Saturday, January 18, 2025
Novel

ജീവാംശമായ് : ഭാഗം 7

നോവൽ
******
എഴുത്തുകാരി: അനന്യ ആദി

സഹതാപമാണോ….?”

അത്രയും ചോദിച്ചപ്പോളേക്കും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി… അപ്പോളും കണ്ണു തുറക്കാൻ തോന്നിയില്ല…

“അല്ലലോ…”

“പിന്നെ… അച്ഛൻ വന്ന് ചോദിച്ചത് കൊണ്ടാണോ?”

ഓരോന്ന് ചോദിക്കുമ്പോളും ചുണ്ടുകൾ വിതുമ്പുകയായിരുന്നു… അനുവാദം ചോദിക്കാതെ കണ്ണുനീരും….

“അതിന് അച്ഛൻ എന്നോട് പറഞ്ഞത് എന്താണെന്ന് അറിയോ?”

“ഉം?”

“താൻ ആദ്യം കണ്ണ് തുറക്ക്….”

എൻറെ മുഖം അപ്പോളും ആ കൈക്കുമ്പിളിൽ തന്നെ ആയിരുന്നു….
പതിയെ കണ്ണു തുറന്നു…

“തന്റെ അച്ഛൻ ഒരിക്കലും തന്നെ ഞാൻ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടിട്ടില്ല….

എന്നോട് പറഞ്ഞത് എന്താണെന്ന് അറിയോ…?”

ഇല്ല എന്ന ഭാവത്തിൽ ഞാൻ തലയനക്കി..

“എന്നോട് പറഞ്ഞു എന്റെ മകൾ കുറെ അനുഭവിച്ചതാണ്… താൻ പറഞ്ഞില്ലെങ്കിലും കുറെയൊക്കെ അച്ഛനറിയാം എന്ന് തോന്നുന്നു….

അച്ഛൻ പറഞ്ഞിരുന്നു, ചിലപ്പോൾ താൻ എല്ലാം എന്നോട് തുറന്നു പറയാൻ സാധ്യതയുണ്ട്… അങ്ങനെ പറയുകയാണെങ്കിൽ , അവളോട് സ്നേഹം തോന്നുകയാണെങ്കിൽ അവളെ സ്വീകരിക്കണം

ഇതാണ് പറഞ്ഞത്…. അല്ലാതെ തന്നെ കെട്ടണം എന്ന് നിർബന്ധിച്ചൊന്നുമില്ല.
എന്നോട് താൻ എല്ലാം തുറന്നു പറയുമെന്ന് അച്ഛൻ വിചാരിച്ചിരുന്നു….”

“എന്നിട്ട് എല്ലാം കേട്ടു കഴിഞ്ഞപ്പോളോ?”

“കേട്ട് കഴിഞ്ഞപ്പോൾ താൻ അനുഭവിച്ചതോർത്തു വിഷമം തോന്നി…. പക്ഷെ അതിലുപരി സന്തോഷം തോന്നി….”

എന്തിന് എന്ന രീതിയിൽ ഞാൻ നോക്കി…

“സന്തോഷം എന്തിനാണെന്ന് വെച്ചാൽ താൻ ആ ജീവിതം ഉപേക്ഷിക്കാൻ ഇപ്പോൾ എങ്കിലും മനസ് കാണിച്ചതിന്… ”

“ഉം… ” കവിളിൽ ഇരുന്ന കൈകൾ പതിയെ മാറ്റിക്കൊണ്ട് ഞാൻ തിരിഞ്ഞു…

“പോകാം…”

“പോണോ?” ഒരു കുസൃതിയോടെ എന്റെ പിന്നിൽ വന്നു ചോദിച്ചു…

“ഉം…”

“എന്ത് പറ്റി…? ഇനിയും മനസിൽ എന്തോ കരട് കിടപ്പുണ്ടല്ലോ…?” എന്നെ തിരിച്ചു നിർത്തി ചോദിച്ചു…

“അത്… ശരത്തേട്ടാ…. എന്നോട് തോന്നുന്നത് ചിലപ്പോൾ ഇത്രയും അനുഭവിച്ച പെണ്ണിനോടുള്ള സഹതാപം ആവും… അതല്ലെങ്കിൽ ആ ജീവിതം ഒഴിവാക്കാൻ എടുത്ത തീരുമാനം കൊണ്ടാകും….”

