തൈരും ബീഫും: ഭാഗം 16

Spread the love

നോവൽ: ഇസ സാം


ഈശോയെ ഇവനെ ഒരിക്കൽ പോലും സ്നേഹത്തോടെ നോക്കാത്തവളോടാണോ ഇവന്റെ ഈ പ്രണയം……
“അതിനു അവൾക്കു നിന്നെ ഇഷ്ടമാവണ്ടേ…….” ഞാനാണേ
“അവളുടെ മനസ്സു നിറച്ചു സ്നേഹമല്ലേ….അത് എന്നിലോട്ടു താനേ ഒഴുകിക്കോളും…….”
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“അപ്പായീ….അപ്പായീ…… ഒറ്റയ്ക്കിരുന്നു ചിരിക്കുവാണോ…..?” ആ കുറുമ്പി……. അവൾ വന്നത് പോലും ഞാൻ അറിഞ്ഞില്ല…….
“എപ്പോ എത്തി……കണ്ടില്ലല്ലോ……” ഞാൻ എണീക്കാൻ ഒരു ശ്രമം നടത്തി കൊണ്ട് ചോദിച്ചു……അപ്പോഴേക്കും അവൾ കട്ടിലിൽ കയറി എന്റെ പുറകിൽ ഒരു തലയണ എടുത്തു വെച്ചു…. ഒരു വിധം എണീറ്റ് ചാരിയിരുന്നെങ്കിലും അത്ര ശെരി ആയില്ലായിരുന്നു…….. ഇപ്പൊ കുറച്ചു ദിവസങ്ങളായി ഇങ്ങനെ എണീറ്റിരിക്കാൻ പറ്റും…..

“ഒത്തിരി നേരായി……മമ്മ പറഞ്ഞു അപ്പായി ഉറങ്ങുവാണു…..ഡിറ്റർബ് ചെയ്യണ്ടാ എന്ന്……..” കുറുമ്പി പറഞ്ഞു……ഭയങ്കര ഇംഗ്ലീഷ്കാരിയാന്നാ വിചാരം…… പൊതുവേ സംസാരത്തിൽ വലിയ കൊഞ്ചൽ ഇല്ലാ എങ്കിലും ഇംഗ്ലീഷ് പറയുമ്പോ കൊഞ്ചൽ ഉണ്ട്…..എനിക്കതു കേൾക്കാൻ ഇഷ്ടാണ്…..
“എന്നതാ……ഡിറ്റർബ്…….” ഞാൻ കൃത്രിമ സംശയഭാവത്തിൽ ചോദിച്ചു……
അവൾ ഒന്നു സംശയിച്ചു…പിന്നെ അവൾക്കു ഭയങ്കര പഠിപ്പിക്കലാ…..എന്നും സ്കൂളിൽ പോയിട്ട് വന്നു എന്നെ
ഓരോന്നു പഠിപ്പിക്കലാ……..

.”അത് പിന്നെ……..ഡിറ്റർബ്……അറിയില്ലേ ?……അപ്പ സ്കൂളിൽ പോവാത്തെ കൊണ്ടാ……ഡിറ്റർബ് എന്ന് വെച്ചാ…..ഉറങ്ങുന്നവരെയും പ്രാര്ഥിക്കുന്നവരെയും വിളിക്കാൻ പാടില്ല…….അതാ……..” ഈശോയെ എന്നെ സ്കൂളിൽ പോകാത്തവനും ആക്കിയോ ……ഞാനറിയാതെ പൊട്ടി ചിരിച്ചു പോയി……
“ഡിറ്റർബ് അല്ല കുറുമ്പി……ഡിസ്റ്റർബ് ……. എന്നുവെച്ചാൽ ശല്യം ചെയ്യരുത് എന്ന്……” ഞാൻ അവളെ മടിയിലേക്കിരുത്തി പറഞ്ഞു കൊടുത്തു.

