Wednesday, April 24, 2024
Novel

ദേവതാരകം : ഭാഗം 24

Spread the love

എഴുത്തുകാരി: പാർവതി പാറു

Thank you for reading this post, don't forget to subscribe!

സംഗീത് അവിടെ നിന്ന് നേരേ പോയത് മായയുടെ വീട്ടിലേക്ക് ആയിരുന്നു… കൃത്യമായി അറിയില്ലെങ്കിലും പലരോടും ചോദിച്ചു അവൻ അവളുടെ വീട് കണ്ടുപിടിച്ചു… അവിടെ എത്തിയപ്പോഴേക്കും ഏകദേശം രാത്രി 9 മണി കഴിഞ്ഞിരുന്നു…. കാളിങ് ബെൽ പല തവണ അടിച്ചിട്ടാണ് വാതിൽ തുറന്നത്… മായയുടെ അച്ഛൻ ആണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവുമായിരുന്നു… അവളെ പോലെ തന്നെ മെലിഞ്ഞു നീണ്ട പ്രകൃതം… മുടി അവിടെയിവിടെ ആയി നരച്ചു തുടങ്ങിയിരിക്കുന്നു…. വെട്ടി ഒതുക്കിയ പാതി നരച്ച താടി… ഒറ്റ നോട്ടത്തിൽ തന്നെ ഒരു കോർപ്പറേറ്റ് ബിസിനസ്‌ മാൻ ആണെന്ന് ആർക്കും മനസിലാവും അല്ല… ഇതാര് സംഗീതോ… വരൂ…

അവൻ അയാളെ ആദ്യമായി കാണുകയായിരുന്നു… പക്ഷെ അയാളിൽ ആ അപരിചിതത്വം ഒട്ടും ഉണ്ടായിരുന്നില്ല… അയാൾ അവനെ അകത്തേക്ക് ക്ഷണിച്ചു… വിശാലമായ ഹാളിൽ മായയുടെ ഫ്രെയിം ചെയ്ത ഫോട്ടോസ് ആയിരുന്നു അധികവും…. പിന്നെ അവൾ എപ്പോഴു വരക്കാറുള്ള മയിൽ‌പീലി ചുവരിന്റെ പല ഇടങ്ങളിലും ആയുണ്ട്… ഒരറ്റത്ത് അവൾക്ക് അഞ്ചോ ആറോ വയസ് പ്രായമായ ഉള്ളപ്പോൾ ഉള്ള ഒരു ഫോട്ടോ… അവൾക്കിരുപുറവും അച്ഛനും അമ്മയും… കുറച്ച് മാറി അമ്മയുടെ ഫോട്ടോയിൽ മാലയിട്ട് വിളക്ക് വെച്ചിരിക്കുന്നു… അവൻ അതിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അച്ഛൻ പറഞ്ഞു…. യാമിയുടെ അമ്മ ആണ്‌… അവൾക്ക് 6 വയസ് ഉള്ളപ്പോൾ മരിച്ചു…. മായ… സോറി യാമി എവിടെ… മായ എന്ന് തന്നെ പറഞ്ഞോളൂ.. താനങ്ങനെ അല്ലേ വിളിക്കാറ്…. അവന് എല്ലാം അത്ഭുതം ആയിരുന്നു…

അയാൾ അവനെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു…. അവൾ… അവളിവിടെ ഇല്ല എനിക്ക് അവളെ ഒന്ന്‌ കാണണം അത്യാവശ്യം ആണ്… കാണാം… ഇന്നിനി വേണ്ട നാളെ ആവട്ടെ… രാവിലെ താനിങ്ങോട്ട് വാ നമുക്ക് കാണാം… അയാളുടെ സൗമ്യമായ സംസാരം കേട്ടപ്പോൾ അവന് എതിർക്കാൻ തോന്നിയില്ല… അവൻ അയാളോട് യാത്ര പറഞ്ഞിറങ്ങി…. പിറ്റേന്ന് രാവിലെ തന്നെ സംഗീത് മായയുടെ വീട്ടിൽ എത്തി… അവളുടെ അച്ഛൻ പോവാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു…. സംഗീത് ഡ്രൈവ് ചെയ്യുന്നതിൽ ബുദ്ധിമുട്ട് ഇല്ലെങ്കിൽ താൻ ഓടിക്കൂ… എനിക്ക് സ്വസ്ഥം ആയി ഇരിക്കാല്ലോ… അവൻ എതിരുപറഞ്ഞില്ല… വണ്ടി എടുത്തു… എങ്ങോട്ടാണ് പോവേണ്ടത് അവൻ ചോദിച്ചു… അമ്പലവയൽ… അമ്പലവയലോ… അത് വയനാട്ടിൽ അല്ലേ… അതെ… അവിടെ ആണ്‌ മായ…

