Friday, April 26, 2024
Novel

ഷാഡോ: ഭാഗം 7

Spread the love

എഴുത്തുകാരി: ശിവ എസ് നായർ

Thank you for reading this post, don't forget to subscribe!

“നിന്റെ ഈ മുഖംമൂടി കുറച്ചു നേരത്തേക്ക് കൂടിയേ ഉണ്ടാവു….” വിജയ ചിരിയോടെ ദേവൻ പറഞ്ഞു.

“ആരാ ജയിക്കുന്നതെന്ന് നമുക്ക് കാണാം…. വെടി വച്ചു വീഴ്ത്തി പിടിച്ചതല്ലേ….കൂടുതൽ ആളാവണ്ട മിസ്റ്റർ ദേവനാരായണൻ….. ”

മാസ്കിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന പരിചിതമായ ശബ്ദം ദേവന്റെ കാതുകളെ തുളച്ചു കടന്നു പോയി.

ദേവന്റെ വലതു കാൽ ബ്രേക്കിൽ അമർന്നു. ഒരു ഞരക്കത്തോടെ ബൊലേറോ നിന്നു.

“ഫിറോസ്…. ” ദേവൻ പിറു പിറുത്തു.

തന്റെ ഇടത് വശത്തിരിക്കുന്ന അയാളെ ദേവൻ ഉറ്റു നോക്കി.ദേവ നാരായണൻ അയാളുടെ മുഖത്തെ മറച്ചിരുന്ന മാസ്ക് വലിച്ചൂരി.

മാസ്കിനു പിന്നിലെ ഫിറോസിന്റെ മുഖം കണ്ടു ഒരു നിമിഷം ദേവൻ ഞെട്ടി.

“എന്നെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ… ” ഫിറോസ് ചോദിച്ചു.

“നോ… ഞാൻ ഊഹിച്ചത് മറ്റൊരു മുഖമായിരുന്നു.. ആർക്ക് വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത് ഫിറോസ്??? ”

“എന്നിൽ നിന്നും സാറിന് ഒരു തെളിവും ലഭിക്കാൻ പോകുന്നില്ല….എന്നെ കൊന്നാലും ഞാൻ ഒന്നും പറയാൻ പോകുന്നില്ല…” കാലിലെ വേദന കടിച്ചമർത്തി തെല്ലൊരു പുഞ്ചിരിയോടെ ഫിറോസ് പറഞ്ഞു.

വെടിയുണ്ട തുളച്ചു കയറിയ ഭാഗത്തു നിന്നും അപ്പോഴും രക്തം ഒഴുകി കൊണ്ടിരുന്നു.

“ശരി…നിന്നെ കൊണ്ട് എങ്ങനെ പറയിപ്പിക്കണമെന്ന് എനിക്കറിയാം… മറഞ്ഞിരുന്നു കളിക്കുന്ന ആ കൊലയാളിയെ ഞാൻ വൈകാതെ തന്നെ നിയമത്തിനു മുൻപിൽ കൊണ്ട് വരും…അന്നും കാണണം നിന്റെ മുഖത്ത്‌ ഈ ചിരി… ”

ദേവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

അര മണിക്കൂറിനുള്ളിൽ തന്നെ ഫിറോസിനെയും കൊണ്ട് ദേവൻ ചെറിയൊരു ക്ലിനിക്കിനു മുന്നിലെത്തി.

അപ്പോഴേക്കും മുറിവിൽ നിന്നുണ്ടായ അമിത രക്തസ്രാവത്താൽ ഫിറോസ് മയക്കത്തിലേക്ക് വഴുതി വീണിരുന്നു.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ കണ്ടു ദേവൻ കാര്യങ്ങൾ അറിയിച്ചു. ഉടനെ തന്നെ ഡോക്ടർ ഫിറോസിന്റെ ഇടത് കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്തു മുറിവ് ഡ്രസ്സ്‌ ചെയ്തു.