“ഡിഷ്‌ബുർബ്…….അല്ല…..ഡിസ്റ്റബ് ……….ഡിഷ്ടർബ് …………..” അവൾ ചുണ്ടനക്കി ഒത്തിരി തവണ പറഞ്ഞു നോക്കി….ഒടുവിൽ അവൾ തന്നെ തീരുമാനിച്ചു “ഇതൊന്നും വേണ്ട അപ്പായി…… ഡിറ്റർബ് ….അത് മതി……..”
“എന്നാ പിന്നെ അത് മതി…….മമ്മ എവിടെ……..” സാൻഡ്രയുടെ രോഗികൾ ഒക്കെ വന്നു തുടങ്ങിയിരുന്നു…..
“അപ്പായിക്ക് ബ്രൗൺ സിറപ്പ് ഉണ്ടാക്കുവാ……. ” കുറുമ്പി പറഞ്ഞു…എനിക്ക് കഷായം ഉണ്ടാക്കുവാണു എന്നാണുട്ടോ ..

സാന്ഡ്ര പറഞ്ഞ ഡോക്‌ടർ വന്നു കണ്ടിരുന്നു…… ഒരു ആയുർവേദ ആശുപത്രിയിൽ ചികിത്സയെ പറ്റി
പറഞ്ഞു…….. പുള്ളി എന്റെ കാര്യം അവിടത്തെ ഡോക്ടറുമായി ചർച്ച ചെയ്തിട്ടുണ്ട്…അവിടെ ഒരുപാട് ഇതുപോലത്തെ മിറാക്കിൾ കേസ്സ് ഉണ്ട് എന്നൊക്കെ പറഞ്ഞു….. ഇപ്പൊ കഷായം ഒക്കെ തുടങ്ങിയിട്ടുണ്ട്…പഥ്യവും ഉണ്ട്..പിന്നെ രണ്ടു പേര് വന്നു രാവിലെ തിരുമ്മൽ ഉണ്ട്… ഇങ്ങനെ എത്രയോ
ദിവസ ചെയ്യണം. അത് കഴിഞ്ഞു വേണം അവരുടെ ആശുപത്രിയിൽ പോയി താമസിക്കാൻ…….എനിക്ക് വലിയ വിശ്വാസമില്ല……ഞാൻ അലോപ്പൊതി ഡോക്‌ടർ ആണല്ലോ…..പക്ഷേ സാൻഡ്രയ്ക്കു നല്ല വിശ്വാസം ഉണ്ട്….. ഞാൻ ഒരിക്കൽ അവളെ കളിയാക്കി…

“ഡീ…..നീ എന്നാ ഡോക്ടറാ… നാട്ടിലെ അലോപ്പതി ഡോക്ടർമാർക്ക് ഒക്കെ വട്ടാണോ….. നീ എന്നെ വല്ല നല്ല ഏതെങ്കിലും മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ കാണിക്കു…അല്ലേൽ വല്ല മെഡിക്കൽ
കോളേജിലും കാണിക്കു…അവടയൊക്കെ നല്ല ഡോക്ടർസ് ഉണ്ട്..എന്തിനാ ഇങ്ങനെ നിന്റെ കാശ് കളയുന്നെ ..അത് മാത്രമോ എന്ത് പണിയാണ് നിനക്ക്…..കഷായം വെള്ളം തിളപ്പിക്കൽ….എന്ന് വേണ്ടാ……”
“ഡാ എബിച്ചാ… ഈ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഞാൻ നിന്നെയും കൊണ്ട് പോവാത്ത ഒരു ആശുപത്രിയുമില്ല…..പിന്നെ ഏതിനും ഒന്നും ഫലിക്കുന്നില്ല…..പിന്നെ ഇതെങ്കിലും നോക്കാലോ……”
അവൾ പറഞ്ഞു…..ഈവ മോൾ അവിടെയിരുന്നു കളിക്കുന്നുണ്ട്……സാൻഡി എനിക്ക് ഭക്ഷണം തരാൻ വന്നതായിരുന്നു.

