Friday, January 17, 2025
Novel

നീലാഞ്ജനം : ഭാഗം 16

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


രാവിലെ വിനുവാണ് ആദ്യം ഉറക്കമുണർന്നത്.

തന്റെ നെഞ്ചോട് മുഖം ചേർത്ത് വെച്ച് ശാന്തമായി ഉറങ്ങുന്ന ദേവികയുടെ മുഖത്തേക്ക് അവൻ ഉറ്റുനോക്കി..

മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകളെ അവൻ ഒതുക്കി വച്ചു.

അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.

അവളെ ഉണർത്താതെ തന്റെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി ബെഡിലേക്ക് കിടത്തി.

പിന്നെ ബെഡ്ഷീറ്റ് എടുത്ത് നന്നായി പുതപ്പിച്ചു.

അവളെ ഒന്നു നോക്കി കൊണ്ട് ടവ്വലും എടുത്തു ബാത്ത്റൂമിലേക്ക് ഫ്രഷ് ആകാൻ കയറി.

നെറ്റിയിലും മുഖത്തും എല്ലാം നേരിയ തണുപ്പ് പതിഞ്ഞപ്പോൾ ആണ് ദേവിക ഉറക്കത്തിൽ നിന്നും ഉണർന്നത്.

ഒരു കള്ളച്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന വിനുവിനെ കണ്ട് അവൾ പിടഞ്ഞു എഴുന്നേറ്റു.

ഹാ.. ഒന്നു പതുക്കെ പെണ്ണേ..
ചാടിയെഴുന്നേറ്റ് മൂടും കുത്തി നീ വീഴല്ലേ..

അവൻ എഴുന്നേറ്റ് ഭിത്തിയിൽ ചാരി വച്ചിരുന്ന ക്രെച്ചസ്സ് എടുത്ത് അവളുടെ അരികിലേക്ക് വെച്ചു കൊടുത്തു.

എഴുന്നേറ്റ് പോയി ഫ്രഷ് ആവ്‌.
എന്നിട്ട് വന്ന് ഈ ചായ കുടിക്ക്….

അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു..

ബാത്റൂമിലേക്ക് കയറാൻ തുടങ്ങിയ അവളുടെ പിറകെ അവൻ ചെന്നു.

ഒരു സഹായത്തിന് ഞാൻ വരണോ ദേവി കൊച്ചേ..

അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. അയ്യോ വേണ്ട വിനുവേട്ടാ..

ഒരു സെക്കൻഡ് കൂടി വൈകിയാൽ അവൻ അകത്തേക്ക് കയറും എന്ന് അറിയാവുന്ന അവൾ പെട്ടെന്ന് വാതിൽ വലിച്ചടച്ചു…

വിനു ഒരു പൊട്ടിച്ചിരിയോടെ ബെഡിലേക്ക് കിടന്നു.

ഉണ്ണിമോൾ രാവിലെ എഴുന്നേറ്റ് അടുക്കളയിലെ ജോലിയെല്ലാം ഒതുക്കുന്ന തിരക്കിലാണ്.

നേരത്തെ ഒക്കെ ദേവകി അമ്മയെ സഹായിച്ചുകൊണ്ട് കൂടെ നിൽക്കാറ് ആണ് പതിവ്.

എന്നാൽ ഇപ്പോൾ കുറച്ചു ദിവസമായി മുട്ടുവേദനയുടെ പേരും പറഞ്ഞ് ദേവകിഅമ്മ അടുക്കളയിൽ നിന്നും വിട്ടു നിൽക്കുകയാണ്..

അമ്മയുടെ മാറ്റം ശ്രീകാന്തും ശ്രദ്ധിച്ചിരുന്നു.

ഇങ്ങനെ പോയാൽ അടുക്കളയിൽ ഒതുങ്ങും ഉണ്ണിമോളുടെ ജീവിതമെന്ന് ശ്രീകാന്തിന് തോന്നി.