അത് വരെ പോവുന്നതിൽ തനിക്ക് ബുദ്ധിമുട്ട് ഉണ്ടോ…. ഇല്ല… അവൻ വണ്ടി എടുത്തു…. കുറച്ചു നേരം അവർ രണ്ടുപേരും മൗനമായിരുന്നു… ഒടുവിൽ സംഗീത് തന്നെ സംസാരിച്ചു തുടങ്ങി… ഇന്നലെ എന്നെ കണ്ടപ്പോഴേക്കും സാർക്ക് എങ്ങനെ മനസിലായി…. എനിക്ക് അറിയാടോ തന്നെ… അവൾ പറയാറുണ്ട്… തന്നെ പറ്റി..പിന്നെ സിത്തുവിനെ പറ്റിയും.. .സിതാരയിപ്പോൾ എന്ത് ചെയുന്നു… സിതാര.. അത് കേട്ടപ്പോൾ സംഗീതിന്റെ ഉള്ളിൽ നിർവികാരതയോടെ ചിരിക്കുന്ന അവന്റെ സിത്തുവിന്റെ മുഖം തെളിഞ്ഞു… അവളുടെ വിവാഹം കഴിഞ്ഞു…. ഇന്നലെ… മ്മ്… നന്നായി… യാമിയിലൂടെ ആണ്‌ ഞാൻ നിങ്ങളെപ്പറ്റി അറിഞ്ഞത് മുഴുവൻ… കോളേജിൽ പിന്നെ ആരെ പറ്റിയും അവൾ സംസാരിക്കാറില്ലായിരുന്നു….

അവൾ അങ്ങനെ ആയിരുന്നല്ലോ… ആരോടും കൂട്ട് കൂടാതെ… പുസ്തകങ്ങളിൽ കുത്തിവരച്ചിരിക്കും… അയാൾ എന്തോ ഓർത്ത് കൊണ്ട് സീറ്റിലേക്ക് ചാരി… നല്ല ക്ഷീണം… ഞാനൊന്ന് ഉറങ്ങുന്നതിൽ സംഗീതിന് വിരോധം ഉണ്ടോ… ഇല്ല… അവൻ വണ്ടി ഓടിച്ചു… 2 മണിക്കൂർ കൊണ്ട് അവർ വയനാട് എത്തി… അപ്പോഴേക്കും മായയുടെ അച്ഛൻ ഉണർന്നിരുന്നു… ഓ ഞാൻ നല്ല ഉറക്കം ഉറങ്ങി…. ഇവിടെ നിന്ന് കുറച്ചേ ഉള്ളൂ ഇനി… അയാൾ പറഞ്ഞു… പഴയ ഒരു ബംഗ്ളാവിലേക്ക് ആണ്‌ അവർ പോയത്… അവിടെ ഇറങ്ങിയപ്പോൾ സംഗീത് ചുറ്റും നോക്കി… മനോഹരമായ അന്തരീക്ഷം… വലിയ പൂന്തോട്ടം… ഇത് ആരുടെ വീട് ആണ്‌.. അവൻ അയാളോട് ചോദിച്ചു… ഇത് വീട് ഒന്നും അല്ല… ഒരു പ്രകൃതി ചികിത്സ കേന്ദ്രം ആണ്… അവൻ അയാളോടൊപ്പം അകത്തേക്ക് കടന്നു…

ഇരുണ്ട ഇടനാഴികൾ കടന്ന് അവർ നടന്നു… സംഗീതിന് ഉള്ളിൽ എന്തൊക്കെയോ പേടി തോന്നി… മായ… ഇവിടെ ആണോ… അവൻ സംശയത്തോടെ ചോദിച്ചു. അതെ… വരൂ… അയാൾ അവനെ കൂട്ടി കൊണ്ട് പോയത് ഒരു പുറത്ത് നിന്നും അടച്ചു പൂട്ടിയ ഒരു മുറിയിലേക്ക് ആയിരുന്നു… വാതിൽ തുറന്ന് അകത്തു കയറിയതും അവൻ കണ്ടു ഒരു മൂലയിൽ കാലിൽ തല താഴ്ത്തി ഇരിക്കുന്ന മായയെ… യാമി ഇത് ആരാ വന്നതെന്ന് നോക്കിക്കേ… സംഗീത് … അവൾ തല ഉയർത്തി… പാറി പറന്ന മുടികളും കറുപ്പ് വ്യാപിച്ച കണ്ണുകളും അവൻ ഇതുവരെ കാണാത്ത ഒരു മായയെ ഓർമിപ്പിച്ചു… അവൾ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു… എന്നിട്ട് ഓടി വന്ന് അവനെ കെട്ടിപിടിച്ചു… ഉണ്ണീ നീ വന്നോ..