“അതും അല്ലേ വല്ല കെയർ ഹോം …..നിന്റെ അപ്പന്റെ തണലോ…ഏതാണ്ട് ഒരു ഓൾഡ് അജ് ഹോം ഉണ്ടല്ലോ….അവിടെങ്ങാനും കോണ്ടാക്ക്…എന്നിട്ടു ആ ഡേവിസിടെ കൂടെ പോയി ജീവിക്കു…… ” ഞാനതു ജനലിലൂടെ പുറത്തേ റബ്ബർമരങ്ങളെ നോക്കി പറഞ്ഞു….. അവൾ എന്റെ അടുത്തേക്ക് നടന്നു വരുന്നത് എനിക്കറിയാമായിരുന്നു…….. അവൾ ബലമായി എന്റെ തല അവളുടെ നേരെ തിരിച്ചു…….
“അപ്പൊ….നിനക്ക് നിന്റെ ശ്വേതയെ കാണണ്ടേ……. ഇങ്ങനെ കിടന്നാൽ മതിയോ…….നീ ആദ്യം എണീറ്റ് നില്ക്കു……എന്നിട്ടു ഞാൻ ജീവിക്കാം……” ഞാൻ അവളെ നോക്കി…ആ കണ്ണുകളിൽ എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല……ഇല്ല അവളെ എനിക്ക് മനസ്സിലാവുന്നില്ല……
“ഡീ എൻ്റെ മമ്മയെങ്കിലും ഒന്ന് വിളിക്കു….. അപ്പൻ കാശെങ്കിലും തരും…….ഇതൊക്കെ ഭയങ്കര ചിലവാ കൊച്ചേ……..”

അവൾ ഒന്നും മിണ്ടിയില്ല..എന്നെ ഒന്ന് ഇരുത്തി നോക്കീട്ടു എന്റെ പ്ലേറ്റും എല്ലാം എടുത്തു കൊണ്ട് പോയി…….ഈ പെണ്ണ് എന്ത് സാധനമാണ്……എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു……
“അപ്പായി…….. അപ്പായിക്കു ചിക്കൻ ഫ്രൈ വേണോ……. മമ്മ ഉണ്ടാക്കിയതാ….. അപ്പയ്ക്ക് മണം അടിച്ചാൽ കൊതി വരും എന്ന് പറഞ്ഞു പുറത്തു വെച്ച് ഉണ്ടാക്കിയതാ……” കുറുമ്പിയാണെ……
എനിക്ക് പഥ്യം ആണ്…..അതുകൊണ്ടു പച്ചക്കറിയാണ് സാന്ട്ര തരുന്നത്….. പക്ഷേ എന്റെ ഈവ മോൾ അങ്ങനല്ല……സാന്ട്ര എന്ത് ഉണ്ടാക്കിയാലും എനിക്ക് ആ വിവരം അപ്പൊ കിട്ടും…ആ കുഞ്ഞി കൈകളിൽ എനിക്കായി എന്തെങ്കിലും ഉണ്ടാവും……ഇന്നും അതേ ….എനിക്കായി ഒരു കോഴിക്കാൽ …..
മനസ്സു കലുഷിതമാണെങ്കിലും ആഹാരത്തിനോട് ഞാൻ അതൊന്നും കാണിക്കേലാ….. അപ്പോഴേ അത് വാങ്ങി കഴിച്ചു……സഹിക്കാമേലാ ……. അപാര രുചി…..

“ഈവ്സ്…….” ഞാൻ അവളെ സ്നേഹം കൂടുമ്പോ വിളിക്കുന്നതാന്നെ…….
“അപ്പായിക്കു ഒരു കോഴിക്കാലും കൂടെ പ്ളീസ്…….” ഞാനാണേ….. കേൾക്കാത്ത താമസം ആള് ഓടി…… കട്ട് കൊണ്ട് വരാൻ അവൾക്കു ഭയങ്കര ഇഷ്ടാണ്.
“മമ്മ കാണരുതുട്ടോ…….” ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു പറഞ്ഞു…..പക്ഷേ പൊളിച്ചില്ലേ എന്റെ കുറുമ്പി….
“ശെരി അപ്പായി…… മമ്മ കാണില്ല……”….നശിപ്പിച്ചു.
ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ഓടുവാണു കുറുമ്പി…… ഞാൻ ചെവികൂർപ്പിച്ചു കിടന്നു….സാൻഡ്രയുടെ ശബ്ദം ഒന്നും കേൾക്കുന്നില്ല..അവൾ കേട്ടില്ലേ…… കുറച്ചു നിമിഷങ്ങൾക്ക് ശേഷം കുറുമ്പി കോഴിക്കാലുമായി വന്നു…..

