Tuesday, September 17, 2024
Novel

സ്വാതിയുടെ സ്വന്തം : ഭാഗം 2

നോവൽ
എഴുത്തുകാരി: ശക്തി കല ജി

“വന്നവരൊക്കെ പോയോ… ” കണ്ണേട്ടൻ്റെ മെസ്സേജ്…

” പോയി…. ചായ കുടിക്ക് കണ്ണേട്ടാ.”.. ന്ന് മറുപടി മെസ്സെജ് ടൈപ്പ് ചെയ്ത് അയച്ചു കൊടുത്തു..

ചായ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിലേക്ക് പോയി…..

ഒരിക്കലെങ്കിലും കണ്ണേട്ടൻ്റെ ശബ്ദമൊന്ന് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്നോർത്തപ്പോൾ രണ്ട് തുള്ളി കണ്ണീർ അടർന്ന് ഭൂമിയിലേക്ക് പതിച്ചു….

അമ്മായി അടുക്കളയിൽ എന്തോ ചെയ്യുന്നത് കണ്ടു ഞാൻ മുറ്റത്തേക്കിറങ്ങി…

മുറ്റമടിച്ചു പുല്ലൊക്കെ പറിച്ചു വൃത്തിയാക്കി…

മുൻപ് ഒരു ജോലിക്കാരിയുണ്ടായിരുന്നു പുറംപണിക്ക്….

കണ്ണേട്ടൻ സ്വയം എഴുന്നേറ്റ് സ്വന്തം കാര്യങ്ങൾ നോക്കാൻ തുടങ്ങിയപ്പോൾ അവരെ പറഞ്ഞു വിട്ടു…..

വിവാഹം കഴിഞ്ഞ് വന്ന അന്ന് മുതൽ മുന്നുവർഷത്തോളമായി ഫോൺ മാത്രമാണ് ഞങ്ങൾക്കിടയിലെ സന്ദേശവാഹിനി…..

ഒരു നോട്ടമോ പുഞ്ചിരിയോ തൻ്റെ നേർക്കു വന്നിട്ടില്ല….

തൊട്ടരുകിൽ ഇരുന്നിട്ടും പരസ്പരം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരെ പോലെ ഫോണിലൂടെ സന്ദേശങ്ങളിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നവർ…. :

അല്ലെങ്കിലും കണ്ണേട്ടന് ഞാൻ ഒരിക്കലും ചേരില്ല…

കണ്ണേട്ടനെ കാണാൻ എന്ത് ഭംഗിയാ.. സിനിമാ നടനെ പോലെ സുന്ദരൻ…

ആകെ കൂടി എൻ്റെ ഭംഗി എന്ന് പറയാൻ മുഖത്തീ കണ്ണുകൾ മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട്….

അതു കൊണ്ട് എല്ലാവരിൽ നിന്നു സ്വയം ഒതുങ്ങി മാറിയിട്ടേയുള്ളു എന്നുo…..

അല്ലെങ്കിലും “സുന്ദരിപൊന്ന് ” എന്ന അമ്മയുടെ വിളിപോലും വർഷങ്ങൾ പഴക്കമുള്ളതാണ്…

അമ്മ മരിച്ചതിൽ പിന്നീടിന്ന് വരെ ആരും അങ്ങനെ വിളിക്കാനില്ലാത്തത് കൊണ്ട് അധികം സുന്ദരിയാവാൻ മെനക്കെട്ടിട്ടില്ല…..

ഓരോന്ന് ചിന്തിച്ചങ്ങനെ നിന്നപ്പോഴാണ് ദാ വരുന്നു നമ്മുടെ പരദൂഷണം സരസമ്മ….

സ്വന്തം വീട്ടിൽ മരുമകൾ ഒരിറ്റ് കഴിക്കാൻ കൊടുക്കില്ല….

. കാരണം അവരുടെ സ്വഭാവം അങ്ങനെയാ…..

പക്ഷേ എന്ത് സ്വഭാവമാണെങ്കിലും അതിൻ്റെ പേരിൽ ഭക്ഷണം കൊടുക്കില്ല എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ്….

അവർക്ക് ൻ്റ അമ്മയുടെ പ്രായം കാണും..

