Wednesday, October 30, 2024
Novel

നല്ല‍ പാതി : ഭാഗം 11

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

(ഈ പാർട്ടിൽ വലിയ സസ്പെൻസ് ഒന്നുമില്ലട്ടോ… വലിച്ചു നീട്ടിയതുമല്ല..ഇതു പറയാതെ ബാക്കി പറയാൻ പറ്റാത്തത് കൊണ്ടാ.. പരമാവധി ചുരുക്കി പറയാൻ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്..
നിങ്ങളുടെ അഭിപ്രായങ്ങളും…. വിമർശനങ്ങളും എല്ലാം അറിയിക്കണം… കാത്തിരിക്കുന്നു…)

💞 നല്ല പാതി 💞
ഭാഗം 11

രാത്രി ഏറെ വൈകിയും അഭി വരച്ച തന്റെ ചിത്രം നോക്കിയിരിക്കുകയാണ് നന്ദു.

“ഇന്ന് ഉറക്കമൊന്നും ഇല്ലേ പെണ്ണേ നിനക്ക്….??”
എന്ന പാറുവിന്റെ ചോദ്യം കേട്ടാണ് നന്ദു ചിന്തയിൽ നിന്നുണർന്നത്..

“എന്താടി അഭി വിളിച്ചില്ലേ..??
ഏയ്.. വൈകിട്ട് വിളിച്ചതാണല്ലോ.. പിന്നെന്തു പറ്റി..??”

“ഏയ്.. അതല്ല പാറു.. നീ ഇതൊന്ന് നോക്കിയേ..
ഈ പടത്തിന് എന്തെങ്കിലും ഒരു മിസ്സിങ് ഉണ്ടോന്ന്..”

“എന്തു മിസ്സിങ്..?? ഓ.. ഇനി അതിലും കുറ്റം കണ്ടെത്തികാണും..”

“കുറ്റം അല്ലെടീ..നീ നോക്ക്..”

“എവിടെ..?? നോക്കട്ടെ..”

പടം എടുത്തു വച്ച് പാറു സസൂക്ഷ്മം നിരീക്ഷിക്കുക യാണ്..

“എനിക്കൊരു കുന്തോം കാണാനില്ല.. നല്ല ഭംഗി ഉണ്ടല്ലോ..”

“പൂത്തുലഞ്ഞ വാകമരത്തിനു ചോട്ടിൽ താടിയ്ക്കു കൈ കൊടുത്തു ഇരിക്കുന്ന നന്ദു… ചുറ്റും കുറെ വാക പൂക്കൾ വീണു പരവതാനി വിരിച്ചിരിക്കുന്നു..

വൈറ്റ് ആൻഡ് റെഡ്..
അഡാർ കോമ്പിനേഷൻ മോളെ.. പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്..നിന്നെ നേരിൽ കാണുന്നതിലും ഭംഗി ദേ ഇതിൽ കാണുന്നതാ.. നിനക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നല്ലേ..
ഇപ്പോ എന്റെ സംശയം ഇന്ന് നീ അറിഞ്ഞു കൊണ്ട് തന്നെയാണോ ആ വൈറ്റ് ഡ്രസ്സ് ഇട്ടതെന്നാ..”

“പോടി.. അവളുടെ ഒരു സംശയം..
കത്തി അടിക്കാതെ നീ പറഞ്ഞ കാര്യം ചെയ്യ്..”

“ആ .. വെയ്റ്റ്..വെയ്റ്റ്..
ഇതാരാ.. ഈ നടന്നു പോകുന്നത്..”

“ആ.. അതാണ് ഞാൻ പറഞ്ഞത്.. ഒന്ന് നോക്കിയേ..??”

“രൂപം കണ്ടിട്ട് അഭി ആണോ എന്നൊരു സംശയം.. പക്ഷേ..??”

“ആ..അത് കാണുമ്പോൾ പുറം തിരിഞ്ഞ് നടക്കുന്ന പോലെയില്ലേ..
എന്നിൽ നിന്നും അകന്നു പോകുന്ന പോലെ ഒരു തോന്നൽ..”

“ദേ.. തുടങ്ങി നീ മൊത്തം നെഗറ്റീവ് ആണല്ലോ.. എന്റെ നന്ദൂ..”

“അല്ലെങ്കിൽ അവനെന്തിനാ ഈ പടം വരച്ചേ.. ഞങ്ങൾ ഒരുമിച്ചുള്ള പടം വരച്ചാൽ പോരെ..??”

“അത് എന്നോടാണോ ചോദിക്കുന്നത് നിനക്ക് അവനോട് ചോദിക്കായിരുന്നില്ലേ..??”

“ആ ചോദിക്കും.. ഇപ്പൊ തന്നെ ചോദിക്കും.. എന്റെ ഫോൺ എവിടെ..??”

“ഇത് ചോദിക്കാൻ പോവാണോ.. ഈ നട്ടപ്പാതിരക്ക്..??”

“നിനക്കും അങ്ങനെ തോന്നിയില്ലേ..?? സംശയം തീർത്തിട്ട് ചോദിക്കാം എന്ന് വിചാരിച്ചിരുന്നു..
പിന്നെ നാളത്തേക്ക് വെച്ചാ എനിക്ക് ഭ്രാന്തു പിടിയ്ക്കും….

നീ.. ആ ഫോൺ ഇങ്ങെടുത്തേ..
ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം..”

വിളിക്കാൻ ഫോൺ എടുത്തതും അഭിയുടെ കോൾ ഇങ്ങോട്ട് വന്നു..
റിങ്ങ് ചെയ്തതും ഉടൻ ഫോണെടുത്തു നന്ദു.

“എന്താ.. ഉറക്കം ഒന്നും ഇല്ലേ എന്റെ പെണ്ണിന്….?? വിളിച്ചപ്പോഴേയ്ക്കും ചാടിയെടുത്തല്ലോ….??”

“ഉറക്കം കളയാൻ ഓരോന്ന് ചെയ്തു വെച്ചിട്ട്.. പിന്നെ എന്നോടാണോ ചോദിക്കുന്നത്..??”

“നീ എന്താ പറയുന്നേ..?? എനിക്കൊന്നും മനസ്സിലാവുന്നില്ല..

വൈകിട്ട് വിളിച്ചപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ..?? പെട്ടെന്ന് എന്താ പിരി ലൂസായോ..”

“നീയെന്താ പടത്തിൽ വരച്ചിരിക്കുന്നത്.. അഭി..
ഒന്ന് പറഞ്ഞെ..??”

“നീ കണ്ടില്ലേ..?”

“കണ്ടല്ലോ.. കണ്ടതു കൊണ്ടാണല്ലോ ചോദിക്കണേ..”

“അതിനെന്താ പ്രശ്നം..??”

“അതിൽ ഏതാ ഒരു ചെക്കൻ..??”

“ഹഹഹ.. നിനക്ക് അത് കണ്ടിട്ട് ആളെ മനസ്സിലായില്ലേ..?”

“ആ മനസ്സിലായി അതല്ലേ ചോദിച്ചത്..”

“എങ്കിൽ ആരാത്..??
പറ നന്ദൂ..”

