Monday, November 18, 2024
Novel

കൗസ്തുഭം : ഭാഗം 25

എഴുത്തുകാരി: അഞ്ജു ശബരി


സൈനുമ്മ സുമിത്രാമ്മയെയും കൂട്ടിക്കൊണ്ട് അനുവിന്റെ മുറിയിലേക്ക് ചെന്നു…

കരഞ്ഞ് കരഞ്ഞ് തളർന്ന് കട്ടിലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അനുരാധ…

“അനു… ”

സുമിത്രാമ്മ കട്ടിലിലിരുന്നു അനുവിനെ വിളിച്ചു..

“എഴുനേൽക്കു മോളെ.. എന്തൊരു കിടപ്പായിത്… ”

അവർ വിളിക്കുന്നത് കേട്ട് അവൾ പിടഞ്ഞെഴുനേറ്റു കട്ടിലിന്റെ കാലിൽ ചാരിയിരുന്നു…

“മോൾക്ക് അമ്മയോട് ദേഷ്യമുണ്ടാവും എനിക്കറിയാം… ഒരിക്കലും ഈ സത്യങ്ങളൊന്നും നീ അറിയരുതെന്ന് ശിവേട്ടന് നിർബന്ധമുണ്ടായിരുന്നു… പക്ഷെ അക്ഷയ്… ”

“അമ്മ വിഷമിക്കേണ്ട… എന്നായാലും ഇതൊക്കെ ഞാനറിയേണ്ടതല്ലേ.. ഏട്ടന് സ്വത്തുക്കളൊക്കെ കൊടുക്കുന്നതിലല്ല എനിക്ക് സങ്കടം… പെട്ടെന്നൊരുനിമിഷം ഈ ലോകത്തു ഞാൻ തനിച്ചായല്ലോ എന്നോർക്കുമ്പോൾ……. ”

വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അനു തലയിണയിൽ മുഖമമർത്തി…

” ഇല്ല മോളെ നീ ഒരിക്കലും തനിച്ചാകില്ല… എന്റെ മരണം വരെ ഞാൻ ഉണ്ടാവും നിനക്ക്.. ”

സുമിത്രാമ്മ പറഞ്ഞു

അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ മറ്റുള്ളവരും നിന്നു…

“അമ്മെ…”

നവി വിളിക്കുന്നത് കേട്ട് സുമിത്രാമ്മ തിരിഞ്ഞു നോക്കി…

“ഈ ഒരവസ്ഥയിൽ ചോദിക്കുന്നത് ശരിയല്ലെന്നറിയാം എങ്കിലും എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം.. അക്ഷയ് പറഞ്ഞതൊന്നും പൂർണ്ണമായി വിശ്വസിക്കാൻ ഞങ്ങൾക്കൊന്നും കഴിഞ്ഞിട്ടില്ല… ”

നവി പറയുന്നത് കേട്ട് അനുവും മുഖമുയർത്തി നോക്കി..

സുമിത്രാമ്മ നിസ്സഹായതയോടെ അനുവിനെ നോക്കി..

“ഏട്ടൻ പറയുന്നതല്ല ‘അമ്മ പറയുന്നതാണ് ഞങ്ങൾക്ക് വിശ്വാസം എന്താണ് സംഭവിച്ചതെന്ന് ‘അമ്മ പറയണം.. ”

അനുവും പറഞ്ഞു..

സുമിത്രാമ്മയുടെ മനസ്സ് വർഷങ്ങൾ പിറകിലേക്കോടി..

