Saturday, November 23, 2024
Novel

Mr. കടുവ : ഭാഗം 8

എഴുത്തുകാരി: കീർത്തി


വിനോദ് സാറിനെ യാത്രയാക്കി ഞാൻ വീട്ടിലേക്ക് നടന്നു. കുറച്ചു നടന്നപ്പോൾ കടുവയുടെ ജീപ്പും വീട്ടിലേക്ക് പോകുന്നത് കണ്ടു. പോകുന്ന പോക്കിൽ തിരിഞ്ഞുനോക്കി എന്നെയൊന്നു പേടിപ്പിക്കാനും മറന്നില്ല. ഇങ്ങനെ നോക്കിപേടിപ്പിക്കാൻ മാത്രം എന്താ ഉണ്ടായേ? എന്തേലും ആവട്ടെ.

ഞാനങ്ങനെ കാഴ്ചകളും കണ്ട് പതുക്കെ നടന്നു. റോഡിന്റെ ഒരു വശം പടമാണ്. എല്ലാ കണ്ടത്തിലും കൃഷിയുണ്ട്.

പച്ചപ്പട്ട് ചുറ്റിനിൽക്കുന്ന പാടം കണ്ണിന് കുളിര്മയേകുന്ന കാഴ്ചയായിരുന്നു. അത് കണ്ടപ്പോൾ ഒരു സിനിമ പാട്ടാണ് ഓർമ വന്നത്.

പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിന്നപ്പുറത്തു നിന്നും
പുന്നാരം ചൊല്ലി നീ വന്നു

മറുവശത്തു വിശാലമായ പറമ്പും ഇടയിൽ അങ്ങിങ്ങായി ഒന്നുരണ്ടു വീടുകളും.

പാട്ടൊക്കെ പാടി, കാഴ്ചയെല്ലാം കണ്ട് ആസ്വദിച്ചു വീട്ടിലെത്തിയ എന്നെ അവിടെ വരവേറ്റത് പൊട്ടിചിതറി കിടക്കുന്ന ഏതാനും ചെടിച്ചട്ടികളായിരുന്നു.

ഗേറ്റിനടുത്ത് വാസുവേട്ടനെ കണ്ടപ്പഴേ എന്തോ പന്തികേട് മണത്തതാണ്.

ആകെ വിളറിവെളുത്തായിരുന്നു വാസുവേട്ടൻ നിന്നിരുന്നത്. അകത്തു എന്തോ ഭൂകമ്പം നടക്കുന്നുണ്ടെന്ന് അതിൽനിന്നും മനസിലായി.

പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല. കാരണം കണ്ണിലെ കൃഷ്ണമണി പോലെയാണ് കടുവ ആ പൂച്ചെടികളും പൂന്തോട്ടവും കൊണ്ടുനടക്കുന്നത്.

അങ്ങനെയുള്ള ഈ ചെടികളോട് ഇങ്ങനെ ചെയ്യാൻ ആർക്കായിരിക്കും ധൈര്യം.

ഞാൻ കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോൾ ഒരു കത്രികകൊണ്ട് ഏതൊക്കെയോ ചെടികൾ വെട്ടുകയും ഒപ്പം ദേഷ്യത്തോടെ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്യുന്ന കടുവയെയാണ് കണ്ടത്.

പരിഭ്രമത്തോടെ ഇതെല്ലാം കണ്ടു ഉമ്മറത്തുതന്നെ അമ്മ നിൽപ്പുണ്ടായിരുന്നു. തൊട്ടടുത്ത്തന്നെ സീത ചേച്ചിയും.

അമ്മ ഇടയ്ക്ക് കടുവയെ സമാധാനിപ്പിക്കുന്നുണ്ട്. ആര് കേൾക്കാൻ.? ഇയ്യാൾക്ക് ഇതെന്തുപറ്റി പെട്ടെന്ന്. ഇനി കടുവക്ക് ഭ്രാന്ത് വല്ലതും……..