എന്നും കലത്തിൽ അരിയിടുമ്പോൾ അവർക്കും കൂടി ചേർത്താണ് ഇടുന്നത്.. അതു അമ്മായിക്കും അറിയാം…

എന്നും മൂന്ന് നേരം വരും ഇരുന്ന് പരദൂഷണ കഥപറച്ചില് കഴിഞ്ഞ് തിരികെ പോകുമ്പോൾ അമ്മായി അവരുടെ വയറു നിറച്ചേ വിടാറുള്ളു….

“മോളെ ശ്യാമളേച്ചിയെവിടെ….. ” അവർ സ്നേഹം ഭാവിച്ച് ചോദിച്ചു…

വൈകുന്നേരം ഇവിടെ വന്നതാരാണെന്ന് അറിയാനുള്ള വരവാണെന്ന് അവരുടെ നിൽപ്പുo ഭാവവും കണ്ടപ്പോ മനസ്സിലായി…..

” അമ്മായി അടുക്കളയിൽ ഉണ്ട്… ഞാനൊന്ന് കുളിക്കാൻ പോട്ടെ വിളക്ക് വയ്ക്കാറായി ” അടുത്ത ചോദ്യം അവരുടെ നാവിൽ നിന്ന് വരുന്നതിന് മുന്നേ അവരുടെ മുന്നിൽ നിന്നും രക്ഷപ്പെട്ടു….

ആദ്യമൊക്കെ സരസമ്മയോട് കുശലം പറയുമായിരുന്നു….

ഒരിക്കൽ അമ്മായിയോട് എന്തോ ചെറിയ പ്രശ്നം വന്നപ്പോൾ സരസമ്മയോട് ഞാനെൻ്റെ മനസമാധാനത്തിന് പറഞ്ഞ ഓരോ കാര്യങ്ങളും എണ്ണി പറഞ്ഞു വഴക്കുണ്ടാക്കിയ ദിവസം ആ ഒരു മനസമാധാനം വേണ്ടെന്ന് വച്ചതാണ്….

ഞാൻ വേഗം കുളിക്കാൻ കയറി….

കുളിച്ച് വന്ന് വിളക്ക് വച്ച് നാമം ജപിക്കുമ്പോൾ കുറച്ച് നേരം കണ്ണേട്ടനും വരാന്തയിലെ കസേര വന്നിരുന്നു….

ഇങ്ങനെ അടുത്തിരിക്കുമ്പോൾ മനസ്സിന് ഒരു സന്തോഷമുണ്ട്….

അതു കൊണ്ട് കണ്ണേട്ടനെ കേൾപ്പിക്കാനായി നല്ല ഈണത്തിൽ നാമം ജപിക്കും….. എൻ്റെ ഭഗവാൻ കണ്ണേട്ടനാ… എന്നെങ്കിലും ഒരിക്കൽ പ്രസാദിക്കും…..

അപ്പോഴും അടുക്കളയിലെ പരദൂഷണ കമ്മിറ്റി പിരിച്ച് വിട്ടിരുന്നില്ല…

ഇടയ്ക്കെപ്പോഴോ കണ്ണേട്ടൻ എഴുന്നേറ്റ് പോവുന്നത് കണ്ടു…

നാമo ജപിച്ച് കഴിഞ്ഞ് വിളക്ക് തിരികെ പൂജാമുറിയിൽ കൊണ്ടുവയ്ക്കുമ്പോൾ അടുക്കളയിൽ അമ്മായി പരദൂഷണം സരസമ്മയോട് തൻ്റെ സഹോദരൻ വന്നതിൻ്റെ വിശേഷങ്ങൾ വിളമ്പുന്നത് കേട്ടു….

അമേരിക്കയിൽ നിന്ന് സഹോദരൻ്റെ മകൾ വരുന്നതിൻ്റെ സന്തോഷ പറച്ചിലാണ്…

കിട്ടാനുള്ള വിവരങ്ങൾ കിട്ടി കഴിഞ്ഞപ്പോൾ സരസമ്മ പോകാനിറങ്ങി…

“മോളു സൂക്ഷിച്ചോണം… ഇന്ന് വന്നവരുടെ മകളെയാ കണ്ണന് വിവാഹം ഉറപ്പിച്ചു വച്ചിരുന്നത്..