“അക്ഷയ്‌ക്കു അഞ്ചുവയസ്സ് ഉള്ളപ്പോഴാണ് ഞാൻ രണ്ടാമതും ഗർഭം ധരിച്ചത്.. ”

“പ്രസവത്തിനായി എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. അന്നൊക്കെ സർക്കാരാശുപത്രിയിൽ ആണ് പ്രസവമൊക്കെ എടുക്കുന്നത്… ശിവേട്ടന് പരിചയമുള്ളൊരു ഡോക്ടർ ആണ് അവിടുത്തെ ഗൈനെക്കോളജിസ്റ്.. ”

“എന്നോടൊപ്പം ഏട്ടനെക്കൂടാതെ എന്റെ അമ്മയുമുണ്ടായിരുന്നു ആശുപത്രിയിൽ.. ”

“അവിടെവെച്ചു ഞാനെന്റെ പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടി… ദേവകി.. അവളവിടെ നേഴ്സ് ആയിരുന്നു.. ”

“ആദ്യം മുതൽ ഞാൻ ഡിസ്ചാർജ് ആകുന്ന വരെ ദേവു എന്നോടൊപ്പം ഉണ്ടായിരുന്നു… ”

“എനിക്ക് വേദന വരാനായി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ബെന്നിയുടെ ഭാര്യ സീനാമ്മയെ അവിടേക്കു കൊണ്ടുവന്നത്.. ”

“സീനാമ്മയും ഗർഭിണി ആയിരുന്നു… ഇതിനു മുൻപ് സീനാമ്മയുടെ രണ്ടു കുട്ടികൾ പ്രസവിക്കും മുന്നേ മരിച്ചതാ അതുകാരണം അവർക്കു കൂടുതൽ ശ്രദ്ധ വേണമായിരുന്നു… പെട്ടെന്നെന്തോ രക്തസ്രാവം ഉണ്ടായിട്ട് അവരെ ഹോസ്പിറ്റലിൽ എത്തിച്ചതാ… അവരെ വേഗം ലേബർ റൂമിലേക്ക് മാറ്റി.. ”

“അതോടൊപ്പം തന്നെ എനിക്ക് വേദന തുടങ്ങി… അങ്ങനെ എന്നെയും ലേബർ റൂമിലേക്ക് കയറ്റി.. ”

“പുലർച്ചെ ഏകദേശം ഒരു പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ഞാൻ പ്രസവിച്ചു… ഞാൻ കുഞ്ഞിനെ കണ്ടു പെൺകുട്ടി ആയിരുന്നു…പിന്നീട് വേദന കാരണം മയങ്ങിപ്പോയി… എന്നെയും കുഞ്ഞിനേയും ഐസിയുവിലേക്കു മാറ്റി… അതോടൊപ്പം തന്നെ സീനാമ്മയുടെ ഓപ്പറേഷനും കഴിഞ്ഞിരുന്നു… അവർക്കും പെൺകുട്ടി ആയിരുന്നു.. ”

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ വീട്ടിലേക്ക് തിരികെ പോന്നു…

പക്ഷെ ആ ആശുപത്രി മുറിയിൽ എന്താണ് സംഭവിച്ചതെന്നറിയാൻ ഒരുപാട് വർഷങ്ങൾ കഴിയേണ്ടിവന്നു..

ശിവേട്ടൻ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് അദ്ദേഹം എന്നെയും കൂട്ടികൊണ്ടു ക്ഷേത്രത്തിലേക്ക് പോയി…

അവിടെ വെച്ച് ഭഗവാനെ സാക്ഷിനിർത്തി ശിവേട്ടൻ എന്നോട് ചില സത്യങ്ങൾ വെളിപ്പെടുത്തി….

പ്രസവശേഷം കുഞ്ഞിനെ കാണിച്ച് കഴിഞ്ഞു വേദനയുടെ മരുന്ന് തന്നു ഞാൻ മയക്കത്തിലേക്ക് വീണ സമയത്ത് എന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും അവൾ മരണത്തിലേക്ക് പോവുകയും ചെയ്തു…

അബോധാവസ്ഥയിൽ ആയതിനാൽ ഞാൻ ഇതൊന്നും അറിഞ്ഞില്ല…

ഡോക്ടർ ശിവേട്ടനെ വിളിച്ച് മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു…

“ഒരു പെൺകുഞ്ഞിനായി ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്നതാ ഞാനും ശിവേട്ടനും..ഞാൻ പ്രസവിച്ച എന്റെ മോളെ കണ്ണുനിറയെ കാണുന്നതിനു മുമ്പ് അവൾ എന്നെ വിട്ടു പോയി എന്ന് ഞാൻ അറിഞ്ഞാൽ അത് എനിക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല എന്ന് ശിവേട്ടന് അറിയാമായിരുന്നു….