“അത് നീയല്ലേ അഭീ..”

“അതേലോ..”

“നീ എന്തിനാ അങ്ങനെ വരച്ചത്..??”

“എങ്ങിനെ..??”

“എന്നിൽ നിന്ന് അകന്നു പോകുന്ന പോലെ..”

“അതാണോ കാര്യം..??”

പെട്ടെന്ന് പാറു ഫോൺ തട്ടിപ്പറിച്ച് അഭിയോട് സംസാരിച്ചു തുടങ്ങി..

“എന്റെ അഭി.. സോറി നന്ദൂന്റെ അഭീ..
ദേ ഒരാളും അത് കണ്ടപ്പോൾ തൊട്ടു മുഖം വീർപ്പിച്ചു ഇരിപ്പാ..
വന്നപ്പോൾ ശ്രദ്ധിച്ചില്ലാന്ന് തോന്നുന്നു.. വൈകീട്ട് അത് സസൂക്ഷ്മം നിരീക്ഷിച്ച് പഠിച്ച് കുറ്റവും കുറവും ഒക്കെ കണ്ടെത്തിയതാ..

ബാക്കിയുള്ളവർക്ക് സമാധാനം കിട്ടണമെങ്കിൽ ദയവു ചെയ്തു ഇതിനൊരു പരിഹാരം കണ്ടെത്തണം..
എങ്കിലേ ഞങ്ങൾക്ക് ഇവിടെ കിടന്നുറങ്ങാൻ പറ്റൂ..”

“ശരി.. ശരി..
ഞാൻ സംസാരിക്കാം.. നീ നന്ദൂന്
ഫോൺ കൊടുക്ക്..”

“എടീ നന്ദു.. ഫോൺ പിടിക്ക്..”

“ആ പറയ്..”
പാറുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നന്ദു പറഞ്ഞു.

“ദേഷ്യപ്പെടാതെന്റെ നന്ദൂട്ടീ.. ഞാൻ പറയുന്നതൊന്നു കേൾക്ക്..

നിൻറെ അടുത്തേക്ക് നടന്നു വരുന്നത് പോലെ തന്നെ വരയ്ക്കാം എന്നാ ഞാനും വിചാരിച്ചിരുന്നേ..
പക്ഷേ സമയം കിട്ടിയില്ല…

പ്രോജക്ട് വർക്കും പിന്നെ സർപ്രൈസ് ഒരുക്കലും ഒക്കെയായി സമയം പോയി..അന്ന് രാത്രി ഇരുന്ന് വരച്ചതാ.. അപ്പോ എളുപ്പം പുറകോട്ടു തിരിഞ്ഞു നിൽക്കുന്നത് വരയ്ക്കാനാ.. അതാ അങ്ങനെ ചെയ്തത്.. അല്ലാതെ നീ കാടുകയറി ചിന്തിക്കണ്ട..

ഞാൻ നിന്നെ വിട്ടു ഒരിടത്തും പോകുന്നില്ല..പോരെ.. കളഞ്ഞിട്ട് പോകാൻ എനിക്ക് നിന്നെ വഴിയിൽ നിന്ന് കിട്ടിയതല്ല.. ഞാൻ എന്റെ ഹൃദയം തന്ന് സ്വന്തമാക്കിയതാ..അതു നഷ്ടപ്പെട്ടെന്ന് തോന്നിയാൽ ആ ഹൃദയം നിലച്ചു എന്ന് കൂട്ടിക്കോ…
മനസ്സിലായോ…??”

“ഉം..”
മറുപടിയായി ഒന്നു മൂളുക മാത്രം ചെയ്തു നന്ദു.

“നിനക്ക് വേണമെങ്കിൽ നമ്മൾ ഒരുമിച്ചിരിക്കുന്ന പടം ഞാൻ വരച്ചു തരാം.. ഇനീം സമയം ധാരാളം ഇല്ലേ..
ഈ പാതിരാത്രിക്ക് ഇനി ഇതും പിടിച്ച് ഇരിക്കാതെ എന്റെ മോളു പോയി ഉറങ്ങാൻ നോക്ക്..

പെട്ടെന്നെന്തോ.. നിന്നെ വിളിക്കണം എന്ന് തോന്നി..
നിനക്ക് എന്തോ.. വിഷമം ഉണ്ടല്ലോ എന്ന്..അതാ വിളിച്ചത്..
അപ്പോ ഇതായിരുന്നുല്ലേ കാരണം..
അതൊക്കെ മനസ്സിലിട്ടു ബാക്കിയുള്ളവരെ കൂടി ശല്യപ്പെടുത്താതെ പോയി സുഖമായി കിടന്നുറങ്ങ്..”

“ഉം..”

“ദേ പിന്നെ മൂളി..
എന്റെ ഇനിയും മാറിയില്ലേ… എന്നോടുള്ള പിണക്കം..”

“എനിക്ക് പിണക്കം ഒന്നൂല്ല്യ..”

“ഹേ…പിണക്കം ഇല്ലെന്നോ..??
നീ എന്നോട് പിണങ്ങുന്നത് എനിക്ക് ഇഷ്ടാടീ.. പെണ്ണേ..
കാരണം എന്താ എന്നറിയാമോ..
പിണക്കത്തിന് ശേഷം ഉള്ള പ്രണയത്തിന് മധുരം കൂടും.. അതുകൊണ്ടാ..”

“പോടാ… മതി മതി കിന്നരിച്ചത്.. പോയി ഉറങ്ങാൻ നോക്ക്.. ഗുഡ്നൈറ്റ്..”

“ഗുഡ് നൈറ്റ്..”

അവനോട് ഗുഡ്നൈറ്റ് പറഞ്ഞു കിടക്കുമ്പോഴും നന്ദുവിന്റെ മനസ്സിൽ അഭി വരച്ച പടമായിരുന്നു..

തന്നിൽ നിന്നും അകന്നു പോയ്കൊണ്ടിയിരിക്കുന്ന അഭിയുടെ പടം.. ഓർക്കുന്തോറും മനസ്സിൽ എന്തോ കുത്തി ഇറക്കുന്ന വേദന… അഭിയെ തന്നിൽ നിന്നകറ്റരുതേ.. പ്രാർത്ഥനയോടെ അവൾ ഉറങ്ങാൻ കിടന്നു..

💙💙💙💙💙💙💙💙💙💙💙💙💙💙💙

സത്യനാഥൻ മാഷും ഉമ ടീച്ചറും .. നന്ദുവിനെ സംബന്ധിച്ചിടത്തോളം അച്ഛനും അമ്മയും തന്നെയായിരുന്നു… ആനന്ദ് ഭവനും അവിടുത്തെ കുട്ടികളും അവളുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല..

സമയം കിട്ടുമ്പോഴൊക്കെ പാറുവിനേയും കൂട്ടി അവൾ അവിടേക്ക് ഓടിയെത്തി..
പല അവധി ദിവസങ്ങളിലും അവരോടൊപ്പം അവളും അവരിലൊരാളായി മാറി..
അഭിയോടൊപ്പവും അല്ലാതെയും മാഷിന്റെ സേവനപ്രവർത്തനങ്ങളിൽ അവളും കാർത്തിയും ചേർന്നു..

