കൗസ്തുഭം : ഭാഗം 21

Spread the love

എഴുത്തുകാരി: അഞ്ജു ശബരി


ആ ചെറിയ വീടിന്റെ അകത്തുള്ള ഒരു മുറി തുറന്നു അയ്യർ അകത്തു കയറി ലൈറ്റ് തെളിച്ചു..

ആ മുറിയുടെ കോണിലുള്ള കട്ടിലിൽ ചുരുണ്ട് കിടക്കുന്നുണ്ടായിരുന്നു അവൾ ആമീ..

അനുവും നവനീത് മുറിയുടെ അകത്തേക്ക് കയറിയപ്പോൾ അയ്യർ പുറത്തേക്കിറങ്ങി…

കട്ടിലിൽ ചുരുണ്ടു കിടക്കുന്ന ആ മുഖം കണ്ട് നവനീത് ഞെട്ടിപ്പോയി..

നാലുവർഷം മുമ്പ് താൻ സ്നേഹിച്ചിരുന്ന തന്റെ ആമിയുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒരാളായിരുന്നു അത്…

കണ്ണുകൾ കുഴിഞ്ഞു കവിളുകൾ ഒട്ടി മെലിഞ്ഞുണങ്ങിയ ഒരു രൂപം.. പഴയ പ്രസരിപ്പും ഐശ്വര്യവും അവളിൽ നിന്ന് വിട്ടുപോയതുപോലെ..

അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.. എന്നിട്ടാ കട്ടിലിന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു… പതിയെ ആമിയെ വിളിച്ചു…

“ആമി…. കണ്ണുതുറക്ക് ആമി… ”

വളരെ പാടുപെട്ട് അവൾ കണ്ണുതുറന്നു… പെട്ടെന്ന് മുന്നിൽ നവിയെ കണ്ട് അവൾ ഞെട്ടിയെഴുനേറ്റു…

മുഖമൊക്കെ വലിഞ്ഞു മുറുകി… അവൾ കൈകൊണ്ട് തലമുടി ഒക്കെ വലിച്ചു പറിച്ചു വേദന കൊണ്ട് അലറി…

ആമിയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടു അനുവും നവിയും പകച്ചുപോയി.. അവർ എന്താ ചെയ്യേണ്ടത് എന്നറിയാതെ നിന്നു…

“ആമി… എന്തായിത്… ”

നവി വേഗം അവളെ ചേർത്ത് പിടിക്കാൻ നോക്കി… ആമി അവനിൽ നിന്നും കുതറി മാറി അവനെ തലങ്ങും വിലങ്ങും അടിച്ചു…

അനു വേഗം വന്നു അവളെ പിടിച്ചു മാറ്റാൻ നോക്കി അപ്പോഴേക്കും അയ്യരും ഭാര്യയും വന്നു എല്ലാവരും കൂടി ആമിയെ ബലമായി പിടിച്ചു മാറ്റി…

“നവനീത് പുറത്തിറങ്ങു… ” അയ്യർ പറഞ്ഞു…

“അങ്കിൾ ഞാൻ… ”

“ആദ്യം നീ പുറത്തിറങ്ങു എന്നിട്ട് സംസാരിക്കാം… ”

നവി പുറത്തേക്ക് പോകാൻ മടിച്ച് ആമിയെ തന്നെ നോക്കി നിന്നു..

” കുട്ടി പ്ലീസ് ഇയാളെ ഒന്ന് പുറത്തേക്ക് കൊണ്ടുപോകുമോ.. ” അയ്യർ അനുവിനോട് പറഞ്ഞു..

” നവീ.. നീ വാ.. ”

” അനു ഞാൻ. ”

” നവി നിന്നോട് വരാൻ അല്ലേ പറഞ്ഞത്.. ”

അനു ബലമായി അവനെ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് പോയി..

അപ്പോൾ വാതിൽക്കൽ ആമിയുടെ ബഹളങ്ങൾ കണ്ടു പേടിച്ചു വിറച്ചു നക്ഷത്ര മോൾ നിൽക്കുന്നുണ്ടായിരുന്നു..

അനു ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്തു..