എനിക്കറിയാം നീ വരും എന്ന്… ഉണ്ണി നീ ഇനി എന്നെ വിട്ട്പോവുമോ.. എന്നെ ഒറ്റക്കാകുമോ… പറ… പറ ഉണ്ണി… അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…അവൾ ഇടയ്ക്കിടെ അവന്റെ കവിളുകൾ തലോടുന്നുണ്ട്… അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ തന്നെ ആയിരുന്നു… ഉണ്ണി നീ ഇനി പോണ്ട.. നീ എന്റെയാ.. എന്റെ മാത്രം.. ആർക്കും കൊടുക്കില്ല….. ഞാൻ… ആർക്കും… അവൾ അവനെ ഇറുകെ പിടിച്ചു… അവന് ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് തോന്നി… അത് മനസിലാക്കിയ അച്ഛൻ അവളെ അവനിൽ നിന്നും വേർപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു… പക്ഷെ അവൾ കൂടുതൽ കൂടുതൽ അവനെ ഇറുകെ പുണർന്നു… അച്ഛാ വിട്.. എന്റെ ഉണ്ണിയെ വിട്…. അവൾ അലറികൊണ്ടിരുന്നു.. അച്ഛൻ അവിടെ ഉള്ള ബെൽ അടിച്ചു…

രണ്ടു മൂന്നു പേര് വന്ന് അവളെ പിടിച്ചു വെച്ചു… അച്ഛൻ സംഗീതിനെയും കൂട്ടി പുറത്തേക്കിറങ്ങി…. സാർ… ഞാൻ എന്താ ഈ കാണുന്നത് മായ… അവൾക്ക് എന്താണ് സംഭവിച്ചത്… പറയാം എല്ലാം പറയാം… വരൂ… അച്ഛൻ അവനെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി… സാർ അവൾ എന്താ ഇങ്ങനെ ഒക്കെ… അവൾക്ക്.. .ബാക്കി പറയാൻ അവന്റെ നാവ് ഉയർന്നില്ല… അവൾ മനോരോഗി ആണോ എന്ന് ചോദിക്കാൻ അവന്റെ മനസ് അനുവദിച്ചില്ല… എനിക്ക് അറിയാം സംഗീത് നീ ചോദിക്കാൻ വന്നത് എന്താണെന്ന്… യെസ് ഷീ ഈസ്‌ എ മെന്റൽ പേഷ്യന്റ്… പക്ഷെ എപ്പോഴും അല്ല… എപ്പോൾ വേണമെങ്കിലും മനസിന്റെ താളം തെറ്റാം.. ഇതവളുടെ നാലാമത്തെ മെന്റൽ ഷോക്ക് ആണ്… ആദ്യത്തേത് അവളുടെ അമ്മ മരിച്ചപ്പോൾ ആയിരുന്നു…

അവൾക്ക് ആറു വയസ് ഉള്ളപ്പോൾ…. ബിസിനസ്‌ ആയി നടക്കുന്ന എന്നെ അവൾ എപ്പോഴെങ്കിലും ഒക്കെ കാണുമായിരുന്നുള്ളൂ… എല്ലാം അമ്മ ആയിരുന്നു അവൾക്ക്… ഒരു ദീപാവലി ദിവസം ആയിരുന്നു അന്ന് വിളക്കിൽ നിന്ന് തീപിടിച്ചു ഓടി ചെന്ന് വീണത് പടക്കങ്ങളുടെ ഇടയിലേക്ക്.. … അവൾ ഓടി വന്നപ്പോൾ കാണുന്നത് തീയിൽ വെന്തുരുകി പിടയുന്ന അമ്മയെ ആണ്…. അതായിരുന്നു തുടക്കം… സ്വന്തം അമ്മയുടെ മരണം മുന്നിൽ കണ്ട ആ കുഞ്ഞു ഹൃദയം പതറി പോയി… മാസങ്ങളോളം ദുബായിലെ മെന്റൽ റീഹാബിലിറ്റേഷനിൽ ആയിരുന്നു… അവിടെ നിന്ന് വന്നതിനു ശേഷവും അവൾക്ക് പഴയ സംസാരവും കളിയും ചിരിയും ഒന്നും ഉണ്ടായിരുന്നില്ല… അന്ന് അവൾക്ക് ഉണ്ടായിരുന്ന ഏക ആശ്വാസം ആയിരുന്നു… ഉദിത്…. എന്റെ കൂട്ടുകാരന്റെ മകൻ… ചെറുപ്പം തൊട്ട് അവർ നല്ല കൂട്ടുകാർ ആയിരുന്നു..