ഇങ്ങനെ നശിപ്പിക്കാൻ വേണ്ടിയാണോ ഇയാൾ ദിവസവും ഈ ചെടികളെ പരിപാലിക്കുന്നത്. കഷ്ടം തന്നെ. !
ഞാൻ അമ്മയുടെ അടുത്ത് പോയിനിന്നു. അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു.

“എന്താ അമ്മേ? എന്താ പ്രശ്നം? ”

“എനിക്കൊന്നും അറിയില്ല മോളെ. കുറച്ചു നേരത്തെ വന്നുകേറിയതാ. വന്നപാടെ കുറെ ചെടിച്ചട്ടി എറിഞ്ഞുപൊട്ടിച്ചു. പിന്നെ ദാ എല്ലാം വെട്ടിനശിപ്പിക്ക. എന്താ ഏതാന്ന് ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല. ”

കടുവയുടെ പരാക്രമങ്ങൾ കണ്ടുനിൽക്കുമ്പോൾ പെട്ടന്ന് കടുവയും എന്നെ കണ്ടു.

കണ്ണെല്ലാം ചുവന്ന് ദേഷ്യംകൊണ്ട് വിറക്കുന്ന ഒരു പ്രത്യേക മുഖഭാവമായിരുന്നു ആ സമയത്തു. ഞാൻ ശെരിക്കും പേടിച്ചുപോയി.

“മോള് ഇതൊന്നും കാര്യാക്കണ്ട ഔട്ട്‌ ഹൗസിലിക്ക് പൊക്കൊളു. ”

അമ്മ പറഞ്ഞു.

ശെരിയെന്ന അർത്ഥത്തിൽ അമ്മയോട് തലയാട്ടി ഞാൻ ഔട്ട് ഹൌസിലേക്ക് നടന്നു.

“ഒന്ന് നിന്നെ.. ”

കടുവയുടെ ഗർജ്ജനം. അത് എന്നെ ഉദ്ദേശിച്ചാണ്. ഞാൻ തിരിഞ്ഞുനോക്കി. കടുവ എന്റെ നേർക്ക് പാഞ്ഞടുത്തു. അതുകണ്ടു അമ്മ എന്റെ അടുത്തേക്ക് ഇറങ്ങിവന്നു.

“എന്താ ഉദ്ദേശം. ”

“എന്ത്….. ഉ..ദ്ദേ…ശം. ”

പേടിച്ചുപേടിച്ചാണ് ഞാൻ ചോദിച്ചത്.

“നടുറോഡിൽ വെച്ച് കണ്ട ലവന്മാരോടൊക്കെ വർത്തമാനം പറഞ്ഞുനിക്കുന്നതിന്റെ ഉദ്ദേശം എന്താന്നാ ചോദിച്ചത്. ”

അതിനായിരുന്നോ പൊന്നുപോലെ കൊണ്ടുനടന്ന ഈ ചെടികളോട് ഇങ്ങനെ കാട്ടിയത്. ഇതിനെയാണ് പച്ചമലയാളത്തിൽ കുശുമ്പ്ന്ന് പറയണത്. നാവ് ചൊറിഞ്ഞുവന്നതാണ്.

പക്ഷെ കടുവയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ച് ഒരാളെങ്കിലും ദേഷ്യം കണ്ട്രോൾ ചെയ്യുന്നതാണ് നല്ലത്.

“അത് ഞങ്ങളുടെ കൂടെ വർക്ക്‌ ചെയ്യുന്ന മാഷാണ്. ”

“ഏത് മഷായാലും ശരി ഇനി നിന്നെ അവന്റെ കൂടെ കണ്ടാൽ…. മ്മ്…. ”

അതും പറഞ്ഞു കടുവ അകത്തേക്ക് പോയി.
ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ ഇയാൾക്കെന്താ? ഹൊ..! ഇങ്ങനെയൊരു സാധനം.