“എന്താടാ… ”

“‘അമ്മ.. ”

“മോൾ പേടിച്ചു പോയോ… അമ്മക്ക് വാവിയല്ലേ വേദന കൂടിയപ്പോൾ കരഞ്ഞതാട്ടോ പേടിക്കേണ്ട… ”

അനു ആ കുഞ്ഞിനെ സമാധാനിപ്പിച്ചു..

നവി ഇതൊന്നും അറിയുന്നില്ലായിരുന്നു അവൻ മറ്റേതോ ലോകത്തായിരുന്നു.. തന്റെ കൺമുമ്പിൽ നടന്നതൊന്നും വിശ്വസിക്കാനാവാതെ അവനിരുന്നു..

കുറച്ചുകഴിഞ്ഞപ്പോൾ മുറിയിലെ ബഹളങ്ങൾ നിന്നു… അയ്യർ പുറത്തേക്കിറങ്ങി വന്നു..

” കണ്ടില്ലേ ഇതാണ് ഇപ്പോഴത്തെ അവസ്ഥ… എന്നെയും ഭാര്യയേയും മാത്രമേ അവർക്ക് ശരിക്കും അറിയു.. ശരിക്കും പരിചയമില്ലാത്ത ആൾക്കാരെ കണ്ടു കഴിഞ്ഞാൽ സാധാരണ മുറിയുടെ മൂലയിൽ പോയി പതുങ്ങി ഇരിക്കുകയാണ് ചെയ്യാറ്…”

” ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല… പക്ഷേ… എന്തുകൊണ്ടാണ് നവനീതിനോട് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ എനിക്കറിയില്ല… ”

ഹൃദയം നുറുങ്ങുന്ന വേദനയോടെ അദ്ദേഹം പറഞ്ഞു …

നവി ഒന്നും പറയാതെ പുറത്തേക്ക് കണ്ണും നട്ട് നിന്നു…

അയ്യർ വന്ന് അവന്റെ തോളിൽ കൈവെച്ചു..

“മോനെ… നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകും… ഞങ്ങളെന്താ ചെയ്യേണ്ടത് നീ പറയ്.. ”

അവരോട് എന്ത് പറയണം എന്നറിയാതെ അവൻ നിന്നു..

“ആമിയെ കണ്ടില്ലേ… രണ്ടാളും പൊക്കോ.. ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളാം.. ആരും ഞങ്ങളെയന്വേഷിച്ചു ഇനിയങ്ങോട്ട് വരേണ്ട.. ” അയ്യർ പറഞ്ഞു…

അനു ആ കുഞ്ഞിനെ താഴെ നിർത്തി നവിയുടെ അടുത്തേക്ക് വന്നു..

” നവി വാ നമുക്ക് പോകാം…”

അനുവിനോടൊപ്പം ഒന്നും മിണ്ടാതെ നവി പുറത്തേക്കിറങ്ങി…. എന്നിട്ട് വീണ്ടും അകത്തേക്ക് കയറി അയ്യരുടെ കൈപിടിച്ച് പറഞ്ഞു…

“ആമിക്ക് പറ്റിയതെന്നും അവളുടെ തെറ്റ് കൊണ്ടല്ലല്ലോ.. എനിക്ക് തന്നൂടെ അവളെ… പൊന്നുപോലെ നോക്കിക്കോളാം ഞാൻ… അത്രയ്ക്ക്… അത്രയ്ക്ക്.. സ്നേഹിച്ചു പോയി അതുകൊണ്ടാ…”

മനസ്സിലെ വേദന മുഴുവനും അടക്കിപ്പിടിച്ചു കൊണ്ടാണ് അവനത്രയും പറഞ്ഞു നിർത്തിയത്..

നവിയുടെ സംസാരം കേട്ട് എന്തുപറയണം എന്നറിയാതെ അയ്യർ നിന്നു…

നവിയുടെ അടുത്ത് നിന്നും ഇങ്ങനൊരു സംസാരം അനുവും പ്രതീക്ഷിച്ചിരുന്നില്ല.. അവളും ആകെ ഷോക്കായി നിന്നു..

