Novel

മരുമക്കൾ : ഭാഗം 3

Pinterest LinkedIn Tumblr
Spread the love

നോവൽ
എഴുത്തുകാരി: ശിവന്യ

സൗമ്യയുടെ സ്‌കൂട്ടി ആ നാട്ടിലെ ജനമൈത്രി പോലീസ് സ്റ്റേഷന് മുൻപിൽ ചെന്നു നിൽക്കുമ്പോൾ സമയം പത്തുമണി ആയിരുന്നു ..

എന്തുചെയ്യണം എന്നു ഒട്ടും ശങ്കയില്ലാതെ അവൾ സ്റ്റേഷന് അകത്തേക്ക് കയറി…

“നി എന്താ സൗമ്യേ ഇവിടെ”

സ്റ്റേഷൻ പാറാവ് ചുമതലയിൽ ഉണ്ടായിരുന്ന, രാജേഷിന്റെ അയൽക്കാരനായ റിയാസ് ചോദിച്ചു…

ആ സമയം മകനെയും കൊണ്ടു സ്റ്റേഷനിലേക്ക് കയറിവന്ന സൗമ്യയെ കണ്ടു അവൻ അന്ധാളിച്ചിരുന്നു…

എന്നാൽ ഒട്ടും പതർച്ചയില്ലാതെ തന്നെ തന്റെ ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്നും അതിനെതിരെ പരാതി കൊടുക്കാനുമാണ് വന്നതെന്ന സൗമ്യയുടെ വാക്കുകളിൽ നിന്നു ഇന്നവിടെ എന്തെങ്കിലും പ്രശ്നം നടന്നിട്ടുണ്ടാകുമെന്നു അവൻ ഊഹിച്ചു…

ഉടനെ തന്നെ വനിതാപോലീസിനെ വിളിച്ചു സൗമ്യയെ ഏല്പിച്ചിട്ട് അവൻ എസ്‌ഐ യുടെ റൂമിലേക്ക്‌ നടന്നു… ഭാഗ്യത്തിന് അദ്ദേഹം വീട്ടിലേക്ക് പോകാൻ ഇറങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ…

റിയാസിന്റെ വാക്കുകളിൽ നിന്നും ഒരേകദേശരൂപം സൗമ്യയെ കുറിച്ചു ലഭിച്ചതിനാൽ തൽക്കാലം ഉപദേശിച്ചു വീട്ടിലേക്ക് കൊണ്ടു വിടാം എന്നു എസ്‌ഐ തീരുമാനിച്ചു…

പക്ഷെ കേസ് എടുത്തെ മതിയാകൂ എന്ന നിലപാടിൽ ആയിരുന്നു സൗമ്യ…

കേസ് എടുത്താലും നിന്റെ കൂടെ ആരെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് അവൾക്കു മറുപടി ഇല്ലായിരുന്നു…

നിന്റെ കുഞ്ഞെങ്കിലും നിന്നെ ന്യായീകരിച്ചു സംസാരിക്കുമോ എന്നു റിയാസ് ചോദിച്ചെങ്കിലും അവൾക്ക് ഭവഭേദം ഒന്നുമുണ്ടായില്ല….

ഒരുതരത്തിലും അവൾ പിന്മാരില്ലെന്നു കണ്ടപ്പോൾ അദ്ദേഹം തന്നെ അവളെയും കൂട്ടി രാജേഷിന്റെ വീട്ടിലേക്കു തിരിച്ചു…കൂടെ രണ്ടു കൊണ്സ്റ്റബിൾസും ഉണ്ടായിരുന്നു…

****************************

സൗമ്യ ഇറങ്ങിപോയപ്പോൾ ഇനി എന്തു ചെയ്യുമെന്നറിയാതെ ഹാളിൽ തന്നെ ഇരിക്കുകയായിരുന്നു രാക്കിയമ്മയും രാജീവും ഭാര്യയും…

രാജേഷ് അപ്പോൾ റൂമിൽ കയറി കഥകടച്ചതാണ്…

ആ അസമയത്ത് വീടിന്റെ മുൻപിൽ പോലീസ് ജീപ്പ് വന്നു നിന്നപ്പോൾ അക്ഷരാർത്ഥത്തിൽ എല്ലാവരും ഞെട്ടിപ്പോയി…