അവളെക്കാൾ രണ്ട് വയസ് മൂത്തത് ആയിരുന്നു അവൻ… അവൻ എപ്പോളും നിഴലുപോലെ അവൾക്കൊപ്പം നിന്നു… അവളെ സ്നേഹിച്ചു… അവന്റെ നിർബന്ധം കാരണം ആണ്‌ അവൾ ചിത്രം രചന പഠിക്കാൻ തുടങ്ങിയത്… അവനും നന്നായി വരക്കുമായിരുന്നു…. പിന്നെ എപ്പോഴും ഓരോന്ന് വരയ്ക്കാൻ തുടങ്ങി… പക്ഷെ എപ്പോഴും അവൾക്ക് പ്രിയപ്പെട്ടത് മയിൽ‌പീലി ചിത്രങ്ങൾ ആയിരുന്നു… ഉദിത് അവൾക്ക് ആദ്യം വരച്ചു കൊടുത്തത് ഒരു മയിൽ‌പീലി ആയിരുന്നു… അങ്ങനെ മയില്പീലികൾ അവൾക്ക് പ്രിയപ്പെട്ടത് ആയി… അവളിലെ കലാകാരിയെ പ്രോത്സാഹനം കൊണ്ട് സന്തോഷിപ്പിക്കാൻ ഉദിത് ശ്രമിച്ചുകൊണ്ടേ ഇരുന്നു… അങ്ങനെ മെല്ലെ മെല്ലെ അവൾ ജീവിതത്തിലേക്ക് മടങ്ങി വന്നു തുടങ്ങി … പതിയെ പതിയെ അവളിൽ ഒരു സുഹൃത്ത് എന്നതിലുപരി അവനൊരു സ്ഥാനം ഉണ്ടയി തുടങ്ങി….

അവൾ പോലും അറിയാതെ അത് മെല്ലെ പ്രണയം ആയി മാറി…. എപ്പോഴും അവൾക്ക് അവനൊപ്പം വേണമായിരുന്നു… പരസ്പരം പിരിയാൻ കഴിയാത്ത ഒരു ബന്ധം… മെല്ലെ മെല്ലെ അവളുടെ ജീവിതത്തിൽ വീണ്ടും സന്തോഷം നിറഞ്ഞു തുടങ്ങി… ഞാനും അതിൽ സന്തോഷിച്ചു… അങ്ങനെ അവളുടെ പ്ലസ് ടു ‌ കഴിഞ്ഞുള്ള വെക്കേഷനിൽ ഞങ്ങൾ എല്ലാവരും കൂടി ഒരു യാത്ര പോയി സ്വിയ്സർലാന്റിലേക്ക്… അവിടെ വെച്ച് യാമിയുടെ നിർബന്ധം കാരണം അവളും ഉദിതും കൂടി ഐസ് സ്‌കേറ്റിങ് ചെയ്യാൻ പോയി.. യാമിക്ക് മുന്നിൽ സ്‌കേറ്റിങ് ചെയ്ത് കേറിയ ഉദിത് കാലു സ്ലിപ് ആയി ഡെൻജർ ഏരിയയിലേക്ക് വീണു… അവൾ നോക്കി നിൽക്കെ അവന്റെ മുകളില്ലേക്ക് ഐസ് വീഴാൻ തുടങ്ങി… അതിനടിയിൽ പെട്ട് നിമിഷങ്ങൾ കൊണ്ടവൻ മരിച്ചു…. അതായിരുന്നു രണ്ടാമത്തെ ഷോക്ക്…

അവളുടെ എല്ലാമെല്ലാമായ അവൻ മരിച്ചത് അക്‌സെപ്റ്റ് ചെയ്യാൻ അവൾക്ക് ഒരുപാട് സമയം എടുത്തു… ഒരു വർഷം അവൾ ഹോസ്പിറ്റലിൽ കിടന്നു..തിരിച്ചു വന്ന അവൾക്ക് അവന്റെ ഓർമ്മകൾ ഉറങ്ങുന്ന ദുബായ് മടുപ്പും വിഷമവും നിറച്ചു… അതിൽ നിന്നും ഒരു മാറ്റത്തിന് വേണ്ടി ആണ് അവളെ ഞാൻ നാട്ടിലേക്ക് കൊണ്ടുവന്നത്… പുതിയ അന്തരീക്ഷവും ആയി അവൾ പെട്ടന്ന് പൊരുത്തപെട്ടു… അവളിലെ സങ്കടങ്ങൾക്ക് ചെറിയ അയവ് വന്നു തുടങ്ങുന്നത് ഞാൻ അറിഞ്ഞു തുടങ്ങി.. ഇനി ഒരു ചെറിയ വേദന പോലും അവളുടെ മനസിന് താങ്ങാൻ ഉള്ള ശേഷി ഇല്ലായിരുന്നു… അവളെ എപ്പോഴും സന്തോഷവതി ആക്കാൻ ആയിരുന്നു ഞാനും ശ്രമിച്ചിരുന്നത്… പക്ഷെ വിധി എന്നെ വീണ്ടും തോൽപ്പിച്ചു… അവസാന പരീക്ഷയും കഴിഞ്ഞ് ഹോസ്റ്റലിൽ നിന്ന് വന്ന യാമി ദിവസങ്ങളോളം മുറിക്കുള്ളിൽ തന്നെ ആയിരുന്നു… ഭക്ഷണം പോലും കഴിക്കാതെ….