“കുഴപ്പമൊന്നുമില്ലല്ലൊ ഡോക്ടർ… ” പുറത്തേക്കു വന്ന ഡോക്ടറെ കണ്ടു ദേവൻ ചോദിച്ചു.

“നോ സർ… കുഴപ്പമൊന്നുമില്ല. ഡ്രിപ് തീർന്നാൽ കൊണ്ട് പോകാം. പിന്നെ അനസ്ത്യേഷ്യ കൊടുത്തിട്ടുള്ളതു കൊണ്ട് മയക്കം വിട്ടുണരാൻ താമസിക്കും…. ”

“ഒക്കെ ഡോക്ടർ… താങ്ക്യൂ… ”

ദേവൻ വേഗം വിവരങ്ങൾ അറിയാനായി അലക്സിനെ വിളിച്ചു.

“ഹലോ സർ… ”

“അലക്സ്‌ എവിടെയെത്തി…”

“On the way ആണ് സർ…. എന്തെങ്കിലും പ്രശ്നമുണ്ടായോ…?? അയാളെ പിടി കൂടിയോ..?? ”
ആകാംഷയോടെ അലക്സ്‌ ചോദിച്ചു.

“ആളെ കിട്ടി….അലക്സ്‌ സ്റ്റേഷനിൽ ചെന്ന് അവിടെത്തെ കാര്യങ്ങൾ ശരിയാക്കിയിട്ട് രാവിലെ വീട്ടിലേക്ക് പോരെ…
ആരാ എന്താ എന്നൊക്കെ വിശദമായി നമുക്ക് സംസാരിക്കാം… തല്ക്കാലം അറസ്റ്റ് രേഖപ്പെടുത്തണ്ട നമുക്ക്…. അവന്റെ പിന്നിലെ കൊലയാളിയെ കൂടി നമുക്ക് കണ്ടെത്തണം… ”

“ശരി സർ… ” അലക്സ്‌ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലേക്ക് ഇട്ടു.

പെട്ടെന്നാണ് സീറ്റിനു പിന്നിൽ കൂടി വന്ന രണ്ടു കരങ്ങൾ അലക്സിന്റെ കഴുത്തിൽ പിടുത്തമിട്ടത്.

ഡ്രൈവിംഗിൽ നിന്നും അവന്റെ ശ്രദ്ധ പാളി. നിയന്ത്രണം തെറ്റിയ ബെൻസ് ലക്ഷ്യം മാറി മെയിൻ റോഡിൽ നിന്നും വലത് വശത്തേക്ക് വെട്ടി തിരിഞ്ഞു.

വലതു വശത്തായി നിന്നിരുന്ന മരത്തിനു നേർക്ക് ബെൻസ് പാഞ്ഞു. ഒരു വേള അലക്സിന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.

മരത്തിലേക്ക് ചെന്നിടിച്ചു കൊണ്ട് ബെൻസ് നിന്നു.വണ്ടിയുടെ മുൻഭാഗം ഭാഗികമായി തകർന്നു.

അപ്പോഴേക്കും അലക്സ്‌ ജേക്കബിന്റെ മൂക്കിലേക്ക് ക്ലോറോഫോമിൽ മുക്കിയ കോട്ടൺ അമർന്നു കഴിഞ്ഞിരുന്നു.

പതിയെ അലക്സ്‌ ബോധരഹിതനായി വീണു.

**************

രണ്ടു മണിക്കൂർ കൂടി കഴിഞ്ഞ ശേഷമാണ് ഫിറോസിനെയും കൊണ്ട് ദേവ നാരായണൻ ഹോസ്പിറ്റൽ വിട്ടിറങ്ങിയത്.

വെളുപ്പിന് നാലു മണിക്കാണ് ദേവൻ വീട്ടിലെത്തിയത്.

മയക്കത്തിലായിരുന്ന ഫിറോസിനെ താങ്ങി പിടിച്ചു അകത്തു മുറിയിൽ കൊണ്ട് വന്നു കിടത്തിയ ശേഷം അയാൾ ഫോൺ എടുത്തു അലക്സ്‌ ജേക്കബിനെ വിളിച്ചു നോക്കി.

“സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്… ”

ഫിറോസിനെ കിടത്തിയ റൂം പുറത്തു നിന്നും അടച്ചു പൂട്ടിയ ശേഷം ദേവൻ ഹാളിലെ സോഫയിൽ പോയിരുന്നു ലാപ്ടോപ് എടുത്തു ഓൺ ചെയ്തു.

കേസിനെ സംബന്ധിച്ച ഡീറ്റെയിൽസ് എല്ലാം ദേവൻ ഒന്നു കൂടി വായിച്ചു നോക്കി.

“വർക്കിച്ചൻ മുതലാളിയുടെയും അഡ്വക്കേറ്റ് വാസുദേവന്റെയും സ്റ്റെല്ലയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌സ് ദേവൻ വിശദമായി പഠിച്ചു.

മരിച്ചു കിടക്കുന്ന അവരുടെ ഡിഫറെന്റ് ആംഗിളിൽ ഉള്ള ഫോട്ടോസ് ഓരോന്നായി അദ്ദേഹം സൂം ചെയ്തു വീക്ഷിച്ചു.

നാളെ ശ്യാമിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കൂടി കിട്ടും. ശ്യാമിന്റെ കാറിൽ കണ്ട മൃതദേഹം ആരുടേതാണെന്നും എത്രയും പെട്ടന്ന് കണ്ടെത്തണം.ഇനിയൊരു കൊലപാതകം കൂടി നടക്കുന്നതിനു മുൻപ് ആ കൊലയാളിയെ പിടി കൂടിയേ മതിയാകു….

ആദ്യത്തെ മൂന്നു കൊലപാതകങ്ങളും രാത്രിയാണ് നടന്നിട്ടുള്ളത്. ശ്യാമിനെ പട്ടാപകൽ റോഡിൽ തടഞ്ഞു നിർത്തി അവന്റെ തന്നെ കാറിൽ കടത്തി കൊണ്ട് പോയി കൊന്നു.

വർക്കിച്ചന്റെയും വാസുദേവന്റെയും കൊലപാതകം ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആണ് നടന്നിരിക്കുന്നതും.

സ്റ്റെല്ലയെ കാട്ടിനുള്ളിൽ വച്ചു മൃഗീയമായി കൊലപ്പെടുത്തി.

മൂവരെയും അതിക്രൂരമായി വേദനിപ്പിച്ചാണ് കൊന്നിരിക്കുന്നത്. അവർ ചെയ്ത തെറ്റുകൾക്ക് ഇതൊക്കെ തന്നെയാണ് അർഹിക്കുന്നതെങ്കിലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല…. ” ആത്മഗതത്തോടെ ദേവ നാരായണൻ ലാപ്ടോപ് മടക്കി വച്ചു.

അപ്പോഴേക്കും അവന്റെ കൺപോളകൾ ഉറക്കം വന്നു അടഞ്ഞു തുടങ്ങിയിരുന്നു.ദേവൻ എഴുന്നേറ്റു മുറിയിലേക്ക് നടന്നു.ക്ഷീണം കാരണം കിടന്ന് അൽപ്പ സമയം കഴിഞ്ഞപ്പോൾ തന്നെ ദേവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

ഹാളിലെ സോഫയിൽ കിടന്ന ദേവന്റെ ഫോണിൽ നിർത്താതെ കാളുകൾ വന്നു കൊണ്ടിരുന്നു. അതൊന്നുമറിയാതെ ദേവൻ സുഖമായി ഉറങ്ങി.
**************
വിൻഡോയിലൂടെ സൂര്യ രശ്മികൾ മുറിയിലേക്ക് അരിച്ചിറങ്ങിയപ്പോഴാണ് ദേവൻ ഉറക്കമുണർന്നു എഴുന്നേറ്റത്.