“ആരെക്കുറിച്ച മോളെ അവൻ ചോദിച്ചത്? ”

“അത് ഞങ്ങളുടെ കൂടെ വർക്ക്‌ ചെയുന്ന സാറാണ്. രാധൂനെ കാണാൻ വന്നതാണ്. സാറിന് വഴി അറിയാത്തതുകൊണ്ട് ഞാനും സാറിന്റെ കൂടെ ബൈക്കിലാണ് പോന്നത്. അതിനെപ്പറ്റിയാ ചന്ദ്രുവേട്ടൻ ചോദിച്ചത്. ”

“ഞാനാകെ പേടിച്ചുപോയി. മോള് എന്തായാലും ചെല്ല്. ”

“മ്മ്….. ”
ഞാൻ ഔട്ട് ഹൗസിലേക്കും അമ്മ വീട്ടിലേക്കും പോയി.

ലക്ഷ്മിയമ്മ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അമ്മ വരുന്നത് കണ്ട് വാതിൽമറവിൽ നിന്നും മുകളിലേക്ക് പോവാൻ നോക്കുന്ന ചന്ദ്രുവിനെയാണ് കണ്ടത്.

“ചന്ദ്രൂ……നീയീ വാതിലിന്റെ ഇ വിടെ എന്ത് ചെയ്‌യായിരുന്നു.? ”

“എന്ത് ചെയ്യാൻ?”

“ഞാൻ നിന്റെ അമ്മയാണ് അത് മറക്കണ്ട. ഇത്രയും നേരം ആ മുറ്റത്തു കാണിച്ചുകൂട്ടിയതും ആ കുട്ടിയോട് ദേഷ്യപ്പെട്ടതും എന്തിനായിരുന്നു.? ”

“നമ്മുടെ വീട്ടിൽ താമസിക്കുന്ന ഒരു കുട്ടി നടുറോഡിൽ വെച്ച് ഒരുത്തനോട് ചിരിച്ചു കളിച്ചു നിൽക്കുന്നത് കണ്ടു. ചോദിച്ചു. അതൊരു തെറ്റാണോ? ”

“അത് തെറ്റല്ല. പക്ഷെ അതിന് നീയ്യിവിടെ എന്തൊക്കെയാ കാണിച്ചുകൂട്ടിയത്? ”

“അത്…. പിന്നെ…. ”

“പോട്ടെ.ആ കുട്ടിയോട് മര്യാദക്ക് ചോദിച്ചാൽ പോരായിരുന്നോ? ഇങ്ങനെ ദേഷ്യപ്പെടണോ? ”

ചന്ദ്രു ഒന്നും മിണ്ടിയില്ല.

“കൂടെ ജോലി ചെയ്യണ മാഷാണെന്ന് പറഞ്ഞപ്പോൾ, ഇനി അയാളുടെ കൂടെ കാണരുതെന്ന് എന്തിനാ പറഞ്ഞത്.? ”

“അമ്മയെന്താ എന്നെ ക്രോസ്സ് വിസ്താരം ചെയ്യാണോ? ”

“ഒരു സമയത്തു ഇങ്ങനെയൊന്നും ചോദിക്കാതെ നിന്റെ ഇഷ്ടങ്ങൾക്ക് കൂട്ട് നിന്നുകൊണ്ടാണ് നിന്നെ ഈ അവസ്ഥയിൽ കാണേണ്ടിവന്നത്. ഇനിയും അതാവർത്തിക്കാൻ സമ്മതിക്കില്ല. ”

“എങ്കിൽ അമ്മ കേട്ടോളൂ എനിക്ക് ഇഷ്ടല്ലാത്തോണ്ടാണ് അങ്ങനെ പറഞ്ഞത്. ”

“എന്താ? “.

“അവളെങ്ങനെ കണ്ണിൽകണ്ടവന്മാരോട് സംസാരിച്ചുനിക്കണത് എനിക്കിഷ്ടല്ലന്ന്. ”

വീണ്ടും എന്തെങ്കിലും ചോദിക്കാൻ അവസരം കൊടുക്കാതെ ചന്ദ്രു മുകളിലേക്ക് കയറിപ്പോയി. ലക്ഷ്മിയമ്മ അപ്പോഴും ഒന്നും മനസിലാവാതെ അവനെത്തന്നെ നോക്കിനിന്നു.