മറുപടി പറയാതെ കൈകൾ മാറിൽ പിണച്ചു കെട്ടി എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്…

ആ കണ്ണുകളെ നേരിടാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി….

കുറച്ചു സമയം ആയിട്ടും മറുപടി ഒന്നും വന്നില്ല.

“പറഞ്ഞു തീർക്ക് മനസിൽ ഉള്ളത്.. അത് കഴിഞ്ഞിട്ട് ഞാൻ പറയാം….”

അത് പറഞ്ഞതും പിന്നെ ഒന്നും പറയാൻ തോന്നിയില്ല…. ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു ശരത്തേട്ടൻ തന്നെ പറഞ്ഞു തുടങ്ങി.

” കണ്ടപ്പോൾ മുതൽ ഒരിഷ്ടം ഉണ്ടായിരുന്നു… എല്ലാം അറിഞ്ഞപ്പോൾ ഒന്നൂടെ ഇഷ്ടായി….

തന്റെ കണ്ണിലും പലപ്പോളും ഞാൻ ആ തിളക്കം കണ്ടിട്ടുണ്ട്….
സഹതാപം ആണോ എന്ന് ചോദിച്ചില്ലേ താൻ….
സഹതാപം അല്ല… അനുകമ്പ തോന്നി…
വേദന തോന്നി… സ്നേഹം തോന്നി….
എല്ലാത്തിനും ഉപരിയായി ഇപ്പോൾ പ്രണയം തോന്നുന്നു…ഇനി എന്നും അങ്ങോട്ട് പ്രണയം ആയിരിക്കും…”

അറിയാതെ ആ നെഞ്ചിലേക്ക് വീണു… കരയുന്നത് എന്തിനാണെന്ന് പോലും മനസിലായില്ല… കുറെ കരഞ്ഞു …

ഒന്നും മിണ്ടാതെ തലയിൽ തഴുകിക്കൊണ്ടിരുന്നു….

“കഴിഞ്ഞോ?”

“എന്ത്?”

“കരച്ചിൽ….”

“ഇല്ല…. കുറച്ചൂടെയുണ്ട്…”
അതും പറഞ്ഞു കുറുമ്പോടെ ഒന്നൂടെ ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

“ഇങ്ങനെ നിന്നാൽ മതിയോ… പോവണ്ടേ?”

“ഉം…” മറുപടിയായി ഒന്നു മൂളിയെങ്കിലും ആ നെഞ്ചിൽ നിന്ന് മാറിയില്ല…

“ആഹ് …. ഇങ്ങനെ ആണെങ്കിൽ നാട്ടുകാർ ഇപ്പൊ തന്നെ പിടിച്ചു കെട്ടിച്ചു തരും…”

ചുണ്ടിൽ ഒരു കുസൃതി ചിരിയോടെ അത് പറഞ്ഞതും ഞാൻ അടർന്നു മാറി.

“അതേ… ഇനി മതി കരഞ്ഞത്…. മുഖമൊക്കെ തുടക്ക്… അടുത്ത ദിവസം തന്റെ അച്ഛനും അമ്മയും വരില്ലേ… അപ്പോൾ നമുക്ക് സംസാരിച്ചു ഒരു തീരുമാനം എടുക്കാം….”

“ഉം…”

“എങ്ങോട്ടാ പോകണ്ടേ…. വീട്ടിൽ പോയാൽ മിത്രയും ചിറ്റയും ചോറും കറിയുമൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും…. അവിടുന്ന് കഴിക്കാം…”

“അയ്യോ വേണ്ടായെ…. എനിക്ക് വയ്യ ഇനി ഒരു വഴക്കിന്‌…”

കൈ കൂപ്പിക്കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ ശരത്തേട്ടൻ ചിരിക്കാൻ തുടങ്ങി…

തിരിച്ചു വീട്ടിൽ കൊണ്ടു വിടുമ്പോൾ വല്യമ്മയും അച്ചുവും ഉണ്ടായിരുന്നു ഉമ്മറത്ത്… ഞങ്ങളെ ഒന്നിച്ചു കണ്ടപ്പോൾ വല്യ സന്തോഷമായി…

ശരത്തേട്ടനെ ഊണ് കഴിക്കാൻ നിർബന്ധിച്ചു… അവസാനം വല്യമ്മയുടെ നിർബന്ധത്തിനു വഴങ്ങി കഴിക്കാൻ സമ്മതിച്ചു…ഞങ്ങൾ ഒന്നിച്ചാണ് കഴിച്ചത്…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഇന്ന് മുതൽ ഉത്സവത്തിന് തുടക്കം കുറിക്കുകയാണ്… വൈകിട്ട് അമ്പലത്തിൽ കാണില്ലേ എന്നു വല്യമ്മ ശരത്തേട്ടനോട് ചോദിക്കുന്നുണ്ടായിരുന്നു.

