Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 16

എഴുത്തുകാരി: കീർത്തി


ആദ്യം തന്നെ എനിക്കൊരു കാര്യം പറയാനുണ്ട്. ഈ part വായിച്ച് ആരും എന്നെ തല്ലല്ലേ കൊല്ലല്ലേ കടുവയ്ക്കിട്ടുകൊടുക്കല്ലേ ട്ടൊ. കഴിഞ്ഞ പാർട്ടിൽ അവസാന ഡയലോഗ് ഞാനൊന്ന് തിരുത്തിയിട്ടുണ്ടേ… കൺഫ്യൂഷൻ ഉള്ളവർ ഒന്ന് നോക്കിയേക്കണം.

“അമ്മ വെറുതെ പേടിക്കണ്ട. അവള്ടെ സ്വഭാവം അമ്മയ്ക്കറിയാവുന്നതല്ലേ? ആരോടേലും വർത്തമാനം പറഞ്ഞ് നിൽക്കുന്നുണ്ടാവും. ”

“എങ്കിൽ ഫോൺ വിളിച്ചാൽ ഒന്നെടുത്തൂടെ? വൈകുന്നുണ്ടെങ്കിൽ എന്നോട് വിളിച്ച് പറയാറുള്ളതല്ലേ?. ”

“അവളിങ് വന്നോളും. കൊച്ചുകുട്ടിയൊന്നും അല്ലല്ലോ.അമ്മ ഇങ്ങനെ കരഞ്ഞു ഓരോന്ന് വരുത്തിവെക്കണ്ട. ”

എന്തൊക്കെ പറഞ്ഞിട്ടും ലക്ഷ്മിയമ്മ കൂട്ടാക്കിയില്ല. മക്കള് സാധാരണ വരുന്ന സമയത്തുനിന്നും ഒരു അഞ്ചു മിനിറ്റ് വൈകിയാൽപ്പോലും അമ്മമാർക്ക് ടെൻഷനാണ്.

അതോടത്ത് ഫോൺ വിളിച്ചിട്ട് കിട്ടാതായാൽ പറയുകയും വേണ്ട. ലക്ഷ്മിയമ്മയുടെ അവസ്ഥയും അതുതന്നെയായിരുന്നു.

“മോനെ രാധിക പോലും കൂടെയില്ലടാ. ചോരയിൽ കുളിച്ച് കിടന്ന ന്റെ അമ്മുമോൾടെ മുഖമാണ് എനിക്ക് ഓർമ വരുന്നത്. നിനക്കൊന്ന് പോയിനോക്കാൻ പറ്റുവോ ഇല്ലയോ? ”

അമ്മയുടെ കരച്ചിലും ആധിയും കണ്ട് സഹിക്കാതെ ചന്ദ്രു സ്കൂളിലേക്ക് പോയിനോക്കാൻ തീരുമാനിച്ചു.അപ്പോഴാണ് രാധിക അങ്ങോട്ട്‌ വന്നത്.

“എന്താ അമ്മേ പ്രിയ എത്തിയില്ലേ? ”

“ഇല്ല മോളെ. ”

“ഞാൻ ഉച്ചയ്ക്ക് പോന്നതാണ് പ്രശ്നമായത്. ഞാൻ വിനോദ് സാറിനെ വിളിച്ചു നോക്കിയിരുന്നു. സാർ വീട്ടിലെത്തി. സാർ പോരാൻ നിക്കുമ്പോൾ പ്രിയ ഹെഡ് മാഷ്ടെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു ന്ന് പറഞ്ഞു. ”

“എന്നാപ്പിന്നെ ഞാൻ ഹെഡ് മാഷെ ഒന്ന് വിളിച്ചുനോക്കട്ടെ. ”

അതുപറഞ്ഞു ചന്ദ്രു ഹെഡ് മാഷെ ഫോൺ ചെയ്തു.

“കണ്ടിരുന്നു. അതുകഴിഞ്ഞ് പ്രിയ വീട്ടിൽ പോവാണെന്നു പറഞ്ഞു പോയല്ലോ” ന്ന് മാഷ് പറഞ്ഞു.