“ദാ അപ്പായി….” എന്റെ നേരെ കൊണ്ട് വന്നു തന്നു…..ഒരെണ്ണം അവൾ കഴിക്കുന്നുണ്ട്……. ഒരെണ്ണം എനിക്ക്…ആ നിൽപ് കണ്ടപ്പോൾ എനിക്ക് അവൾക്കു ഒരു ഉമ്മ കൊടുക്കാൻ തോന്നി…..
“മമ്മ എവിടെ……? മോളെ കണ്ടോ…?.” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“ഇല്ല…അപ്പായി…… വേഗം കഴിക്കു…….” അതും പറഞ്ഞു അവൾ ആഞ്ഞു കടിച്ചു പറിക്കലാ….ഞാനും വാങ്ങി കഴിച്ചു തുടങ്ങി…… കുറുമ്പി എന്നെ നോക്കി തലയാട്ടി ചിരിച്ചു…….
“കൊള്ളാല്ലേ……..” ഞാനാന്നെ …
“എരിവ് കൂടി പോയി അപ്പായി ……. ” അവൾ തട്ടി കൊണ്ട് പറയുവാ…..
“അയ്യോടാ…..എങ്കിൽ പിന്നെ കുറച്ചു ഐസ് ക്രീമും കൂടെ തരട്ടെ” ഒരു പരിഹാസച്ചുവയുള്ള ശബ്ദം. സാൻഡ്രയാണെ…..ഞങ്ങളും നോക്കി കയ്യും കെട്ടി നിൽക്കുന്നു……. മോളെ നന്നായി ദേഷ്യത്തിൽ നോക്കുന്നുണ്ട്…..

കുറുമ്പി ഒന്ന് വിളറി അല്ല നന്നായി വിളറി……..
“വേണ്ട മമ്മ…… സോറി……”
പതുക്കെ അള്ളിപ്പിടിച്ചു എന്റെ പുറകിൽ ഒളിച്ചു……എന്നിട്ടു വിളിച്ചു പറയുവാ……
“ഈവ……. ഇങ്ങു ഇറങ്ങി വാ….. കള്ളത്തരം കാണിച്ചിട്ട്….ഇങ്ങോട്ടു വരാൻ…..” സാൻഡ്ര കലിപ്പിലാണ്……
എന്റെ മുഖത്തു നോക്കുന്നു പോലുമില്ല…..മുഖം കണ്ടാൽ അറിയാം എന്നെ കടിച്ചു കീറി കൊല്ലും എന്ന്..
“മമ്മ സോറി …….അപ്പായി പറഞ്ഞിട്ടാ…….. ഞാനൊന്നും ചെയ്തില്ല…..എല്ലാം അപ്പായിയാ……” ഈശോയെ എന്നെ ഒറ്റികൊടുത്തിട്ടു വലിയ വായിൽ നിലവിളിയാ ആ കുരുപ്പു……. ചെവി പൊട്ടിപ്പോവുന്ന വിളി ….. സാന്ട്ര ചെവിപൊത്തി……ഞാൻ ഒരു കോഴിക്കാലും പിടിച്ചു ദയനീയമായി ഇരിക്കുവാണേ…… ഞങ്ങളെ ഒന്ന് നോക്കീട്ടു സാൻഡ്ര തിരിച്ചു പോയി….. അപ്പോഴേക്കും കുറുമ്പി വിളിയും നിറുത്തി….. എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു……. ഞാൻ ചിരിച്ചു പോയി…..
“എടീ ഭയങ്കരീ…..നീ നിന്റെ മമ്മയെ കടത്തി വെട്ടുമല്ലോ……” അവളെ മടിയിലേക്കു ഇരുത്തി ഞാൻ പറഞ്ഞു…….