അദ്ദേഹം ആ ഡോക്ടറുടെ മുമ്പിൽ നെഞ്ച് പൊട്ടി കരഞ്ഞു..

അതോടൊപ്പം മറ്റൊരു കരച്ചില് കൂടി കേട്ടു ഒരു പൊടി കുഞ്ഞിന്റെ..

ആ കുഞ്ഞിന്റെ കരച്ചിൽ ശിവേട്ടൻ ശ്രദ്ധിക്കുന്നത് കണ്ട് ഡോക്ടർ അദ്ദേഹത്തോട് പറഞ്ഞു…

ഇന്നിവിടെ ഒരേസമയത്ത് മൂന്നു പ്രസവങ്ങൾ ആണ് നടന്നത് മൂന്നു പെൺകുട്ടികൾ… സുമിത്രയോടും സീനയും ഒപ്പം ഒരു നാടോടി സ്ത്രീയും പ്രസവിച്ചു…

പ്രസവം അടുത്തു എന്ന് മനസ്സിലായപ്പോൾ ആശുപത്രിയുടെ വരാന്തയിൽ വന്നു വീണു പോയതാണ് അവർ… പക്ഷേ ഒന്ന് പ്രസവിക്കാനുള്ള ആരോഗ്യമവർക്കു ഉണ്ടായിരുന്നില്ല അതിനാൽ പ്രസവത്തോടെ ഒപ്പം അവരും മരണപെട്ടു …

അവരോടൊപ്പം അനാഥയായി ഒരു കുഞ്ഞും..

കുഞ്ഞിനെ സ്വീകരിക്കാൻ ആരുമില്ലാത്തതിനാൽ ആ കുട്ടിയെ അമ്മതൊട്ടിലിലേക്ക് ഏൽപ്പിക്കാനാണ് ആലോചിക്കുന്നത്….

“ഡോക്ടർ ഞാനൊരു കാര്യം ചോദിച്ചോട്ടെ…” ശിവദാസൻ ചോദിച്ചു..

“എന്താ”

“എന്തായാലും നിങ്ങൾ ആ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കും അപ്പൊ പിന്നെ അതിനെ എനിക്ക് തന്നൂടെ
… ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ സ്വന്തം കുട്ടി ആയിട്ട് തന്നെ ഞാൻ വളർത്തി കൊള്ളാം… ഡോക്ടർക്ക് അറിയാലോ ഇനി ഒരു പ്രസവം കൂടി സുമിത്രയുടെ ആരോഗ്യസ്ഥിതി വെച്ച് പറ്റില്ല..

ജീവിതകാലം മുഴുവനും ഈ വേദന താങ്ങി ഞങ്ങൾ ജീവിക്കേണ്ടിവരും

“അതിലും നല്ലത് ഇത് നമ്മൾ രണ്ടുപേരിലും മാത്രം തീരുന്ന ഒരു രഹസ്യമായി കൂടെ…അനാഥ കുഞ്ഞായി ജീവിക്കുന്നതിലും നല്ലത് അതല്ലേ.. അവൾ എന്റെ കുഞ്ഞായി തന്നെ ഒരു ജീവിക്കും ആരും ഒന്നും അറിയില്ല…”

ആദ്യമൊന്നും ഡോക്ടർ അതിന് സമ്മതിച്ചില്ല അവസാനം ശിവേട്ടന്റെ നിർബന്ധത്തിനു വഴങ്ങി ഡോക്ടർ അതു സമ്മതിച്ചു…