“ആമിയെ ഞാൻ നിന്നെയേല്പിച്ചാൽ ഈ കുഞ്ഞിന്റെ കാര്യമോ… നീ ഇപ്പൊ ആമിയെ മാത്രമല്ലെ ആവശ്യപ്പെട്ടുള്ളു… എന്റെ കാലം കഴിയുന്നതുവരെ ഞാൻ ഈ കുഞ്ഞിനെ നോക്കും അത് കഴിഞ്ഞ് കുഞ്ഞിനെ ആരു നോക്കും…. അച്ഛൻ ആരെന്നറിയില്ല അമ്മ ജീവിച്ചിരിക്കുമ്പോൾ അനാഥയായി ജീവിക്കണോ ഇവൾ…. ”

അയ്യർ ചോദിച്ചു..

അയ്യരുടെ വാക്കുകൾക്ക് പെട്ടെന്ന് ഒരു മറുപടി പറയാൻ നവിക്ക് കഴിഞ്ഞില്ല… കാരണം അതുവരെ അവൻ ആ കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല… ആമി മാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

“എന്താ നവനീത് മറുപടി ഒന്നും പറയാനില്ലെ.. ” അയ്യർ ചോദിച്ചു…

അയ്യർ ചോദിച്ചതിന് മറുപടി ഒന്നും പറയാതെ നവി കാർ കിടക്കുന്നിടത്തേക്ക് നടന്നു..

അനു അവന്റെ പിന്നാലെ പോയി…
കാറിൽ കയറിയതും നവി സ്റ്റിയറിങ്ങിൽ തലവെച്ചു പൊട്ടിക്കരഞ്ഞു..

അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ അനു ഇരുന്നു…

“നവി… നവി… ”

പെട്ടെന്ന് നവി അനുവിനെ മുറുക്കി കെട്ടിപിടിച്ചു…

അവന്റെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അനു ആകെ വല്ലാതായി..

അമ്മയുടെ തോളിൽ തലവെച്ചു കിടക്കുന്ന ഒരു ചെറിയ കുഞ്ഞിനെ പോലെ നവി അനുവിന്റെ തോളിൽ മുഖമമർത്തി കരഞ്ഞു…

അവൾ പതിയെ തട്ടി തട്ടി അവനെ ആശ്വസിപ്പിച്ചു..

കുറച്ചു കരഞ്ഞു കഴിഞ്ഞപ്പോൾ അവൻ നോര്മലായി എന്ന് മനസ്സിലായപ്പോൾ അനു അവന്റെ മുഖമുയർത്തി…

അപ്പോഴാണ് താൻ ചെയ്തത് എന്താണെന്ന് നവിക്ക് ബോധ്യമായത്…

” അനു.. സോറി ഞാൻ പെട്ടെന്ന് എന്തോ ഓർത്തു… സോറി ടോ മനപ്പൂർവ്വമല്ല.. ”

” അത് സാരമില്ല… നമുക്ക് വീട്ടിലേക്ക് പോകാം നവിക്ക് ഡ്രൈവ് ചെയ്യാൻ പറ്റുമോ.. അല്ലെങ്കിൽ വണ്ടി ഇവിടെ കിടക്കട്ടെ നമുക്ക് ഒരു ഓട്ടോ വിളിച്ചു പോകാം”

“ഏയ് അത് വേണ്ട നമുക്ക് പോകാം… ”

അവർ തിരികെ അനുവിനെ വീട്ടിലെത്തി..

വീട്ടിൽ എത്തിയപാടെ നവി റൂമിൽ കയറി വാതിൽ അടച്ചു… ആരോടും ഒന്നും സംസാരിക്കാനോ… ഭക്ഷണം കഴിക്കാൻ ഒന്നും അവൻ പുറത്തേക്കിറങ്ങി വന്നില്ല…

അനു അവനെ നിര്ബന്ധിക്കാനും നിന്നില്ല കാരണം അന്നേരം അവനെ തനിച്ചു വിടുന്നതാണ് നല്ലതെന്നു അവൾക്കും തോന്നി…

അവൾ ശ്രീനിയെ വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞു…

“അനു ഇനിയിപ്പോൾ നമ്മളെന്തു ചെയ്യും.. ” ശ്രീനി ചോദിച്ചു..