“മമ്മയ്ക്കു എന്റെ നിലവിളി പേടിയാ….ഓടിപൊക്കോളും …….പാവമാ……” അവൾ പറഞ്ഞു……. എനിക്കും ചിരി വന്നു….. എന്നിട്ടു ഞങ്ങൾ രണ്ടും കൂടെ വിവാദമായ ആ കോഴിക്കാലു തട്ടി.
സംഭവം അങ്ങനെയൊക്കെ ഒതുങ്ങിയെങ്കിലും സാന്ട്ര ഞങ്ങളോട് മിണ്ടുന്നില്ല….. എനിക്കൊന്നു ടോയ്‌ലെറ്റിൽ പോണം എന്ന് പറഞ്ഞിട്ട് പോലും തിരിഞ്ഞു നോക്കീല്ല …..മോളോടും മിണ്ടുന്നില്ല…..അവൾ സോറിയൊക്കെ പറഞ്ഞു പിന്നാലെ നടക്കുന്നുണ്ട്…… ഒടുവിൽ എനിക്ക് ശെരിക്കും ടോയ്‌ലെറ്റിൽ പോണമായിരുന്നു……പെണ്ണ് ഈ വഴിക്കു വരുന്നില്ല……പച്ച വെള്ളം പോലും ഈവമോളാ എടുത്തു തന്നത്…….ദുഷ്ട……. ഗതികെട്ട് ഞാനും അലറാൻ തുടങ്ങി…… ഒപ്പം കുറുമ്പിയും……
“സോറി മമ്മാ………….” ശബ്ദം കലശലായപ്പോ സാൻഡി എത്തി

“എന്നാത്തിനാ ഇങ്ങനെ അലറി വിളിക്കുന്നേ….രണ്ടും ….” സാന്ഡിയാണ്….. മുഖം പരമാവധി വീർപ്പിച്ചു വെച്ചിട്ടുണ്ട്….
“എത്ര മണിക്കൂറായി നീ ഒന്ന് തിരിഞ്ഞു നോക്കീട്ടു…..എന്റെ ബ്ളാഡർ ഒക്കെ ഇപ്പൊ പൊട്ടും…….വഞ്ചകി……” ആരോട് പറയാൻ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല……തിരിച്ചു കൊണ്ട് വന്നു കട്ടിലിൽ കിടത്തുമ്പോഴും ഒന്നും മിണ്ടുന്നില്ല…….മുഖത്തു നോക്കുന്നുമില്ല…….എന്നെ നേരെ കിടത്തി പുതപ്പിക്കുമ്പോഴും…… നോക്കുന്നില്ല…… ഒടുവിൽ ഞാൻ അവളെ കയ്യിൽ പിടിച്ചു നിർത്തി……
“ഡീ സാൻഡി ഒന്ന് മിണ്ടെടീ….ഞാൻ ഇനി കഴിക്കേലാ……പ്രോമിസ് ……” ഞാനതു പറഞ്ഞതും എന്റെ കയ്യുടെ മുകളിൽ മറ്റൊരു കുഞ്ഞു കയ്യും ശബ്ദവും വന്നു…….

“ഞാനും പോമിസ്സ്………” ആ കുഞ്ഞു കൈകണ്ടപ്പോൾ സാൻഡ്രയുടെ ദേഷ്യം ഒരു ചിരി ആയി മാറി…..
പതുക്കെ ചിരികൾ പൊട്ടിച്ചിരികളായി മാറാറുണ്ടായിരുന്നു…….പിന്നെ ഞാൻ പഥ്യം തെറ്റിച്ചിട്ടില്ല…..ചികിത്സ യിൽ വിശ്വാസം ഉണ്ടായിട്ടല്ല…… സാന്ഡിക്ക് വേണ്ടി മാത്രം…എന്തായാലും ഞാൻ എണീറ്റ് നടക്കാതെ അവൾ എന്നെ വിടില്ല…… കുറുമ്പി ഒരു രെക്ഷയുമില്ലാതെ മുന്നേറികൊണ്ടിരുന്നു…അവൾ പലപ്പോഴും ഞങ്ങൾക്ക് പൊട്ടിച്ചിരികൾ സമ്മാനിച്ചിരുന്നു..അത് കാണുമ്പോ…ഡേവിസ് എന്തുകൊണ്ട് ഇവരെ കാണാൻ വരാത്തത് എന്ന് തോന്നും…….അവൻ അത്രയും ദുഷ്ടൻ ഒന്നുമല്ല…..ദൂരെ എവിടെയോയോ എന്റെ ശ്വേതയും കുഞ്ഞും ഉണ്ടല്ലോ…അവരും എന്താ എന്നെ അന്വേഷിക്കാത്തെ എന്ന് തോന്നും…. എന്റെ മമ്മ എന്താ എന്നെ കാണാൻ വരാത്തെ എന്ന് തോന്നും……