ഒരു ദിവസം അവളും കാർത്തിയും കൂടെ ചെല്ലുമ്പോൾ ആനന്ദ് ഭവനിലാകെ ഒരു മൂകത.. കുട്ടികളുടെ കളിചിരികളില്ല..ബഹളങ്ങളില്ല.. ടീച്ചറുടെയും മുഖത്ത് ആകെ സങ്കടം.. അഭിയെയും മാഷിനെയും അവിടെ കാണാനുമില്ല..

എന്തുപറ്റി എന്ന ചോദ്യത്തിന് ഒരു കരച്ചിൽ ആയിരുന്നു ടീച്ചറുടെ മറുപടി.

“പറ ടീച്ചറെ എന്താ പറ്റിയത്.. അഭിയും മാഷും എന്ത്യേ..??”

“അവര് ഗായത്രി ചേച്ചിയും കൊണ്ട് ആശുപത്രിയിൽ പോയിരിക്ക്യാ..” കുട്ടികളിൽ ഒരാളാണത് പറഞ്ഞത്..

“എന്താ..എന്താ പറ്റീത്..??”
നന്ദു ചോദിയ്ക്കുന്നതിനു മുന്നേ കാർത്തി ചോദിച്ചു..

“പറ ടീച്ചറെ എന്താ കാര്യം..??”

“അത്.. അവളൊരു സുഖമില്ലാത്ത കുട്ടിയാ.. വൈകിയാണ് എല്ലാവരും അറിയുന്നത്.
ഇടയ്ക്കിടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് വരും..

മൂന്നു നാലു കൊല്ലമായി ചികിത്സയുണ്ട്.. ആലോചിക്കാൻ പോലും വയ്യ എനിക്ക്..
ഇന്ന് അഭി വരുമ്പോൾ ന്റെ കുട്ടി തൊടിയിൽ ശ്വാസം കിട്ടാതെ.. ”

ടീച്ചറുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു..

“ഏയ്.. ഒരു കുഴപ്പവും ഉണ്ടാകില്ല.. ടീച്ചർ ടെൻഷനാകാതെ..”

കുറച്ച് നേരം ടീച്ചറുടെ കൂടെയിരുന്നു സമാധാനിപ്പിച്ചാണ് കാർത്തിയും നന്ദുവും തിരികെ പോയത്..

അഭി വിളിക്കുമ്പോൾ മാത്രമാണ് ഗായത്രിയുടെ വിവരങ്ങൾ അറിയുന്നത്.. അല്ലാതെ പോയി കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു..
യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങി..ലാബ് എക്സാം, ഇന്റേണൽ എല്ലാം കൊണ്ടും തിരക്കായിരുന്നു.

ഒരാഴ്ച കഴിഞ്ഞു .. ഗായത്രിയെ ഡിസ്ചാർജ് ചെയ്തു.. സ്റ്റഡീ ലീവിനിടയിൽ ഗായത്രിയെ കാണാൻ പോകണമെന്നായിരുന്നു തീരുമാനം..നന്ദുവിനെക്കാൾ പോകാൻ തിരക്കു കൂട്ടിയത് കാർത്തി യാണ്..

“ചിലർക്കൊക്കെ ഒരു വിചാരം ഉണ്ട്..കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ല എന്ന്.. അങ്ങനെ ആരും കരുതരുത്..”

ഗായത്രിയെ കാണാൻ ആയി ആനന്ദഭവനിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ നന്ദു പാറുവിനോട് പറഞ്ഞു..

“കുറേ നാളായി.. ഞാൻ ചിലതൊക്കെ കാണുന്നുണ്ട്.. അറിയുന്നുമുണ്ട്.
തനിച്ചുള്ള ഹോസ്പിറ്റലിൽ പോക്കും.. കൂട്ടിരിക്കലും..എല്ലാം..
കേട്ടോ പാറൂ…”

നന്ദു പറയുന്നതൊന്നും കേട്ടു കേട്ടില്ല എന്നമട്ടിൽ ഇരിക്കുകയാണ് കാർത്തി..
ചമ്മലുണ്ടങ്കിലും ഈ പറയുന്നതൊന്നും തന്നെ പറ്റിയല്ല എന്നാണ് ഭാവം..
പക്ഷേ ഇന്ന് അഭിയോട് ഇതിനെ പറ്റി സംസാരിക്കണം എന്ന് മനസ്സിൽ തീരുമാനിച്ചിരുന്നു കാർത്തി.

ആനന്ദ് ഭവനിലെത്തി ഗായത്രിയെ കണ്ടിറങ്ങുമ്പോൾ കാർത്തിയെ അഭി വിളിച്ചു..കൂടെ നന്ദുവും ഉണ്ടായിരുന്നു..

“കാർത്തീ..ഇവിടിരിയ്ക്ക്..
എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..”

തൊടിയിലെ മാവിൻ ചുവട്ടിലെ തറയിലേയ്ക്ക് ചൂണ്ടിക്കാട്ടി അഭി പറഞ്ഞു..

“എന്താ അഭീ..??”

“ഗായത്രിയെ നിനക്ക് ഇഷ്ടമാണോ.. എന്ന് ഞാൻ ചോദിക്കുന്നില്ല.. എനിക്കറിയാം നിനക്ക് അവളെ ഇഷ്ടമാണെന്ന്..
പക്ഷേ..അതു വേണ്ട.. കാർത്തീ..
അതു ശരിയാവില്ല..”

അതു കേട്ടപ്പോൾ കാർത്തിയും നന്ദുവും ഒരുപോലെ ഞെട്ടി..

“എന്തുകൊണ്ട് വേണ്ടാ..??
നീ കാരണം പറ..അഭീ”

“ഞാൻ പറയാം..നിങ്ങൾ സംയമനത്തോടെ കേൾക്കണം..
നിങ്ങൾ വിചാരിക്കുന്ന പോലെ ഗായത്രിക്ക് ഒരു ചെറിയ അസുഖമല്ല..

അത് ശ്വാസ സംബന്ധമായ അസുഖവുമല്ല.. ടീച്ചറെ കൂടുതൽ വിഷമിപ്പിക്കേണ്ടെന്നു കരുതിയാ കൂടുതലായി ഒന്നും പറയാഞ്ഞത്..
പക്ഷേ നീ അറിയണമെന്നു തോന്നി..

ഷീ ഹാവ് എ സിവിയർ ഹാർട്ട് പ്രോബ്ലം..DCM..
ഇനിയൊരു ഇഷ്യൂ ഉണ്ടായാൽ ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ മാത്രമേയുള്ളൂ പോംവഴി..
അതും ചാൻസ് കുറവാണ്..

നീ സ്നേഹിച്ച് ഒടുവിൽ കിട്ടാതാകുമ്പോൾ ഉള്ള സങ്കടം കാണാൻ വയ്യ.. അതുകൊണ്ടാണ് ആദ്യമേ പറയാമെന്നു കരുതിയത്.. ഇപ്പോഴാകുമ്പോൾ അവൾ ഒന്നും അറിഞ്ഞിട്ടില്ല.. നിനക്ക് അവളോട് സ്നേഹമുണ്ടെങ്കിൽ നീ അവൾക്കുവേണ്ടി പ്രാർത്ഥിക്കുക..