കണ്ണ് തുറക്കാതെ അവൻ ബെഡിൽ കൈ കൊണ്ട് ഫോണിനായി പരതി.

അപ്പോഴാണ് ക്ലോക്കിൽ എട്ടു മണി അടിച്ചത്. തലയിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി ദേവൻ കണ്ണുകൾ വലിച്ചു തുറന്നു.

ചുവരിൽ സ്ഥാപിച്ചിരുന്ന ക്ലോക്കിൽ മണി ഏട്ടടിച്ചു നിൽക്കുന്നത് കണ്ട് ദേവൻ ചാടിയെഴുന്നേറ്റു.

ബെഡിൽ നോക്കിയിട്ട് ഫോൺ കാണാത്തതിനാൽ ദേവൻ ഹാളിൽ പോയി നോക്കി.

രാവിലെ അലക്സിനോട്‌ വരാൻ പറഞ്ഞിട്ടും ഇത്ര നേരമായിട്ടും കണ്ടില്ലല്ലൊ എന്നോർത്തു കൊണ്ട് ദേവൻ സോഫയിൽ കിടന്നിരുന്ന ഫോൺ എടുത്തു നോക്കി.

ഡിസ്പ്ലേയിൽ കുറെയധികം മിസ്സ്‌ കാളുകൾ കണ്ടു ഒരു നിമിഷം അവൻ നടുങ്ങി.

ദേവ നാരായണൻ അലക്സിനെ വിളിച്ചു നോക്കി.

പക്ഷേ സ്വിച്ച് ഓഫ്‌ എന്നായിരുന്നു മറുപടി ലഭിച്ചത്. നിരാശയോടെ ദേവൻ ഫോണിലേക്ക് ഉറ്റു നോക്കി.

അലക്സിനു എന്തോ ആപത്തു സംഭവിച്ചു എന്ന് ദേവന്റെ മനസ്സിലിരുന്നു ആരോ മന്ത്രിക്കും പോലെ തോന്നി.

അപ്പോഴാണ് ദേവന്റെ ഫോണിലേക്ക് സ്റ്റേഷനിൽ നിന്നും വീണ്ടും കാൾ വന്നത്.

“ഹലോ… ” ദേവൻ വേഗം ഫോൺ എടുത്തു.

“സർ ഡേവിഡ് ആണ്…. എത്ര നേരമായി സാറിനെ വിളിക്കുന്നു. ഫോൺ എടുക്കാതായപ്പോൾ കുറച്ചു മുൻപ് ഒരു കോൺസ്റ്റബിളിനെ അങ്ങോട്ടേക്ക് അയച്ചതേയുള്ളൂ….”

“എന്താ ഡേവിഡ് കാര്യം…?? എന്ത് പറ്റി…?? ”

“സർ ശ്യാമിന്റെ ബെൻസ് കാർ ബത്തേരിക്ക് സമീപത്തു നിന്നും വെളുപ്പിന് കണ്ടു കിട്ടി… ഒരു മൃതദേഹവും അതിനുള്ളിൽ ഉണ്ടായിരുന്നു…. ”

“ഓഹ് മൈ ഗോഡ്… ” ദേവൻ അതിശക്തിയായി ഞെട്ടി.

അപ്പോൾ അലക്സ്‌….?? ബെൻസും കൊണ്ട് പോയ അലക്സ്‌ ജേക്കബ് മിസ്സിംഗ്‌ ആണല്ലോ.. ഞെട്ടലോടെ ദേവൻ ഓർത്തു.

“റോഡിനു വലുത് വശത്തെ മരത്തിനു നേർക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു വണ്ടി…. അതുവഴി പോയ യാത്രക്കാർ ആണ് സംഭവം സ്റ്റേഷനിൽ വിളിച്ചറിയിച്ചത്….

