഇപ്പോഴെങ്കിലും എല്ലാം പറഞ്ഞൂടാരുന്നോ ? ”

അവന്റെ പിന്നാലെ പുറത്തേക്ക് വന്ന അനു ചോദിച്ചു.

” വേണ്ടെഡീ അഭി പറഞ്ഞുകഴിഞ്ഞു ഇനി ആരൊക്കെ സമ്മതിച്ചാലും അവളിതിന് സമ്മതിക്കില്ലെന്ന്. പിന്നെ എന്ത് പറഞ്ഞിട്ടെന്താ പോട്ടെ ”

പൊന്നുമോളുടെ കുഞ്ഞിക്കവിളിൽ ഉമ്മ വച്ചുകൊണ്ട് അജിത്ത് പറഞ്ഞു. ഇനി എന്താണ് നടക്കാൻ പോകുന്നതെന്നറിയാതെ അനു അവനെ അമ്പരന്ന് നോക്കി.

പെട്ടന്നാണ് മുറ്റത്തൊരു കാർ വന്ന് നിന്നത്. കാർ കണ്ട് പരിചയം തോന്നിയ അജിത്ത് നോക്കി നിൽക്കേ അതിൽ നിന്നും ഗോകുൽ മേനോൻ പുറത്തേക്കിറങ്ങി.

ഒപ്പം മധ്യവയസ്കയായ ഒരു സ്ത്രീയും മറ്റൊരു ചെറുപ്പക്കാരാനുമുണ്ടായിരുന്നു.

” ഹലോ അജിത്ത് എന്നെ പ്രതീക്ഷിച്ചതേയില്ല അല്ലേ ”

അവനെ കണ്ട് അമ്പരന്ന് നിന്ന അജിത്തിനരികിലേക്ക് വന്ന് ഷേക്ഹാൻഡിനായി വലത് കരം നീട്ടി പുഞ്ചിരിയോടെ ഗോകുൽ ചോദിച്ചു പെട്ടന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അജിത്തും കൈ നീട്ടി അവന്റെ കൈ പിടിച്ച് കുലുക്കി.

” ആഹാ നിങ്ങളെത്തിയോ അകത്തേക്ക് വാ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ”

ഉമ്മറത്തേക്ക് വന്ന്കൊണ്ട് വിശ്വനാഥൻ ക്ഷണിച്ചു. ചിരിയോടെ എല്ലാവരും അകത്തേക്ക് കയറി. അകത്തേക്ക് വന്ന ആളെ കണ്ടതും അഭിരാമി പകച്ചുപോയി .

” താനെന്താഡോ ഇങ്ങനെ പേടിച്ചതുപോലെ നോക്കുന്നത് ”

അവളുടെ ഭാവം കണ്ട് ഗോകുൽ ചോദിച്ചു.

” ആരാ വരുന്നതെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല അതിന്റെ അമ്പരപ്പിലാ അവൾ ”

പെട്ടന്ന് വിമല പറഞ്ഞു.

” ഇതെന്റെ അമ്മ ഇതെന്റെ ഫ്രണ്ട് ”

എല്ലാവരെയും പരിചയപ്പെട്ട ശേഷം ഗോകുൽ ഒപ്പമുള്ളവരെ പരിചയപ്പെടുത്തി.
എല്ലാവരെയും നോക്കി കൈ കൂപ്പി ആ സ്ത്രീ സോഫയിലേക്ക് ഇരുന്നു.

” മോളെയെനിക്ക് ഇഷ്ടായി കേട്ടോ ”

അഭിരാമി കൊണ്ടുവന്ന ചായ എടുത്തുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി നിറഞ്ഞ പുഞ്ചിരിയോടെ ഗോകുലിന്റെ അമ്മ പറഞ്ഞു.

അത് കേട്ട് വിശ്വനാഥനും വിമലയും പുഞ്ചിരിച്ചു.

” അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവമല്ലേ ? ”
ചായ കുടിച്ചുകൊണ്ടിരിക്കേ ഗോകുലിന്റെ അമ്മ ചോദിച്ചു.