അതു മാത്രം നമുക്ക് ഇപ്പൊ ചെയ്യാനുള്ളൂ.. പിന്നെ ഒരു ഡോണറെ കണ്ടു പിടിക്കുക.. ഇക്കാര്യത്തിൽ അതൊരു ഭാഗ്യപരീക്ഷണമാണ്..

അതുകൊണ്ട് മനസ്സിൽ നിന്നത് കളയണം..കാർത്തീ.. ഇപ്പോഴാകുമ്പോൾ അധികം വേദന തോന്നില്ല.. പിന്നീടാകുമ്പോൾ നിനക്ക് ചിലപ്പോൾ താങ്ങാൻ കഴിയില്ല.. ഞങ്ങൾക്കും..”

അഭി പറയുന്നത് കേട്ട് കാർത്തി ഞെട്ടി തരിച്ചു നിൽക്കുകയാണ്..
ഒരു മറുപടി പോലും പറയാതെ..

ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടി… തന്റെ ഇഷ്ടം മുളയിലേ നുള്ളി കളയാനാണ് ഇവർ പറയുന്നത്.
മറക്കുക എന്ന നാലക്ഷരങ്ങൾക്ക് കടലോളം ആഴമുണ്ടെന്ന് തോന്നി പോകുന്നു..

വളരെ കുറച്ചുനാളുകൾ കൊണ്ട് തനിയ്ക്ക് ഇത്രയും വേദന തോന്നുന്നുവെങ്കിൽ ഇത്രയും വർഷങ്ങൾ നന്ദുവിനെ മനസ്സിൽ കൊണ്ടു നടക്കുന്ന തന്റെ ഏട്ടനെത്ര വിഷമിച്ചു കാണും.. അതായിരുന്നു കാർത്തിയുടെ മനസ്സിൽ..

“ശ്രമിയ്ക്കാം അഭീ… എനിയ്ക്കു ഇപ്പോ അതേ പറയാൻ പറ്റൂ..പോകട്ടെ..
വാ..പോകാം നന്ദൂ..”

“ടാ..ഞാൻ ഡ്രൈവ് ചെയ്യാം” എന്ന് നന്ദു പറഞ്ഞപ്പോൾ താങ്ക്സ് പറഞ്ഞു കാർത്തി കീ കൊടുത്തു..

“വിളിയ്ക്കാം അഭീ..ഞങ്ങളിറങ്ങട്ടെ..”
എന്നു പറഞ്ഞു ഇറങ്ങുമ്പോൾ നന്ദുവിനും സങ്കടം സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

കാരണമെന്തെന്ന് പാറു പലതവണ ചോദിച്ചിട്ടും ഹോസ്റ്റലിൽ ചെന്നു പറയാം എന്നുപറഞ്ഞവൾ ഒഴിവാക്കി..

പിന്നീട് ആനന്ദ് ഭവനിലേക്കുള്ള പോക്ക് കാർത്തി മനഃപൂർവം ഒഴിവാക്കി തുടങ്ങി. നന്ദുവും നിർബന്ധിക്കാൻ പോയില്ല..

യൂണിവേഴ്സിറ്റി പരീക്ഷ തുടങ്ങി..
അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങാൻ നേരത്താണ് നന്ദു തന്നെയും കാത്തു നിൽക്കുന്ന കിരണിന്റെ കാണുന്നത്..

“”നന്ദൂ…

നന്ദു എന്ന് അവൻ വിളിച്ചത് ഇഷ്ടപ്പെട്ടില്ല എന്ന് അവളുടെ മുഖത്ത് പ്രകടമായിരുന്നു..

“ഉം..എന്താ കിരൺ..??”

“അറിയാലോ.. ഞങ്ങളുടെ പരീക്ഷ കഴിഞ്ഞു… ഇന്നത്തോടെ എല്ലാം അവസാനിച്ചു..ദേഷ്യം ഒക്കെ മാറിയെന്ന് വിശ്വസിക്കുന്നു..
ഇടയ്ക്കിടെ ഇവിടെ വരും.. ..
അപ്പോ കാണാം..ബൈ..”

ഓ… സമാധാനം..എന്ന് മനസ്സിൽ പറഞ്ഞു തിരികെ നടക്കുമ്പോഴാണ് വീണ്ടും വിളിച്ചത്..

“നന്ദൂ..
പ്രധാന കാര്യം പറയാൻ വിട്ടു..
ഞങ്ങൾ വരുന്നുണ്ട് വീട്ടിലോട്ട്.. ഒഫീഷ്യലായൊരു പെണ്ണുകാണൽ..”

അതു കേട്ടതും ഇടിവെട്ടേറ്റതു പോലെ നിന്നു നന്ദു..

“കിരൺ.. തന്നോട് ഞാനൊരു തവണ പറഞ്ഞതാണ്..ഈ ബന്ധം ശരിയാകില്ലെന്ന്.. എനിക്ക്..”

ബാക്കി പറയാൻ വന്നപ്പോഴേക്കും അവളെ തടഞ്ഞു കൊണ്ട് കിരൺ പറഞ്ഞു..

“തനിക്ക് ഇത് ശരിയാകില്ലായിരിക്കും..
എനിയ്ക്കു ഇതേ ശരിയാകൂ…ഇത് മാത്രം..ഇത് ശരിയാക്കാൻ ഏതറ്റം വരെയും ഈ കിരൺ പോകും..ഇനി താൻ വേറൊരു റിലേഷനിലാണെങ്കിലും എനിക്ക് ഒരു പ്രശ്നവുമില്ല.. അപ്പോ ഇനി നമുക്ക് തന്റെ വീട്ടിൽ കാണാം..ബൈ..”

എന്തു പറയണമെന്ന് അറിയാതെ നന്ദു അവിടെ തന്നെ നിന്നു.

എന്തു വന്നാലുംപിടിച്ചു നിൽക്കാൻ ഈ ഒരു വർഷം മുന്നിലുണ്ട്.. ഈ വർഷം കഴിഞ്ഞാൽ അഭിയുടെ പി.ജി തീരും.. തന്റെ കോഴ്സും കഴിയും.. മാഷോടും ടീച്ചറോടും കൂടെ വീട്ടിലോട്ടു വന്ന് സംസാരിക്കാനാണ് അഭിയുടെ തീരുമാനം..

പപ്പയും അമ്മയും സമ്മതിയ്ക്കില്ലെന്ന് തീർച്ചയാണ്.. അവരുടെ സ്റ്റാറ്റസിനു മുന്നിൽ അഭിയെ നാണം കെടുത്തുകയേ ഉള്ളൂ.. സാരമില്ല.. എന്തുവന്നാലും നന്ദു അഭിയ്ക്കുള്ളതാണ്.. തനിയ്ക്കു അതേ അറിയൂ..