ചില രാത്രികൾ ഒന്നും ഉറക്കം വരാറില്ല…… ചിലപ്പോഴൊക്കെ സാന്ഡ്ര എണീറ്റ് വരാറുണ്ട്…… ഇവരെ ഒക്കെ പറ്റി ഞാൻ അവളോട്‌ ചോദിക്കാറുണ്ട്…..അധികം ഒന്നും പറയാറില്ല ഒന്ന് മാത്രം……
“എല്ലാരും എബിക്ക് വേണ്ടി കാത്തിരിക്കുന്നു……..” ആദ്യമൊക്കെ അവൾ പറയുന്നത് കേൾക്കുമ്പോ ദേഷ്യം തോന്നുമായിരുന്നു……ഇപ്പോൾ അത് ഒരു ആശ്വാസമാണ്. എന്നാൽ ഇപ്പോഴും സാൻഡി എന്റെ മനസ്സിലെ വിങ്ങൽ ആണ്……. ഈ ചികിത്സാ അവൾക്കു ഇരട്ടി പണിയാണ്…..രാവിലെ നേരത്തെ എണീറ്റ് ഏതാണ്ട് കഷായം ഉണ്ടാക്കണം…അതും രണ്ടു നേരം…..

പിന്നെ രണ്ടു തിരുമ്മുകാര് വന്നു മൊത്തം എണ്ണയിട്ട മസ്സാജ് ചെയ്യും ചൂട് പിടിപ്പിക്കും..എന്നിട്ടു അവൾ എന്നെ കുളിപ്പിക്കും…..ഈശോയെ എന്നെയും താങ്ങി കൊണ്ടു വന്നു കിടത്തുമ്പോ അവൾ ചിലദിവസങ്ങളിൽ തളരാറുണ്ട്….. എനിക്കവളോട് ദേഷ്യം തോന്നും…..
“ഒരു ഹോം നഴ്സിനെയെങ്കിലും വെക്കു കൊച്ചേ…… ഈ ആറടി പൊക്കമുള്ള എന്നെ താങ്ങിയാൽ നിന്റെ തോളും കഴുത്തും ഒക്കെ പോവും… പത്തു നാൽപ്പതു വയസ്സ് കഴിയുമ്പോ തേയ്മാനവും വേദനയുമായിരിക്കും ബാക്കി…….” ഞാനവളോട് ദേഷ്യത്തിൽ പറഞ്ഞു….

“ഓ….ഡോക്‌ടർ .എബി ചാക്കോ …താങ്കൾക്കു ഒരു സുന്ദരി ഹോം നഴ്സിനെ വേണം അല്ലേ……” അവൾ കളിയാക്കി…..ചിരിക്കുന്നുമുണ്ട്…മുറി വൃത്തയാക്കുന്നുമുണ്ട്.
“ഓ…പിന്നേ …എണീറ്റിരിക്കാൻ പോലും മേലാ…അപ്പോഴാ…….” ഞാൻ പുച്ഛത്തോടെ പറഞ്ഞു.
“എണീറ്റിരുന്നില്ലെങ്കിൽ എന്താ…..ദർശനേ സുഖം ആവാലോ……” കുറുമ്പോടെ പറഞ്ഞിട്ട് പണി തന്നെ……എനിക്ക് ദേഷ്യം വന്നിട്ട് ഒരു കാലി കുപ്പി എടുത്തു എറിഞ്ഞു…… അവൾ മാറി….. ഏറു കിട്ടീല്ല.
“ഡാ….എബിച്ചാ..ആ പാവം ഹോം നേഴ്സ് കൊച്ചിന്റെ തോളും കഴുത്തും വേദനിക്കില്ലേ…പിന്നെ അത് എങ്ങനെ പണി എടുത്തു ജീവിക്കും……നീ പറ……” അവൾ പറഞ്ഞിട്ട് എന്നെയും നോക്കി പുരികവും പൊക്കി നിൽപ്പുണ്ട്…….