അവർ തമ്മിൽ ഇഷ്ട്ടത്തിലുമായിരുന്നു….

കുഞ്ഞിലെ തൊട്ട് പറഞ്ഞു വച്ചിരുന്നതാ…. ശ്വേത മോളേക്കാൾ എന്ത് സുന്ദരിയാണെന്ന് അറിയാമോ.. പൊന്നിൻ്റെ നിറമാ….

. കണ്ണന് ചേരുന്ന പെണ്ണ്… ആണുങ്ങളുടെ മനസ്സല്ലെ ചിലപ്പോ കളിക്കുട്ടുകാരിയെ തേടി പോയാലോ… .” എന്ന് സരസമ്മ പറഞ്ഞപ്പോൾ എൻ്റെ വലത് കൈ അറിയാതെ താലിയിലേക്ക് നീണ്ടു…. താലിയിൽ മുറുകെ പിടിച്ചു..

ഹൃദയത്തിൽ അവരുടെ വാക്കുകൾ ആഴത്തിൽ കുത്തിയിറക്കിയത് പോലെ വേദന തോന്നി….

“പിന്നെന്താ അവർ വിവാഹം കഴിക്കാഞ്ഞത് ” എന്ന് ചോദിക്കുമ്പോൾ എൻ്റെ ശബ്ദമിടറി..

ഇതു വരെ വിവാഹത്തിന് മുൻപ്പുള്ള ഒരു കാര്യവും ആരോടും അന്വഷിച്ചിട്ടില്ല…

കൂടുതൽ എന്തൊക്കെ ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ചോദിച്ചില്ല…

അപ്പോഴേക്ക് അമ്മായി അവിടേക്ക് വന്നു…

“സ്വാതി മോൾക്ക് എന്താ അറിയേണ്ടത്… ഞാൻ പറയാം”… ചോദിച്ചോ “അമ്മായി ഗൗരവത്തിൽ ചോദിച്ചു…

” ഇല്ല… ഒന്നൂല്ല” എന്ന് പറഞ്ഞ് അവിടുന്ന് ഒരു വിധത്തിൽ തടികേടാക്കാതെ രക്ഷപ്പെട്ടു…. ചോദിക്കാൻ നിന്നിട്ട് വേണം രണ്ടും കൂടെ എന്നെയിട്ട് പൊരിക്കാൻ…..

രണ്ടു കൂടി എനിക്കും കണ്ണേട്ടനും ഡിവോഴ്സ് വാങ്ങി തരും…

പോരാതെ പരദൂഷണ കമ്മിറ്റി മുഖേന നാടു നീളെ ഞങ്ങൾ ബന്ധം പിരിഞ്ഞു എന്ന് വരെ പറഞ്ഞു പരത്തുo….
തൽക്കാലം മൗനമാണ് നല്ലത്…

രാത്രി കണ്ണേട്ടൻ നേരത്തെ കഴിച്ച് മുറിയിലേക്ക് പോയി.. …….

അടുക്കളയിൽ രാവിലെ കൂട്ടാൻ വയ്ക്കാനുള്ള പച്ചക്കറി അരിഞ്ഞ് വയ്ക്കാനായി ഫ്രീഡ്ജ് തുറന്നു…. അമ്മായി അടുക്കൽ വന്നിരുന്നു പച്ചക്കറി അരിഞ്ഞ് വയ്ക്കാൻ സാഹായിച്ചു….

കണ്ണേട്ടൻ നേരത്തെ മുറിയിൽ പോയത് കൊണ്ട് അമ്മായിക്ക് ആങ്ങളയെക്കുറിച്ച് നൂറ് നാവാരുന്നു….

ഏട്ടനുള്ളപ്പോൾ ഒന്നും പറയാനുള്ള ധൈര്യം അമ്മായിക്കില്ല….

“മോനു അന്ന് ഇങ്ങനൊരു അപകടം പറ്റിയില്ലാരുന്നേൽ ആങ്ങളയുടെ അമേരിക്കയിലുള്ള മകൾ ശ്വേത ഈ വീട്ടിലെ മരുമകളാകേണ്ടിയിരുന്നതാ …എന്ത് ചെയ്യാനാ എല്ലാം വിധി..