അതറിഞ്ഞതു മുതൽ ഞാൻ സാറിനെ കോൺടാക്ട് ചെയ്യുന്നുണ്ടായിരുന്നു…. ”

“ഇന്നലെ രാത്രി നല്ല ലേറ്റായിട്ടാണ് കിടന്നത്…. ഫോൺ ഹാളിൽ വച്ചു മറന്നു പോയി… ഞാൻ എന്തായാലും വേഗമെത്താം ഡേവിഡ്… അവിടുത്തെ കാര്യങ്ങൾ എന്തായി… ”

“ഫോറൻസിക് പരിശോധന കഴിഞ്ഞു ബോഡി പോസ്റ്റ്‌മോർട്ടത്തിനു അയച്ചു സാർ. ഇവിടുത്തെ കാര്യങ്ങൾ എല്ലാം ഓക്കേയാണ്. ബോഡി ഐഡന്റിഫൈ ചെയ്യാനുള്ള ഏർപ്പാടുകളും ചെയ്തു കഴിഞ്ഞു…. ”

“ഒരു മണിക്കൂറിനുള്ളിൽ ഞാൻ എത്തും… ” ദേവൻ ധൃതിയിൽ ഫോൺ കട്ട്‌ ചെയ്തു. ദേവന്റെ കൂടെ അന്വേഷണ ടീമിൽ ഉള്ളയാളാണ് ഡേവിഡും.

അപ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്നു നിന്നത്.

ജീപ്പിന്റെ ശബ്ദം കേട്ട് ദേവ നാരായണൻ ഡോർ തുറന്നു സിറ്റ്ഔട്ടിലേക്ക് ഇറങ്ങി.ഡേവിഡ് സ്റ്റേഷനിൽ നിന്നും അയച്ച കോൺസ്റ്റബിൾ ആയിരുന്നു അത്.

അയാളോട് മടങ്ങി പൊയ്ക്കോളാൻ പറഞ്ഞ ശേഷം ദേവൻ ടവൽ എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.

ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലേക്ക് പതിക്കുമ്പോഴും ദേവന്റെ മനസ്സ് ചുട്ടു പൊള്ളി.

അലക്സിനു എന്തു പറ്റി എന്നുള്ള ചോദ്യം അപ്പോഴും അവന്റെ മനസ്സിൽ അവശേഷിച്ചു.

തങ്ങളെക്കാൾ ഒരുപടി മുന്നിലാണ് കില്ലർ എന്നുള്ള കാര്യം ദേവനു ഉറപ്പായി.

കുളിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തേക്കു വന്ന ദേവൻ ഫിറോസിന്റെ മുറിയിലേക്ക് ചെന്നു.
അവൻ ഉണരാൻ ഇനിയും താമസിക്കുമെന്ന് ദേവനു മനസിലായി.

സെഡേഷന്റെ മയക്കത്തിലായിരുന്നു ഫിറോസപ്പോഴും. പുറത്തു നിന്നും റൂം ലോക്ക് ചെയ്ത ശേഷം വീട് പൂട്ടി ദേവ നാരായണൻ സ്റ്റേഷനിലേക്ക് തിരിച്ചു.

പോകുന്ന വഴി ബെൻസ് കണ്ടു കിട്ടിയ സ്ഥലം വിസിറ്റ് ചെയ്ത ശേഷമാണ് ദേവ നാരായണൻ സ്റ്റേഷനിലേക്ക് ചെന്നത്.

വണ്ടിക്കുള്ളിൽ നിന്നോ പരിസരത്ത് നിന്നോ പ്രത്യേകിച്ചു തെളിവുകൾ ഒന്നും പോലീസിനു ലഭിച്ചില്ല.

“ഡേവിഡ് മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞോ…?? ”

“ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല….ആഹ് പിന്നെ ശ്യാമിന്റെ പോസ്റ്റ്‌മോർട്ടം വന്നിട്ടുണ്ട് സർ…”

“വേഗം കൊണ്ട് വരൂ… ” ദേവൻ ധൃതിയിൽ പറഞ്ഞു.

ഡേവിഡ് ഒരു ഫയൽ കൊണ്ട് വന്നു ദേവന്റെ കയ്യിൽ കൊടുത്തു.