“ഞാൻ ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ട് ശ്രീനി… ” അനു പറഞ്ഞു..

കുറച്ചുനേരം അവർ തമ്മിൽ ഫോണിൽ സംസാരിച്ചിട്ട് അനു ഫോൺ വച്ചു..

അടുത്ത ദിവസം രാവിലെ തന്നെ അനുരാധ നവിയോട് പോലും പറയാതെ ആമിയുടെ വീട്ടിലേക്ക് പോയി..

അയ്യരായിരുന്നു വാതിൽ തുറന്നത്..

“അങ്കിൾ ഞാൻ.. ”

“മനസ്സിലായി അനുരാധ അല്ലെ.. കയറിവാ.. ”

“എനിക്ക് ആമിയെ ഒന്ന് കാണണം അവളോട് ഒന്ന് സംസാരിക്കണം.. ”

” കുട്ടിക്ക് മതിയായില്ലേ… ഇന്നലെ വന്ന് കണ്ട് അവളുടെ പ്രതികരണം എന്താണെന്ന് കണ്ടതല്ലേ… പിന്നെ എന്തിനാ വീണ്ടും വീണ്ടും അവളെ അന്വേഷിച്ച് ഇങ്ങോട്ട് വരുന്നത്… ”

” ഇന്നലെ അവൾ പ്രതികരിച്ചത് എന്നെ കണ്ടിട്ടാണോ അങ്കിൾ അല്ലല്ലോ.. നവിയെ കണ്ടിട്ടില്ലേ… എനിക്ക് അനാമികയുടെ അടുത്ത് തനിച്ച് ഒന്ന് സംസാരിക്കണം അതിനാണ് അവനോട് പോലും പറയാതെ ഞാൻ ഒറ്റയ്ക്ക് ഇങ്ങോട്ട് വന്നത്.. ”

” അത് വേണ്ട അതിന്റെ ആവശ്യമില്ല.. ” അയ്യർ പറഞ്ഞു..

” അങ്കിൾ ആരെയാ ഭയക്കുന്നത് എന്താ മറയ്ക്കാൻ ശ്രമിക്കുന്നത്… അങ്കിളിന് മകളെ ഇങ്ങനെ കിടത്തിയാൽ മതിയോ അവളെ പഴയതുപോലെ തിരിച്ചു കിട്ടണ്ടെ.. ”

അനുവിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അയ്യർ നിന്നു..

” വെറ്റിനറി ഡോക്ടർ ആണെങ്കിലും ഞാനും ഒരു ഡോക്ടറാണ്…ഇന്നലത്തെ ആമിയുടെ പെരുമാറ്റത്തിൽ നിന്ന് ചിലകാര്യങ്ങൾ എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് നവനീതിനോട് പോലും പറയാതെ ഞാൻ ഒറ്റയ്ക്ക് ഇങ്ങോട്ട് വന്നത് അങ്കിൾ എന്നെ ആമിയെ കാണാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ പോയി നവനീതിനെ കൂട്ടി കൊണ്ടുവരും..”

” ഇയാൾക്ക് എന്താ അറിയേണ്ടത്..” പുറകിൽ നിന്നും ആമിയുടെ ശബ്ദം കേട്ട് അനു തിരിഞ്ഞുനോക്കി..

ആരും കാണാതെ അനുരാധ ഫോണിലെ റെക്കോർഡ് ബട്ടൺ ഓണാക്കിയിരുന്നു…

” ഇന്നലെ കണ്ട ആളല്ലല്ലോ ഇത് ഇത്ര പെട്ടെന്ന് അനാമികയുടെ അസുഖമൊക്കെ ഭേദമായോ..” അനു ചോദിച്ചു..