“ന്നാലും എന്റെ കർത്താവേ…..ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഹോം നഴ്സിന്റെ വേദന നിനക്ക് മനസ്സിലാവും……നിന്റെ ഡേവിസിയെ മാത്രം നീ എന്താ മനസ്സിലാക്കാത്തെ……. അവൻ മിന്നുകെട്ടിയ പെണ്ണ് ആരുമല്ലാത്ത മറ്റൊരുത്തനെ പരിചരിച്ചു ജീവിച്ചാൽ അവനു ഇഷ്ടാവോ….എന്തിന്റെ പേരിലാണെങ്കിലും………യൂ ആർ റോങ്ങ് സാൻഡി…… ”
നിശ്ചലയായി എന്നെ നോക്കി നിൽക്കുന്നുണ്ട്……കണ്ണുകൾ നിറയുന്നുമുണ്ട്…പക്ഷേ എനിക്ക് പറയാതെ കഴിയില്ല…….എത്ര നാൾ ഇങ്ങനെ……

“സാൻഡി ഐ ആം റെഡി……നീ എന്നെ ആ കെയർ ഹോമിലാക്കു…അല്ലെങ്കിൽ എന്റെ മമ്മയെ വിളിച്ചു താ……അപ്പൻ കൈവിടില്ല…… നീ ഡേവിസിയെ വിളിക്കു…അവൻ എന്തായാലും വരും….നിന്നെ അത്രയ്ക്കിഷ്ടാണ്…….” അവൾ ഒന്നും മിണ്ടിയില്ല……നിശബ്ദം മറ്റു ജോലികളിൽ ഏർപ്പെട്ടു…….
” എന്തിനാ നീയിങ്ങനെ മിണ്ടാതിരിക്കുന്നേ….എന്തെങ്കിലും ഒന്ന് പറ……….. ഡേവിസിനെ എനിക്കെങ്കിലും വിളിച്ചു താ…….ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കാം……” എബി വിളിച്ചു പറയുന്നുണ്ട്……. ഞാൻ മൗനമായി മുറി വിട്ടിറങ്ങി…… ഡേവിസ്….അവനെ ആരും ഒന്നും മനസ്സിലാക്കിക്കണ്ടാ….എന്നെ അവൻ മനസ്സിലാക്കിയത് പോലെ വേറെ ആരും മനസ്സിലാക്കിയിട്ടില്ല…… ഞാൻ എന്റെ മുറിയിലേക്ക് വന്നു …പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു ആൽബം എടുത്തു നോക്കി….ഞങ്ങളുടെ മനസ്സമ്മതത്തിന്റെ ആൽബം…..ഡേവിസ്….. ഇരുനിറവും കാപ്പികണ്ണുകളുള്ള ഡേവിസ്……..ഞാൻ പലപ്പോഴും എബിയുടെ കണ്ണിൽ കാണാൻ ആഗ്രഹിച്ച പ്രണയം എനിക്കാവോളം തന്ന ഡേവിസ്……. ഒരുപാട് സംസാരിക്കുന്ന എന്റെ മൗനം പോലും പ്രണയം ആണ് എന്ന് പറഞ്ഞ ഡേവിസ്…….

പെണ്ണുകാണാൻ ഒരാൾ വരുന്നുണ്ട് എന്ന് അപ്പൻ പറഞ്ഞപ്പോൾ കല്യാണം വേണ്ടാ എന്ന് പറയാൻ തോന്നീല്ലാ…… അപ്പന് വളരെ കുറച്ചു ദിവസങ്ങളെ ഉള്ളു എന്ന് എനിക്കും അപ്പനും അറിയാമായിരുന്നു….
“എനിക്ക് ഇവിടന്നു പോവുമ്പോ എന്റെ സാന്ഡിയുടെ കൂടെ ഒരാൾ ഉണ്ടാവണം….. അല്ലേൽ അങ്ങ് ചെല്ലുമ്പോ നിന്റെ മമ്മ വഴക്കു പറയില്ലായോ….” എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.