അമ്മയുടെ അവസ്ഥ കണ്ട് ആ വിവരം ചന്ദ്രു അവരോട് പറഞ്ഞില്ല.

“മാഷ് സ്കൂളിലുണ്ട്. ഞാനൊന്ന് പോയിനോക്കട്ടെ. അമ്മ
സമാധാനായിട്ടിരിക്ക്. അമ്മേടെ പ്രിയമോൾക്ക് ഒന്നും വരില്ല. ”

അമ്മയെ സമാധാനിപ്പിച്ച് രാധികയോട് നോക്കാൻ ഏൽപ്പിച്ചു. ഇൻസൈഡ് ചെയ്തിരുന്ന ഷർട്ട്‌ പുറത്തേക്കിട്ട് അവൻ ബുള്ളറ്റ് എടുത്ത് സ്കൂളിലേക്ക് തിരിച്ചു

***** ***** *****

ബാഗെടുക്കാനായി സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോഴാണ് LP ക്ലാസ്സിന്റെ വരാന്തയിൽ മുടിയൊക്കെ രണ്ടുപുറം പൊക്കി കെട്ടിവെച്ച് ഒരു സുന്ദരിക്കുട്ടി താടിക്ക് കൈയും കൊടുത്ത് കഷ്ടം വെച്ചിരിക്കുന്നത് കണ്ടത്.

ക്ഷമ നശിച്ച മുഖത്തോടെ രണ്ടു ടീച്ചേർസ് അവളുടെ ഇടംവലം നിൽക്കുന്നതും കണ്ടു. ഒരാൾ ഫോണിൽ എന്തൊക്കെയോ ദേഷ്യത്തോടെ സംസാരിക്കുന്നുണ്ട്.

LP ക്ലാസ്സുകളുടെ മുന്നിൽ സയൻസ് ലാബും മറുവശത്തു പ്ലസ് 1ക്ലാസ്സും ആണ്.

ഞങ്ങളുടെ സ്റ്റാഫ് റൂമിന്റെയും ചെറിയ ക്ലാസ്സിലെ ടീച്ചർസിന്റെ റൂമിനും ഇടയിൽ നിന്നു നോക്കിയാലേ അവിടേക്ക് ശെരിക്കും കാണാൻ പറ്റൂ.

അവരുടെ സ്റ്റാഫ് റൂം കഴിഞ്ഞിട്ടാണ് ഹൈസ്കൂൾ ടീച്ചേഴ്സിന്റെത്. സ്കൂൾ തുടങ്ങുമ്പോൾ LP ക്ലാസ്സ്‌ മാത്രമായിരുന്നത്രെ. പിന്നീട് ഓരോന്നായി പണിതു വന്നതാണ്. അതുകൊണ്ടാണ് LP ക്ലാസ്സ്‌ ഇത്തിരി ഉള്ളിലേക്കയത്.

എന്താണെന്നറിയാൻ ഞാൻ അങ്ങോട്ട് നടന്നു.

“എന്താ ശ്രീല ടീച്ചറെ? എന്തേലും പ്രശ്നം?”
അവരിൽ ഒരു ടീച്ചറോട് ഞാൻ ചോദിച്ചു.

“ഹാ…. പ്രിയ. ഒന്നും പറയണ്ടടോ ദേ ഈ കുട്ടീടെ അമ്മ കൊണ്ടുപോകാൻ വരും ന്ന് പറഞ്ഞ് കാത്തിരിക്കാണ്.

ഇത്രയും നേരായിട്ടും കാണാനില്ല. വിളിച്ചപ്പോൾ പറയാ ഹോസ്പിറ്റലിൽ ആണ്. ഇറങ്ങുന്നേ ഉള്ളൂന്ന്. ഈ കുട്ടിയെ ഇവിടെ ഒറ്റയ്ക്ക് ഇരുത്തീട്ട് പോവാൻ പറ്റുവോ?