അങ്ങനെ ഞാൻ ഉണരുന്നതിനു മുമ്പ് തന്നെ കുഞ്ഞുങ്ങളെ പരസ്പരം മാറ്റി കിടത്തി… പ്രസവസമയത്ത് കുട്ടികളൊക്കെ ഒരുപോലെ ആയതിനാൽ ആർക്കും ആ വ്യത്യാസം മനസ്സിലായതുമില്ല

“സത്യങ്ങളൊക്കെ എന്നോട് തുറന്നു പറഞ്ഞാൽ ഞാൻ അത് ഏത് രീതിയിൽ എടുക്കും എന്നുള്ള ഭയം ഉള്ളതു കൊണ്ടാണ് ശിവേട്ടൻ ഇതുവരെ എന്നോട് ഒന്നും തുറന്നു പറയാതിരുന്നതെന്നും പറഞ്ഞ് അദ്ദേഹം എന്നോട് മാപ്പു പറഞ്ഞു..”

“ആ നിമിഷം എനിക്കാ മനുഷ്യനുണ്ട് ദേഷ്യമല്ല തോന്നിയത്.. ബഹുമാനമാണ്..”

“എനിക്കെന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് സത്യങ്ങളെല്ലാം നിന്നോട് തുറന്നു പറഞ്ഞ് നിന്റെ കാലുപിടിച്ചു മാപ്പ് ചോദിക്കണം അതിനാണ് ഇപ്പോൾ എല്ലാം തുറന്നു പറഞ്ഞിത് എന്ന് അദ്ദേഹം പറഞ്ഞപ്പോഴും എനിക്ക് മനസ്സിലായില്ല അദ്ദേഹം ഞങ്ങളെ വിട്ടു പോകാനുള്ള ഒരുക്കത്തിൽ ആയിരുന്നു എന്ന്…”

“ആ സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ഞങ്ങളെ വിട്ടുപോയി…”

“സത്യങ്ങളൊക്കെ അറിഞ്ഞതിനുശേഷം ഒരിക്കൽപോലും ഞാൻ എന്റെ മക്കൾ തമ്മിൽ ഒരു വ്യത്യാസവും കാണിച്ചിട്ടില്ല…”

“എന്റെ കുഞ്ഞു മരിച്ചു പോയെന്നും അനു മറ്റൊരാളുടെ കുട്ടിയാണെന്നും വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല ഞാൻ വിശ്വസിക്കുന്നത് ഞാൻ പ്രസവിച്ച എന്റെ സ്വന്തം കുഞ്ഞ് അനുരാധ തന്നെയാണ് ഇവൾ എന്റെ സ്വന്തം ചോര തന്നെയാ എന്റെ മരണം വരെ അങ്ങനെ തന്നെയായിരിക്കും…”

സുമിത്രാമ്മ പറഞ്ഞു നിർത്തി..

“പക്ഷെ അമ്മേ.. ഈ കാര്യങ്ങളൊക്കെ അക്ഷയ് എങ്ങനെ അറിഞ്ഞു… ”

നവി ചോദിച്ചു…

“എനിക്കറിയില്ല മോനെ…”

“അപ്പൊ അതിനർത്ഥം നിങ്ങളെ രണ്ടു പേരെയും കൂടാതെ മറ്റ് ആർക്കൊക്കെയോ ഈ വിവരം അറിയാം എന്നല്ലേ… ”

നവിയത് പറഞ്ഞപ്പോഴാണ് ബാക്കിയുള്ളവരും അതിനെക്കുറിച്ച് ചിന്തിക്കുന്നത്…

“അത് നേരാണല്ലോ… ”

നൗഫൽ പറഞ്ഞു..