..അപ്പൻ പറഞ്ഞതുപോലെ ഞാൻ ഒരു ലൈറ്റ് പിങ്ക് സാരി ഉടുത്തു…….മമ്മയെ ആദ്യമായി കണ്ടപ്പോൾ ഈ കളർ
സാരിയാ ഉടുത്തിരുന്നത് എന്ന്…… മുടിയും അഴിച്ചിട്ടു…….അത് എപ്പോഴും അങ്ങനാ….. മറ്റു സ്ത്രീകൾ ആരും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ തന്നെ അവർക്കുള്ള ചായയും പലഹാരങ്ങളും എടുത്തു വെച്ചു കാത്തിരുന്നു….അപ്പോഴേക്കും ജോസഫ് അങ്കിളും അന്നമ്മച്ചിയും എത്തി….. ഉടനെ തന്നെ അവരും എത്തി…… ആരെക്കയോ സംസാരിക്കുന്നത് കേട്ടു…… അപ്പൻ എന്നെ വിളിച്ചു…… ചായയുമായി ചെന്നു……… ആകമാനം എല്ലാരേയും നോക്കി പുഞ്ചിരിച്ചു…മറ്റു വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല… ..ഒരോരുത്തർക്കായി ചായ കൊടുത്തു…..

“ഒന്ന് എന്നെ നോക്ക് സാൻഡി………..” ഞാൻ ഞെട്ടി തലപൊക്കി നോക്കി……. ഡേവിസ് …… എബിയുടെ ഫ്രെണ്ട്…… ഇവനാണോ എന്നെ കാണാൻ വന്നത്……ഞാൻ ചുറ്റും നോക്കി…മറ്റു ചെറുപ്പക്കാർ ഒന്നുമില്ല…..ഒരു ആന്റിയും മോളും ഒരു അങ്കിളും പിന്നെ മറ്റു രണ്ടു പേരും……ഞാൻ അതിശയത്തോടെ അവനെ നോക്കി……ഇവൻ കാനഡയിൽ അല്ലായോ…… ഡേവിസ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. എന്നിട്ടു പതുക്കെ പറഞ്ഞു….

” …ഇങ്ങനെ നോക്കല്ലേ…..ഞാൻ പിന്നെ പോവില്ലാ….” അപ്പോഴാ ഞാൻ ശ്രദ്ധിച്ചത് അപ്പനും എല്ലാരും ഞങ്ങളെ നോക്കി ചിരിക്കുന്നു…….ശോ …നാണക്കേടായി……
“എബിയുടെ ഫ്രണ്ടാ അപ്പ……ഞാൻ കണ്ടിട്ടുണ്ട്……അതാ…….” ഞാൻ അപ്പനോട് പറഞ്ഞിട്ട് മാറി നിന്നു. പലപ്പോഴും കണ്ണുകൾ ഇടഞ്ഞപ്പോൾ ഡേവിസ് ഇങ്ങോട്ടു തന്നെ നോക്കി ഇരിപ്പുണ്ട്….ഞാൻ പതുക്കെ അകത്തോട്ടു വലിയാൻ തുടങ്ങിയതും……

“അങ്കിളേ…എനിക്ക് സാൻട്രയോട് മാത്രം സംസാരിക്കണം…….” അവനാണ്…. കർത്താവേ ഇത് എന്ത് സാധനമാണ്……. അപ്പൻ ചിരിച്ചു….
“പിന്നെ സംസാരിക്കാതെ……… സാൻഡി ….നിങ്ങൾ ഒന്ന് നടന്നേച്ചും വാ……..” അപ്പനാണേ…..

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3

തൈരും ബീഫും: ഭാഗം 4

തൈരും ബീഫും: ഭാഗം 5

തൈരും ബീഫും: ഭാഗം 6

തൈരും ബീഫും: ഭാഗം 7

തൈരും ബീഫും: ഭാഗം 8

തൈരും ബീഫും: ഭാഗം 9

തൈരും ബീഫും: ഭാഗം 10

തൈരും ബീഫും: ഭാഗം 11

തൈരും ബീഫും: ഭാഗം 12

തൈരും ബീഫും: ഭാഗം 13

തൈരും ബീഫും: ഭാഗം 14

-

-

-

-