കൂടെയുള്ളവരൊക്കെ പോയി. ആള് ഇപ്പഴാ കാര്യം പറയണത്. അല്ലെങ്കിൽ അടുത്തുന്നുള്ള ഏതെങ്കിലും കുട്ട്യോൾടെ കൂടെ വിടാർന്നു.

ഞങ്ങൾക്കാണെങ്കി പത്തു മിനിറ്റ് കഴിഞ്ഞാൽ ഒരു ബസുണ്ട്. അതുകഴിഞ്ഞാൽ പിന്നെ ഇരുട്ടാവും വീട്ടിലെത്താൻ. ”

“ഈ കുട്ടീടെ അമ്മ എപ്പഴക്കാ എത്താ? ”

“ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങീട്ടെ ഉള്ളൂന്നല്ലേ പറഞ്ഞേ. എങ്ങനെയും ഒരു അരമണിക്കൂർ എടുക്കും. ടൗണിലല്ലേ? ”

ഞാൻ കുറച്ചു നേരം ആലോചിച്ചു. എന്നിട്ട് അവരോടു പറഞ്ഞു.
“വിരോധമില്ലെങ്കിൽ ഈ കുട്ടീടെ കൂടെ ഞാനിരുന്നോളാം. നിങ്ങൾ വൈകണ്ട. എനിക്ക് ഇവിടുന്ന് അടുത്തല്ലേ.”

“എന്നാലും രാധിക ഇല്ലാത്തതല്ലേ. ഒറ്റയ്ക്ക്? ”

“അത് സാരല്ല്യ. ഇവിടെ ഹെഡ് മാഷ് ഏതായാലും പോവാൻ വൈകും. അപ്പോഴേക്കും ഈ കുട്ടീടെ അമ്മ വരില്ലേ?പിന്നെന്താ? ”

അവരും പരസ്പരം നോക്കി. പിന്നെ സമ്മതിച്ചു. ക്ലാസ്സ്‌ ടീച്ചർ അല്ല.

വേറൊരു ടീച്ചറാണ് കൂടെനിൽക്കുന്നതെന്ന് അവരോടു വിളിച്ചുപറയാൻ പറഞ്ഞു. ശേഷം അവര് എന്നോട് കൊറേ നന്ദിയൊക്കെ പറഞ്ഞ് പോയി.

അവരെ യാത്രയാക്കി ഞാനും ആ സുന്ദരിക്കുട്ടീടെ കൂടെ ആ വരാന്തയിൽ കാൽ താഴ്ത്തിയിട്ട് ഇരുന്നു.

എന്നെ വലിയ പരിചയം ഇല്ലാത്തോണ്ടാണെന്ന് തോന്നുന്നു ആ കുഞ്ഞുമുഖത്ത് നിഷ്കളങ്കതയേക്കാളേറെ പേടിയായിരുന്നു മുന്നിട്ടുനിന്നത്.

അവളുടെ പേടി മാറ്റാൻ അവളിരിക്കുന്ന അതേപ്പോലെ താടിക്ക് കൈയും കൊടുത്ത് ഇരുന്നു. അവള് എന്നെയൊന്ന് നോക്കി.

“എന്താ ഈ അമ്മ വരാത്തെ? ”
ഞാൻ ചോദിച്ചു.

“അമ്മ ഡോട്ടരെ കാണാൻ പോയതല്ലേ? ”

മ്മ്…. മിണ്ടിക്കിട്ടി ഇനി ഞാൻ നോക്കിക്കോളാം.
“മോൾടെ പേരെന്താ? ”

“ആവണി മഹേഷ്‌. P.”

“മ്മ്… ഗുഡ് ഗേൾ. ഏത് ക്ലാസ്സിലാ? ”

“3. B. ദേ ഇതാ.”

തൊട്ടുപുറകിലെ ക്ലാസ്സ്‌ റൂം ചൂണ്ടി അവൾ പറഞ്ഞു.