വേനലവധിയ്ക്ക് കോളേജ് അടച്ച് തുറക്കുന്ന വരെയും നന്ദുവിന് വീർപ്പുമുട്ടലായിരുന്നു.
എങ്ങനെയെങ്കിലും കോളേജിൽ എത്തിയാൽ മതി എന്നൊരു ചിന്തയേ ഉണ്ടായുള്ളൂ… അവധിയ്ക്ക് എന്തായാലും അച്ഛനും മകനും ഇങ്ങോട്ടും വരാൻ സാധ്യതയില്ല..അതാണൊരു സമാധാനം..

അവധി കഴിഞ്ഞ് കോളേജ് തുറന്നു..
ഫൈനൽ ഇയറായി. കോളേജിലെ സൂപ്പർ സീനിയേഴ്സ്.. അതൊരു പദവി തന്നെയാണ്. ഒരു കാര്യമില്ലേലും ഒരു ഗമയൊക്കെ താനേ വരും..

ഞങ്ങൾ കഴിഞ്ഞേ ഇവിടെ ആർക്കും അവകാശമുള്ളൂ എന്ന ഭാവം…
എത്ര പെട്ടെന്നാണ് മൂന്നു വർഷങ്ങൾ കടന്നുപോയത്.
എന്റെ കോളേജ്…

പ്രണയം.. സൗഹൃദം.. എന്റെ ഹോസ്റ്റൽ.. എല്ലാം ഞാൻ മിസ്സ് ചെയ്യാൻ പോകുന്നു..
ഹോസ്റ്റൽ.. ഒരിക്കലും തമ്മിൽ ചേരില്ല എന്നു കരുതിയ പലരും അടുത്ത ചങ്ങാതിമാരാകുന്ന.. മനസാക്ഷി സൂക്ഷിപ്പുകാരാകുന്ന സ്ഥലം..

ഒരിക്കൽ എങ്കിലും ഹോസ്റ്റൽ ജീവിതം അനുഭവിച്ചിട്ടുള്ളവർക്കറിയാം ആ മാജിക്..ഇനിയുള്ളത് ഈ ഒരു വർഷം മാത്രം..പിന്നെ എല്ലാവരും സ്വന്തം വഴിക്ക്…

ഓർക്കാൻ പോലും നേരം കിട്ടിയെന്ന് വരില്ല.. പിന്നീടുള്ള കാലങ്ങളിൽ കൺകോണിൽ ഒരു നനവോടെ നൊസ്റ്റാൾജിയ എന്ന പേരിട്ടു വിളിയ്ക്കുന്ന ഓർമ്മകൾ .
അതായി മാറും കോളേജ് ജീവിതം..

എന്തായാലും മനസ്സു നിറയെ കാത്തുസൂക്ഷിക്കാൻ കുറെ നിറമുള്ള ഓർമ്മകൾ തന്നത് ഈ കലാലയമാണ്… അവസാനവർഷം തകർക്കാൻ തന്നെയാണ് എല്ലാവരുടെയും തീരുമാനം..

ആഴ്ചകൾ കഴിയുന്തോറും നന്ദുവിന് ടെൻഷനായി തുടങ്ങി.. വീട്ടിൽ നിന്നും ആരും അവളെ പതിവായി വിളിച്ചു സംസാരിക്കാറില്ല..

അവൾ അങ്ങോട്ടേക്ക് വിളിയ്ക്കുകയാണ് പതിവ്. ഇപ്പോൾ അവധി ദിവസങ്ങൾ പോലും ഫൈനൽ ഇയറിന്റെ പേരും പറഞ്ഞു വീട്ടിൽ പോകാതായി. അവരും തിരക്കിലായതു കൊണ്ട്..

വരണില്ലേ എന്ന് അവരും ചോദിക്കാറില്ല..
കാർത്തി ഇല്ലെങ്കിലും ആനന്ദ് ഭവനിലേക്ക് പാറുവിനെയും കൂട്ടി പോയിവരും. മിക്കവാറും അഭിയുമായുള്ള കൂടികാഴ്ച അവിടെയായി.. വന്നില്ലെങ്കിലും ഗായത്രിയുടെ വിശേഷങ്ങൾ ചോദിച്ചറിയാറുണ്ട് കാർത്തി..

ആഴ്ചകൾക്കു ശേഷം ഒരു ദിവസം നന്ദു ടെൻഷനടിച്ച് പോലെ തന്നെ ആ കോൾ വന്നു.. ടെൻഷനോടു തന്നെയാണ് നന്ദു ഫോണെടുത്തതും.. അമ്മയാണ് അപ്പുറത്ത്.. അമ്മയായാലും പപ്പയായാലും ഫോർമലായേ അവളോട് സംസാരിക്കൂ..

“ഹലോ.. നന്ദൂ..
എവിടെയായിരുന്നു നീ എത്ര നേരമായി വിളിക്കുന്നു..??”

“സാരമില്ല.. ഇടയ്ക്കൊക്കെ അങ്ങനെ വിളിക്കൂ.. പതിവായി ഞാനല്ലേ വെയ്റ്റ് ചെയ്യാറ്..
എന്തുപറ്റി ഇന്ന് വിളിക്കാൻ കേസ് ഒന്നും ഇല്ലേ..??”

“നിന്നോട് തർക്കിക്കാൻ അല്ല ഞാനിപ്പോൾ വിളിച്ചത്..
ഈയാഴ്ച വരണില്ലേ നീ..??”

“ഇല്ല.. എന്തേ അടുത്ത ആഴ്ച വരാം..”

“അത് പറ്റില്ല ഈ ആഴ്ച എന്തായാലും വരണം.. പപ്പയും പറഞ്ഞിട്ടുണ്ട്..”

“ആരോട്..?? അമ്മയോട് പപ്പ പറഞ്ഞോ എന്നോട് വരാൻ പറയാൻ..?? ഞാൻ അങ്ങു വിശ്വസിച്ചു..”

“നീ വിശ്വസിച്ചാലും ഇല്ലെങ്കിലും വരാൻ പറഞ്ഞിട്ടുണ്ട് വരണം..”

“തിങ്കളാഴ്ച രാവിലെ ഇവിടുന്ന് പോകാനുള്ള ദൂരം അല്ലേ ഉള്ളൂ നിനക്ക്…??”

“പണ്ടും എനിക്ക് അത്ര ദൂരം തന്നെ ഉണ്ടായിരുന്നുള്ളൂ.. അന്നൊന്നും ആരും വരാൻ പറഞ്ഞു വിളിച്ചു ഞാൻ കണ്ടിട്ടില്ല.. ഇപ്പൊ എന്താ ഒരു പ്രത്യേകത..??”

“ആ ഒരു പ്രത്യേകതയുണ്ട്.. നിന്നെ പെണ്ണു കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്..”

“എന്നെ കാണാനോ..??? നിങ്ങളോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹം മൂത്ത് നിൽക്കുവാണെന്ന്.. ഇല്ലല്ലോ.. ആഗ്രഹം തോന്നുമ്പോൾ ഞാൻ പറയാം..ഇപ്പോൾ ഞാൻ വരുന്നില്ല..”