ജീപ്പിൽ നിന്നും സൗമ്യയും മോനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ നേരെ പോയത് പോലീസ് സ്റ്റേഷനിൽ ആണെന്നും അവളുടെ വീട്ടിലേക്കല്ലെന്നും മാലിനി രാജീവിന്റെ ചെവിയിൽ പറഞ്ഞു…

രാക്കിയമ്മയും അതുകേട്ടെങ്കിലും അവർക്കത് ഉൾകൊള്ളാൻ പറ്റിയില്ല…

അസമയത്ത് ഒരു പെണ്ണ് ഒറ്റക്ക് വണ്ടി എടുത്തു പോകുന്നത് കണ്ട പോലീസ് അവളെ വീട്ടിൽ എത്തിച്ചതായിരിക്കും എന്നു വെറുതെ അവർ ആശ്വസിക്കാൻ ശ്രമിച്ചു…

എന്നാൽ അൽപനേരം കൊണ്ടു തന്നെ മാലിനി പറഞ്ഞതാണ് ശരി എന്നവർക്കു മനസ്സിലായി…

“രാജേഷ് ആരാ..”

അകത്തേക്ക് പ്രവേശിച്ചുകൊണ്ടു എസ്‌ഐ ചോദിച്ചു .

” എന്റെ മോനാ സാറേ..”

രാക്കിയമ്മ മുന്നോട്ടു വന്നു…

“അപ്പൊ നിങ്ങളാണ് അമ്മായിയമ്മ… ശരി.. അവനെ ഇങ്ങോട്ട് വിളിക്കു…”

മാലിനി ഉടനെ തന്നെ രാജേഷിനെ വിളിക്കാൻ പോയി…

അൽപസമയം കഴിഞ്ഞപ്പോൾ രാജേഷ് മുൻപിലും അവൾ പിന്നിലായും അങ്ങോട്ടെത്തി…

“താൻ ആണോ രാജേഷ്..”

“അതേ സർ”

..”ഈ നിക്കുന്നത് തന്റെ ഭാര്യ അല്ലെ… ”

അവൻ തലയാട്ടി…

“ഈ കുട്ടി ഇത്രയും നേരം എവിടെ ആണെന്ന് തനിക്കറിയുമോ…”

അവൻ ഒന്നും മിണ്ടിയില്ല…
അഹങ്കാരവും ദേഷ്യവും കൊണ്ടു സൗമ്യയുടെ മുഖം ചുമന്നു…

പക്ഷെ ഒറ്റനോട്ടത്തിൽ തന്നെ രാക്കിയമ്മയും രാജേഷും സൗമ്യ പറഞ്ഞ രീതിയിൽ ഉള്ളവരല്ലെന്നു എസ്‌ഐ ക്കു മനസ്സിലായിരുന്നു…

മാത്രമല്ല സൗമ്യ പറഞ്ഞതിൽ മുക്കാല്ഭാഗവും നുണയാണെന്നും അദ്ദേഹം ഉറപ്പിച്ചിരുന്നു… ദിവസവും ഇങ്ങനെയുള്ള എത്ര ആൾക്കാരെ കാണുന്നതാണ്….

എങ്കിലും അദ്ദേഹം രാജേഷിന് മുൻപിൽ കുറച്ചു കടുപ്പത്തിൽ തന്നെ നിന്നു…

അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നതിനു ശേഷം അദ്ദേഹം രാജേഷിനോടും സൗമ്യയോടും കൂടി അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു…

അപ്പോഴേക്കും ഉറക്കം തൂങ്ങി അവശനായ മോനെ മാലിനി വന്നു കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ സൗമ്യ തടഞ്ഞു…

“ഒരു കുഞ്ഞിനെ പ്രസവിക്കാൻ പോലും കഴിവില്ലാത്ത ചേച്ചി എന്റെ മോനെ എടുക്കണ്ട….”