പണ്ടേ ശാരി ചേച്ചിയും ശ്രീക്കുട്ടിയും അടുക്കളയിൽ ഒന്നിനുവേണ്ടിയും കയറാറില്ല.

അന്നും അമ്മയെ സഹായിക്കുന്നത് ശാലിനി ചേച്ചിയും ഉണ്ണി മോളും കൂടി ആയിരുന്നു.

തൽക്കാലം അമ്മയോട് ഒന്നും ചോദിക്കാതിരിക്കുന്നതാണ് ബുദ്ധി.

റിസൾട്ട് വരുന്നത് വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കാൻ പറയണം അവളോട്.

അവന് അവിടെ ഇരുന്നിട്ട് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അവൻ ഒരു ഷർട്ടും എടുത്തിട്ട് വേണു മാമയുടെ വീട്ടിലേക്ക് നടന്നു.

അവിടെ ചെല്ലുമ്പോൾ ഹരിത മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഉമ്മറത്ത് കാലും നീട്ടി ഇരിക്കുകയായിരുന്ന അവളുടെ മടിയിലേക്ക് തല വെച്ച് അവൻ കിടന്നു.

അവളുടെ കയ്യെടുത്ത് തന്റെ തലയിൽ വെച്ചു. അവന്റെ മനസ്സറിഞ്ഞ വണ്ണം അവൾ അവന്റെ മുടിയിഴകളിൽക്കൂടി വിരലോടിച്ചു.

അവൾ അവനോട് ഒന്നും ചോദിച്ചില്ല കാരണം അവൻ അനുഭവിക്കുന്ന മാനസിക സംഘർഷം ആ മുഖത്ത് വ്യക്തമായിരുന്നു.

കുറച്ചുദിവസം ആയുള്ള ഉറക്കമില്ലായ്മയുടെയും ഉള്ളിലുള്ള
വിഷമത്തിന്റെയും കാഠിന്യം മൂലം അവൻ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി..

ശ്രീയേട്ടാ എഴുന്നേൽക്ക് സമയം എത്രയാണെന്നറിയാമോ.

ഹരിതയുടെ ശബ്ദം കേട്ടാണ് ശ്രീകാന്ത് കണ്ണ് തുറന്നത്.

അവൻ അവളുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.

അവൾ അവന്റെ നെറുകയിൽ തലോടി. എന്താ ശ്രീയേട്ടാ എന്താ ഇങ്ങനെ നോക്കുന്നത്..

അവൻ അവളുടെ കൈയെടുത്ത് തന്റെ നെഞ്ചോട് ചേർത്തു വച്ചു.

ഹരി.. ഒരുപാട് കാത്തിരിക്കേണ്ടി വരുമല്ലോ പെണ്ണേ നിനക്ക്…

ശാരി ചേച്ചിയുടെയും ശ്രീക്കുട്ടിയുടെയും വിവാഹം നടത്തണം.

നേരത്തെ ഉണ്ണി മോളുടെയും എന്ന് പറയുമായിരുന്നു ഞാൻ.

പക്ഷേ ഇപ്പോൾ എനിക്ക് അങ്ങനെ പറയാൻ പറ്റുന്നില്ല.

അവളെ നന്നായി പഠിപ്പിക്കണം.നല്ല ഒരു ജോലി വാങ്ങി കൊടുക്കണം. എന്നിട്ട് മതി അവൾക്ക് ഒരു വിവാഹം.

ഒരുപാട് വിഷമിക്കുന്നുണ്ട് അവൾ.
ഇപ്പോൾ ആ വീട്ടിൽ അടുക്കളക്കാരിയുടെ വേഷമാ അവൾ ആടുന്നത്.

ഒരു പരാതിയുമില്ല അവൾക്ക്. എല്ലാ വിഷമവും ഒരു പുഞ്ചിരി കൊണ്ട് മായ്ക്കും.

കാണുമ്പോൾ നെഞ്ചു പിടയുവാ.

അവൻ കണ്ണുകൾ ഇറുക്കി അടച്ചു.