*********————————**********

രാത്രി ഉമ്മറത്തിണ്ണയിൽ നീട്ടിവെച്ച ഒരു കാലിൽ മറ്റേ കാലും കയറ്റിവെച്ച് കൈരണ്ടും തൂണിനോട് ചേർത്ത് തല അതിൽ താങ്ങിയിരിക്കുകയാണ് വിനോദ്.

നക്ഷത്രങ്ങൾ കണ്ണുചിമ്മുന്ന ആകാശത്തേക്കും നോക്കി നിർവികാരനായി എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു അവൻ.

“നീ ഇവിടെ ഇരിക്കായിരുന്നോ. വേണി വിളിച്ചിരുന്നു. അടുത്ത മാസം അവര് വരുന്നുണ്ടെന്ന് പറഞ്ഞു. ”

അമ്മ പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവനപ്പോഴും വേറേതോ ലോകത്തായിരുന്നു.

“വിനു ഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ? ”

“എന്താ…? അമ്മ എന്താ പറഞ്ഞേ.? ”

“നീയെന്താ ഈ ആലോചിച്ചോണ്ടിരിക്കണേ. വേണി അടുത്ത മാസം വരണുണ്ടെന്ന്. ”

“ആ വരട്ടെ. അതിനിപ്പോ എന്താ.? ”

“അതിനു എന്താന്നോ? ഒന്നും അറിയാത്ത പോലെ ചോദിക്കണെന്താ വിനു. അവൾ വന്നിട്ട് ഞങ്ങൾ പ്രിയയെ പോയിക്കണട്ടേന്ന് ചോദിച്ചു. എന്താ നിന്റെ അഭിപ്രായം . ”

“അമ്മേ … ”

അവന്റെ ശബ്ദം ഇടറിയിരുന്നു.

“മോനെ നീയതൊക്കെ ഇപ്പഴും ഓർത്തോണ്ടിരിക്കാണോ? ”

“മറന്നിട്ടു വേണ്ടേ അമ്മേ ഓർക്കാൻ. ഒരുപക്ഷെ നിങ്ങൾക്ക് വേണ്ടി ഞാൻ സമ്മതിച്ചേനെ. പക്ഷെ…..”

“പക്ഷെ? ”

“പ്രിയയും അവളും ഒരുമിച്ചു പഠിച്ചുവളർന്നവരാ. ”

“അത് നിനക്കെങ്ങനെ അറിയാം.? ”

“ഇന്ന് അവര് ഫോണിൽ സംസാരിക്കുന്നത് കേട്ടു. ചോദിച്ചപ്പോൾ പ്രിയ പറഞ്ഞതാണ്. ”

“എല്ലാം പറഞ്ഞോ നീ? ”

“ഇല്ല. ”

“മോനെ വർഷം രണ്ടു കഴിഞ്ഞില്ലേ. രേവതി വിവാഹം കഴിഞ്ഞു മക്കളൊക്കെ ആയിട്ടുണ്ടാവും. ”

“അത് ഞാൻ ചോദിച്ചില്ല. ചിലപ്പോൾ അവളും കാത്തിരിക്കുന്നുണ്ടെങ്കിലോ? ”

“മോനെ.. ”

“അങ്ങനെയാണെങ്കിൽ ഒരുകാരണത്താലും ഇനി അവളെ ഞാൻ നഷ്ടപ്പെടുത്തില്ല. ”

“നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെത്ത ന്നെ നടക്കട്ടെ.നിന്റെ സന്തോഷാണ് എനിക്ക് വലുത്. ഞാൻ കഴിക്കാനെടുക്കാം നീ വാ. ”

****** ****** ******

ഇന്ന് രാധു പനിയൊക്കെ മാറി സ്കൂളിലേക്ക് വന്നു. ഇന്നലത്തെ വിനോദ് സാറിന്റെ കാര്യങ്ങളൊന്നും അവളോട് പറയാൻ നിന്നില്ല.