സദാ സമയവും എവിടെ എങ്കിലും കുത്തിവരച് ഇരിക്കും… അപ്പോൾ ഞാനും അറിയുകയായിരുന്നു അവളെ വീണ്ടും എനിക്ക് നഷ്ടപെടുകയാണെന്ന്…. എല്ലാം ഒരു ഞെട്ടലോടെ ആണ്‌ സംഗീത് കേട്ടത്…. അവന്റെ ഹൃദയം മരവിച്ചിരുന്നു… തന്റെ സിത്തുവിനെ വിഷമിപ്പിച്ചവളോട് പ്രതികാരം ചെയ്യാൻ വന്ന അവന് അതിനേക്കാൾ എത്രയോ ഇരട്ടി വേദന സഹിച്ച മായയുടെ ജീവിതം അവന്റെ ഹൃദയത്തെ കുത്തിനോവിച്ചു… സാർ അവൾക്ക് അന്ന് അങ്ങനെ വരാൻ കാരണം…. അതെന്തായിരുന്നു… അവൻ ചോദിച്ചു.. നീ… നീയായിരുന്നു സംഗീത്… അതിന് കാരണം… ആ വാക്കുകൾ അവന്റെ നെഞ്ചിനെ തകർത്തു കളഞ്ഞു…. ഞാനോ.. ഞാൻ എന്തു ചെയ്തു… നീ ചെയ്തില്ല… അതായിരുന്നു കാരണം. സാർ എനിക്ക് ഒന്നും മനസിലാവുന്നില്ല… ഒന്ന്‌ തെളിച്ചു പറയൂ…

സംഗീത് നിനക്കവളെ ഇഷ്ടമായിരുന്നില്ലേ.. ഒരിക്കൽ പോലും നീ അവളോട്‌ പറഞ്ഞില്ലല്ലോ.. പറഞ്ഞിരുന്നെങ്കിൽ അവൾക്കിങ്ങനെ സംഭവിക്കില്ലായിരുന്നു… നിനക്ക് അവളോടുള്ള സ്നേഹം കുറച്ചു മുന്നെ ഞാൻ നിന്റെ കണ്ണുകളിൽ കണ്ടു… സമനില തെറ്റിയ അവളെ കണ്ടുനിൽക്കാൻ നിനക്ക് കഴിയുന്നില്ലായിരുന്നു അല്ലേ…. പക്ഷെ നിനക്ക് ഒരു കാര്യം അറിയുമോ.. നീ അവളെ സ്നേഹിച്ചതിനും എത്രയോ ഇരട്ടി അവൾ നിന്നെ സ്നേഹിച്ചിരുന്നു… സംഗീതിന് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നി… അപ്പോൾ ദേവ അവനായിരുന്നില്ലേ അവളുടെ പ്രണയം… അല്ല… ദേവ അവളുടെ പ്രതികാരം ആയിരുന്നു… താരയോടുള്ള പ്രതികാരം… താരയോടോ… അവൾ എന്തിന് താരയോട് പ്രതികാരം ചെയ്യണം…

അവർ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ… അതെ….. അവർ നല്ല സുഹൃത്തുക്കൾ ആയിരുന്നു… അവർക്കിടയിലേക്ക് നീ വരും വരെ…. സാർ… എന്താണ് പറയുന്നത്…. സംഗീത് നീ മായയെ ആദ്യം കാണുന്നത് കോളേജിൽ വെച്ചല്ലേ… പക്ഷെ അതിനും മുന്നെ നിന്റെ മുഖം അവളിൽ പതിഞ്ഞിരുന്നു… ദുബായിൽ നിന്ന് ഞങ്ങൾ നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ… ആർട്ട്‌ ഗാലറിയിൽ ഒരു ചിത്ര പ്രദർശനത്തിൽ വെച്ച് ആണ്‌ അവൾ നിന്നെ ആദ്യം കാണുന്നത്… നിന്റെ ചിത്രങ്ങളോട് അവൾക്കെന്തോ ഇഷ്ടം തോന്നി… എവിടെയൊക്കെയോ ആ ചിത്രങ്ങൾക്ക് ഉദിത് വരച്ച ചില ചിത്രങ്ങളുമായി സമാനത തോന്നി.. അങ്ങനെ ആണ്‌ അത് വരച്ച നിന്നിലേക്ക് എത്തുന്നത്… നിന്നെ കണ്ട മാത്രയിൽ തന്നെ അവളുടെ ചുണ്ടുകൾ മൗനമായി പറഞ്ഞു…