” കളിയാക്കണ്ട… രണ്ടരവർഷം ഒരു മുറിയിൽ അടച്ചു കിടന്നതാണ് ഈ അനാമിക.. ഒരുപക്ഷേ എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥന കൊണ്ടാവാം ഞാൻ ഇപ്പോൾ ഇങ്ങനെ ഇരിക്കുന്നത്…”

” ആമി…”

” ആമി അല്ല അനാമിക… അല്ലെങ്കിൽ അച്ഛനുമമ്മയും വിളിക്കുന്നത് പോലെ അനു എന്ന് വിളിക്കാം..”

” ശരി അനാമിക.. തനിക്ക് സ്വബോധം ഉണ്ടായിരുന്നെങ്കിൽ താൻ എന്തിനാ ഇന്നലെ ആ പാവത്തിനോട് അങ്ങനെ പെരുമാറിയത്.. കഴിഞ്ഞ നാലു വർഷമായിട്ട് ഇയാളെ അന്വേഷിച്ച് അവൻ പോകാത്ത സ്ഥലങ്ങൾ ഇല്ല അറിയോ തനിക്ക്..”

” എനിക്കറിയാം… അത്രയ്ക്ക് നവനീതിനെ ഞാൻ മനസ്സിലാക്കിയതാണ്..” ആമി പറഞ്ഞു..

” പിന്നെ എന്തുകൊണ്ട് താൻ അവനോട് ഇന്നലെ അങ്ങനെ കാണിച്ചത് അത്രക്ക് ആഗ്രഹിച്ചല്ലേ അവൻ തന്റെടുത്തേക്ക് ഓടി വന്നത് ” അനു ചോദിച്ചു..

” നവി സ്നേഹിച്ച ആമി ഇന്ന് ജീവിച്ചിരിപ്പില്ല… ഞാൻ മറ്റൊരാളാണ്… ഒരു കുഞ്ഞിന്റെ അമ്മയാണ്… എനിക്ക് എന്ത് സംഭവിച്ചാലും ഏതവസ്ഥയിൽ ആണെങ്കിലും നവി എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് എനിക്കറിയാം”

” അതുകൊണ്ടുതന്നെ എനിക്ക് സംഭവിച്ച അപകടം നവനീത് അറിയാതിരിക്കാൻ പല പല സ്ഥലങ്ങളിൽ മാറി മാറി ഞങ്ങൾ താമസിച്ചത്… അവസാനം ഞങ്ങൾ ഇവിടെയെത്തി… ”

” ആമി…. അല്ല… അനാമിക ഒരു കാര്യം മനസ്സിലാക്കണം… ഈയൊരു അവസ്ഥയിൽ ആണെങ്കിൽ പോലും ഇയാളെയും കുഞ്ഞിനെയും സ്വീകരിക്കാൻ നവനീതിന് നൂറുവട്ടം സമ്മതമാണ്.. ”

” വേണ്ട… അത് ശരിയാവില്ല..” ആമി ദേഷ്യത്തിൽ പറഞ്ഞു..

“എന്തുകൊണ്ട്… എന്താണെങ്കിലും അതിനൊരു കാരണമുണ്ടാവുമല്ലോ.. അതെനിക്കറിയണം.. ”

അനു കൈയും കെട്ടി ആമിയുടെ മുന്നിൽ നിന്ന് പറഞ്ഞു..

“അറിയണം അല്ലെ.. നിനക്കെന്താ അറിയേണ്ടത്… നവിയുടെ തന്നെ സ്വന്തം ചോരയായ ഈ കുഞ്ഞിനെക്കൊണ്ട് അവനെ അച്ഛാ എന്ന് വിളിപ്പിക്കണോ.. ”

ആമി പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ അനുരാധ നെറ്റിചുളിച്ചു നിന്നു…

” മനസ്സിലായില്ല അല്ലേ… ഈ കുഞ്ഞിനെ കൊണ്ട് അവളുടെ ചെറിയച്ഛനെ അച്ഛാ എന്ന് വിളിപ്പിക്കണോ ഞാൻ..”

ആമിയുടെ വാക്കുകൾ അനുവിൽ ഒരു നടുക്കമുണ്ടാക്കി..