“അമ്മ വരുന്നതുവരെ നമുക്ക് ഫ്രണ്ട്സാവാം? ”

“അപ്പൊ ടീച്ചറല്ലേ? ”

“ടീച്ചറാണ്. ഫ്രണ്ടും ആണ്. ”

ആള് ഉഷാറായി. ഞങ്ങൾ ഓരോന്ന് പറഞ്ഞു പെട്ടന്ന് കൂട്ടായി.

എന്നോടുള്ള പേടിയൊക്കെ മാറി. തോളിൽ തൂക്കിയിരുന്ന ബാഗ് ഊരിവെച്ച് അവളുടെ ഫ്രണ്ട്സിന്റെയും വീട്ടിലെയുമൊക്കെ കഥകൾ എനിക്ക് പറഞ്ഞുതന്നു.

അവളുടെ കഥപറച്ചിൽ കേട്ട് അതിൽ ലയിച്ചിരുന്ന് സമയം പോയതൊന്നും ഞാനറിഞ്ഞില്ല. അമ്മയോടൊന്ന് വിളിച്ചു പറയായിരുന്നു. ഫോൺ സ്റ്റാഫ് റൂമിലാണ്.

ഇവളെ ഇവിടിരുത്തിപ്പോവാൻ ധൈര്യമില്ല. ഇവിടെയിരുന്നാൽ സ്റ്റാഫ് റൂമിന്റെ ഒരു ജനൽ മാത്രമാണ് കാണുക. ഈ ബിൽഡിംഗിന്റെ മുന്നിൽ സയൻസ് ലാബാണ്. അവിടെനിന്ന് ശ്രദ്ധിക്കാൻ പറ്റില്ല.

കൂടെ കൊണ്ടുപോകാമെന്ന് വെച്ചാൽ ആ നേരത്ത് അവളുടെ അമ്മ വന്നാലോ? പിന്നെ തോന്നി ഇവളെ പറഞ്ഞയച്ച ഉടനെ അമ്മയെവിളിച്ച് കാര്യം പറയാം. അരമണിക്കൂറിനുള്ളിൽ എത്തുമെന്നല്ലേ പറഞ്ഞത്.

*****************

സ്കൂളിലേക്കുള്ള യാത്രയിൽ ചന്ദ്രുവിന്റെ മനസിലും ചെറിയൊരു ഭയം തോന്നിയിരുന്നു. അമ്മയുടെ സംസാരം അത്തരത്തിലായിരുന്നു.

അമ്മുവിന് പറ്റിയത് പോലെ എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്നുള്ള പേടിയാണ് അമ്മയ്ക്ക്.

അമ്മ പറഞ്ഞതിലും കാര്യമുണ്ട്. പ്രായമായി ടീച്ചറാണെന്നൊക്കെ പറഞ്ഞറിയിക്കണം.

കുട്ടിക്കളിപോലും ഇതുവരെ മാറീട്ടില്ല. തീരെ ബോധവും ഇല്ല.എവിടെപ്പോയി കിടക്കുന്നോ എന്തോ?

ഒരാപത്തും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. അതിന്റെ പേരിൽ ഇനി അമ്മയുടെ കണ്ണ് നിറയുന്നത് കാണാൻ വയ്യ.

ഓരോന്ന് ആലോചിച്ച് അവൻ സ്കൂളിൽ എത്തി.

മെയിൻ ഗേറ്റിൽ ബുള്ളറ്റ് നിർത്തി ഉള്ളിലേക്ക് കയറുമ്പോൾ തന്നെ കണ്ടു ഹെഡ് മാഷും പ്യൂണും പുറത്തേക്ക് വരുന്നത്. കൈയിൽ ബാഗൊക്കെയായി വരുന്നത് കണ്ടപ്പോഴേ അവന് മനസിലായില്ല വീട്ടിലേക്ക് പോവാണെന്ന്.

“എല്ലാ ടീച്ചർസും പോയോ? ”
ചന്ദ്രു ചോദിച്ചു.