ഉണ്ണി…. ഉണ്ണി… ഉദിതിനെ അവൾ അങ്ങനെ ആയിരുന്നു വിളിച്ചത്… നിന്നെ പോലെ തന്നെ ആയിരുന്നു അവനും… എപ്പോഴും ചുണ്ടിൽ ഒരു ചിരി സൂക്ഷിച്ച , എപ്പോളും സംസാരിച്ചുകൊണ്ട് എവിടെയൊക്കെയോ നിന്റെ സ്വഭാവത്തിലും രൂപത്തിലും അവൾ ഉദിതിനെ കണ്ടു…. അന്ന് പിരിഞ്ഞതിന് ശേഷവും അവൾ നിന്റെ പുറകെ തന്നെ ഉണ്ടായിരുന്നു… നീ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ കിട്ടണം എന്നവൾ വാശി പിടിച്ചു… അങ്ങനെ ആണ്‌ അവൾ നിന്നിലേക്ക് എത്തുന്നത്.. വിധിയുടെ അത്ഭുതം പോലെ നിനക്കും അവളെ ഇഷ്ടമായി…. പക്ഷെ പാവം യാമി അത് അറിഞ്ഞില്ല…. നീ അറിയാതെ അവളുടെ കണ്ണുകൾ നിനക്കൊപ്പം ഉണ്ടായിരുന്നു… അവളുടെ ഉള്ളിൽ ഉണ്ണിക്ക് നൽകാൻ വെച്ച സ്നേഹം മുഴുവൻ അവൾ നീ അറിയാതെ നിനക്ക് തന്നു കൊണ്ടിരുന്നു…

അതിനിടക്ക് ആണ്‌ താര നിങ്ങൾക്കിടയിൽ വരുന്നത്… താര മായയുടെ റൂം മേറ്റ്‌ ആയി വന്നതോടെ അവൾ ഒന്നുകൂടെ ഉഷാറായി തുടങ്ങി… അതിനിടക്ക് ആണ്‌ നീയും താരയും പരിചയപ്പെടുന്നത്… നിങ്ങൾ തമ്മിൽ പെട്ടന്ന് കൂട്ടായി… മായക്ക് ഉള്ളിൽ അത് വേദന ഉണ്ടാക്കി തുടങ്ങി… അവൾക്ക് അവകാശപ്പെട്ടത് എന്തോ താര തട്ടിപറിച്ചെടുത്ത ദേഷ്യം ആയിരുന്നു അവളിൽ… പിന്നെ ആണ്‌ താര ക്യാമ്പിന് പോയ സമയത്ത് നിങ്ങൾ സുഹൃത്തുക്കൾ ആവുന്നത്.. അത് അവൾക്ക് തെല്ലൊരു ആശ്വാസം ആയിരുന്നു…. സംഗീതിന്റെ മെസേജുകളും ഫോൺ വിളികളും അവളെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു…. അന്ന് ഞാൻ അവളോട്‌ പറഞ്ഞതാണ് അവളുടെ ഇഷ്ടം തന്നെ അറിയിക്കാൻ… പക്ഷെ അവളെ കുറിച്ച് എല്ലാം അറിഞ്ഞാൽ താൻ അവളെ ഉപേക്ഷിക്കുമോ എന്ന പേടി ആയിരുന്നു അവൾക്ക്…

അങ്ങനെ അവൾ നിന്റെ നല്ല സുഹൃത്ത് ആയി തന്നെ ഇരുന്നു… അതിനിടക്ക് ആണ്‌ കോളേജിൽ നിന്നെയും താരയെയും ചേർത്ത് പലതും കേട്ട് തുടങ്ങിയത്… അത് മായയിൽ വീണ്ടും വിഷമം ഉണ്ടാക്കി… നിങ്ങൾ തമ്മിൽ പ്രണയം ആണെന്ന് എല്ലാവരും തെറ്റ് ധരിച്ച പോലെ അവളും വിശ്വസിച്ചു… അത് അവളിൽ താരയോട് ഉള്ള പകയായി മാറി… സംഗീതിനെ അവൾ തന്നിൽ നിന്ന് തട്ടിയെടുക്കുന്നു എന്ന ധാരണ അവളുടെ മനസിനെ തകർക്കാൻ തുടങ്ങി…. പക്ഷെ പിന്നീട് ആണ്‌ അവൾ അറിഞ്ഞത് താര പ്രണയിക്കുന്നത് ദേവയെ ആണെന്ന്…. പക്ഷെ അപ്പോഴും സംഗീത് താരയെ പ്രണയിക്കുന്നു എന്നവൾ തെറ്റുധരിച്ചു… താൻ സ്നേഹിക്കുന്നവൻ മറ്റൊരാളെ സ്‌നേഹിക്കുമ്പോൾ ഉണ്ടാവുന്ന വേദന എത്ര ആണെന്ന് അവളും അറിയണം എന്ന് അവൾക്കും തോന്നി…