അതെല്ലാം ഇന്നലെത്തന്നെ സോൾവാക്കിയതല്ലേ വീണ്ടും കുത്തിപ്പോക്കണ്ടാന്ന് കരുതി.

സാറും അതെല്ലാം മറന്നു സാധാരണ പോലെ പെരുമാറി. വരുന്ന തിങ്കളാഴ്ച എക്സാം ആരംഭിക്കും.

അതുകൊണ്ട് അതിന്റെ ഓരോ തിരക്കുകളായിരുന്നു പിന്നീടങ്ങോട്ട്‌.

വൈകിട്ട് വീട്ടിലെത്തുമ്പോൾ കടുവായതാ ചെടികളോട് കിന്നാരം പറഞ്ഞുനിൽക്കുന്നു. ഇന്നലെ അവരെ ഉപദ്രവിച്ച ആളാണ് ഇന്ന് നിന്ന് കൊഞ്ചിക്കുന്നത്.

ഞാനെങ്ങാനും ആവണം തിരിഞ്ഞുനോക്കില്ല. പാവം ചെടികൾ സഹിച്ചല്ലേ പറ്റൂ.

കടുവയെ ഒന്ന് മെരുക്കാൻ നോക്കിയാലോ? ഇങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ.

ഏതുനേരവും ഒടക്കിക്കൊണ്ട്. !ശാന്തമായിരുന്നു ആ വാക്കുകൾ.

“ഇന്നലെ….. അങ്ങനെയൊക്കെ സംഭവിച്ചുപോയി. സോറി. അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തുപ്പോയതാണ്. എന്നോട് പിണക്കാണോ?

ഇനി അങ്ങനെയൊന്നും ഉണ്ടാവാതെ നോക്കിക്കൊള്ളാം. ഇങ്ങനെ പിണങ്ങല്ലേ എനിക്ക് സഹിക്കില്ല. ”

ആരും തെറ്റിദ്ധരിക്കണ്ട. എന്നോടല്ല. ചെടികളോട് ശൃങ്ക രിക്കുന്നതാണ്. അയ്യോ…. തെനോലിക്കല്ലേ?

ഒരു പാത്രം വെച്ചുകൊടുത്താലോ അടിയിൽ. തേനിനൊക്കെ നല്ല വിലയില്ലേ? വിറ്റാൽ കുറെ കാശ് കിട്ടും. അല്ല പിന്നെ. !

ഞാൻ പിറകിൽ വന്നുനിന്നതൊന്നും അറിഞ്ഞിട്ടില്ല. ഞാൻ ചെന്ന് പുറത്ത് തട്ടിവിളിച്ചു.

കടുവ തിരിഞ്ഞുനോക്കി.

പിറകിലതാ പ്രിയദർശിനി. !

ക്ലാ…. ക്ലാ….. ക്ലീ….. ക്ലീ…… ക്ലൂ…… ക്ലൂ…….

കടുവ കലിപ്പ് ഓണാക്കി.

“നിയ്യോ….? മ്മ്..? എന്താ? ”

എത്ര പെട്ടന്നാണ് ശൃങ്കാരം മാറി രൗദ്രഭാവം തെളിഞ്ഞത്.

“എനിക്കൊരു കാര്യം പറയാനുണ്ട്. ”

“എനിക്കൊന്നും കേൾക്കണ്ട. നീ നിന്റെ പാട് നോക്കി പോയെ. ”

“കേട്ടെ പറ്റൂ. എനിക്ക് വയ്യ ഏത് നേരവും ഇങ്ങനെ തല്ലുകൂടി തലപൊളിച്ച് നടക്കാൻ. ”

“അപ്പൊ ഉണ്ണിയാർച്ച തോൽവി സമ്മതിച്ചു. ”

കടുവയ്ക്ക് അഹങ്കാരം.