“ഉവ്വല്ലോ. പ്രിയ എത്തിയില്ലേ? ”

“ഇല്ല.ഇവിടുന്ന് പോയെന്ന് ഉറപ്പാണോ? ”

“സാറിന്റെ അടുത്തുന്നു പോകുന്നത് കണ്ടു. പിന്നെ കണ്ടില്ല. ”
പ്യൂണാണ് മറുപടി കൊടുത്തത്.

“അമ്മ അവിടെ ഒരു സ്വൈര്യവും തരണില്ല. ഭയങ്കര പേടി. അപ്പൊ ഒന്ന് നോക്കീട്ട് പോവാന്ന് കരുതി വന്നതാണ്. ”

“എങ്കിൽ വാ നമുക്ക് നോക്കാം. ”

അവര് മൂന്നുപേരും സ്കൂളിൽ തിരയാൻ തുടങ്ങി.

******************

“ടീച്ചറെ ടീച്ചറോട് ഞാനൊരു സ്വകാര്യം പറയട്ടെ? ”
ശബ്ദം താഴ്ത്തി ആവണിക്കുട്ടി ചോദിച്ചു

“എന്താ? ”

ആകാംക്ഷയോടെ ഞാൻ ചോദിച്ചപ്പോൾ ആ കാന്താരി കൈകൊണ്ട് മാടിവിളിച്ച് എന്റെ ചെവി കാണിച്ചുതരാൻ പറഞ്ഞു.

എന്തോ വലിയ സ്വകാര്യമാണ് ചീനമൊളക് പറയാൻ പോണതെന്ന് തോന്നണു. കാരണം ഒരു ഈച്ച യെപ്പോലും കാണാത്ത ഇവിടെ എന്റെ ചെവിയിൽ പറയണമെങ്കിൽ അത് അത്രവലിയ കാര്യമാവൂലോ ന്ന് ഞാനും ഓർത്തു.

ഞാനെന്റെ ചെവി കാണിച്ചുകൊടുത്തു. അവള് രണ്ടുകൈകൊണ്ടും എന്റെ ചെവി പൊതിഞ്ഞുപ്പിടിച്ച് പറഞ്ഞു.

“എന്റെ അമ്മേടെ വയറ്റിലേയ് കുഞ്ഞാവ ണ്ടല്ലോ… ”

ഇതായിരുന്നോടി നിന്റെ സ്വകാര്യം എന്ന രീതിയിൽ ഞാനവളെ നോക്കി. ഭയങ്കര രഹസ്യം പറഞ്ഞപ്പോലെ അവളെന്നെ നോക്കി ചിരിച്ചപ്പോൾ ആ മുഖത്തെ സന്തോഷം ഇല്ലാതാക്കാൻ തോന്നിയില്ല. ഞാനും ആശ്ചര്യത്തോടെ ചോദിച്ചു.

“ആണോ? അപ്പൊ ആവണിക്കുട്ടി ചേച്ചിയാവാൻ പോവാല്ലേ? ”

ചേച്ചിയെന്ന വിളികേട്ടതും പെണ്ണ് അഭിമാനത്തോടെ ഒന്നുകൂടി ഞെളിഞ്ഞിരുന്നു.

“ചേച്ചിപ്പെണ്ണിന് അനിയൻകുട്ടനെയാണോ അനിയത്തിക്കുട്ടീനെയാണോ ഇഷ്ടം? ”

“അനിയൻക്കുട്ടൻ മതി. ”

“അനിയത്തിക്കുട്ടിയെ ഇഷ്ടല്ലേ? ”

“ഇഷ്ട്ടാണ്. പക്ഷെ തനൂനും കാവ്യക്കുമൊക്കെ അനിയനാണല്ലോ. അപ്പൊ എനിക്കും അനിയൻ മതി. ”

“അതിന് ആവണിക്കുട്ടി ദൈവത്തിനോട് നന്നായി പ്രാർത്ഥിക്കണം ട്ടൊ. മോള് അനിയൻക്കുട്ടന് ടോയ്സൊക്കെ വാങ്ങിച്ചുകൊടുക്കുവോ? ”