അങ്ങനെ ആണ്‌ അവൾ ആ വർഷം ക്യാമ്പിന് പോയി ദേവയോട് ഇഷ്ടം പറഞ്ഞത്… പക്ഷെ ദേവ അത് കണക്കിൽ എടുത്തില്ല… അതവൾക്കൊരു തിരിച്ചടി ആയിരുന്നു… പിന്നെയും ഒരു വർഷം പോയതോടെ നീയും താരയും കൂടുതൽ അടുത്തു… മനസ് കൊണ്ട് യാമിയും താരയും അകന്നു…. അങ്ങനെ ഉള്ള ഒരു സമയത്ത് ആണ്‌ താര എഴുതിയ കവിതകൾ അവൾക്ക് ലൈബ്രറിയിൽ നിന്ന് കിട്ടുന്നത്… അതിന്റെ പുറം ചട്ടകളിൽ എല്ലാം അവൾ അവിടെ തന്നെ ഇരുന്നു മയില്പീലികൾ വരച്ചു ചേർത്തു… അവസാനം മായ എന്നും.. അങ്ങനെ താരയുടെ പ്രണയം അവൾ അവളുടേതാക്കി… അപ്പോഴും അവൾ ദേവയെ ഒരു തരി പോലും സ്നേഹിച്ചിരുന്നില്ല… അവളുടെ ഉള്ളിൽ സംഗീത്..നീ.. മാത്രം ആയിരുന്നു… താരയെ തോൽപ്പിക്കുക എന്നൊരു തെറ്റായ ചിന്ത അവളുടെ മനസിനെ കീഴടക്കി കഴിഞ്ഞിരുന്നു…

ഒരിക്കൽ നീ അവളുടെ മാഗസിനിന് സമ്മാനം കിട്ടിയപ്പോൾ മായയുടെ മുന്നിൽ വെച്ച് അവളെ ചേർത്ത് പിടിച്ചത് ഓർക്കുന്നുണ്ടോ… അതവൾക്ക് ഒരു ഷോക്ക് ആയിരുന്നു… തന്റെ ഉണ്ണി മറ്റൊരാളെ ഏതൊരർത്ഥത്തിലും ചേർത്ത് പിടിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു… അവളുടെ മനസിന്റെ പിടി വീണ്ടും തെറ്റുകയായിരുന്നു… ഒടുവിൽ നിങ്ങൾ പിരിയുന്ന ദിവസം ഉള്ളിൽ വിഷമിച്ചും നീ മായയെ ചിരിച്ചു കൊണ്ട് യാത്ര ആക്കിയപ്പോൾ… പരസ്പരം കെട്ടിപിടിച്ചു കരഞ്ഞു പിരിയുന്ന താരയെയും നിന്നെയും അവൾ മറ്റൊരു കണ്ണിലൂടെ ആണ്‌ കണ്ടത്… പിന്നെ അവിടെ നിന്നും തിരിച്ചു വന്ന അവൾ എപ്പോഴും മുറിക്കകത്ത് കയറി ഇരുന്ന് കുത്തിവരക്കും… ചിലപ്പോൾ ഉണ്ണി എന്ന് പറഞ്ഞു പിച്ചും പേയും പറയും… അവിടെ നിന്നായിരുന്നു അവൾക്ക് വീണ്ടും സമനില തെറ്റി തുടങ്ങിയത്…

പിന്നെ ഞാൻ അവളുമായി വീണ്ടും ദുബായിൽ പോയി….വീണ്ടും മാസങ്ങളോളം ആശുപത്രിയിൽ… തിരിച്ചു വന്ന യാമി പിന്നെ സംസാരിക്കാതെ ആയി തുടങ്ങി… എപ്പോളും ഒറ്റക്ക് ഇരിക്കും…ചിത്രം വരയ്ക്കാൻ പോലും മറന്നു തുടങ്ങിയിരുന്നു…. പിന്നീട് ഒന്നര വർഷം കഴിഞ്ഞപ്പോൾ അവളെന്നോട് പറഞ്ഞു അവൾക്ക് തിരിച്ചു നാട്ടിലേക്ക് പോവണം എന്ന്… ആ ഇടക്ക് ആണ്‌ അവൾ നിന്നെ വീണ്ടും വിളിച്ചു തുടങ്ങിയത്… ഇവിടെ വന്ന് താരയോട് മാപ്പ് പറഞ്ഞു നിന്നോട് ഒന്നിക്കും എന്നായിരുന്നു എന്റെ പ്രദീക്ഷ… പക്ഷെ അവൾ നേരേ കാണാൻ പോയത് ദേവയെ ആയിരുന്നു… അവനോട് ഇഷ്ടം പറയാൻ ആയിരുന്നു… പക്ഷെ ദേവ വീണ്ടും അവളെ തോൽപ്പിച്ചു..

