Thursday, April 25, 2024
Novel

കൗസ്തുഭം : ഭാഗം 9

Spread the love

എഴുത്തുകാരി: അഞ്ജു ശബരി

Thank you for reading this post, don't forget to subscribe!

ഞാൻ പോലുമറിയാതെ എപ്പോഴോ അവളെന്റെ ഉള്ളിൽ കടന്നു കൂടി..

മൂന്നാല് ദിവസത്തെ ലീവിന് വന്ന ഞാൻ ബാക്കിയുള്ള മൂന്ന് ദിവസവും അവളെയും അന്വേഷിച്ചു അവൾ ജോലി ചെയ്യുന്ന ഡാൻസ് സ്കൂളിന്റെ പരിസരത്തും ബസ്റ്റോപ്പിലും ഒക്കെ കാത്ത് നിന്നു പക്ഷേ അവളെമാത്രം കണ്ടില്ല..

അങ്ങനെ എനിക്ക് തിരിച്ചു പോകേണ്ട ദിവസമായി..

സാധാരണ ഞാൻ നാട്ടിലേക്ക് അധികം വരാറില്ല.. വരുന്നത് തന്നെ അമ്മയെയും അച്ഛമ്മയെയും ഓർത്തു മാത്രമാണ്.. ആ വല്യ വീട്ടിൽ എന്റെ അമ്മയും അച്ഛമ്മയും കുറച്ചു ജോലിക്കാരും മാത്രമാണ് ഉള്ളത്..

അച്ഛനും ചേട്ടനും എപ്പോഴും ബിസിനസ് എന്ന് പറഞ്ഞ് ഓഫീസും ബിസിനസ് ട്രിപ്പും ഒക്കെയായി നടക്കും.. ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്… ആർക്കും അമ്മയുടെയും അച്ഛമ്മയുടെയും കാര്യങ്ങൾ അന്വേഷിക്കാൻ തീരെ സമയമില്ല..

അതുകൊണ്ട് തന്നെ എനിക്ക് നാട്ടിലെക്കാൾ ഇഷ്ട്ടം ഹൈദരാബാദിൽ ആയിരുന്നു… അത്‌ വേറൊരു ലോകമാണ്.. സാധാരണക്കാരുടെ ലോകം..

പക്ഷെ എന്തോ ആ ദിവസം എനിക്ക് തിരിച്ചു പോകാൻ തോന്നിയില്ല.. മനസ്സിൽ നിറയെ അവളുടെ മുഖമായിരുന്നു…

വിടർന്ന കണ്ണുകളും മുട്ടറ്റം നീളമുള്ള മുടിയും ചോക്കലേറ്റിന്റെ നിറവും നിറം മങ്ങിയ ചുരിദാറും…. മറ്റുള്ളവർക്ക് അവൾ അത്ര സുന്ദരിയായി തോന്നില്ലെങ്കിലും അവളെക്കാൾ സൗന്ദര്യം മറ്റാരിലും എനിക്ക് തോന്നിയിട്ടില്ല..

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾക്ക് വര്ഷങ്ങളുടെ ദൈർഘ്യം പോലെ തോന്നി.. വളരെ കുറച്ചു മണിക്കൂറുകൾ കൊണ്ട് ഒരു പെണ്ണിന് എന്റെ മനസ്സ് കീഴടക്കാൻ എങ്ങനെ കഴിഞ്ഞു എന്നെനിക്കറിയില്ല.. പലപ്പോഴും ഞാനത് ചിന്തിച്ചിട്ടുണ്ട്.. അറിയില്ല.. എനിക്കതിനൊരുത്തരം ഇത്‌ വരെ കിട്ടിയിട്ടില്ല..

ഞാനവളെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.. എല്ലാവർക്കും അവൾ അനുവായപ്പോൾ എനിക്ക് മാത്രം അവൾ ആമിയായി.. ഞാനവളെ ആമി എന്ന് വിളിച്ചു..

അന്നത്തെ സംഭവത്തിന്‌ ശേഷം ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല അവളുടെ ഫോൺ നമ്പറോ അഡ്രസോ ഒന്നും എന്റെൽ ഇല്ല..

എങ്കിലും ഞാനവളോട് എന്റെ മനസ്സ് കൊണ്ട് സംസാരിക്കുമായിരുന്നു..
എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും എന്റെ ആമിയോട് മാത്രമായി ഞാൻ ഷെയർ ചെയ്തു…

അടുത്ത ലീവിനായ് ഞാൻ കാത്തിരുന്നു.. അവളെ കാണാനായി

അങ്ങനെ വീണ്ടും ഒരാഴ്ചത്തെ അവധിയെടുത്തു ഞാൻ നാട്ടിലേക്ക് വന്നു.. എന്റെ ആമിയെ കാണാനായി മാത്രം..