” എന്താ അനുരാധ ഞെട്ടിയോ.. അതെ നവനീതിന്റെ ചേട്ടൻ ജീവന്റെ കുഞ്ഞായിത്.. ജീവനാണ് എന്റെ ജീവിതം നശിപ്പിച്ചത്…ഒരു പക്ഷെ എന്നോട് ഈ ക്രൂരത കാണിച്ചത് മറ്റ് ആരായിരുന്നെങ്കിലും ഞാൻ നവനീതിന്റെ കൂടെ പോയേനെ പക്ഷേ ഇത് എനിക്ക് വയ്യ…”

” കഴിഞ്ഞ രണ്ടര വർഷത്തോളം എന്താ ചുറ്റും നടക്കുന്നത് എന്ന് പോലും അറിയാതെ ഒരു മുറിയിൽ ഞാൻ കഴിച്ചുകൂട്ടി…. ഇല്ലാത്ത കാശും മുടക്കി ഒരുപാട് ചികിത്സകൾ നടത്തിയാണ് ഞാൻ ജീവിതത്തിലേക്ക് തിരികെ വന്നത്… ഇത്രയും വലിയ ക്രൂരതകൾക്ക് കിട്ടിയ സമ്മാനം ആണ് ഈ കുഞ്ഞെങ്കിലും ഞാൻ ഇപ്പോ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്… അവളാണ് എന്റെ ലോകം…. ഞാൻ അവൾക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത്… ”

” ഞാൻ പറഞ്ഞതൊക്കെ അനുരാധ നവനീതിനെ പറഞ്ഞു മനസ്സിലാക്കണം അവൻ ഇനി എന്നെ അന്വേഷിച്ച് ഇവിടെ വരരുത്.. എന്തൊക്കെ സംഭവിച്ചാലും അവനെ ഇനി പഴയതുപോലെ കാണാൻ എനിക്ക് പറ്റില്ല…”

” ഇത്രയൊക്കെ ക്രൂരത നിന്നോട് ചെയ്തിട്ട് എന്തിനാ ആമി നീ ജീവനെ വെറുതെ വിട്ടത്…”

” എനിക്ക് എന്ത് ചെയ്യാൻ പറ്റും അനു… നവിയെ സ്നേഹിച്ചതിനു കിട്ടിയ ശിക്ഷയാണിത്…. ഇനി കേസിന് കൂടെ പോയാൽ അവരെന്റെ കുടുംബം ഇല്ലാതാകും… മടുത്തു ഇനി വയ്യ… ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം ഞങ്ങൾക്ക്… ഇനി ഞങ്ങളെ അന്വേഷിച്ചു നിങ്ങൾ ആരും ഇങ്ങോട്ട് വരരുത് പ്ലീസ് ഇതെന്റെ അപേക്ഷയാണ്…”

ആമി പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാതെ അനു അവിടെ നിന്നും ഇറങ്ങിപ്പോന്നു….

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

അനു തിരിച്ചു വീട്ടിലെത്തിയപ്പോൾ നവിയും നൗഫലും ഉമ്മറത്ത് തന്നെയുണ്ടായിരുന്നു..

അനുവിനെ കണ്ടതും രണ്ടാളുടെയും മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി..

അനു അവരോട് ഒന്നും സംസാരിക്കാതെ പതിയെ അകത്തേക്ക് നടക്കാൻ നോക്കി..

“ഡീ.. ” നൗഫൽ വിളിച്ചു..

“എന്താ.. ഇക്കാ.. ”

“രാവിലെ എവിടെപോയതാ.. ”

” ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ..”

“ആമിയെന്നുമുതലാ അനു നിന്റെ ഫ്രണ്ടായത് ”

നവിയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അനു ശരിക്കും ഞെട്ടി..

“നവി.. അത്.. പിന്നെ.. ”

നവി പറയുന്നത് മനസ്സിലാവാതെ നൗഫൽ അവരെ രണ്ടാളെയും നോക്കി..

” എനിക്കറിയാം അനു നീ ഇന്ന് രാവിലെ തന്നെ ചാടി പുറപ്പെട്ടു പോയിട്ടുണ്ടെങ്കിൽ അത് ആമിയെ കാണാൻ തന്നെയായിരിക്കും..” നവി പറഞ്ഞു..