ഹരിതയുടെ കണ്ണുകളും നിറഞ്ഞു. എന്തുപറയണമെന്നറിയാതെ അവൾ അവന്റെ നെറുകയിൽ തലോടി.

ശ്രീയേട്ടാ… ഞാൻ എത്ര വേണമെങ്കിലും കാത്തിരുന്നോളാം.

ഏട്ടൻ ഒന്നും ഓർത്ത് വിഷമിക്കേണ്ട.

അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു. പിന്നെ അവൾക്ക് എഴുന്നേൽക്കാൻ ആയി തന്റെ കൈനീട്ടി.

അവന്റെ കയ്യിൽ പിടിച്ച് എഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു ശ്രീയേട്ടൻ ഇരിക്ക് ഞാൻ ചായ ഇട്ടു തരാം.

വേണ്ട ഹരി ഞാൻ വീട്ടിൽ പോയി കുടിച്ചു കൊള്ളാം. അതൊന്നും പറഞ്ഞാൽ പറ്റില്ല ഏട്ടൻ ചായ കുടിച്ചിട്ട് പോയാൽ മതി.

അവൾ വേഗം ചായയും ഇട്ടു കായ വറുത്തതും ആയി അവന്റെ അടുത്തെത്തി.

ചായയും കുടിച്ച് അവളോട് യാത്ര പറഞ്ഞ് അവൻ പോകാനായി ഇറങ്ങി.

പിന്നെ എന്തോ ഓർത്തത് പോലെ തിരികെ വന്നു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു.

ഞാൻ നാളെ പോകും ഹരി.

നീ ഉണ്ണിമോളെ ശ്രദ്ധിച്ചോളണം.

അമ്മയുടെ കുത്ത് വാക്കുകൾ അവൾക്ക് താങ്ങാൻ പറ്റില്ല.

ശ്രീയേട്ടൻ വിഷമിക്കേണ്ട ഞാൻ നോക്കിക്കോളാം അവളെ.

ശ്രീകാന്ത് മടങ്ങി പോയതിനുശേഷം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു
ഉണ്ണിമോൾ.

മിക്കപ്പോഴും കുത്തു വാക്കുകൾകൊണ്ട് ശ്രീക്കുട്ടി അവളുടെ പിന്നാലെ ഉണ്ടായിരുന്നു.

വൈകുന്നേരം പതിവു പോലെ മുറ്റമടിക്കാൻ ആയി ഇറങ്ങിയതാണ് ഉണ്ണിമോൾ.

അപ്പോഴാണ് അകത്തിരുന്ന് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്.

ശ്രീയേട്ടൻ ആവും അവൾ വേഗം അകത്തേക്ക് കയറി.

ദേവികയാണ്. വിവാഹത്തിനുശേഷം ഇന്നാണ് വിളിക്കുന്നത്.

അവൾ വേഗം ഫോണെടുത്ത് കാതോട് ചേർത്തു.

ഉണ്ണി മോളെ നീ എവിടെയാ. ഒരനക്കവും ഇല്ലല്ലോ. ഇങ്ങോട്ടൊന്നു വിളിക്കുക കൂടി ഇല്ലല്ലോ നീ.

ഉണ്ണി മോൾക്ക് പെട്ടെന്ന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

ഏട്ടത്തി വിവാഹമൊക്കെ കഴിഞ്ഞ് നിങ്ങൾ തിരക്കായിരിക്കും എന്ന് കരുതിയാണ് ഞാൻ വിളിക്കാതിരുന്നത്.

ആഹാ ഇത്രയൊക്കെ കരുതാൻ മാത്രം എന്റെ ഉണ്ണിമോൾ അങ്ങ് വളർന്നോ.

ഞാൻ ഇന്നലെ അങ്ങോട്ട് വിളിക്കണം എന്ന് കരുതിയതാ. മനുവേട്ടൻ മടങ്ങിപ്പോകുന്ന തിരക്കിലായിരുന്നു.