വരും എന്ന് വല്യമ്മയോട് മറുപടി പറയുമ്പോൾ ആ കണ്ണുകൾ എന്റെ മുഖത്തായിരുന്നു…

“ശരത് നല്ല പയ്യനാണ്… നല്ല വീട്ടുകാരും… എന്റെ മോൾക്ക് അവിടെ ഒരു കുറവും വരില്ലെന്ന് വല്യമ്മക്ക് ഉറപ്പാണ്…”
അതും പറഞ്ഞു എന്റെ തലയിൽ തലോടിയപ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണു നിറഞ്ഞു

സന്തോഷം കൊണ്ട് വീർപ്പു മുട്ടുന്നുണ്ടെങ്കിലും എന്തോ എവിടെയോ ഒരു പേടി കിടപ്പുണ്ട് … നല്ലൊരു ഭാര്യ ആകാൻ പറ്റുമോ…

കഴിഞ്ഞ കാലം നൽകിയ തിക്താനുഭവങ്ങൾ ഇടക്കിക്കിടെ തലയുയർത്തുന്നു….പക്ഷെ ശരത്തേട്ടന്റെ മുഖം മനസിലേക്ക് എത്തുമ്പോൾ തന്നെ താൻ അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയുന്നു…

അച്ഛനോ അമ്മയോ അടുത്തുണ്ടായിരുന്നെങ്കിൽ…. ഒരു തീരുമാനം എടുക്കാൻ സഹായിക്കുമായിരുന്നു…

വൈകുന്നേരം എല്ലാവരും അമ്പലത്തിൽ പോകാനുള്ള തിരക്കിലാണ്… അന്ന് ആദ്യമായി ഏത് ഡ്രസ് ഇടണം എന്നാലോചിച്ചു…

ഉള്ളതിൽ നിന്നും കയ്യിൽ കിട്ടുന്നത് ഇടാറാണ് പതിവ് … ഇവിടെ വന്നതിൽ പിന്നെയാണ് കുറച്ചു കൂടി നോക്കി തുടങ്ങിയത്….

പക്ഷെ ശരത്തേട്ടൻ തന്നെ കാണുമ്പോൾ താൻ ഭംഗി ആയിട്ടിരിക്കണം എന്നൊരു തോന്നൽ… അടുത്തുള്ള വസ്ത്രങ്ങളിലേക്ക് ഒന്ന് കണ്ണ് പായിച്ചു…. ഒന്നും തൃപ്തിയാകുന്നില്ല….

എന്തെങ്കിലും ആവട്ടെ എന്നു കരുതി ഒരു പട്ടു പാവാടയും ബ്ലൗസും ഇടാൻ എടുത്തു. അപ്പോളാണ് അഞ്ചു ഒരു ദാവണിയുമായി വന്നത്… ചെറിയമ്മ വന്ന് ഉടുപ്പിക്കും എന്നു പറഞ്ഞു….

രണ്ട് അമ്മമാരും കൂടെ ഞങ്ങൾക്ക് എല്ലാവർക്കും പുതിയത് എടുത്തിട്ടുണ്ടായിരുന്നു….

പീകോക്ക് ബ്ലൂ കളർ ദാവണിയും അതിനോട് ചേരുന്ന പച്ച ബ്ലൗസും… ചെറിയമ്മ ഉടുപ്പിച്ചു തന്നു. അച്ഛമ്മ ഒരു പാലക്ക മാല എടുത്തണിയിച്ചു…..