ദേവ നാരായണൻ ഫയലുകൾ ഓരോന്നായി മറിച്ചു. റിപ്പോർട്ട്‌ വായിച്ചു ദേവൻ അതിശക്തിയായി ഞെട്ടി.

ശ്യാമിന്റെ ബോഡിയിൽ നിന്നും അവയവങ്ങൾ എല്ലാം നീക്കം ചെയ്യപ്പെട്ടിരുന്നു.

തലയ്ക്ക് പിന്നിൽ ഏറ്റ ശക്തമായ അടിയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചാണ് ശ്യാമിന്റെ മരണം സംഭവിച്ചിരിക്കുന്നത്.

അവന്റെ ശരീരത്തിൽ നിന്നും രണ്ടു കിഡ്നിയും, ഹൃദയവും, കണ്ണുകളും എല്ലാം മാറ്റിയിരുന്നു….

ശ്യാമിന്റെ ബോഡിയുടെ ഫോട്ടോകൾ ഓരോന്നായി ദേവൻ പരിശോധിച്ചു. പുറം ഭാഗത്തു മൂർച്ചയുള്ള ആയുധം കൊണ്ട് “SHADOW “എന്ന് പതിപ്പിച്ചിട്ടുണ്ടായിരുന്നു.

മുൻപ് നടന്ന കൊലപാതകങ്ങളുടെ ഫോട്ടോസും ബെൻസിൽ കണ്ട മൃതദേഹത്തിന്റെ ഫോട്ടോസും ഒരുമിച്ചു ചേർത്ത് അവയെല്ലാം സസൂക്ഷ്മതയോടെ ദേവ നാരായണൻ നോക്കി.

ആ അഞ്ചു പേരെയും ഒരാൾ തന്നെയാണ് കൊന്നതെന്ന കാര്യത്തിൽ ദേവനു സംശയം ഇല്ലായിരുന്നു.ബെൻസിൽ കണ്ട ബോഡിയുടെ കൈപ്പത്തിയിൽ ആയിരുന്നു shadow എന്നെഴുതിയിരുന്നത്.

ഈ കൊലപാതകങ്ങൾ കൊണ്ട് കില്ലർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും ദേവനു മനസിലായില്ല.ഫിറോസിനെ കൊണ്ട് സത്യം പറയിപ്പിക്കണം എന്ന് ദേവൻ ഉറപ്പിച്ചു.

ഒരു ഫിംഗർ പ്രിന്റ് പോലും ബോഡിയിൽ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല.

സമർത്ഥനായ ഒരു കുറ്റവാളിയെയാണ് ഫിറോസ് സഹായിക്കുന്നതും…

എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതു പോലെ ദേവ നാരായണൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

അപ്പോഴാണ് ഡേവിഡ് അങ്ങോട്ടേക്ക് വന്നത്.

“സർ ബെൻസിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു കഴിഞ്ഞു… ”

“ആരുടെയാണ്… ”

“സുൽത്താൻ ബത്തേരിയിലെ സെന്റ് മേരിസ് കോളേജിനു സമീപത്തു തന്നെയാണ് അയാളുടെ താമസം. പേര് സുനിൽ…, കോളേജിനു സമീപം ഒരു ബുക്ക്‌ സ്റ്റാൾ ഇട്ടിട്ടുണ്ട്.

കൂടാതെ വേറെയും ഷോപ്പുകൾ അയാൾക്കുണ്ട്. മാത്രമല്ല രണ്ടു ദിവസം മുൻപ് രാത്രി അയാളെ കാണാതായതായി ബത്തേരി പോലീസ് സ്റ്റേഷനിൽ ഒരു പരാതിയും വീട്ടുകാർ കൊടുത്തിട്ടുണ്ടായിരുന്നു…. ”

“തല്ക്കാലം ഇവിടുത്തെ കാര്യങ്ങൾ ഡേവിഡ് കൈകാര്യം ചെയ്യണം. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്….”