ഇന്നലെ മനുവേട്ടനെ യാത്ര അയച്ചിട്ട് വന്നപ്പോൾ ഒരുപാട് വൈകി. അതാ പിന്നെ വിളിക്കാതിരുന്നത്.

ഉണ്ണിമോളുടെ ഉള്ളിൽ എന്തിനോ വേണ്ടി ഒരു
വേദന തോന്നി. ആ വേദന അവളുടെ സംസാരത്തിൽ വരാതിരിക്കാനായി അവൾ പരമാവധി ശ്രമിച്ചു.

ദേവിക പതിവുപോലെ കുറെ അധിക സമയം ഉണ്ണി മോളോട് സംസാരിച്ചതിന് ശേഷമാണ് ഫോൺ വെച്ചത്.

അവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ട് ദേവികയുടെ അടുത്ത കിടക്കുകയായിരുന്നു
വിനു.

തനിക്ക് ഉണ്ണി മോളോട് വല്ലാത്തൊരു ഇഷ്ടമാണല്ലോ.

ദേവിക അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

ഒരു പാവം കുട്ടിയാണ് വിനുവേട്ടാ അവൾ.
മനുവേട്ടന് അവളെ ഇഷ്ടമാണ് എന്ന് അറിഞ്ഞപ്പോൾ ഞാൻ എന്ത് സന്തോഷിച്ചു എന്ന് അറിയുമോ.

അവളുടെ കണ്ണുകൾ നിറഞ്ഞു. മനുവേട്ടന് ഇത് എന്താ പറ്റിയതെന്ന് അറിയില്ല.

അവധി ഉണ്ടായിട്ടും പെട്ടെന്ന് തിരികെ പോയത് എന്തിനായിരിക്കും.

വിവാഹത്തിന് തലേന്നും പറഞ്ഞതാ അച്ഛനെയും അമ്മയെയും കൂട്ടി ഉണ്ണി മോളെ കാണാൻ പോകണം എന്ന്. നിശ്ചയം കഴിഞ്ഞിട്ടേ മടങ്ങുകയുള്ളൂ എന്നും.

എന്നിട്ട് ഇപ്പോൾ കാണിച്ചത് കണ്ടില്ലേ.

മനുവേട്ടൻ ഇത്ര ദുഷ്ടൻ ആണ് എന്ന് ഞാൻ കരുതിയില്ല.

വിനു ഒന്നും പറയാതെ അവളെ നെഞ്ചോട് ചേർത്തു. എന്തുപറഞ്ഞാലും ഇപ്പോൾ അവളുടെ തലയിൽ കയറില്ല എന്ന് അവന് അറിയാമായിരുന്നു.

രാത്രിയിൽ കിടക്കുമ്പോഴും ഉണ്ണിമോളുടെ മനസ്സിൽ ദേവിക പറഞ്ഞ കാര്യങ്ങളായിരുന്നു.

മനുവേട്ടൻ മടങ്ങി പോയെന്ന്. ഒരു അനാഥയായ തന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാവും.

ദേവികേടത്തിയുടെ വിവാഹം കഴിഞ്ഞ് എല്ലാവരെയും കൂട്ടി വരാം എന്നാണല്ലോ പറഞ്ഞത്.

വേണ്ട ഒന്നും ആഗ്രഹിക്കാൻ ഉള്ള അർഹത ഇപ്പോൾ തനിക്ക് ഇല്ല.

സ്വന്തമായി ഐഡൻഡിറ്റി ഇല്ലാത്ത ഒരു പെണ്ണിനെ ആരാണ് സ്വീകരിക്കുക.

ഇപ്പോൾ ആരുടെയൊക്കെയോ ഔദാര്യമാണ് ഈ ജീവിതം.

ഓരോന്നോർക്കെ അവളുടെ കണ്ണുകൾ തോരാതെ പെയ്തു.

ശ്രീകാന്ത് പതിവുപോലെ ഓഫീസിൽ
ഇരിക്കുമ്പോഴാണ് ശാലിനി ചേച്ചിയുടെ ഫോൺ വന്നത്.