അവൻ അവന്റെ ഉള്ളിൽ മായക്ക് നൽകിയ മുഖം താരയുടെ ആണെന്നും … പക്ഷെ അതെഴുതിയത് മായ ആണെന്ന് അറിഞ്ഞപ്പോൾ ഇനി താരയെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്നും… അവളോട്‌ അവനെ മറക്കണം എന്നും.. നീ അവളെ സ്നേഹിക്കുന്നു എന്നും ‌ പറഞ്ഞു…. അത് അവൾക്ക് ഒരു ഷോക്ക് ആയിരുന്നു…. നീ അവളെ സ്നേഹിക്കുന്നു എന്നറിഞ്ഞത് കൊണ്ട് മാത്രമായിരുന്നില്ല… അവളുടെ ആത്മാർത്ഥ സുഹൃത്തിനെ ചതിച്ചതിൽ ഉള്ള വിഷമം…. നിന്റെ പ്രണയം തിരിച്ചറിയാൻ കഴിയാത്തതിൽ ഉള്ള വിഷമം… ദേവയോട് സത്യങ്ങൾ ഒന്നും തുറന്നു പറയാൻ അവൾക്കപ്പോൾ കഴിഞ്ഞില്ല.. എല്ലാം കൊണ്ടും അവളുടെ ഏത് നിമിഷവും ആടി ഉലയാവുന്ന മനസ് വീണ്ടും അവളെ തോൽപ്പിച്ചു… കഴിഞ്ഞ കുറച്ചു ആഴ്ചകൾ ആയി ഇവിടെ കൊണ്ട് വന്നിട്ട്…

ഇനിയും ഷോക്കടിപ്പിച്ചും മരുന്നുകൾ കൊടുത്തും എന്റെ മകളെ വേദനിപ്പിക്കാൻ എനിക്കാവില്ല… മടുത്തു…. വലിയ പ്രദീക്ഷ ഒന്നും ഇല്ല ഇവിടെ കിടക്കുമ്പോഴും…. പക്ഷെ അവൾ കാരണം ഇനി ആരും വേദനിക്കില്ലല്ലോ എന്നുള്ള സമാധാനം ആണ്‌… സംഗീത്…. അവൾ ചെയ്തത് തെറ്റ് തന്നെ ആണ്‌… ഒരു നേർത്ത ഹൃദയം ആണ്‌ അവളുടെ… ഒരിക്കൽ പിഴച്ചു പോയ മനസിന് ഒരിക്കലും പഴയത് പോലെ ആവാൻ സാധിക്കില്ല… ക്ഷമിക്കണം അവളോട്‌ …ശപിക്കരുത് എന്റെ മകളെ… സംഗീത് എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു… ഞാനല്ലല്ലോ ക്ഷമിക്കേണ്ടത്…

അവൾ കാരണം മുറിവേറ്റുപോയ ഒരു ഹൃദയം ഉണ്ട്… അവൾക്ക് ക്ഷമിക്കാൻ ആവുമോ… വൈകി പോയി. സാർക്ക് എന്നോടെങ്കിലും പറയാമായിരുന്നു എല്ലാം…. ഇതിപ്പോ ഒത്തിരി വൈകി പോയി.. അവൾ കാരണം താരക്ക് ഉണ്ടായ വിഷമം ഇല്ലാതാവുമോ… ദേവ അവൻ….. ഇതൊക്ക അറിഞ്ഞാൽ ചങ്ക് പൊട്ടി പോവും ആ പാവത്തിന്റെ… എനിക്കും നിങ്ങളുടെ മകൾക്കും വേണ്ടി അവൻ തള്ളി പറഞ്ഞത് അവന്റെ പ്രണയത്തെ ആണ്… ഈ പാപങ്ങൾക്കൊക്കെ മാപ്പ് നൽകാൻ അവർക്ക് കഴിയോ… സംഗീത് കരഞ്ഞുകൊണ്ട് ചോദിച്ചു…. ഒന്നിനും ഉത്തരം ഇല്ലാതെ അയാൾ തല കുനിച്ചു നിന്നു…

തുടരും…

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17

ദേവതാരകം : ഭാഗം 18

ദേവതാരകം : ഭാഗം 19

ദേവതാരകം : ഭാഗം 20

ദേവതാരകം : ഭാഗം 21

ദേവതാരകം : ഭാഗം 22

ദേവതാരകം : ഭാഗം 23