“നവി.. മോനെ… ”
“ദാ വരുന്നു അമ്മേ.. ”

“എത്രനേരമായി കഴിക്കാനെടുത്തു വെച്ചിട്ട്.. ഇന്നെന്താ മോനെ പതിവില്ലാതെ രാവിലെ കുളിയും ഒരുക്കവും.. ”

“എന്ത് ഒരുക്കം.. ശെടാ മനുഷ്യന് കുളിക്കാനും പാടില്ലേ.. ”

“പാടില്ലെന്ന് ഞാൻ പറഞ്ഞോ ! അല്ല എന്റെ മോൻ പുതിയ ശീലങ്ങൾ തുടങ്ങിയത് കണ്ടത് കൊണ്ട് പറഞ്ഞതാണേ.. ”

“എന്താ ഭദ്രേ നീ എന്റെ കുഞ്ഞിനെ കളിയാക്കുന്നത്.. അവൻ വല്ലപ്പോഴും ആണ് ഒന്ന് വൃത്തിക്ക് കുളിക്കുന്നത് അതും നാട്ടിൽ വരുമ്പോൾ.. ”

അകത്തു നിന്നും ഇറങ്ങി വന്ന അച്ഛമ്മ അമ്മയേ സപ്പോർട്ട് ചെയ്തു പറഞ്ഞു..

“ഓഹ് വന്നോ.. അച്ഛമ്മയുടെ ഒരു കുറവ് കൂടി ഉണ്ടാരുന്നു.. അമ്മായിയമ്മയും മരുമോളും കൂടി എന്നെ കളിയാക്കാനായി കച്ച കെട്ടി ഇറങ്ങിയേക്കുവാ ല്ലേ.. ”

“ഡി ഭദ്രേ മതി ഇനി എന്റെ കുഞ്ഞിനെ കളിയാക്കേണ്ട.. മക്കൾ കഴിച്ചോ.. വെയിലത്തു ചെന്നു നിൽക്കാനുള്ളതല്ലേ.. ”

അച്ഛമ്മയുടെ ആക്കിയുള്ള സംസാരം കേട്ടപ്പോൾ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി..

“എനിക്ക് മതി.. ഞാൻ ഇറങ്ങട്ടെ.. ”
“അല്ലടാ നീയീ രാവിലെ എങ്ങോട്ടാ ”

“എനിക്കൊരു ഫ്രണ്ടിനെ കാണണം.. പോയിട്ട് വരാം.. ”

“മോനെ ഫ്രണ്ട് ആണോ പെണ്ണോ.. “.
“പെണ്ണ്.. അയ്യോ അല്ല ആണ്.. ”

“നീയേതെങ്കിലും ഒന്ന് ഉറപ്പിച്ചു പറയ്‌.. ”
“എന്തുവാ അമ്മേ ഞാൻ പോകട്ടെ സമയം വൈകി വന്നിട്ട് സംസാരിക്കാം.. ”

“വേഗം ചെല്ല് ബസ് പോയാലോ.. “..

അത് കേട്ട് പുറത്തേക്കിറങ്ങിയ നവി അവിടെ നിന്നു..

ബസ്റ്റോപ്പിൽ പോയി വായിനോക്കി നിൽക്കുന്നത് ഇവിടെ ആരും അറിയില്ല എന്ന് കരുതല്ലേ..

“അമ്മേ.. ഞാൻ… ”

“മോനെ.. നീ പോകുന്നതൊക്കെ കൊള്ളാം.. നിന്റെ ഈ പ്രായത്തിൽ അതൊക്കെ വേണം.. പക്ഷേ ഒന്ന് മറക്കരുത്.. ആരായാലും നമ്മുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ കുട്ടി ആയിരിക്കണം..”

” അല്ലെങ്കിൽ!! നിനക്കറിയാമല്ലോ അച്ഛന്റെ സ്വഭാവം… ഒരു പാവം കൊച്ചിന്റെ ശാപം എന്റെ മോന്റെ തലയിൽ വീഴരുത്… നമ്മുടെ കുടുംബത്തിനെ മുച്ചൂടും മുടിക്കാനുള്ള ശക്തി ആ കണ്ണുനീരിനു ഉണ്ടാവും.. ”

അത്രയും പറഞ്ഞിട്ട് അച്ഛമ്മയും അമ്മയും കയറി പോയി.. അപ്പോഴൊക്കെയും അമ്മ പറഞ്ഞ വാക്കുകൾ ആണ് മനസ്സ് നിറയെ..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പതിവ് പോലെ ബസ്റ്റോപ്പിൽ ഞാൻ കാത്തു നിന്നു…

വന്ന ബസിൽ അവൾ ഉണ്ടായിരുന്നു എന്റെ ആമി..

ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..

“അനാമിക.. ഓർമ്മയുണ്ടോ?? ”

“നവി.. ഓർമ്മയുണ്ടോ എന്നൊ.. മറക്കാൻ പറ്റുമോ.. ”

ആമിയുടെ സംസാരം കേട്ടപ്പോൾ എന്റെ മനസ്സ് തുടിച്ചു..

“അപ്പൊ ആമി എന്നെ ഓർക്കാരുണ്ടാരുന്നു അല്ലെ.. ”

“ആമിയോ?? ഞാൻ അനാമിക ആണ് നവി… ആമിയല്ല.. എല്ലാവരും എന്നെ അനു എന്നാ വിളിക്കുന്നത്.. ”

അതിനു മറുപടിയായി നവി ഒന്ന് ചിരിച്ചതെ ഉള്ളു..

“അനു എങ്കിൽ അനു.. ഇയാൾ എന്താ എന്നെക്കുറിച്ചു ഓർത്തത്.. ”

അവൾ വേഗം ബാഗ് തുറന്ന് എന്തോ എടുക്കാൻ തുടങ്ങി..

“ദൈവമേ ലവ് ലെറ്റർ.. ഇവൾ ഇതും കൊണ്ടാണോ നടക്കുന്നത്.. ”

ആമി വേഗം ഒരു വെള്ളകവർ എടുത്ത് നവിയുടെ നേരെ നീട്ടി..

അത് വാങ്ങുമ്പോൾ എന്റെ കൈ വിറക്കുന്നുണ്ടാരുന്നു..

ഞാനത് തുറന്ന് നോക്കി.

നല്ല മജന്ത നിറത്തിലുള്ള രണ്ടായിരത്തിന്റ ഒരു നോട്ടായിരുന്നു അതിൽ ഉള്ളത്..

ശേ.. ഇതായിരുന്നോ.. ലവ് ലെറ്റർ അല്ലല്ലേ….

“ടോ എന്തായിത്.. ”

“എന്റെ നവി.. ആരുടെയെങ്കിലും കയ്യിൽ നിന്നും ഒരു പത്തുരൂപ കടം വാങ്ങിയാൽ പോലും അത് തിരിച്ചു കൊടുക്കുന്നത് വരെ എനിക്ക് സമാധാനം ഉണ്ടാവില്ല.. ഇത് തരാനായി ഞാനെന്നും നവിയെ നോക്കാറുണ്ട്.. ഇപ്പഴാ എനിക്കൊരു സമാധാനമായത്.. ”

“അപ്പൊ ഇത്‌ തരാനാണോ ഇയാൾ എന്നെ ഓർത്തത്.. ”

“മ്മ്.. അതെ.. അല്ലാതെ വേറെന്തൊർക്കാനാ.. ആകെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളു.. നമ്മൾ ഫ്രണ്ട്‌സൊന്നും അല്ലല്ലോ.. ”

“ശരി ആമി.. എനിക്ക് പോയിട്ട് കുറച്ചു തിരക്കുണ്ട് പിന്നെ കാണാം.. ”

അത് പറഞ്ഞപ്പോൾ നവിയുടെ മുഖം മാറിയത് ആമി ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു..

നവി ആ പൈസ പോക്കറ്റിൽ ഇട്ടിട്ട് കാറിൽ കയറി പോയി.. ആമിയെ ഒന്ന് തിരിഞ്ഞും കൂടി നോക്കാതെ…

എന്നാലും നവനീത് എന്തിനാവും എന്നെ ആമി എന്ന് വിളിക്കുന്നത്… ഇനി ആമി ഇയാളുടെ ഗേൾ ഫ്രണ്ട് ആകുമോ.. ആ.. ഞാനെന്തിനാ അതൊക്കെ ഓർക്കുന്നത്..

ആമി തന്റെ ഡാൻസ് സ്കൂളിലേക്ക് കയറി പോയി..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പിന്നെയും ഞങ്ങൾ പല തവണ പല സ്ഥലങ്ങളിൽ വെച്ച് കണ്ടു.. ആമി അത് യാദൃശ്ചികം ആണെന്ന് കരുതി.. ഞാനവളെ ഫോളോ ചെയ്യുന്നത് ഒരിക്കലും അവൾ മനസ്സിലാക്കിയില്ല..

ദിവസങ്ങളും മാസങ്ങളും കടന്നു പോയി..