കമ്മലും പച്ച കല്ലു വെച്ച വളയും നന്നായി ചേരുന്നുണ്ടായിരുന്നു…. മുടി മെടഞ്ഞു മുല്ലപ്പൂ വെച്ചു…

കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കും ഒരുപാട് ഇഷ്ടായി… ആദ്യമായിട്ടാണ് ദാവണിയും, മുല്ലപ്പൂവും….. കാണാൻ ആളുണ്ടാകുമ്പോൾ ഒരുങ്ങാനും തോന്നുമായിരിക്കണം…

അച്ചുവിന്റെ ദാവണിയും നല്ല ഭംഗിയായിരുന്നു…പച്ച ദാവണിയും മയിൽപ്പീലി കളർ ബ്ലൗസും… എന്റേതു പോലെ തന്നെ, നേരെ തിരിച്ചാണെന്നു മാത്രം… മഹി വരുന്നത് കൊണ്ടാവണം അവളും നന്നായി ഒരുങ്ങിയിട്ടുണ്ട്… അഞ്ജുവിനും ഇതിനോട് ചേരുന്ന കളർ പട്ടു പാവാട… രണ്ടു പേരെയും കാണാൻ നല്ല ഭംഗിയുണ്ട്…

അമ്പലത്തിൽ എത്തിയതെ മഹിയെയും കുടുംബത്തെയും കണ്ടു… മഹിയെ മാത്രേ എനിക്ക് അറിയാമായിരുന്നുള്ളൂ…പിന്നെ എല്ലാവരേം പരിചയപ്പെട്ടു. അച്ചുവിനെ സ്വന്തം മകളെ പോലെയാണ് മഹിയുടെ അച്ഛനും അമ്മയും കാണുന്നതെന്ന് തോന്നി.

മുതിർന്നവർ എല്ലാം അവരുടെ സംസാരത്തിലേക്കായി…. അഞ്ചു വന്നപ്പോൾ തന്നെ എന്തോ വാങ്ങിക്കണം എന്നു പറഞ്ഞു വല്യച്ഛനേം കൂട്ടി പോയി.

എല്ലാവരോടും ചിരിച്ചു സംസാരിക്കുമ്പോളും കണ്ണുകൾ ശരത്തേട്ടനെ തേടുകയായിരുന്നു… കാണാത്തതിന്റെ നിരാശ മുഖത്തു തെളിഞ്ഞു കാണും.

“അന്വേഷിക്കുന്ന ആൾ വന്നില്ല”

മഹി എന്റെ അടുത്തു വന്നു പറയുമ്പോൾ അച്ചുവും ചിരി തുടങ്ങി…

“ഞാൻ ആരെയും അന്വേഷിച്ചില്ല….”

“പിന്നെ .. പ്രിയതമൻ സ്നേഹത്തോടെ ബൈക്കിൽ കൊണ്ടു വിട്ടപ്പോൾ തുടുത്ത മുഖവും ഊണ് കഴിച്ചിട്ട് പോകുമ്പോൾ കണ്ണു കൊണ്ട് യാത്ര പറഞ്ഞതും ,പോയപ്പോൾ ഈ മുഖത്തു നിറഞ്ഞ നിരാശയും ആരും കണ്ടില്ലെന്നാണോ ഓർത്തത്…”

അച്ചൂ അത് പറഞ്ഞിട്ട് വേഗം മഹിയുടെ പുറകിലേക്ക് മാറി നിന്നു…

എന്റെ അടുത്തു നിന്നാൽ അടി കിട്ടും എന്നവൾക്ക് ഉറപ്പായിരുന്നു… അറിയാതെ തന്നെ ഒരു പുഞ്ചിരി എന്നിൽ വിരിഞ്ഞു…

ഏറെ കാലത്തിനു ശേഷം പരിഭവമില്ലാതെ ദൈവത്തെ തൊഴുതു…
ഒരു പ്രാര്ഥനയെ ഉണ്ടായിരുന്നുള്ളൂ… ഞാൻ എടുക്കുന്ന തീരുമാനം എല്ലാ അർത്ഥത്തിലും ഉചിതമാകണേ എന്ന്….