വിശേഷങ്ങൾ ഒക്കെ പറഞ്ഞ കൂട്ടത്തിലാണ്
ശാരികയ്ക്കു വേണ്ടി ഒരു വിവാഹാലോചന യുടെ കാര്യം പറഞ്ഞത്.

ശാലിനിയുടെ ഭർത്താവ് രഞ്ചിത്തിന്റെ കൂട്ടുകാരനാണ്.

എല്ലാവർക്കും അറിയാവുന്ന ആൾക്കാരാണ് നല്ല ബന്ധമാണ് എന്നാണ് ശാലിനിയുടെ അമ്മായി അമ്മ പറഞ്ഞത്.

എന്തായാലും പയ്യനെയും കുട്ടി ഞായറാഴ്ച വീട്ടിലേക്ക് വരാൻ ആയി ശ്രീകാന്ത് അറിയിച്ചു.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.

അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുകളും എല്ലാം കഴിഞ്ഞു.

ശാലിനിയുടെ വിവാഹത്തിനു വേണ്ടി എടുത്ത ലോൺ മുഴുവനായും ക്ലോസ് ചെയ്യാത്ത കാരണം പൈസയ്ക്ക് അല്പം
പരുങ്ങൽ ഉണ്ടായിരുന്നു ശ്രീകാന്തിന്.

അതു മനസ്സിലാക്കിയിട്ട് എന്നവണ്ണം ശാലിനിയുടെ ഭർത്താവ് എല്ലാത്തിനും മുൻകൈയെടുത്തു.

പണം വാങ്ങാനുള്ള ശ്രീകാന്തിനെ ബുദ്ധിമുട്ട് കണ്ടു രണ്ടു വർഷത്തിനുള്ളിൽ അത് മടക്കി തന്നാൽ മതിയെന്ന് രഞ്ജിത്ത് തന്നെ അതിന് പരിഹാരവും കണ്ടു.

എല്ലാത്തിനും ഓടിനടക്കാൻ ശ്രീകാന്തിന് ഒപ്പം രഞ്ജിത്തും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീകാന്തിന് അത് വലിയ ഒരു ആശ്വാസവും ആയിരുന്നു.

ഡ്രസ്സും ആഭരണവും മറ്റും എടുക്കുന്നതിനായി എല്ലാവരും കൂടി പോകാൻ റെഡിയായി.

പോകാൻ റെഡിയായി വന്ന ഉണ്ണിമോളോട് നീയും വരുന്നുണ്ടോ എന്ന ശ്രീക്കുട്ടിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ശ്രീകാന്താണ്

നീ വരുന്നുണ്ടെങ്കിൽ അവളും വരും.

മകന്റെ ദേഷ്യം അറിയാവുന്ന ദേവകിയമ്മ ഒന്നും മിണ്ടാതെ പോകാനായി ഇറങ്ങി.

ശാരിക്ക് ഉള്ള ഡ്രസ്സ് എടുത്തു കഴിഞ്ഞ് ബാക്കിയുള്ളവർ അവർക്ക് വേണ്ടത് എടുക്കാൻ പറഞ്ഞുകൊണ്ട് ശ്രീകാന്തും രഞ്ജിത്തും പുറത്തേക്കിറങ്ങി.

ഉണ്ണിമോൾ ഒന്നും എടുക്കാതെ പുറകോട്ടു മാറി നിൽക്കുന്നത് കണ്ട് ശാലിനി അവളുടെ അരികിലേക്ക് വന്നു.

മോൾ എന്താ മാറിനിൽക്കുന്നത്.

ഡ്രസ്സ് ഒന്നും എടുക്കുന്നില്ലേ.

ഉണ്ണിമോൾ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി.

എന്തുപറ്റി മോൾക്ക്. സാധാരണ ഇങ്ങനെയൊന്നും അല്ലല്ലോ.

അപ്പോഴേക്കും ശ്രീക്കുട്ടി അവരുടെ അരികിലേക്ക് എത്തി.