“അതെ ആമിയെകാണാനാണ് പോയത്..”

“ഞാൻ അങ്ങോട്ട് പോകുന്നുണ്ട് ആമിയെ ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കണം ”

“എന്തിനാ നവി അതിന്റെ ആവശ്യമില്ല.. ”

“അത് നീയാണോ അനു തീരുമാനിക്കുന്നത്.. ”

“അങ്ങനല്ല നവി.. ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്.. ”

” എനിക്കൊന്നും കേൾക്കണ്ട അനൂ.. നിന്റെ മനസ്സിൽ എന്നോട് എന്തെങ്കിലും താല്പര്യം ഉണ്ടെങ്കിൽ അത് നീ മറന്നു കളഞ്ഞേക്ക്… ആമിക്ക് എന്തൊക്കെ സംഭവിച്ചാലും അവൾക്ക് ഒരു തരി ജീവനെങ്കിലും ബാക്കിയുണ്ടെങ്കിൽ അവളെ ഞാൻ കൂടെ കൂട്ടി ഇരിക്കും…”

” നിനക്ക് ഭ്രാന്താണ് നവനീത് അവളോടുള്ള ഇഷ്ടം മൂത്ത് ഭ്രാന്തായതാ മുഴുഭ്രാന്ത്”

” അതേ എനിക്ക് അവളോട് ഭ്രാന്തമായ ഇഷ്ടം തന്നെയാണുള്ളത്”

” പക്ഷേ ആ ഇഷ്ടം അവൾക്ക് നിന്നോട് ഇല്ലെങ്കിലോ”

” അത് നീയാണോ തീരുമാനിക്കുന്നത്”

” ഞാനല്ല നവി തീരുമാനിക്കുന്നത് അവൾ തന്നെയാണ് പറഞ്ഞത് നിന്നെ വേണ്ടെന്നു.. നിനക്ക് സംശയമുണ്ടെങ്കിൽ അവളുടെ അടുത്ത് നിന്ന് തന്നെ നീ കേട്ട് നോക്ക്.. ”

അതും പറഞ്ഞിട്ട് അനു റെക്കോർഡ് ചെയ്ത് വോയ്സ് ക്ലിപ്പ് പ്ലേ ചെയ്ത് നവിയുടെ മുമ്പിലേക്ക് വെച്ചു…

അതിൽ ആമിപറയുന്ന ഓരോ വാക്കുകളും കേട്ട് വിശ്വാസം വരാതെ നവി നിന്നു… എന്നിട്ട് ഒന്നും മിണ്ടാതെ തന്റെ ജീപ്പെടുത്തു പുറത്തേക്കിറങ്ങിപോയി..

“നവി… പോകല്ലേ.. നിൽക്ക്…. ”

അനു വിളിച്ചോണ്ട് പുറകേയോടിയപ്പോഴേക്കും ജീപ്പ് പടിപ്പുര കടന്നു മുന്നോട്ട് നീങ്ങി..

തുടരും..

കൗസ്തുഭം : ഭാഗം 1

കൗസ്തുഭം : ഭാഗം 2

കൗസ്തുഭം : ഭാഗം 3

കൗസ്തുഭം : ഭാഗം 4

കൗസ്തുഭം : ഭാഗം 5

കൗസ്തുഭം : ഭാഗം 6

കൗസ്തുഭം : ഭാഗം 7

കൗസ്തുഭം : ഭാഗം 8

കൗസ്തുഭം : ഭാഗം 9

കൗസ്തുഭം : ഭാഗം 10

കൗസ്തുഭം : ഭാഗം 11

കൗസ്തുഭം : ഭാഗം 12

കൗസ്തുഭം : ഭാഗം 13

കൗസ്തുഭം : ഭാഗം 14

കൗസ്തുഭം : ഭാഗം 15

കൗസ്തുഭം : ഭാഗം 16

കൗസ്തുഭം : ഭാഗം 17

കൗസ്തുഭം : ഭാഗം 18

കൗസ്തുഭം : ഭാഗം 19

കൗസ്തുഭം : ഭാഗം 20

-

-

-

-