അച്ഛമ്മക്ക് അധികം സമയം നിൽക്കാൻ വയ്യാത്തത് കൊണ്ട് മൂന്ന് അമ്മമാരെയും ചെറിയച്ഛൻ കൊണ്ടു വിട്ടു… മേടിക്കാനുള്ളതെല്ലാം മേടിച്ചു എന്നു പറഞ്ഞു അഞ്ജുവും ആ കൂടെ പോയി…

അച്ചൂ ഭാവി അമ്മായിയമ്മയെ കയിലെടുക്കുന്നുണ്ട്…

വല്യച്ഛൻ പരിചയക്കാരോട് സംസാരിക്കുന്നു…

അധികം താമസിക്കാതെ മഹിയുടെ അച്ഛനും അമ്മയും പോയി…

കാര്യം പറഞ്ഞാൽ മഹിയും അച്ചുവും ഒക്കെ അടുത്തുണ്ട്… എന്നിട്ടും ഒരു ഒറ്റപ്പെടൽ… കാണാൻ ആഗ്രഹിച്ച ആളെ കാണാഞ്ഞിട്ടാവും… ഈ ദാവണിയൊന്നും വാരി ചുറ്റണ്ട കാര്യമില്ലായിരുന്നു എന്നോർത്തു…

കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു… വെറുതെ അങ്ങോട്ട് നോക്കി നിന്നുവെങ്കിലും ശ്രദ്ധ അവിടെയെങ്ങും ആയിരുന്നില്ല… വെറുതെ കണ്ണ് നിറയുന്നുണ്ടോ എന്നൊരു സംശയം…..

അതിനിടയിൽ മഹിക്ക് ഒരു ഫോൺ വന്നു… മാറി നിന്ന് സംസാരിച്ച ശേഷം വല്യച്ഛനോട് എന്തോ പോയി പറയുന്നത് കണ്ടു..

എന്നെയും അച്ചുവിനെയും വിളിച്ചു മഹി കുളത്തിനടുത്തേക്ക് പോയി… പടവുകൾക്ക് മുകളിൽ എത്തിയപ്പോൾ പറഞ്ഞു,

“അന്വേഷിക്കുന്ന ആൾ ഇവിടെയുണ്ട്…’

നോക്കിയപ്പോൾ താഴെ ശരത്തേട്ടൻ നിൽക്കുന്നു… കണ്ണുകൾ ഞാൻ അറിയാതെ തന്നെ വിടർന്നു…

“ഞങ്ങൾ ഇവിടെ എവിടെങ്കിലും കാണും…
വല്യച്ഛനോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഇവിടെ കാണുമെന്ന്…. അതുകൊണ്ട് വീട്ടിൽ പറഞ്ഞില്ലല്ലോ എന്ന ടെൻഷൻ വേണ്ട….”

“വാ മഹിയെട്ടാ…. നമുക്ക് പോകാം… സ്വർഗത്തിലെ കട്ടുറുമ്പ് ആവണ്ട….”

അച്ചൂ എന്നെ നോക്കി കണ്ണിറുക്കി… മഹിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി…

ഞാൻ തിരിഞ്ഞു ശരത്തേട്ടനെ നോക്കി… ആൾ പുഞ്ചിരിച്ചു കൊണ്ട് എന്നെയും നോക്കി നിൽക്കുകയാണ്… ഒരു നീല ഷർട്ടും അതിനോട് ചേർന്ന കരയുള്ള മുണ്ടുമാണ് വേഷം…

ഞാൻ അറിയാതെ എന്റെ കാലുകൾ ചലിച്ചു…പാവാടയുടെ തുമ്പ്‌ അല്പം പൊക്കി പിടിച്ചു പടവുകൾ ഓടിയിറങ്ങി…

“പതിയെ…. വീഴും…”

“എന്തിനാ എന്നെ പറ്റിച്ചേ?”

കിതച്ചു കൊണ്ട് ഞാനത് ചോദിച്ചതും ഇടക്ക് ആ ചുണ്ടിൽ വിരിയാറുള്ള കുസൃതി ചിരി തെളിഞ്ഞു…

“പറ്റിച്ചോ? ഞാനോ?”

മീശയിൽ തടവി ഒരു കള്ള നോട്ടതോടെ അത് ചോദിച്ചതും ചെറിയൊരു പരിഭവത്തോടെ ഞാൻ മുഖം തിരിച്ചു

കാത്തിരിക്കാം💕

ജീവാംശമായ് : ഭാഗം 1

ജീവാംശമായ് : ഭാഗം 2

ജീവാംശമായ് : ഭാഗം 3

ജീവാംശമായ് : ഭാഗം 4

ജീവാംശമായ് : ഭാഗം 5

ജീവാംശമായ് : ഭാഗം 6