അവളുടെ വാക്കുകൾ മാലിനിയെ ചുട്ടുപൊള്ളിച്ചു…

അതിലും കൂടുതൽ എസ്ഐയുടെ മനസ്സിലായിരുന്നു ആ വാക്കുകൾ കൊണ്ടത്… കാരണം അദ്ദേഹത്തിനും കുട്ടികൾ ഇല്ലായിരുന്നു…

അദ്ദേഹത്തിന്റെ കണ്ണുകൾ മാലിനിയുടെ നേർക്കു നീണ്ടപ്പോൾ അവൾ കരച്ചിലടക്കി നിക്കുന്നതാണ് കണ്ടത്…

. “കുട്ടിയെ അകത്തു കൊണ്ടുപോയി ഉറക്കു”

അദ്ദേഹം മാലിനിയോട് ആവശ്യപ്പെട്ടു…

മാലിനി മുന്നോട്ടു വന്നപ്പോൾ അല്പം നീരസത്തോടെ എസ്‌ഐ പറഞ്ഞതു കൊണ്ടു മാത്രം സൗമ്യ കുട്ടിയെ വിട്ടു…

“സൗമ്യേ , നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്കിടയിലേക്ക് കുട്ടിയെ വലിച്ചിഴക്കരുത്…. ഇപ്പോൾ തന്നെ നോക്കിയേ കിടന്നുറങ്ങേണ്ട സമയം ആ കുട്ടിയെ പൊലീസ് സ്റ്റേഷനിൽ കൂട്ടിവന്നിരിക്കുന്നു…

ഒരു സാധാരണ കുടുംബത്തിലെ കുഞ്ഞുങ്ങൾക് ഇതൊക്കെ ശീലമുണ്ടാകുമോ… നിങ്ങൾ അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തിൽ ഇരിക്കേണ്ട സമയമല്ലേ അതിങ്ങനെ പേടിച്ചു ഉരുകിത്തീരുന്നത്…

നിങ്ങളുടെ ഈ ദേഷ്യവും വാശിയും വഴക്കുമൊക്കെ കുഞ്ഞിന്റെ മനസികനിലയെ സാരമായി ബാധിക്കുമെന്ന് കൂടി നിങ്ങളോർക്കണം….”

എല്ലാം തന്റെ കൈവിട്ടു പോകുകയാണെന്ന തോന്നൽ സൗമ്യയിൽ ഉണ്ടായി…

“ശരിക്ക് എന്താ നിങ്ങൾക്കിടയിൽ ഉള്ള പ്രശ്നം…”

അദ്ദേഹം രാജേഷിനോട് ചോദിച്ചു….

സൗമ്യ സംസാരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അവളെ തടഞ്ഞു…

“സൗമ്യ പറയാനുള്ളതൊക്കെ പറഞ്ഞതല്ലേ… ഇനി രാജേഷ് പറയട്ടെ…”

“പ്രശ്നം…. ഇതൊക്കെ തന്നെയാണ് സർ പ്രശ്നം… ഈ വീട് എന്റമ്മയുടെ പേരിൽ ഉള്ളതാണ്… എന്നാൽ എന്റമ്മക്കോ, ഞങ്ങൾ മക്കൾക്കോ ഈ വീട്ടിൽ ഒരവകാശവും ഇല്ലെന്ന രീതിയിലാണ് ഇവളുടെ പെരുമാറ്റം…

ഈ നിക്കുന്ന എന്റെ ഏട്ടൻ , വിവാഹം കഴിഞ്ഞതോടെ ഇവിടുന്നു താമസം മാറ്റാനുള്ള കാരണം ഇവളാണ്…

ഒരു ദിവസത്തിൽ കൂടുതൽ ഇവരിവിടെ നിന്നാൽ എന്തെങ്കിലും കാരണമുണ്ടാക്കി ഇവൾ എന്നോട് വഴക്കിടാൻ വരും…

എത്ര വഴി മാറിപോയാലും ഇവളെന്നെ വഴകിലേക്കു പിടിച്ചിടും… ഞങ്ങൾ തമ്മിൽ വഴകിടുന്നത് കണ്ടിട്ട് എത്രയോ രാത്രികളിൽ ഏട്ടൻ എട്ടത്തിയെയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയിട്ടുണ്ടന്നറിയുമോ…

ഇപ്പോഴും ഈ വീട്ടിലെ ചിലവ് മുഴുവനും നോക്കുന്നത് എന്റെ ഏട്ടന്മാരും ഈ പ്രായമായ അമ്മയുമാ..