“നന്ദൂ.. നീ വെറുതെ വാശി പിടിക്കണ്ട.. വരണമെന്ന് പറഞ്ഞാൽ വരണം.. ഇനിയങ്ങോട്ട് വരുത്തിക്കാനാണ് ഭാവമെങ്കിൽ അറിയാലോ.. നീ വലുതായതൊന്നും പപ്പയ്ക്ക് ഒരു പ്രശ്നമല്ല എനിക്കും..”

“അറിയാം.. ഞാൻ നിങ്ങൾക്ക് ഒരു പ്രശ്നമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം…ഞാൻ വന്നോളാം..”

“ഓക്കേ ഞാൻ വെക്കുവാ..”

ഫോൺ വെച്ച് തിരിയുമ്പോൾ തന്നെ തന്നെ നോക്കിയിരിക്കുകയാണ് പാറു..

“എന്താടി എന്താ പറ്റിയത്..??”

“അല്ലെങ്കിൽ എല്ലാ ആഴ്ചയും വരുമെന്ന് പറഞ്ഞു വിളിക്കുമ്പോൾ വരണ്ട തിരക്കാ എന്ന് പറയുന്ന ആൾക്കാരാ..

ഇപ്പൊ ദാണ്ടേ… വരാൻ പറഞ്ഞു വിളിച്ചിരിക്കുന്നു..
ഇത് മിക്കവാറും എനിക്ക് ഉള്ള പണിയാണ് മോളെ..

അവൻ വരുന്നുണ്ടാകും..
ആ കാലൻ.. കിരൺ..
മനുഷ്യനാണെങ്കിൽ ടെൻഷനടിച്ച് ഇല്ലാണ്ടായി..
അവൻ അവിടെ വന്ന് ഷോ ഇറക്കിയാൽ ഞാൻ എല്ലാം വെട്ടിത്തുറന്നു പറയും.. നോക്കിക്കോ..”

“നീ ഇത് അഭിയേയും കാർത്തിയേയും വിളിച്ചു പറ..”

“അവരെ വിളിച്ചു പറഞ്ഞപ്പോൾ ഒരു ആലോചന അല്ലേ വന്നിട്ട് പോട്ടെടി എന്നായിരുന്നു മറുപടി..”

“എങ്കിൽ ഞാൻ അവനോട് സമ്മതം പറയട്ടെ..” അഭിയോട് മുഖത്തടിച്ച പോലെ ആണ് നന്ദൂ ചോദിച്ചത്.

“ഹഹഹ.. നീയെന്നെ തേച്ചാലും അവനെ കെട്ടില്ലെന്ന് എനിക്കറിഞ്ഞൂടേ ന്റെ നന്ദൂട്ടി..
ഇനിയിപ്പോ ആര് പെണ്ണുകാണാൻ വന്നാലും ഇല്ലെങ്കിലും എന്റെ മാത്രം പെണ്ണാ നീ.. എന്റെ പ്രണയം.. അതെന്റെ ഹൃദയത്തിലാണ് നന്ദൂ..

ജീവനുള്ള കാലത്തോളം അതങ്ങനെ തന്നെ ഉണ്ടാകും എന്റെ പ്രാണനായി.. നിനക്കും അങ്ങനെ തന്നെയാണ്.. എനിക്കറിയാം..

ധൈര്യമായി ചെല്ല്…
നാളെ പോകേണ്ടതല്ലേ.. അവിടെ ചെന്ന് അവരുടെ അടുത്ത് ചൂടാകാനൊന്നും നിൽക്കല്ലേ…”

“ചിലപ്പോൾ ചൂടായെന്നൊക്കെ വരും..
വിഷമം വന്നാൽ കരയണം..
സന്തോഷം വരുമ്പോൾ ചിരിക്കണം..

ദേഷ്യം വന്നാലതു പ്രകടിപ്പിക്കണം.. പ്രണയം തോന്നിയാലതു തുറന്നു പറയണം.. ജീവിതത്തിൽ അഭിനയിയ്ക്കരുത്..മനസ്സിലായോ..
മാഷേ..”

“ഉം..ശരി.. ടീച്ചറെ.. ചൂടാകുമ്പോൾ ഒരു മയത്തിലൊക്കയ വേണം..കേട്ടല്ലോ…”

“ആ.. അത് പരിഗണിക്കാം..”

“എങ്കിൽ എന്റെ നന്ദൂട്ടി എന്നേം ആലോചിച്ചു കിടന്നുറങ്ങിക്കോ..
ഗുഡ് നൈറ്റ്..”

ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ എത്തുമ്പോൾ മുറ്റത്ത് ഒരു കാറു കിടപ്പുണ്ട്… സാധാരണ വീട്ടിൽ എത്തുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന സന്തോഷമൊനാനും നന്ദുവിന് ഉണ്ടാകാറില്ല. ഔപചാരികതക്കു വേണ്ടിയൊരു ചോദ്യം.. അത്രമാത്രം പ്രതീക്ഷിച്ചാൽ മതി..

അകത്തോട്ട് കയറുമ്പോൾ കിരണിനെ കണ്ടു.. ഒപ്പം കുറേ നാളുകൾക്ക് ശേഷം പ്രതാപചന്ദ്രനെയും.. ആളുടെ ഭാര്യ വന്നിട്ടില്ലെന്ന് തോന്നുന്നു.

അയാളുടെ നോട്ടത്തിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല..അത് ആ കണ്ണിൽ നിന്നും വ്യക്തമാണ്..

ആ പക അതുപോലെ തന്നെ.. പക്ഷേ അച്ഛന്റെയും മകന്റെയും മുഖത്ത് ഒരു പുഞ്ചിരി തേച്ചൊട്ടിച്ചു വച്ചിരിയ്ക്കുന്നു..

അതിൽ മയങ്ങിയിരിക്കുകയാണ് തന്റെ പപ്പയും അമ്മയും..
പോയി ഡ്രസ്സുമാറി റെഡിയായി വരാൻ പപ്പ പറഞ്ഞത് കേട്ടിട്ടും നന്ദു അനങ്ങാതെ തന്നെ നിൽക്കുകയാണ്..

“നന്ദൂ… പറഞ്ഞത് കേട്ടില്ലേ..??”
സ്വരം അൽപം കനത്തിരുന്നു..

എന്നിട്ടും നന്ദു അനങ്ങാതെ നിൽക്കുന്ന കണ്ടിട്ടാകണം പ്രതാപചന്ദ്രനാണ് പറഞ്ഞത്..

“ഏയ്.. അതു കുഴപ്പമില്ല മിസ്റ്റർ വേണു.. ഞങ്ങൾക്ക് അറിയാത്ത കുട്ടി ഒന്നുമല്ല നന്ദിത.. നന്നായറിയാം അല്ലേ നന്ദിതാ…. ഞങ്ങൾ വന്നത് എന്തിനാണെന്ന് നന്ദിതയ്ക്ക് മനസ്സിലായിക്കാണുമല്ലോ..
കിരൺ സൂചിപ്പിച്ചിരുന്നില്ലേ…??

അതിനെപ്പറ്റി ഞങ്ങൾ സംസാരിച്ച് ഇരിക്കുകയായിരുന്നു നന്ദിതയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നുമില്ല പൂർണ്ണ സമ്മതമാണ്.. നന്ദിതയ്ക്കും എതിർപ്പൊന്നും ഉണ്ടാകാൻ വഴിയില്ല എന്നാണ് ഇവർ പറഞ്ഞത്.. എന്താ അങ്ങനെയല്ലേ..??”