” അതിനെന്താ ചെല്ല് മോളേ ”

അഭിരാമിയെ നോക്കി വിശ്വനാഥൻ പറഞ്ഞു. അരവിന്ദനെയും കുടുംബത്തെയും ഒന്ന് നോക്കി മനസ്സില്ലാ മനസ്സോടെ അവളവന്റെ പിന്നാലെ പുറത്തേക്ക് നടന്നു.

പുറത്ത് കുഞ്ഞിനെയും കൊണ്ട് നിന്ന അജിത്തിനരികിലൂടെ ഗോകുലിനൊപ്പം പോകുമ്പോൾ അഭിരാമിക്ക് നെഞ്ച് പൊട്ടിപ്പോകുമെന്ന് തോന്നി.

അപ്പോൾ ഗോകുലിന്റെ ചുണ്ടിൽ ഒരു വിജയിയുടെ ചിരിയുണ്ടായിരുന്നു.

” സാർ ഇങ്ങനൊയൊരു കണ്ടുമുട്ടൽ ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. ”

മുറ്റത്തെ ഇലഞ്ഞി മരച്ചുവട്ടിൽ നിൽക്കുമ്പോൾ അവൾ പറഞ്ഞു.

” പ്രതീക്ഷിക്കാത്തതല്ലേ അഭീ പലതും സംഭവിക്കുന്നത്. തന്നെയെനിക്ക് ആദ്യമേ ഇഷ്ടമായിരുന്നു. പക്ഷേ എന്തുകൊണ്ടോ പറയാൻ കഴിഞ്ഞില്ല. ഇപ്പൊ എന്തായാലും എല്ലാം ശരിയായല്ലോ. ”

അവന്റെ ഓരോ വാക്കുകളും അമ്പരപ്പോടെയാണ് അവൾ കേട്ടത്.
പെണ്ണുകാണൽ കഴിഞ്ഞ് ഉടൻ തന്നെ വിവാഹം നടത്തണം എന്ന തീരുമാനത്തിൽ ഗോകുലും കുടുംബവും മടങ്ങി. ഉച്ചയോടെ മറ്റുള്ളവരും തിരിച്ചു.

തിരികെ പോരാൻ കാറിലേക്ക് കയറാൻ നേരം അജിത്ത് പതിയെ തിരിഞ്ഞ് നോക്കി.

പൂമുഖത്ത് അവനെത്തന്നെ നോക്കി പൊട്ടിക്കരയാൻ വെമ്പി അഭിരാമി നിന്നിരുന്നു.

അവർ കയറിയ കാർ ഗേറ്റ് കടന്ന് മറഞ്ഞതും വായമർത്തിപ്പിടിച്ചു കൊണ്ട് അവൾ അകത്തേക്ക് ഓടി.

” നീയെന്താ അത്യാവശ്യമായിട്ട് കാണണോന്ന് പറഞ്ഞത് ? ”

ഗോകുലിന്റെ ക്യാബിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിക്കൊണ്ട് വിവേക് ചോദിച്ചു.

” നീയിരിക്ക് നമുക്കൊന്ന് കൂടണം ഞാനിന്ന് ഭയങ്കര സന്തോഷത്തിലാ ”

അവനെ നോക്കി പുഞ്ചിരിയോടെ ഗോകുൽ പറഞ്ഞു.

” എന്താ ഇപ്പൊ ഇത്ര സന്തോഷിക്കാൻ ? ”

അവനെതിരെ കസേരയിലേക്ക് ഇരുന്നുകൊണ്ട് വിവേക് ചോദിച്ചു.

” എന്റെ വിവാഹമുറപ്പിച്ചു ”

” ആഹാ ഇതൊരു നല്ല വാർത്തയാണല്ലോ. ഇത് നമുക്ക് ആഘോഷിക്കുക തന്നെ വേണം. അല്ല എവിടുന്നാ പെണ്ണ് ? ”

പുഞ്ചിരിയോടെ വിവേക് ചോദിച്ചു.

” പെണ്ണിനെ നീയറിയും പേര് അഭിരാമി ”

ഗോകുലത് പറയുമ്പോൾ അമ്പരപ്പോടെ അവനെ നോക്കിയിരിക്കുകയായിരുന്നു വിവേക് .