മൂന്നു മാസം ബോധമില്ലാതെ അശുപത്രി കിടക്കയിൽ ആയിരുന്നു കണ്ണൻ …

അപകടം നടന്നതിൽ പിന്നെ കണ്ണൻ സംസാരിച്ചിട്ടില്ല.. ഒരു പാട് ഓപ്പറേഷൻ അവൻ്റെ ശരീരത്തിൽ നടത്തി..

കല്ല്യാണ തിയതി വരെ തീരുമാനിച്ചതായിരുന്നു… വിവാഹം ക്ഷണിക്കാൻ അച്ഛനും മകനും പോയതാ… തിരിച്ച് വരാൻ നേരം ഒരാളുടെ ജീവൻ ഇല്ലായിരുന്നു….. ഒരു വണ്ടി ഇടിച്ച് തെറിപ്പിച്ചതാ….

അവൻ്റെ അച്ഛൻ നഷ്ട്ടപ്പെട്ടതറിയാതെ മൂന്ന് മാസംബോധമില്ലാതെ ആശുപത്രി കിടക്കയിൽ എൻ്റെ കുഞ്ഞ്….

പിന്നെ മുഹൂർത്തം തെറ്റണ്ടാന്നു പറഞ്ഞ് എൻ്റെ സഹോദരൻ അവൻ്റെ കൂടെ പഠിച്ച സുഹൃത്തിൻ്റെ മകനെ കൊണ്ട് ശ്വേതയെ കെട്ടിച്ചു..

രണ്ടു മാസം കൊണ്ട് അവൾ ഭർത്താവിന്റെ കൂടെ അമേരിക്കയിലേക്ക് പോയി..

”കണ്ണൻ ഒരിക്കലും എണ്ണീറ്റ് നടക്കില്ലെന്നാ ഡോക്ടർ അന്ന് പറഞ്ഞത്… അത് കഴിഞ്ഞ് ഒരുപാട് തനിയെ കഷ്ട്ടപ്പെട്ടു… അപ്പോഴൊക്കെ ദൈവം ഇല്ലാന്ന് തോന്നിയിട്ടുണ്ട്….. മാസങ്ങൾ ആശുപത്രിയിൽ തന്നെയായിരുന്നു വാസം…

, ഇപ്പോൾ അവൻ സംസാരിക്കില്ലന്നെ ഉള്ളു… ഇപ്പോൾ എല്ലാo പഴയ എല്ലാം ചെയ്യാൻ പറ്റുന്നുണ്ട് എന്ത് ചെയ്യാനാ എല്ലാം വിധി… വിധിച്ചതെ നടക്കു”.

ശ്വേത ൻ്റെ കൈയിൽ കിടന്ന് വളർന്ന കൊച്ചാ….എനിക്കവളെ കാണാൻ കൊതിയാകുന്നു.. നീ അവനോടൊന്നു പറ …

മൂന്ന് ദിവസം നേരത്തെ പേക്കോട്ടെന്ന്.. ” അമ്മായി പറഞ്ഞു….

ഞാൻ ചോദിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് ചെന്നപ്പോൾ കണ്ണേട്ടൻ ഉറങ്ങിക്കഴിഞ്ഞു…

ഉറങ്ങി കഴിഞ്ഞാൽ എണ്ണിപ്പിക്കുന്നത് കണ്ണേട്ടന് ഇഷ്ടല്ല…

ഞാൻ ശബ്ദമുണ്ടാക്കാതെ പുതപ്പ് എടുത്ത് പുതപ്പിച്ചു തിരിഞ്ഞ് നടന്നു….

“അമ്മായി കണ്ണേട്ടൻ ഉറങ്ങിട്ടോ… അമ്മായി അത്താഴം കഴിച്ച് കിടന്നോളു … രാവിലെ ചോദിക്കാം..”.. എന്ന് പറഞ്ഞ് മുറിയിലേക്ക് നടന്നു….

എൻ്റെ ചിന്തകൾ മുഴുവൻ സരസമ്മ പറഞ്ഞ വാക്കുകളിലായിരുന്നു….