വർഷത്തിൽ രണ്ടോ മൂന്നോ ലീവെടുക്കുന്ന ഞാൻ ഇടക്കിടക്ക് നാട്ടിൽ വരാൻ തുടങ്ങി..

വീട്ടിൽ അമ്മയ്ക്കും അച്ഛമ്മയ്ക്കും എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്നല്ലാതെ ആരും എന്നോടൊന്നും അതിനെക്കുറിച്ച് ചോദിച്ചില്ല..

അങ്ങനെ ഇരിക്കെ ഒരു ദിവസം..
ഞാൻ അനാമികയുടെ ഫോണിലേക്ക് വിളിച്ചു..

“ആമി.. താൻ ഇന്ന് ഫ്രീയാണോ.. ”

“ഉച്ച കഴിഞ്ഞാൽ ഫ്രീയാണ്.. രാവിലെ ക്ലാസ്സ്‌ കഴിയും.. ”

“എങ്കിൽ എന്നോടൊപ്പം വരാമോ.. ഒരു ആവശ്യമുണ്ട് ”

“വരാം നവി.. എവിടെക്കാ.. ”

“അത് സസ്പെൻസ്… ക്ലാസ്സ്‌ കഴിയുമ്പോൾ ഞാൻ സ്കൂളിന്റെ മുന്നിൽ ഉണ്ടാവും.. ”

“ശരി.. ”

അന്ന് വൈകിട്ട് ആമിയെ കാത്ത് ഞാൻ കാറിലിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ആമി വന്നു കാറിൽ കയറി..

“എന്താ നവി അത്യാവശ്യം.. ”

“അതൊക്കെ ഉണ്ട്.. ഞാൻ പറയാം.. ”

“ഒരുപാട് ലേറ്റാവില്ലല്ലോ അല്ലെ.. ഞാൻ ചെന്നിട്ട് വേണം അമ്മയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ.. ”

“ഇല്ലെടോ കൂടിവന്നാൽ ഒരു മണിക്കൂർ അതിനുള്ളിൽ ഞാൻ തന്നെ വീട്ടിൽ കൊണ്ടാകാം.. ”

ഞാൻ ആമിയെയും കൂട്ടി ഫോർട്ട്‌ കൊച്ചി ബീച്ചിലേക്ക് പോയി..

ഹലോ മാഷേ.. ഒരു മണിക്കൂർ എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒന്നര മണിക്കൂറായി ഈ തിരയെണ്ണാൻ തുടങ്ങിയിട്ട്.. കാര്യം പറയെടോ..

അത്.. പിന്നെ..

എന്താ നവി ഒരു പരുങ്ങൽ…

ഏയ്‌.. ഒന്നുമില്ല ആമി..

അത് പറഞ്ഞപ്പോഴാണ് എപ്പോഴും ചോദിക്കണമെന്ന് കരുതും ആരാ ആമി?? നീ എന്തിനാ എന്നെ അങ്ങനെ വിളിക്കുന്നത്.. ആമി നിന്റെ ലവർ ആണോ..

ആമി… എന്റെ സോൾമേറ്റ് ആണ്.. കണ്ട നാൾ മുതൽ എന്റെ ഹൃദയം കീഴടക്കിയ ആൾ..

ആഹാ അത് കൊള്ളാമല്ലോ.. എന്നിട്ട് ആളെവിടെയാ എനിക്ക് കാണാൻ പറ്റുമോ??

എന്റെ ആമി അവൾ ദാ ഇവിടെ ഉണ്ട്..

നവി തന്റെ നെഞ്ചിൽ തൊട്ട് കാണിച്ചു..

എനിക്ക് ഒരു ഫോട്ടോ എങ്കിലും കാണിച്ചു താ നവി..

നവി വേഗം തന്റെ മൊബൈൽ എടുത്ത് ആമിക്ക് കൊടുത്തു..

ദാ ഇതിലുണ്ട്

ഏഹ് ഇത് ക്യാമറ അല്ലെ കളിക്കാതെ എനിക്ക് ഫോട്ടോ കാണിച്ചു താ നവി..

നീ ആ ക്യാമറയിലേക്ക് സൂക്ഷിച്ചു നോക്ക് ആമി.. ആ കാണുന്നതാണ് എന്റെ ഹൃദയം കീഴടക്കിയ എന്റെ ആമി.. എല്ലാവർക്കും അവൾ അനു ആയപ്പോൾ അവളെ ഞാനെന്റെ ആമിയാക്കി..

ആമി… “ഐ ലവ് യൂ… !!”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ അനാമിക നിന്നു…

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8