” എന്താടാ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കുന്നത് ? ”

അവന്റെ നോട്ടം കണ്ട് ചിരിയോടെ ഗോകുൽ ചോദിച്ചു.

” അല്ല നീ വല്ല സ്വപ്നവും കണ്ടതാണോന്ന് ആലോചിക്കുവായിരുന്നു. ”

” അല്ലേയല്ല അവളെ ജീവിതത്തിൽ ആദ്യമായി ഞാൻ മോഹിച്ച പെണ്ണിനെ ഞാൻ നേടിയെന്ന് തന്നെയാ പറഞ്ഞത്. ഞാൻ പറഞ്ഞില്ലേ ഞാൻ മോഹിച്ചെങ്കിൽ അവളെനിക്കുള്ളതാണെന്ന്. ”

” പക്ഷേ എങ്ങനെ അപ്പോ ആ അജിത്തോ ? ”

സംശയം തീരാതെ വിവേക് വീണ്ടും ചോദിച്ചു.

” എടാ അവനെയങ്ങ് തീർത്തുകളയാൻ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ അതുകൊണ്ട് അവളെനിക്കൊരിക്കലും സ്വന്തമാവില്ല.

അവളവനെയോർത്ത് കാലം കഴിക്കും. അത്രക്ക് അവളുടെ ഉള്ളിൽ അവൻ വേരൂന്നിയിട്ടുണ്ട്.

പിന്നെ ഞാൻ നോക്കിയിട്ടൊരു വഴിയെ കണ്ടുള്ളു. ചതി. പെണ്ണ് എന്തും സഹിക്കും പക്ഷേ സ്നേഹിക്കുന്നവൻ മറ്റൊരുവൾക്ക് കൂടി സ്വന്തമാകുന്നത് ഏതൊരു പെണ്ണും സഹിക്കില്ല.

അതിന് വേണ്ടി അജിത്തിനൊരു കാമുകിയെ ഞാൻ ഉണ്ടാക്കിയെടുത്തു.

എന്തിന് നമ്മുടെ ഓഫിസിലെ നയന മുതൽ അവന്റെ പഴയ കാമുകി കീർത്തിയെ വരെ ഞാൻ വിലക്കെടുത്തു.

പക്ഷേ അഭിരാമിക്ക് അജിത്തിലുള്ള വിശ്വാസം ആദ്യ രണ്ട് തവണയും എന്നെ തോൽപ്പിച്ചു.

പക്ഷേ അവസാനം ഞാനവളുടെ നെഞ്ചിലേക്ക് കോരിയിട്ട കനൽ ആളിക്കത്തി. ഞാൻ വിലക്കെടുത്ത ആൻവി എന്നെ ലക്ഷ്യത്തിലെത്തിച്ചു. അവസാനം ഞാൻ ജയിച്ചു. ”

ഒരു ഉന്മാദിയെപ്പോലെ അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷേ അവരുടെ സംസാരം മുഴുവൻ ആ മുറിക്ക് പുറത്ത് നിന്ന വീണയുടെ ഫോൺ റെക്കോർഡ് ചെയ്ത് കഴിഞ്ഞിരുന്നു.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിനക്കായ്‌ : ഭാഗം 1

നിനക്കായ്‌ : ഭാഗം 2

നിനക്കായ്‌ : ഭാഗം 3

നിനക്കായ്‌ : ഭാഗം 4

നിനക്കായ്‌ : ഭാഗം 5

നിനക്കായ്‌ : ഭാഗം 6

നിനക്കായ്‌ : ഭാഗം 7

നിനക്കായ്‌ : ഭാഗം 8

നിനക്കായ്‌ : ഭാഗം 9

നിനക്കായ്‌ : ഭാഗം 10

നിനക്കായ്‌ : ഭാഗം 11

നിനക്കായ്‌ : ഭാഗം 12

നിനക്കായ്‌ : ഭാഗം 13

നിനക്കായ്‌ : ഭാഗം 14

നിനക്കായ്‌ : ഭാഗം 15

നിനക്കായ്‌ : ഭാഗം 16

നിനക്കായ്‌ : ഭാഗം 17

നിനക്കായ്‌ : ഭാഗം 18

നിനക്കായ്‌ : ഭാഗം 19