“അമ്മ പറഞ്ഞത് വച്ചുനോക്കുമ്പോൾ ആ സമയത്ത് അമ്മയേയും അങ്കിളിനെയും കൂടാതെ ബെന്നി അങ്കിളും കുടുംബവുമാണ് അവിടെ ഉണ്ടായിരുന്നത്… ഒരുപക്ഷേ ഈ സത്യങ്ങളൊക്കെ നിങ്ങളെ രണ്ടുപേരെയും കൂടാതെ ബെന്നി അങ്കിളിനും അറിയാമെങ്കിലോ… അയാൾ ആണെങ്കിലോ ഇത് അക്ഷയിയോട് പറഞ്ഞത് … ”

നവി പറഞ്ഞു..

“അപ്പോൾ അതാണ് അക്ഷയ്യുടെ മാറ്റത്തിനുള്ള കാരണം.. ഈ കാര്യങ്ങളൊക്കെ ബെന്നി പറഞ്ഞിട്ട് ആയിരിക്കും അക്ഷയയുടെ മനസ്സ് മാറിയത്… ”

നൗഫൽ പറഞ്ഞു…

അവർ ഇതൊക്കെ സംസാരിക്കുമ്പോൾ നവി അനുവിനെ നോക്കി അവൾ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ മറ്റൊരു ലോകത്തായിരുന്നു…

ഇനി അവിടെനിന്ന് സംസാരിച്ചാൽ ശരിയാവില്ല എന്ന് തോന്നിയ നവനീത് പുറത്തേക്കിറങ്ങി പുറകെ ശ്രീനിയും നൗഫലും പുറത്തേക്കിറങ്ങി വന്നു…

“എന്താ… എന്താ നവി പുറത്തേക്കിറങ്ങിയത്…”

ശ്രീനി ചോദിച്ചു..

“ഏയ് ഒന്നുമില്ല നമ്മൾ സംസാരിക്കുന്നത് ഒന്നും അനു കേൾക്കണ്ട എന്നു തോന്നി..”

“അതെ അവൾ ഒരു ദിവസം കൊണ്ട് അവൾ ആകെ മാറിപ്പോയി… ”
ശ്രീനി പറഞ്ഞു…

“അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്ക് ആ കാര്യത്തിൽ നല്ല സംശയം ഉണ്ട് ഇതിന് പിറകിൽ എന്തോ കളിയുണ്ട് നമുക്കത് കണ്ടുപിടിക്കണം എത്രയും വേഗം… കാരണം കേസിന്റെ വിധി വരെ ഇനി കുറച്ചു ദിവസങ്ങളേ ഉള്ളൂ അതിനുമുമ്പ് ഇതിനൊരു തീരുമാനം ഉണ്ടാക്കിയില്ലെങ്കിൽ അനു കഷ്ടപ്പെട്ടത് വെറുതെ ആകും..”

നവി പറഞ്ഞു…

“നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും നവനീതെ.. എങ്ങനെ കണ്ടു പിടിക്കാൻ പറ്റും എന്നാണ് നീ പറയുന്നത്…”

നൗഫൽ ചോദിച്ചു..

“ഈ സത്യം അറിയാവുന്ന മൂന്നു പേരുണ്ട് ഒന്ന് അങ്കിളും രണ്ടു അമ്മയുമാണ്…. മൂന്നാമത് ആ ഡോക്ടർ… അവരെ ചെന്ന് കണ്ടാലും അവർ നമ്മളോട് സത്യം തുറന്നു പറയും എന്നതിൽ യാതൊരുറപ്പും ഇല്ല… അതുകൊണ്ട് നമുക്ക് ശാസ്ത്രീയമായ രീതിയിൽ തന്നെ നോക്കാം…”

“എങ്ങനെ…”

“അനുവിന്റെയും അമ്മയുടെയും ഡിഎൻഎ ടെസ്റ്റ് നടത്താം…”

“നവി നീ എന്തൊക്കെയാ ഈ പറയുന്നത് ചുമ്മാ അങ്ങനെ നടത്താൻ പറ്റുന്ന ടെസ്റ്റാണോ ഡിഎൻഎ ടെസ്റ്റ്…” ശ്രീനി ചോദിച്ചു…

“അല്ല ശ്രീനി എനിക്കറിയാം…”

“പിന്നെ എങ്ങനെ ചെയ്യും ടെസ്റ്റ് നടത്തിയാൽ എല്ലാവരും എല്ലാ കാര്യങ്ങളും അറിയില്ലേ..”