“ടോ……. ”

ദേഷ്യം കൊണ്ട് കടുവയുടെ നേർക്ക് വിരലുചൂണ്ടി പറയാൻ വന്നത് പകുതിയിൽ തന്നെ നിർത്തി കണ്ട്രോൾ ചെയ്തു നിന്നു .

കടുവയുടെ നോട്ടം എന്റെ വിരലിലായി.

വേഗം വിരൽ താഴ്ത്തിപ്പിടിച്ചു. ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ.

ഇപ്പൊ ഇവിടെ കടുവയെ മെരുക്കേണ്ടത് എന്റെ ആവശ്യമായിപ്പോയി. ഇല്ലെങ്കിൽ കാണായിരുന്നു.

“തോൽവി സമ്മതിച്ചിട്ടൊന്നും അല്ല. ഒന്നുമില്ലേലും ഇങ്ങനെ അടുത്തടുത്ത് താമസിക്കുകയും നിങ്ങളുടെ സ്കൂളിൽ ജോലി ചെയ്യുകയും ചെയ്തിട്ട് എവിടെ വെച്ച് കണ്ടാലും വഴക്കിട്ടനടന്നാൽ നാട്ടുകാരെന്താ കരുതുക. പോട്ടെ. അച്ഛനും അമ്മയും.

അവർക്കും സങ്കടാവില്ലേ. മാത്രമല്ല ഈ നാടും നാട്ടുകാരും എനിക്കൊട്ടും പരിചയവും ഇല്ല.

അപ്പൊ എനിക്ക് ഒരു സഹായത്തിനു കടു…. അല്ല സാറൊക്കെയല്ലേ ഉണ്ടാവേണ്ടത്. അതുകൊണ്ട്…. ”

“അതുകൊണ്ട്…? ”

സംശയത്തോടെ കടുവ ചോദിച്ചു.

“അതുകൊണ്ട് ഫ്രിണ്ട്സ് !? ”

വലതുകൈ കടുവയ്ക്ക് നേരെ നീട്ടി ആവശ്യത്തിലധികം വിനയവും ദയനീയതയും സ്നേഹവും പിന്നെ വേറെയും എന്തൊക്കെയോ മുഖത്തു വരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു.

കുറച്ചുനേരം എന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. എന്നിട്ട് കൈരണ്ടും മാറിൽ പിണച്ചുകെട്ടി,

പിന്നെ വലതുകൈകൊണ്ട് താടി താങ്ങിനിന്ന് എന്തോ ആലോചിച്ചു നിന്നു. ഇങ്ങനെ ആലോചിച്ചു നിക്കാൻ ആണവക്കരാറിൽ ഒപ്പുവെക്കാനൊന്നുമല്ലല്ലോ ഞാൻ പറഞ്ഞത്. പിന്നെന്താ.? അവസാനം ഒരു അരസമ്മതം മൂളി കൈതന്നു.

“പൂർണമനസോടെയല്ല സമ്മതിച്ചത് എന്ന് അറിയാം. എന്നാലും സാരമില്ല. ഈ നിമിഷം മുതൽ നമ്മൾ ഫ്രണ്ട്‌സാണ്. ”

“അതേ. നിന്നെ ഒരു ഫ്രണ്ട് ആക്കാൻ എനിക്ക് തീരെ പറ്റില്ല. ”

കാട്ടുകടുവ ഒരു ദയയും ഇല്ലാതെ പറഞ്ഞത് കേട്ടില്ലേ. ദുഷ്ടൻ. തന്നെ ഞാൻ ശെരിയാക്കിയെടുത്തോളാടോ കള്ളകടുവേ.

കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു. സംസാരിച്ചത് മുഴുവൻ ഞാനാണെന്ന് മാത്രം.

കടുവ സംസാരിക്കാൻ താല്പര്യമില്ലാത്തത് പോലെ മറുപടി മുക്കലിലും മൂളലിലും ഒതുക്കി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7