ഞാൻ ജോലി ചെയ്യുന്ന പൈസ ഇവളുടെ ആര്ഭാടങ്ങൾക്കു മാത്രം വേണം…
ഇട്ട ഡ്രെസ്സാലെ എന്റെ കൂടെ പത്തു വർഷം മുന്നേ ഇറങ്ങി വന്ന ഇവൾക്ക് ഇപ്പോൾ എത്ര ഡ്രെസ്സും സ്വർണവും ഉണ്ടെന്ന് സാറിനു അറിയോ…

മേലത്തെ റൂമിൽ ഉള്ള രണ്ടലമാര നിറയെ ഇവളുടെ ഉപയോഗിക്കാത്ത ഡ്രെസ്സുകളാണ്…
അതും പഴയതു മുഴുവൻ ആർക്കൊക്കെയോ എടുത്തു കൊടുത്തതിനു ശേഷവും ഉള്ളത്..

പിന്നെ എന്റെ മോന് …. അവനു വരെ
എന്നെ ഇപ്പോൾ പേടിയാ… ”

അതു പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറി…

അപ്പോൾ എന്തോ പറയാനാഞ്ഞ സൗമ്യയെ എസ്‌ഐ തടഞ്ഞു…

“അയാൾ പറയട്ടെ….”

“ഇവളങ്ങനെ ആക്കി തീർത്തതാ എന്റെ കുഞ്ഞിനെ…
രാജേഷ് തുടർന്നു

ഇത്തിരി സമയം ഞാൻ കുഞ്ഞുമായി കളിക്കുമ്പോൾ തന്നെ ഇവൾ വന്നു ആ കുഞ്ഞിനെ പിടിച്ചുകൊണ്ടുപോകും…

എന്തെങ്കിലും ഒരു തെറ്റിനു ഞങ്ങൾ ആരെങ്കിലും അവനെ ശാസിച്ചാൽ ഇവൾ ഞങ്ങളോട് വഴക്കിടും.. അപ്പോൾ കുഞ്ഞു കരുതും ഞങ്ങൾക്ക് അവനോടിഷ്ടമല്ലാത്തത് ആണെന്ന്…

ഇപ്പോൾ ഇവൾ ഏട്ടത്തിയോട് പറഞ്ഞതു സർ കേട്ടില്ലേ… എന്നാലും എത്ര കേട്ടാലും ഒരുളുപ്പുമില്ലാതെ ഏട്ടത്തി മോനെ കൂട്ടി കൊണ്ടുപോകും… അവനിഷ്ടമുള്ളതൊക്കെ വാങ്ങി കൊടുക്കും… ഒക്കെ ചെയ്യും…

ശരിയാ… ഞാൻ ഇവളെ ഒന്നു തല്ലി… എത്ര തവണ ഞാൻ അവളെ തള്ളിയിട്ടുണ്ടെന്നു സർ ചോദിക്കു… ഇവളെത്ര തവണ മാന്തിയും കടിച്ചും എന്നോട് അരിശം തീർത്തിട്ടുണ്ടെന്നു ചോദിച്ചു നോക്കു സാർ…

ഞങ്ങൾ ആണുങ്ങൾക്ക് ഇവര് പെണ്ണുങ്ങൾക്ക് ഉള്ളതുപോലെ വനിതകമ്മിഷനൊന്നും ഇല്ലാത്തതു കൊണ്ടു ആണുങ്ങൾ അനുഭവിക്കുന്ന പീഡനം ആരും അറിയില്ലെന്നേ ഉള്ളൂ…”

അവന്റെ വാക്കുകൾ കേട്ട് സൗമ്യ തലതാഴ്ത്തിയിരുന്നു…

എസ്‌ഐ പുച്ഛത്തോടെ തന്നെ നോക്കുന്നത് അവൾക്കു മനസ്സിലായിരുന്നു…

“ഇത്രയും കാലം ഞാൻ എന്റെ മനസ്സിൽ ഉള്ള വേദന ആരോടും പറഞ്ഞിരുന്നില്ല സാർ… നാട്ടുകാർക്കും വീട്ടുകാർക്കും ഇടയിൽ ഞാൻ നട്ടെല്ലില്ലാത്തവനാണ്… എനിക്ക് തല്ലാൻ അറിയാത്തതു കൊണ്ടല്ല സാർ…

ഞങ്ങടെ അച്ഛൻ അമ്മയെ തല്ലുന്നത് കണ്ടല്ല സാർ ഞങ്ങൾ വളർന്നത്… ഇരുപത്തിരണ്ടാം വയസ്സിൽ ഞാനിവളെ കൂട്ടി വന്നത് വരെ ഇവളുടെ വീട്ടിലെ കഷ്ടപ്പാടും ദുരവസ്ഥയും അറിഞ്ഞതുകൊണ്ടാണ്…