“മ്മ്…. തോനെ ടോയ്‌സ് വാങ്ങിച്ചുകൊടുക്കും, ചോക്ലേറ്റ് വാങ്ങിക്കൊടുക്കും പിന്നെ കുഞ്ഞാവേനെ കൂട്ടീട്ട് റ്റാറ്റ പോവും….. ”

“റ്റാറ്റ പോവുമ്പൊ ടീച്ചറേയും കൊണ്ടുവോ? ”

“ടീച്ചർക്ക് വിമാനത്തിൽ കേറാൻ പേടി ണ്ടോ? ”

“വിമാനത്തിലോ? കുഞ്ഞവയും കൊണ്ട് വിമാനത്തിലാണോ പോവാ? ”

“ആ…. കുഞ്ഞാവ വന്നാല് ഞാനും അമ്മേം കുഞ്ഞവേം കൂടീട്ട് അച്ഛന്റെ അടുത്തിക്ക് പോവൂലോ. വിമാനത്തിലാ പോവാ. ”

“മോൾടെ അച്ഛൻ ഗൾഫിലാണോ? ”

സാധാരണ അവിടണല്ലോ ആവ. ആ ഒരു ഊഹത്തിലാണ് ചോദിച്ചത്.

അവള് അതെ ന്ന് തലയാട്ടി. അച്ഛൻ പോയ വിമാനം കാണിച്ചുതരാം ന്നു പറഞ്ഞ് ആവണിക്കുട്ടി അവളുടെ ബാഗിൽ നിന്നും ഒരു ബുക്കെടുത്തു.

അതിൽ അവൾ വരച്ച വിമാനത്തിന്റെ ചിത്രമുണ്ടായിരുന്നു. ചിത്രം നല്ല ഭംഗിയുണ്ടെന്ന് ഞാൻ പറഞ്ഞു. ഹൊ പൊലിവായി !!

ഉടനെ ഒരു പേപ്പർ എടുത്തുതന്ന് അവള് പറയാ ഞാനവൾക്കൊരു വിമാനം ഉണ്ടാക്കികൊടുക്കണം ന്ന്. നന്നായി !!! ഈശ്വര .. ഇവള്ടെ അമ്മയെന്താ വരാത്തെ.

എങ്ങനെയൊക്കെയോ ഒരു വിമാനം ഉണ്ടാക്കിക്കൊടുത്തു. ഉടനെ വന്നു അടുത്ത ഓർഡർ.

അത് പറപ്പിക്കേം കൂടി വേണം ന്ന്.
അങ്ങനെ അവളെന്നെ ഒരു പൈലറ്റാക്കി. ഞാൻ പറപ്പിക്കും അവള് പോയി എടുത്തു കൊണ്ടുവരും.

അങ്ങനെ കളിച്ചുകൊണ്ടിരുന്നപ്പോൾ ഞങ്ങളെ ആരോ ശ്രദ്ധിക്കുന്നതുപോലെ തോന്നി. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.

ചോരക്കണ്ണുകളുമായി ദേഷ്യത്തോടെ ഞങ്ങളെ തന്നെ നോക്കിനിക്കുന്ന ആളെ കണ്ട് ഞാൻ പേടിച്ചു.

യാന്ത്രികമായി ഞാനാ വരാന്തയിൽ നിന്നും നിലത്തിറങ്ങിനിന്നു. കണ്ണൊന്ന് ഇമവെട്ടുകപോലും ചെയ്യാതെ ചന്ദ്രുവേട്ടൻ എന്റെ നേർക്ക് പാഞ്ഞുവന്നു.

( തുടരും )

എല്ലാരും കുറച്ചു പേടിച്ചു ലേ? സോറി ട്ടൊ. നമുക്ക് അവരെ രണ്ടു പേരെയും ഒരുമിപ്പിക്കണ്ടേ? അതിനുവേണ്ടി ചെയ്തതാ. ആരും പേടിക്കണ്ട.

സ്നേഹത്തോടെ കീർത്തി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15