അമ്മായി ശ്വേതയെ കുറിച്ച് ഇടയ്ക്ക് പറയുമായിരുന്നെങ്കിലും സരസമ്മ പറഞ്ഞത് എനിക്ക് പുതിയ അറിവായിരുന്നു…

കണ്ണേട്ടനും ശ്വേതയും ഇഷ്ട്ടത്തിലായിരുന്നു എന്നത്…

കണ്ണേട്ടൻ്റെ മനസ്സിൽ ഞാനില്ല എന്ന സത്യം ഉൾക്കൊണ്ടേ പറ്റു..

പക്ഷേ എന്തോ അതോർക്കുമ്പോൾ ഒരു വിങ്ങൽ…..

കരച്ചിലിൻ്റെ ശബ്ദം ഞാൻ പോലും അറിയാതെ പുറത്തേക്ക് വന്നപ്പോൾ കണ്ണേട്ടൻ്റെ കൺപീലികൾ ചിമ്മുന്നത് കണ്ടു…. കരച്ചിലടക്കി കൊണ്ട് തിരിഞ്ഞ് കിടന്നു…..


അവളുടെ ചിന്തകൾ മൂന്നു വർഷം പിന്നിലേക്ക് സഞ്ചരിച്ചു…

അച്ഛനെ കണ്ട ഓർമ്മയില്ല.. ഞാൻ ഭൂമിയിലേക്ക് എത്തുo മുന്നേ അച്ഛൻ എന്നന്നേക്കുമായി വിട്ട് പോയിരുന്നു ‘.

ക്യാൻസർ ബാധിച്ച് അമ്മയും മരണത്തിന് കിഴടങ്ങിയപ്പോൾ തീർത്തും ഒറ്റപ്പെട്ടു…

വീട്ടിൽ ഒറ്റയ്ക്കായി…. അമ്മ ഇനി കൂടെയില്ലെന്നുള്ള സത്യം ഉൾക്കൊള്ളാൻ ഒരുപാടു നാളുകൾ വേണ്ടിവന്നു…

അമ്മയുടെ മരണശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛന്റെ അനിയൻ അവൾക്ക് ചെക്കനെ അന്വഷിക്കാൻ തുടങ്ങി..

ഏതൊരു പെണ്ണിനെയും പോലെ എനിക്കും കുഞ്ഞു ആഗ്രഹങ്ങളുണ്ടാരുന്നു….

ചെക്കന് നിറം കുറവാണേലും സാരമില്ല നല്ല സ്വാഭാവം മതി…

കണ്ണട വയ്ക്കാൻ പാടില്ല….. നല്ല മീശ വേണം.. ചുണ്ടിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന കുസൃതി ചിരിവേണം…

താടി വളർത്തരുത് മുടി വേണ്ടാനൊക്കെ…

ഇതൊക്കെ ആരോടു പറയാനാ…

മനസ്സിൽ സ്വപ്നങ്ങളും ആഗ്രഹങ്ങളും അണിയിച്ചൊരുക്കിയിരുത്തി…

അങ്ങനെ മനസ്സിൽ സ്വപ്നം നെയ്ത് നടന്ന സമയത്താണ് കൊച്ഛച്ചൻ ബ്രോക്കറേയും വിളിച്ച് കൊണ്ട് ഒരു ദിവസം വന്നത്….

.. “ഒരു കല്ല്യാണം ശരിയായിട്ടുണ്ട് ഫോട്ടോ കണ്ടപ്പോൾ ഇഷ്ടായി അത് കൊണ്ട് നേരിട്ട് വരുന്നില്ല.. ” എന്ന് കൊച്ഛൻ പറഞ്ഞപ്പോൾ സമ്മതം എന്ന് മാത്രം പറഞ്ഞു….

ബ്രോക്കർ ചെക്കൻ്റെ ഫോട്ടോ കാണാൻ തന്നു….

. ചെക്കന്റെ ഫോട്ടോ കണ്ടപ്പോൾ വല്ല്യ കുഴപ്പമില്ല…. ആർക്കും ഒറ്റനോട്ടത്തിൽ ഇഷ്ട്ടപ്പെടും…., കണ്ണടയില്ല.. നല്ല മീശയുണ്ട്….