“ഓക്കേ സർ… ” ഡേവിഡ് സല്യൂട്ട് നൽകിയ ശേഷം അവിടെ നിന്നും പോയി.

സമയമൊട്ടും പാഴാക്കാനില്ലാത്തതിനാൽ ദേവ നാരായണൻ വേഗം വീട്ടിലേക്ക് തിരിച്ചു.
**************
വീട്ടിലെത്തിയ ഉടനെ തന്നെ ദേവൻ ഫിറോസിനെ അടച്ചിട്ടിരുന്ന റൂമിനു നേരെ ചെന്നു.

പോക്കറ്റിൽ നിന്നും താക്കോൽ എടുത്തു ദേവൻ റൂം തുറന്നു നോക്കി. കട്ടിലിൽ കണ്ണടച്ചു കിടക്കുന്ന ഫിറോസിനെ കണ്ടപ്പോൾ അയാൾക്ക് തെല്ലു ആശ്വാസം തോന്നി.

ദേവൻ ഫിറോസിന്റെ അടുത്തേക്ക് നടന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഫിറോസ് കണ്ണുകൾ തുറന്നു.

ഒരു കസേര വലിച്ചു കട്ടിലിന്റെ അടുത്തേക്കിട്ട് അതിലിരുന്നു കൊണ്ട് ദേവൻ അവനെ നോക്കി പുഞ്ചിരിച്ചു.

“വേദന കുറവുണ്ടോ ഫിറോസ്… ”

“ഉം… ” ഫിറോസ് ഒന്ന് മൂളി.

അടുത്തിരുന്ന ഫ്ലാസ്ക്കിൽ നിന്നും അൽപ്പം ചായ കപ്പിലേക്ക് പകർന്നു അയാൾ ഫിറോസിന് നേർക്ക് നീട്ടി.

കട്ടിലിൽ അൽപ്പമൊന്നു എഴുന്നേറ്റിരുന്ന ശേഷം എതിർപ്പൊന്നും കൂടാതെ ഫിറോസ് ദേവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു.

“അലക്സ്‌ എവിടെയാണ്…?? ” ദേവൻ ഫിറോസിനോട്‌ ചോദിച്ചു.

ദേവന്റെ ചോദ്യം കേട്ടതും ഫിറോസിന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം മിന്നി മറഞ്ഞു.

“ഞാൻ എങ്ങനെയറിയാനാണ് സാർ… ”

“അലക്സിനെ തട്ടി കൊണ്ട് പോയത് ആരാണെന്നു നിനക്ക് വ്യക്തമായി അറിയാം ഫിറോസ്. അതാരാണെന്ന് പറയുന്നതാണ് നിനക്ക് നല്ലത്…ഇതുവരെയും ഞാൻ മാന്യമായി തന്നെയാണ് നിന്നോട് ചോദിച്ചത്…”

“സോറി സർ എന്നെ തല്ലിയാലും കൊന്നാലും എന്നിൽ നിന്നും സാറിന് ഒന്നും കിട്ടില്ല. സാറിന്റെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമില്ല.”

“നിയമം പാലിക്കേണ്ടവർ തന്നെ നിയമം കയ്യിലെടുക്കുന്നതു ശരിയല്ല. ഫിറോസ് ചെയ്യുന്ന തെറ്റിന്റെ ഗൗരവം ഞാൻ പറയാതെ തന്നെ ഫിറോസിനറിയാമല്ലോ…. ”

“തെറ്റ് ചെയ്തവർ നിയമത്തിനു മുന്നിൽ നിന്നും രക്ഷപ്പെടുമ്പോൾ എത്ര പേർക്കാണ് നീതി നഷ്ടപ്പെടുന്നത്.

നിയമം നോക്കു കുത്തി ആകുമ്പോൾ ഇതുപോലെ ആരെങ്കിലും അവരെ ശിക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്…?? ” ഫിറോസ് മറു ചോദ്യം ചോദിച്ചു.