നൗഫൽ ചോദിച്ചു

“ആരും ഒന്നും അറിയില്ല ആരും അറിയാത്ത രീതിയിൽ നമ്മൾ ടെസ്റ്റ് നടത്തും അതിനു സഹായിക്കാൻ പറ്റുന്ന ഒരാൾ ഉണ്ട്..”

“ആരാത് ..”

“എന്റെ ഒരു ഫ്രണ്ട് ഉണ്ട് കാർത്തി.. മെഡിട്രെസ്റ്റിൽ ഡോക്ടർ ആണ്.. അവൻ വിചാരിച്ചാൽ മറ്റാരുമറിയാതെ അനുവിന്റെയും അമ്മയുടേയും ഡിഎൻഎ ടെസ്റ്റ് ചെയ്യാൻ പറ്റും.. ”

“ശ്രീനി നീ എന്നോടൊപ്പം ഒന്ന് വരണം നമുക്ക് കാർത്തിയെ ഒന്ന് കാണണം ഇത് നേരിട്ട് സംസാരിക്കേണ്ട കാര്യമാണ് ഫോണിൽ പറഞ്ഞാൽ ശരിയാവില്ല.. നൗഫൽ ഇവിടെ തന്നെ ഉണ്ടാകുമല്ലോ അല്ലേ.. ”

ഞാൻ ഉണ്ടാവും നവനീതേ നിങ്ങൾ പോയിട്ട് വാ…

ശ്രീനിയും നവിയും പുറത്തേക്ക് പോയി..

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

നവി ഒരിക്കൽ കൂടി ആമിയെ കാണാനായി അഗ്രഹാരത്തിലേക്കു പോയി..

കോളിംഗ് ബെൽ അടിച്ചപ്പോൾ അയ്യർ വന്ന് വാതിൽ തുറന്നു…

പെട്ടെന്ന് മുന്നിൽ നവനീതിനെ കണ്ടപ്പോൾ അയ്യർക്ക് ഭയങ്കര ദേഷ്യം ആയി…

“എന്താ വേണ്ടത്…”

“എനിക്ക് ആമിയെ ഒന്ന് കാണണം”

“നിന്നെ കാണാൻ അവർക്ക് താൽപര്യമില്ല..”

“അത് അങ്കിൾ മാത്രം തീരുമാനിച്ചാൽ മതിയോ”

“എന്റെ മോളുടെ കാര്യം പിന്നെ ഞാനല്ലാതെ വേറെ ആരാ തീരുമാനിക്കേണ്ടത്…”

“അങ്കിൾ അനുരാധ എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞു എനിക്ക് ആമിയെ ഒന്ന് കാണണം ചിലകാര്യങ്ങൾ അവളോട് സംസാരിക്കണം അതുകഴിഞ്ഞ് ഞാൻ പൊക്കോളാം പിന്നെ ഒരിക്കലും ശല്യത്തിന് ഞാൻ വരില്ല..”

“മ്മ്.. നവനീത് ഇരിക്ക്.. ഞാൻ അനുവിനോട് ഒന്ന് ചോദിക്കട്ടെ… ”

അയ്യർ അകത്തേക്ക് കയറിപോയപ്പോൾ നച്ചു മോള് വാതിലിന്റെ പുറകിൽ ഒളിച്ചു നിന്ന് തല പുറത്തേക്കിട്ടു നവിയെ നോക്കി.. അവൻ കണ്ടു എന്ന് മനസ്സിലാക്കുമ്പോൾ ഒളിക്കും.. വീണ്ടും എത്തി നോക്കും..