“അല്ല അങ്ങനെയല്ല… എനിക്ക് എതിർപ്പുണ്ട്..”

“നന്ദു..”
വേണു ദേഷ്യത്തോടെ വിളിച്ചതു കേട്ടിട്ടും നന്ദുവിന് യാതൊരു ഭാവമാറ്റവുമില്ല..

“എന്നോട് ഇതേ പറ്റി സംസാരിച്ച അന്നുതന്നെ ഞാൻ കിരണിനോട് ക്ലിയറായി പറഞ്ഞതാണ്.. ഇത് ശരിയാവില്ല.. വെറുതെ ആലോചിച്ചു വന്ന് നാണംകെട്ടണ്ട എന്ന്…

എന്നിട്ടും ആലോചിച്ച് നിങ്ങൾ വരികയാണെങ്കിൽ.. അതിന്റെ പിന്നിൽ വേറെ ഉദ്ദേശം ഉണ്ടെന്ന് മനസ്സിലാക്കാൻ തക്ക ബുദ്ധി എനിക്കും ഉണ്ടെന്നു കൂട്ടിക്കോ.. മനസ്സിലായില്ലേ കിരണിന്റെ അച്ഛന്..??

നിങ്ങളുടെ മകൻ ചെയ്ത തെണ്ടിതരത്തിനെതിരെ ഞാൻ പ്രതികരിച്ചിട്ടുള്ളൂ… അതിനെ നിങ്ങളോട് സോറി പറയേണ്ട ആവശ്യം എനിക്കില്ല..പിന്നെ മകൻ ഒരു ഭാര്യയാണ് ആവശ്യമെങ്കിൽ അതിന് ഇവിടെ അല്ല വരേണ്ടത്..

മകൻ കാരണം ജീവിതം നശിപ്പിച്ച ഒന്നിലേറെ പെൺകുട്ടികൾ ഉണ്ട് ഞങ്ങളുടെ കോളേജിൽ തന്നെ.. അത്രയ്ക്ക് ആവശ്യമെങ്കിൽ അഡ്രസ്സ് ഞാൻ എടുത്തു തരാം.. അല്ലെങ്കിൽ അവന് അറിയാമായിരിക്കും..

പിന്നെ അച്ഛൻറെയും അമ്മയുടെയും സമ്മതം മാത്രം നോക്കിയിട്ടാണ് എന്നെ കെട്ടാൻ വരുന്നെങ്കിൽ ചിലപ്പോ നിങ്ങടെ മകൻ അവരെ തന്നെ കെട്ടേണ്ടിവരും.. ഇവിടെ ഇരുന്ന് നിങ്ങളുടെ വിലപ്പെട്ട സമയം കളയണ്ട..

ഇതിലും മാന്യമായി ഇറങ്ങിപ്പോകാൻ പറയാൻ എനിക്ക് അറിയാത്തത് കൊണ്ടാ..”

“ഇതെല്ലാം നന്ദിത കിരണിനോടുള്ള തെറ്റിദ്ധാരണ കൊണ്ട് പറയുന്നതാ.. അവരെ കോളേജിൽ വെച്ച് ഒരു ചെറിയ ഇഷ്യൂ ഉണ്ടായിട്ടുണ്ട്. അതിന്റെയാ.. അതൊക്കെ മാറിക്കോളും..”

“അപ്പൊ അങ്ങനെ വേണൂ ഞങ്ങൾ ഇറങ്ങട്ടെ.. ഓക്കേ.. അപ്പൊ എല്ലാം പറഞ്ഞപോലെ..”

“കിരണിന് വല്ലതും പറയാനുണ്ടോ..
ഉണ്ടെങ്കിൽ സംസാരിക്ക്..”

കിരൺ പുറത്തേക്കിറങ്ങിയത് നന്ദു അവിടെ തന്നെ നിന്നു.

“നന്ദുവിനോട് ചെല്ലാനാണ് പറഞ്ഞത്..”
പപ്പയുടെ ഭാവം മാറുന്നത് അറിയുന്നുണ്ടായിരുന്നു ഇതിനുള്ളത് എല്ലാം പോയി കഴിഞ്ഞ് തനിക്ക് കിട്ടും എന്ന് അറിയാമായിരുന്നു..

രണ്ടും കൽപ്പിച്ച് അവൾ ഇറങ്ങി അടുത്തേക്ക് ചെന്നു..

“എന്താ എന്താ നിനക്ക് പറയാനുള്ളത്..??”

കിരണിന്റെ മുന്നിലേക്ക് കയറി നിന്ന് അവൾ ചോദിച്ചു..

ദൂരേയ്ക്ക് നോക്കി നിന്ന അവന്റെ മുഖം തന്നിലേക്ക് തിരിയുമ്പോൾ ദേഷ്യവും പകയും ആ കണ്ണിൽ ആളി കത്തുന്നത് നന്ദുവിന് കാണാമായിരുന്നു..

“ഇപ്പൊ എന്തായി..?? കണ്ടില്ലേ നിന്റെ അച്ഛൻ സമ്മതിച്ചത്… അതുമതി എനിക്ക്..ആ സമ്മതം.. മറ്റൊന്നും എനിക്ക് പ്രശ്നമില്ല. നിന്റെ സമ്മതം പോലും.. ഇനിയെന്താ വേണ്ടത് എന്ന് എനിക്കറിയാം… അപ്പോ ഞാൻ പോട്ടെ മൈഡിയർ…”

അവർ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ മനസ്സിൽ ഭയമായിരുന്നു… ഇവൻ എന്തിനുള്ള പുറപ്പാടാണ് എന്ന് അറിയുന്നില്ലല്ലോ.. എന്ന ചിന്തയായിരുന്നു..

വീട്ടിലേക്ക് തിരിച്ചു കയറിയതും കരണം പുകച്ച ഒരു അടി കിട്ടി.. പപ്പയുടെ കയ്യിൽ നിന്ന്…

നീ എന്താ വിചാരിച്ചേ ഇവിടെനിന്ന് ഇതേപോലെ പ്രസംഗിച്ചാൽ മിണ്ടാതിരുന്നത് കേൾക്കുമെന്നോ…
വീട്ടിൽ വന്നോ മര്യാദയ്ക്ക് പെണ്ണ് ചോദിച്ചവരോട് ഇങ്ങനെയാണോടീ പെരുമാറുന്നത്…

അമ്മയും പപ്പയും മാറിമാറി ശകാരിച്ചിട്ടും അടിച്ചിട്ടും യാതൊരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണ് നന്ദു..

നിന്നെ വിവാഹം പിന്നെ ആരാടി തീരുമാനിക്കേണ്ടത്… എന്റെ പേര് വേണുഗോപാൽ എന്നാണെങ്കിൽ ഞാനീ കല്യാണം നടത്തും…ഇത് ഞങ്ങളുടെ അവകാശമാണ്..
മനസ്സിലായോ നിനക്ക്..