“ഫിറോസ് ഈ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എസ് പി അരുൺ സെബാസ്റ്റ്യനെയല്ലേ…. നിനക്ക് പകരം ഞാൻ എക്സ്പെക്ട് ചെയ്തത് അരുണിനെയായിരുന്നു….”

“എങ്കിൽ സാറിന് തന്നെ ഇതിന് പിന്നിൽ ആരാണെന്നു കണ്ടെത്തിക്കൂടെ…. വെറുതെ എന്നോട് ചോദിച്ചു സമയം കളയാമെന്നല്ലാതെ… ”
പരിഹാസ സ്വരത്തിൽ ഫിറോസ് പറഞ്ഞു.

“പന്ന കഴുവേറി മോനെ….നിന്നെ കൊണ്ട് എങ്ങനെ പറയിപ്പിക്കണമെന്ന് എനിക്കറിയാം… ” ആക്രോശിച്ചു കൊണ്ട് ദേവ നാരായണൻ ഫിറോസിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു.

“അവനെ വിട്ടേക്ക് ദേവാ… നിനക്ക് അറിയാനുള്ളതെല്ലാം ഞാൻ പറഞ്ഞു തരാം… ” പിന്നിൽ ഒരു സ്ത്രീ സ്വരം കേട്ട് ദേവൻ ഞെട്ടി പിന്തിരിഞ്ഞു.

വാതിൽക്കൽ ഒരു രൂപം നിൽക്കുന്നത് ദേവൻ കണ്ടു. ബ്ലാക്ക് ജീൻസും ബ്ലാക്ക് ടീഷർട്ടും ആയിരുന്നു വേഷം.

അതിനു മുകളിലൂടെ ഒരു കറുത്ത ഓവർ കോട്ടും ധരിച്ചിട്ടുണ്ടായിരുന്നു…
മുഖത്തു കറുത്ത കൂളിംഗ് ഗ്ലാസ്‌.

“നിങ്ങൾ…. ” ദേവൻ ആ രൂപത്തെ തന്നെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു.

അവർ മുഖത്തു നിന്നും ഗ്ലാസ്‌ മാറ്റി.

ഒരു നിമിഷം ആ മുഖം താൻ എവിടെയോ കണ്ടു മറന്നതാണെന്ന് ദേവനു തോന്നി.

“ദേവൻ അന്വേഷിച്ചു നടക്കുന്ന ആ കൊലയാളി ഞാൻ തന്നെയാണ്…”

ഞെട്ടലോടെ ദേവൻ അവരെ ഉറ്റു നോക്കി. ആ മുഖം ഏതാണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു ദേവനപ്പോഴും.

“ഈ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്… ”

“മറന്നു പോയെങ്കിൽ ഞാൻ ഓർമിപ്പിക്കാം മിസ്റ്റർ ദേവ നാരായണൻ… ”

അതും പറഞ്ഞു കൊണ്ട് അവർ മുറിയിലേക്ക് കയറി അടുത്ത് കണ്ട ചെയറിലേക്ക് ഇരുന്നു.

ദേവൻ അവരെ തന്നെ ഉറ്റുനോക്കിയിരുന്നു.

“അഥിഷ്ട ലക്ഷ്മി റേപ്പ് കേസ് ഓർമ്മയുണ്ടോ ദേവന്… ”

ആ പേര് കേട്ടതും ഒരു നടുക്കം ദേവനിൽ ഉണ്ടായി.

അയാളുടെ മനസിലൂടെ പഴയ കാല ചിത്രങ്ങൾ മിന്നായം പോലെ കടന്നു പോയി.

തുടരും

ഷാഡോ: ഭാഗം 1

ഷാഡോ: ഭാഗം 2

ഷാഡോ: ഭാഗം 3

ഷാഡോ: ഭാഗം 4

ഷാഡോ: ഭാഗം 5

ഷാഡോ: ഭാഗം 6