നിറം ഇത്തിരി എന്നേക്കാൾ കൂടിയോന്നൊരു സംശയം…

സാരമില്ല അഡ്ജസ്റ്റ് ചെയ്യാം…

ഈ വീട്ടിൽ ഒറ്റയ്ക്ക് അച്ഛന്റെയും അമ്മയുടെയും ഓർമ്മകളിൽ ജീവിക്കുന്ന എനിക്ക് പുതിയ ഒരു കുടുംബം കിട്ടാൻ പോവാണെന്ന് ഓർത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി…

. ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനം… ആരെയും ഭയക്കാതെ കഴിയാൻ താലിയുടെ അവകാശത്തോടെയും സുരക്ഷിതതോടെയുമുള്ള ജീവിതം…. അത്രേ ആഗ്രഹമുള്ളായിരുന്നു…..

“അവർക്ക് നിൻ്റെ ഫോട്ടോ കണ്ട് ഇഷ്ട്ടപ്പെട്ട സ്ഥിതിക്ക് നമ്മുക്കിത് ഉറപ്പിക്കാം…

സ്വർണ്ണവും പൈസയും ചോദിച്ചില്ലേലും ഒരു തരി സ്വർണ്ണമില്ലാതെ മോളെയെങ്ങനാ പറഞ്ഞ് വിടുന്നത്…..

ഈ വീടും സ്ഥലവും മോൾടെ കല്ല്യാണം കഴിഞ്ഞ് പോയാൽ ആരുനോക്കാനാ….

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് എങ്ങനെയാ മറ്റൊരാൾക്ക് വിൽക്കാൻ തോന്നുന്നത്.. എന്റെ മകൾക്ക് ചേർത്ത് വച്ച കുറച്ച് സ്വർണ്ണവും പൈസയുമുണ്ട് അത് മോൾക്ക് തരാം…. പകരം സ്ഥലം എൻ്റെ മകൻ്റെ പേർക്ക് എഴുതിതരണം” കൊച്ചച്ചൻ പറഞ്ഞു വരുന്ന കാര്യം ഏകദേശം മനസ്സിലായി…..

അന്നവൾക്ക് ഉറക്കം വന്നില്ല…. തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി പതിന്നൊന്ന് മണിയായപ്പോൾ ..പെട്ടെന്ന് വാതിൽ മുട്ടുന്ന ശബ്ദവും..

വീടിന്റെ ഓടിൽ കല്ല് വീഴുന്ന ശബ്ദവും…

കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന കത്തി കൈയ്യിലെടുത്തു…

. നെഞ്ചോടു ചേർത്ത് പിടിച്ചു കിടന്നു,, ഇങ്ങനെ പേടിച്ച് പേടിച്ച് എത്ര നാൾ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റും. ഞാൻ കൊച്ചച്ചനെ ഫോണിൽ വിളിച്ച് വീടിന്റെ കാര്യങ്ങൾ വേഗം തീരുമാനിക്കാൻ പറഞ്ഞു..

”വീട് വിൽക്കണ്ട കൊച്ചച്ചനെടുത്തോളാമെന്ന് പറഞ്ഞു…. പൈസ കൊച്ചച്ചന്റെ മകൻ തരുo .. പിറ്റേ ദിവസം വീട് കൊച്ചച്ചന്റെ പേരിലാക്കാൻ ഒപ്പിട്ട് കൊടുക്കാൻ എല്ലാം എഴുതി തയ്യാറാക്കി കൊണ്ടുവന്നു…

ഒപ്പിട്ട് കൊടുത്ത് കഴിഞ്ഞ് അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണുനീരിനെ അവൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല..

വല്ലപ്പോളും വരുമ്പോൾ അച്ഛനെയും അമ്മയെയും അടക്കിയിരിക്കുന്നയിടത്ത് വിളക്ക് കൊളുത്താനുള്ള അനുവാദം തരണമെന്ന് മാത്രം അവൾ പറഞ്ഞു.. വിവാഹ സ്വപ്നങ്ങൾ മനസ്സിലേക്ക് കുടിയേറി….. പക്ഷേ ആ വിവാഹം അവളുടെ ജീവിതത്തിലെ കുഞ്ഞു സ്വപ്നങ്ങൾ പോലും തല്ലിതകർത്തു കൊണ്ടായിരുന്നു…

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വാതിയുടെ സ്വന്തം : ഭാഗം 1