ചേച്ചി ഞങ്ങൾ എല്ലാവരും എടുത്തു കഴിഞ്ഞു. നമുക്ക് താഴേക്ക് പോകാം.

ശ്രീക്കുട്ടി ഉണ്ണി മോൾക്ക് എന്താ പറ്റിയത്. ഇവളെന്താ ഇങ്ങനെ മാറി നിൽക്കുന്നത്. ഡ്രസ്സ്‌ ഒന്നും എടുത്തില്ലല്ലോ.

ആ എനിക്കറിയില്ല. പിന്നെ ഏട്ടനെയും കൂട്ടി വന്ന് എടുക്കാനാവും.

ശാലിനിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. ആണോ… എന്റെ കല്യാണത്തിന് ഞാൻ കണ്ടതല്ലേ…

ഏട്ടനെ ചാക്കിട്ട് കൊണ്ടുപോയി വേറെ ഡ്രസ്സ് വാങ്ങിയത്..

അവൾ ഉണ്ണിമോളുടെ കൈയും പിടിച്ച് താഴേക്കിറങ്ങി…

ഉണ്ണിമോൾക്ക് കണ്ണുകൾ നിറയുന്ന കാരണം
കാഴ്ച അവ്യക്തമായിരുന്നു.

എത്ര തുടച്ചു മാറ്റിയിട്ടും കണ്ണു
നിറഞ്ഞുകൊണ്ടേയിരുന്നു.

അന്ന് രഞ്ജിത്തും ശാലിനിയും അവരുടെ കൂടെ വീട്ടിലേക്ക് പോരുന്നു.

വീട്ടിൽ വന്ന് എല്ലാവർക്കുമുള്ള
ഡ്രസ്സുകൾ കാണിക്കുന്ന കൂട്ടത്തിലാണ്
രഞ്ജിത്ത് ചോദിച്ചത് അല്ല ഉണ്ണിമോൾ ക്കുള്ള ഡ്രസ്സ് എവിടെ.

ശാലിനി ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.

അവൾക്ക് ഏട്ടൻ സ്പെഷ്യലാ രഞ്ജിത്ത് ഏട്ടാ. അവര് രണ്ടാളും പിന്നെ പോയി എടുത്തോളും.

ശ്രീകാന്ത് ക്ഷോഭത്തോടെ ചാടിയെഴുന്നേറ്റു.
അപ്പോൾ ഉണ്ണി മോൾക്ക് ഡ്രസ്സ് എടുത്തില്ലേ.

ശാലിനി അന്ധാളിപ്പോടെ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി.

ഞാൻ ചോദിച്ചതാ ശ്രീകുട്ടാ.

ശ്രീകുട്ടിയാ പറഞ്ഞത് പിന്നെ ഏട്ടനെയും കൂട്ടി വന്ന് എടുത്തോളും എന്ന്.

ശ്രീകാന്ത് തന്റെ കയ്യിലിരുന്ന മുണ്ടും ഷർട്ടും
ദേവകിയമ്മയുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞു.

രഞ്ജിത് അന്ധാളിപ്പോടെ ശ്രീകാന്തിന്റെ മുഖത്തേക്ക് നോക്കി.

എന്താ ശ്രീക്കുട്ടാ ഇത്. ഇവിടെ എന്താ പ്രശ്നം.

ഒറ്റ ശ്വാസത്തിൽ നടന്നതൊക്കെ പറയുമ്പോൾ ശ്രീകാന്ത് വല്ലാതെ കിതച്ചു.

ദേഷ്യം കൊണ്ട് അവന്റെ നരമ്പുകൾ വലിഞ്ഞുമുറുകി.

ശാലിനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവൾ ഒന്നും വിശ്വസിക്കാനാവാതെ നിന്നു.

ശ്രീകാന്ത് ഉണ്ണി മോളുടെ അരികിലേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ആരും നോക്കണ്ട ഇവളുടെ കാര്യം. അവൾക്ക് അച്ഛനും അമ്മയും ആയി ഈ ഞാൻ ഉണ്ട്.

അവൾ ഒരു പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു.

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15