പക്ഷെ അന്നുമുതൽ ഇന്നുവരെ ഞാനിവളെ സ്നേഹിച്ചിട്ടേയുള്ളൂ… എന്നെ കൊണ്ടാകും വിധം ഞാനിവളെ നോക്കിയിട്ടും ഉണ്ട്… ഇനി സാർ പറ ഞാനെന്താ വേണ്ടത്…”

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

മകന്റെ വിഷമങ്ങൾ പറയുന്നത് കേട്ട രാക്കിയമ്മ വിങ്ങിപ്പൊട്ടി…

ആ അമ്മക്ക് , താൻ പൊന്നുപോലെ വളർത്തി കൊണ്ടു വന്ന തന്റെ മകന്റെ അവസ്ഥ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

“ഒന്നാലോചിച്ചു നോക്ക് സാർ , ആദ്യമായി ഞാനൊന്ന് തല്ലിയപ്പോഴേക്കും ഈ രാത്രി ഇവൾ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിൽ ഇനി ഞാനെന്തു വിശ്വസിച്ചു ഇവളുടെ കൂടെ ജീവിക്കും… അതുകൊണ്ടു ഇനി എനിക്ക് ഇവളെ ഭാര്യയായി വേണ്ട സാർ…

എനിക്ക് ഇതിൽ നിന്നും ഒരു മോചനം വേണം… ഇവളുടെ കൂടെയുള്ള ജീവിതത്തിനെക്കാൾ നല്ലതു ഞാൻ ജയിലിൽ വന്നു കിടക്കുന്നതാണു… സാർ കേസ് എടുത്തോളൂ… നേരിടാൻ ഞാൻ തയ്യാറാണ്…”

അവന്റെ ശബ്ദത്തിലുള്ള കാഠിന്യം തിരിച്ചറിഞ്ഞ സൗമ്യ ഞെട്ടി മുഖമുയർത്തി…

ആ വീടും അവിടുത്തെ സുഖസൗകര്യവും ഇല്ലാതാകുന്ന ഒരവസ്ഥ അവൾക്കു ചിന്തിക്കാൻ പോലുമാകില്ലായിരുന്നു….

പെട്ടെന്ന് എല്ലാരേയും ഞെട്ടിച്ചു കൊണ്ടു സൗമ്യ രാജേഷിന്റെ കാലിലേക്ക് വീണു….

(തുടരും)

മൂന്നു പാർട്ടിൽ തീർക്കണമെന്നു കരുതി എഴുതാൻ തുടങ്ങിയതാണ്… എന്നാൽ സൗമ്യക്ക് പണി കൊടുക്കാതെ നിർത്താൻ പാടില്ലെന്ന മെസേജ് ഒരുപാട് കിട്ടിയതു കൊണ്ടു രണ്ടു പാർട് കൂടി ഉണ്ടാകും…

പിന്നെ ആരെയും മെൻഷൻ ചെയ്യാത്തതും കമന്റിന് മറുപടി തരാത്തതും അഹങ്കാരവും തലകനവും കൊണ്ടല്ലാട്ടോ…

ഒന്നരാടം അല്ലെങ്കിൽ അതിലും ലേറ്റായി മാത്രം തുടർകഥകൾ പോസ്റ്റ് ചെയ്തിരുന്ന ആളാണ് ഞാൻ.. ഇതിപ്പോൾ ഡെയ്‌ലി ഇടുന്നതു കൊണ്ടു സമയം ഒട്ടുമില്ല..

വീട്ടുകാര്യങ്ങളും ഇതിനിടയിൽ നോക്കണ്ടേ..

അടുത്ത ഭാഗം നാളെ തന്നെ ഉണ്ടാകും… കഥ വായിക്കുന്നതിനും ലൈക്സ്, കമന്റ്സ് തരുന്നതിനു എല്ലാവരോടും ഒരുപാട് നന്ദിയും സ്നേഹവും….

സ്നേഹത്തോടെ ശിവന്യ..

(തുടരും)

മരുമക്കൾ : ഭാഗം 1

മരുമക്കൾ : ഭാഗം 2

Comments are closed.