“”മനസ്സിലായി പപ്പാ… എല്ലാം മനസ്സിലായി..നിങ്ങൾക്ക് നിങ്ങളുടെ അവകാശത്തെ പറ്റി മാത്രമേ ബോധം ഉള്ളൂ…

അവകാശങ്ങൾ മാത്രമല്ല നിങ്ങൾക്ക് കുറച്ച് കടമകൾ കൂടി ഉണ്ടായിരുന്നു… കടമകൾ നിറവേറ്റിയവർക്കേ അവകാശത്തെക്കുറിച്ച് സംസാരിക്കാൻ അവകാശം ഉള്ളൂ പപ്പാ… പിന്നെ പപ്പയുടെ മോളാ ഞാനും…. പപ്പയ്ക്ക് വാശി ഉണ്ടെങ്കിൽ ഞാനും ഒട്ടും പുറകിലാകില്ല…”

“അധികം വാശി കാണിച്ചാൽ.. കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഒന്നും ഞാൻ കാത്തിരിക്കില്ല.. കേട്ടല്ലോ.. വാശി കാണിക്കാതെ മര്യാദയ്ക്ക് സമ്മതിച്ചാൽ കോഴ്സ് തീർക്കാൻ സമയം തരും.. നിനക്ക് ശരിക്കറിയാലോ പപ്പയെ…??”

അത് കേട്ടതും നന്ദു മിണ്ടാതായി..
ഇനിയും എതിർത്താൽ ചിലപ്പോൾ വീട്ടുതടങ്കലിൽ ആവേണ്ടിവരും…
അല്ലെങ്കിൽ കോഴ്സ് തീരുന്ന വരെ സമയം കിട്ടുമല്ലോ… മിണ്ടാതിരിക്കുന്നതാണ് ബുദ്ധി..

നന്ദു വേഗം റൂമിലേക്ക് കയറി പോയി. വാതിൽ വലിച്ചടച്ചു..
എങ്ങനെയെങ്കിലും കോളേജിൽ ഒന്ന് എത്തിയാൽ മതി മാത്രമായിരുന്നു അവളുടെ ചിന്ത..

താൻ തിരിച്ചൊന്നും പറയാഞ്ഞത് കൊണ്ട് കോഴ്സ് തീരുന്നതുവരെ സമയം കിട്ടും എന്ന് അവൾക്കു ഏകദേശം ഉറപ്പായിരുന്നു..

പിന്നീടങ്ങോട്ട് കുറെ നാളത്തേക്ക് …
ഫൈനൽ ഇയർ ആണെന്നും പറഞ്ഞ് നന്ദു വീട്ടിലോട്ടു പോയില്ല….

കോളേജിലെത്തിയാൽ പിന്നെ ആ പ്രശ്നങ്ങൾ ഒന്നും തന്നെ നന്ദുവിന്റെ മനസ്സിലില്ല .. സന്തോഷം മാത്രം..

അങ്ങനെ കളിചിരികളും സന്തോഷവും സൗഹൃദവും പ്രണയവും ആയി നന്ദുവിന്റെയും കൂട്ടുകാരുടെയും ഫൈനൽ ഇയർ ഏതാണ്ട് പകുതിയോളം ആയി..
ഇന്റർസോൺ കലോത്സവത്തിന് മുമ്പായുള്ള എ സോൺ കലോത്സവത്തിന്റെ അറിയിപ്പു കിട്ടി..

ഇത്തവണ അഭിയുടെ കോളേജായ ചിറ്റൂർ ഗവൺമെൻറ് കോളേജാണ് ആണ് എ സോൺ കലോത്സവത്തിന്റെ പ്രധാന വേദികളിൽ ഒന്ന്..

നന്ദുവിനെ സംബന്ധിച്ചിടത്തോളം അത് സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു.. അഭിയുടെ കോളേജിൽ പോകാമല്ലോ എന്ന സന്തോഷം..

അഭിയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ പറ്റുമല്ലോ എന്ന സന്തോഷം.. അഭിയും പി ജി ഫൈനൽ ഇയർ ആയതിനാൽ അവർ തമ്മിൽ കാണാറില്ല എന്ന് പറയാം.

.കാർത്തിയും നന്ദുവും പാർവ്വതിയും എല്ലാവരും കലോത്സവത്തിന് കോഡിനേറ്റർ ലിസ്റ്റിൽ ഉള്ളതിനാൽ മുഴുവൻ സമയവും പങ്കെടുക്കുന്നവരോടൊപ്പം ഉണ്ടായേ പറ്റൂ എന്നാണ് കോളേജ് യൂണിയന്റെ തീരുമാനം..

എ സോൺ കലോത്സവത്തിനായി ഉള്ള തിരക്കിലാണ് നന്ദുവും കാർത്തിയും അടക്കം എല്ലാവരും..

അവിടെ തൊട്ടടുത്ത് ഒരു ഹോട്ടൽ മുറിയിൽ കിരണും കൂട്ടരും വേറൊരു തിരക്കിലായിരുന്നു.. അവരുടെ പദ്ധതി മുഴുവൻ നന്ദുവിനെ ചുറ്റിപ്പറ്റിയായിരുന്നു.. അതിൽ അഭി എന്നൊരു പേരേ ഉണ്ടായിരുന്നില്ല… പക്ഷേ വിധി മറ്റൊന്നായിരുന്നു..
കാരണം..

“ഒരു വരിപോലും മാറ്റിയെഴുതാൻ സാധിക്കാത്തവിധം ദൈവം മുഴുവനായിട്ട് എഴുതിയ പുസ്തകമാണ് വിധി എന്നല്ലേ പറയാറ്..”.. വിധിയെ തടുക്കാൻ ആർക്കാണ് കഴിയുക..

കാത്തിരിക്കൂട്ടോ…
സ്നേഹത്തോടെ….ധന്യ

(വലിച്ചു നീട്ടാൻ വേണ്ടി ചേർത്തതല്ലട്ടോ ഗായത്രിയെ…
ആരും അങ്ങനെ വിചാരിക്കരുത്..

നമ്മുടെ ജീവിതത്തിൽ ആരും വെറുതെ കടന്നു വരില്ല എന്നത് ഒരു സത്യം അല്ലേ…ചിലർ മുറിവിൽ തേൻ പുരട്ടാൻ വരുന്നവരും മറ്റുചിലർ പുതിയ മുറിവുകൾ സമ്മാനിക്കാൻ വരുന്നവരും…അങ്ങനല്ലേ വിവരമുള്ളവർ പറയണത്…

ഇതും അതുപോലെ ഒരു വരവാണ്… ബാക്കി വഴിയേ കാണാം…)

നല്ല‍ പാതി : ഭാഗം 1

നല്ല‍ പാതി : ഭാഗം 2

നല്ല‍ പാതി : ഭാഗം 3

നല്ല‍ പാതി : ഭാഗം 4

നല്ല‍ പാതി : ഭാഗം 5

നല്ല‍ പാതി : ഭാഗം 6

നല്ല‍ പാതി : ഭാഗം 7

നല്ല‍ പാതി : ഭാഗം 8

നല്ല‍ പാതി : ഭാഗം 9

നല്ല‍ പാതി : ഭാഗം 10