കുറച്ചു നേരം ആയപ്പോൾ നവി പതിയെ നടന്നു ചെന്ന് നച്ചുവിനെ വാരിയെടുത്തു…

“വിട്… ” നച്ചു നവിയുടെ കയ്യിൽ നിന്നും കുതറി..

നവി തന്റെ പോക്കറ്റിൽ നിന്നും ഒരു കാഡ്ബറിസ് എടുത്തു നച്ചുവിന് കൊടുത്തു.. അത് കിട്ടിയപ്പോൾ കുഞ്ഞിന് സന്തോഷമായി…

നച്ചു നവിയുടെ മടിയിലിരുന്ന് ചോക്ലേറ്റ് കഴിക്കുന്നത് കണ്ടുകൊണ്ടാണ് ആമിയും അച്ഛനും അവിടേക്ക് വന്നത്..

ആമിക്കു നവിയുടെ മുഖത്തേക്ക് നോക്കാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. നവി പക്ഷെ ഒന്നും കാണിച്ചില്ല…

“ആമി… ”

“എന്താ നവി.. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതല്ലേ പിന്നെ എന്തിനാ വീണ്ടും വീണ്ടും ഇങ്ങോട്ട് വരുന്നത്.. ‘

“ആമി എനിക്ക് ഇയാളോട് തനിച്ചു സംസാരിക്കണം.. ”

“എനിക്കൊന്നും പറയാനില്ല നവി.. ”

“എനിക്ക് പറയാനുണ്ട്… കൂടുതലൊന്നും വേണ്ട ഒരഞ്ചു മിനിറ്റു മതി.. പ്ലീസ് പറ്റില്ലെന്ന് പറയരുത്… ”

നവിയുടെ നിർബന്ധത്തിനു വഴങ്ങി അവസാനം ആമി സമ്മതിച്ചു…

ആമി നവിയെയും കൂട്ടി പുറത്തേക്കു പോയി… എന്തൊക്കെയോ ചില കാര്യങ്ങൾ നവി ആമിയോട് പറഞ്ഞിട്ട് അവിടെനിന്നും പോയി..

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ആ സംഭവത്തിന് ശേഷം അനൂ കൂടുതൽ സമയം മുറിക്കുള്ളിൽ തന്നെ അടച്ചുപൂട്ടിയിരുന്നു…

പുറത്തേക്കിറങ്ങില്ല ഭക്ഷണം കഴിക്കില്ല ആരോടും ഒന്നും സംസാരിക്കില്ല..

ഡിഎൻ എ ടെസ്റ്റിന് വേണ്ടി സാമ്പിൾ എടുക്കാൻ ഹോസ്പിറ്റലിലേക്ക് വരാൻ നവി പറഞ്ഞിട്ട് താല്പര്യമില്ലാതെ അവൾ ഇരുന്നു

അവസാനം നൗഫൽ നിർബന്ധമായി അനുവിനെയും അമ്മയെയും കൂട്ടികൊണ്ടു മെഡിട്രസ്റ്റിലേക്കു പോയി..

അവിടെവെച്ചു ഡിഎൻഎ ടെസ്റ്റിന് ആവശ്യമായ സാമ്പിൾ കാർത്തി എടുത്തു..

അതുകഴിഞ്ഞു പുറത്തേക്കിറങ്ങി വരുമ്പോൾ ആണ് ആരോ സുമിത്രാമ്മയെ പുറകിൽ നിന്ന് വിളിച്ചത്..

അതുകേട്ടു സുമിത്രാമ്മയും അനുവും തിരിഞ്ഞു നോക്കി.

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

കൗസ്തുഭം : ഭാഗം 21

കൗസ്തുഭം : ഭാഗം 22

കൗസ്തുഭം : ഭാഗം 23

കൗസ്തുഭം : ഭാഗം 24